ദ മെസ്മറൈസിങ് മെസ്സി

0
152

പവലിയൻ

ജാസിർ കോട്ടക്കുത്ത്

എൽ ക്ലാസിക്കോ മത്സരം ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ഫിക്സ്ചറുകളിൽ ഒന്നാണ്. ലോക ഫുട്ബോളിലെ അതികായന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾ എന്നും വീറും വാശിയും നിറഞ്ഞതായിരിക്കും. ഇരു ടീമുകളിലും കളിക്കുന്ന വലിയ താരനിര, സ്പെയിനിലെ ആഭ്യന്തര കലഹങ്ങളുമായി ബന്ധപ്പെട്ട് ടീമുകൾ എടുത്ത രാഷ്ട്രീയ നിലപാടുകൾ ബന്ധപെട്ടുള്ള ചരിത്രം തുടങ്ങിയവയെല്ലാം എൽ ക്ലാസിക്കോയെ ശ്രദ്ധേയമാക്കുന്നു. ലാലിഗ, കോപ്പ ഡെൽറേ, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ എല്ലാം റയൽ – ബാഴ്‌സ പോരാട്ടങ്ങൾ നടക്കാറുണ്ട്. അവസാനമായി രണ്ട് ദിവസം മുമ്പ് നടന്ന കോപ്പ ഡെൽ റേ ടൂർണമെന്റിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബാഴ്‌സയെ തകർത്തിരുന്നു. ഇതടക്കം അവസാനം നടന്ന അവസാന പത്ത് കളികളിൽ അഞ്ച് വീതം മത്സരങ്ങൾ ഇരുടീമുകളും വിജയിച്ചിട്ടുണ്ട്.

2007 മാർച്ച് 10 ന് ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ നടന്ന എൽ ക്ലാസിക്കോ വളരെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. 3-3 എന്ന ഫലത്തിൽ അവസാനിച്ച മത്സരത്തിൽ ലയണൽ മെസിയെന്ന അന്നത്തെ യുവ താരം ഹാട്രിക് നേടിയിരുന്നു. മികച്ച താരനിരയുമായാണ് ലീഗിലെ രണ്ടാം എൽ ക്ലാസിക്കോക്കായി ഇരു ടീമുകളും ഇറങ്ങിയത്. ആതിഥേയരായ ബാഴ്‌സയെ പരിശീലകൻ ഫ്രാങ്ക് റൈക്കാർഡ് 3-4-3 ലാണ് കളത്തിൽ വിന്യസിച്ചത്. മുന്നേറ്റനിരയിൽ സൂപ്പർ താരങ്ങളായ റൊണാൾഡിന്യോ, സാമുവൽ എറ്റൂ എന്നിവർക്കൊപ്പം പത്തൊമ്പതുകാരനായ ലയണൽ മെസിയും കളംപിടിച്ചു. മറുവശത്ത് റയലിന്റെ മുന്നേറ്റത്തിൽ റൗൾ, റൂഡ് വാൻ നിസ്റ്റൽ റൂയി എന്നിവർക്കൊപ്പം അർജന്റീനക്കാരൻ തന്നെയായ മറ്റൊരു യുവ താരം ഗോൻസാലോ ഹിഗ്വയ്ൻ ആദ്യ ഇലവനിൽ കളത്തിലിറങ്ങി.

മത്സരത്തിൽ ആദ്യം ലീഡെടുത്തത് റയലായിരുന്നു. ഹിഗ്വയ്ൻ ബാഴ്‌സ ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് തുറാം ക്ലിയർ ചെയ്തെങ്കിലും പന്ത് എത്തിയത് നിസ്റ്റൽ റൂയിയുടെ കാലുകളിൽ. റൂയ് ബോക്സിന് തൊട്ട് മുന്നിൽ നിന്നെടുത്ത ഷോട്ട് ബാഴ്‌സ വലയിൽ പതിക്കുമ്പോൾ മത്സരം ആരംഭിച്ചിട്ട് 5 മിനുട്ട് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. തൊട്ട് പിന്നാലെ ബാഴ്‌സ തിരിച്ചടിച്ചു. 11ആം മിനുട്ടിൽ എറ്റൂ നൽകിയ പന്ത് അതി വിദഗ്ധമായി മെസി ഗോളാക്കി മാറ്റി. മെസിയുടെ ആദ്യ എൽ ക്ലാസിക്കോ ഗോൾ ആയിരുന്നു ഇത്. രണ്ട് മിനുട്ടുകൾക്കകം വീണ്ടും റയൽ ലക്ഷ്യം കണ്ടു. പന്തുമായി മുന്നേറിയെത്തിയ ഗുട്ടിയെ ബോക്സിൽ ബാഴ്‌സ പ്രതിരോധ താരം ഒലെഗ്വർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് നിസ്റ്റൽ റൂയ് തന്നെയാണ് റയലിന് ലീഡ് നൽകിയത്. നിരന്തരം റയൽ ഗോൾ മുഖം ലക്ഷ്യമാക്കി ബാഴ്‌സ നടത്തിയ ശ്രമങ്ങൾ 28ആം മിനുട്ടിൽ ഫലം കണ്ടു. ഇത്തവണയും മെസി തന്നെയായിരുന്നു ഗോൾ വല ചലിപ്പിച്ചത്. മികച്ച ഒരു നീക്കത്തിനൊടുവിൽ റൊണാൾഡിന്യോ എടുത്ത ഷോട്ട് റയൽ കീപ്പർ കസിയ്യസ് പണിപ്പെട്ട് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് മെസിയുടെ കാലിൽ. ഗോൾ വരക്ക് മുന്നിൽ ഉണ്ടായിരുന്ന മൂന്ന് എതിർ താരങ്ങൾക്കും ഗോൾ കീപ്പർക്കും ഒരു സാധ്യതയും നൽകാതെ മെസിയുടെ തകർപ്പൻ ഷോട്ട് ബോക്സിന്റെ ഒത്ത നടുവിലേക്ക് തുളച്ചു കയറി. മത്സരം കൂടുതൽ ആവേശകരം ആയി മാറുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബാഴ്‌സലോണ 10 പേരായി ചുരുങ്ങി. ഫെർണാണ്ടോ ഗാഗോയെ വീഴ്ത്തിയ ഒലെഗ്വർ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്ത് പോയതോടെയായിരുന്നു ഇത്.

10 പേരായി ചുരുങ്ങിയിട്ടും മധ്യ നിരയിൽ ചാവി, ഇനിയെസ്റ്റ, ഡെക്കോ എന്നിവരുടെ മികവിൽ ബാഴ്‌സലോണ നിരന്തരം റയൽ പ്രതിരോധനിരയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. പക്ഷെ റയൽ മാഡ്രിഡ് മൂന്നാം തവണയും ഗോൾ നേടി ലീഡ് സ്വന്തമാക്കി. ഇത്തവണ പ്രതിരോധ താരം സെർജിയോ റാമോസ് ആണ് ഗോൾ നേടിയത്. ഗുട്ടിയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. ചിരവൈരികളുടെ മുന്നിൽ പരാജയം മുന്നിൽ കണ്ട് നിരാശരായി നിൽക്കുന്ന ആരാധകർക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ തൊണ്ണൂറ്റി ഒന്നാം മിനുട്ടിൽ, റൊണാൾഡിന്യോയിൽ നിന്ന് പന്ത് സ്വീകരിച്ച മെസി ചടുലതയാർന്ന നീക്കങ്ങളിലൂടെ മുന്നോട്ട് കുതിച്ചു. ഹെൽഗ്വേര, റാമോസ് എന്നിവരെ വെട്ടിയൊഴിഞ്ഞു ഇടതു വശത്ത് കൂടെ ബോക്സിൽ കയറി തൊടുത്ത ഷോട്ടിന് കസിയ്യസിന്റെ പക്കൽ മറുപടിയുണ്ടായിരുന്നില്ല. പന്ത് വലയിൽ വിശ്രമിക്കുമ്പോൾ ക്യാമ്പ് നൂ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗോൾ നേടിയ ശേഷം തന്റെ ജഴ്സിയിലെ ബാഴ്‌സ ലോഗോ യെ ചുംബിക്കുന്ന മെസി ലോക ഫുട്ബോളിലേക്കുള്ള തന്റെ വരവറിയിക്കുകയായിരുന്നു.
പഴയ ഒരു മത്സരത്തിൽ നടന്ന ഒരു സംഭവം കൂടെ ഓർക്കേണ്ടതുണ്ട്. 2005 ൽ ക്യാമ്പ് നൂവിൽ ബാഴ്‌സയുടെ പ്രീ സീസൺ ടൂർണമെന്റായ ഗാമ്പർ ട്രോഫി മത്സരത്തിൽ ബാഴ്‌സലോണയും യുവന്റസും ഏറ്റു മുട്ടുന്നു. ബാഴ്‌സലോണക്കായി കളത്തിൽ ഇറങ്ങിയ മെസിയെന്ന 17 വയസുള്ള കൗമാരക്കാരൻ യുവന്റസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ഒരു അസിസ്റ്റ് നൽകിയ താരത്തിന്റെ പ്രകടനം കണ്ട് അന്ന് യുവന്റസ് പരിശീലകനായിരുന്ന ഫാബിയോ കപ്പല്ലോ ബാഴ്‌സ മാനേജർ റൈക്കാർഡിന്റെ അരികിലേക്ക് നീങ്ങി. മെസിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട കാപ്പല്ലോ മെസിയെ ഒരു സീസണിലേക്ക് ലോണിൽ വിടുമോ എന്നറിയാനാണ് മത്സരം തീരും മുന്നേ തന്നെ റൈക്കാർഡിന്റെ അടുത്തെത്തിയത്. ഒരു പുഞ്ചിരിയോടെയുള്ള നിരസിക്കൽ ആയിരുന്നു റൈക്കാർഡിന്റെ മറുപടി. ഇതേ കാപ്പല്ലോ ആയിരുന്നു മെസി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്ത് ക്ലബ്‌ ജഴ്സിയിൽ തന്റെ ആദ്യ ഹാട്രിക് നേടുമ്പോൾ റയൽ മാഡ്രിഡിന്റെ പരിശീലക കുപ്പായത്തിൽ ഉണ്ടായിരുന്നത്!.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here