കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ എന്നീ ഫീച്ചർ സിനിമകൾക്കും ഫ്രെയിം, കാണുന്നുണ്ടോ, 52 സെക്കൻഡ്‌സ് എന്നീ ഷോർട്ട് ഫിലിമുകൾക്കും ശേഷം പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന ഫീച്ചർ സിനിമ ‘ഒരു രാത്രി ഒരു പകൽ’ നിർമ്മാണം പൂർത്തിയായി. കേരളത്തിൽ സമീപകാലത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തിൽ ആണ് സിനിമ. ഷൊറണൂർ മാന്നന്നൂരിനടുത്തുള്ള തൈതൽ ഗ്രാമവും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
മിനിമൽ സിനിമയുടെ ബാനറിൽ പൂർണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. ഡാൽട്ടൻ ജെ.എൽ. ആണ് നിർമാണ പങ്കാളി. ദേശീയ- സംസ്‌ഥാന അവാർഡുകൾ കരസ്ഥമാക്കിയ നിരവധി സിനിമകളുടെ സൗണ്ട് ഡിസൈനർ ഷൈജു എം. ആണ് ശബ്ദവിഭാഗം പൂർണമായും കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമൻ എന്നിവർ സ്വതന്ത്ര കാമറാമാന്മാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സലീം നായർ പശ്ചാത്തല സംഗീതവും ജോൺ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. പാട്ട് എഴുതി ആലപിച്ചിരിക്കുന്നത് ശരത് ബുഹോയും കുറ്റിച്ചൂളൻ ബാൻഡും ചേർന്നാണ്. ലെനൻ ഗോപൻ, അർച്ചന പത്മിനി, ശുഐബ് ചാലിയം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. സ്റ്റിൽ ഫോട്ടോഗ്രഫി വൈശാഖ് ഉണ്ണികൃഷ്‌ണൻ. ടൈറ്റിൽ ഡിസൈൻ ദിലീപ് ദാസ്. ക്രിയേറ്റീവ് സപ്പോർട്ട് ആന്റണി ജോർജ്ജ്, അപർണ ശിവകാമി, ഇന്ദ്രജിത്ത്.