HomeTHE ARTERIASEQUEL 84വിട മാട്ടേ...വിട മാട്ടേ…

വിട മാട്ടേ…വിട മാട്ടേ…

Published on

spot_img

ലേഖനം

വിമീഷ് മണിയൂർ

സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച ഈ വാക്യം 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലേതാണെന്ന് അറിയാത്തവരും ഉണ്ടാവില്ല. പറഞ്ഞു വരുന്നത് സിനിമയെക്കുറിച്ചല്ല, കവിതയെക്കുറിച്ചാണ്. എന്താണ് കവിത, ഏതാണ് കവിത, ആരാണതിന്റെ ശരിയായ വായനക്കാരൻ എന്നൊക്കെയുള്ള ചോദ്യങ്ങൾ പല തവണ ആവർത്തിക്കപ്പെട്ടതും അത്രയൊക്കെ തവണ വ്യക്തിപരവും സൈദ്ധാന്തികവുമായ ഉത്തരങ്ങളിലും പരിസരപ്രദേശങ്ങളിലും ചെന്നുതറച്ചിട്ടുള്ളതുമാണ്.

ഇപ്പോൾ എന്റെ മുമ്പിലുള്ള ചോദ്യം കവിതയും വായനക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെയെന്നതാണ്. അതെ, ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയും ഡോക്ടർ സണ്ണിയും തമ്മിലുള്ള ബന്ധമാണത്. ഇത് മനസ്സിലാക്കാൻ ഗംഗയിൽ രൂപം കൊള്ളുന്ന നാഗവല്ലിയെ കുറച്ചുനേരം കവിതയായ് സങ്കൽപ്പിച്ചു നോക്കൂ, കാര്യം വ്യക്തമാകും. സത്ഗുണസമ്പന്നയും പതിവ്രതയുമായ ഗംഗയ്ക്ക് പോലും അവളിലെ നാഗവല്ലിയെ എന്നു വെച്ചാൽ കവിതയെ തിരിച്ചറിയാനാവുന്നില്ല. കൂടെക്കിടക്കുന്ന നകുലനും കുടുംബക്കാർക്കും അതിന് സാധിക്കുന്നില്ല. അവർ ശ്രീദേവിയിൽ നാഗവല്ലിയെ/ കവിതയെ ആരോപിക്കുന്നു. നാഗവല്ലി ഗംഗയിൽ പിടിക്കപ്പെടാതെ ജീവിച്ച് അതിന്റെ മുഴുവൻ സാധ്യതകളും ആരായുന്നു. തന്റേതായ ലോകത്ത് പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ശീലിച്ചിട്ടില്ലാത്ത ഭാഷയിലെ പാട്ടായും നൃത്തമായും അണിഞ്ഞൊരുങ്ങലിനോടുള്ള ഭ്രമമായും നാഗവല്ലി നിറഞ്ഞാടുന്നു, ഡോ.സണ്ണി രംഗപ്രവേശം ചെയ്യുന്നതുവരെ.

വളരെ പെട്ടെന്ന് തന്നെ സണ്ണിക്ക് കവിതയുടെ, സണ്ണിയുടെ ഭാഷയിൽ പറഞ്ഞാൽ ഗംഗയിലെ സൈക്കിക്ക് വൈബ്രേഷൻസ് കിട്ടുന്നു. കാവ്യാനുഭവത്തിന്റെ സുന്ദരനിമിഷങ്ങളല്ലാതെ അത് മറ്റൊന്നുമല്ല. ഗംഗയിലെ കവിതയുടെ സ്വഭാവികമായ ഒഴുക്കിനെക്കുറിച്ചും അത് പങ്കുവെക്കുന്ന സംഘർഷങ്ങളെക്കുറിച്ചുമറിയാൻ സണ്ണി ഗംഗയോടൊപ്പം പലയിടങ്ങളിലും സഞ്ചരിക്കുന്നു. ആ കവിതയുടെ സംഘർഷസാധ്യതകൾ വീണ്ടും വീണ്ടും പരീക്ഷിക്കുന്നു. ഗംഗ നാഗവല്ലിയിലേക്കെത്തിച്ചേർന്ന വഴികളിൽ ഭൂതകാലത്തിന്റെ കുളിരുണ്ടോ എന്നന്വേഷിക്കുന്നു. അതൊരിക്കലും പലരും ഉറപ്പിച്ച പോലെ ശ്രീദേവിയിലല്ലെന്ന് വായിച്ച്, വായിച്ച് ഹരിച്ചും ഗുണിച്ചും ഉറപ്പു വരുത്തുകയും ശ്രീദേവിയെ വേറൊരു തരത്തിൽ സ്വതന്ത്ര്യയാക്കുകയും ചെയ്യുന്നു. താനല്ല പലരും വിശ്വസിച്ചിരുന്ന പോലെ പാട്ടു പാടിയ, നൃത്തം ചെയ്യുന്ന പലതും എറിഞ്ഞുടയ്ക്കുന്ന കവിയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ശ്രീദേവിക്ക് പൊട്ടിക്കരയേണ്ടിവരുന്നു. താനറിയാത്ത കവിത തന്നിലാരോപിക്കപ്പെടുമ്പോൾ ശ്രീദേവിയും അതാസ്വദിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഒരർത്ഥത്തിൽ കവിയാവാൻ ആഗ്രഹിക്കാത്തവരാരുണ്ട്? അപ്പോഴും ഗംഗയുടെ ഉള്ളിലിരുന്ന് കവിത കരുത്തുകാട്ടി.

തന്നെ ആഴത്തിൽ കൊണ്ടു നടക്കുമെന്ന് വിശ്വസിക്കുന്ന ഒരു സ്വപ്നവായനക്കാരനെ നാഗവല്ലി എന്ന കവിത സൃഷ്ടിക്കുന്നു. അയാൾക്കു മുന്നിലൂടെ പ്രേതമായും ശബ്ദമായും വെള്ളസാരിയായും നടക്കുന്നു. വഴക്കു കൂടുന്നു. ഒളികണ്ണിട്ടു കൊതിക്കുന്നു. അവനില്ലാതെ മുന്നോട്ടു പോവാനാവില്ലെന്ന് പറയാതെ പറയുന്നു. ഗംഗയിലൂടെ കൂടുതൽ വിനയത്തോടെ ഭവ്യത കാട്ടുന്നു. പക്ഷെ കവിതയുടെ ഉറക്കവും ഭ്രാന്തും പ്രണയവുമൊക്കെ സണ്ണി എന്ന വായനക്കാരൻ ഏറെക്കുറെ അളന്നു കഴിഞ്ഞിരുന്നു. ഒടുക്കം നാഗവല്ലി ഗംഗയുടെ സ്വന്തം കവിതയാണെന്നും താനത് വായിച്ചു കഴിഞ്ഞെന്നും ഒരു തവണ തോന്നിപ്പിക്കാൻ നല്ല വായനക്കാരനല്ലാത്ത നകുലനെ കച്ചകെട്ടുന്നു. കവിതയുടെ വിശ്വരൂപം കണ്ട്, മിന്നൽക്കരുത്ത് കണ്ട് നകുലൻ ഞെട്ടുന്നു. വിട മാട്ടേ, വിട മാട്ടേ, അപ്പം നീ എന്നെ ഇങ്കെയിരുന്ത് എങ്കയും പോക വിടമാട്ടേ എന്ന് സ്വപ്ന വായനക്കാരനിലെത്താനാവാതെ ഗംഗയിലെ കവിത ആക്രോശിക്കുന്നു. ഒടുക്കം മറ്റുള്ളവർക്കും ദൃശ്യമാവുന്ന മട്ടിൽ ഗംഗയിലെ കവിതയെ ആസ്വദിക്കാനുള്ള അവസരം സണ്ണി ഒരുക്കുന്നു. ഓജസ്സും തേജസ്സുമുള്ള ഭാര്യയെ നകുലന് സമ്മാനിക്കണമെന്നും കവിതയെഴുതുന്ന ഭാര്യയെ (ഗംഗയെ ) മനസ്സിലാക്കാനുളള കഴിവ് നകുലനെന്ന കേവല പത്രവായനക്കാരനില്ലെന്നും സണ്ണി തിരിച്ചറിയുന്നു. കവിത ഇനിയും പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും അതുകൊണ്ട് ഗംഗയെ പ്രചോദിപ്പിക്കുന്ന ഇടങ്ങളിൽ നിന്ന് അരുചികരമായ തിരക്കുകളിലേക്ക് കൊണ്ടുപോകാനുള്ള സണ്ണിയുടെ ആഗ്രഹത്തെ ഗംഗ സ്വന്തം തീരുമാനമാക്കി മാറ്റുന്നു. കുറച്ചെങ്കിലും ആവിഷ്‌കരിക്കാൻ കഴിഞ്ഞതിന്റെ ബലത്തിൽ ഗംഗ അതിനായ് മടക്ക യാത്രയ്‌ക്കൊരുങ്ങുന്നു. എന്നെങ്കിലും ശ്രീദേവിയും കവിതയെഴുതിയേക്കുമെന്നുള്ള ശുഭാപ്തിവിശ്വാസത്തിൽ പിന്നീട് വായിക്കാൻ വരാമെന്ന ഉറപ്പിൽ ഡോ സണ്ണി എന്ന വായനക്കാരനും മറ്റൊരു കാവ്യസമാഹാരത്തിലേക്ക് മടങ്ങുന്നു. കൂടാതെ കൂടുതൽ മികച്ച കവിതകളെഴുതാൻ കെൽപുള്ള കാട്ടുപറമ്പൻ ചേട്ടനെ പൂർണമായും ഭേദമാക്കാൻ നിൽക്കാതെ സ്വതന്ത്രനാക്കുന്നു.

ഒരർത്ഥത്തിൽ ഗംഗയുടെ ചുറ്റുമുള്ളവരിൽ പലരും അവളിലെ കവിതയെ വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ സണ്ണിയോളം ആഴത്തിലും ഉയരത്തിലും ഉൾക്കൊണ്ടവർ ആരുമില്ല തന്നെ. സണ്ണി ശീലിച്ച കാവ്യാഭ്യാസം അതിന് തീർച്ചയായും സഹായിച്ചിട്ടുണ്ട്. പഴയ വായനക്കാരനായ തിലകന്റെ തിരുമേനിയും മോശക്കാരനല്ല. അയാൾ പക്ഷെ പഴയ ഭാവുകത്വത്തിന്റെ തടവുകാരനാണ്. എങ്കിലും ഗംഗയിലുളള പ്രതിഭയെ അയാൾ തള്ളിപ്പറയുന്നില്ല. എന്നു മാത്രമല്ല മനസ്സിലാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. കൂടുതൽ മികച്ച രീതിയിൽ അതിന് സാധിക്കുമെന്ന് കരുതുന്ന സണ്ണിയിലെ പുതിയ വായനക്കാരനിൽ വിശ്വസിക്കുകയും വേണ്ടുവോളം കേട്ടിരിക്കയും ക്ലൈമാക്സിൽ കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്യുന്നു.

കവിത നാഗവല്ലിയോളം പോന്ന ഒരു വ്യവസ്ഥയാണ്. അതിനെ മനസിലാക്കാൻ ബഹുസ്വരമായ വ്യവസ്ഥകളെ കണ്ടു ശീലിച്ച, അഭ്യസിച്ച, ഏറ്റവും ചുരുങ്ങിയത് പ്രാപ്തനായ ഭാവനാസമ്പന്നനായ ഒരു വായനക്കാരനുണ്ടായാൽ നന്ന് എന്ന് മാത്രമാണ് പറഞ്ഞുവന്നത്. അതേസമയം സണ്ണിക്കു ചുറ്റുമുള്ളവർ അനുഭവിച്ചതിനെ വില കുറച്ച് കാണേണ്ടതുമില്ല എന്ന് വാൽക്കഷ്ണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...