സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ”നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി” എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ ദമ്പതികൾ ഏറെ വ്യത്യസ്തരാവുകയാണ് കവിയായ ഭർത്താവിന്റെ പുസ്തക പ്രകാശനത്തിന്റെ കൂടെ അതേ ദിവസം തന്നെ തന്റെ കവിതകളുടെ സമാഹാരം കൂടി പ്രകാശിപ്പിക്കാനൊരുങ്ങുകയാണ് ഭാര്യ. മൂവാറ്റുപുഴയിലെ കുമാർ കെ മുടവൂരും ഭാര്യ സിഎൻ കുഞ്ഞുമോളുമാണ് ഏറെ വ്യത്യസ്തരായ ഈ കവി ദമ്പതികൾ. കവിയും സാംസ്കാരികപ്രവർത്തകനുമായ കുമാർ കെ മുടവൂരിന്റെ കാവ്യസമാഹാരമായ ‘കാലത്തിന്റെ ഗീതം’ , ഭാര്യ കുഞ്ഞുമോളുടെ കാവ്യസമാഹാരമായ ‘അപ്പൂപ്പൻ താടി’യുമാണ് ഈ വരുന്ന ഏപ്രിൽ 28 ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം നിർവഹിക്കുന്നത്.
മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മറ്റൊരു എഴുത്തുകാരായ ദമ്പതികൾ നൂറനാട് മോഹനും ഭാര്യ കണിമോളും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.പെരുമ്പാവൂർ യെസ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.