കഥ
ബിനുരാജ്. ആർ. എസ്
“വിടടാ അവമ്മാരെ… ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല…” ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കൂടി വന്ന സ്ഥിതിക്ക് ഇന്നിതിനൊരു തീരുമാനമാകുമെന്ന് കൂടി നിന്നവരൊക്കെ ഉറപ്പിച്ചു- ഈ സംഭവത്തിന് ഇന്നത്തോടെ ഒരറുതിയുണ്ടാകും. ഈ സംഭവത്തെക്കുറിച്ച് പറയുന്നതിന് മുൻപ് ചില വസ്തുതകൾ അറിയേണ്ടതുണ്ട്. പറയാം…
വസ്തുതകൾ
തുള്ളാത മനവും തുള്ളും റിലീസായതിന്റെ പിറ്റേ ആഴ്ചയാണ് വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്, 74/1999-ാം നമ്പരായി രജിസ്റ്റർ ചെയ്യുന്നത്. ബൈപാസ് റോഡ് വരുന്നതിന് രണ്ടുകൊല്ലം മുൻപ്; ഈ സംഭവം നടക്കുന്നതിന് പതിമൂന്ന് കൊല്ലം മുൻപ്. നാട്ടിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സംരംഭമായിരുന്നു ആ ക്ലബ്ബ്.
പൂങ്കൈതമൂടിന്റെ കിഴക്കതിര് കാടുപിടിച്ച പുറമ്പോക്കാണ്. അതു കഴിഞ്ഞ് നൂറ് മീറ്ററോളം പരന്നു കിടക്കുന്ന ചതുപ്പ് പറമ്പും കടന്നാണ് ആൾവാസമുള്ള ഭൂമി തുടങ്ങുന്നത്. ചതുപ്പ് കാടിനോട് ചേരുന്ന ഭാഗത്ത് ഒരു കാലത്ത് ആനക്കൈത തഴച്ച് മൂടിയിരുന്നു. അങ്ങനെയാണാ സ്ഥലപ്പേര്. ഏറിയാലൊരു നൂറ് വീട് കാണും. നഗരത്തിൽ റോഡ്, കോൺക്രീറ്റ് പണികൾക്കായി പല കാലത്ത് വന്ന് കൂടിയവരുടെ പിൻമുറക്കാരാണേറെ. ടൗണിന്റെ അതിർത്തി രേഖയായിക്കിടക്കുന്ന ചെറുറോഡാണ് പടിഞ്ഞാറതിര്. കൂലിപ്പണിയും ചെറിയ രീതിയിലുള്ള കൃഷിയും കന്നുകാലിയുമൊക്കെയാണ് ജീവിതമാർഗം.
നാട്ടിലെ ഏറ്റ വിജയ് പ്രേമികളായ മനേഷ്, ദിൽജിത്ത്, സാജൻ, നൗഷാദ്, സുഭാഷ്, എസ്റ്റബാൻ, ലാൽ എന്നിവരായിരുന്നു ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങൾ. രജിസ്റ്റർ ചെയ്ത് സ്റ്റേറ്റ് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്താലേ റിലീസിംഗ് ഡേറ്റിന് തന്നെ ടിക്കറ്റ് തരപ്പെടുത്താനും ബാനർ കെട്ടാനുമൊക്കെ അനുമതി കിട്ടുകയുള്ളൂവെന്ന് നൗഷാദിന്റെ സുഹൃത്ത് കൂടിയായ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചതിനെത്തുടർന്നാണ് ഏഴുപേരും കൂടി രജിസ്ട്രാഫീസിലേക്ക് വെച്ചുപിടിച്ചത്. പ്രസിഡന്റ് മനേഷും, സെക്രട്ടറി സാജനും, ട്രഷറർ ലാലും. ക്ലബ്ബിന്റെ അഡ്രസായി സുഭാഷിന്റെ വീട്ടഡ്രസ് കൊടുത്തു. രജിസ്ട്രേഷൻ കഴിഞ്ഞതിന്റെ പിറ്റേന്ന് സർട്ടിഫിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോഴാണ് ഹൃദയത്തിൽ വിജയ് രൂപം പച്ചകുത്തിയ ഏഴാൾക്കും സന്തോഷം ഇരട്ടിച്ചത്. ക്ലബ്ബിന്റെ നമ്പർ വിജയ്ന്റെ ജൻമവർഷം തന്നെ. വിജയ് പടം പതിച്ച് ക്ലബ്ബിന്റെ രജിസ്റ്റർ നമ്പറും സ്ഥാപകാംഗങ്ങളുടെ പേരും ചേർത്ത ബാനർ അടുത്ത ദിവസം തന്നെ നാട്ടിൽ ഉയർത്തിക്കെട്ടാൻ തീരുമാനിച്ചാണ് ഏഴംഗസംഘം അന്ന് വീടുകളിലേക്ക് പിരിഞ്ഞത്. രജിസ്ട്രേഷനുവേണ്ടി തട്ടിക്കൂട്ടിയ രജിസ്റ്റർ ബുക്കുകളും, സർട്ടിഫിക്കറ്റും ക്ലബ്ബ് ഓഫീസ് അഡ്രസിന്റെ ഉടമയായ സുഭാഷിനെത്തന്നെ ഏൽപ്പിച്ചു.
നാടിന്റെ അതിരായിക്കിടന്ന നൂലുപോലത്തെ ചെളിക്കുണ്ട് റോഡ് എന്നെച്ചിലേക്ക് പോകാനുള്ള ബൈപാസ് റോഡായി പുതുക്കിപ്പണിയുകയാണെന്ന വാർത്ത പൂങ്കൈതമൂടുകാർക്ക് കൊടുത്ത പ്രതീക്ഷ ചെറുതല്ലായിരുന്നു. ഒരു ബസ് സ്റ്റോപ്പ് കൂടി വന്നാൽ നാടൊന്ന് എണീറ്റ് നിക്കും. റോഡ് കൊണ്ടുവരുന്ന സൗകര്യങ്ങൾക്കനുസരിച്ച് ജീവിതം പുതുക്കിയെടുക്കാനുള്ള പദ്ധതികൾ ചിന്തിച്ചു തുടങ്ങി പൂങ്കൈതമൂടുകാർ. റോഡിന് സ്ഥലമെടുക്കുന്ന സമയമെത്തിയപ്പോൾ, പക്ഷേ, ആ സന്തോഷം മുറിഞ്ഞു. നാടിന്റെ ഒത്ത നടുക്കൂടെയാണ് പുതിയ റോഡ്. ഒരു വർഷം നീണ്ട റോഡ് പണിക്കുശേഷം പൂങ്കൈതമൂട് അങ്ങനെ രണ്ട് നാടായി.
രണ്ട് വീടുകൾ തമ്മിൽ ഏറ്റവുമധികം അടുപ്പം വരുന്നത് സമപ്രായക്കാരായ കുട്ടികൾ ഉള്ളപ്പോഴാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികൾ. അവരുടെ കാര്യത്തിൽ എല്ലാവർക്കും ഒരു പരിഗണനയുണ്ടാകുമല്ലോ. വെട്ടിമുറിച്ചിട്ട പൂങ്കെെതമൂട്ടിലെ വീടുകൾ തമ്മിൽ മുറികൂടി ഒന്നാകാതെ പോയതിലും കുട്ടികളായിരുന്നു കാരണക്കാർ, അവരതറിഞ്ഞില്ലായിരുന്നെങ്കിലും. ബൈപാസ് റോഡിലൂടെ ഭ്രാന്ത് പിടിച്ചോടുന്ന വണ്ടികൾ കണ്ട് റോഡിനപ്പുറമിപ്പുറമുള്ള വീടുകളിലെല്ലാം കുട്ടികൾ അടച്ചിടപെട്ടു. കുട്ടികൾ കണ്ട് പഠിക്കുമെന്ന് ഭയന്ന് വീട്ടുകാരും റോഡ് മുറിച്ച് അപ്പുറത്ത് പോകാതെയായി. പേരുകൊണ്ട് ഒന്നാണെങ്കിലും പൂങ്കൈതമൂട് രണ്ടായി മുറിയാൻ തുടങ്ങിയിരുന്നു. മുതിർന്നവർക്ക് രണ്ട് വള്ളത്തിലാവാൻ മുതിർന്ന കാരണങ്ങളുണ്ടായിരുന്നു. പുതിയ റോഡ് വന്നതുകാരണം നഗരത്തോട് ചേർന്ന് കിടന്ന ഭാഗം ക്രമേണ പൂങ്കൈതമൂടല്ലാതായി. ബൈപ്പാസിനപ്പുറമെന്നും ഇപ്പുറമെന്നും എളുപ്പത്തിൽ പട്ടിക തിരിക്കാൻ പാകത്തിൽ നഗരസഭയുടെ വിസ്തൃതി പുനർനിർണ്ണയിച്ചപ്പോൾ ആ ഭാഗം നഗരസഭയുടെ ഭാഗമായും മാറി. പൂങ്കെെതമൂട് ബൈപാസിനിപ്പുറമായി ചുരുങ്ങി.
വെട്ടിമുറിക്കപ്പെട്ട ശേഷം ആദ്യം പടിഞ്ഞാറേ പൂങ്കെെതമൂടെന്നറിയപ്പെട്ടെങ്കിലും ഏറെ താമസിയാതെ മൈത്രിനഗർ എന്ന് നാമകരണപ്പെട്ട് അവസാന കണ്ണിയും അവർ മുറിച്ചു. നഗരസഭയുടെ ഭാഗമായതോടെ അതിനൊത്ത വികസന പരിപാടികളും മൈത്രിനഗറിൽ നടന്നു. എല്ലാ വീട്ടിലും കറണ്ടായി, ഡ്രെയിനേജായി, കടകളും കച്ചവടവുമായി. പ്രധാന കവലയിൽ വലിയ സ്ട്രീറ്റ് ലൈറ്റുമായി. “അവന്മാരവിട സുഖിക്കണ്, നമ്മള പിള്ളര് ഇപ്പഴും പാമ്പിനേം പാക്കാനേം പേടിച്ച് രാത്രി പെരയ്ക്കാത്തിരിക്കണ്..”, പൂങ്കൈതമൂട്ടിലെ തലനരച്ചവർ, ഒരുകാലത്ത് ഒരുമിച്ച് പണിക്കിറങ്ങിയിരുന്ന പഴയ സ്നേഹിതന്മാരെ മനസ്സാ അകറ്റി. മൈത്രിനഗറിലേക്ക് കൂടുമാറിയവർ തങ്ങളുടെ പൂങ്കൈതമൂട് ഭൂതകാലം മറക്കാൻ ആത്മാർത്ഥമായും ശ്രമിച്ചുകൊണ്ടിരുന്നു. രണ്ടുകൂട്ടരും അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
വിജയിക്കാൻ കഴിയാത്തത് വിജയ് ഫാൻസിന് മാത്രമായിരുന്നു. സ്ഥാപകാംഗങ്ങളിൽ മൂന്ന് പേർ- മനേഷ്, ദിൽജിത്ത്, ലാൽ- മൈത്രിനഗറിലേക്ക് കൂടുമാറി. ബാക്കി നാലുപേർ പഴയ പൂങ്കൈതമൂട്ടിൽ കയ്പ് കുടിച്ച് കനല് തുപ്പി കഴിയുന്നു. രണ്ട് കൂട്ടരും ക്ലബ്ബ് തങ്ങളുടേതാണെന്ന് കട്ടായം നിൽക്കുകയും അത് നടപ്പിലാക്കാൻ ഏതറ്റം വരെയും പോകാൻ അങ്കം മുറുക്കുകയും ചെയ്തു തുടങ്ങി. ഇരുകൂട്ടരും വെവ്വേറെ പോയി രജിസ്ട്രാറെ കണ്ട് കാര്യം ബോധിപ്പിച്ചു. ഓഫീസ് അഡ്രസും രജിസ്റ്റർ ബുക്കുകളും പഴയ പൂങ്കൈതമൂട്ടിൽ തന്നെയാകയാലും, എക്സിക്യൂട്ടീവ് മെമ്പേഴ്സിൽ രണ്ടുപേർ മൈത്രിനഗറിലായതിനാലും ഒരു തീരുമാനമെടുക്കാനാവാതെ രജിസ്ട്രാർ പോംവഴികളിലേക്ക് തിരിഞ്ഞു. ഒരു കൂട്ടർക്ക് പുതിയൊരു ക്ലബ് രജിസ്റ്റർ ചെയ്യാമെന്നുള്ള പോംവഴിക്ക് രണ്ട് കൂട്ടരും അടുത്തില്ല. ഒന്നാമത് രജിസ്റ്റർ നമ്പർ, അത് വിജയ്ന്റെ ജനനവർഷമാണ്. രണ്ടാമത് രജിസ്റ്റർ ചെയ്ത വർഷം, അത് തുള്ളാതമനവും റിലീസ് ആയ വർഷമാണ്. ഇതുരണ്ടും ഒരുപോലെ വീണ്ടും കൊടുക്കാൻ രജിസ്ട്രാർക്ക് ജന്മം ചെയ്താലും പറ്റില്ല. അങ്ങനെ അതൊരു തീപ്പൊരിയായിത്തന്നെ നിന്നു. രണ്ടുകൂട്ടരും ഒരേ നമ്പറിലുള്ള ഫാൻസ് ക്ലബ്ബിന്റെ ബാനറുകളടിച്ച് തമ്മിൽത്തമ്മിൽ മത്സരിച്ചു. മൈത്രിനഗറിലെ ക്ലബ്ബിന് പുതിയ ചില സൗകര്യങ്ങളും കിട്ടാൻ തുടങ്ങി. നഗരസഭയിലെ യൂണിറ്റായതിനാൽ പടം റിലീസിന് കൂടുതൽ ടിക്കറ്റും, ഫാൻസിന് സ്പെഷ്യൽ ബാഡ്ജുമൊക്കെ തടഞ്ഞു.
പുറത്തുപറയാൻ കൊള്ളാവുന്ന ഒരു പേരും നാടുമൊക്കെ കിട്ടിയതോടെ അവർ ഒന്നൂടൊന്നു ഞെളിഞ്ഞു. കൂടെ സിറ്റിയിലെ പുതിയ പിള്ളേര് സെറ്റും ചേർന്നു. മാത്രമല്ല, മൈത്രിനഗറിനപ്പുറം പുതുതായൊരു എ ക്ലാസ് തിയറ്ററിന്റെ പണിയും നടക്കുകയാണ്. അവിടെ വരുന്ന വിജയ് പടം അവന്മാർക്ക് മാത്രം ആഘോഷിക്കാനുള്ളതാണ്. ഇത്രയുമൊക്കെയായപ്പോൾ പൂങ്കെെതമൂട്ടിലെ വിജയ് പടയിലെ പലരും തോൽക്കുമെന്നുറപ്പായ കളിയിൽ നിന്ന് പിൻവാങ്ങാനും തുടങ്ങി. “എല്ലാരുങ്കൂടച്ചേർന്ന് തോപ്പിക്കാന്നിന്നാ പിന്ന നമ്മളെന്ത് ചെയ്യും?” മാത്രവുമല്ല, ഓരോരുത്തരും ഓരോരോ ജീവിതപ്പാടുമായി തിരക്കിലുമായിക്കഴിഞ്ഞിരുന്നു. സുഭാഷിനും സാജനും പക്ഷേ വിട്ടുകൊടുക്കാൻ മനസ്സുവന്നില്ല.
അല്പാല്പമായിത്തുടങ്ങിയ അകൽച്ച വിജയ് പ്രിയൻമാരിൽ വിദ്വേഷത്തിലെത്തിയിരുന്നെങ്കിലും, ആ വിദ്വേഷം പൂങ്കൈതമൂട് മുഴുവൻ പരന്നുകയറിയത് അടുത്ത ദീപാവലിക്ക് തലേന്നത്തെ രാത്രിയിലായിരുന്നു. ദീപാവലി മേളത്തോടൊപ്പം അടുത്തദിവസം റിലീസാകുന്ന വിജയ് ചിത്രം ഭഗവതി ആഘോഷമാക്കാനുള്ള ഉത്സാഹത്തിലായിരുന്നു പൂങ്കെെതമൂട്ടിലെ വിജയ് പ്രേമികൾ. അടുത്ത ദിവസത്തേക്ക് ഹാരവും പൂക്കളുമൊക്കെ സെറ്റാക്കി, ഇരുട്ട് വീണ പാടെ പടക്കം പൂക്കുറ്റി തറച്ചക്രങ്ങളുമായി ചതുപ്പിനടുത്തുള്ള തുറസ്സിൽ ഒത്തുകൂടിയ നേരത്താണ് ചതുപ്പ് കടന്ന് കുറ്റിക്കാട്ടിലേക്ക് മറയാനോടുന്ന മുഴുത്തൊരൂളനെ അവർ കണ്ടത്. ചതുപ്പിലെ ചെളിവെള്ളത്തിൽ പുതഞ്ഞത് കാരണം വേഗം കുറഞ്ഞ ഊളനെ അവർ വളഞ്ഞു. ഊളനിറച്ചിക്ക് പന്നിയെക്കാളും രുചിയാ. എല്ലാവരും കൂടി കിട്ടിയ വടിയും കല്ലുമെടുത്ത് എറിഞ്ഞും അടിച്ചും അവനെ ശരിപ്പെടുത്തി, കലത്തിലാക്കി, കണ്ണ് നീറുന്ന എരിയുള്ള കറിയാക്കി മണിക്കൂറുകൾക്കുള്ളിൽ നാട്ടിലാകെ വിളമ്പി. ദീപാവലിയും വിജയ് ചിത്രത്തിന്റെ തലേന്നാളും അങ്ങനെ മേളമായി.
പിറ്റേന്നാണറിയുന്നത്, മൈത്രിനഗറിലെ വർഗീസിന്റെ മകൻ രണ്ടാം ക്ലാസ്സുകാരൻ ജോയിമോന്റെ ജീവനായ മൗഗ്ലി എന്ന നായയെ തലേന്നാൾ രാത്രി മുതൽ കാണാനില്ലെന്ന്. പടക്കത്തിന്റെ ഒച്ച കേട്ട് പേടിച്ച് റോഡ് മുറിച്ചോടിയതാണ് പാവം. തമ്മിൽത്തമ്മിൽ പഴയ പോലെ അടുപ്പമൊന്നുമില്ലെങ്കിലും അടുത്ത ദിവസം തീയറ്ററിൽ വെച്ച് കണ്ടുമുട്ടിയ പഴയ കൂട്ടുകാരിൽ ഇപ്പോഴും മിണ്ടിപ്പറയൽ സൗഹൃദം നിലനിർത്തിപ്പോരുന്ന ആരൊക്കെയോ തമ്മിൽ രണ്ടു വാർത്തകളും കൈമാറി. അന്നുമുതൽ പൂങ്കെെതമൂട്ടിലെ കൊച്ചുകുട്ടികൾ മുതൽ തലനരച്ചവർ വരെ ആരെക്കണ്ടാലും മൈത്രിനഗറുകാർക്ക് വിളിക്കാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ- മൗഗ്ലി. നാണക്കേടുകൊണ്ട് നീറിയാണ് ഓരോ പൂങ്കൈതമൂടുകാരനും ദിവസങ്ങൾ നീക്കിയത്. മൈത്രിനഗറിൽ ജോയിമോനൊഴികെ എല്ലാവരും അതാഘോഷിച്ചു.
വിജയ് പ്രേമികൾക്ക് മീശയ്ക്ക് കട്ടിവെയ്ക്കാൻ തുടങ്ങിയിരുന്നു. ഓരോരുത്തരായി അവരവരുടെ പാടുനോക്കി പോകാൻ തുടങ്ങി. സുഭാഷും നൗഷാദും ഗൾഫിൽ പോയി. സാജൻ പട്ടാളത്തിൽ ചേർന്നു. എസ്റ്റബാൻ നാട്ടിൽ പല ജോലികളും നോക്കി, ഒടുവിൽ ഒരു ചലഞ്ചർ ജീപ്പിൽ ഡ്രൈവറായി കയറി. നഗരത്തിന്റെ ഭാഗമായി മാറിയതുകൊണ്ട് കുറേയേറെ പുതിയ അവസരങ്ങൾ പഴയ പടിഞ്ഞാറേ പൂങ്കെെതമൂട്ടിലെ ചെറുപ്പക്കാർക്ക് കിട്ടി. മനേഷ് സ്വന്തമായി ഡിറ്റിപി സെൻറർ തുടങ്ങി. ദിൽജിത്തിന് ചെറിയൊരു സർക്കാരുദ്യോഗം കിട്ടി. ലാൽ ഒരു കൊറിയർ സർവീസിൽ ജോലിക്ക് കയറി. പഴയ പോലെ ആഘോഷങ്ങളൊന്നുമില്ലെങ്കിലും വിജയ് പടം റിലീസാകുമ്പോൾ ഇപ്പോഴും അവർക്കൊരുഷാറാണ്. ക്ലബ്ബ്, വർഷങ്ങൾ കഴിഞ്ഞിട്ടും ഒരാൾക്കും സ്വന്തമായിക്കിട്ടാതെ അപ്പുറമോ ഇപ്പുറമോ എന്ന നിലയിൽ നിന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളൊക്കെ പുതിയ പയ്യന്മാരുടെ കയ്യിലാണ്. തർക്കം പുതിയ തലമുറയിലും പഴയ വീറോടെ തുടർന്നു.
നഗരത്തിലേക്കൊട്ടിയ മൈത്രിനഗറിൽ നേട്ടങ്ങളുടെ കഥയായിരുന്നെങ്കിൽ, പഴയ പൂങ്കൈതമൂട്ടിൽ നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും തുടർച്ചകളായിരുന്നു. മനസമാധാനമായിട്ടൊന്ന് വെളിക്കിറങ്ങാൻ പോലും സൗകര്യമില്ലാതെ പല വീടുകളിലും ആണും പെണ്ണും അതിരാവിലെ കൈതപ്പറമ്പിലേക്ക് ഇപ്പോഴും ഓടുന്നു. മഴക്കാലം തുടങ്ങിയാൽ ചതുപ്പിലെ ചെളിവെള്ളം മുറ്റം വരെ കേറും. പിള്ളേര് ചൊറിയും ചെരങ്ങും വയറിളക്കവും പിടിച്ച് മെനകെട്ട് നടക്കും. അതിനിടയ്ക്ക് കോർപ്പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റ് ചതുപ്പിനപ്പുറത്തെ പുറമ്പോക്കിൽ തുടങ്ങാൻ തീരുമാനമായി. പൂങ്കെെതമൂട്ടിലെ ചെറുപ്പക്കാർക്ക് സ്ഥിരം ജോലിയായല്ലോയെന്ന തേനിൽച്ചാലിച്ച വാർത്തയായാണ് വാർഡ് മെമ്പർ കാര്യം അവതരിപ്പിച്ചത്. നാട്ടുകാർ, പക്ഷേ ഒരേ സ്വരത്തിൽ എതിർത്തു. “എന്നിട്ട് വേണം അവൻമാരുടെ തീട്ടോം മൂത്രോം ഇവിടെ കൊണ്ട് തള്ളാൻ. നമ്മളത് കളയാമ്പോലും ഇവിടയെടവില്ല.” പൂങ്കൈതമൂട് ഒരുമിച്ച് നിന്നു. എതിർപ്പുകൾക്കിടയിലും സംസ്കരണ പ്ലാന്റിന്റെ തറക്കല്ലിട്ടു. പ്ലാന്റിന്റെ പണിക്ക് പൂങ്കെെതമൂടുകാർ പോകാതിരുന്ന് നോക്കിയെങ്കിലും, അന്യനാട്ടിലെ പണിക്കാരെ കൊണ്ടുവന്ന് കോൺട്രാക്റ്റർ അതിശീഘ്രം പണി നീക്കി. പൂങ്കെെതമൂട് വെറുതേയിരുന്നില്ല. ഇഷ്ടിക കെട്ടിത്തുടങ്ങിയതിന്റെ പിറ്റേന്ന് മുതൽ അതിരാവിലെ കൈതക്കാട്ടിലേക്ക് പോകുന്ന പെണ്ണുങ്ങളും രാത്രി സെറ്റ് കൂടാൻ വരുന്ന ചെറുപ്പക്കാരും അന്നന്ന് സിമന്റ് തേച്ച് കെട്ടിപ്പൊക്കിയ ഇഷ്ടികകൾ തട്ടിയിട്ട് പൊട്ടിച്ചു. രണ്ടാഴ്ചയോളം ഇത് തുടർന്നപ്പോർ പണി നിർത്തി വെച്ച് കോൺട്രാക്റ്ററും പോയി. രാത്രി സംഘങ്ങൾക്ക് മേളിക്കാൻ ഒരു സ്ഥലവുമായി.
ഇനി സംഭവത്തിലേക്ക് വരാം..
സംഭവം
ഗൾഫിൽ പോയ സുഭാഷും, പട്ടാളത്തിൽ ചേർന്ന സാജനും ഒരുമിച്ച് നാട്ടിലെത്തുന്നത് തുപ്പാക്കി റിലീസാവുന്ന ദീപാവലിക്ക് തൊട്ടു മുൻപത്തെ ആഴ്ചയിലായിരുന്നു. അന്യനാട്ടിൽ ജോലിക്ക് പോയ ശേഷം ഒന്നും രണ്ടും വർഷം കൂടുമ്പോൾ ഇരുവരും നാട്ടിൽ വരാറുണ്ടെങ്കിലും ഒരുമിച്ച് ഒരേ സമയം നാട്ടിലെത്താൻ ഇതുവരെ കഴിയാത്തതിനാൽ അടുത്ത കൂട്ടുകാരായിട്ടും മറ്റേയാളിന്റെ അസാന്നിധ്യത്തിലാണ് അവരോരോരുത്തരുടെയും കല്യാണം പോലും കഴിഞ്ഞത്. ഒരുമിച്ച് നാട്ടിലെത്തിയതിന്റെ സന്തോഷത്തോടൊപ്പം ദീപാവലിയും വിജയ് പടത്തിന്റെ റിലീസും കൂടിയായപ്പോൾ മൊത്തത്തിൽ നാടൊന്നുണർത്താൻ തന്നെ രണ്ട് തലമുറ വിജയ് പ്രേമികളും തീരുമാനിച്ചു. നാടും നഗരവുമൊക്കെ ചുറ്റി പുതുമകൾ കണ്ട് കറങ്ങവേ രണ്ട് വശത്തേക്കും പ്രകാശത്തിന്റെ ദീർഘവൃത്തം ചൊരിഞ്ഞ് നിൽക്കുന്ന മൈത്രിനഗറിലെ സ്ട്രീറ്റ് ലൈറ്റ് കണ്ടപ്പോൾ ഇനിയും പല വീടുകളിലും കറണ്ട് പോലുമെത്തിയിട്ടില്ലാത്ത സ്വന്തം നാടിനെപ്പറ്റി അവരോർത്തു. ഒപ്പം പഴയ കാര്യങ്ങളും. ഏകദേശം അതേ സമയത്താണ് കറണ്ട് പോയത്. പതിവുള്ള അരമണിക്കൂർ പവർ കട്ടാണതെന്ന് കുറച്ചുദൂരം ബൈക്കിൽ പോയ ശേഷമാണവരറിഞ്ഞത്. നമ്മൾ പോകുന്നതു വരെ മൈത്രിനഗർ കവലയിൽ ഇനി വെളിച്ചം വേണ്ട എന്നവർ തീരുമാനിച്ചതും പെട്ടെന്നായിരുന്നു.
സ്ട്രീറ്റ് ലൈറ്റ് കേടായ വിവരം മൈത്രിനഗർ നിവാസികൾ അറിഞ്ഞത് പിറ്റേന്ന് സന്ധ്യയ്ക്കായിരുന്നു. കെട്ടിപ്പൊക്കിയ വീട്ടുമതിലുകൾക്കിടയിലൂടെ നൂണ്ട് പോകുന്ന നാല് ലെയിനുകൾ ചേരുന്ന കവലയിൽ ഇരുഭാഗങ്ങളിലേക്ക് കറണ്ട് പോകുന്ന, തൊട്ടു തൊട്ട് നിൽക്കുന്ന രണ്ട് കോൺക്രീറ്റ് പോസ്റ്റുകളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നത്. രണ്ട് സ്ട്രീറ്റ് ലൈറ്റിലേക്കും പോകുന്ന കണക്ഷൻ വയറുകൾ ഒരു പോലെ പൊട്ടിച്ച് മാറ്റിയിരിക്കുന്നത് കണ്ട് ഇതിൽ ആരുടെയോ കൈയ്യുണ്ടെന്ന് അവർക്ക് മണത്തു. പഴയ ടീമിലെ രണ്ടുപേർ അവധിക്ക് വന്നതറിഞ്ഞിരുന്ന മനേഷും ലാലും ഏതാണ്ടൊക്കെ ഊഹിച്ചെടുക്കുകയും ചെയ്തു. “ഇതവമ്മാരാണങ്കീ, രണ്ടണ്ണോം ഇനി പണിയെടുത്തുണ്ണില്ല.”
അതേ സമയം പൂങ്കെെതമൂട്ടിന് കിഴക്ക്, ചതുപ്പിനപ്പുറത്തെ പാതി പൊക്കിയ മാലിന്യ പ്ലാന്റിന്റെ തിട്ടയിൽ മിലിട്ടറി റമ്മിന്റെ അപ്പുറമിപ്പുറമിരുന്ന് സാജനും സുഭാഷും പുതിയ പദ്ധതികൾക്ക് തുടക്കമിടുകയായിരുന്നു. “ഇതോണ്ടൊന്നും പോര, നമ്മള നാണങ്കെടുത്തിയതിനപ്പുറമായിട്ട് അവമ്മാരക്ക് കൊടുക്കണം.” ക്ലബ്ബിലെ പുതിയ പയ്യൻമാരും അവർക്കൊപ്പം കൂടിയിരുന്നു. വിജയ് പടത്തിന്റെ റിലീസ് മൈത്രിനഗറിനടുത്തുള്ള തീയെറ്ററിലാണ്. “അന്നവിടെ അലമ്പാക്കണം. അവമ്മാര ഒറ്റയണ്ണത്തിനേം അവിട വന്ന് ചെത്താൻ സമ്മതിക്കല്ല്..”
അടി നടന്നാൽ നേരിട്ട് നിന്ന് തല്ലാൻ എല്ലാവരും തയ്യാറായിരുന്നെങ്കിലും വിജയസാദ്ധ്യത കൂട്ടാൻ അവർക്ക് ഒരാളുടെ കൂടി സഹായം വേണ്ടിയിരുന്നു- പണ്ട് ക്ലബ്ബുണ്ടാക്കിയ കാലത്തെ സ്ഥാപകാംഗങ്ങളിൽ ഏഴാമനായ എസ്റ്റബാൻ. റോഡ് വന്ന് നാട് മുറിഞ്ഞപ്പോൾ, ആദ്യമൊക്കെ ക്ലബ്ബ് സ്വന്തമാക്കാൻ കുറേ ശ്രമം നടത്തിയെങ്കിലും, പിന്നെപ്പിന്നെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു എസ്റ്റബാൻ. ഇപ്പോൾ ജീപ്പിൽ ഡ്രൈവറാണ്. ചുമടെടുക്കാനും വാർപ്പുപണിക്കുമൊക്കെ പോകും. “എസ്റ്റബാൻ ചേട്ടങ്കൂട വന്നാപ്പിന്ന ഒറ്റയെണ്ണം അടുക്കൂല…, ചേട്ടന്റ കാലില മസില് കണ്ടാത്തന്ന അവമ്മാര് പറക്കും..”, പുതിയ പിള്ളേരും അത് ശരിവെച്ചു.
എസ്റ്റബാൻ, പക്ഷേ ഒന്നിനും വഴങ്ങിയില്ല. പഴയ കമ്പനിക്കാരെ അവൻ സന്തോഷത്തോടെ സ്വീകരിച്ചു. ഒന്നിച്ചിരുന്ന് പഴയ കഥകളൊക്കെ പറഞ്ഞു. കൂട്ടത്തിൽ അല്പം ഗുണ്ടായിടപാടൊക്കെയുണ്ടായിരുന്നത് എസ്റ്റബാനാണ്. ചില തല്ലുകേസുകളിൽ പോലീസ് കേസും വന്നിട്ടുണ്ട്. ഇപ്പൊ പക്ഷേ ഡ്രൈവിംഗ് പണിയും കുടുംബവും മാത്രം നോക്കി ജീവിക്കുകയാണ്. വിജയ് പ്രേമം പോലും പഴയ പോലെയില്ല. പഴയ സംഘത്തോടൊക്കെ അന്വേഷിച്ചപ്പോഴും എസ്റ്റബാൻ ഇപ്പൊ പഴയ ആളൊന്നുമല്ലെന്നാണറിഞ്ഞത്. ജീപ്പിൽ തുടക്കം മുതലേയുണ്ടായിരുന്ന ക്ലീനർ പയ്യനെ ഏതോ പെണ്ണ് കേസിൽ പെട്ടതിന്, പിറ്റേന്ന് തന്നെ പുറത്താക്കിയത്രേ. അവനെയിനി പഴയ പണിക്കൊന്നും കിട്ടില്ല.
എസ്റ്റബാനെ കിട്ടില്ലെന്നുറപ്പായതോടെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്താൻ സാജനും സുഭാഷും തീരുമാനിച്ചു. പുതിയ പിള്ളേരെ അത്ര വിശ്വസിക്കാൻ പറ്റില്ല. അതുകൊണ്ട് കാര്യങ്ങൾ രഹസ്യമാക്കി വെയ്ക്കാനും തീർച്ചപ്പെടുത്തി. “അന്നൊരു ദീപാവലിക്കാണ് നമ്മളെ അവമ്മാര് നാണങ്കെടുത്തിയത്. ഈ ദീപാവലി നമ്മള ദെവസമായിരിക്കണം.”
ഇരുവരുടെയും കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് ദീപാവലിയുടെ തലയ്ക്കും തലേന്നാൾ രാത്രി മൈത്രിനഗർ കവലയിലെ സ്ട്രീറ്റ് ലൈറ്റ് വീണ്ടും കത്തിത്തുടങ്ങി. “ആദ്യം, ആ സ്ട്രീറ്റ് ലൈറ്റ് പൊട്ടിക്കണം. കറണ്ട് കട്ടിന്റെ നേരത്ത് പഴേപോലൊരു പണി നടത്തണം. ബാക്കി പണി പാതിരാത്രിക്ക്…” പടക്കമേളങ്ങളുടെ രാത്രിക്കായി അവർ കാത്തിരുന്നു.
നഗരത്തിന്റെ ഭാഗമായതോടെ മൈത്രിനഗറിലെ ഓരോ വീടും ഓരോ ദ്വീപായി മാറിക്കഴിഞ്ഞിരുന്നു. പൂങ്കെെതമൂട്ടിലെ വെളിമ്പറമ്പിലുള്ള ദീപാവലി മേളമൊക്കെ പഴയ തലമുറയുടെ മനസിൽ മാത്രമിരുന്ന് മങ്ങിത്തെളിഞ്ഞു. ദീപാവലിത്തലേന്ന് കറണ്ട് പോയ നേരം മുടുക്ക് റോഡുകളിലൊന്നും ആളനക്കമില്ലാതിരുന്നത് സാജനും സുഭാഷിനും എളുപ്പമായി. ഇരുവശങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്ന രണ്ട് പോസ്റ്റുകളിലായി ഇരുവരും കാറ്റുവേഗത്തിൽ കയറി. സ്ട്രീറ്റ് ലൈറ്റിന്റെ സർവീസ് വയറിൽ പിടിച്ച് പൊട്ടിക്കുന്നതിന് മുൻപ് താഴേക്ക് നോക്കിയ സാജൻ പെട്ടെന്നൊരു പ്രകാശഗോപുരം തന്റെ നേരെ ചീറി വരുന്നത് കണ്ട് പകച്ചെങ്കിലും കൈവിടാതെ പോസ്റ്റിൽ അള്ളിപ്പിടിച്ചിരുന്നു. അപ്പോഴേക്കും സുഭാഷും അത് കണ്ടിരുന്നു. താഴെ നിന്നൊരു സൂര്യൻ ഉദിച്ചുവരുന്നതായാണ് സുഭാഷിന് തോന്നിയത്. ഇരുവശത്തേക്കും തീക്കുമിളകൾ ചിതറിച്ച് പൊങ്ങിവരുന്നതൊരു പൂക്കുറ്റിച്ചിതറലാണെന്നറിയുന്നതിനൊപ്പം താഴെ നിൽക്കുന്നവരുടെ മുഖങ്ങളും ഇരുവരും തെളിഞ്ഞ് കണ്ടു- ദിൽജിത്ത്, മനേഷ്, ലാൽ, പിന്നെ വലിയൊരു സംഘവും.
തോറ്റ് പിൻവാങ്ങി കോൺക്രീറ്റ് പോസ്റ്റുകളിൽ നിന്നൂർന്ന് വരുന്ന സാജനെയും സുഭാഷിനെയും ചുറ്റി മൈത്രിനഗറിലെ യുവസംഘം ഒരു പൂർണ്ണവലയം വിരിച്ചു. നിലം തൊട്ട ഇരുവരെയും കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച്, പിൻ കോളറിൽ പിടിച്ച് മുന്നിലേക്കുന്തി, മുഖം മണ്ണിൽ ചേർത്ത്, മുതുകത്ത് കാൽ ചവിട്ടി ഭേദ്യം തുടങ്ങാനാഞ്ഞതും, അത്രയ്ക്കും ഒരുമിച്ച് നടന്നതിനാൽ ആദ്യം വന്നതേതെന്ന് തിരിച്ചറിയാനാവാത്ത വിധത്തിൽ സ്ട്രീറ്റ് ലൈറ്റ് തെളിയുകയും ഒപ്പം പിന്നിൽ നിന്നൊരലർച്ച കേൾക്കുകയും ചെയ്തു.
” വിടടാ അവമ്മാരെ, ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..”
എസ്റ്റബാനെ കണ്ട്, ഒരു നിമിഷം പകച്ചെങ്കിലും ആളെണ്ണത്തിന്റെ ബലത്തിൽ ഒന്ന് കോർക്കാൻ തന്നെ തീരുമാനിച്ച് അവർ തയ്യാറെടുത്ത് നിന്നു. ക്ലബ്ബിന്റെ കാര്യത്തിലും ഇന്നത്തോടെ ഒരു തീരുമാനമുണ്ടാകണമെന്ന് ഏവർക്കും വാശിയായിരുന്നു.
* * * * * * * * *
വായനക്കാരായ നിങ്ങളോ, കഥയെഴുതിക്കൊണ്ടിരുന്ന ഞാനോ പ്രതീക്ഷിച്ച പോലെ അവിടെയൊരു സംഘട്ടനമുണ്ടായില്ല. സൂക്ഷം പോലെ വന്നെത്തിയ ഒരു പോലീസ് ജീപ്പ് കൃത്യമായ തിരക്കഥ പ്രകാരമുള്ള ചലനങ്ങളിലൂടെ പൂങ്കെെതമൂട്ടിലെ മൂവരെയും ജീപ്പിൽ കയറ്റി കൊണ്ടുപോയി. പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കേസ്. എസ്റ്റബാന്റെ പഴയ കേസ് ചരിത്രം മുന്നോട്ടുള്ള കാര്യങ്ങൾ പ്രയാസമാക്കുമെന്നുറപ്പാണ്. എന്റെയും നിങ്ങളുടെയും കണ്ണുവെട്ടിച്ച് മൈത്രിനഗറിലെ വർഗീസിന്റെ മകൻ ജോയിമോൻ വിളിച്ച രണ്ട് ഫോൺ കോളുകളാണ് കൃത്യ സമയത്ത് എസ്റ്റബാനെയും, തൊട്ടുപിറകേ പോലീസിനെയും അവിടെയെത്തിച്ചത്. എസ്റ്റബാനെ ഇതിലേക്കിറക്കണമായിരുന്നു ജോയിമോന്. അഞ്ച് വയസ് വരെയുള്ള പൂങ്കൈതമൂട് ജീവിതത്തിൽ നിന്ന് അവനറിയാമായിരുന്നു, കുറ്റിക്കാടിറങ്ങിയെത്തുന്ന ഊളനെയും, പാക്കാനെയും, പന്നിയെയുമൊക്കെ തല്ലിക്കൊന്ന് തോലുരിച്ച് കണ്ണ് നീറും പാകത്തിൽ എരിയുള്ള കറിയാക്കുന്നത് എസ്റ്റബാനാണെന്ന്. ജോയിമോൻ വളർന്നു. അവൻ തുടങ്ങിയിട്ടേയുള്ളൂ…
…
ബിനുരാജ്. ആർ. എസ്.
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.