കവിതക്കൂട്ട്

0
193
അനൂപ് ഗോപാലകൃഷ്ണൻ

(1)

ഓർമ്മവരാറുണ്ടിടയ്ക്ക്,
ഇടികുടുങ്ങുന്നൊരു മഴയത്ത്
കവുങ്ങുപാള കുടയാക്കി
നിനക്കൊപ്പം
തോണിപ്പടിയിലെ
വിറത്തണുപ്പിലിരുന്ന-
ക്കരെയിറങ്ങിയതും

ഒന്നരവെയിലിലുണക്കുന്ന വിത്ത്
നിലാസാധകത്തിനു വെച്ച്, മുറ്റത്ത്,
നിന്റെ മടിയിൽ കിടന്ന്
കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു
കാതോർത്തതും

തടം കോരലും
തളിച്ചുനനയുമൊക്കെ കഴിഞ്ഞ്
കിണറ്റിൻകരയിലെത്തുന്ന
നിന്റെ വിയർപ്പിൽ
വാഴച്ചുണ്ടിന്റെ മണമുതിരുന്നതും
വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ
വയൽക്കുളത്തിലേക്ക് നടക്കുന്നതും
തേവരെ തൊഴുതുരിയാടിയെത്തുന്ന
നിന്റെ ഭസ്മക്കുറിച്ചേലും

വളപ്പിലെ
മുണ്ടവരിക്കയടർത്താറായെന്ന്
തൊട്ടോർമ്മിപ്പിച്ചതും,
അടുപ്പിൽ തിള വന്ന്
പാകം നോക്കുമ്പോൾ
ഇലയിട്ട് വിളമ്പുമ്പോൾ
നിന്റെ വിരലിന്റെ-
യിമ്പമറിഞ്ഞതും

ഒടുവിലൊരിടവപ്പാതിയുടെ
മണ്ണിലേയ്ക്ക് നീ യാത്രയായതും

(2)

ഇന്നിപ്പോൾ
തൊഴുത്തും തുറുവും
തഴപ്പായും തിരികല്ലും
ഉപ്പുമരവിയും ഉരലും
ഉമിക്കരിക്കുടുക്കയും
ഒരായിരം നാട്ടുഭാഷകളും
നിന്റെയോർമ്മയിലലിഞ്ഞു
പിറക്കുമ്പോൾ
നാഴി നിലാവിനും
ഒരു പലം നെല്ലിനുമൊപ്പം
ഉള്ളിൽ മുടിയേറ്റുന്നു
നിന്നെ ഞാൻ


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here