HomeTHE ARTERIASEQUEL 67അദൃശ്യതയുടെ ശേഷിപ്പുകൾ

അദൃശ്യതയുടെ ശേഷിപ്പുകൾ

Published on

spot_imgspot_img

വായന

റിയാസ് കളരിക്കൽ

 

എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു തുടുക്കും. അല്ലെങ്കിൽ നട്ടുച്ച നേരത്ത് പൊട്ടിപ്പറക്കുന്ന ഉന്നം പോലെ മനസ് ഭാരരഹിതമായി അഴിഞ്ഞ് പറക്കുകയാവും. അശാന്തി പൂക്കുന്ന ശാന്തതയുടെ നിറവ്. ഈയൊരു ഏകാന്തതയിൽ മാത്രം സാധ്യമാവുന്ന അഴിവിന്റെ തുരങ്കപാതകളാണ് അനിലേഷ് അനുരാഗിന്റെ
”നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ ” എന്ന പുസ്തകം.

പല കാലങ്ങളിൽ fb യിൽ എഴുതിയ കുറിപ്പുകളാണിത്. അറിയപ്പെടാനോ ആഘോഷിക്കപ്പെടാനോ ഉള്ള ബാലിശകൗതുകങ്ങൾ മാറ്റിവെച്ചാൽ ഒരാളുടെ എഴുത്ത് അയാളോടു തന്നെയാവും ഏറ്റവും സംവദിക്കുക ‘ എന്നൊരു സത്യം ആമുഖത്തിൽ അനിലേഷ് കുറിക്കുന്നുണ്ട്. തന്റെയുള്ളിലെ ആഴത്തിലുള്ള മുഴക്കങ്ങളെ അതേപടി പകർത്തി വെക്കുകയാണ് ഇദ്ദേഹം. കവിത, കഥ, അനുഭവക്കുറിപ്പ് ഇങ്ങനെയുള്ള നിയതമായ മൂശയിലേക്കൊഴിച്ച് ഇവയെയൊന്നിനെയും ഒരതിരിൽ തളക്കുന്നില്ല. എന്നാലിവയിൽ പലതും കവിതയെക്കാൾ കവിയുന്നുണ്ട്. കഥയേക്കാൾ കഥനത്വമുണ്ട്. അനുഭവക്കുറിപ്പിനേക്കാൾ ആഴത്തിൽ അനുഭവിപ്പിക്കുന്നുമുണ്ട്. പൂർവ്വ മാതൃകകളില്ലാത്ത എഴുത്തുരൂപമാണിത്. തലക്കെട്ടുപോലുമില്ലാത്ത ചെറു കുറിപ്പുകൾ ചില ബോധ്യങ്ങളെ തുറന്നിടുന്നു. നിമിഷാർദ്ധങ്ങളിലെങ്കിലും പലരും അനുഭവിച്ച എന്നാൽ ഒരിക്കലും പകർത്തിവെക്കാനാവാത്ത മനസെന്ന ഉൾവനത്തിന്റെ പ്രതിധ്വനികളും സന്ദേഹങ്ങളും അനായാസമായി അനിലേഷ് പകർത്തി വെക്കുന്നു. എല്ലാ ചരടുകളിൽ നിന്നും വേർപെട്ട് അലയുന്ന ഇരിപ്പുറക്കാത്ത നിർമമനായ ഒരു സഞ്ചാരി ഓരോ താളിലുമുണ്ട്. പുറത്തേക്കുള്ള നോട്ടങ്ങളെക്കാൾ അകത്തേക്കുള്ള യാത്രകളാണത്. പുറത്തേക്ക് നോക്കുമ്പോഴെല്ലാം വിസ്തൃതിയിൽ നിവരുന്നത് അകവും ആഴവുമാണ്.

അതുകൊണ്ടാണ്,
രാത്രി മൂക്കുന്നതിനു മുൻപെ, അധികം വേഗതയില്ലാതെ, നാട്ടിൻപുറത്തുകൂടെ തീവണ്ടിപോവുമ്പോ, ഒറ്റയ്ക്കിരിക്കുന്ന സൈഡ്സീറ്റിലിരുന്ന് നടപ്പാതയോളം മാത്രം വെളിച്ചം കാട്ടുന്ന വീടുകളിലേക്ക് ” ഈ സന്ദേഹി കയറിപ്പോകുന്നത്.
യാത്രികനെ സംബന്ധിച്ചെടുത്തോളം വീട്
ഖേദമാണ്. ഇട്ടിറങ്ങാനും തിരികെയെത്താനും ഒരു പോലെ പ്രലോഭിക്കുന്ന ഇടമാണത്. ” ജോലിക്കു പോയ ഭർത്താക്കന്മാർ, മുതിർന്ന ആൺമക്കൾ, ഉത്സവം കാണാൻ പോയ കുട്ടികൾ, സിനിമ കാണാൻ പോയ മിഥുനങ്ങൾ, ജാരന്മാർ, പാശം മുറിയാത്ത പരേതാത്മാക്കൾ, ആരൂഢശിലയിൽ ആചാരപൂർവ്വം ആവാഹിക്കപ്പെടാത്ത പരദേവതമാർ വരെ മടങ്ങിയെത്തുന്ന കൂടാണ് വീട്
എന്ന് സന്ധ്യാനേരത്തെ വീടിനെ കനിവോടെ നോക്കുന്നത്.
‘ആരും കൂട് പറ്റാറില്ല മാഷേ, എന്ന ഖസാക്കിലെ വരികളെ പുൽകി വീടിന്റെ ഭൗതിക അസ്തിത്വത്തെ അഴിച്ചെടുത്ത് ‘കൂട്’ എന്നതിന്റെ ദാർശനിക തലത്തെ തൊടുന്നു. പുറപ്പെട്ടു പോകലിന്റെയും കാത്തിരിപ്പിന്റെയുമെല്ലാം
ചില്ലയാണത്.

(ലേഖകൻ അനിലേഷ് അനുരാഗിനൊപ്പം)

ജീവിത സാന്ദ്രമായ ചില നിമിഷങ്ങളിൽ നമ്മളിൽ വന്നുനിറയുന്നതുപോലുള്ള കാത്തിരിപ്പിന്റെ നിറവ് വീടുകൾക്കുണ്ടെന്ന് തോന്നുന്നു. ഈ യാത്രകളിൽ ദൃഷ്ടിയിൽപ്പെടുന്ന ഒരു വീട്ടിലെങ്കിലും മനസുകൊണ്ട് ഞാൻ ചെന്നു കയറാതെയില്ല., അറിയാതെയില്ല. എത്ര വിചിത്ര ജീവിതങ്ങളാണ് ഒരു സന്ധ്യായാത്രകൊണ്ടു ഞാൻ ജീവിക്കുന്നത്.”. കാത്തിരിപ്പിന്റെ വേവു കൊണ്ടു നിറയുന്ന അജ്ഞാതമായ വീടുകളിലേക്ക് കയറിയിറങ്ങുന്ന സന്ദേഹിയുടെ അലിവും ഖേദവും ആ സന്ധ്യയിലാകെ പരക്കുന്നു. സ്വയം നഷ്ടപ്പെടലിന്റെ ധ്യാനനിമിഷങ്ങൾ സന്ധ്യയിൽ മാത്രമല്ല വിജനതയുടെ നിശബ്ദമുഴക്കം പെരുകിപ്പരക്കുന്ന ഉച്ചകളിലും ആവോളം നിറയുന്നത് കാണാം. അഴിവിന്റെ പരകോടിയാണല്ലോ ഉച്ച. ഉണർവിനും മയക്കത്തിനുമിടയിലെ സ്ഥലരാശിയിലാണതിന്റെ നിൽപ്പ്.

” ഉച്ചമയക്കത്തിൽ മാത്രം അനുഭവിക്കാവുന്ന സ്വപ്നങ്ങളുണ്ട്. വിജനമായ നദീതീരങ്ങളിൽ നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ പോലെ ഉണ്മയോ പൊയ്യോ എന്നറിയാനാകാത്ത സ്വപ്നങ്ങൾ. പകലിൽ കണ്ടതും ഇരവിൽ ഭാവിച്ചതും;കേട്ട മധുരവും കേൾക്കാത്ത മധുരവും അതിൽ തെളിഞ്ഞു വരും. പിന്നെ അലിഞ്ഞുമായും. മനസ്സിന്റെ വിരലുകൾ തൊടുന്ന ജാലകങ്ങൾ തുറന്ന് പലരും പ്രവേശിക്കും, ശബ്ദമില്ലാതെ സംസാരിക്കുകയും മറ്റൊരു മുഖത്തിലേക്ക് സന്നിവേശിക്കപ്പെടുകയും ചെയ്യും. വേദന പോലും ലാസ്യദയാമയമാണ് ഈ സ്വപ്നങ്ങളിൽ: ജീവിക്കുക എന്ന ദുഃഖത്തിന്റെ പ്രതിവിധി. ഈ ആലസ്യത്തിൽ നിന്ന് നിങ്ങൾ കണ്ണു തുറക്കുന്നത് ‘അസ്തമയത്തിന്റെ സുഖ ജ്വരത്തിലേക്കാവും’.
അതീന്ദ്രിയമായ ഈ സ്വപ്നാടനത്തെ ആഭിചാരക്കാരന്റെ ഭാഷ കൊണ്ട് വായനക്കാരെ ഉഴിഞ്ഞിടുന്നു.

ഈ അലസഗമനത്തിൽ,
സ്നേഹവും പ്രേമവും പ്രണയവും
മോഹവും മുക്തിയും
അടുപ്പവും അകലവും
അപൂർണതയും അപരിചിതത്വവും
അസ്തിത്വദു:ഖവും ദൈവവും
ആത്മഹത്യയും മരണവുമെല്ലാം പൊലിമയേതുമില്ലാതെ യാതൊരു കരടുമില്ലാതെ
തെളിഞ്ഞ് മായുന്നു. പാപവും പുണ്യവും ചെകുത്താനും ദൈവവുമെല്ലാം പതിവു നിർവ്വചനങ്ങൾക്ക് വഴിപ്പെടാതെ വഴുതുന്നു. പാപത്തിൽ ചൂഴ്ന്നു നിൽക്കുന്ന പുണ്യവും ചെകുത്താനിലെ ദൈവികതയുമെല്ലാം വിദൂരതയിൽ നിന്നും മുഴങ്ങി അലിഞ്ഞലിഞ്ഞില്ലാതാവുന്ന പക്ഷിയുടെ കുറുകൽ പോലെ അനുഭവിപ്പിക്കുന്നു.
ഈ യാത്രയിലെ കണ്ടുമുട്ടലുകളും വേർപാടുമെല്ലാം സ്മൃതിയിൽ നിറയുമ്പോഴും ഒരിക്കൽ കണ്ടതിനെ, അറിഞ്ഞതിനെ, മറ്റൊരിക്കൽ അതുപോലെ അനുഭവിക്കാൻ കഴിയാത്തതിന്റെ സാക്ഷ്യവും കാണാം. ഒരു നിമിഷത്തിന്റെ ധ്യാനാവസ്ഥയിൽ പരിപൂർണ്ണത പ്രാപിച്ച് അസ്തമിക്കുന്ന അവസ്ഥകളുണ്ടാവാറുണ്ട് ചിലപ്പോൾ. ഒരിക്കൽ മുങ്ങാങ്കുഴിയിട്ട ആഴത്തെ മറ്റൊരിക്കൽ മണൽപ്പരപ്പ് മാത്രമായി കാണേണ്ടിവരുന്ന
പ്രഹേളിക .’ ആരും ഉടനീളം അയാളല്ല’ എന്ന കൽപ്പറ്റയുടെ വരിപോലെ നിത്യതയല്ലാത്ത ഒന്ന്. അതുകൊണ്ടാണ്
ഒരിക്കൽ ഉണ്ടായ അടുപ്പം മറ്റൊരിക്കൽ ഉണ്ടാവണമെന്നില്ല; ഒരിടത്ത് കണ്ട പൂവ് മറ്റൊരിടത്ത് വിരിയുന്നില്ല. ഓരോ പൂവും അതിന്റെ പൂർണതയിൽ ഇറുക്കപ്പെടേണ്ടതാണ്. കാഴ്ചയും സ്പർശവും ഗന്ധവും കൊണ്ട് ഉരുവെടുത്ത, ശരീരത്തിലും മനസ്സിലും ആത്മാവിലും വിരിയുന്ന പൂവുകളോരോന്നും അതിന്റെ പൂർണതയിൽ അടർത്തപ്പെടണം. തനിയാവർത്തനങ്ങളുണ്ടാക്കാൻ പ്രാപ്തമല്ലാത്ത വസന്തവും ജീവിതവും മറ്റെന്താണ് നമ്മോടാവശ്യപ്പെടുന്നത്? തുടർച്ചകളില്ലാത്ത ആനന്ദം നൈതികയുക്തിക്കപ്പുറം ആഴത്തിൽ അനുഭവിക്കേണ്ടതും സ്മൃതികളിൽ മാത്രം അടയാളപ്പെടുത്തേണ്ടതുമാണ് ” എന്നെഴുതുന്നത്. ഓരോന്നിനെയും അതിന്റെ ആഴത്തിലും ഉയരത്തിലും നൊട്ടിനുണയുന്നു. ജീവിതത്തെ
സ്ഥലകാലങ്ങളുടെ പൂർണ വളർച്ച പ്രാപിച്ച അനേകം ഫ്രെയിമുകളുകളിൽ അടുക്കി വെച്ചുപിൻവാങ്ങുന്നു.

ഈ സ്മൃതികൾ പലപ്പോഴും പ്രണയമെന്ന കടലിന്റെ ആഴമളക്കുന്നുണ്ട്. അളന്ന് തിട്ടപ്പെടുത്താനാവാതെ ഉഴറുന്ന, അശാന്തത കൊറിച്ചിരിക്കുന്ന ഒരു പ്രണയോപാസകൻ ,തിരകൾ വന്ന് മായ്ക്കുന്തോറും തീരത്തിരുന്ന് പ്രണയസൂക്തങ്ങൾ കോറിയിടുന്നത് കാണാം.ഓരോ തിരയും വായിച്ചതും മായ്ച്ചതും ഓരോ വെളിപാടുകൾ. സുവിശേഷങ്ങൾ എഴുതി മതിയാവാത്ത പ്രണയ പ്രവാചകനും മായ്ച്ചു കൊണ്ടേയിരിക്കുന്ന കടലും. പണിഞ്ഞിട്ടും പണിഞ്ഞിട്ടും തീരാത്ത പ്രണയത്തിന്റെ ബാബേലിൽ ഈ പുസ്തകത്തിലെ അനേകം
ചുടുകട്ടകൾ കൂടിയുണ്ട്. “പ്രണയത്തിൽ ജീവിക്കുക എന്നൊന്നില്ല’ അകലെ നിന്നുകേൾക്കുന്ന സംഗീതത്തിൽ നമ്മൾ നഷ്ടപ്പെടുന്നതു പോലെ, അപ്രതീക്ഷിതമായ് അറിയുന്ന മാസ്മരിക ഗന്ധത്തിൽ സ്വയമലിയുന്നതു പോലെ ശരീരവും മനസും തൃപ്തവും നിശ്ചലവുമായ ഒരു സ്വരലയത്തിൽ ചേരുന്ന അനുഭൂതിയാണ് പ്രണയം.”
തിര വന്നു മായ്ക്കുന്ന തീരത്ത് കുറിച്ചിട്ട പ്രണയാഖ്യാനങ്ങളിലൊന്നാണിത്.

എത്ര കുടഞ്ഞെറിഞ്ഞാലും അഴിഞ്ഞു പോവാത്ത മോഹമെന്ന തൃഷ്ണയുടെ വേരുകൾ ഓരോ ഉടലിലും ഉയിരിലുമുണ്ട്. പ്രാർത്ഥനകൾകൊണ്ടോ ശാപംകൊണ്ടോ തടുത്ത് നിർത്താനാവാത്ത നിലയില്ലാക്കയമാണത്. പാപത്തിന്റെ ഈ രുചി നുണയാത്തവർ വിരളമാണ്. മോഹത്തെ കുറിച്ച് എഴുതപ്പെട്ട ഏറ്റവും മോഹിപ്പിക്കുന്ന
വരികളിങ്ങനെയാണ്,

ഒരേ സമയം ആനന്ദസാഫല്യവും ആത്മനാശവുമാഗ്രഹിക്കുന്ന അസാമാന്യ മാനസിക ഭാവമാണ് മോഹം. ദേഹം അതിന്റെ തീവ്രസ്ഥായിയിൽ പാടുന്ന മാസ്മരിക രാഗമാണിത്. ശരീരത്തിന് ആത്മാവിനെ അത്യപൂർവ്വമായി മാത്രം പ്രാപിക്കാൻ കഴിയുന്ന വിശുദ്ധ നിമിഷങ്ങൾ. ജലം ജലത്തിലലിയുന്നതുപോലുള്ള സമാഗമങ്ങൾ. ബോധത്തിന്റെയും യുക്തിയുടെയും എല്ലാ വിമതസ്വരങ്ങളെയും അത് നിശ്ചലമാക്കുന്നു. മുറിവുകളിലൂടെ മോക്ഷം കാംക്ഷിക്കുന്നു. ദൈവവും പിശാചും ഒരേ അനുപാതത്തിൽ ലയിച്ചു ചേരുന്ന വികാര വൈരുദ്ധ്യമാണ് മോഹം
എത്ര കുതറി മാറിയാലും വലിച്ചടുപ്പിച്ച്, നിലതെറ്റി വീഴ്ത്തുന്ന മോഹമെന്ന ചുഴി,
കിളച്ചുനോക്കിയാൽ ഏത് വാഴ്ത്തപ്പെട്ടവരിലും കാണും. മണ്ണിട്ടു മൂടിയ ഈ ഒളിയിടങ്ങളിലെ ചതുപ്പുകളിലാണ് കാപട്യത്തിന്റെ ആവരണമില്ലാതെ മനുഷ്യർ പാർക്കുന്നത്. ആ ദ്വീപിലേക്കുള്ള കൊടിയടയാളമാണ് അനിലേഷ് നാട്ടുന്നത്.

ഏറ്റുപറച്ചിലുകളുടെ അവസാനതാളിൽ പ്രപഞ്ചത്തിന്റെ നേർക്കു തിരിഞ്ഞ് യാത്രികന്റെ ചില ദാർശനികനോട്ടങ്ങളുണ്ട്.
അന്തവും അസംബന്ധവുമില്ലാത്ത ഈ അപരിചിത ഭൂഖണ്ഡത്തിൽ നമ്മൾ നമ്മൾക്കുവേണ്ടി കൊത്തുന്ന ശിൽപ്പമാണ് ഏറ്റു പറച്ചിലുകൾ …. നമ്മൾ നമ്മൾക്കു വേണ്ടി നടുന്ന ഒരു പൂച്ചെടി. അതിന്റെ വേരുകൾക്ക് ഗർഭപാത്രത്തിലെ ഓർമകളോളം ആഴം; ചില്ലകൾക്ക് യൗവനത്തിന്റെ ദൃഡത, കൗമാര പ്രണയത്തിന്റെ കുഞ്ഞു പൂക്കൾ, ജീവിത സായാഹ്നത്തിലെ ദലസഞ്ചയം, പിന്നെ മടക്കയാത്രക്ക് വേണ്ടി മാത്രം ഒരു മഞ്ഞ ഇല..

ഈ പറച്ചിലുകളിലെല്ലാം ഒരു ജ്ഞാനിയുടെ നിർമമതയുണ്ട്. ആ മറുകരയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവില്ല. ജലത്തിന്റെ അവസ്ഥാന്തരങ്ങൾ ചൂണ്ടിക്കാട്ടി ബോധാവസ്ഥയുടെ സാധ്യതകളെകുറിച്ച് ഓഷോ പറയുന്നുണ്ട്.
സേഛയാൽ ഒന്നും ചെയ്യാനാവാത്ത മഞ്ഞുകട്ടയുടെ ഖരാവസ്ഥയായും
ഏതോ ഒന്നിന്റെ ആകർഷകശക്തിയാൽ,
ഏതെല്ലാമോ സുഖങ്ങളെ ലാക്കാക്കി യാന്ത്രികമായ ഇച്ഛാശക്തിയോടെയുള്ള ജീവിതവ്യാപാരങ്ങളെ ബോധാവസ്ഥയുടെ ദ്രാവകരൂപത്തിലുള്ള ജലമായും,
ഈ യാന്ത്രികതയിൽനിന്നുമെല്ലാം മുക്തിനേടിയതിനെ
സർവ്വസ്വതന്ത്രമായ നീരാവിയോടും ഉദാഹരിക്കുന്നുണ്ട്.
ഈ മൂന്നാമത്തെ അവസ്ഥയിലെത്തുമ്പോൾ
ജീവിതത്തെ അതിന്റെ സമ്പൂർണ്ണ ബോധസത്തയിൽ,
ഒരു ദൃസാക്ഷിയായി മാറിനിന്നുകാണാനുള്ള ശേഷി കൈവരും.
അപ്പോൾ സ്വാതന്ത്ര്യത്തിന്റെയും ജ്ഞാനത്തിന്റെയും അത്യാനന്ദത്തിന്റെതുമായ അവബോധം സാധ്യമാവും.
നീരാവിപോൽ അഴിഞ്ഞുപരക്കുന്ന ദൃസാക്ഷിത്വമാണ് ഈ എഴുത്തുകളുടെയെല്ലാം ആന്തരികഭാവം. ഈയൊരു മുക്തിനേടൽ എളുപ്പവുമല്ല. താൻ അറിഞ്ഞ പൊരുളുകളെ കവിത കനിയുന്ന ഭാഷയിലേക്ക് അനായാസമായി അനിലേഷ് ആവാഹിക്കുന്നു. അപ്പോൾ
നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് ഒരില അദൃശ്യമാവുന്നതെങ്ങനെയെന്ന്,
പൊരുളിന്റെ വാതിൽ തുറന്നിടുന്ന ഒരു സൂഫിയുടെ നിർമമായ പുഞ്ചിരിയോടെ നാമറിയുന്നു. അകമാകെ ഒരു സെൻകഥയുടെ അഴിവുപരക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

3 COMMENTS

 1. അനേകം ‘ഇസങ്ങൾ’ വിലയം പ്രാപിക്കുന്ന
  മാസ്മരിക സാഗരം! അതിൻ്റെ അഴവും അനന്തതയും തിരമാലകളും സാകൂതം
  നോക്കി നിന്നു പോകുന്ന വിസ്മയം.
  കവിതയിലെ ഓളപ്പരപ്പിലേറി ആഴങ്ങളിലേക്ക് തുഴഞ്ഞു പോകുന്ന റിയാസ് കളരിക്കലിൻ്റെ എഴുത്തനുഭവം
  പുസ്തകത്താടൊപ്പം രചയിതാവ്
  അനിലേഷ് അനുരാഗിലേക്കുള്ള ചുണ്ടുപലകയുമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...