വിചാരണ

0
199
biju-tr-vicharana

കവിത

ബിജു ടി.ആര്‍ പുത്തഞ്ചേരി

കവിതയെഴുത്ത് നിര്‍ത്തി
ഞാനൊരു ആടിനെ വാങ്ങി.

കറവയുള്ള ആടാണ്.
ഒരു കുട്ടിയുണ്ട്.
കവിതയെഴുതാന്‍ തോന്നുമ്പോള്‍
ഞാനാടിനെ കറക്കും..

ആടിന് വൃത്തവും
അലങ്കാരവുമുണ്ട്.
പല്ലവിയും അനുപല്ലവിയും
ചരണവുമുണ്ട്.

ആട്ടിന്‍പാലിന് കവിതയുടെ മണമുണ്ടെന്ന്
നാട്ടുകാര്‍.
പുകഴ്ത്തുന്നവര്‍ക്ക്
ഞാനരഗ്ലാസ് പാലധികം
കൊടുക്കും…

എനിക്കറിയാം മതിലിനപ്പുറം
കടന്ന് അവര്‍ ആടിനേയും പാലിനേയും
തള്ളിപ്പറയുമെന്ന്….

ആടിന് അസൂയ തോന്നിയതുകൊണ്ടാവാം
പാലിന്റെ അളവ് കുറയാന്‍ തുടങ്ങി.

ഗൂഢതന്ത്രത്തിന്റെ ഭാഗമായി
പാലില്‍ വെള്ളം ചേര്‍ത്ത്
ഞാന്‍ തന്ത്രശാലിയായി…

പാല്‍ വാങ്ങുന്നവരുടെ
എണ്ണം കൂടുകയാണ്.
ഇതുവരെ കുടിച്ചതില്‍
മികച്ച പാലെന്ന്
നാട്ടുകാര്‍.

ആത്മനിര്‍വൃതിയില്‍
ഇനിയെനിക്ക്
കാത്തിരിക്കാനാവില്ല

ആടിന്റെ വയര്‍കീറി,
അകിടു തുരന്ന്
കവിതയുടെ പാല്‍പാത്രം
പുറത്തെടുക്കണം..

നാടുകളില്‍ നിന്ന്
നാടുകളിലേക്ക്
പാലൊഴുകണം,
വെള്ളം ചേര്‍ത്ത കവിത നിറഞ്ഞത്….

ഒരു നിലവിളിയോടെ
കയറുപൊട്ടിച്ച്,
ആട് ഓടാന്‍ തുടങ്ങി.
മഷി വറ്റിയ പേനയുമായി
ഞാന്‍ പിറകിലുണ്ട്…
‌…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here