കാടിനെക്കുറിച്ച് പറഞ്ഞ് ഉമ്മയിലേക്ക് അതോ ഉമ്മയെക്കുറിച്ച് പറഞ്ഞ് കാട്ടിലേക്കോ?

0
394

വായന

അരുണ്‍ ടി. വിജയന്‍

കവിത എഴുതുന്നതല്ല, അത് സംഭവിക്കുന്നതാണ് എന്ന അക്ബര്‍ സാക്ഷ്യത്തില്‍ നിന്ന് തന്നെ ലോഗോസ്‌ ബുക്സ്‌ പട്ടാമ്പി പർസ്സിദ്ധീകരിച്ച ‘കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല’ എന്ന കവിതാ സമാഹാരത്തിന്റെയും വായന ആരംഭിക്കാമെന്ന് തോന്നുന്നു. കവിതയുടെ നിര്‍വ്വചനങ്ങളോ സൗന്ദര്യശാസ്ത്ര വിശദീകരണങ്ങളോ ഒന്നുമറിയാതെ കവിതയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് അക്ബര്‍. സത്യമംഗലം എന്ന് കേള്‍ക്കുമ്പോള്‍ വീരപ്പനെ ഓര്‍മ്മ വരുന്നത് പോലെ കവിതാ പ്രേമികള്‍ക്ക് നേര്യമംഗലം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക അക്ബറിനെയാണ്. അതിന് സച്ചിദാനന്ദന്‍ പുഴങ്കരയുടെ ഉമ്മ എന്ന കവിതയും കാരണമാണ്. ആ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത് അക്ബര്‍ എന്ന കവിയല്ല ‘നേര്യമംഗലം കാട്ടിലെ പുല്ലേ, ആടെയെങ്ങാനുമെന്‍ അക്ബറെ കണ്ടോ?’ എന്ന് അന്വേഷിച്ച് നടക്കുന്ന ഉമ്മയാണ്. വളരെ പൊളിറ്റിക്കലാണ് അക്ബര്‍ എന്ന കവിയും മനുഷ്യനും. ‘ഞാന്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാം, കൂടെയെന്റെ നേര്യമംഗലത്തെയും കൊണ്ടുപോകും.’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പുഴങ്കരയെഴുതിയ മറുകുറിപ്പായിരുന്നു ഉമ്മ എന്ന കവിത. മുമ്പ് ഇറങ്ങിയ ‘ബാംസുരി’, ‘അക്ബറോവ്സ്‌കി’ എന്നീ അക്ബര്‍ കവിതകള്‍ പ്രകാശനം ചെയ്തത് അദ്ദേഹത്തിന്റെ ഉമ്മ തന്നെയായിരുന്നു. എന്നാല്‍ ‘കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല’ എന്ന കവിതാ സമാഹാരം പുറത്തിറക്കാന്‍ ആ ഉമ്മയുണ്ടായിരുന്നില്ല. പകരം മറ്റ് രണ്ട് അമ്മമാര്‍ ചേര്‍ന്ന് പുസ്തകം വായനയ്ക്കായി വിട്ടുനല്‍കി. ഇത്രയും വ്യക്തിപരം. ഇനി കവിതകളിലേക്ക് പോകാം.

പുസ്തകത്തിലെ രണ്ടാമത്തെ കവിതയില്‍ നിന്ന് അക്ബറിന്റെ രാഷ്ട്രീയം വ്യക്തമാണ്. അത് ചോരയൊലിപ്പിക്കുന്ന രാഷ്ട്രീയവും ചോര നക്കിക്കുടിക്കുന്ന രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ഈറ്റക്കോല്‍പ്പാട്ട് എന്ന കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത് നേര്യമംഗലം കാടും പുഴയുമാണ്. ഇലഞെരമ്പുകളെ വഴിയാക്കി നടത്തി ജീവന്റെയറ്റത്തേക്കുള്ള യാത്രയാണ് ഇലവഴി എന്ന കവിത. പക്ഷിക്കണ്ണിലെ കാഴ്ചകള്‍, കുയില്‍ എന്നീ കവിതകളും പ്രകൃതിയുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ കുയില്‍ എന്ന കവിതയില്‍ നിന്നാണ് കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല എന്ന ടൈറ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.

‘കാടില്ലേലും ചിറകില്ലേലും പാട്ടില്ലേലും
വെള്ളത്തിനടിയിലെ കുയിലാണ് ഞാന്‍
ഒഴുക്കിലും ചിറകൊതുക്കിയനങ്ങാതെ
മീനുകള്‍ക്കിടയില്‍ പേരിനാല്‍ വേറിട്ട്
വരാലും കൂരിക്കുമില്ലാത്തതാം പത്രാസു-
മായി തുഴയുകയാണ് ദൂരങ്ങള്‍, നേരങ്ങള്‍’

എന്ന് പറഞ്ഞ് കവി കുയില്‍ എന്ന മീനിനെ വിവരിക്കുന്നു.

മുറി(വ്) എന്ന കവിത ഉമ്മയെക്കുറിച്ച് തന്നെയാണ്. മറ്റ് രണ്ട് സമാഹാരങ്ങളിലുമെന്നത് പോലെ ഈ കവിതയിലൂടെ ഈ സമാഹാരത്തിലും ഉമ്മയെ അടയാളപ്പെടുത്തുന്നു. ‘മുറികള്‍ക്ക് ജീവനുണ്ടെന്ന് തോന്നിയിട്ട് അധികമായിട്ടില്ല, മുറിയില്‍ സ്ഥിരമായുണ്ടായിരുന്ന ചിരി ഒരു വൈകുന്നേരമങ്ങ് ഇറങ്ങിപ്പോകും വരെ.’ എന്ന വരികളിലൂടെ ഉമ്മയുടെ വേര്‍പാടുണ്ടാക്കിയ മുറിവ് അക്ബര്‍ വ്യക്തമാക്കുന്നു. ഉമ്മകളുടെ ദിവസവും ഉമ്മയില്ലായ്മയെക്കുറിച്ചാണ്. പേര് പോലെ ഉമ്മയും ചുംബനങ്ങളുമാണ് അതില്‍ നിറയെ. കുഴൂര്‍ വില്‍സന്റെ കവിതകളിലെ ഉമ്മകള്‍ ഒരു ദിവസം രാവിലെ വീട്ടിലേക്ക് ഇരച്ചുകയറിയപ്പോള്‍ മുറികളായ മുറികളിലൊന്നും ഉമ്മയെ കാണാതെ സങ്കടപ്പെട്ടുവെന്നാണ് ഈ കവിതയില്‍ അക്ബര്‍ പറയുന്നത്. എങ്കിലും ഉമ്മ നടന്ന വഴികളിലൂടെ അത്യുത്സാഹത്തോടെ നടന്ന ആ ഉമ്മകളില്ലാതെ സ്നേഹത്തെ എങ്ങനെ എഴുതിവയ്ക്കാനാണ് എന്ന ഒരു പൊതുതത്വവും അക്ബര്‍ ഇവിടെ ചോദിക്കുന്നുണ്ട്.

അക്ബറിന്റെ കവിതകളിലെ കാടിനെയും ഉമ്മയെയും വേര്‍തിരിച്ചെടുക്കല്‍ ഒരു കടുപ്പം പിടിച്ച പണിയാണ്. കാടിനെക്കുറിച്ച് പറഞ്ഞുകൊണ്ട് തന്നെ അദ്ദേഹം ഉമ്മയിലേക്കെത്തും അല്ലെങ്കില്‍ നേരെ തിരിച്ചും. പലപ്പോഴും മരങ്ങളില്‍ നിന്നാണ് ആ കവിതകളില്‍ ഉമ്മയെ കണ്ടെത്തുന്നത്. നീല മരം അത്തരത്തിലൊരു കവിതയാണ്. സ്പര്‍ശനത്തിലൂടെ മാത്രമല്ല, തണലായും തലോടലായും ആ കവിതകളില്‍ കാട് കാടിറങ്ങിവരും. കാട്ടില്‍ വിറകെടുക്കാന്‍ പോയി ഒറ്റയ്ക്കിരിക്കുന്ന ഉമ്മ കണക്കെ. മഹാഗണിക്കിടയിലും ഇലവിരലുകള്‍ക്കിടയിലും ആ കവിതകള്‍ ഉമ്മ വിരല്‍ കണ്ടെത്തും. ഉമ്മ നടന്ന വഴി പോവാന്‍ വലിയ പാടാണ് എന്ന് പറയുന്ന പച്ച നടത്തമാണ് അത്തരത്തിലുള്ള മറ്റൊരു കവിത. ഉമ്മ ഉണരുന്നതിന് പിന്നാലെ കാടും ചുറ്റിലുമുള്ള ലോകവുമെല്ലാം ഉണരുന്നതെങ്ങനെയാണെന്ന് ഈ കവിത പറയുന്നു.

ഉമ്മയും കാടുമൊന്നുമില്ലാത്ത വളരെ കുറച്ച് കവിതകളേ ഈ പുസ്തകത്തിലുമുള്ളൂ. ഉപമയില്ലാത്ത വരികള്‍ എന്ന കവിതയിലെ പാവം പാലം പോലെ. ആളുകള്‍ നടക്കാതായപ്പോള്‍ പുഴ ഒഴുക്ക് നിര്‍ത്തിയെങ്കിലും ആരോടും ഒന്നും ചോദിക്കാതെ അക്കരയിക്കരെ കടത്തുന്ന പാലം പാവമാണെന്നാണ് ഇതില്‍ പറയുന്നത്. തമിഴ്പാട്ടിലെ കറുത്തവഴി പോലെ മറ്റ് കവിതകളുടെ ശൈലിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ചില കവിതകളുണ്ടെങ്കിലും നേര്യമംഗലത്തിനപ്പുറത്തേക്കും ഉമ്മയുടെ വിരലുകള്‍ വിട്ടും ഒരു ലോകമില്ല അക്ബറിനും അദ്ദേഹത്തിന്റെ കവിതകള്‍ക്കും. അക്ബറിന്റെ ഓരോ കവിതയും ഓരോ വിശേഷങ്ങളാണ്. പറഞ്ഞാലും പറഞ്ഞാലും തീരില്ല ആ വിശേഷങ്ങള്‍. ഇതുവരെയുണ്ടാവാത്ത, ആരും വായിക്കാത്ത കവിതകള്‍ അക്ബര്‍ ഇപ്പോഴും കീശയില്‍ കരുതിയിട്ടുണ്ട്. നമുക്ക് കാത്തിരിക്കാം ആ കവിതകള്‍ക്കായി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here