നിറഭേദങ്ങൾക്കുമപ്പുറം

0
174

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

കാലം 1987. ബംഗളുരുവിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാളായില്ല. നാട്ടിലെ ചങ്ങാതിക്കൂട്ടങ്ങളെ പ്രതീക്ഷിച്ച് സായാഹ്നസവാരിക്കായുള്ള കാത്തിരിപ്പിനായി വായനശാലയിലേക്കിറങ്ങിയതാണ്. രാവിലെ പത്രത്തിനും ചായയ്ക്കുമൊപ്പം മാത്രം സജീവമാകാറുള്ള ചായപ്പീടികയിൽ പതിവില്ലാത്ത ആൾക്കൂട്ടം. അടക്കം പറച്ചിലുകൾ. എന്തോ അത്യാഹിതമോ അരുതായ്മയോ സംഭവിച്ചിരിക്കാനിടയുണ്ട്. ഞാൻ ചെവി വട്ടം പിടിച്ചു : ഒരു പിഞ്ചു പൈതലിൻ്റെ മാതാവായ യുവതി ജീവിതം അവസാനിപ്പിച്ചിരിക്കുന്നു ??. ആത്മഹത്യയെ കുറിച്ച് കേൾക്കുമ്പോഴൊക്കെ ഞാൻ എൻ്റെ കുട്ടിക്കാലത്തേക്ക് ഭയവിഹ്വലനായി പിന്തിരിഞ്ഞോടാറുണ്ട്. മനോനില തെറ്റിയ ‘നൊസ്സിച്ചി’ കല്ലുഏടത്തിയുടെ മകൾ ഗൗരിയേച്ചി എന്തിന് വേണ്ടിയായിരുന്നു അകാലത്തിൽ വിട ചൊല്ലിയത്?

രണ്ട് മൂന്ന് വീട്ടുപറമ്പുകൾക്കപ്പുറത്തായിരുന്നു മൺകട്ട കൊണ്ട് പണിത അവരുടെ കൊച്ചു വീട്. തൻ്റെ മൂത്തമ്മയുടെ വീട്ടിൽ പോയി സ്വസ്ഥമായി തയ്യൽപ്പണി ചെയ്ത് നിറം കെട്ടുപോയ ജീവിതത്തിന് സ്വപ്നച്ചിറക് നെയ്തിരുന്ന പ്രിയപ്പെട്ട ഗൗരിയേച്ചി. അവരുടെ ചുമലിൽ തൂങ്ങിയാടിയുള്ള നമ്മുടെ കളിയൂഞ്ഞാൽ യാത്രയുടെ ചിരിയൂറുമോർമ്മകൾ. പിൻകഴുത്തിലെ കറുത്ത മറുകഴക്. തയ്യൽ യന്ത്രം ചവുട്ടി ചലിപ്പിക്കുന്നതിൻ്റെ മാസ്മര ശബ്ദസഞ്ചാരങ്ങൾ….നിശ്ശബ്ദത തളം കെട്ടിനിന്ന ഇലയനക്കം തെല്ലുമില്ലാത്ത മധ്യാഹ്നം. പഴുത്ത ചക്ക ഞെട്ടറ്റ് നിലം പതിച്ച ഒച്ച ഞാൻ കേട്ടതായി ഓർക്കുന്നു. ഗൗരിയേച്ചി ആത്മഹത്യയ്ക്കൊരുങ്ങി കഴുത്തിൽ കുരുക്ക് മുറുക്കാനായി കയറി നിന്ന ഉരൽ മറിഞ്ഞു വീണ ശബ്ദമായിരുന്നു അതെന്നറിഞ്ഞത് നാളുകൾ കഴിഞ്ഞാണ്. ഓലപ്പുരയിലെ തിങ്ങിനിറഞ്ഞ ജനാവലിയിൽ മെഴുക്ക് പുരണ്ട മരജനാലയഴിക്കുള്ളിലൂടെ ഇരുട്ട് പതുങ്ങി നിന്ന അകന്ന് നിശ്ചലമായി തൂങ്ങി നിന്ന രണ്ട് കാലുകൾ. ഉറക്കം വരാത്ത രാത്രികൾ സമ്മാനിച്ച ആ നടുക്കുന്ന ഓർമ്മകൾ ഇപ്പൊഴും എന്നെ പിന്തുടരാറുണ്ട്.

ചായക്കട ഉടമ കൂടിയായ സെക്രട്ടറി എന്നെ കൈമാടി വിളിച്ചു. “നിന്നെക്കൊണ്ടൊരുപകാരമുണ്ട്… ”
ഞാൻ കൗമാരക്കാരൻ്റെ ആവേശത്തോടെ അദ്ദേഹത്തിൻ്റെ തുടർവാക്കുകൾ കേൾക്കാൻ സന്നദ്ധനായി. ” ബന്ധുവീടുകളിൽ മരണ സന്ദേശവുമായി പോകാൻ പരിചയക്കാരെയും ജീപ്പും ഏർപ്പാടാക്കീട്ടുണ്ട്… പക്ഷേ, കർണ്ണാടകയിലെ കുടകിൽ ഹോട്ടൽ തൊഴിലാളിയായ ചേട്ടൻ യതീന്ദ്രനെ കണ്ടുപിടിപ്പതെങ്ങനെ??….

നൊടിയിട ഞാൻ ചിന്തയിലാണ്ടു. മനസ്സ് ചുരം കയറാൻ തുടങ്ങി. ഫോൺ വിളിയോ കത്തിടപാടുകളോ കക്ഷിക്ക് പതിവില്ല. അവനെ തേടിപ്പിടിച്ച് വിവരം പറയണം. ഭാഷ നിനക്ക് പ്രശ്നമല്ലല്ലോ?…. കുടകിൽ കുരുമുളക് പറിക്കാൻ പോകാറുള്ള കുഞ്ഞീഷ്ണനെയും ഒപ്പം കൂട്ടിക്കോളൂ….” നല്ലവരായ നാട്ടുകാർക്ക് വേണ്ടി മുന്നിൽ നിന്നു കൊണ്ട് സഖാവ് സഗൗരവം സംഗതി അവതരിപ്പിച്ചു. “എത്രയുംപെട്ടെന്ന് പുറപ്പെട്ടാൽ കക്ഷിയെയും കൂട്ടി നാളെ രാവിലെ തന്നെ തിരിച്ചെത്താം… ബോഡി എത്താൻ എന്തായാലും വൈകും.”

“*എസ്സ്കാരുടെ കോട്ടയാ മോനേ കൊടക് . ഒരു കണ്ണ് എപ്പോം കരുതിക്കോ ! ചായ ഗ്ലാസ് വിരലിൽ ചുറ്റിച്ചു കൊണ്ട് പോച്ചോളി എന്ന് വിളിപ്പേരുള്ള ഫൽഗുണൻ വിടുവായിത്തം വിളമ്പിയത് ഏറ്റുപിടിക്കാനും ചിലരുണ്ടായിരുന്നു. അങ്ങനെ കുഞ്ഞീട്ടേട്ടനും ഞാനും യാത്ര ചെലവിനായ് തന്ന തുകയും കൈപ്പറ്റി കുടകിലേക്ക് പുറപ്പെടാനായി കൂത്തുപറമ്പിലേക്കുള്ള വണ്ടി കയറി.

” നമ്മൾക്ക് ഓരോ കുറി തൊട്ടാലോ…. ”

കർണ്ണാടകയിലേക്കുള്ള ബസ്സുകാത്തു നിൽക്കവേ കുഞ്ഞീട്ടേട്ടൻ സന്ദേഹപ്പെട്ടു. ഫൽഗുണൻ്റെ ഗുണദോഷിക്കൽ മുന്നറിയിപ്പ് ഒരുവേള എന്നിലും മിന്നി. ബസ്സ്റ്റാൻ്റിലെ വളച്ചെട്ടി അച്ചുവേട്ടൻ്റെ പാൽവെട്ടം പൊഴിച്ച ഫാൻസിക്കടയിലേക്ക് ഞങ്ങൾ ധൃതിപ്പെട്ടു. ശിങ്കാർ കുങ്കുമത്തിൻ്റെ ചെറിയ ഡപ്പി കീശയിൽ കരുതുമ്പോൾ കുഞ്ഞീട്ടേട്ടൻ്റെ മുഖത്ത് ആശ്വാസത്തിൻ്റെ ചിരി തെളിഞ്ഞു. കൂട്ടുപുഴകടന്ന് ബസ്സ് കർണ്ണാടക അതിർത്തിയായ മാക്കൂട്ടം കാട്ടിലേക്ക് കടന്നു. തഴച്ചുവളർന്ന മരച്ചില്ലകൾക്കിടയിലൂടെ നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്നു. വളഞ്ഞുപുളഞ്ഞ് ഉയരങ്ങളിലേക്ക് നീണ്ടുപോകുന്ന ചുരം റോഡ് പിന്നിട്ട് ബസ്സ് വീരാജ്പേട്ട ടൗണിലെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. ആളുകൾ ബസ്സിറങ്ങി ധൃതിപ്പെട്ട് നടന്നു. അകലെ പുൽമേടുകളിൽ ചുറ്റികറങ്ങി ചുറ്റുവട്ടമുള്ള പാടശേഖരങ്ങളെ തഴുകിയെത്തിയ കാറ്റിൻ്റെ തണുത്ത ഞൊറികൾ ഞങ്ങളെ പുൽകി. നെറ്റിയിലെ സിന്ദൂരതിലകം നേരിയ അന്തി വെളിച്ചത്തിൽ തിളങ്ങി. അത് ചോരച്ചാലു പോലെ ഒലിച്ചു. രണ്ട് കോമരങ്ങളായി മൂവന്തിയിൽ , മറ്റൊരു ദേശത്ത് പരിചിതമല്ലാത്ത ഒരു നാൽക്കവലയിൽ ഞങ്ങൾ അമാന്തിച്ചു നിന്നു. താഴെ, താണ്ടിയെത്തിയ വഴികളിൽ അസ്തമയത്തിലാറാടിയ വൃക്ഷത്തലപ്പുകൾ ! ഓടുപാകിയ പുരാതനകെട്ടിടങ്ങൾ. മലബാറിൻ്റെ മുഖച്ഛായ പേറിയ അങ്ങാടികൾ. കച്ചവടക്കാരായ മലയാളികൾ. ആളും ആരവവും നിറഞ്ഞ തെരുവുകൾ. തിരക്കിട്ടോടുന്ന ഓട്ടോറിക്ഷകൾ. പഴക്കം ബാധിച്ച പൊതുജന ബസ്സുകൾ. പൗരുഷം മുറ്റിയ പുരുഷ കേസരികൾ. പ്രത്യേക ചേലിൽ ചേലചുറ്റിയ സുന്ദരികളായ കൊടഗത്തികൾ. വീട് പിടിക്കാനുള്ള തത്രപ്പാടിൽ പരക്കം പായുന്ന ജനങ്ങൾ. സിനിമാ പോസ്റ്റർ പതിച്ച ചുമരുകളോ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളോ ചുമരെഴുത്തോ കണ്ടില്ല !?

സഖാവ് കുറിച്ചു തന്നിരുന്ന കടലാസും ഫോട്ടോയും പുറത്തെടുത്തു.

യതീന്ദ്രൻ,
സോമവാർപ്പേട്ട,
കുടക്.

കൂട്ടുകാരനൊപ്പം ചുരുണ്ട മുടിയുള്ള ബെൽബോട്ടം പേൻ്റ് ധരിച്ച, ഫോട്ടോയിലെ യതീന്ദ്രനെ കണ്ടെത്തി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം സഫലമാകുമോ? മടിക്കേരിയിലേക്കുള്ള ലാസ്റ്റ് ബസ്സ് കാത്തു കിടന്നിരുന്നു. തലയിൽ വട്ടക്കെട്ടും കഴുത്തിൽ മഫ്ലറും ധരിച്ച കട്ടിമീശയുള്ളവരുമായ *കരിയപ്പയുടെ നാട്ടുകാർ. അവരുടെ കടുക് വറക്കുന്ന *കൊഡവമൊഴി പേച്ചിനിടയിലൂടെ മിലിട്ടറി റം ൻ്റെ മണം പരക്കുന്നു. പാത വെളിച്ചമില്ലാത്ത റോഡിലൂടെ കാപ്പിത്തോട്ടത്തിനരികുപറ്റി ബസ്സ് വിറച്ച് കുലുങ്ങി ഓടിക്കൊണ്ടിരുന്നു.

മടിക്കേരിയിലെ അരണ്ട വെട്ടത്തിൽ നിന്നും ഓട്ടോ പിടിച്ച് നിബിഢവനഭൂമിയിലെ വിജനമായ പാതയിലൂടെ ശുണ്ടികൊപ്പയിലെത്തുമ്പോഴേക്കും ഞങ്ങൾ പരവശരായിരുന്നു. തണുപ്പ് കാറ്റേറ്റ് തല പെരുത്തു. ചെവിയും മന്ദിച്ചു പോയിരുന്നു. കൂടാതെ വയറ്റിൽ നിന്നും വിശപ്പിൻ്റെ പാമ്പൻ പുളഞ്ഞു കരഞ്ഞു. കേരളത്തനിമ തോന്നിച്ച ഒരു ഇടത്തരം ഹോട്ടലിലേക്ക് ഞങ്ങൾ വഴി ചോദിച്ചറിയാനും കത്തലടക്കാനുമായി ഓടിക്കയറി. തലശ്ശേരിക്കാരൻ മുസ്തഫയുടെ അറഫാ ഹോട്ടൽ. സ്നേഹമസൃണമായ പെരുമാറ്റത്താൽ അയാൾ ഞങ്ങളെ എതിരേറ്റു. പതിഞ്ഞു വീശുന്ന ശീതകാറ്റിൽ എവിടെയെങ്കിലും കാവി കൊടികൾ പാറുന്നുണ്ടോ?!
ഞാൻ ഹോട്ടലിനു പുറത്തെ കമ്പിത്തൂൺ വെട്ടം വിണ കവലയിലേക്ക് വെറുതെ നോട്ടമെറിഞ്ഞു.

വാഷ് ബേസിനോട് ചേർന്ന ചുമർക്കണ്ണാടിയിൽ തെളിഞ്ഞ ‘ഫൽഗുണസിന്ദൂരതിലക’ത്തിനു നേരെ ഞാൻ ജാള്യതയോടെ പുരികകൊടിയുയർത്തി. ടാപ്പിലെ തണുത്ത വെള്ളത്തിൻ്റെ കുളിർമ്മ മനസ്സിലേക്കും പടർന്നു കയറി. ആകസ്മികമായ് സംഭവിച്ചതാണെന്ന് ഭാവിച്ച്, നെറ്റിയിലെ കുങ്കുമചാന്ത് ഞാൻ വെള്ളം തെറ്റി തൂത്തുകളഞ്ഞു. കുഞ്ഞീട്ടേട്ടനും ഒരു വൃഥാശ്രമം നടത്താതിരുന്നില്ല. ഇപ്പോൾ നമുക്ക് മുന്നിൽ
രക്ഷകനായി അവതരിച്ചത് മുസ്തഫ മുതലാളിയാണല്ലോ?! കഴിച്ച ഭക്ഷണത്തിൻ്റെ പണം പോലും വാങ്ങാതെ ഒരു ടാക്സി പിടിച്ച് ഞങ്ങളെ സോമവാർപേട്ടയിലേക്ക് യാത്രയാക്കുമ്പോൾ മുസ്തഫ പറഞ്ഞു:

” വണ്ടിക്കാശിൻ്റെ കാര്യം അലോചിച്ച് നിങ്ങള് ബേജാറാക്കണ്ട..”

മരണവാർത്ത അറിയിക്കാനുള്ള ഉത്തരവാദിത്വത്തിന് നാട്ടുകാരെപ്പോലെ അയാളും പങ്കാളിയാവുന്നു. ഒരു ഹോട്ടൽ തൊഴിലാളിയോടുള്ള കരുതലിനൊപ്പം സഹോദരിയുടെ അന്ത്യയാത്രയിലെങ്കിലും ഒരു നോക്ക് കാണാനുള്ള അവസരമൊരുക്കുന്നതിലെ നന്മയും ചാരിതാർത്ഥ്യവും കൂടി ആയിരിക്കാം അതിന് കാരണം.

മുപ്പത് കിലോമീറ്ററോളം അകലെ സോമവാർപേട്ടയിലേക്ക്…..

നിറഞ്ഞ മനസ്സും വയറുമായി അര ഗമയോടെ അംബാസിഡർ കാറിലിരുന്ന്, ഇരുട്ട് നക്കി തുടച്ച് കോടമഞ്ഞ് പുതച്ചു കിടന്ന റോഡിലൂടെയുള്ള യാത്ര പഴയ ചലചിത്ര രംഗം പോലെ മനസ്സിൻ്റെ തിരശ്ശീലയിൽ നിഴൽ ചിത്രങ്ങൾ രചിച്ചു.. കുതിരവട്ടം പപ്പുവും ബഹദൂറുമായി നമ്മെ ഒരു വട്ടമെങ്കിലും ഞാൻ സ്വയം സങ്കല്പിച്ചു. കുരുമുളക് തോട്ടത്തിലെ ശൈത്യകാല ഓർമ്മകളെയും ചോര കുടിയൻ അട്ടകളേയും കുഞ്ഞീട്ടേട്ടൻ
ഓർത്തെടുക്കുകയായിരിക്കുമോ? ആൾപെരുമാറ്റമറ്റ വീതികുറഞ്ഞ നീണ്ട കാട്ടുപാത. രണ്ടു മൂന്നു പേർ ഒട്ടിപ്പിടിച്ച് ഓടിച്ചു പോകുന്ന ഇരുചക്രവണ്ടിയോ, ഇടയ്ക്ക് ഒരു പേടമാൻ മിഴിയോ കാട്ടുപന്നിയോ വാനരകൂട്ടമോ കാറിൻ്റെ ഇരട്ടകൺവെട്ടത്തിലൂടെ നമ്മുടെ കണ്ണിൽപ്പെട്ടിരുന്നു. തൊപ്പി ധരിച്ച് താടി വളർത്തിയ രോമകൂപ്പായമണിഞ്ഞ മിതഭാഷിയായ ഡ്രൈവർക്ക് ആളെ കണ്ടെത്താമെന്നുള്ള ആത്മവിശ്വാസമുണ്ട്. സോമവാർപേട്ട അയാൾക്ക് അത്രമേൽ പരിചിതവുമായിരുന്നു. ആ വെളിപാടിൻ്റെ
പിടിവള്ളിയുമായി യതീന്ദ്രൻ്റെ ഹോട്ടൽ തട്ടകത്തിലേക്ക് ഞങ്ങൾ അടുത്തു കൊണ്ടിരുന്നു.

വിളക്കുകാലിൽ നിന്നും മുനിഞ്ഞു കത്തുന്ന മഞ്ഞ വെളിച്ചത്തിൽ കോട മഞ്ഞിൻ കുളിരണിഞ്ഞ സോമവാർപേട്ട നിറം മങ്ങിയ ചുമർചിത്രം പോലെ അവ്യക്തമായിരുന്നു. ബാറിനരികെ ടാർപായ വലിച്ചുകെട്ടിയ തട്ടുകടയുടെ അടുത്ത് ടാക്സി നിറുത്തി ഡ്രൈവർ ഇറങ്ങി. അസ്ഥി തുളയ്ക്കുന്ന തണുപ്പിൽ പോർച്ചട്ടയില്ലാത്ത ഭടന്മാരെപ്പോലെ കൈകൾ മാറിൽ പിണച്ചുവെച്ചുകൊണ്ട് ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി. കീശയിൽ നിന്നും പുറത്തെടുത്ത നനഞ്ഞൊട്ടിയ ഫോട്ടോയിൽ നിന്നും തട്ടുകടയിലെ യുവാവ് ആളെ തിരിച്ചറിഞ്ഞിരിക്കണം. ദിക്ക് മനസ്സിലാക്കിയ ഡ്രൈവർ ഭായ് ഞങ്ങളെയും കൊണ്ട് ആ ഹോട്ടലുള്ള ഏരിയയിലേക്ക് വണ്ടി വിട്ടു. ഒരു മധ്യവയസ്കൻ മരവാതിലുകളുള്ള കൊച്ചു പീടികയുടെ അവസാന വെട്ടവും അണച്ച് ഹോട്ടൽ പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു.” ആള് ഇതു തന്നെ… പക്ഷേ, പേര് നിങ്ങളീ പറയുന്ന യതീന്ദ്രനല്ല…. ഇത് നമ്മ സീനപ്പ. ഹവുദുരേ…ശ്രീനിവാസു!.(അതെ,ഇത് നമ്മുടെ ശ്രീനിവാസൻ എന്ന സീനൻ). ഞങ്ങളുടെ പ്രതീക്ഷ മുറ്റിയ കണ്ണുകളിലും നീട്ടിയ ഫോട്ടോയിലും നോക്കിക്കൊണ്ട് അയാൾ അദ്ഭുതം കൂറി. ഡ്രൈവർ ഭായിയുടെ കണ്ണിൽ സംശയത്തിൻ്റെ നിഴലിളക്കം. നമ്മുടെ ഇരട്ടചങ്ക് തകർത്ത് ആശങ്കയുടെ കിളി പറന്നു.

തൻ്റെ അനുജൻ ശ്രീനിവാസൻ്റെ പേരിലാണ് യതീന്ദ്രൻ ഇവിടെ അറിയപ്പെട്ടിരുന്നത് എന്നത് പുതിയ അറിവാകുന്നു. ഫോട്ടോ തന്ന് വിട്ടിരുന്നില്ലെങ്കിൽ പെട്ടേനേ!. പ്രിയപ്പെട്ട യതീന്ദ്രാ… നീ ഏത് കാണാമറയത്താണ് ഉള്ളത് ?. ഇതാ നമ്മൾ നിൻ്റെ സോമവാർപേട്ടയിൽ, തൊട്ടരികിൽ എത്തിയിരിക്കുന്നു! കലുഷമായ മനസ്സിൻ്റെ പിരിമുറക്കത്താൽ ഒന്നുറക്കെ വിളിച്ചു കൂവണമെന്ന് തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു. “അവൻ ഏതാനും വർഷം ഇവിടെ ജോലി ചെയ്തിരുന്നു. ഒരു മാസമായി മൈസൂരിലെവിടെയോ ആണ് ഉള്ളത്. ആദ്രേ, നനഗെ ജാഗ ഗൊത്തില്ല അണ്ണവരെ ” (പക്ഷേ, എനിക്ക് അഡ്രസ്സറിയില്ല ചേട്ടാ ). അവനെത്തേടി നാട്ടിൽ നിന്നും ഇത്രയും ദൂരം താണ്ടി വന്നതിൻ്റെ കാരണം അറിഞ്ഞും നമ്മുടെ പരവേശം കണ്ടും
ഹോട്ടലണ്ണൻ നിസ്സഹായതയോടെ സഹതപിച്ചു. കാതങ്ങളോളം സഞ്ചരിച്ചിട്ടും ലക്ഷ്യപ്രാപ്തിയിലെത്താത്ത നമ്മുടെ യാത്ര അത്രമേൽ നിരാശപടർത്തി. സമയം മരിച്ചവർക്കു വേണ്ടി പോലും കാത്തു നിൽക്കില്ല എന്ന വലിയ തിരിച്ചറിവുമായി ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി. മുസ്തഫ മുതലാളിയെ കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. നേരം ഒരുപാട് ഇരുട്ടിയിട്ടും കട തുറന്ന് വെച്ച് നമ്മളെയും പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. ഹോട്ടലിലെ ലാൻറ്ലൈൻ ഫോണിൽ നിന്നും നാട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. നന്ദി പറഞ്ഞു കൊണ്ട് ഫോൺ നമ്പറും വിലാസവും ചോദിച്ച് വാങ്ങുമ്പോൾ കടം വീട്ടാനുള്ളതാണെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

തിരിച്ച് കൂത്തുപറമ്പിൽ ബസ്സിറങ്ങുന്നേരം നേരം പരപരാ വെളുത്തിരുന്നു. വാഹനങ്ങളുടെ ഇരമ്പത്തിൽ ഞങ്ങൾ ആൾത്തിരക്കിലൂടെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കവെ, കൈവിരലുകൾ കൊണ്ട് നെറ്റിത്തടത്തിൽ ഒന്നുകൂടി തിരുമ്മാൻ ഞാൻ തീരുമാനിച്ചു. കീശയിലെ ശിങ്കാരകുങ്കുമം എന്തു ചെയ്യണമെന്നതിലായിരുന്നു നേരിയ ശങ്ക. ഹൃദയാരാമത്തിൽ വിരിഞ്ഞ ഓർമ്മ പൂക്കൾ അർപ്പിച്ചുകൊണ്ട്, പ്രിയ സഹോദരിക്ക് അന്ത്യയാത്രാമൊഴിചൊല്ലി മരണവീട്ടിൽ നിന്നും ഞങ്ങൾ നിശ്ശബ്ദരായി പടിയിറങ്ങി. യാത്രാക്ഷീണത്തിനു പകരം കൊടികളുടെ നിറവും ഉടലടയാളവും ജാതി മത ചിന്തയുമില്ലാത്ത, നന്മ വറ്റാത്ത മനുഷ്യരുടെ സാമീപ്യം അനുഭവിച്ചറിഞ്ഞ കുളിർമ്മയായിരുന്നു അപ്പോൾ മനസ്സ് നിറയെ.

* കെ.എം.കരിയപ്പ = ആദ്യ ഇന്ത്യൻ കരസേനാ മേധാവി,മടിക്കേരി സ്വദേശി .
* എസ്സ് = ആർ.എസ്.എസ്സ്
* കൊഡവ= കുടകിലെ പ്രാദേശിക ഭാഷ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here