വായന
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
ഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെടാതെ പോകുന്നു. ആധുനികതയോടെ രൂപപ്പെട്ട സാഹിത്യവിമർശന- സൈദ്ധാന്തിക പദ്ധതികളുടെയെല്ലാം അടിക്കല്ലായി പ്രവർത്തിച്ചത് ഭാഷയുടെ സൂക്ഷ്മ വിശകലനവും സമീപനങ്ങളുമാണ്. ഭാഷാ വിനിമയങ്ങൾ നിഷ്കളങ്കമായ ആശയ പ്രകാശനങ്ങൾ മാത്രമാണെന്ന ധാരണകൾ ഇതോടെ അവസാനിക്കുകയും ഗൗരവകരമായ രീതിയിൽ ഭാഷയെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു.
വിമർശനാത്മക ഭാഷാശാസ്ത്രത്തിൻ്റെയും വ്യവഹാര വിശകലന പഠനങ്ങളുടെയും വെളിച്ചത്തിൽ ഭാഷയുടെ ചരിത്രപരത, ഒന്നിലധികം പാരായണങ്ങൾ സാധ്യമാക്കുന്ന പഠനപരത, അധികാരത്തിൻ്റെയും പ്രത്യയശാസ്ത്രത്തിൻ്റെയും വിനിമയങ്ങൾ പ്രവർത്തിക്കുന്ന രീതികൾ എന്നിവയെ പഠനവിധേയമാക്കുകയാണ് അധ്യാപകനും ഭാഷാഗവേഷകനുമായ ഡോ. ശിവപ്രസാദ് പി എഴുതിയ ‘പദപ്രശ്നങ്ങൾ’ എന്ന പുസ്തകം ചെയ്യുന്നത്.
ഭാഷാ ശാസ്ത്രത്തിൻ്റെ രീതി പദ്ധതികളെ അതിൻ്റെ സങ്കേത ബന്ധതയിൽ നിന്ന് വേർപ്പെടുത്തി ഉപയോഗിക്കുന്ന ഈ പഠനം, ഭാഷയുടെ സൂക്ഷ്മവ്യാപാരങ്ങളെ വെളിപ്പെടുത്താനുള്ള പരിശ്രമമാണെന്ന് മുൻകുറിപ്പിൽ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. പുസ്തകത്തിൻ്റെ വിഷയത്തെ പരിചയപ്പെടുത്തിക്കൊണ്ട് പി എം ഗിരീഷ് എഴുതിയ പഠനക്കുറിപ്പ് അടക്കം ആറ് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗവേഷണ പ്രബന്ധത്തെ പുസ്തകമാക്കിയതിനാൽ തുടർപഠനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ഗ്രന്ഥസൂചിയും പുസ്തകത്തിൻ്റെ അവസാനം നല്കിയിരിക്കുന്നു.
ഈ പഠനത്തിൻ്റെ ലക്ഷ്യങ്ങളും ഏതു തരത്തിലാണ് പഠനം സംവിധാനം ചെയ്തിരിക്കുന്നതെന്നും ആമുഖത്തിൽ ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നു. കേവലമായ ആശയ സംവേദനം എന്നതിനപ്പുറം അധികാരവ്യവഹാരമെന്ന പ്രത്യയശാസ്ത്രധർമ്മം അനുഷ്ഠിക്കുന്നതായി ഭാഷ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മൂർത്തമായ ഉദാഹരണങ്ങളിലൂടെ വിശകലനം ചെയ്യപ്പെടുന്നു. പുതിയ മാനങ്ങളുള്ള ഭാഷാ പ്രയോഗങ്ങളും വാക്കുകളുമായി ഭാഷയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അപഗ്രഥിക്കുന്നതിലൂടെയാണ് അതിൻ്റെ പ്രത്യയശാസ്ത്ര വിനിമയത്തെ അടയാളപ്പെടുത്തുന്നത്.
ഭാഷയുടെ സാമൂഹികത എന്ന ഒന്നാം അധ്യായം സാമൂഹിക ഭാഷാ വിജ്ഞാനത്തിൻ്റെ മേഖലയിൽ നടന്നിട്ടുള്ള പൂർവ്വ പഠനങ്ങളും രീതിശാസ്ത്രവും സാമാന്യമായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ വിഷയത്തിൽ മലയാളത്തിൽ ഉണ്ടായിട്ടുള്ള ഗവേഷണ പഠനങ്ങളും പുസ്തകങ്ങളുമെല്ലാം ഈ അധ്യായത്തിൽ സൂചിപ്പിക്കപ്പെടുന്നു. സാമൂഹിക ഭാഷാ വിജ്ഞാനത്തിൻ്റെ മേഖലയിൽ തുടർപഠനങ്ങളും ഗവേഷണങ്ങളും നടത്താൻ താല്പര്യമുള്ള ഗവേഷകർക്ക് ഈ ഭാഗം വഴികാട്ടുന്നു. വിമർശനാത്മക ഭാഷാശാസ്ത്രമെന്ന പഠനമേഖലയെയും ഈ അധ്യായത്തിൽ പരിചയപ്പെടുത്തുന്നു. മാർക്സിയൻ ആശയങ്ങളുടെ പുനർവായനകളേയും കൂട്ടിച്ചേർക്കലുകളേയും തിരുത്തലുകളേയും ഉൾക്കൊള്ളുന്ന നവമാർക്സിയൻ ചിന്തകളുടെ വെളിച്ചത്തിൽ രൂപപ്പെട്ടു വന്ന ഭാഷാ പഠന രീതിയാണ് വിമർശനാത്മക ഭാഷാ ശാസ്ത്രം. മിഷേൽ ഫുക്കോയുടെ അധികാരത്തെക്കുറിച്ചുള്ള ആലോചനകളെയും അർത്തൂസറിൻ്റെ പ്രത്യയശാസ്ത്ര പരികല്പനകളേയും ഗ്രാംഷിയുടെ സാമാന്യബോധം, അധീശത്വം തുടങ്ങിയ സങ്കല്പങ്ങളേയും ഹൈബർ മാസ്സിൻ്റെ ആശയ വിനിമയ സംബന്ധിയായ ചിന്തകളേയുമെല്ലാം ഉൾക്കൊള്ളുന്ന ജ്ഞാനമണ്ഡലമാണ് വിമർശനാത്മക ഭാഷാശാസ്ത്രമെന്ന് ഗ്രന്ഥകർത്താവ് വിലയിരുത്തുന്നു.
വിമർശനാത്മക ഭാഷാശാസ്ത്രത്തിൻ്റെ രീതിശാസ്ത്രമുപയോഗിച്ച് രൂപപ്പെട്ടു വന്ന അപഗ്രഥന പദ്ധതികളിൽ പ്രധാനമായതാണ് വ്യവഹാരാപഗ്രഥനം. ഭാഷകൻ, ശ്രോതാവ് അവരുടെ സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ മേഖലകൾ സാമൂഹിക ഭാഷാശാസ്ത്രം അതിൻ്റെ ആദ്യകാലത്തു തന്നെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഭാഷാ വ്യവഹാരങ്ങളിൽ നിഗൂഢമായി നിലനിൽക്കുന്ന സാമൂഹിക സങ്കല്പങ്ങളെ അവയുടെ രാഷ്ട്രീയത്തെ മുൻനിർത്തി വിശകലനം ചെയ്യുന്നതിൽ സാമൂഹിക ഭാഷാ ശാസ്ത്രം അറച്ചുനിൽക്കുകയും ആ ഇടത്തിൽ വിമർശനാത്മക വ്യവഹാരാപഗ്രഥനം നിലയുറപ്പിക്കുകയും ചെയ്യുന്നു. നോർമൻ ഫെയർക്ലോ, ട്യൂൻ വാൻ ഡിജിക്, മിഷേൽ ഫൂക്കോ തുടങ്ങിയവർ വ്യവഹാരാപഗ്രഥന മേഖലയിൽ നല്കിയ സംഭാവനകളും പ്രയോഗവിജ്ഞാനം എന്ന ഭാഷാശാസ്ത്ര ശാഖയെയും ഹ്രസ്വമായി ഈ അധ്യായത്തിൽ പരിചയപ്പെടുത്തുന്നു.
വാക്കിൻ്റെ പ്രത്യയശാസ്ത്രം എന്ന അധ്യായത്തിൽ ഭാഷയിൽ പ്രവർത്തിക്കുന്ന അധികാരത്തിൻ്റെയും ആധിപത്യത്തിൻ്റെയും പ്രത്യയശാസ്ത്രമാണ് എഴുത്തുകാരൻ അന്വേഷിക്കുന്നത്. ഒരു വ്യവസ്ഥ എന്ന നിലയിൽ ഭാഷ സ്വേച്ഛാപരമായ ഒരു കൂട്ടം ചിഹ്നങ്ങളാൽ നിർമ്മിതമാണെങ്കിലും ഈ വ്യവസ്ഥ നിലനിൽക്കുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നത് സമൂഹത്തിൽ അധീശത്വം കയ്യാളുന്ന വിഭാഗങ്ങളുടെ താല്പര്യങ്ങൾക്കുകൂടി അനുസൃതമായാണെന്ന് എഴുത്തുകാരൻ നിരീക്ഷിക്കുന്നു. ജാതി, ലിംഗം, വർഗ്ഗം, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഭാഷയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അധികാര വ്യവസ്ഥയും മേൽക്കോയ്മയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന വിലയിരുത്തലിൻ്റെ കൂടി വെളിച്ചത്തിലാണ് ഭാഷയുടെ പ്രത്യയശാസ്ത്ര വിവക്ഷകളെക്കുറിച്ചുള്ള ഈ അധ്യായം വികസിക്കുന്നത്. മലയാള ഭാഷയിൽ ഏറെക്കാലമായി ഉപയോഗിച്ചു വരുന്ന ‘ബലാത്സംഗം ‘ എന്ന പദത്തിനു പകരം ഇയ്യിടെയായി പകരം വെയ്ക്കപ്പെടുന്ന ‘മാനഭംഗം’ എന്ന വാക്കും ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകുന്ന സ്ത്രീകളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘ഇര’ എന്ന വാക്കും ഈ അധ്യായത്തിൽ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കപ്പെടുന്നു. ഒരു വ്യക്തിക്കെതിരായി നടക്കുന്ന പലതരത്തിലുള്ള അതിക്രമ വിപുലമായ ഒരു പറ്റം ആശയങ്ങളെ ഉല്പാദിപ്പിക്കുന്ന ബലാത്സംഗം എന്ന പദത്തിനു പകരം താരതമ്യേന വളരെ മൃദുവും വ്യത്യസ്ഥമായ പരിമിതമായ അർത്ഥ വിവക്ഷ ഉള്ളതുമായ മാനഭംഗം എന്ന വാക്ക് കടന്നു വരുന്നത് ഒട്ടും സ്വാഭാവികമായല്ലെന്നും പുരുഷാധികാരത്തിൻ്റെ ഭാഷയിലെ മേൽക്കോയ്മയും ഭാഷയെ പരുവപ്പെടുത്തുന്നതിലെ നിർണ്ണായകമായ സ്വാധീനവും തെളിയിക്കുന്നതാണെന്നും നിരവധിയായ വാദമുഖങ്ങളിലൂടെ എഴുത്തുകാരൻ സമർത്ഥിക്കുന്നു. ബലാത്സംഗങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ടു വരുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ചും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കപ്പെടുന്നു. ബലാത്സംഗത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടിൻ്റെ കൃത്യമായ പ്രതിനിധാനമായാണ് മാനഭംഗം എന്ന വാക്ക് സ്വീകരിക്കപ്പെട്ടത്. ചരിത്രത്തിലൂടെയും സാഹിത്യത്തിലൂടെയും തുടർന്നു പോരുന്ന ആഖ്യാനങ്ങളുടെ പശ്ചാത്തലമാണ് ബലാത്സംഗത്തെ മാനഭംഗമായി എളുപ്പം സ്വീകരിക്കാൻ സമൂഹത്തെ പാകപ്പെടുത്തിയത് എന്ന അനുമാനത്തിലാണ് എഴുത്തുകാരൻ എത്തിച്ചേരുന്നത്.
ഒറ്റ നോട്ടത്തിൽ സ്ത്രീപക്ഷമായി തോന്നിപ്പിക്കുമെങ്കിലും അതിക്രമത്തിനു വിധേയരായ സ്ത്രീകളെ എക്കാലത്തേക്കും നിശ്ശബ്ദരാക്കുന്ന തരത്തിൽ അധികാര നിർമ്മിതവും സവിശേഷമായി പുരുഷാധികാര നിർമ്മിതവുമാണ് ‘ഇര’ എന്ന പ്രയോഗമെന്ന് എടുത്തുകാരൻ നിരീക്ഷിക്കുന്നു. ബലാത്സംഗത്തിന് വിധേയരാക്കപ്പെടുന്ന സ്ത്രീയിൽ ഒരു ഇരയെ കാണുന്നതിൻ്റെ യുക്തി ആണിന്, പെണ്ണ് സ്വാഭാവിക തീറ്റയാണ് എന്ന പുരുഷാധിപത്യ ധാരണയാണ്. പുരുഷന് കീഴടങ്ങുക അഥവാ ഇരയാകുക എന്നത് പ്രകൃത്യാൽ പൂർവ്വ നിശ്ചിതമാണ് എന്ന പ്രത്യയശാസ്ത്ര ലക്ഷ്യം ഇര എന്ന് വിളിക്കപ്പെടുന്നതോടെ സാധൂകരിക്കപ്പെടുകയാണെന്നും പ്രകൃതിയുടെ, മനുഷ്യേതര ജീവജാലങ്ങളുടെ ജീവിതവുമായി താരതമ്യപ്പെടുത്തി മനുഷ്യജീവിതത്തേയും ശ്രേണീകരിക്കാനുള്ള അധികാരബുദ്ധി, ഇരയെന്ന പദം സൂക്ഷ്മമായി ഏറ്റെടുക്കുന്നുവെന്നും എഴുത്തുകാരൻ വ്യക്തമാക്കുന്നു.
മലയാളത്തിലെ അച്ചടി മാധ്യമങ്ങളിലെ ഭാഷാ പ്രയോഗങ്ങളെ വിശകലനം ചെയ്തു കൊണ്ട് മലയാള ഭാഷാപ്രയോഗങ്ങളിലെ സവർണ്ണ – ഹൈന്ദവ പ്രകൃതത്തെ മനസ്സിലാക്കാനുള്ള ശ്രമമാണ് വ്യവഹാരത്തിൻ്റെ വിനിമയമൂല്യം എന്ന അധ്യായത്തിൽ നടത്തുന്നത്. ഭാഷയുടെ സാധ്യതകളെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് അധികാരത്തിൻ്റെ വ്യാപനവും നിലനിൽപ്പും സാധിച്ചെടുക്കാനുള്ള ശ്രമങ്ങളായി ഭാഷാപ്രയോഗങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തിൻ്റെ എല്ലാ തുറകളിലും വേരുകളാഴ്ത്തിത്തുടങ്ങിയിരിക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അധിനിവേശ യുക്തി തന്നെയാണ് ഭാഷയിലും കാണാൻ കഴിയുകയെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ എഴുത്തുകാരൻ വിശദമാക്കുന്നു. മിത്തുകളെയും ഭാഷാ പ്രയോഗങ്ങളെയും കൂട്ടുപിടിച്ചു കൊണ്ട് അധികാര രാഷ്ട്രീയം വിദഗ്ദ്ധമായി ഭാഷയെ കൈകാര്യം ചെയ്യുന്നതിൻ്റെ ഒരു ചെറുചിത്രം ഈ അധ്യായത്തിൽ കാണാം. നിഗമനങ്ങൾ എന്ന അധ്യായത്തിൽ പഠനത്തിലെ വാദമുഖങ്ങൾ സംഗ്രഹിച്ചു നല്കിയിരിക്കുന്നു. സൂക്ഷ്മമായി നടക്കുന്നതിനാൽ എളുപ്പത്തിൽ വെളിപ്പെടുന്നതല്ല ഭാഷയിലെ അധികാര-പ്രത്യയശാസ്ത്ര വിനിമയങ്ങൾ. വ്യക്തമായ സൈദ്ധാന്തിക ധാരണകളോടെയുള്ള വിശകലനങ്ങളിലൂടെ മാത്രമേ ഭാഷയിൽ പ്രവർത്തിക്കുന്ന അധീശ പ്രത്യയശാസ്ത്ര ബലങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ആ ദിശയിലുള്ള സാർത്ഥകമായ ഒരു അന്വേഷണമാണ് ഈ ഗ്രന്ഥം.