കവിത
ബാലകൃഷ്ണൻ മൊകേരി
ചിത്രീകരണം : ഹരിത
വഴിയോരങ്ങളിൽ ചില വന്മരങ്ങള്‍
വളര്‍ന്നു നില്ക്കാറുണ്ട്,
പച്ചയുടെ മാമലയായി,
ഒറ്റയ്ക്കൊരു കാടായി
ഇരുണ്ടുകനത്തങ്ങനെ,
ഒരിക്കലും വറ്റാത്ത
പ്രത്യാശയുടെ തണലായി
വഴിയോരത്ത് ഒറ്റയ്ക്ക് !
കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോള്‍,
താങ്ങുതേടിയെത്തുന്ന
ചില വള്ളിപ്പടര്‍പ്പുകള്‍
അതിൽ ചുറ്റിപ്പിടിച്ച് പടര്‍ന്നുകയറും!
ആദ്യമാദ്യം,
ഒരിക്കിളിപോലെ,
പിന്നെയൊരു
സ്നേഹസ്പര്‍ശംപോലെ
പടരുന്ന വള്ളികള്‍ക്ക്,
മരം
തന്റെ തലയിലുമിടംനല്കും !
മഴപ്പെയ്ത്തിന്റെ കല്ലേറും
വെയിൽപ്പെയ്ത്തിന്റെ തീമഴയും
കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം
പ്രതിരോധിച്ച്,
മരമാവള്ളിയെ പ്രണയിച്ചുതുടങ്ങും !
അപ്പോഴേക്കും
പടര്‍ക്കൈകള്‍ക്ക്
കമ്പക്കയറിന്റെ കരുത്തുവന്ന്
വള്ളികള്‍,
മരത്തിനെ വരിഞ്ഞുമുറുക്കുകയാവും !
ഒടുവിലാ വന്മരത്തിനെ
മുഴുവനായി വിഴുങ്ങി
പടര്‍പ്പുകളുടെ ഒരു പിസാഗോപുരം
വഴിയോരത്ത്,
പേരറിയാപ്പൂക്കളുടെ
നിറച്ചാര്‍ത്തിലുലയും !
പടര്‍പ്പിനുള്ളിലെ മരം
ശ്വാസംകിട്ടാതെ പിടയുന്നതിനെ,
മരത്തിന്റെ രോമാഞ്ചമെന്നോര്‍ത്ത്
പരിഭാഷപ്പെടുത്തുന്നവര്‍ക്ക്,
തീവ്രപ്രണയത്തിന്റെ
ഉജ്ജ്വലമാതൃകയായി
ആ മരം
മരിച്ചുമരവിച്ചങ്ങനെ
പ്രണയത്തിൻ്റെ
രക്തസാക്ഷിയാവും!
…
ബാലകൃഷ്ണൻ മൊകേരി
കോഴിക്കോട് ജില്ലയിലെ മൊകേരിയിൽ ജനനം. ഇപ്പോൾ താമസിക്കുന്നത് കണ്ണൂർ ജില്ലയിലെ ചൊക്ളിയിൽ. നരിപ്പറ്റ,
രാമർ നമ്പ്യാർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.
കന്യാസ്ത്രീകൾ, ഓർമ്മ, മരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.