കഥ
സഞ്ജയ് കൃഷ്ണ
അവളാരായിരിക്കും
എന്നന്വേഷിക്കലല്ല എന്റെ പണി.
ഒരിക്കലവള്‍ ഈ തെരുവില്‍ വന്നു.
അടുത്ത കാറ്റത്ത്
പോവാന്‍ നിന്ന
ഈ
ഓലക്കുടിലില്‍ വന്നു.
നിരാശ തെന്നിവീണ മുറിയില്‍
പായയോ ഞാനോ കൂടുതല്‍ പതിഞ്ഞ് കിടന്നൊരു നേരത്ത്,
മഞ്ഞ മുഖങ്ങളില്‍ സന്ധ്യ പടര്‍ന്ന ദിനാന്ത്യത്തില്‍
കുടിലിന്റെ റാന്തല്‍ ഒന്നാളിമിനുങ്ങിയ നേരത്ത്,
മെഴുതിരിയുടെ മഞ്ഞയും ഓറഞ്ചും ഉഴിഞ്ഞ വെളിച്ചത്തില്‍
ഒരു വൈന്നേരക്കാറ്റു പോലെ,… മഴ””’യിലൊലിച്ച് ””’
അവള്‍
വന്നു .!!
കോരിച്ചൊരിയുന്ന
മഴയാണല്ലോ’
നനഞ്ഞൊലിച്ച അവളുടെ മേലാടകള്‍ പറഞ്ഞൊപ്പിച്ചു.
നേരം വൈകിയിരുന്നു.
എവിടെയോ വഴി തെറ്റി പോയിരിക്കാം.
ഇന്നു പെരുന്നാള്‍ രാവല്ലേ .
വാ
ഇവിടിരി,
ദാ
തോര്‍ത്ത്.
ഒരു കരിമ്പന്‍ തുണി കൊണ്ട് തലതോര്‍ത്തുമ്പോള്‍ അവള്‍ കിതച്ചു .
… …. .. … ……. .. ..
തീക്ഷ്ണമായ ആ കിതപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് നീണ്ട ചുണ്ടുകള്‍ കൊണ്ട് അവള്‍
ഒരു സഹായം ചോദിച്ചു .
ഞാനിന്നിവിടെ’
ഇന്നിവിടെ കിടന്നോ.
ഞാന്‍ പറഞ്ഞു.
അവള്‍ രണ്ടുമനസ്സോടെ പുറത്തേക്ക് നോക്കി .
നേരമിരുട്ടിയിരുന്നു .
എവിടെയോ തെരുവ് നായ്ക്കളുടെ
കൂര്‍ത്ത കുര.
”””’
അവള്‍ ഇട്ടുമാറാന്‍ ഒരു വസ്ത്രം ചോദിച്ചു.
ഞാന്‍ കുറച്ച് നടന്നു.
ഡോക്ടര്‍
സാറിന്റെ മതിലു ചാടി. വീട്ടുപറമ്പില്‍ വിരിച്ചിട്ടിരുന്ന തുണികള്‍ എടുത്തു.
കുടിയെത്തുമ്പോള്‍
കുടിയുടെ നിഴല്‍ അവളുടെ കണ്‍മഷിയിലേയ്ക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു.അവളൊരേ ഇരിപ്പാണ്.
എന്നെ കാത്ത് കുടിലിലൊരു പെണ്ണ്. ഇവിടെ രണ്ട് മുറിയേ ഉള്ളു.
ഇതും പിന്നടുക്കളേം.
മ്മ് ..
അവള്‍ ഒന്ന് മൂളിക്കൊണ്ട്
അടുക്കളയിലേക്ക് നടന്നു.
ഞാന്‍ കഞ്ഞി തിളപ്പിച്ചു.
പുഴുക്കുണ്ടാക്കി.
വസ്ത്രം മാറി അവള്‍ വന്നു.
അവള്‍ അണിഞ്ഞിരുന്ന
ഓറഞ്ചു നിറം കൊണ്ട് മുറി മുഴുവന്‍ ആത്മീയമായ ഒരു പ്രകാശമപ്പോള്‍ നിറയുകയായിരുന്നു.
ഇതുവരെ ആ കുടില്‍ അന്ധകാരമല്ലാതെ
പ്രത്യേകിച്ച്
മറ്റൊന്നും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.
ആ നാടിന്റെ നാഗരികതയൊന്നും
ഏന്തിവലിഞ്ഞ് ചെല്ലാത്ത,
സാറ്റലൈറ്റു ഭൂരേഖകളില്‍ വെറും അഴുക്ക് കട്ടകള്‍ പോലെ കാണപ്പെട്ട,
ചെളിവെള്ളത്തില്‍ മെഴുകിയ
ആ കോളനികുടിലിന്റെ വിഭാഗീയതകള്‍
അന്നത്തോടെ എന്റെ
വീട് വിട്ടിറങ്ങിപ്പോയ്.
ഞങ്ങള്‍
കഞ്ഞികുടിച്ചു.
എന്തൊരു രുചിയാ , അവള്‍ പറഞ്ഞു.
അല്ലേലും എനിക്ക് നല്ല കൈപ്പുണ്യാന്ന് ചാത്തന്റോള് പറയാറ്ണ്ട് .
അവള്‍ എന്നെ പ്രണയത്തോടെ നോക്കി.
എനിക്ക് നാണം വന്നു.
മഴ ഒരു താളത്തിലങ്ങനെ മേല്‍ക്കൂരകളില്‍ നൃത്തം വെച്ചു.
കുടിലിരിക്കുന്നത് ഒരു കടലിലാണെന്ന് അവള്‍ക്ക് തോന്നുമോ
കുടിലൊന്നുലഞ്ഞാല്‍ തുഴയാനൊരു പങ്കായം ഞാന്‍ കരുതി വെച്ചിരുന്നു.
കള്ളടിച്ചാല്‍ ഞാനിങ്ങനെയാണ് വെള്ളം പൊങ്ങിയാല്‍ എനിക്ക് പേടിയാണ്.
പുറത്തേക്ക് നോക്കിയിരിക്കുന്നവളോട്
ഞാന്‍ ആരാഞ്ഞു.
എന്താ നിന്റെ പേര് ?
അവള്‍ എന്നെ ദേഷ്യത്തോടെ നോക്കി.
ഇതവളുടെ കുടിലാണെന്നും ,
ഞാന്‍ അവളുടെ ഏകാന്തതയ്ക്കിടയില്‍ കടന്ന് വന്ന ആരോ ഒരാള്‍ എന്ന പോലെ എന്നെ
ആഞ്ഞു നോക്കി.
കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച് ഞാന്‍
പിന്നേം ചോദിച്ചു.
നീയേതാടീ പുല്ലേ.
പറയാണ്ട് നീയിവിടെ കൂടാന്ന് കരുതണ്ട.
ഞാനാളത്ര ശരിയല്ല .
ചിരിയടക്കി ഞാന്‍ പറഞ്ഞു.
പിന്നെയത് വേണ്ടിയിരുന്നില്ല , എന്ത് തോന്നിക്കാണും ,ഒരു ദരിദ്രന് ഇത്ര അഹങ്കാരമോ.
അങ്ങനെ തോന്നുമോ
മനസ്സിലോര്‍ത്തു.
ഒന്നും തോന്നാത്ത പോലെ
അവള്‍ പറഞ്ഞ് തുടങ്ങി..
സാമ്രാജ്യത്വത്തിന്റെ കഥകള്‍,
നഗരപ്രൗഢികളുടെ കഥകള്‍,
ദാര്‍ശനികതയുടെ,
സാമ്പത്തിക അധിനിവേശങ്ങളുടെ,
പുതുലോകത്തിന്റെ വിലപിടിപ്പുള്ള കഥകള്‍.
അവള്‍ ഒരു സെലിബ്രിറ്റിയായിരുന്നു പോലും.
ആരാണ് അത് .അവനറിയണമെന്ന് തോന്നി.
അവളറിഞ്ഞില്ല
റേഡിയോ തലവെയ്ക്കാത്ത പാടത്ത് കൂലിയുള്ള ഈ കുടിലുകള്‍ക്ക്
എക്സ്റേ ഫിലിമുകള്‍ കൊണ്ട് മഴയളക്കാനേ അറിയൂ എന്നുള്ള കാര്യമൊന്നും,” പാവം.
ഇങ്ങനെയുള്ള സ്ഥലങ്ങളും ഈ നാട്ടിലുമുണ്ടെന്ന് ഒരു പോസ്റ്റിലും കണ്ടില്ല പോലും,
എന്ത് പറയാനാ…
ശരിയാണ് ,
ഈ മേല്‍ക്കൂരകള്‍ ആകാശം മാത്രമേ കണ്ടിട്ടുള്ളു.
മറ്റു വല്ലിടത്തുമാണെങ്കില്‍ ആര്‍പ്പ്
വിളികളോടെ മാത്രം അവളെ സ്വീകരിക്കുമായിരുന്നു.
കേക്കും പാനീയങ്ങളും വിളിച്ച് വരുത്തിയ വിഭവങ്ങളുമായ് അവളെ നഗരം ആഡംബരാധിക്യപരമായ് വിഴുങ്ങിയേനെ.
ഇവിടെ ആരവമോ കൗതുകമോ ഇല്ല.
ഇരുന്നുറച്ചാല്‍
ഇടയ്ക്കിടെ മുരടനക്കുന്ന ഒരു കട്ടിലും,
അതിന്റെ മൂലയ്ക്ക് ചാരിയിരിക്കുന്ന ഒരപരിഷ്കൃതനായ
മനുഷ്യനും
അവന്റെ എപ്പോഴുമുള്ള ഉറക്കച്ചവടും
അതിനെ അനുകൂലിക്കുന്ന തണുപ്പും
വംശനാശം വന്ന ജീവിതചിന്തകളും…
ആ ഇരുപ്പില്‍
അവളുടെ മുടിയില്‍ തോര്‍ത്തിയിട്ടും പോകാത്ത ലവണങ്ങള്‍ ഞാന്‍ കണ്ടു.
അവളുടെ ചിരിയില്‍ പെരുന്നാളനക്കങ്ങള്‍ കണ്ടു.
അവള്‍ ചിരിച്ചു.
തനിക്ക് വന്ന അവസ്ഥയോര്‍ത്ത്
എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
ഞാന്‍ മേലെ ഓലത്തലപ്പിനും ചൂളക്കഴയ്ക്കും ഇടയില്‍ നിന്ന് ഒരു ലാമ്പെടുത്തു.
അന്തിക്കള്ളും കൊണ്ട് മാരന്‍ വന്നു. ഞാന്‍ കാശുകൊടുത്തവനെ പറഞ്ഞയച്ചു.
വേണോ
ഇപ്പൊ ചെത്തിയെടുത്തതാ.
അത്താഴത്തിനു കഞ്ഞീം പുഴുക്കും
ഇന്നലത്തെ ആറ്റുവാളക്കറീം ണ്ട്.
ഇപ്പൊ ഇത് കുടി.
ഒരു വായ കുടിച്ച് അവള്‍ എന്നെ നോക്കി.
നല്ലതാ.
കുടിച്ചോ.
അവളുടെ മുടിക്കുള്ളിലേയ്ക്ക് പോകുന്ന വിധത്തില്‍
പുകയൂതി ഞാന്‍ പറഞ്ഞു.
കള്ളുറവില്‍
ചത്തു കിടന്ന ഒരു കരിഞ്ചാത്തനെ നോക്കി കണ്ട് പേടിച്ച് അവള്‍ പറഞ്ഞു.
മതിയായി.
കുറേ കുടിച്ചു…ഇന്നാ…
ബാക്കി വാങ്ങി കുടിക്കുമ്പോള്‍
അവള്‍ ഈ സൗകര്യങ്ങളില്‍ മതി മറന്ന് ഒരിക്കലും ഇവിടുന്ന് പോവില്ലയെന്ന് കള്ള് പറയുന്ന പോലെ തോന്നി.
ഞാനും അവളും മുഖാമുഖമിരുന്ന് നേരം വെളുക്കുവോളം
എന്തൊക്കെയോ തണുത്തത് പറഞ്ഞു.
രസമുള്ളത്.
ഞാന്‍
സത്യവും അവള്‍ മിഥ്യയുമാണെന്നേ എനിക്ക് തോന്നിയുള്ളൂ.
നേരം വെളുത്തപ്പോള്‍ അവളെ കണ്ടില്ല..
ഇന്നിപ്പൊ ഒരു മഴ പെയ്തു..
തടിയന്‍ മാരന്‍ ഓടി കിതച്ച് വന്നു..
ഇന്നലെ ഇയ്യ് കുടീ കണ്ട പെണ്ണിനെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്.
ഇന്നാ ഓര്‍മ്മ കിട്ടീതേ, കൊല്ലം കൊറേ മുമ്പാ
അവള് രാത്രി ഇങ്ങനെ ചിലേടത്ത് നടന്ന് കയറും.
പിറ്റെന്ന് കുടിലാരും കാണില്ല.
നിയ്യ് നിയ്യിപ്പളും ണ്ടല്ലോ.
എന്നെ ആരും ഒന്നും ചെയ്യില്ല മാരാ
ഞാനാരാന്നാ..
ഞാന്‍
ആരാന്നാ..പോയ് നിന്റെ പണി നോക്ക്ടാ.
എല്ലാം ഒരു ചിരിയാണ് എനിക്ക്.
പേടിയും ഒരു മടിയാണ്, പ്രണയവും ഒരു മടിയാണ്.
ലാമ്പെടുത്തു.
ഒരു പുകയൂതി.
അവളിന്നലെ കിടന്ന പായയില്‍
പതിയെ പായയോ ഞാനോ എന്നറിയാതെ
പതിഞ്ഞ് കിടന്നു. ദൂരെയേതോ ഭാഷിണികളില്‍ പരിചയമില്ലാത്ത ഗാനങ്ങള്‍..
കണ്ണടയ്ക്കുമ്പോള്‍ മുറി മുഴുവന്‍ ഓറഞ്ചു വെളിച്ചം നിറയുന്നത് പോലെ എനിക്ക് തോന്നി.
പുറത്ത്,
മഴ കുത്തിയൊലിക്കുന്നു.
ഒരു മിന്നലില്‍
കുടിയുടെ ഒരു മൂലയ്ക്കല്‍ എന്റെ പങ്കായം പിടിച്ച് അവളൊന്ന് മിന്നിമാഞ്ഞു.
ഞാന്‍ എഴുന്നേറ്റ് കട്ടിലില്‍ വന്ന് കിടന്നു.
പുറത്തൊരു കൊട്ട് കേട്ടു.
നാശം ഇന്നും വന്നോ.
ഇവിടെ ഒരാള്‍ക്കുള്ള കഞ്ഞി തന്നെയില്ല..
അപ്പഴാ…
ഞാന്‍ ഓലമറ തുറന്ന് വരാന്‍ ആംഗ്യം കാട്ടി.