നാടന്‍പ്രേമം

0
235
biju-tr

ബിജു. ടി. ആർ പുത്തഞ്ചേരി

പഴയ വീട്ടിലേക്ക്
തിരിച്ചെത്തുമ്പോള്‍
വേലിപ്പടര്‍പ്പുകളില്‍ തലനീട്ടിയ
നീലശംഖുപുഷ്പത്തിന്റെ
നേര്‍ത്ത പുഞ്ചിരിയില്‍
വീണ്ടെടുപ്പിന്റെ തിളക്കം കാണാം …
ഉമ്മറത്തിണ്ണയില്‍ വെച്ച
നീണ്ട വാലുള്ള ഓട്ടുകിണ്ടിയിലെ
തണുത്തവെള്ളം  മുഖത്തൊഴിക്കുമ്പോള്‍
ആലസ്യത്തിന്റെ കറുത്തപക്ഷികള്‍
ആകാശത്തേയ്ക്കുയരുന്ന
ചിറകടി കേള്‍ക്കാം…
അടുക്കളയിലെ മേശയ്ക്കു മുകളില്‍
മണ്‍കലത്തിലടച്ചുവെച്ച
മോരുവെള്ളത്തിന്
മരിച്ചുപോയ(തണുത്തു പോയ)
ആത്മവിശ്വാസത്തെ
തൊട്ടുണര്‍ത്താനുള്ള മന്ത്രശേഷിയുണ്ട്.
പിഞ്ഞാണത്തില്‍ വിളമ്പിയ
കുത്തരിച്ചോറും സാമ്പാറും,
ചുട്ടപപ്പടവും  പച്ചമുളകിന്റെ
ചമ്മന്തിയും, കാച്ചിയമോരും….
മാതൃത്വത്തിന്റെ സ്നേഹത്തൂവല്‍ വീശി
പടിഞ്ഞാറന്‍കാറ്റ്
ജാലകവാതില്‍ കടന്നെത്തുന്നു.
‘അമ്മേ..’
കണ്ണുനീര്‍ത്തുള്ളിയിലൊരു നിലവിളി
നിലത്തു വീണുടയുന്നു….
തട്ടിന്‍പുറത്ത് പ്രാവുകളുടെ കുറുനാദം,
ഓടിളക്കിയരിച്ചെത്തുന്ന സൂര്യവെട്ടം,
പത്തായപ്പുരയില്‍ ചിലന്തിവരകള്‍,
അകത്തെവിടെയോ പാദസരകിലുക്കം.
നഷ്ടമായതെന്തോ  തിരിച്ചു കിട്ടിയ
സന്തോഷത്തിലാണ്  ഞാന്‍.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here