വായന
ദിജിൽ കുമാർ
യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്…അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ അതുവരെ അന്യമായതൊക്കെ സ്വന്തമാവുന്നത്.. നേരിൽ കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയവനെ നേരിട്ട് കണ്ടപ്പോഴാണ് പൂവിന്റെ ഭംഗി മാത്രമല്ല സ്നേഹസൗഹൃദത്തിന്റെ സുഗന്ധം കൂടി ഉണ്ടെന്നറിഞ്ഞത്.. അവന്റെ പുതിയ പുസ്തകം പ്രകാശനം കഴിഞ്ഞയുടനെ തന്നെ കോഴിക്കോട് പോയി വാങ്ങിയത് ആ സ്നേഹാവേശത്തിലാണ്..പക്ഷേ ഇളം പച്ച നിറമുള്ള അലമാരയിൽ നിന്നും അതേ നിറമുള്ള മനോഹരമായ പുറംചട്ടയുള്ള ആ പുസ്തകം ഇന്നലെയാണ് നിവർത്തി നോക്കിയത്.. തുറക്കാതെ കാത്തിരുന്നു കൊതി കൂട്ടിയ ന്യായീകരണം ബാലിശമെങ്കിലും സത്യമാണ്.. വായിച്ചു കഴിഞ്ഞപ്പോൾ ഹൃദയം തൊടുന്ന കുറേയേറെ വരികൾ.. അവയിലൂടെ വെറുതെ എന്റെയൊരു ഇഷ്ട സഞ്ചാരം മാത്രമാണിത്.
നാർസിസസ് ..ആ വാക്കിന് പിന്നാലെ മനസ് ഓടിയപ്പോൾ ഏതോ ഗ്രീക്ക് പുരാണത്തിലെ കഥയാണ് ഓർമ വന്നത്. മനോഹരമായ എല്ലാറ്റിനെയും സ്നേഹിച്ചവൻ. സ്വന്തം പ്രതിച്ഛായയോട് പ്രണയം തോന്നിയവൻ. തന്നോടുള്ള മോഹം ഒരു കാലത്തും സഫലമാകില്ലെന്നറിഞ്ഞപ്പോൾ അഗ്നിയിൽ സ്വയം ഇല്ലാതായി മഞ്ഞയും വെള്ളയും നിറമുള്ള പൂക്കളായി മാറി എന്ന് ഒരു അറിവ്. ശരിയാണോ എന്ന് അറിയില്ലെങ്കിലും നാർസിസസ് എന്ന ഈ കവിതാസമാഹാരം സത്യത്തിൽ അസുലഭമായ പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടം തന്നെയാണ്. സ്വന്തമായി വീടില്ലാത്തവർക്ക് സമർപ്പിച്ചു കൊണ്ട് താനെന്ന കടലാസ് വഞ്ചിയിൽ മഴയായി പെയ്യുന്ന കവിതകളുമായി കവി നമ്മളെ പുസ്തകത്തിലേക്ക് ക്ഷണിക്കുന്നു. അവതാരിക എഴുതിയ സജയിന്റെ വാക്കുകൾ കടമെടുത്താൽ. ” വള്ളിചെരുപ്പിൽ ചന്ദ്രക്കല ഒളിപ്പിക്കുന്ന ഈ കല കവിക്ക് ഒരിക്കലും കൈമോശം വരാതിരിക്കട്ടെ ” നമുക്കും ആശംസിക്കാം. ഓരോ കവിതകളിലും (39 എണ്ണം) ഹൃദയം തൊടുന്ന ഒരു വരിയെങ്കിലും ശേഷിപ്പിച്ച്, അതിലൂടെ ആ കവിതയെ വീണ്ടും വായിപ്പിക്കാൻ കഴിയുന്ന വിസ്മയത്തോട് എന്റെ വായന പൂർണമായും നീതി പുലർത്തിയോ എന്നറിയില്ല. “പ്രണയം പിരിയുമ്പോൾ” എന്ന കവിതയിൽ പറയുന്നത് പോലെ “നീ തോർന്നു പോയ ഒരു മഴയിൽ.. ഇറങ്ങിപ്പോയ എന്റെ ഹൃദയത്തെ വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ” പറയുന്നു ഒപ്പം “അതിൽ കുരുത്ത എന്റെ നോവുകളുടെ ബീജം പെറ്റു പെരുകുന്നതിന് മുമ്പ്” എന്നു കൂടി ആവശ്യപ്പെടുന്നു. ശരിക്കും ഒരു പ്രണയം നഷ്ടമാവുമ്പോൾ സഹിക്കാൻ കഴിയാതെ പെരുകുന്ന നോവുകളുടെ കടലാഴം തൊട്ടറിഞ്ഞ ഈയുള്ളവന് ഈ വാക്കുകൾ ആശ്വാസത്തിന്റെ വിത്ത് നൽകുകയാണ്. യഹിയയുടെ കവിതകളിൽ പൂക്കൾ നിറഞ്ഞിരിക്കുന്നു. ഓരോയിടത്തും പൂക്കൾക്ക് പറയാൻ ഓരോരോ കാര്യങ്ങൾ. ഒരു നിയോഗം പോലെ അവ അത് പറയുകയാണ്..
ഒരിടത്ത്..
“ഇതളുകൾ ഞെരിച്ചു പിഴുതെറിയപ്പെട്ട എത്രയോ പൂക്കൾ…ചില്ലകളുടെ നെഞ്ചോട് ചേർത്തുള്ള താരാട്ടും കൊതിച്ച് മണ്ണടിഞ്ഞു പോയിട്ടുണ്ടാവാം..” എന്ന് സങ്കടപ്പെടുന്ന കാഴ്ചയാണ്. “കൈകൂപ്പി കൈകൂപ്പി തല തറയോളം താണ് മുള്ളുകൾ ഒതുക്കി വെച്ച് വിധേയത്വം ശീലമാക്കിയ തൊട്ടാവാടിയെ” കുറിച്ചാണ് പറയുന്നത്.. എത്ര മനോഹരമായ കാഴ്ചകൾ അല്ലേ.. “അത് മതിയാവും” എന്ന കവിതയിൽ “ഒരു തെന്നലിന്റെയെങ്കിലും ചെറു സ്പർശം മതിയാവും ഏത് കത്തുന്ന വെയിലിലും പൂവുകൾ പുഞ്ചിരിക്കാൻ” എന്ന പ്രതീക്ഷയിലാണ് പൂവുകൾ. മറ്റൊരിടത്ത്
“ഉപ്പ സുഗന്ധമാണ് ഉമ്മ പൂവും, ഇപ്പോൾ വീട് മുഴുവൻ സുഗന്ധമാണ് അരിമുല്ല പൂവിന്റെ സുഗന്ധം ”
എന്ന് വായിക്കുമ്പോൾ ആ സുഗന്ധം മുന്നിൽ നിറയുന്നു.
പ്രണയം, സ്നേഹം, ആൺ – പെൺ ബന്ധങ്ങൾ ഒക്കെ ഒരു ഒറ്റവരി എഴുതി ചിന്തകളെ ഉദ്ദീപിപ്പിക്കാൻ കഴിയുന്നുണ്ട് കവിക്ക്. നാർസിസസ് എന്ന കവിതയിൽ ” ഞാൻ എന്നെത്തന്നെ പ്രണയിച്ചപ്പോഴാണ് ഭൂമിയും ആകാശവും എനിക്ക് ചുറ്റും വലം വെച്ച് തുടങ്ങിയത് ” എന്നും “നിന്റെ പ്രണയം ഒടുങ്ങിയിട്ടും ആണ്ടു പോവാതെ പൊങ്ങിക്കിടക്കുന്ന ഓർമകളെയോർത്ത് ഓർമകൾ ചാവുകടൽ ആണെന്നും കവി കണ്ടെത്തുന്നു. “നമ്മുടെ പ്രണയത്തെ മൗനം കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ” പറയുന്നുണ്ട് ഒരിടത്ത്. പ്രണയത്തിന്റെ രക്തസാക്ഷിയാവാൻ.
“പ്രണയിക്കുന്നുവെങ്കിൽ അകലത്തിലിരുന്ന് പ്രണയിക്കണം അതാണ് സമാധാനം ” എന്ന് കണ്ടെത്തി “നിന്നിലേക്ക് പറന്നടുക്കലാണ് എന്റെ ആസക്തി എന്നറിയിക്കണം.. പക്ഷേ പറന്നു ചെല്ലരുത്..” എന്ന് വിലക്കി പ്രണയത്തിന്റെ അവാച്യമായ അനുഭൂതി പകരുന്ന എഴുത്തായി തീരുന്നു ചിലയിടങ്ങളിൽ. “രണ്ടു ദിശകളിലേക്ക് ഒഴുകുന്ന പുഴകളാണെന്നറിഞ്ഞിട്ടും ഏതോ കടലിന്റെ സംഗമസ്ഥാനം” തേടുന്ന പ്രതീക്ഷകളുടെ പ്രണയമോഹം കൂടി സമ്മാനിക്കുന്നു കവിത.” എനിക്കും നിനക്കും ഇടയിൽ നിനക്ക് മാത്രം തുറക്കാവുന്ന ഒരു വാതിലുണ്ട്. ” ഞാൻ നിന്റേതാണെന്ന മനോഹരമായ ഒരു പ്രണയത്തിന്റെ ഫ്രെയിം വരച്ചിടുകയാണ് യഹിയ. വിശപ്പും അദ്ധ്വാനവും കർഷകനും ഒക്കെ ഉമിത്തീ പോലെ ചിലയിടങ്ങളിൽ പൊള്ളാതെ വേവിക്കുന്നുണ്ട് ഹൃദയത്തെ. “എത്ര ഇളക്കിയാലും
വേവാത്ത അരിയാവും എത്ര ഊതിയാലും പുകയാത്ത അടുപ്പിൽ വേവുന്നത്.” ഈ കാത്തിരിപ്പും,
“നോവുകൾ ഭക്ഷിക്കുന്നവരുടെ
രാജ്യത്ത്
ഏകാന്തത
പുതച്ചുറങ്ങുന്ന
ഒരുപാട് ദ്വീപുകളുണ്ട്..”
എന്ന് പ്രവാസം പറയുമ്പോൾ,
“സൂര്യൻ പൊള്ളിച്ചെടുത്ത
കൃഷിയിടങ്ങളിലാണ്
കർഷകൻ
വീണ്ടും വീണ്ടും വിതയ്ക്കുന്നതും
കൊയ്യുന്നതും ” എന്ന പ്രത്യാശ കൂടി പങ്കുവെയ്ക്കുന്നുണ്ട്. ഒരു ആണും പെണ്ണും എന്നത് ലെവൽക്രോസും, കാവൽക്കാരൻ ഇല്ലാത്ത റെയിൽപാളം പോലെ ഭയക്കേണ്ടതാണെന്നും അവരെങ്ങാനും ഒന്ന് തൊട്ടു പോയാൽ സന്ധിസംഭാഷണത്തിന് ഒരു ദൂതനെ പോലും അയക്കാതെ രണ്ടു ശത്രു രാജ്യങ്ങളെ പോലെ യുദ്ധത്തിന് തയ്യാറെടുക്കണമെന്നും കൃത്യമായി കളിയാക്കുന്നുണ്ട് ഒരിടത്ത്.
‘പർദ്ദ’ എന്ന കവിതയിൽ “കൂട്ടിൽ അടച്ചിടുക എന്നത് കൊണ്ട് എന്നെങ്കിലും പറന്നുപോകുമോ എന്ന ഭയത്തിന് മൂടുപടം അണിയിക്കുകയാണെന്നും “എത്ര സുന്ദരമായാണ് നിന്നെ പൂവിനോട് ഉപമിക്കുന്നത്, എത്ര ലാഘവത്തോടെയാണ് അവർ പറിച്ചെറിയുന്നത് എന്നും കൃത്യമായി അടയാളപ്പെടുത്തുന്നതും കാണാം. ഓരോ എഴുത്തിലും നമ്മളിൽ നിന്നും ഊർന്നിറങ്ങി പോവുന്ന പലതും നമ്മളിലേക്ക് തന്നെ തിരിച്ചെത്തി അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ നാർസിസസ് എന്ന വാക്കിന്റെ കൃത്യമായ അർത്ഥത്തിലേക്ക് വായന എത്തിക്കുവാനും കവിക്ക് കഴിയുന്നുണ്ട്. വീടുകളിൽ എത്ര നല്ല അഭിനേതാക്കൾ ആണ് നമ്മളെന്നും നഗ്നത ഉരഞ്ഞു പായുന്ന മേനികൾക്കുള്ളിൽ രണ്ടു ശിഖരങ്ങളിൽ തപസ് ചെയ്യുന്നവർ എന്നും അട്ടഹാസങ്ങളോ നിലവിളികളോ ഇല്ലാത്ത വീടെന്ന ശാന്തിയുടെ കവാടങ്ങളല്ലെന്ന് തുറന്നെഴുതാനും കവിക്ക് മടിയില്ല.
“നോട്ട് ബുക്കിലെ നേർരേഖയിൽ
ഞാൻ കാണാറുള്ളത്
കളഞ്ഞു കിട്ടിയ
മഞ്ചാടിക്കുരുവും
കൊത്തംകല്ലിൽ തോറ്റ
കൂട്ടുകാരിയുടെ പരിഭവവും”
ആണെന്ന് വായിക്കുമ്പോൾ ബാല്യം ഒപ്പം വരികയാണ്. അമ്മയുടെ നെടുവീർപ്പുകൾ ഒരായുസ്സ് മുഴുവൻ വീട് ചുമന്നതിന്റെ ഗദ്ഗദം ആവുമ്പോൾ, “വിവാഹം കഴിച്ചാൽ മക്കൾ ആവണമെന്നും ഇല്ലെങ്കിൽ നാട്ടുകാർ ചോദ്യം ചെയ്യുമെന്നും” നേർവഴിക്ക് പറയുന്നുണ്ട് യഹിയ. “നൂറ് പവൻ കഴുത്തിൽ അണിഞ്ഞ്” വീട്ടിലേക്ക് വരുന്ന പുതിയ കാലത്തിന്റെ വധുവിനെ ഒരു ആന ആചാരവെടി മുഴക്കി നെറ്റിപ്പട്ടം കെട്ടി വീട്ടിലേക്ക് വന്നു എന്നാണ് പറയുന്നത്. ആക്ഷേപഹാസ്യത്തിന്റെ മർമരങ്ങൾ..!!
“രണ്ടാം കെട്ടിന് വധുവിനെ തേടുന്നു” എന്ന് പറഞ്ഞു കൊണ്ട് “വീട്ടിൽ മെരുകുന്ന അത്യന്തം പ്രസവശേഷിയുള്ള യുവതികളിൽ നിന്നും” എന്നെഴുതി പാരമ്യത്തിൽ എത്തുകയാണവ.
“ഏത് വൃത്തികേടിലും എത്ര ആർത്തിയോടെയാണ് ചെന്നു വീഴുന്നത്
എത്ര ആട്ടിയാലും നഗ്നതയിൽ അവ ചുംബിക്കും.. ” സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഈച്ചകളെ കുറിച്ചും
“അവർക്ക് ജീവിക്കാൻ ഒരു കടലൊന്നും വേണ്ട ഒരു ചില്ലുകൂടെങ്കിലും മതി ” എന്ന് മീനുകളെ കുറിച്ചും “സിംഹം ഒരു വരേണ്യ മൃഗം തന്നെ മാനുകൾ അരാജകവാദികളും”
“കാക്കയുടെ കറുപ്പും കൊക്കിന്റെ വെളുപ്പും അവർക്ക് ഒരു വിധത്തിലും പരസ്പരം ഈർഷ്യ വരുത്താറില്ലെന്നും “ഇടതായാലും വലതായാലും തനിക്ക് ഉശിരുള്ള കൈ തന്നെ ഉപയോഗിക്കും എന്ന് ഇടമനായ രമേശൻ പറയുമ്പോഴും നിലപാട് വ്യക്തമാണ്. അരാഷ്ട്രീയമായി പറയുന്ന സാമൂഹിക ചിത്രങ്ങൾ കവിതയിൽ പലയിടത്തും കാണാൻ കഴിയും. യഹിയാ എഴുതിയാൽ തീരില്ല വായനാ സുഖം.”നീ(കവിത) ഇറങ്ങി വരാൻ മടിച്ച രാത്രികളിൽ ഏകാന്തതയുടെ കരിമ്പടം പുതച്ച് കൊണ്ട് ഇരുട്ടിലേക്ക് കവിത തേടി ഇറങ്ങി നടക്കുന്ന നിന്റെ അക്ഷരങ്ങളത്രയും വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകളാണ്.”പ്രതീക്ഷകൾ മാത്രം വളർന്ന് ഒരു കാടായി തീർന്നവനെന്ന് ” ഒരിടത്ത് എഴുതിയത് പോലെ, “ഒരു കുടയോ ഒരു മരമോ ഒരു തളിരില തോണിയോ ആയി മറ്റൊരാൾക്ക് കൂട്ടു നിൽക്കാൻ കൊതിക്കുന്ന.. ഹൃദയത്തെ ക്യാൻവാസ് ആക്കിയ ചിത്രകാരനെ അറിയാവുന്ന യഹിയയിൽ നിന്നും ഇനിയുമേറെ കവിതകൾ കൊതിച്ചു കൊണ്ട്, ഭാവുകങ്ങൾ നേരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല