“അയ്യങ്കാളി അമ്മൻ വന്തോടീ ? “

2
324

എം. സി അബ്ദുൽ നാസർ

കേരളത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. ‘എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും’ എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യൻകാളി നടത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു. കേവലം വിദ്യാഭ്യാസത്തിനായിരുന്നുമില്ല അത്. മറിച്ച് വിദ്യാഭ്യാസത്തിലൂടെ എത്തിച്ചേരേണ്ട സമത്വത്തിനായിരുന്നു. സ്കൂളുകളിൽ മേൽജാതിക്കാർ പ്രവേശനം അനുവദിക്കാത്തതു കൊണ്ട് ദലിതർക്ക് മാത്രമായി സ്കൂളുകൾ അനുവദിക്കണം എന്നതായിരുന്നില്ല ഊരൂട്ടമ്പലം സ്കൂളിൽ അയ്യൻകാളി ഉയർത്തിയ വാദം. പൊതു പണം ഉപയോഗിച്ചു നടത്തുന്ന ഏത് സ്കൂളിലും ഞങ്ങൾക്ക് പഠിക്കാൻ അവസരമുണ്ടാവണം എന്നു തന്നെയാണ് ആ നിലപാട്.
സമത്വത്തിലേക്കെത്താനുള്ള വിദ്യാഭ്യാസം എന്നതാണ്, കീഴാളന്റെ ലക്ഷ്യം. അതു കൊണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള ഒരവസരവും വിട്ടു കളയരുത്. സാവിത്രി ഭായ് ഫൂലെയും ബാബാ സാഹേബും മുതൽ കാഞ്ച ഐലയ്യ ഷെപ്പേഡ് വരെ ഉയർത്തുന്ന ഈ നിലപാടിൽ ഒരു സാംസ്കാരിക യുക്തിയുണ്ട്. ഇന്ത്യയിലെ ഏതു നാട്ടുഭാഷയുടേയും പൈതൃകം ജാതിമേധാവിത്വത്തിന്റേതാണ്. മലയാളമോ ഹിന്ദിയോ തമിഴോ ഏതുമാവട്ടെ, ഭാഷയിലെ ആ മേധാവിത്വത്തോട് എതിരിട്ടു കൊണ്ടു മാത്രമേ ഒരു ദലിതന് മുന്നോട്ടു പോവാനാവൂ. ‘നിങ്ങൾ ഒരാളെ അഭിവാദ്യം ചെയ്യുമ്പോൾ ഗുഡ് മോർണിംഗ് എന്നേ പറയാവൂ. എങ്കിൽ നിങ്ങൾക്ക് ഗുഡ് മോർണിംഗ് എന്നു തന്നെ തിരിച്ചു കിട്ടും. ഇന്ത്യൻ ഭാഷകളിലാണെങ്കിൽ നിങ്ങൾ കീഴാളത്തവും മേലാളത്തവും അറിയും ‘ എന്ന് മാധ്യമ പ്രവർത്തകനും അക്കാദമീഷ്യനുമായ ചന്ദ്രഭാൻ പ്രസാദ് പറയുന്നുണ്ട്. നീയും നിങ്ങളും അങ്ങയും അവിടുന്നും മറികടന്ന് സമത്വമറിയണമെങ്കിൽ YOU വിലേക്കെത്തണം എന്നു തന്നെ. സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹ്യബോധത്തിന്റെയും വാഹനം ഭാഷയാണ്. കോളണി അനന്തര ഇന്ത്യയിൽ ഇംഗ്ലീഷ്, ജാതിയെ മറിച്ചിടുന്ന നിരവധി സന്ദർഭങ്ങൾ കാഞ്ച ഐലയ്യ ഷെപ്പേർഡ് ഉദാഹരിക്കുന്നുണ്ട്.
മാതൃഭാഷ മലയാളം എന്നു കേൾക്കുമ്പോൾ അത്രമേൽ മധുരമാവുന്നത് പ്രിവിലേജ്ഡ്’ ക്ളാസിനു മാത്രമാണ് എന്നു വരുന്നത് അത്ര അഭിമാനകരമായ സംഗതിയല്ല. ഭാഷയ്ക്കു വേണ്ടിയുള്ള സമരത്തോളം തന്നെ പ്രധാനമാണ് ഭാഷയ്ക്കകത്തു നടക്കേണ്ട സമരവും. ആരുടെ മലയാളം എന്നൊരു ചോദ്യത്തെ നേരിടേണ്ടി വരുമ്പോൾ, എന്റെയും നിന്റെയും മലയാളം എന്നു പറയാനാവും വിധം ആരിലുമത് ആത്മവിശ്വാസം നിറയ്ക്കണം. അതാണ് ഭാഷയ്ക്കകത്തു നടക്കേണ്ട സമരം. സമത്വത്തിന്റെ സമരം. അയ്യൻകാളിയുടെ സമരം.
കുട്ടിക്കാലത്ത് സവർണർ ചോദിച്ചിരുന്ന ഒരു ചോദ്യം കെ.കെ. കൊച്ച് അനുസ്മരിക്കുന്നുണ്ട്.
” അയ്യങ്കാളി അമ്മൻ വന്തോടീ? ”
മറുപടി ഒരു മറു ചോദ്യമാണ്.
”പിന്നെ വരാലാ?”
പിന്നെയും ചോദ്യം.
“വല്ലോം തന്തോടീ? “
“പിന്നെ തരാലാ?”
എന്നു മറുപടി.

തന്നത് സമത്വത്തിലേക്കുള്ള പാതയാണ്.

അയ്യൻകാളി ജയന്തി ആശംസകൾ

2 COMMENTS

  1. ഇതൊക്കെ ആരാ പറഞ്ഞത് ? ഇവിടെ വലിയ ഒരു വിദ്യാഭ്യാസ സംവിധാനം – അതായത് ആര്‍ഷ ഭാരത സംസ്ക്രാരത്തിലധിഷ്ഠിതമായ ഒരു ഗുരു കുല വിദ്യാഭ്യാസ രീതി ഉണ്ടായിരുന്നില്ലേ ? ഭാരതീയ വിദ്യാഭ്യാസ രീതി നശിച്ചത് പാശ്ചാത്യ, യൂറോപ്പ്യന്‍ വിദ്യാഭ്യാസത്തിന്റെ വരവോടെയല്ലേ ? ഇന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും വേദങ്ങളിലെ സീമാതൃതമായ അറിവ് യൂറോപ്പിലേക്ക് കടത്തി കൊണ്ട് പോയിട്ടല്ലേ യൂറോപ്പ്യര്‍ നിരവധി കണ്ടെത്തലുകള്‍ നടത്തിയത് ? അങ്ങിനെയല്ലേ അവര്‍ക്ക് നോബല്‍ സമ്മാനം കിട്ടിത്തുടങ്ങിയത് ? അതിന് മുമ്പ് ഭാരതീയര്‍ വിമാനം, അണുബോംബ്, പ്ലാസ്ടിക് സര്‍ജറി, റഡാര്‍ എന്നിവയൊക്കെ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. . .!! ഇത്രയും മഹത്തായ ഒരു രാജ്യത്ത് എങ്ങിനെയാണ് കീഴാളര്‍ വിദ്യക്കായി മേലാളരൊട് കെഞ്ചേണ്ട അവസ്ഥ ഉണ്ടാകുക ?

  2. എന്നിട്ടും നിങ്ങള്‍ക്കൊന്നും ഒരു എതിര്‍പ്പുമില്ലല്ലോ ??? സായിപ്പിന്റെ വിദ്യാഭ്യാസ രീതി വന്നതൊടെ ഈ നാട് കുട്ടിച്ചോറായി. അതിലേറെ കഷ്ടം കുറേ ഇന്ത്യക്കാര്‍ ഇംഗണ്ടില്‍ പോയി പഠിച്ചു. . . അതോടെ ഇന്ത്യക്കാരുടെ ബുദ്ധിയും സംസ്കാരവുമെല്ലാം ഇല്ലാതായി. . . ഈ നാട് കൂരിട്ടിലായി. . . കഷ്ടം. . . !!

LEAVE A REPLY

Please enter your comment!
Please enter your name here