HomeTHE ARTERIASEQUEL 91സ്നേഹത്തിന്റെ 'കാഴ്ച'യും 'അന്ധത'യും

സ്നേഹത്തിന്റെ ‘കാഴ്ച’യും ‘അന്ധത’യും

Published on

spot_img

വായന

നിത്യാലക്ഷ്മി.എൽ. എൽ

ഒരു ഭാര്യയും ഭർത്താവും സന്തോഷപൂർവ്വം ദാമ്പത്യജീവിതം നയിക്കുന്നതിനിടയ്ക്ക്, ഭാര്യയെ കാണാതാകുന്നു ! വെറും കാണാതാകലല്ല, ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയാനാകാത്ത വിധമൊരു അപ്രത്യക്ഷമാകൽ ! അതിന്റെ വേദന സഹിക്കാൻ വയ്യാതെ ഭർത്താവ് അന്ധനായി മാറുന്നു. അയാൾ പിന്നെ കാണുന്ന സ്ത്രീകളിലെല്ലാം അവളുടെ ഗന്ധം മണത്ത് പിടിക്കാൻ നോക്കുന്നു. അയാളുമായി ബന്ധത്തിൽ വരുന്ന സ്ത്രീകളിൽ, അവളുടെ മണങ്ങളെ താരതമ്യം ചെയ്ത് നോക്കുന്നു. അയാൾ കണ്ട് മുട്ടുന്ന അന്ധരായ കുട്ടികളിൽ, ഭാര്യയെ കാണാതാകുമ്പോൾ അവൾ ഉദരത്തിൽ ചുമന്ന തന്റെ കുഞ്ഞിനെ കാണുവാൻ ശ്രമിക്കുന്നു. അവളാകട്ടെ, എവിടെയോ ഒരു ദേശത്ത്, അവൾ പെട്ടുപോയ ദുരിതത്തിൽ നിന്ന് കരകയറ്റിയ മനുഷ്യനെ ദൈവമായി കണ്ട്, ഭർത്താവിന്റെ സ്ഥാനത്ത് നിർത്തി, ഭൂതകാലത്തിന്റെ മിന്നലാട്ടങ്ങളെയൊക്കെ വേഗത്തിലടിച്ചോടിച്ച് സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നു. ‘നേത്രോന്മീലനം’ അവരുടെ കഥയാണ്, പ്രകാശന്റെയും ദീപ്തിയുടെയും..!

മനുഷ്യന്റെ മനസ് എത്രമാത്രം വ്യത്യാസപ്പെട്ടതാണെന്ന് ഈ രണ്ട് കഥാപാത്രങ്ങളും നമ്മെ പഠിപ്പിക്കുന്നു. ഒരാൾക്ക് മറ്റൊരാളിൽ നിന്ന് പുറത്ത് കടക്കാനാകാത്ത വിധം അടിമത്വം ബാധിച്ചിരിക്കുന്നു, മറ്റൊരാളാകട്ടെ, മനസിനെ എത്രയോ വേഗത്തിൽ പിടിച്ചടക്കി എല്ലാ ഓർമകളെയും മായ്ച്ച് കളഞ്ഞിരിക്കുന്നു. പ്രകാശന്റെ നിഴലായി കൂടെ നടന്ന ശ്യാമൻ, അയാളുമായുള്ള ആത്മസൗഹൃദം, അവസാനഘട്ടത്തിൽ അയാൾ സ്വയം ജീവിക്കാൻ മറന്ന് പോയതോർക്കുന്നത്, ശേഷം താനൊരിക്കൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി തന്റെ യൗവനകാലം മൊത്തം താൻ വിരലിലണിയിച്ച മോതിരം മാത്രം നോക്കി കഴിച്ചു കൂട്ടിയതറിഞ്ഞ് ആർക്കോ വേണ്ടി താൻ ഉപേക്ഷിച്ചു കളഞ്ഞ തന്റെ നല്ലൊരു ജീവിതകാലത്തെയോർക്കുന്നത്, ഒടുവിലൊരു വൈകിയ വേളയിൽ അവരൊരുമിച്ച് ജീവിതം തുടങ്ങിയത് ഇവയൊക്കെ വായനക്കാരന്റെ മനസിനെ സ്പർശിക്കുന്ന രീതിയിലാണ് എഴുത്തുകാരി നോവലിൽ ചേർത്ത് വച്ചിരിക്കുന്നത്. ദീപ്തിയെന്ന് സംശയിച്ച് എല്ലാവരും ചേർന്ന് ഒരു സ്ത്രീയെ കാണിച്ച് കൊടുക്കുമ്പോൾ പോലും, കാഴ്ചയില്ലാത്ത പ്രകാശൻ അത് ദീപ്‌തിയല്ലെന്ന് വാദിക്കുന്നു. ദീപ്തിയുടെ അച്ഛനുൾപ്പെടെ, അടുപ്പമുള്ള പലരും മാനസികാസ്വാസ്ഥ്യമുള്ള ആ സ്ത്രീയെ ദീപ്തിയെന്ന് തിരിച്ചറിഞ്ഞിരിക്കുമ്പോഴാണിതെന്ന് ഓർക്കണം. രജനിയെന്ന കഥാപാത്രവും, പ്രകാശന്റെ വല്യമ്മയും വായനക്കാർക്ക് പിടിതരാത്ത രണ്ട് പേരാണ്, വായനയുടെ പല ഘട്ടങ്ങളിലും ഇവർ എഴുത്തുകാരിക്ക് പോലും പിടികൊടുക്കാതെ കടന്ന് കളയുന്നവരാണെന്നും തോന്നിപ്പോകും. ആത്മാഭിമാനത്തിന് അത്രയേറെ വില കല്പ്പിക്കുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഇവർ.

കണ്ണുണ്ടായിട്ട് എന്ത് കാര്യം, കാണണം എന്ന ആന്തരികാർത്ഥം വഹിക്കുന്ന ഈ നോവൽ കെ. ആർ. മീരയുടെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്ന ഒന്നാണെന്ന് പറയാം. കൊടിയ ദാരിദ്ര്യം, നിസ്സഹായത, സ്നേഹത്തിനായുള്ള വിശപ്പ്, തന്റേതെന്ന് പറയാൻ ആരെങ്കിലും ഉണ്ടാകണമെന്ന കൊതി, ഇവയെല്ലാം കൂടിച്ചേർന്ന ഒരു വികാരമാണ് നേത്രോമീലനം. ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ വികാരങ്ങളെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത്. രജനി സ്നേഹത്തിനായുള്ള വിശപ്പും ദാഹവുമായാണ് നിൽക്കുന്നതെങ്കിൽ, സ്നേഹം കൊണ്ട് മുറിവേറ്റ വേദന മനസിലിട്ട പകയുമായാണ് പ്രകാശന്റെ വലിയമ്മ ഓരോ ദിവസവും ടെലിവിഷന്റെ മുന്നിലിരിക്കുന്നത്. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ബന്ധങ്ങളിലൂടെ ഊർന്നൂന്ന് പോകുന്ന നോവലാണ് “നേത്രോന്മീലനം” എന്ന് പറയാം. കാരണം, അത് ദാമ്പത്യത്തിലൂടെയും, സൗഹൃദത്തിലൂടെയും, അച്ഛന്റെ വാത്സല്യത്തിലൂടെയും, അമ്മയുടെ സ്നേഹത്തിലൂടെയും നടന്ന് ചെന്ന് അനാഥത്വത്തിലേക്ക് കയറുന്നുണ്ട്. എല്ലാവരും ചുറ്റിലും എല്ലാത്തിനും ഉണ്ടായിരുന്നിട്ടും, പതിയെ പതിയെ പ്രകാശൻ ഒറ്റപ്പെട്ട ലോകത്തിലേക്ക് എത്തപ്പെടുന്നതായി നമുക്ക് കാണാം.

നോവലിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്രമേതെന്ന് ചോദിച്ചാൽ, സംശയമേതുമില്ലാതെ, അത് ദീപ്തിയെന്ന സംശയത്തിൽ ദീപ്‌തിയുടെ അച്ഛൻ വീട്ടിൽ കൊണ്ട് വന്നതും, പിന്നീട് അച്ഛന്റെ മരണശേഷം ശ്യാമൻ വീട്ടിലേക്ക് കൊണ്ട് വന്നതും, ഒടുവിൽ അത് ദീപ്തിയല്ലെന്ന് ശ്യാമൻ സമ്മതിച്ചത് കൊണ്ട് മാത്രം പ്രകാശൻ സംരക്ഷണം ഏറ്റെടുത്തതുമായ സ്ത്രീയാണെന്ന് ഞാൻ പറയും. ആദ്യഘട്ടത്തിൽ, വീട്ടിലെ എല്ലാവരെയും, ദീപ്തിയുടെ അച്ഛനെയും ശ്യാമനെയും പ്രകാശന്റെ അമ്മയെയും വലിയമ്മയെയുമുൾപ്പെടെ, ഉപദ്രവിച്ചിരുന്ന ആ സ്ത്രീ പിന്നീട് പ്രകാശന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയായി മാറുന്നു. അയാൾ അവളോട് കുട്ടികളോടെന്ന പോലെ പെരുമാറുന്നു, കുട്ടീ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നു, അവളുടെ തലയിൽ അയാൾ തലോടുന്നത് കാണുമ്പോൾ കണ്ടിരിക്കുന്നവർ പോലും അമ്പരക്കുന്നു. അവളും, കൊതിച്ചതും ദാഹിച്ചതും സ്നേഹത്തിനും വാത്സല്യത്തിനുമായല്ലാതെ എന്തിനാണ്! ഒരു നിമിഷത്തിന്റെ ഇടവേളയിൽ അവളെ വെറുമൊരു സ്ത്രീശരീരം മാത്രമായി കണ്ടതിൽ പ്രകാശന് തോന്നിയ കുറ്റബോധമല്ലേ അയാളുടെ വാത്സല്യമെന്ന് ചിന്തിക്കുന്നതിലും തെറ്റുണ്ടാകില്ല. അനാഥാലയത്തിൽ നിന്ന് രജനി ഒപ്പം കൂട്ടി, ഒടുവിൽ അവിടേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന സൂരജും, ഭാര്യ മരിച്ച ദുഃഖത്തിൽ നിന്ന് കര കയറാൻ പുതിയൊരു ജീവിതം തേടിയപ്പോൾ, ഒരു കൈ കൊടുത്തിട്ട് രജനിയാൽ വലിയൊരു കുഴിയിലേക്ക് വീണ്ടും വലിച്ചെറിയപ്പെട്ട ചന്ദ്രമോഹനും ഒരേ രേഖയിൽ ചുറ്റിത്തിരിയുന്ന ഗോളത്തിന്റെ രണ്ട് വ്യത്യസത ഭാവങ്ങളാണ്. ചന്ദ്രമോഹനിൽ എത്ര ശ്രമിച്ചിട്ടും രജനിക്ക് പ്രകാശനെ കാണാനാകുന്നില്ല, അഥവാ പ്രകാശനിൽ നിന്നൊരു മോചനം നേടാൻ രജനിയുടെ മനസ്സിന് കഴിയുന്നില്ല, പ്രത്യേകിച്ചും പ്രകാശന്റെ ബീജം അവളുടെ ഉദരത്തിൽ പ്രവേശിച്ച് കഴിഞ്ഞുവെന്ന് മനസിലാകുന്ന പുലരിക്ക് ശേഷം! കാഴ്ചയുടെ വെളിച്ചമില്ലാത്ത സൂരജിന്റെ കണ്ണിലേക്ക് നോക്കുമ്പോഴാകട്ടെ, പ്രകാശനെയല്ലാതെ അവളാരെയും കാണുന്നുമില്ല. അങ്ങനെ നോക്കുകയാണെങ്കിൽ, ചന്ദ്രമോഹനും സൂരജും രജനിയാൽ ഉപേക്ഷിക്കപ്പെട്ടത്, അനാഥത്വത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അനാവരണം ചെയ്യുന്നുവെന്നും പറയാം, സൂരജിന് ആരുമില്ലാത്തതിന്റെ അനാഥത്വവും, ചന്ദ്രമോഹന് ഒറ്റപ്പെടലിന്റെ അനാഥത്വവും!

മരണത്തിന്റെ കയങ്ങളിലേക്ക് പലവട്ടം വീണുരുണ്ട് തിരിച്ചു വന്ന രജനി, ഒടുവിലാഴത്തിൽ മരണത്തെ തൊട്ട് ചുംബിക്കുമ്പോൾ, അവൾ രണ്ട് ജീവനുകളിൽ തൊട്ടിരുന്നു, ഒന്നൊരു കുഞ്ഞുജീവനും മറ്റേത് ഒരു കാഴ്ചയുടെ, കണ്ണിന്റെ, ജീവനുമായിരുന്നു. നോവലിന്റെ അവസാന വരികളിൽ, അതിനെ പ്രകാശൻ തളച്ചിട്ടിരിക്കുന്നത് എങ്ങനെയെന്നോ..,

“ചില സ്ത്രീകൾ വിട്ടുപോകുമ്പോൾ സ്നേഹിച്ച പുരുഷന്റെ കാഴ്ച കൂടി കൊണ്ടു പോകും. മറ്റു ചിലർ പകരം രണ്ടു കണ്ണുകൾ സമ്മാനിക്കും. കണ്ണുകെട്ടിക്കളിക്കാനും പ്രകാശത്തിലേക്ക് തുറക്കാനും, രണ്ടു കണ്ണുകൾ…”
മീര, ഈ അവസാനവരികളിൽ പറയുന്നത് തന്നെയാണ് നോവലിന്റെയും ആകെത്തുക. ഞാനതിനെ ഇങ്ങനെ തിരുത്തി വായിക്കാൻ ആഗ്രഹിക്കുന്നു, സ്നേഹത്തിൽ നിന്ന് വിട്ടു പോകുമ്പോൾ വെളിച്ചം നിറച്ച് പോകുക, വെളിച്ചം കെടുത്തിപ്പോകാതിരിക്കുക. നോവലിന്റെ തുടക്കത്തിൽ ദീപ്തിയെവിടെയെന്ന് വായനക്കാരും എഴുത്തുകാരിക്കൊപ്പം പലവട്ടം വെമ്പും. പക്ഷേ, പകുതിക്ക് ശേഷം ദീപ്തിയെ വിട്ട് നമ്മൾ രജനിയിലേക്ക് കുടിയേറും. പിന്നീട്, ദീപ്തിയെന്ന് സംശയിക്കപ്പെട്ട ‘കുട്ടി’ ആരെന്ന സന്ദേഹം നമ്മിൽ ഉടലെടുക്കും. ഇടയിലെവിടെയോ പ്രകാശന്റെ അച്ഛന്റെ മരണവും അതിന്റെ പിന്നാമ്പുറവും ഉള്ളിലൂടെ കേറിയിറങ്ങും. പെട്ടന്ന് ഒരു ദിവസം വീട്ടിൽ കയറി വന്ന വല്യച്ഛനും സ്നേഹത്തോടെ സ്വീകരിച്ച്, ചോറ് കൊടുത്ത് പറഞ്ഞു വിട്ട വലിയമ്മ ‘തങ്കവും’ മനസ്സിൽ തൊട്ടിറങ്ങിപ്പോകും. ഒടുവിൽ, പിന്നെയും രജനിയിലും ദീപ്തിയിലും തൊടുത്തിയിട്ട് നോവൽ അവസാനിക്കും. ഒരിക്കൽ പറഞ്ഞത് പോലെ, ‘നേത്രോന്മീലനം’ ബന്ധങ്ങളിലൂടെയും മനുഷ്യരിലൂടെയും ഓടിനടക്കുന്ന, ഊർന്നിറങ്ങുന്ന പുസ്തകം തന്നെയാണ്; ബന്ധങ്ങളുടെ കെട്ടുറപ്പിന്റെയും അയഞ്ഞ് പോകലുകളുടെയും കഥ പറയുന്ന പുസ്തകം!

Book Name: നേത്രോന്മീലനം
Author: കെ. ആർ. മീര
Genre: നോവൽ
Publishers: ഡി. സി. ബുക്സ്
Language : മലയാളം
Total pages :247

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....