ഭൗമികമാകുന്ന കവിതാബോധ്യങ്ങൾ

0
578
Bhoomi-oru-jeeviyanu-mahendar-book-review-unnirkishnan-kalamullathil-athmaonline

വായന

ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
ഇംഗ്ലീഷ് വിഭാഗം
ശ്രീവ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി

 

‘പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്, മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിനർത്ഥം, പ്രകൃതി അതിനോടു തന്നെ ബന്ധിതമായിരിക്കുന്നു എന്നാണ്. കാരണം മനുഷ്യൻ തന്നെ പ്രകൃതിയുടെ ഭാഗമാണ് ‘ – കാൾ മാർക്സ്.

ഏറ്റവും പരിചിതമായ ഒന്നായിരിക്കുമ്പോഴും അപരിചിതമായിത്തീരുന്നു എന്നതാണ് ഭൂമിയുമായി നാം പുലർത്തുന്ന ബന്ധത്തിന്റെ സവിശേഷതകളിലൊന്ന്. ഉപരിതലത്തിൽ വസിക്കുന്നു എന്നതിനാലും ഭൂമി തരുന്നതെല്ലാം ഉപയോഗിച്ചു ജീവിക്കുന്നതിനാലുമാണ് പരിചിതത്വം ഉണ്ടെന്നു പറയുന്നത്. ജീവന്റെ ആധാരമായിത്തന്നെ ഭൂമിയെ മനുഷ്യർ ഉൾക്കൊള്ളുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. നമുക്ക് ജീവിയ്ക്കാനാവശ്യമായ രംഗസജ്ജീകരണങ്ങളും കോപ്പുമൊരുക്കേണ്ട ബാധ്യതയുള്ള ഒന്ന് എന്നതിനപ്പുറത്തുള്ള ചിന്തയായി ഭൂമി ചിന്തകൾ വികസിക്കാറില്ലയെന്ന് മാത്രമല്ല ഭൂമിയുടെ ഉത്തരവാദിത്തമായി പോലും അത് കാണുകയും ചെയ്യുന്നു. ഇവിടെ വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കിയില്ലെങ്കിൽ ഞങ്ങൾ കൊള്ളാവുന്ന സ്ഥലങ്ങളിലേയ്ക്ക് പോകും എന്നതു പോലൊരു സമീപനത്തോടെയാണോ നമ്മുടെ ചാന്ദ്ര- ചൊവ്വാ ദൗത്യങ്ങളെയെല്ലാം നാം ആഘോഷിച്ചിട്ടുള്ളത് എന്നും തോന്നിയിട്ടുണ്ട്. സമ്പൂർണ്ണമായ ആധിപത്യം പുലർത്തിക്കൊണ്ടാണ് ഭൂമിയുമായുള്ള ബന്ധത്തെ നിർവ്വചിക്കാൻ മനുഷ്യൻ ശ്രമിയ്ക്കുന്നത്. ‘ഭൂമി ഒരു ജീവിയാണ് ‘ എന്ന മഹേന്ദറിന്റെ കവിതാസമാഹാരം വ്യത്യസ്ഥമാകുന്നത്  ഭൂമിയെ കാണുന്ന കണ്ണിന്റെ വ്യത്യാസത്തിലാണ്. ഭൂമിയെന്ന ജൈവവും അജൈവവുമായ ലോകത്തിന്റെ ഭാഗമാണ് താനെന്ന ചിന്തയിലേയ്ക്ക് നിരന്തരം കാലുറപ്പിച്ചു നിർത്താനുള്ള ശ്രമം നടത്തുന്നു ഈ കവിതകൾ.

പാരിസ്ഥിതിക ദർശനത്തിന്റെ ഭാഗമായ ആഴപരിസ്ഥിതി എന്ന ആശയത്തെ പിൻപറ്റിക്കൊണ്ടാണ്  ഈ കവിതകൾ രചിച്ചിരിക്കുന്നത്. മനുഷ്യകേന്ദ്രീകൃതമായ പടിഞ്ഞാറൻ ആധുനികതയുടെയും വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിക്കുന്ന മനുഷ്യോന്മുഖ ചിന്തകളുടെയും വിമർശം എന്ന തലത്തിലാണ് ആഴ പരിസ്ഥിതി ചിന്തകൾ രൂപപ്പെട്ടു വന്നത്. പൗരസ്ത്യ ദർശനങ്ങളും സെൻ ബൗദ്ധ ചിന്തകളും അസീസിയിലെ ഫ്രാൻസിസ് പുണ്യാളനടക്കമുള്ളവരുടെ ക്രൈസ്തവ ദർശനങ്ങളും പ്രകൃതിചൂഷണത്തെക്കുറിച്ചുള്ള മാർക്സിയൻ വിമർശനവും ഗാന്ധിയൻ ആശയങ്ങളുമെല്ലാം ഈ കാഴ്ച്ചപ്പാടിന്റെ അടിത്തറയായി വർത്തിക്കുന്നു.
ജീവിവർഗ്ഗവുമായുള്ള പങ്കുചേരലിന്റെ പ്രകാശനമെന്നാണ് ആമുഖത്തിൽ, ആഷാ മേനോൻ ഈ കവിതകളെ വിശേഷിപ്പിയ്ക്കുന്നത്.
ഭൂമിയെന്ന ജൈവലോകത്തിൽ നിന്നുമുള്ള അടർന്നു മാറലിനെതിരായ പ്രതിരോധമായി കവിത മാറുന്നത് നമുക്ക് കാണാൻ കഴിയും. മനുഷ്യ കേന്ദ്രീകൃതമായ ലോകവീക്ഷണത്തെ വിമർശനകോണിലൂടെ കാണുന്ന ഈ കവിതകൾ, ഒത്തു നില്ക്കൂവെന്നും ചേർന്നു പോകൂവെന്നുമുള്ള പാരസ്പര്യ ബോധത്തിന്റെ കൊടിപ്പടമാണ് ഉയർത്തിപ്പിടിക്കുന്നത്. സവിശേഷ മൃഗമെന്ന മനുഷ്യാഹങ്കാരത്തിന്റെ തിടം വെച്ച ബോധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ആഴപരിസ്ഥിതിയുടെ ദർശനങ്ങളെ ഈ കവിതകൾ സ്വാംശീകരിയ്ക്കുന്നത്.

മനുഷ്യാധിനിവേശമെന്ന രൂപകത്തെ ആറു മുറിച്ചു കടക്കാൻ ശ്രമിച്ച ഉറുമ്പിന്റെ കഥയിലൂടെ വരച്ചിടുകയാണ് ‘ഒരിക്കൽ’ എന്ന കവിത. വിനാശകാരിയായി മാറുന്ന മനുഷ്യ ലോകത്തിന്റെ സാന്നിധ്യം പ്രത്യക്ഷമായി വരാത്ത കവിതയിൽ അതനുഭവപ്പെടുന്നത് വറ്റി വരണ്ട ആറിന്റെയും ഉറുമ്പരിച്ച ഇലയുടെയും മൃതദേഹമെന്ന ബിംബങ്ങളിലൂടെയാണ്. സഹജീവിയെക്കുറിച്ചോർത്ത് ആകുലപ്പെടുന്ന പാരസ്പര്യത്തെ കവി ഇങ്ങനെ അടയാളപ്പെടുത്തുന്നു:
പട്ടണത്തിരക്ക് ഉറുമ്പിനെ / എങ്ങനെ കൈകാര്യം ചെയ്യുമോ എന്തോ / എന്ന് ഇലയ്ക്ക് സന്ദേഹം തോന്നി. അന്യമായിപ്പോകുന്ന സഹജീവിതത്തിന്റെ ഈ സന്ദേഹങ്ങൾ തന്നെയാണ് കവിയുടെ ലോകവീക്ഷണവും ആകുലതയുമായി മാറുന്നതും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പരിസ്ഥിതിയെയും പ്രകൃതിയെയും കുറിച്ചുള്ള ഗൗരവകരമായ ചിന്തകൾ മുന്നോട്ടുവെച്ച അമേരിക്കൻ ചിന്തകനായ ആൾഡോ ലിയോപോൾഡിന്റെ പ്രശസ്തമായ ഒരു പുസ്തകത്തിലെ അധ്യായത്തിനു നല്കിയിരിക്കുന്ന പേര്
‘ഒരു പർവ്വതത്തിനെ പോലെ ചിന്തിക്കുമ്പോൾ’ എന്നാണ്.

ആധുനികതയുടെ ബിംബങ്ങളുടെ സാന്നിധ്യത്തിലുടെ അമ്ല മഴയിൽ നനഞ്ഞു കുതിരുന്നു  ‘വൈകുന്നേരത്തെ മഴ’ എന്ന കവിത. ‘നീലച്ച റിബ്ബണും’ / ‘ചലം കെട്ടിയ വിളറിയ മുറിവും’ കവിതയിൽ അമ്ല സാന്നിധ്യം പടർത്തുന്നു. കുടയിൽ മാത്രമല്ല മനസ്സിന്റെ ഭൂമികയിലും ഇടമില്ലാതെ പെയ്യുന്ന മഴയിൽ കവിയുടെ മനം നനയുന്നു. ഉള്ളിലെ കടലിനെ പുറങ്കടലിൽ  കാണുന്ന ‘വിനോദയാത്ര’യിൽ , ചിലപ്പോളെങ്കിലും  ഗദ്യത്തിൽ നടന്നു കാലു കുഴയുന്ന കവിത, അതിന്റെ നടപ്പിനെ വീണ്ടെടുക്കുന്നത് അവസാന വരികളിലാണ്.  രാത്രിയിലൂടെയും ഇരുട്ടിലൂടെയും ഒഴുകുന്ന കപ്പലെന്ന, മറ്റാർക്കും ചേതമില്ലാത്ത രൂപകമായി, ഉൾക്കടൽ വിടാതെ കെട്ടിപ്പിടിച്ചുവെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും കവിത പായ്ക്കപ്പലേറി തീരം വിട്ടെന്നത് മറ്റൊരു യാഥാർത്ഥ്യവും. ചെറിയ വാക്കുകൾ കൊണ്ട് കവി തുന്നിയെടുക്കുന്ന കവിതത്തൂവാലയാണ് ‘തടാകം, മഴ’ എന്ന കവിത. വെളുത്ത തൂവാല വീശുന്ന കാറ്റും ഏകാന്തതേയെന്ന് ആവർത്തിച്ച് പറക്കുന്ന കൊക്കും കരയിൽ നിന്നും കരയിലേക്ക് വലിച്ചു പിടിക്കുന്ന തിരശ്ശീലയും ചെറു ചിത്രങ്ങളായി കവിതയുടെ തൂവാലയിൽ തെളിയുന്നു. വിടർത്തിത്തുന്നിയെടുക്കാവുന്ന കവിതയുടെ അലങ്കാരത്തുന്നലിന്റെ പാതി വഴിയിൽ വാക്കിന്റെ നൂലു പൊട്ടിച്ച് തുന്നൽ കഴിഞ്ഞുവെന്ന് പറയുന്നു കവി.ചെറുതെങ്കിലും മിഴിവാർന്ന ചിത്രത്തിൽ, വായനക്കാരൻ കവിതയുടെ മഴച്ചാറ്റലിൽ  നനയുന്നു;ഊഞ്ഞാൽ മാത്രമേയുള്ളോവെന്ന് ഖേദിക്കുന്നു.

പ്രകൃതിയോട് മുഖാമുഖം നില്ക്കുന്ന ഏകാന്ത നിമിഷങ്ങളുടെ വിവരണമാണ് ‘കാഴ്ച’ എന്ന കവിത. പേരിന്റെ സാധാരണത്വത്തിൽ നിന്നും പുതിയൊരു  ഇന്ദ്രിയം തുറന്നു കിട്ടിയ / വിവശതയിൽ/ അലിഞ്ഞു പോകുന്ന, വായനക്കാരൻ കാഴ്ചയുടെ അനന്യത തിരിച്ചറിയും. കരയും ജലവും തമ്മിലുള്ള / രഹസ്യച്ചിരികളാൽ ,വായനക്കാരൻ തിരിച്ചറിയുന്ന നേർത്ത നിശ്വാസങ്ങളുള്ള അടിത്തട്ട് സ്വന്തം മനസ്സുമാവാമെന്ന് കരുതും, അതിന്റെ ആഴങ്ങൾ കണ്ട് അമ്പരക്കും. തന്നിൽ നിന്നും വേറിട്ടതല്ലാത്ത പ്രകൃതിയോട് സംവദിക്കുമ്പോൾ ഒറ്റയെന്നത് അപ്രസക്തമായിത്തീരും. ആൾക്കൂട്ടങ്ങൾക്കിടയിൽ തനിയെയാവുന്നവരിൽ, ഒറ്റപ്പെട്ടു പോകുന്നവരിൽ  മനുഷ്യർ മാത്രമല്ല പ്രകൃതിയുമുണ്ടെന്ന പാഠത്തിലേയ്ക്കും കവിതയുടെ വേരുകൾ സഞ്ചരിക്കുന്നു. അവസാനത്തിന്റെ ആരംഭവും ഒടുക്കവുമായ മരണം മറ്റൊരു മ്യൂസിയക്കാഴ്ച്ചയുടെ തുടക്കമാകുന്ന കൗതുകമാണ് ‘കനം’ എന്ന കവിത. ഭൂതകാലത്തിൽ കൊഴിഞ്ഞ ഉണക്കിലകളുടെ കനമുള്ള കടും വരമ്പായി ശവം കാണാനെത്തുന്നവരെ മ്യൂസിയം വരവേൽക്കുന്നു, ചുറ്റി നടക്കുന്നവർ കനമുള്ള കാഴ്ചകൾ കണ്ടു കൊണ്ടേയിരിക്കുന്നു.
ഏകാന്തതയുടെ പല വിതാനങ്ങളെക്കുറിച്ച് കവി നടത്തുന്ന മറ്റൊരു അന്വേഷണമാണ്
‘വീട്ടിൽ ഒറ്റയാവുമ്പോൾ ‘ എന്ന കവിത. പറ്റമായി നില്ക്കുന്നതിൽ നിന്നും ഇടയ്ക്കെങ്കിലുമൊരു മോചനം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ്. അറിഞ്ഞോ അറിയാതെയോ വീണു കിട്ടുന്ന അത്തരം നിമിഷങ്ങളുടെ വെളിച്ചത്തിലാണ് മനുഷ്യർ സ്വയം കണ്ണാടിയും പ്രതിച്ഛായയുമാകുന്നത്; ഒരാൾ ഒരാളല്ല/ഒരന്തരീക്ഷമാണെന്ന് തിരിച്ചറിയുന്നത്. ദൈനംദിന ജീവിതത്തിലെ ആട്ടക്കലാശങ്ങളും അരങ്ങിൽ തെളിഞ്ഞ കഥാപാത്രങ്ങളും അവരുടെ അസാന്നിധ്യത്തിലും മിഴിവോടെ തെളിഞ്ഞു വരുന്ന കാഴ്ച കാണുമ്പോൾ ഒരാൾ മറ്റൊരാളാണെന്ന നിലാവുദിയ്ക്കുന്നു, ഇരുട്ടു മായുന്നു.

പ്രകൃതിയുമായുള്ള ബന്ധത്തിലെ ചില സവിശേഷ സന്ദർഭങ്ങളെ ഭാഷ ഉപയോഗിച്ച് ചിത്രീകരിക്കുമ്പോൾ
രൂപപ്പെടുന്ന വേട്ടക്കാരന്റെയും  ഇരയുടെയും ദ്വന്ദ്വങ്ങൾ കവിയുടെ അബോധത്തെയും മറികടന്ന് കവിതയുടെ ദിശ മാറ്റുന്ന ചിത്രം കാണാൻ കഴിയും ‘ഉച്ചത്തൊടി’ എന്ന കവിതയിൽ. ‘കണ്ണ് മനുഷ്യന്റെ കണ്ണായി മാറുന്നു ‘ എന്ന മാർക്സിന്റെ വാക്കിനെ ഓർമ്മിപ്പിയ്ക്കുന്നു, കവിയുടെ പ്രത്യക്ഷ ലക്ഷ്യത്തെ കീഴ്മേൽ മറിക്കുന്ന മാനുഷിക നേത്രങ്ങൾ. പ്രകൃതിയിലേയ്ക്ക് നോക്കുമ്പോളൊക്കെയും എനിക്കെന്ത് കിട്ടുമെന്ന് ഓർക്കുന്ന മനുഷ്യന്റെ സാന്നിധ്യമായി കവിതയിലെ ‘കിട്ടുന്നത് ‘ എന്ന വാക്ക് മാറുന്നു: ഏറെ നാളുകൾക്ക് ശേഷമാണ്/ ഇങ്ങിനെ ഒരു ഒഴിഞ്ഞ ഉച്ച കിട്ടുന്നത്. ….. ഒരുച്ചയെ / അതിന്റെ നഗ്നമായ ഉടലോടെ / ആദ്യമായെന്ന പോലെ / കിട്ടിയത് ഇന്നാണ്. ഉച്ചയെക്കുറിച്ചോർക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ‘നഗ്നമായ ഉടലും ‘  ‘കിട്ടുക ‘ യെന്ന വാക്കും കവിതയിൽ പ്രവർത്തിക്കുന്ന അദൃശ്യ ബലങ്ങളെ അടയാളപ്പെടുത്തുന്നു.
ഉച്ചയ്ക്കായി തുന്നപ്പെടുന്നത് ‘പട്ടു തുണിയിൽ മഞ്ഞപ്പുള്ളികളുള്ള
പച്ചപ്പാവാട’യാണെന്നറിയുമ്പോഴാണ് കവിയുടെ പാരിസ്ഥിതിക ബോധത്തെയും മറികടന്നന്നെത്തിയ ലിംഗ രാഷ്ട്രീയമുയർത്തിയ ചോദ്യങ്ങളുടെ സാന്നിധ്യം അറിയാൻ  കഴിയുന്നത്.

നാട്ടുവഴികളെയും നാട്ടുവഴക്കങ്ങളെയും അങ്കലാപ്പിൽപ്പെടുത്തി അപ്രസക്തമാക്കിത്തീർക്കുന്ന അധിനിവേശത്തിന്റെ വീതിയേറിയ തേർവഴികളെക്കുറിച്ചുള്ള ആശങ്കകൾ മുറ്റി നില്ക്കുന്നു ‘വീട്’ എന്ന കവിതയിൽ. ‘വഴി തെറ്റൽ/ ഒരു സാധ്യത പോലുമല്ലായിരുന്ന ‘ കാലത്തിൽ നിന്നും വഴിതെറ്റലിന്റെ മഹാ  ‘സാധ്യതകളെക്കുറിച്ചോർത്ത് വിലപിക്കുന്നു കവി. വീട്ടിലേയ്ക്കെത്തിക്കുന്നതിനു പകരം ‘കറങ്ങിത്തിരിയലിന്റെ ‘ ‘യൂ ടേണു’കളിലൂടെ വീടിനെ അകറ്റി മാറ്റുകയാണോ പുതുവഴികൾ എന്ന കവിയുടെ വേവലാതിയ്ക്ക് ആക്കം കൂട്ടുന്നത് ‘വീട്ടിലമ്മ ‘ തനിച്ചാണ് എന്ന ചിന്ത കൂടിയാണ്. മഞ്ഞരളിക്കടലിലൂടെയും മഞ്ഞച്ച ഉറക്കത്തിലൂടെയും തുഴയുന്ന തോണിയിലേറിപ്പോകുന്ന ബിംബങ്ങളുടെ സമൃദ്ധിയാണ് ‘ഉച്ചയുറക്കം മഞ്ഞരളിപ്പൂവാണ്, അഥവാ വെയിൽ ഒരു രൂപകം’ എന്ന കവിത. പ്രിയങ്കരിയായ  മാധവിക്കുട്ടിക്കൊപ്പം പക്ഷിയുടെ മണവും കവിതയിൽ നിറയുന്നു. തലക്കെട്ടിലെ ധാരാളിത്തം കവിതാ ശരീരത്തിലെ ബിംബങ്ങളുടെ മുറുക്കത്തിൽ ഇല്ലാതെയാകുന്നു.ഓർമ്മകളായും ബിംബകല്പനകളുടെ അരിക് ചേർന്നും കവിതയിൽ വന്നലിയുന്ന കവികളും എഴുത്തുകാരും മഹേന്ദറിന്റെ കവിതകളുടെ സവിശേഷതകളിലൊന്നാണ് .
ചിറകരികുകളിൽ / കടൽത്തിരകളുള്ളൊരു കിളിയും ‘വിഷം തീണ്ടിയ നീലിച്ചൊരാകാശവും നീന്തിക്കരയുന്ന വികൃത സൂര്യനും’ തികവുറ്റ ബിംബങ്ങളായ്ത്തന്നെ സ്വയം വെളിപ്പെടുത്തുന്നവയാണ്. മുകളിലാകാശമില്ലാത്തതിന്റെ / വലിയ ശൂന്യതയായ് കവിയുടെയും വായനക്കാരന്റെയും ആശങ്കകൾ വാ പിളർത്തുന്നത് കാണാം.

നാലുവരിപാത നീന്തികടന്നപ്പോൾ യന്ത്രപ്പുഴയിൽപ്പെട്ട് ജീവിതം മുറിഞ്ഞു പോയ ചേരയ്‌ക്കൊപ്പം അതിന്റെ ചോദ്യവും ചത്തു കിടക്കുന്നുണ്ട് ‘ദേശീയപാത’ മുറിച്ചു കടക്കുമ്പോൾ എന്ന കവിതയിൽ. മുറിച്ചു കടക്കുന്നത് നിങ്ങളല്ലേ/ എന്റെ – ഞങ്ങളുടെ ജന്മങ്ങളെ? എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. വെറും പാതയല്ലെന്നതും ‘ദേശീയ ‘ പാതയാണെന്നതും വെറുതെ കടക്കുകയല്ലയെന്നതും ‘മുറിച്ചു’ കടക്കുകയാണെന്നതും ശ്രദ്ധേയമാണ്. ആഴപരിസ്ഥിതിയും കടന്ന് ദേശീയ നാട്യങ്ങളുടെ വിമർശനത്തിലേയ്ക്ക് മുറിച്ചു കടന്നെത്തുന്ന കവിതയുടെ ഓർമ്മകളിലെവിടെയോ നെഹ്റുവും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വരികളും ഉണ്ടെന്നത് ആസന്നതകൾക്കപ്പുറത്തേയ്ക്ക് സഞ്ചരിക്കുന്ന കവിതയുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ സാക്ഷ്യം കൂടിയാണ്. കവിയുടെ സഞ്ചിതമായ ഓർമ്മകളിലെ ജൈവ സാന്നിധ്യങ്ങളെ വെളിപ്പെടുത്തുന്ന മറ്റൊരു കവിതയാണ് ‘നീ’. ‘ഒരുനാൾ’ എന്ന ഒറ്റ വാക്കിലൂടെ ഒട്ടോ റെനോ കാസ്റ്റോ എന്ന കവി, കവിതയിൽ വന്ന് പാർപ്പുറപ്പിക്കുകയും അസാധാരണമായൊരു ബലം തുച്ഛമായ വാക്കുകളിൽ എഴുതപ്പെട്ട ഈ കവിതയ്ക്കു നല്കുകയും ചെയ്യുന്നു. പാരിസ്ഥിതികമായ പെരും ചാഞ്ചാട്ടങ്ങളിലൂടെ വന്നു ചേരാനിരിയ്ക്കുന്ന
തിരിച്ചടികളെക്കുറിച്ചും ‘അവരോടൊപ്പം / കാട്ടിലേയ്ക്ക് തിരിച്ചു പോകുന്ന /ചവിട്ടി നിൽക്കുന്ന മണ്ണിനെക്കുറിച്ചും ജൈവബോധ്യങ്ങളുടെ രാഷ്ട്രീയത്തോട് ചേർന്നു നിന്നാണ്  കവി എഴുതുന്നത്.

alchemy-books-athmaonline

മനുഷ്യക്കണ്ണ്  ലെൻസായുപയോഗിക്കുന്ന ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് ‘കാട് ഒരു സെൽഫിയെടുക്കുന്നു ‘എന്ന കവിതയുടെ ചിത്രങ്ങൾ. കാടിന്റെ കണ്ണായി മാറാനുള്ളൊരു ഇടറിയ ശ്രമം കവിത നടത്തുകയും കാടിന്റെ ഭാഷയിൽ ചിത്രത്തിലെ വർണ്ണാനുപാതം നിശ്ചയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കാടിനെ കാണുന്നതുപോലെയല്ല കാടായി മാറി കാണുന്നത് എന്നും വിഫലമായിപ്പോയേക്കാവുന്ന ശ്രമമാണ് അതെന്നും കവിത തിരിച്ചറിയുന്നുണ്ട്. സാമാന്യത്തിനപ്പുറത്തേക്ക് കടക്കാനാവാതെ വാക്ക് ഇടറി തളരുന്ന ചിത്രമാണ്  ‘
കാട്ടുതീയൂതിപ്പെരുപ്പിച്ച് /കാറ്റതിന് ചൂട്ടുപിടിച്ചു കൊടുക്കുന്നു ‘ എന്ന വരിയിലെത്തുമ്പോൾ കാണുന്നത്.
കടലു കാണാൻ പോയതിനെ വിവരിക്കുന്ന ‘വിനോദയാത്ര’ എന്ന കവിതയുടെ തുടർച്ചയോ അനുബന്ധമോ ആയി കാണാം ‘കാടുകാണൽ ‘ എന്ന കവിത. കാടൊരു കാഴ്ച മാത്രമാകുമ്പോൾ, അകലാനായ് നടത്തുന്ന പാഠ്യപ്രവർത്തനമായി ‘കാണൽ’ മാറുന്നുവെന്ന് സൂക്ഷ്മദൃക്കായ കവി തിരിച്ചറിയുന്നുണ്ട്. കാടു കാണുമ്പോൾ/ കണ്ണുകൊണ്ടെല്ലാം കാണണം/ കാണായ കാഴ്ചകളൊക്കെയും / നമ്മുടേതല്ലെന്നുറപ്പിയ്ക്കാൻ / വായിലെന്തെങ്കിലും / കൊറിച്ചു കൊണ്ടേയിരിക്കണം , എന്നു കവി അതിനെ സംഗ്രഹിയ്ക്കുന്നു. പ്രകൃതിയിൽ നിന്നുമുള്ള അകൽച്ചയെക്കുറിച്ച് മനുഷ്യൻ ബോധവാനാകും വരെയും ആ വിഛേദം അപൂർണ്ണമാണെന്ന് റഷ്യൻ ചിന്തകനായ യൂജിൻ സാമിയാഷ്യൻ (Eugene Zamiatian). ഏകപക്ഷീയമായ വിധികല്പനകളോടുള്ള ഇടച്ചിൽ കൂടിയാണ് ആഴപരിസ്ഥിതിയുടെ രാഷ്ട്രീയമെന്നുറപ്പിയ്ക്കുന്ന ഒരു രചനയാണ് ‘എനിക്ക് കൊക്കാകേണ്ട’ എന്ന കവിത.’ പഴമച്ചേറിൽ പുതഞ്ഞു നില്ക്കുന്ന അധീശത്വ ബോധ്യങ്ങളെ കവി, പ്രകൃതിയിൽ കണ്ടെത്തുകയും ചോദ്യങ്ങളാൽ ഉലയ്ക്കുകയും ചെയ്യുന്നു. എന്നെങ്കിലും / തെറ്റിവായനകളുടെ / ചരിത്ര പുസ്തകത്തിന്റെ / തുന്നലഴിയുമെന്ന പ്രതീക്ഷയാണ് കവിത മുന്നോട്ട് വെയ്ക്കുന്നത്.

നോക്കിക്കാണേണ്ട അകലത്തിൽ പ്രകൃതിയെ പ്രതിഷ്ഠിക്കുകയും അകൽച്ചയെ ഒരു മൂല്യമായി കൊണ്ടു നടക്കുകയും ചെയ്യുന്ന കാഴ്ചപ്പാടുകളോടുള്ള ഇടച്ചിലാണ് ‘ഒരു പാമ്പിന്റെ ഇടച്ചിൽ ‘ എന്ന കവിത. പ്രകൃതിയുടെ ചലനങ്ങളിലെ താളത്തെക്കുറിച്ച്, സംഗീതത്തെക്കുറിച്ച് ശില്പ ചാരുതയെക്കുറിച്ച് കവിത വാചാലമാകുന്നു. പാമ്പ് എന്ന രൂപകത്തെ ഉപയോഗിച്ചാണ് പ്രകൃതിയുടെ സൗന്ദര്യാവിഷ്ക്കാരത്തെക്കുറിച്ച് കവി ചിന്തിക്കുന്നത്. അകന്നു മാറി നില്ക്കാതെ അവധാനതയോടെ പിന്തുടരേണം പ്രകൃതിയെ എന്നാണ് കവിതയുടെ പക്ഷം. മയമുള്ള വാക്കുകളിൽ മൂർച്ചയേറിയ ചില ചോദ്യങ്ങൾ ഉന്നയിക്കാനും സൗമ്യമായി പരിഭവം പറയാനും കവിത ശ്രമിയ്ക്കുന്നു: എനിക്ക് / ഇഴയുവാൻ മാത്രമേ അറിയൂ / ഇടയുന്നത്/ നിങ്ങളുടെ വഴികളാണല്ലോ എന്ന്, സൗമ്യമായി പറയാതെ പറയുന്നു കവിത. പരിണാമമെന്ന മഹായാത്രയിൽ മറ്റു ജീവിവർഗ്ഗങ്ങളുടെ സഹയാത്രികൾ മാത്രമാണു നാം എന്ന് പരിസ്ഥിതി ചിന്തകനായ ആൾഡോ ലിയോപാൾഡ് ( Aldo Leopald).

ഗദ്യം കവിതക്കൊരു കേടല്ലെങ്കിലും പ്രസ്താവന സമാനമായ ചില വരികൾ കവിതയിൽ പുള്ളിക്കുത്ത് വീഴ്ത്തുന്നു.

ഒരൊറ്റ വരിയിൽ ആവിഷ്ക്കരിച്ച ഒരാശയമാണ് ‘ഭൂമി ഒരു ജീവിയാണ് ‘ എന്ന കവിത. കവിതയുടെ ഹൃദയവും ആത്മാവുമെല്ലാം ആദ്യ വരിയിൽ നിറയുകയും പിന്നാലെ വരുന്ന വാക്കുകളെല്ലാം കവിതയുടെ പൊലിപ്പിക്കൽ മാത്രമായി മാറുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ
റഷ്യൻ ചിന്തകനായ പീറ്റർ ഔസ്പെൻസ്കിയുടെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടാണ്,  ‘ഭൂമി ഒരു ജീവിയാണ് ‘ എന്ന ആശയത്തിലേയ്ക്ക്  ആൾഡോ ലിയോപാൾഡ് എത്തിച്ചേരുന്നത്.
‘കാഴ്ച’ എന്ന മുമ്പേ സൂചിപ്പിച്ച മറ്റൊരു കവിതയുമായി  പാരസ്പര്യം പുലർത്തുന്നുണ്ട് ഈ കവിത. പ്രകൃതി പോലെ മാജിക്കൽ റിയലിസ്റ്റായി മറ്റൊന്നുമില്ലെന്നുള്ള തിരിച്ചറിവിന്റെ കാവ്യരൂപമാണ് ‘ഒരു നാൾ ഒരു വെറും മരമാകും നിങ്ങൾ ‘ എന്ന ഈ സമാഹാരത്തിലെ അവസാന കവിത. എത്രയും ലളിതമായ സൗമ്യ ചിത്രങ്ങളിൽ ഗഹനമായ ചിന്തകൾ അടയിരിക്കുന്നുവെന്നും ‘വെറും ‘ എന്ന ഒറ്റവാക്കിൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വാക്കുകളുടെ ഗുരുത്വ ബലങ്ങൾ ഊറിക്കിടക്കുന്നുവെന്നും കവിത പറഞ്ഞു വെയ്ക്കുന്നു.

അകലുകയെന്ന വാക്കിനെ ഉൾക്കൊള്ളാൻ  കഴിയാത്ത വിധം ശക്തമായൊരു ആദിമ ചോദന കവിയുടെ ജൈവബോധത്തിൽ പ്രവർത്തിക്കുകയും ബന്ധങ്ങളുടെ നൂലിഴകളോരിന്നിനെയും പതിഞ്ഞ വാക്കുകളിലൂടെ ഹൃദയത്തിനോട് കൊരുക്കുകയും ചെയ്യുന്നുവെന്നതാണ് മഹേന്ദറിന്റെ കവിതകളുടെയെല്ലാം ആന്തരികമായ സംവേദന തലം. ഇടശ്ശേരിയും അയ്യപ്പപ്പണിക്കരും ഒഎൻവിയും സുഗതകുമാരിയും കടമ്മനിട്ടയുമെല്ലാം അണി ചേരുന്ന മലയാളത്തിലെ പരിസ്ഥിതി കവിതകളുടെ തുടർച്ചയാവുന്നതോടൊപ്പം ഭാഷയിൽ പുതുവഴികൾ തേടാനും മഹേന്ദറിന്റെ കവിതയ്ക്ക് കഴിയുന്നുണ്ട്.

‘കരുതൽ’, ‘നാലു മണി’, ‘വംശനാശം’, ‘വേനൽ ‘ , ‘ചാവു പാട്ട്’ ,  എന്നീ കവിതകളും ‘പ്രകൃതി ഒരു കുട്ടിയെ കാണുന്നു ‘. ‘പാവങ്ങൾ’, ‘തിങ്കൾ രാവിലെ ‘, ‘സമയം ഒരു കവിത മൂളുന്നു ‘, ‘ഒരു പാരസ്ഥിതിക പ്രണയം’ എന്നീ ഗദ്യരചനകളും ഈ സമാഹാരത്തെ സമ്പുഷ്ഠമാക്കുന്നു. പരിസ്ഥിതിയെ സംബന്ധിയ്ക്കുന്ന കാല്പനികമായ ചിന്തകളോ സന്ദേഹങ്ങളോ വിലാപങ്ങളോ ആയി മാറാതെ പരിസ്ഥിതിയുടെ കവിതയായി മാറാൻ ഈ സമാഹാരത്തിലെ എല്ലാ കവിതകൾക്കും സാധിയ്ക്കുന്നു. അകം പരിസ്ഥിതിയും പുറം പരിസ്ഥിതിയുമെന്ന ദ്വന്ദ്വങ്ങൾക്കപ്പുറത്തേയ്ക്ക് കവിത യാത്ര ആരംഭിക്കുന്നു, അനിശ്ചിതത്വങ്ങൾക്കിടയിലും ജൈവബോധത്തിന്റെ നൂലിഴ പൊട്ടാതെ നോക്കുന്നു, പ്രകൃതിയുടെ ഭാഗമായി തന്നെ  തിരിച്ചറിയുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here