വായന
സുജിത്ത് കൊടക്കാട്
നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സമൂഹത്തിൽ അനുപേക്ഷണീയമായി ഉണ്ടാകേണ്ട മാറ്റങ്ങളെ പൊടുന്നനെ ഉൾക്കൊള്ളാതിരിക്കുക എന്ന മനുഷ്യ വംശത്തിന്റെ സ്വഭാവത്തിൽ കാര്യമായ പുരോഗതി ഇതുവരെയും ഉണ്ടായിട്ടില്ല. ആധുനികവൽക്കരണം എന്നത് ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തൽ മാത്രമാകരുത്. മനുഷ്യ മനസ്സുകളിലും ആധുനിക വൽക്കരണം നടത്തേണ്ടത് നാടിന്റെ പുരോഗതിക്ക് അത്യന്താപേഷികമാണ്. നമ്മുടെ മനസ്സുകളിൽ നാം എന്നോ കെട്ടിപ്പൊക്കിയ മൗഢ്യമായ പല ധാരണകളെയും പൊളിച്ചു മാറ്റി, കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെടാൻ നമ്മളെന്തിന് മടിക്കണം? കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോൺ പോലും ദിവസങ്ങൾ വെച്ച് അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. വീട്, വസ്ത്രം, എന്തിനേറെ പറയുന്നു ഭക്ഷണ ശീലങ്ങളിൽ പോലും ഏറ്റവും അപ്ഡേറ്റ് ചെയ്യപ്പെട്ടത് വേണമെന്നാഗ്രഹിക്കുന്ന നാം മാനസികമായി സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുന്നേ ഇല്ല എന്നത് യാഥാർത്ഥ്യമല്ലേ ? കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊളളാനുള്ള ഹൃദയ വിശാലത നമ്മുടെ സമൂഹത്തിന് ഇനി എന്നാണ് ആർജിച്ചെടുക്കാൻ കഴിയുക ?
ആധുനിക സമൂഹത്തിൽ സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന പല പദങ്ങളും ഭൂരിപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദമാണ് ഫെമിനിസം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ? പഠനത്തിന്റെ അഭാവം തന്നെയാണ്. ഫെമിനിസത്തെ ശരിയായി വിശകലനം ചെയ്യുക എന്നതിനപ്പുറത്തേക്ക് ആ പദത്തെ പരമാവധി വികലമാക്കുക എന്നത് ഭൂരിപക്ഷ പുരുഷാധിപത്യത്തിന്റെ ആവശ്യമാണ്. അത് സിനിമകളിലൂടെയും മറ്റ് ചാലകങ്ങളിലൂടെയും തന്ത്രപരമായി കടത്തിവിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ വർത്തമാന കാല സമൂഹത്തിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ വ്യവഹാരം കൂടിയാണ് ഫെമിനിസം. മനുഷ്യരുടെ തുല്ല്യാവകാശവും നിയമ പരിരക്ഷയും ലഷ്യമിടുന്ന രാഷ്ട്രീയ വ്യവഹാരമാണ് ഫെമിനിസം എന്ന് തിരിച്ചറിയാത്തവരാണ് ഇന്ന് ഏറെയും. അത്തരം മനുഷ്യർക്കുള്ള അടിസ്ഥാന പാഠാവലിയാണ് നൈജീരിയൻ എഴുത്തുകാരി ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ.’ മലയാള സിനിമകളടക്കം നമ്മുടെ ബോധ മണ്ഡലത്തിലെത്തിച്ച ഫെമിനിസവുമായി യഥാർത്ഥ ഫെമിനിസത്തിന് യാതൊരു ബന്ധവും ഇല്ലെന്ന തിരിച്ചറിവ് കൂടിയാണ് ഈ പുസ്തകം.
ഹൃദയത്തിൽ തളം കെട്ടി നിൽക്കുന്ന ആശയങ്ങളുടെ സംവാദ മാർഗ്ഗമാണ് ഭാഷ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ ഭാഷകളിലെ വ്യാകരണ നിയമങ്ങൾ പോലും പുരുഷാധിപത്യ പ്രവണതയിലൂടെ രൂപപ്പെടുത്തിയ സമൂഹത്തോട്, സമത്വവാദം(feminism) പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. മനുഷ്യനെ മൊത്തത്തിൽ അവനെന്നും (man) ചരിത്രത്തെ അവന്റെ കഥയെന്നും (Hisstory) വിശേഷിപ്പിച്ചത് ഇക്കൂട്ടത്തിലെ കുഞ്ഞുദാഹരണങ്ങൾ മാത്രമാണ്. ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും കരുതും ഇത് സ്ത്രീകൾക്ക് മാത്രം വായിക്കാനുള്ളതാണ് എന്ന്. എന്നാൽ അങ്ങനെയല്ലേയല്ല. ലിംഗ വ്യത്യാസം കൂടാതെ മനുഷ്യരായി പിറന്ന സകലരും വായിച്ചറിയേണ്ട പുസ്തകമാണ് അദീച്ചിയുടെ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ. ഓരോരുത്തർക്കും സ്വയം പരിഷ്കരിക്കാനും സ്വയം വിലയിരുത്താനും ഈ പുസ്തകം സഹായകമാകും. ആണായാലും പെണ്ണായാലും എങ്ങനെയാകരുത് , എങ്ങനെയാകണം എന്ന കാര്യം ഈ പുസ്തകം നമ്മെ എളുപ്പത്തിൽ ബോധ്യപ്പെടുത്തും. പ്രശസ്ത ഐഎഎസ് ഓഫീസറായ ദിവ്യ എസ് അയ്യരാണ് മനോഹരമായ രീതിയിൽ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
പുസ്തകത്തിലേക്ക്
എങ്ങനെ തന്റെ മകൾ ചിസാലം അഡോറയെ ഒരു ഫെമിനിസ്റ്റായി വളർത്താം എന്ന ചോദ്യത്തിന് തന്റെ കളിക്കൂട്ടുകാരി ഇജേവാലെ എസെക്ക് പ്രശസ്ത ഫെമിനിസ്റ്റും നൈജീരിയൻ എഴുത്തുകാരിയുമായ ചിമ്മാൻ ഡ എൻഗോസി അദീച്ചി കത്തിന്റെ രൂപത്തിൽ നൽകിയ പതിനഞ്ച് നിർദ്ദേശങ്ങളാണ് പിന്നീട് ‘എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ എന്ന പുസ്തകമായി പുറത്തിറങ്ങിയത്.
സ്ത്രീ എല്ലാം ചെയ്യേണ്ടവളാണോ?
സ്ത്രീയെ സഹനത്തിന്റെയും ഹൃദയവിശാലതയുടെയും പ്രതീകമായി കാണുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീകൾക്ക് വോട്ടവകാശം പോലും നൽകാത്ത കാലത്തും ഈ കോംപ്ലിമെൻറ് സ്ത്രീകൾക്ക് നൽകാൻ പുരുഷവർഗ്ഗം ഒരു മടിയും കാണിച്ചില്ല. എന്നാൽ സ്ത്രീകളെ മനോഹരമായി ചൂഷണം ചെയ്യാനുള്ള തന്ത്രപരമായ ഉപാധികളിലൊന്ന് മാത്രമായിരുന്നു അത്. മദ്യപാനിയായ ഭർത്താവിന്റെ മർദ്ദനങ്ങളെ ക്ഷമിച്ച് തിരുത്തേണ്ട ഉത്തരവാദിത്വം സ്ത്രീക്ക് ചാർത്തി കൊടുക്കുന്നത് ഈ കോംപ്ലിമെന്റിന്റെ ഭാരമാണ്. മറ്റെല്ലാവർക്കും ഭക്ഷണം കൊടുത്തു പട്ടിണി കിടക്കേണ്ടി വരുന്ന സ്ത്രീകളെ രൂപപ്പെടുത്തിയതും ഈ അഭിനന്ദനങ്ങളല്ലാതെ മറ്റെന്താണ് ? ഇതിനെക്കുറിച്ച് കൃത്യമായി തന്നെ അദീച്ചി സൂചിപ്പിക്കുന്നുണ്ട്. “എല്ലാം ചെയ്യേണ്ടുന്നവളായി നീ സ്വയം കാണരുത്.നിർഭാഗ്യവശാൽ എല്ലാം ചെയ്യാൻ കഴിവുള്ള സ്ത്രീകൾ എന്ന ആശയത്തെ ആഘോഷിക്കുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. എന്നാൽ ഈ പ്രശംസയുടെ പിന്നിലുള്ള ഉദ്ദേശം എന്തെന്ന് നാം ചോദിക്കാറില്ല.”
( നിർദ്ദേശം ഒന്നിലെ രണ്ട് വരികൾ, പേജ് 36 )
കുഞ്ഞുണ്ണി മാഷുടെ കവിതകൾ പോലെ നാലു വരികൾക്ക് നാലായിരം അർത്ഥതലങ്ങൾ രൂപപ്പെടുന്നത് പോലെ ഈ രണ്ടു വരി വായനയിലൂടെ സ്ത്രീകൾക്ക് നൽകിയ പ്രശംസ പത്രങ്ങളത്രയും അവരുടെ മുതുകത്ത് കൗശലത്തോടെ കെട്ടിവച്ച വിഴുപ്പ് ഭാണ്ഡങ്ങളാണെന്ന കാര്യം എത്ര എളുപ്പത്തിലാണ് നമുക്ക് മനസ്സിലാകുന്നത്.
എന്റെ ഭർത്താവ് എന്നെ സഹായിക്കാറുണ്ട്
ചില സ്ത്രീ കൂട്ടായ്മകളിലെയെങ്കിലും പ്രധാന ചർച്ചാവിഷയമാണ് ഭർത്താവിൽ നിന്നുള്ള സഹായം. എന്റെ ഭർത്താവ് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സഹായിക്കാറുണ്ട് ,കുഞ്ഞിനെ നോക്കാൻ സഹായിക്കാറുണ്ട് എന്നൊക്കെ. യഥാർത്ഥത്തിൽ ഇതൊക്കെ ഒരു സഹായമാണോ ? സ്ത്രീയെ പോലെ തന്നെ ഇതൊക്കെ ചെയ്യാനുള്ള ഉത്തരവാദിത്വം പുരുഷനും ഇല്ലേ ? ചരിത്രാതീത കാലത്ത് രൂപപ്പെട്ടുവന്ന ഈ രീതിക്ക് ഈ ആധുനിക യുഗത്തിലും എന്തുകൊണ്ട് മാറ്റം വരുന്നില്ല ? ഇന്ന് സ്ത്രീയും പുരുഷനും ഒരുപോലെ അധ്വാനിക്കുന്നു. ഒരു പോലെ സമ്പാദിക്കുന്നു. ചിലയിടങ്ങളിൽ പുരുഷന്മാരെക്കാളും. എന്നിട്ടും, ചില ജോലികൾ സ്ത്രീകൾ മാത്രം ചെയ്തു തീർക്കേണ്ടതാണെന്ന പൊതുബോധത്തിന് ഒരു മാറ്റവുമില്ല. അടുക്കളപ്പണിയും അലക്കലും കുട്ടികളെ പരിപാലിക്കലുമെല്ലാം സ്ത്രീകളുടെ ജോലിയായി മാത്രം നോക്കി കാണുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ടാണ് തന്റേതല്ലാത്ത ഉത്തരവാദിത്വം പോലുമല്ലാതിരുന്നിട്ടും എന്ന അർത്ഥത്തിൽ അടുക്കള പണിയെടുക്കുന്ന പുരുഷനെ അവരുടെ ഭാര്യമാർ അഭിനന്ദിക്കുന്നത്. എന്നാൽ ഇതേ പുരുഷന്മാരെ ‘പെൺ കോന്തനായി’ ചിത്രീകരിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. പുരുഷൻമാർ ഒരിക്കലും അത്തരം ജോലിയെടുക്കേണ്ടവരല്ല എന്ന പൊതുബോധത്തിൽ നിന്ന് തന്നെയാണ് ഈ മനോഭാവവും രൂപപ്പെടുന്നത്.
“എന്നെ സഹായിക്കുന്നു എന്ന രീതിയിലുള്ള സംസാര ശൈലി ദയവായി ഉപയോഗിക്കാതിരിക്കുക. അവന്റെ കുഞ്ഞിനെ നോക്കുന്നതിലൂടെ അവൻ നിന്നെ സഹായിക്കുകയല്ല , അവൻ ചെയ്യേണ്ട പ്രവർത്തി ചെയ്യുന്നു എന്ന് മാത്രം. അവനോ നീയോ യാതൊരു വിധത്തിലുള്ള പ്രശംസയ്‌ക്കോ, കൃതജ്ഞതയ്ക്കോ പാത്രമാകേണ്ടതില്ല. ഈ ഭൂമിയിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരിക എന്നത് നിങ്ങൾ ബോധപൂർവ്വം എടുത്ത തീരുമാനമായതിനാൽ അവളെ വളർത്തുക എന്ന ചുമതല നിങ്ങൾ തുല്യമായി വഹിക്കേണ്ടതാണ്.
(രണ്ടാം നിർദ്ദേശത്തിൽ നിന്ന് ചില വരികൾ – പേജ് 39 )
കുഞ്ഞിനെ വളർത്താനുള്ള മാതാപിതാക്കളുടെ കൂട്ടുത്തരവാദിത്വത്തെ സംബന്ധിച്ച് എത്ര കൃത്യമായ വിശകലനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അച്ഛനെ കണ്ടാൽ , അമ്മയെപ്പോലെ തന്നെയാണയാൾ കുഞ്ഞിനെ പരിചരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ആ അച്ഛൻ ആ അച്ഛൻറെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യം മറ്റൊരു ഉദാഹരണത്തിലൂടെ അദീച്ചി വ്യക്തമാക്കുന്നുണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളിൽ പോലും പ്രകടമായി നടത്തുന്ന വിവേചനത്തെയും അദീച്ചി തുറന്നു കാണിക്കുന്നുണ്ട്. കുട്ടികളുടെ അഭിരുചി പോലും മനസ്സിലാക്കാതെ വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങളിലൂടെ വിവേചനത്തിന്റെ ബാലപാഠങ്ങളാണ് നാം കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായ കളിപ്പാട്ടങ്ങൾ എന്തിനാണെന്ന പ്രസക്തമായ ചോദ്യം ഈ പുസ്തകം സമൂഹത്തിലേക്ക് ഉയർത്തി വിടുന്നുണ്ട് . ഉത്സവ സമയത്ത് കളിപ്പാട്ട ചന്തയിൽ പോയി കാർ വേണമെന്ന് പറയുന്ന ഒരു പെൺകുട്ടിയോട് “കാറൊക്കെ ആൺകുട്ടികളുടെ കളിപ്പാട്ടമാണ് നിനക്ക് പാവയെ വാങ്ങിത്തരാം “എന്ന് പറയുന്ന രക്ഷിതാക്കളാണ് ഈ 2023 ലും നമ്മുടെ സമൂഹത്തിലുള്ളത്. നേരെ തിരിച്ച് പാവയെ ചോദിക്കുന്ന ആൺകുട്ടിയോട് പരിഹാസം കലർന്ന ഭാഷയിൽ “പാവയെ കളിപ്പിക്കാൻ നീ വെറും പെൺകുട്ടിയാണോ ?”എന്ന് ചോദിക്കുന്നവരും ഒട്ടും കുറവല്ല. ഈ ഒരൊറ്റ ചോദ്യോത്തരത്തിലൂടെ ആണധികാരത്തിന്റെ ഒന്നാം ക്ലാസ് പഠനം ആരംഭിക്കുകയാണ്.
ജീവിതം ആരംഭിക്കുന്നത് വിവേചനത്തിന്റെ പാഠം പഠിച്ച് തുടങ്ങിയാണെങ്കിൽ പുനർചിന്തനത്തിന്റെ ബാലപാഠങ്ങളാണ് അദീച്ചി പകർന്നു നൽകുന്നത്. അത്രയും കരുത്തുള്ള വരികളാണ് ഈ പുസ്തകത്തിലത്രയും. വിവാഹത്തിന് മുൻപ് മിസ് എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന സ്ത്രീ വിവാഹാനന്തരം മിസിസ് ആകുമ്പോൾ, വിവാഹിതനായാലും ഇല്ലെങ്കിലും പുരുഷൻ മിസ്റ്റർ മാത്രമാണ് . എന്തുകൊണ്ടാണിങ്ങനെ ? ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് നമുക്ക് നൽകാൻ കഴിയുക ? ഇങ്ങനെ നമ്മുടെ ചിന്തകൾക്ക് തീ പിടിപ്പിക്കുന്ന നിരവധി ചോദ്യങ്ങളുടെയും വിശകലനങ്ങളുടെയും സമാഹാരമാണ് ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ . ആധുനിക മനുഷ്യൻ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിലേക്ക് ഏതൊരാൾക്കും ധൈര്യത്തോടെ നിർദ്ദേശിക്കാൻ പറ്റുന്ന പുസ്തകമാണ് ‘ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ.’
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല