Monday, November 28, 2022
HomeEDITORIALനമ്മൾ പൊളിയാണ്

നമ്മൾ പൊളിയാണ്

പ്രളയാനന്തര കേരളം. പുനര്‍ നിര്‍മ്മാണം അനിവാര്യം. ദൂരമൊരുപാട് താണ്ടാനുണ്ട്. ഒന്നില്‍ നിന്ന് തുടങ്ങുകയാണ് നമ്മള്‍. നവകേരളം സാധ്യമാണ്. കാരണം, നമ്മള്‍ പൊളിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി മുതല്‍ വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്ളും നമ്മുടെ ആണ്. നമുക്ക് വേണ്ടിയുള്ളതാണ്. ഉണര്‍വ് കുറവുള്ളതിനെ വിളിച്ചുണര്‍ത്താന്‍ നമുക്കൊരു പ്രതിപക്ഷവുമുണ്ട്.

ഒന്നും രണ്ടും പറഞ്ഞു നമ്മള്‍ കോര്‍ക്കാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും വിമര്‍ശനങ്ങള്‍ പതിവാണ്. പക്ഷെ, കേരളം എന്ന ഒറ്റ വികാരത്തിന്മേല്‍ നമ്മള്‍ കൈകോർക്കുന്നുമുണ്ട്. ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇന്നലെ നിയമസഭ സാക്ഷ്യം വഹിച്ചു. കുറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം, കേരളത്തിന്റെ പുനര്‍നിര്‍മ്മാണവും പുനരധിവാസവും ലക്ഷ്യമിട്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോവാന്‍ ഭരണ – പ്രതിപക്ഷ ഭേദമന്യേ നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, രാജ്യത്തെ ജനാധിപത്യം, കേരളത്തിലൂടെ ജീവിക്കുന്നുണ്ട്.

ലോകബാങ്ക് കേരളത്തിന് വായ്പാ സഹായം നൽകാൻ തത്ത്വത്തിൽ ധാരണ ആയിട്ടുണ്ട്. എ ഡി ബിയും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായഹസ്‌തങ്ങൾ ലോകത്തിന്റെ പലകോണുകളിൽ നിന്നായി വന്നുകൊണ്ടിരിക്കുന്നു. ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ പുനഃനിർമ്മാണത്തിനായി സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചു കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇതിനകം ആയിരം കോടി കവിഞ്ഞിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് പുറമെ ആണിത്. കേന്ദ്ര സഹായം, മറ്റു സംസ്ഥാന സർക്കാറുകളിൽ നിന്ന് ലഭിച്ച സഹായങ്ങൾ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായ വാഗ്ദാനങ്ങൾ, അയൽ സംസ്ഥാനങ്ങളിലെ കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി അനവധി കോടികൾ വന്നുകൊണ്ടിരിക്കുന്നു. കാര്യങ്ങളൊക്കെ നന്നായി തന്നെ പോവുന്നുണ്ട്. ചില ഒറ്റപ്പെട്ട പുറംതിരിഞ്ഞു നിൽക്കലുകൾ ഒഴിച്ച്. അതിനെ വിവേകപൂർവ്വം അവഗണിക്കാം.

ഓരോരുത്തരും തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വഹിച്ചാല്‍ തന്നെ എല്ലാം അടിപൊളിയായി നടക്കും. കമ്പോളങ്ങള്‍ ഉണര്‍ന്ന് തന്നെ ഇരിക്കട്ടെ. വിപണികള്‍ സജീവമാവട്ടെ. പണത്തിന്റെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടാവരുത്. കുറേപേര്‍ ക്യാമ്പുകളില്‍ ആണെന്നും പറഞ്ഞു പണമിപ്പോള്‍ ചിലവഴിക്കാതെ ഇരിക്കുകയല്ല വേണ്ടത്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ്. നടക്കട്ടെയെല്ലാം സാധാരണമായി തന്നെ.

ഇതിനിടയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നുണ്ട്. ശ്രദ്ധയും ജാഗ്രതയും അനിവാര്യം. കരുതലോടെ നീങ്ങാം. അസ്വഭാവികമായി എന്ത് ശ്രദ്ധയില്‍ പെട്ടാലും ഉടന്‍ വൈദ്യ സഹായം തേടുക. ഒരുമിച്ചു തന്നെ നേരിടാം, അതിനെയും. പ്രളയ ദിനങ്ങളിലെന്ന പോല്‍.

എല്ലാം ശരിയാവും. നമ്മള്‍ അതിജീവിക്കും.

© എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍

 

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES