ഡോ. രോഷ്‌നി സ്വപ്‌ന
ആത്മാവിന്റെ പരിഭാഷകള്‍ – 9
കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….
(ലോക സിനിമയും ചില സംവിധായികമാരും )
The Emancipation
begins neither at the polls
nor in the courts.
It begins a woman’s soul
-Emma Goldman.
സ്ത്രീകളുടെ സർഗ്ഗാത്മകതയുമായി ബന്ധപ്പെട്ട ചിന്തകളിൽ ഏറെ പ്രസക്തമെന്നു തോന്നിയ വരികളാണിത്. യഥാർഥ മോചനം നടക്കുന്നത് തെരഞ്ഞെടുപ്പുകളിലോ കോടതികളോ അല്ല: സ്ത്രീകളുടെ ആത്മാവിലാണ്. രണ്ടാംലോകമഹായുദ്ധകാലത്ത് ഫ്രാൻസിലെ ബാസ്റ്റൻ ജയിൽ തകർത്തതുമായി ബന്ധപ്പെട്ടാണ് ലോകത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത്. ഫ്രാൻസ് ഭരണകൂടം രാജ്യത്തിലെ പുരുഷന്മാരെ മുഴുവൻ സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ ചുമത്തി ജയിലിൽ ഇടുകയും രാജ്യദ്രോഹകുറ്റം ചുമത്തി കൊന്നൊടുക്കുകയും ചെയ്തതോടെയാണ് ചെറിയ ചെറിയ വീഞ്ഞു കടകളും ഭക്ഷണശാലകളും നടത്തി സ്ത്രീകൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നത്. അധികാരത്തിന്റെ അടിച്ചമർത്തലുകളും പല തരത്തിലുള്ള സമ്മർദ്ദവും താങ്ങാനാവാതെ അടുക്കള ഉപകരണങ്ങളും കത്തിയും കഠാരയും ഉപയോഗിച്ച് ഫ്രാൻസിലെ സ്ത്രീകൾ ബാസ്റ്റൻ ജയിൽ അടിച്ചു തകർക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചാൾസ് ഡിക്കൻസ് “ദി ടെയിൽ ഓഫ് ടു സിറ്റിസ്”എഴുതുന്നത്. ആഫ്രിക്കയിലെ സ്ത്രീ തൊഴിലാളികൾ പ്രതിഫലവുമായി ബന്ധപ്പെട്ട് നടത്തിയ കലാപവും ചരിത്രമുഹൂർത്തം ആണല്ലോ! അങ്ങനെ എത്രയെത്ര കലാപങ്ങൾ! ഏതൊരു ജനസമൂഹത്തിന്റെയും കൂട്ടായ്മയുടെയും ഏറെ പ്രധാനപ്പെട്ട പ്രതിരോധവും അതിജീവനവും നിലനിൽക്കുന്നത് അതിൻറെ സാംസ്കാരികാംശങ്ങളുടെ പ്രായോഗിക ഇടങ്ങളിൽ ആണെന്ന് കാണാം.
ഏകതാനമായ ഒന്നല്ല സംസ്കാരത്തിൻറെ ജീവൻ. അതിൽ ചലനവും ശബ്ദവും സ്പർശവും രുചിയും ഗന്ധവും ഉണ്ട്.ഇന്ദ്രിയാനുഭവങ്ങളുടെ വിശാലമായ ഭൂപ്രദേശങ്ങൾ ഉണ്ട്. ഇത്തരത്തിൽ മനുഷ്യൻ എന്ന നിലയിൽ, ആത്യന്തികമായി ഒന്നിച്ചിരിക്കുന്ന, എല്ലാവരെയും ഒന്നിച്ചു നിർത്തുന്ന, നിരന്തരമായ പരിണാമത്തിന്റെ സൗന്ദര്യശാസ്ത്ര അടിസ്ഥാനത്തിലാണ് കലയും സാഹിത്യവും സിനിമയും നാടകവും എല്ലാം വായിക്കപ്പെടേണ്ടത്. ഇത്തരം പരിണാമങ്ങളുടെ വഴിയിലൂടെ തന്നെയാണ് ആസ്വദിക്കപ്പെടേണ്ടതും; വിലയിരുത്തപ്പെടേണ്ടതും. ഇത്തരത്തിൽ സാമൂഹ്യ-സാംസ്കാരിക സൗന്ദര്യ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള കാഴ്ചാനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സിനിമയ്ക്കും തിയേറ്ററിനും വ്യത്യസ്തവും സവിശേഷവുമായ ആഖ്യാന ഇടങ്ങളും ആസ്വാദന ഇടങ്ങളും ഉണ്ട് എന്ന് കണ്ടെത്താം. ഓരോ പ്രദേശത്തെയും രാഷ്ട്രത്തിന്റെയും സംസ്കാര രാഷ്ട്രീയത്തിന്റെയും
ഉൾതുടിപ്പുകളായാണ് അതത് ദേശങ്ങളിലെ കലയും കവിതയും സിനിമയും
ഒക്കെ സംഭവിക്കുന്നത്. സമയവും ഇമേജുമാണ് സിനിമയിലെ ഏറ്റവും പ്രധാന ഘടകങ്ങളായി കടന്നുവരുന്നത് എന്നതുകൊണ്ടുതന്നെ കാലവും കാഴ്ചയും എന്നതിനെ അതിൻറ മറ്റൊരു ഭാഷാഭേദം ആയികണക്കാക്കാം. കേവലം കാഴ്ചാമാധ്യമം എന്ന നിലക്കപ്പുറം, ഒരു കലാരൂപമായി തന്നെ സിനിമയെ കണ്ടെടുക്കാൻ ആണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ സിനിമയുടെ കലാത്മകതയും സൗന്ദര്യാത്മകതയും ദൃശ്യപരതയും ശബ്ദവും വെളിച്ചവും പശ്ചാത്തല ശബ്ദങ്ങളുമെല്ലാം ചേർന്ന് നിർണയിക്കുന്ന കാഴ്ചാ രീതിയാണ് എന്റേത്.അത്തരം സാംസ്കാരിക കാഴ്ചാ സാധ്യതകളിൽ ആണ് എൻറെ “കാണൽ ” കൊളുത്തിക്കിടക്കുന്നത്.
സിനിമയുടെ ചരിത്രം അന്വേഷിച്ചപ്പോഴും പഠിച്ചപ്പോഴുമെല്ലാം ഏറിയകൂറും പുരുഷ സാന്നിധ്യത്തിൽ ഉറച്ചുപോയ കാഴ്ചാ,വായനാ പാഠ ഉപകരണങ്ങളായിരുന്നു ആദ്യം ലഭ്യമായത്.അത് തിരുത്തിയത് എന്റെ ചലച്ചിത്ര അധ്യാപകനായ പി കെ നായർ സാറായിരുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യങ്ങളെക്കുറിച്ച് കണ്ടുതുടങ്ങിയപ്പോഴാണ് അവ വെറും പ്രാധിനിത്യങ്ങൾ മാത്രമല്ല എന്നും ശക്തമായ നാഴികക്കല്ലുകൾ ആണെന്നും അറിഞ്ഞത്. ഇവിടെ കണ്ടതും അറിഞ്ഞതുമായ ചില
സ്ത്രീകളെ എഴുതുന്നു എന്ന് മാത്രം. ഇത് വായനക്കാർക്ക് അറിവുള്ളതും ഒരു പക്ഷേ ഈ കുറിപ്പിനേക്കാൾ ഏറെ ആഴത്തിൽ ദത്ത ശേഖരങ്ങൾ ഉള്ളവരും ഉണ്ടാകാം.എങ്കിലും കാഴ്ചയിൽ ചരൽക്കല്ലുകളാകുന്ന സിനിമകളെയും അതിൻറെ സംവിധായികമാരെയും പരാമർശിച്ചു പോകുന്നു.
സമൂഹവും ജീവിതവും കലയുമായുള്ള ബന്ധം എന്നത് ഭാവനയും കലർന്ന സൗന്ദര്യ സങ്കല്പത്തിൽ അധിഷ്ഠിതമാണ്. ഇവ പരസ്പരപൂരകങ്ങളാണ്. സമൂഹവും സിനിമയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോൾ ഇത് ഏറെ പ്രസക്തമാണ്. സിനിമയുടെ ആന്തരിക ഇടത്തിൽ അതിൻറെ വികാസപരിണാമങ്ങൾ ക്കുവേണ്ടി സൃഷ്ടിച്ചെടുക്കുന്ന സമൂഹത്തിനു പ്രാധാന്യമുണ്ട്. രണ്ടാമതായി ആസ്വാദകർ. ഇവ രണ്ടും ഒരു സിനിമയുടെ നിലനിൽപ്പിന്റെയും സ്വത്വരൂപീകരണത്തിന്റെയും ഭാഗങ്ങളാണ്. സ്ത്രീയും സിനിമയും തമ്മിലുള്ള വിനിമയങ്ങളെക്കുറിച്ചുള്ള പൊതുബോധ നിർമിതിയെ മാറ്റിമറിക്കുന്ന നിരവധി സംവിധായികമാരും അഭിനേത്രികളും സാങ്കേതിക വിദഗ്ധകളും ചരിത്രത്തിലൂടെ കടന്നുവന്നിട്ടുണ്ട്. ക്യാമറയുടെ മുന്നിലും പിന്നിലും അണിയറയിലും ആയി ചിതറിക്കിടക്കുന്ന ഇവരെ വേറിട്ട് പഠിക്കേണ്ടത് അനിവാര്യമാണ്. അത് സിനിമയുടെ രീതിശാസ്ത്രം അനുസരിച്ച് തന്നെ വേണം താനും.
പലരും പല തരത്തിൽ അടയാളപ്പെടുത്തിയ ആ ചരിത്രത്തിൻറെ ഭാഗമായി വന്ന ആദ്യ വനിതയാണ് ആലീസ് ഗയ് ബ്ലേക് (Alice Guy Blake ). 1873ലാണ് ആലിസ് ജനിച്ചത്. 1873 ല്‍ തന്നെയാണ് ഫ്രഞ്ച് എഴുത്തുകാരിയായ സിധോണി ഗബ്രിയേലെ കൊളറ്റിയുടെയും ജനനം. സിധോണി എഴുതുന്നുണ്ട്.
‘’Every Woman.
When think,
She is intelligent demands
the same rights as man.
And intelligent woman gives up.
പാരീസില്‍ ആണ് ജനിച്ചതെങ്കിലും സ്വിറ്സർലണ്ടില്‍ വളര്‍ന്ന ആലീസിന് ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉണ്ടായിരുന്നു. ചലനാത്മകമായ കാഴ്ചകൾ കണ്ടുനിൽക്കാനായിരുന്നു മറ്റൊരു താല്പര്യം. 1894 ൽ ആലീസ് ജോലിക്ക് ചേര്‍ന്ന ഫോട്ടോ സ്റ്റുഡിയോ പിന്നീട് അടച്ചുപൂട്ടുകയും ലിയൻ ഗമോൻ എന്ന ഒരു സ്ഥാപനം ആ ഫോട്ടോ സ്റ്റുഡിയോ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഇത് ഫ്രാൻസിലെ പ്രധാനപ്പെട്ട ഷൂട്ടിംഗ്/ സ്റ്റിൽ സ്റ്റുഡിയോ ആയി മാറി. മുൻപരിചയവും ഫോട്ടോഗ്രാഫിയിലെ താൽപര്യവും നിമിത്തം ലിയൻ ഗമോനിലെ ചലചിത്ര നിർമ്മാണകമ്പനി വിഭാഗത്തിൽ ആലീസിന് ചെറുതല്ലാത്ത ഒരു ജോലി കിട്ടി.1897 മുതൽ 1906 വരെ ആലീസ് ലിയൻ കമ്പനിയുടെ സിനിമാ നിർമ്മാണ ഉത്തരവാദിത്വം നിർവഹിച്ചു. ലൂമിയർ സഹോദരന്മാരുടെ “ലാ -ആരോസ്യൂർ -അരോസ് (L, Arroseur -Arros) പുറത്തുവന്നത് 1895 ലാണ് .1896 ആലിസ് ” ദി ഗ്യാബേജ് ഫെയർ “(The Gabbage fair ) എന്ന ചലച്ചിത്ര൦ നിർമ്മിച്ചു. 60 സെക്കൻഡ് ആയിരുന്നു സമയം. ലൂമിയർ സഹോദരന്മാരും ആലീസും ഏകദേശം ഒരേ കാലഘട്ടത്തിൽ തന്നെയായിരുന്നു ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഇനി ലൂമിയറിനുശേഷമാണ് ആലീസിനെ വരവ് എന്നാണ് വാദം എങ്കിലും ചലച്ചിത്രം എന്ന മഹാചരിത്രത്തിലെ ആദ്യത്തെ സംവിധായികയും നിർമ്മാതാവും തിരക്കഥാകൃത്തുമായി ആലീസിനെ നമുക്ക് കണ്ടെത്താം.
1906 -ലാണ് ഹ്രസ്വചിത്ര ഘടനയിൽ നിന്ന് മാറി ആലീസ് ” ദി ലൈഫ് ഓഫ് ദ ക്രൈസ്റ്റ്'” സംവിധാനം ചെയ്തത്. ഏകദേശം 350 ഓളം അഭിനേതാക്കൾ അണിനിരന്ന ഒരു സിനിമയായിരുന്നു അത്. അതേ വർഷം തന്നെയാണ് സ്പ്രിംഗ് ഫെയറിയും ആലീസ് സംവിധാനം ചെയ്തത്. 1902 ൽ ഒരു നിശബ്ദ സിനിമ ആലീസ് ചെയ്തിരുന്നു. സ്പ്രിംഗ് ഫെയറിയിൽ അവർ ചലച്ചിത്ര ഭാഷയിലെ ചില പരീക്ഷണങ്ങൾ നടത്തി. പെയിന്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കളർ ചിത്രങ്ങൾ ആക്കാമെന്ന് അവർ പരീക്ഷിച്ചു. സിനിമയുടെ സാങ്കേതികതയിലും ആലിസ് ഒട്ടേറെ സംഭാവനകൾ ചെയ്തു. ഇന്ന് നാം കാണുന്ന സ്പെഷ്യൽ ഇഫക്റ്റുകളുടെ ആദ്യരൂപങ്ങൾ ആലീസിന്റെ ചിന്തയിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. ദൃശ്യങ്ങൾ മറച്ചുകൊണ്ടുള്ള മറ്റൊരു വസ്തുവിന്റെയോ ഇമേജിന്റെയൊ സാന്നിധ്യം (masking ), ഫാസ്റ്റ്, റിവേഴ്സ് സ്ലോമോഷൻ തുടങ്ങിയ സാങ്കേതിക ചിന്തകൾ എന്നിവ അവർ
പരീക്ഷിച്ചു. വ്യത്യസ്തവും സഹസികവുമായ ഷൂട്ടിങ് രീതികൾ ഉപയോഗിച്ചു. വന്യമൃഗങ്ങളെ ഷൂട്ടിങ്ങിൽ ഉപയോഗിച്ചു. അവർ തന്റെ ചലച്ചിത്രജീവിതം സർഗ്ഗാത്മകമാക്കിയത് ഇത്തരത്തിൽ ആയിരുന്നു .ഏകദേശം 25 കൊല്ലത്തോളം ചലച്ചിത്ര സംവിധാനവും നിർമ്മാണവും തിരക്കഥാരചനയും പരീക്ഷണാത്മക ചലച്ചിത്ര പ്രവർത്തനങ്ങളുമായി ജീവിച്ച ആലീസ്, ഇടതടവില്ലാതെ സിനിമകൾ നിർമ്മിച്ചു ഈ ചരിത്രം തുടരുന്നത് പിന്നീട് ലെനി റീഫൻസ്റ്റാളിലൂടെയും അക്കര്‍മാന്‍ ചാന്‍ടലിലൂടെയും ലൂസിയ മുരാത്തിലൂടെയും മായ ടെരാരിലൂടെയം ഇഡാ ലുപിനോയിലൂടെയുമൊക്കെമാണ്.
മാര്‍ത്താ മേസോരാസ് – കണ്ണുകള്‍ക്ക് മുന്നില്‍ ഒരു അഗ്നിനാളം
“marked the end of a process by which
I had become established in the
eyes of male directors
—–മാര്‍ത്താ മെസോരാസ്
ചലച്ചിത്ര പഠിതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായികയാണ് മാർത്താ മെസൊറോസ്. ഹംഗറിയിലെ ബുദാപെസ്റ്റിലാണ് 1931ൽ മാർത്ത ജനിച്ചത്. യൂറോപ്പിൽ നിന്ന് ലോകം മുഴുവൻ പടർന്ന ചലച്ചിത്രകാരികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാർത്തയുടെ പേര്. വേര ചിറ്റി ലോവ്, (ചെക്ക് ) ആഗ്നിഷ്ക(ഹോളണ്ട്) എന്നിവരോടൊപ്പമാണ് മാർത്തയുടെയും സ്ഥാനം. സാമൂഹിക അസമത്വത്തിനു കീഴിൽ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ലിംഗ അനീതിയെ കുറിച്ചാണ് അവർ ഏറിയകൂറും സംസാരിച്ചത്. തൻറെ സിനിമകളിൽ ഏറ്റവും കൂടുതൽ അവർ ചർച്ച ചെയ്തതും ലിംഗ അനീതികളെക്കുറിച്ച് തന്നെയായിരുന്നു. പ്രതിരോധരാഷ്ട്രീയം സ്ത്രീയുടെ ശരീരത്തിലൂടെയും തെരെഞ്ഞെടുപ്പുകളിലൂടെയും നിലപാടുകളിലൂടെയും എത്തരത്തിലാണ് ചിറകുവീശി പറക്കുന്നത് എന്ന് തൻറെ സിനിമകളിലൂടെ മാർത്ത അന്വേഷിച്ചു.സ്റ്റാലിന്റെ ക്രൂര ഭരണത്തിൻ കീഴിൽ പീഡനമനുഭവിച്ച കുടുംബമായിരുന്നു മാർത്തയുടേത്.
ഹംഗറിയിലെ വിദ്യാഭ്യാസകാലത്തിനു ശേഷം സിനിമ പഠിക്കാനാണ് മാർത്ത ആഗ്രഹിച്ചത്. പക്ഷെ അന്നത്തെ ഹംഗറിയുടെ സാമൂഹ്യവ്യവസ്ഥയിൽ ചലച്ചിത്ര പഠനം എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവേചനം നേരിട്ട് ഒരു മേഖലയായിരുന്നു. സംഘർഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലവും
അതിസങ്കീർണമായ സാമൂഹികാവസ്ഥയും മാർത്തയിലെ പോരാളിയെ ഉയർത്തുകയായിരുന്നു. പിന്നീട് , ബുഡാപെസ്റ്റ് ലെ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്ത മാർത്ത മോസ്കോയിലേക്ക് പലായനം ചെയ്യുകയും, മോസ്കോ ഫിലിം സ്കൂളിൽ പഠിക്കാൻ ചേരുകയും ചെയ്തു. പഠനകാലത്തുതന്നെ മേൽപ്പറഞ്ഞ രാഷ്ട്രീയ സങ്കീർണത മാർത്തയുടെ ജീവിതത്തെയും നിലപാടുകളെയും സാരമായി ബാധിച്ചു. നിരവധി ചലച്ചിത്രകാരന്മാരും ചലച്ചിത്ര ധൈഷണികരും അടങ്ങുന്ന അധ്യാപക സമൂഹത്തെ മാർത്ത ഊറ്റിയെടുക്കുക യായിരുന്നു. സംഘർഷഭരിതമായ പ്രക്ഷോഭങ്ങളും ഹംഗേറിയൻ കമ്മ്യൂണിസ്റ്റ് ആഭ്യന്തര സംഘർഷങ്ങളും
മാർത്തയെയും ബാധിച്ചു. അധികാരത്തിന്റെ ദുഷ്പ്രവണതകൾക്കെതിരെ കലാകാരന്മാരും എഴുത്തുകാരും ഒന്നിച്ചുനിന്ന ഒരു കാലമായിരുന്നു അത്. ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളെ ഉൾക്കൊള്ളിച്ച് മാർത്ത ഒരു ഡോക്യുമെൻററി നിർമ്മിച്ചു. ഏറെ എതിർപ്പുകൾ നേരിട്ട ഒരു ഡോക്യുമെൻററി ആയി മാറിയ അത് മാർത്തയുടെ ജീവിതത്തെ നിർണ്ണയിച്ചു.
1990-കളുടെ അവസാനം വരെ ഒരു വർഷം ഒരു സിനിമ എന്ന നിലയില്‍ ജോലി ചെയ്ത മെസ്സാറോസിന്‍റെ ചലച്ചിത്ര ജീവിതം അതിശയകരമാം വിധം സമൃദ്ധമാണ്. മാർത്ത സംവിധാനം ചെയ്ത ഡയറി ഫോർ മൈ ലൗഡ് വൺസ് എന്ന സിനിമ അക്കാലത്തെ രാഷ്ട്രീയ അസമത്വങ്ങളുടെ പരിച്ഛേദമാണ്. തുറന്നു പറച്ചിലുകളും യഥാർഥ്യങ്ങളെ പൊളിച്ചെഴുതുകയും ചെയ്ത ആ സിനിമ മാർത്തയുടെ സംവിധാനശൈലിയുടെ മികച്ച ഉദാഹരണമാണ്. നിരവധി പരസ്യ ചിത്രങ്ങളും സയൻസ് ഫിക്ഷൻ ചിത്രങ്ങളുo ഡോക്യുമെൻററികളും അക്കാലത്ത് മാർത്ത സംവിധാനം ചെയ്തു 1968ലാണ് മാർത്ത തന്റെ ആദ്യസിനിമയായ ദി ഗേൾ സംവിധാനം ചെയ്തത്. 1975 ൽ അഡോപ്ഷൻ എന്ന സിനിമയോടു കൂടി മാർത്ത ലോക പ്രശസ്തിയിലേക്ക് ഉയർന്നു. താൻ അനുഭവിച്ച ജീവിതത്തെയും രാഷ്ട്രീയ സങ്കീർണതകളെയും തുറന്നു കാട്ടി. മനുഷ്യനെയും സമൂഹത്തെയും സംസ്കാരത്തെയും അപനിർമ്മിക്കുന്ന രീതിയിലാണ് ഈ സിനിമ സംവിധാനംചെയ്തത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അകത്തളങ്ങളിലേക്കും, അവളുടെ സംഘർഷങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ,സംതൃപ്തികളിലേക്കും കടന്നുചെല്ലുന്ന ഈ സിനിമ നിരവധി രാജ്യങ്ങളിൽ പ്രശംസ നേടി കൊണ്ട് പ്രദർശിപ്പിക്കപ്പെട്ടു.
മൂന്ന് സിനിമകളാണ് പിന്നീട് അവരുടേതായി വന്നിട്ടുള്ളത് ഡയറി ഫോർ മൈ ചിൽഡ്രൻ, ഡയറി ഫോർ മൈ ലൗഡ് വൺ, ഡയറി ഫോർ മൈ ഫാദർ ആൻഡ് മദർ. വിസ്മൃതിയിലേക്ക് പോയ ലോകത്തെ നിരവധി രാജ്യങ്ങളിൽ ഒന്നായി ഹംഗറിയുടെ ഓർമ്മകളെ പുനനിർമിക്കുകയാണ്,പുനർസൃഷ്ടിക്കുകയാണ് ഈ സിനിമകളിലൂടെ മാർത്ത ചെയ്തത്. തീർത്തും രാഷ്ട്രീയപരമായ കാഴ്ചപ്പാടുകളാണ് മാർത്തയുടെ സിനിമകൾ എന്ന് വേണമെങ്കിൽ പറയാം. പക്ഷെ അതിന്റെ പല പല അടരുകളിൽ സ്ത്രീയും സമൂഹവും ഉൽച്ചേർന്നിരിക്കുന്നു എന്ന് മാത്രം. നയൻ മന്ത്സ് എന്ന സിനിമ മാർത്തയുടെ സംവിധാനത്തെ ലോകത്ത് ഏറ്റവും കൂടുതൽ ഉന്നതിയിലെത്തിച്ച ഒന്നാണ് .സ്ത്രീപുരുഷ ബന്ധത്തിൻറെ ആഴങ്ങളെയും ഇടർച്ചകളെയും ചിത്രീകരിക്കുന്ന നയൻ മന്ത്സ് വിഷ്വൽ നരേഷൻ എന്ന രീതിയിൽ മാർത്തയുടെ ഏറ്റവും നല്ല സിനിമയാണ് എന്ന് പറയാം. മിക്ക സിനിമകളിലും സ്ത്രീയുടെ ആന്തരികതയെ അടുത്തു കാണാൻ ശ്രമിക്കുകയും
വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു മാർത്ത. 1975-ൽ, ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അഡോപ്ഷന് വേണ്ടി ഗോൾഡൻ ബിയർ നേടുന്ന ആദ്യ വനിതാ സംവിധായികയായി മാർത്ത രേഖപ്പെടുത്തപ്പെട്ടു. അതിന്റെ വിഷയം വിവാദമായിരുന്നു: 40-കളുടെ തുടക്കത്തിൽ ഒരു സ്ത്രീ തന്റെ വിവാഹിതനായ കാമുകനിൽ നിന്ന് ഒരു കുഞ്ഞിനായി കൊതിക്കുന്നു, എന്നിട്ടും അവൻ തന്റെ ഭാര്യയെ ഉപേക്ഷിക്കാൻ
ആഗ്രഹിക്കുന്നില്ല. ഇടയ്ക്കിടെയുള്ള ശ്രമങ്ങൾക്കായി തന്റെ സ്പെയർ റൂം കടമെടുക്കുന്ന കൗമാരക്കാരിയുമായുള്ള സൗഹൃദത്തിൽ അവൾ ആശ്വാസം കണ്ടെത്തുന്നു. മെസ്സാറോസിന്റെ ക്ലോസപ്പിന്റെ ഉപയോഗം, വ്യത്യസ്തങ്ങളായ വിഷ്വൽ ടൂളുകളുടെ ഉപയോഗം
എന്നിവ അതിശയിപ്പിക്കുന്നതാണ്: തൻറെ ചരിത്രവും ഓർമ്മയും കാലവും മുറിവുകളും രാഷ്ട്രീയ അടയാളങ്ങളായി സിനിമകളിൽ കടന്നുവരണമെന്ന് അവർ ആഗ്രഹിച്ചു. ലിംഗപരമായ അനീതികളിൽ നിന്ന് സ്ത്രീ തൻറെ സ്വത്വ ചിന്തയെ കണ്ടെത്തണമെന്ന രാഷ്ട്രീയ വിപക്ഷയാണ് അവർക്ക് ചരിത്രത്തോട് പറയാനുള്ളത്.
ലെനി റീഫൻസ്റ്റോള്‍ – അശാന്തിയുടെയും ഹിംസയുടെയും അടയാളം
To be or not to be.
That’s not really a question.”
― Jean Luc Godard
അശാന്തിയുടെയും ഹിംസയുടെയും നിലനില്‍ക്കുന്ന അടയാളമായാണ് ലെനി റീഫൻസ്റ്റോലിനെ ചലച്ചിത്ര ചരിത്രം ഓർക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊലകളുടെ, ഹിംസകളുടെ ചരിത്രമായ ഹിറ്റ്ലറിനെയും കൂട്ടാളികളെയും അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഡോക്യുമെന്റ് ചെയ്ത ചലച്ചിത്രകാരി ആയിരുന്നു ലെനി. നാസികളുടെ ആദർശങ്ങളെ ലോകം മുഴുവൻ വെറുത്തുവെങ്കിലും ഡോക്യുമെൻററി സിനിമകളുടെ ചരിത്രത്തിൽ ലെനിയുടെ സിനിമകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. എന്നു മാത്രമല്ല, എങ്ങനെയാണ് യാഥാർത്ഥ്യത്തെ അതിൻറെ പ്രാധാന്യത്തിലും വ്യക്തതയിലും സ്വാഭാവികാനുഭവത്തിലും പകർത്തുക എന്നത് വിസ്മയകരമായ ഒരു പ്രവർത്തിയാണ് എന്ന് ലിനിയുടെ ഡോക്യുമെന്ററികൾ ഇന്നും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും ഹിംസയെ പകർത്തുകയും അക്രമോത്സുകതക്കു കൂട്ട് നിൽക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ കുറ്റക്കാരിയായി ചിത്രീകരിക്കുകയും ചെയ്ത കലാകാരിയാണ് ലെനി.
മാനുഷികതയും കലയും ആദ്യം ഒരുപക്ഷെ ഏറ്റുമുട്ടിയത് ലെനിയിൽ ആയിരിക്കും.
നാസിയുമായുള്ള ബന്ധം ലെനിയിലെ കലാകാരിയെ തളർത്തി. എങ്കിലും ” ട്രയംഫ് ഓഫ് ദി വിൽ “”എന്ന സിനിമ ആർക്കു മറക്കാൻ സാധിക്കും ! വിക്ടറി ഓഫ് ഫെയ്ത് എന്ന ഡോക്യുമെൻററി ക്രൂരതയുടെ, ആധിപത്യത്തിന്റെ, അടിച്ചമർത്തലിന്റെ പര്യായമായ ഒരു വലിയ ജാഥയുടെ ചിത്രീകരണമായിരുന്നു. പക്ഷെ ലെനിയെ അറിയപ്പെടുന്ന ഒരു ചലച്ചിത്രകാരിയാക്കിയത് “ദി ട്രയംഫ് ഓഫ് ദ വില്‍ ”ആണ്. നാസിയുടെ പ്രചാരണ സിനിമയാണെങ്കിലും ദൃശ്യഭാഷ എന്ന നിലയില്‍ എല്ലാ സാധ്യതകളും, സാങ്കേതിക മികവും കടന്നു വന്ന ഏറ്റവും മികച്ച ഉദാഹരണങ്ങളായി ലെനയുടെ ഡോക്യുമെൻററികൾ അടയാളപ്പെടുത്തപ്പെട്ടു. പ്രത്യേകിച്ച്, “ദി ട്രയംഫ് ഓഫ് ദി വിൽ “. ലോകം മുഴുവൻ ഹിറ്റ്ലറേ വെറുത്തപ്പോഴും ലെനിയുടെ സിനിമകൾ/ ഡോക്യുമെൻററികൾ ചരിത്രത്തെ കാത്തുകിടന്നു. ട്രയംഫ് ഓഫ് ദി വില്ലിന് നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു.പക്ഷേ ലെനി ,ചലച്ചിത്രകാരി എന്ന രീതിയിൽ സ്വയം നിഷ്കാസിതയാവുകയായിരുന്നു.
ലെനിയെക്കുറിച്ച് പിന്നീട് ചിത്രീകരിച്ച “The wonderful horrible life of Leni Reifeñstall”എന്ന ഡോക്യൂമെന്ററി ഇത് സാക്ഷ്യപ്പെടുത്തുന്നു.
1936 ലെ ഒളിമ്പിക്സ് ലൊക്കേഷനുകൾ ലെനി “ഒളിമ്പിയ” എന്ന പേരിലുള്ള ഡോക്യുമെൻററിയാക്കി..മനുഷ്യ ശരീരങ്ങളുടെയും ചലനങ്ങളുടെയും ഏറ്റവും തീവ്രമായ ചലച്ചിത്ര ഭാഷയായി അത് മാറി. നാസികളുടെ രാഷ്ട്രീയവുമായി താൻ മനസുകൊണ്ട് അടുപ്പത്തിലായിരുന്നില്ല എന്ന് അവർ അവകാശപ്പെട്ടുവെങ്കിലും
ലോകം അത് ചെവിക്കൊണ്ടില്ല. അത് അത്തരത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹിറ്റ്‌ലറുമായി ഏറെ അടുപ്പമുള്ള ഒരാൾ എന്ന രീതിയിൽ ലോകം ലെനിയെ വെറുക്കുകയായിരുന്നു .ഹിറ്റ്ലറോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ലെനി ഒരുപാട് വർഷം ജയിൽവാസം അനുഷ്ഠിച്ചു. ജയിലിൽനിന്ന് പുറത്തുവന്ന ശേഷം മനുഷ്യരെക്കുറിച്ച് തന്നെയാണ് ലെനി സിനിമകൾ ചെയ്തത്. സുഡാനിലെ ഗോത്രവർഗമായ ന്യൂബയെ കേന്ദ്രീകരിച്ചു കൊണ്ടു രണ്ട് പുസ്തകങ്ങൾ അവർ എഴുതി. പിന്നീടവർ ജലത്തിനടിയിലെ ജീവിതങ്ങളെയും പ്രകൃതിയേയും പരിസ്ഥിതിയേയും പകർത്തി അണ്ടർവാട്ടർ ഇംപ്രഷൻ എന്ന ഒരു ഡോക്യുമെൻററി സംവിധാനം ചെയ്തു. നൂറ്റി മൂന്നാമത്തെ വയസ്സിലാണ്(2003) അവർ മരിച്ചത്. എന്തൊക്കെ പറഞ്ഞാലും, ഹിംസയുടെ രാജ്ജ്ഞിയെന്ന് ഇകഴ്ത്തപ്പെട്ടാലും ലെനിയുടെ ഡോക്യൂമെന്ററി ചിത്രങ്ങളുടെ സൗന്ദര്യബോധത്തെ കാണാതെ പോകാൻ ഒരു ചലച്ചിത്രപ്രേമിക്കും ചലച്ചിത്ര വിദ്യാർത്ഥിക്കും സാധിക്കില്ല എന്നതാണ് വാസ്തവം.
ആകസ്മികതകളും ആഗ്നസ് വാര്‍ദ്ധയുടെ ചലച്ചിത്ര ലോകവും
If we opened people up
We would find landscapes
-Agnes Varda
മനുഷ്യരുടെ ഉള്ളുതുറന്നു നോക്കൂ നിങ്ങള്‍ക്കവിടെ വിശാലമായ ഭൂപ്രദേശങ്ങള്‍ കാണാം എന്ന് പറഞ്ഞ ചലച്ചിത്രകാരിയാണ് ആഗ്നസ് വാര്‍ദ്ധ. ഇഷ്ടപ്പെട്ട ചലച്ചിത്രാഖ്യാനങ്ങളില്‍ ആഗ്നസ് വാര്‍ദ്ധയുടെ സിനിമകള്‍ക്ക് മുൻതൂക്കമുണ്ട്. 1928-ൽ ബെൽജിയത്തിൽ ജനിച്ചു, ന്യൂ വേവ്-ചലച്ചിത്രങ്ങളുടെ വസന്തകാലമായ 1960-കളുടെ ആദ്യകാലം! ജീൻ-ലൂക്ക് ഗൊദാർഡ്, ഫ്രാങ്കോയിസ് ട്രൂഫോ, ജാക്ക് ഡെമി എന്നിവരുടെ ഇടയിൽ ആഗ്നസ് എത്തിച്ചേര്‍ന്നു. ആഗ്നസിന്‍റെ ആദ്യകാല ചിത്രമായ ലാ പോയിന്റ് കോർട്ട് (1955) ആ കാലഘട്ടത്തിലെ ഒരു മുഖമുദ്രയായി മാറി. കൂടാതെ, ചലച്ചിത്രനിർമ്മാണത്തിൽ നിന്ന് സാമൂഹിക നീതിയിലേക്കുള്ള ലെഫ്റ്റ് ബാങ്ക് ആശങ്കകളുടെ മാറ്റവും ആഗ്നസ് പിന്തുടർന്നു.1967-ൽ വിയറ്റ്നാം യുദ്ധത്തിനെതിരെ തുറന്നു പ്രതിഷേധിച്ച ലോയിൻ ഡു വിയറ്റ്നാം എന്ന സിനിമയുടെ സഹസംവിധായകരിൽ ഒരാളായിരുന്നു അവർ. ബ്ലാക്ക് പാന്തേഴ്‌സിനെയും ക്യൂബയിലെ പുതിയ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും ചിത്രീകരിച്ചു. ഫ്രാൻസിലെ ഭവനരഹിതയായ ഒരു യുവതിയെ പിന്തുടർന്നു ചിത്രീകരിച്ച 1985-ലെ വാണിജ്യവിജയമായ വാഗബോണ്ടിൽ, അവർ രാഷ്ട്രീയ, ഫെമിനിസ്റ്റ് സൗന്ദര്യശാസ്ത്രത്തോടുള്ള തന്റെ പ്രതിബദ്ധത നിലനിർത്തി. പക്ഷേ ആഗ്നസ് വാര്‍ദ്ധയെ ഒരു ന്യൂ വേവ് ഫിലിം മേക്കർ എന്ന് മാത്രം വിശേഷിപ്പിക്കുന്നത് തെറ്റാണ്. അത്രമേല്‍ വിശാലമായ കാഴ്ചപ്പാടുകള്‍ അവരുടെ സിനിമകളില്‍ നിന്നു നമുക്ക് കണ്ടെടുക്കാനാകും. വാര്‍ദ്ധയുടെ താൽപ്പര്യങ്ങൾ കൂടുതൽ ഔപചാരികമായിരുന്നു. ഫ്രഞ്ച് ന്യൂ വേവ് ചലച്ചിത്രങ്ങളുടെ കാലത്തിനു മുമ്പുതന്നെ 1954 ൽ പോയിന്റെ കോർട്ട് (La pointe courte) എന്നൊരു ചലചിത്രം ആഗ്നസ് വാര്‍ദ്ധ സംവിധാനം ചെയ്തിട്ടുണ്ട്. ചരിത്രമായിരുന്നു ആഗ്നെസിന്റെ പഠനവിഷയമെങ്കിലും നാഷണൽ പോപ്പുലർ തിയേറ്ററിൽ ഫോട്ടോഗ്രാഫർ ആയിരുന്നു അവർ. ക്രിസ് മാർക്കരിന്റെയും, അലൻ റെനെയുടെയും ചിത്രങ്ങളും സംവിധാന ശൈലിയും തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ആഗ്നസ് പലപ്പോഴും പറയുന്നു.”ഹിരോഷിമ മോൻ അമോറും’.’ നൈറ്റ് ആൻഡ് ഫോഗും’ തന്ന ആവേശവും ഉത്സാഹവുമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത് എന്നും, അക്കാലത്ത് ഫ്രഞ്ച് സിനിമയുടെ മുന്നേറ്റത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച “കഹെദു സിനിമ” എന്ന പ്രസിദ്ധീകരണത്തിൽ ജാക്വിസും അലൻ റെനെയും ത്രൂഫോയും അടങ്ങിയ ചലച്ചിത്ര പ്രതിഭകൾ തങ്ങളുടെ സാന്നിധ്യം നിരന്തരം അറിയിച്ചിരുന്നു. ഇവരെ അതിസൈദ്ധാന്തികതയിലേക്ക് ചേർത്ത് വച്ചവതരിപ്പിക്കുന്ന രീതിയിൽ ആഗ്നസ് വിശ്വസിച്ചില്ല. തൻറെ കലയാണ് തൻറെ സിനിമയാണ് രാഷ്ട്രീയം എന്ന് അവർ തുറന്നുപറയുകയായിരുന്നു. ലോല എന്ന സിനിമയുടെ സംവിധായകനായ ജാക്വിസ് ഡമ്മിനെ ആണ് 1962 ൽ ആഗ്നസ് വിവാഹം കഴിച്ചത്. അതുല്യ ചലച്ചിത്ര പ്രതിഭാ ദമ്പതികളായി പിൽക്കാലത്തു ഇവർ അറിയപ്പെട്ടു. ഒരുപക്ഷേ ആഗ്നസിന് ഇന്ന് ചലച്ചിത്രചരിത്രം കൊടുത്ത സ്ഥാനത്തെക്കാൾ അധികം അവർ അർഹിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. രണ്ടായിരത്തിൽ നിർമ്മിച്ച ദി ഗ്ളീനേഴ്സ് ആൻഡ് ഐ എന്ന ഡോക്യുമെൻററി സിനിമ
ആഗ്നെസിനെ കുറിച്ച് മുഴുവനായും വെളിപ്പെടുത്തുന്നുണ്ട്. ആത്യന്തികമായി മനുഷ്യനെ കുറിച്ചാണ് ആഗ്നസ് സംസാരിച്ചത്. 1962 ൽ സംവിധാനം ചെയ്ത ക്ലിയോ ഫ്രം 5 ടു 7 (Cleo from 5 to 7)എന്ന സിനിമ ആഗ്നസിന് അന്താരാഷ്ട്രതലത്തിൽ ഏറെ പ്രശസ്തി നേടിക്കൊടുത്തു. 1985 ലെ വാഗാബോണ്ട് (vagabond )എന്ന സിനിമയും ആഗ്നെസിനെ ലോക തലത്തിലേക്ക് ഉയർത്തി.സ്ത്രീ ജീവിതങ്ങളുടെ അത്രമേൽ അശാന്തവും ആന്തരികവുമായ സംഘർഷങ്ങളെ ചലച്ചിത്ര ഭാഷയിലേക്ക് പടർത്തി ആഗ്നസ്. ഗോദാർദ്ന്റെ രാഷ്ട്രീയ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ആഗ്നസ് സിനിമയുടെ പരിചരണത്തിലാണ് തൻറെ രാഷ്ട്രീയം
പ്രതിഫലിപ്പിച്ചത്.
മനുഷ്യപക്ഷത്ത് നിൽക്കുക എന്നതായിരുന്നു ആഗ്നെസിനെ ഇടതുപക്ഷ രാഷ്ട്രീയം.
ലളിതമെന്നു പറയാനാകില്ലെങ്കിലും അകൃത്രിമമായ, പ്രതീകാത്മകമായ യാഥാർഥ്യബോധം ആഗ്നസിന്റെ സിനിമകളിൽ ഉണ്ട്. വ്യവസ്ഥാപിത ഫെമിനിസ്റ്റ് സങ്കൽപങ്ങളല്ല ആഗ്നസിന്റേത്. സ്ത്രീ എന്ന സ്വത്വത്തെ അതുപോലെ നിലനിർത്താൻ ആഗ്രഹിച്ചു ആഗ്നസ് സിനിമകളിലും ജീവിതത്തിലും. അനുഭവത്തെ സിനിമയിലേക്ക് പകർത്തുമ്പോൾ ഇമേജുകളുടെ ഭാഷ സൃഷ്ടിക്കണം എന്നവർ വിശ്വസിച്ചു. അലഞ്ഞുതിരിയുന്ന സ്ത്രീയെക്കുറിച്ച് എടുത്ത
ക്ലിയോ ഫ്രം ഫൈവ് ടു 7 എന്ന സിനിമ ഇതിനുദാഹരണമാണ്. ആത്യന്തികമായ സ്വാതന്ത്ര്യവും ആത്യന്തികമായ സഞ്ചാരവും, സൗന്ദര്യവും അന്വേഷിച്ചിറങ്ങുന്ന ഒരു പെണ്ണിൻറെ അന്വേഷണം ലോകത്തെ വിറ കൊള്ളിച്ചു. ചലച്ചിത്ര ഭാഷയിൽ ഡോക്യുമെൻററിയുടെ ആഖ്യാനത്തെയും കാവ്യ സൗന്ദര്യത്തെയും കൂട്ടിച്ചേർത്ത സിനിമയാണ് വാഗബോണ്ട്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ടോ എന്നത് ആഗ്നസ് മുന്നോട്ട് വച്ച ഒരു രാഷ്ട്രീയ പ്രശ്നമായിരുന്നു. എപ്പോഴും അവർ അന്യവൽക്കരിക്കപ്പെട്ട മനസ്സുകൾക്കൊപ്പം നിന്നു. താൻ ആവിഷ്കരിക്കുന്ന പ്രമേയങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളിലേക്ക് തൻറെ സിനിമകൾ ഇറങ്ങിച്ചെല്ലണമെന്ന് അവർ ആഗ്രഹിച്ചു. ഗോദാർദ്, ക്രിസ് മാർക്കർ ജാക്കിസ് ഡെമ്മി എന്നിവർക്കൊപ്പം ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഫാർ ഫ്രം വിയറ്റ്നാം. യുദ്ധവിരുദ്ധതയുടെ പ്രത്യക്ഷ വായനയും പ്രത്യക്ഷ കാഴ്ചയുമായി ഇതിലപ്പുറം ഒരു ദൃശ്യാഖ്യാനം വർത്തമാനകാലത്ത് പോലും വന്നിട്ടില്ല.
1958 ൽ സംവിധാനം ചെയ്ത “എ പ്രഗ്നൻറ് വുമൺസ് നോട്ട് ബുക്ക് “എന്ന ഡോക്യുമെൻററി ആത്മകഥാപരമായ ഒന്നായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോക സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീ സംവിധായികയാണ് ആഗ്നസ്.45 ഓളം സിനിമകൾ സംവിധാനം ചെയ്യുകയും നാല്പതോളo സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിക്കുകയും പത്തോളം സിനിമകൾക്ക് എഡിറ്ററായി പ്രവർത്തിക്കുകയും അഞ്ചോളം സിനിമകൾക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്തു ആഗ്നസ്. ചലച്ചിത്രചരിത്രം അവരർഹിക്കുന്ന സ്ഥാനം അവർക്ക് കൊടുത്തില്ല എന്ന് എപ്പോഴും കുറ്റബോധത്തോടെ ഓർക്കേണ്ടി വരും.
ഉടലും ആത്മാവും നിശാശലഭങ്ങളും
I don’t want to be a tree;
I want to be its meaning.”
― Orhan Pamuk,
തുർക്കിയിൽ നിന്നെത്തിയ സംവിധായികയാണ് ഡെന്നിസ് ഗെയിംസെ (Deniz Gamze Ergüven). മുസ്താങ് എന്ന ഒരൊറ്റ സിനിമ കൊണ്ട് ഡെന്നിസ് ശ്രദ്ധേയയായി. ഓർഹാൻ പാമുകിൻറെ ഒരു സന്ദേശം തനിക്ക് വല്ലാതെ പ്രചോദനം നൽകിയിട്ടുണ്ട് എന്ന് ഒരിക്കൽ അവർ പറയുന്നുണ്ട്.
Don’t get depressed. Keep going.
എന്നുമാത്രമായിരുന്നു പാമുകിന്റെ ആ സന്ദേശം. തുർക്കിയുടെ പ്രാദേശിക ഇടങ്ങളുടെ സാംസ്കാരിക പശ്ചാത്തലമാണ് മുസ്താങ്ങിന്റെ ഭൂമിക. അനാഥരായ സഹോദരിമാരും അവരുടെ സ്വാതന്ത്ര പ്രഖ്യാപനങ്ങളും കടലിലേക്ക് തുറക്കുന്ന ഒറ്റപ്പെട്ട വീടും ആണി അടിക്കപ്പെടുന്ന കാഴ്ചകളും ചേർന്ന് പെൺകുട്ടികളുടെ ജീവിതത്തെ നിർവചിക്കാൻ ശ്രമിക്കുകയാണ്. മതവും ആണധികാരവും വ്യവസ്ഥാപിതത്വവും ഇടകലർന്ന ദുരിത ജീവിതങ്ങൾ ഈ പെൺകുട്ടികൾക്ക് മേൽ തീർക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ചിത്രത്തിൻറെ കാതൽ. വ്യവസ്ഥാപിതമായ ഒരു സമൂഹത്തിൽ എങ്ങനെയാണ് ആന്തരിക സംഘർഷങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ പെൺകുട്ടികൾ ശ്രമിക്കുന്നത് എന്നതിന്റെ ആവിഷ്കാരം കൂടിയാണ് ഈ ചിത്രം. 2015-ലെ ഓസ്‌കാറിൽ മികച്ച വിദേശ ഭാഷാ ചിത്രമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമാണ് musthaang. ഫ്രാൻസിലെ നാല് സീസർ അവാർഡുകളും മുസ്താങ് നെ തേടിയെത്തി. സംവിധായികക്ക് എണ്ണമറ്റ പുതിയ വാതിലുകൾ തുറന്നു കൊടുത്ത സിനിമ എന്ന നിലയില്‍ മുസ്താങ് ഏറെ ശ്രദ്ധ നേടി. എങ്കിലും ,തുർക്കിയിൽ തുടര്‍ന്ന് ജോലി ചെയ്യുന്നത് സങ്കൽപ്പിക്കാൻ ഡെന്നീസിന് സാധിച്ചില്ല.
1992 ലെ ലഹളയുടെ സമയത്ത് ലോസ് ഏഞ്ചൽസിൽ വെച്ച് ചിത്രീകരിച്ച ഒരു ഇംഗ്ലീഷ് ഭാഷാചിത്രമാണ് ഡെന്നിസിന്റെ രണ്ടാമത്തെ ചിത്രം. തുര്‍ക്കിയില്‍ നിന്ന് മുസ്താങ്ങിനു ലഭിച്ച പ്രതികരണങ്ങളില്‍ ഡെന്നിസ് സംതൃപ്തയായിരുന്നില്ല. അനക്കാരയില്‍ ജനിച്ച് തുര്‍ക്കിയിലേക്ക് പോയവരുടെ കൂട്ടത്തിലാണ് ഡെന്നിസ്. അത്തരത്തിലുള്ള ഒരു പിന്മാറ്റം അവൾക്ക് ഒരു പുതിയ അനുഭവമാണ് എന്നല്ല: “എൺപതുകളിൽ, നിരവധി കൊലപാതകങ്ങൾ നടന്ന കാലത്ത്, അതിലൂടെ കടന്നുപോയ അനുഭവങ്ങള്‍ ഒരു നയതന്ത്രജ്ഞനായിരുന്ന അച്ഛനില്‍ നിന്ന് കേട്ട് വളര്‍ന്നവളായിരുന്നു ഡെന്നിസ്. രാജ്യത്തിന് ഓരോ അയൽക്കാരോടും പ്രശ്‌നങ്ങളുണ്ടായപ്പോൾ, സ്ഥിരമായ ഒരു ബോധം. സംഘർഷത്തിന്റെ ഇടവേളകളില്‍ ലോകത്തിന്റെ മറുവശത്തേക്ക് അലഞ്ഞു തിരിയാനാണ് തനിക്കാഗ്രഹം എന്ന് ഡെന്നിസ് പറയുന്നു. മുസ്താങ്ങിലെ അഭിനേതാക്കളെ ആക്ടിംഗ് വര്‍ക്ക് ഷോപ്പുകളിലൂടെയാണ് ഡെന്നിസ് കഥാപാത്രങ്ങളിലേക്ക് കടത്തിവിട്ടത്. തുർക്കിയിലെ സ്ത്രീകളുടെ സ്ഥിതി ഇപ്പോൾ വളരെ ഗുരുതരമാണെന്ന് അവർ വിശ്വസിക്കുന്നു. അവരുടെ അവകാശങ്ങൾ, അവരുടെ സ്വാതന്ത്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘർഷഭരിതവുമായ സംവാദങ്ങൾക്ക് തന്റെ സിനിമ ഒരു സംഭാവനയായി കണക്കാക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഒരു സ്ത്രീയായിരിക്കുന്നതില്‍ പ്രത്യേകമായ അനുഭവമുണ്ട് എന്നവര്‍ വിശ്വസിക്കുന്നു. ഇതെല്ലാം ചർച്ചചെയ്യുമ്പോൾ പോലും തന്റെ ശബ്ദം നേരിയതാണ്, പക്ഷേ എങ്ങനെയോ അത് ഉരുക്ക് പോലെയാണ് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിലെ അവളുടെ എല്ലാ നിരീക്ഷണത്തിലും പെൺരാഷ്ട്രീയത്തിന്റെ പ്രതിരോധ ഊര്‍ജ്ജമുണ്ട് , ജീവിതത്തെ കാണുകയല്ല ഡെന്നിസ് മറിച്ച് ,രാജ്യം വിളിക്കുമ്പോൾ – 2013 ലെ ഗെസി പാർക്ക് പ്രതിഷേധസമയത്ത് ചെയ്തതുപോലെ – ഓടിച്ചെല്ലാന്‍ ഡെന്നിസ് ആഗ്രഹിക്കുന്നു. “സിനിമയാണ് എന്റെ ഉപകരണം,” ഡെന്നിസ് ഉറപ്പിച്ചു പറയുന്നു. “ഇങ്ങനെയാണ് ഞാൻ ആളുകളുടെ മനസ്സിനെ ലോകത്തിലേക്ക് കൊളുത്തുന്നത് അത് തന്നെയാണ് പ്രതിരോധം .അതുതന്നെയാണ് എന്റെ സമരവും കലയും..”
റോണിത് ഏൽക്കാബറ്റ്സ് – ആന്തരികയുദ്ധങ്ങളുടെ പൊടിപടലങ്ങള്‍
You cannot find peace
by avoiding life.
—-virginia woolf
കുടുംബം ,സ്ത്രീ പുരുഷ ബന്ധങ്ങള്‍ എന്നിവയിലെ ആന്തരികതയിലേക്കിറങ്ങിച്ചെന്നുകൊണ്ട് ചലച്ചിത്രാഖ്യാനങ്ങള്‍ തീര്‍ക്കുന്ന ഇസ്രായേലി അഭിനേത്രിയും ചലച്ചിത്രസംവിധായികയുമാണ്
റോണിത് ഏൽക്കാബറ്റ്സ്. അഭിനയകല പഠിക്കുകയും ഒരു മോഡല്‍ ആയി കലാജീവിതം തുടങ്ങുകയും ചെയ്ത റൊണിത് എൽകബെറ്റ്‌സിന്റെ ആദ്യ ചലച്ചിത്ര൦ ദി അപ്പോയിന്റഡ് (1990) ആയിരുന്നു. 1992-ൽ ഗിഡി ദാറിന്റെ ,എഡ്ഡി കിംഗിൽ അഭിനയിച്ചു. 1994-ൽ അവർ ഷുർ എന്ന സിനിമയിൽ അഭിനയിച്ചു, അതിലവര്‍ക്ക് ഇസ്രായേലി ഫിലിം അക്കാദമി (ഓഫിർ) അവാർഡ് ലഭിച്ചു. 1995-ൽ അവൾ തന്റെ പങ്കാളിയായ ഹൈം ബുസാഗ്ലോയ്‌ക്കൊപ്പം സ്‌കാറിന്റെ തിരക്കഥ എഴുതി, അതിൽ അഭിനയിക്കുകയും ചെയ്തു. അതിനായി റോണിത് ഫ്രഞ്ച് പഠിച്ചു. 1996-ൽ ആമോസ് ഗീതായുടെ മെറ്റമോർഫോസിസ് ഓഫ് എ മെലഡിയിൽ അഭിനയിച്ചു.1997-ൽ അവൾ പാരീസിലേക്ക് താമസം മാറി. ഇസ്രായേലി ചലച്ചിത്ര നിരൂപകൻ യുറി ക്ലീൻ റോണിതിനെക്കുറിച്ച് എഴുതുന്നു “ചലച്ചിത്രപ്രേമികൾക്ക് റോണിറ്റ് എൽക്കബെറ്റ്സിനെ അഭിനന്ദിക്കാം. അല്ലെങ്കിൽ അവരിൽ നിന്ന് പിന്മാറാം, പക്ഷെ ഒരിക്കലും അവഗണിക്കാനാവില്ല. അത്രമേല്‍ നിഗൂഢവും വിശാലവും, അപകടകരവുമായ വഴികളാണ് അവരുടെ ചലച്ചിത്ര യാത്രകളിലുള്ളത്.” ഷ്ലോമി എൽക്കബറ്റ്സുമായി മായി ചേർന്ന് സംവിധാനം ചെയ്ത Get the trial of viviane Amsalem എന്ന ചിത്രമാണ് അവരെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചത്. വിവിയൻ എന്ന സ്ത്രീ ഭർത്താവിൽ നിന്ന് വിടുതൽ നേടാനാ യി നടത്തുന്ന ആന്തരികയുദ്ധങ്ങൾ ആണ് ഈ സിനിമയുടെ തീവ്രത വർധിപ്പിക്കുന്നത്. ഒരു ചെറിയ കോടതി മുറിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സിനിമ വികാരങ്ങളെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നു. സ്ത്രീ ജീവിതങ്ങളിൽ നിന്ന് ഒരിക്കലും പുരുഷന് വായിച്ചെടുക്കാൻ ആവാത്ത അതിനിഗൂഢമായ ആഴങ്ങൾ തിരിച്ചറിയാൻ ചിത്രം ശ്രമിക്കുന്നുണ്ട്.
ജൂലി തയ്മൂർ -ഉടലാഴങ്ങളും കടൽചിപ്പികളും
I painted my own reality
—Frida kahlo
തിയേറ്ററിന്റെയും നൃത്തത്തിന്റെയും പശ്ചാത്തലമുള്ള ജൂലി തയ്മൂര്‍ ആണ് സംവിധാനത്തിൽ മികച്ചു നിൽക്കുന്ന മറ്റൊരു സ്ത്രീസാന്നിധ്യം. ഡിസംബർ 15, 1952ല്‍ അമേരികയില്‍ ജനിച്ച ജൂലി ഒട്ടേറെ നാടകങ്ങളും ഓപ്പറകളും അവതരിപ്പിച്ചു. 1997-ൽ ജൂലി ദ ലയൺ കിംഗിന്റെ സ്റ്റേജ് അഡാപ്റ്റേഷൻ ചെയ്തതു മുതൽ, അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും 20 രാജ്യങ്ങളിലെ 100 നഗരങ്ങളിലായി 100 ദശലക്ഷത്തിലധികം ആളുകൾ അവരുടെ പ്രേക്ഷകരായി മാറി. കൂടാതെ, ലോകമെമ്പാടുമുള്ള ബോക്സ് ഓഫിസ് ചരിത്രത്തില്‍ ലയണ്‍ കിങ്ങിന്റെ വിജയം അത്ഭുതകരമായിരുന്നു. ലയൺ കിംഗ് ന് 11 ടോണി അവാർഡ് നോമിനേഷനുകളും ലഭിച്ചു. മികച്ച സംവിധാനം, വസ്ത്രാലങ്കാരം എന്നിവക്കുള്ള ടെയ്‌മർ ടോണി അവാർഡുകളും നേടി. സിനിമകളേക്കാള്‍ ഏറെ ജൂലി തിയേറ്റര്‍ അവതരണങ്ങളിലാണ് കൂടുതല്‍ ജോലി ചെയ്തത്. ബയോ പിക് ,ഡോകു ഫിക്ഷന്‍ തുടങ്ങിയ ജോനരുകള്‍ക്ക് നിര്‍വചനീയമായ വ്യവസ്ഥകളില്ല.
ഡോകുമെന്ററി പോലും ഫിക്ഷനുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ സര്‍ഗാത്മകതയുടെ അതിര്‍വരമ്പുകള്‍ പതിയെ നീങ്ങുന്നുണ്ട്. കലാകാരന്മാരുടെ ബയോപിക് ചിത്രീകരിക്കുകയെന്നത് അതിലേറെ ബുദ്ധിമുട്ടാണ്,
കാരണം ജീവിതവും കലയും തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും അത്ര പെട്ടെന്ന് നിര്‍ണ്ണയിക്കാനാവുന്ന ഒന്നല്ല. അതത്ര എളുപ്പവുമല്ല.
നിരന്തര സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ frida എന്ന ചിത്രകാരിയുടെ ജീവിതത്തെ പകര്‍ത്തല്‍ ജൂലിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെ ആയിരുന്നു – 46-ാം വയസ്സിൽ അവസാനിച്ച ഒരു ജീവിതമായിരുന്നു ഫ്രിദയുടെത്. അതിതീവ്രമായ ഉന്മാദവും പ്രണയവും കാമവും ജീവിതാസക്തിയും കലര്‍ന്ന frida എന്ന കലാകാരിക്ക് പകരം വക്കാന്‍ മറ്റാരുമില്ല. ഈ ചലച്ചിത്രത്തിലൂടെ സ്ത്രീയുടെ സർഗ്ഗാത്മകതയുടെ ആഴത്തെ അതിതീവ്രമായിആവിഷ്കരിക്കുകയായിരുന്നു ജൂലി. സർഗാത്മകതയും കലയും രാഷ്ട്രീയവും ശരീരവും ലൈംഗികതയും ഫ്രിദയുടെ ജീവിതത്തിൽ വരുത്തിയ സംഘർഷങ്ങളെ ചിത്രം സത്യസന്ധമായി പ്രതിനിധാനം ചെയ്യുന്നു. സൽമ ഹൈക് എന്ന അഭിനേത്രിയുടെ
അഭിനയപാടവം തന്നെയാണ് ഫ്രിദ എന്ന ചലചിത്രത്തിന്റെ വിജയം.
സമീറ മക്മല്‍ ബഫ് –ആഖ്യാനത്തിന്റെ ചരല്‍കാറ്റുകള്‍
Suppose That I’m Inevitable
Suppose that I’m inevitable
Even the veins of my right hand
Cross you from the drafts.
-Rosa jamali
1969 മുതൽ തുടർന്നുപോരുന്ന ഇറാനിയൻ നവസിനിമയുടെ ചരിത്രത്തില്‍ വനിതാ സംവിധായകർക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും തീവ്രമായ പ്രതിരോധ സ്വഭാവമുള്ള പെൺകവിതകള്‍ വരുന്നത് ഇറാന്‍ അടക്കമുള്ള അറബ് നാടുകളില്‍ നിന്നാണ്. അതിജീവനത്തിന്റെയും
നിലനിൽപ്പിന്റെയും അതിതീവ്രമായ സാക്ഷ്യങ്ങളായി ചലച്ചിത്ര ചരിത്രത്തിലേക്ക് കടന്നിരുന്നു. ഇറാനിയൻ സിനിമകളിൽ സാഹിത്യം ചിത്രകല വാസ്തുശില്പം കവിത തുടങ്ങിയ ശക്തമായ ഘടകങ്ങളും, പേഴ്സ്യന്‍ സംസ്കാരത്തിൻറെയും നാടൻ സംസ്കാരത്തിൻറെയും സങ്കലനങ്ങളും അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് അബാസ് കയരോസ്റ്റ്മി , ദാരിയൂസ് മെഹർജുയി മജീദ് മജീദി തുടങ്ങിയ ഇറാനിയൻ സംവിധായകർക്കൊപ്പം തന്നെ വനിതാ സംവിധായികമാരും മുന്നേറ്റം കുറിച്ചു. ഇറാനിയൻ വിപ്ലവത്തിന് തൊട്ടുമുമ്പ് പുരാന്‍ ദേ രക്ഷാണ്ടേയാണ് ലിറ്റിൽ ബേര്‍ഡ്സ് ഓഫ് ഹാപ്പിനെസ്സ് എന്ന ചിത്രത്തിലൂടെ വനിതാ സംവിധായകർക്ക് തുടക്കം കുറിച്ചത്. പിന്നീട് മക്മല്‍ ബഫിന്റെ മകൾ സമീറാ മക്മല്‍ ബഫ് ,അന്ന എന്നിവരും
ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളുടെ മനസ്സിലേക്ക് കയറിക്കൂടി. 1998 ല്‍ സമീറ സംവിധാനം ചെയ്ത ദി ആപ്പിൾ എന്ന ചിത്രം മുതിർന്ന ഏതൊരു ചലച്ചിത്രകാരനെയും അമ്പരപ്പിക്കുന്ന പാടവമായിരുന്നു വെളിവാക്കിയത്. പിന്നീട് സംവിധാനം ചെയ്ത ബ്ലാക്ക് ബോർഡ് മറ്റൊരു ക്ലാസിക് ചലച്ചിത്രമായി മാറി.ബ്ലാക്ക്ബോർഡുകൾ അടിച്ചമർത്തപ്പെട്ട കുട്ടികളെ കുറിച്ചുള്ളതാണ്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് അതിർത്തിക്കടുത്തുള്ള, തങ്ങളുടെ വീട് വിട്ടുപോകാൻ നിർബന്ധിതരായ കുർദിഷ് ജനതയെ കേന്ദ്രീകരിച്ചുള്ള, അക്രമത്തിന്റെയും ഇല്ലായ്മയുടെയും ഭീകരതയുടെയും കഥയാണിത്. രാസായുധ ആക്രമണത്തിന് വിധേയമായതിനെ തുടർന്ന് സ്വന്തം നഗരമായ ഹലാബ്ജ വിട്ട് ഒരു കൂട്ടം സഞ്ചാരികളായ അധ്യാപകര്‍ ജോലി തേടിയുള്ള യാത്ര ആരംഭിക്കുന്നു.ബ്ലാക്ക്‌ബോർഡുകളിൽ നിന്നാണ് തലക്കെട്ട് വരുന്നത്.
ഇറാനിയൻ സമൂഹത്തിൽ പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന സംഘർഷങ്ങൾ സമീറയുടെ സിനിമകളിൽ ഉണ്ട്. അക്കാനി സാനിലെ താലിബാൻ പ്രശ്നങ്ങൾ അവസാനിപ്പിച്ച ശേഷമാണ് സമീറ At five in the afternoon എന്ന ചിത്രം 2003 ല്‍ സംവിധാനം ചെയ്തത്. സമൂഹ വ്യവസ്ഥിതിക്കെതിരെ കലഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഇതിലെ പ്രമേയം. ഒരു പൂമ്പാറ്റയായി മാറാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി ! പിതൃ അധികാരത്തിനെതിരെ ആണ് അവളുടെ കലഹം. മതവും പുരുഷാധിപത്യവും ഒരു കാരണവശാലും തൻറെ മേൽ ചങ്ങലകൾ തീര്‍ക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. ഭീകരതയ്‌ക്കിടയിലുള്ള വീരോചിതമായ പോരാട്ടങ്ങളിലേക്കും അതിജീവിക്കുന്നവർ ആശ്ലേഷിക്കുന്ന സൗന്ദര്യത്തിലേക്കും ഉള്ള ശ്രദ്ധ. യുദ്ധകാലത്തെ ജീവിതത്തിലെ മഹത്തായ സിനിമകളിലൊന്നായ
“ആഫ്റ്റർ ഫൈവ് ഇൻ ദി ആഫ്റ്റർനൂൺ”- താലിബാന്റെ പതനത്തിന് ശേഷം കാബൂളിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്. അതിൽ മഖ്മൽബഫ് പുരോഗതിയുടെ നിർണായക ഘടകമായി വിദ്യാഭ്യാസത്തിന്റെ അടിയന്തിരതയെ ചിത്രീകരിക്കുന്നു. ആഫ്റ്റർ ഫൈവ് ഇൻ ദ ആഫ്റ്റർനൂൺ” എന്ന സിനിമയുടെ ചിത്രീകരണം സമീറ മഖ്മൽബാഫിന്റെ ഏറ്റവും ക്രിയാത്മകമായ പ്രചോദനങ്ങളെ ഉണര്‍ത്തി. അവരുടെ ദൃശ്യ സംവേദനക്ഷമത, ഇവിടെ, അവളുടെ ചുറ്റുപാടുകളിൽ നിന്ന് അത്യന്തം ഉന്മത്തമായി പൊട്ടിപ്പുറപ്പെടുന്നു. ഈ സിനിമ സമീറയുടെ മാസ്റ്റർ വർക്കാണ്. ദൃശ്യ ഊർജത്തിന്റെ ദർശനങ്ങളും പ്രചോദിപ്പിക്കുന്ന പ്രയത്നങ്ങളും, പുനർജന്മത്തിനായി പോരാടുന്ന നശിച്ച നഗരത്തിന്റെ ആകസ്മികമായ അത്ഭുതങ്ങളും. യുവതികളുടെ മുഖം കടലിന്റെ ദൃശ്യങ്ങളും……..ലൊക്കേഷനിൽ സമീരയും ഇബ്രാഹിം ഗഫോറിയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഡോക്യുമെന്ററിയിൽ വേരൂന്നിയ അതിമനോഹരമായ ശൈലി, അവളുടെ കലയുടെയും കാലത്തിന്റെയും അടയാളമാണ്-അത് അവളുടെ സിനിമാറ്റിക് സെൻസിബിലിറ്റിയെ വെസ് ആൻഡേഴ്സണുമായി ബന്ധിപ്പിക്കുന്നു. വീണ്ടും, സോഫിയ കൊപ്പോളയുടെ ടോക്കിയോയെക്കുറിച്ചുള്ള ഡോക്യുമെന്ററി കാഴ്ചകൾ “ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ” അതേ സമയം തന്നെ സമീറ നിർമ്മിച്ചതാണ്.
2011 മുതൽ ലണ്ടനിൽ താമസിക്കുന്ന സമീറയുടെ കഷ്ടപ്പാടുകൾ പലതരത്തിലാണ്
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇറാനിൽ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെട്ട അവരുടെ പിതാവ് 2005-ൽ രാജ്യം വിട്ടു; പ്രവാസികളായ സമീരക്കും അവരുടെ രണ്ടാനമ്മയ്ക്കും ബ്രിട്ടീഷ് സർക്കാർ പാസ്‌പോർട്ട് നിഷേധിച്ചു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ഓസ്‌കാർ വോട്ടർമാരുടെ റാങ്ക് വിപുലീകരിക്കാൻ ഈ വർഷം നടത്തിയ ശ്രമത്തിൽ പുതുതായി ക്ഷണിക്കപ്പെട്ട എണ്ണൂറ്റി പത്തൊൻപത് അംഗങ്ങളിൽ ഒരാളാണ് സമീറ. സമീറയുടെ മറ്റൊരു ചിത്രമാണ് Two, legged horse (2008 ). അഫ്ഗാനിസ്ഥാനിലെ ദുരിതപൂർണമായ ജീവിതത്തെ ആണ് ഈ സിനിമ ആവിഷ്കരിക്കുന്നത്. സമീറയെ പോലെ തന്നെ ബഫിന്റെ ഇളയമകൾ ഹന. 1988-ൽ ടെഹ്‌റാനിലാണ് ഹന ജനിച്ചത്. സിനിമാ നിർമ്മാതാക്കളുടെ കുടുംബത്തിൽ നിന്നാണ് ഹന വന്നത്. മൊഹ്‌സെൻ മഖ്മൽബാഫും മർസീഹ് മഖ്മൽബാഫും ചലച്ചിത്രപ്രവർത്തകരും അവളുടെ സഹോദരി സമീറ മഖ്മൽബാഫും ഒരു ചലച്ചിത്രകാരിയായി. സിനിമാ നിർമ്മാതാക്കളുടെ കുടുംബത്തിൽ നിന്ന് വന്ന ഹന ചെറുപ്രായത്തിൽ തന്നെ സിനിമയിൽ സജീവമായി. അവൾക്ക് മൂന്നാം വയസ്സിൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരം കിട്ടി, 8 വയസ്സായപ്പോഴേക്കും അവൾ തന്റെ ഷോർട്ട് ഫിലിം “ദി ഡേ മൈ ആന്റി വാസ് ഇൽ” പൂർത്തിയാക്കി. ഹനക്ക് ചിത്രകലയിലും താൽപ്പര്യമുണ്ടായിരുന്നു, പക്ഷേ അവൾ കണ്ടെത്തിയത് സിനിമയാണ്. എല്ലാവരേയും ഞെട്ടിച്ച കാര്യം അവൾ എട്ടാം വയസ്സിൽ ഒരു ഡോക്യുമെന്ററി ചെയ്തു എന്നതാണ്. ഒരു പ്ലാറ്റ്‌ഫോം നൽകിയാൽ എങ്ങനെ വൻ അത്ഭുതങ്ങൾ സൃഷ്ടിക്കാനും അവരുടെ ഏറ്റവും മികച്ചത് ലോകത്തിന് നൽകാനും പ്രോഡിജികൾക്ക് കഴിയുമെന്ന് ഹന തെളിയിച്ചു വളരെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയവും ബുദ്ധിപരവും പക്വവുമായ സിനിമകളുമായി ഹന വന്നു. ഹന ആദ്യം സംവിധാനം ചെയ്ത സിനിമയാണ് Buta collapsed out of shame. ആഖ്യാനം കൊണ്ട് വേറിട്ട് നിൽക്കുന്ന ഒന്നാണിത്. താലിബാൻറെ അതിക്രൂരമായ അടിച്ചമർത്തലിനെതിരെയാണ് ഹന്ന തൻറെ സിനിമയിലൂടെ സംസാരിക്കുന്നത്. Buta collapsed out of shame വളരെയധികം പ്രശംസയും അംഗീകാരവും നേടി. ഈ ഫീച്ചർ സിനിമ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകളുo ഫെസ്റ്റിവൽ ഡു നോവൗ സിനിമയിലെ പരാമർശവും നേടി. ഹനയുടെ രണ്ടാമത്തെ ഫീച്ചർ ഫിലിം, അതായത് ഗ്രീൻ ഡേയ്‌സ്, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് അംഗീകാരവും പ്രശംസയും നേടി, കൂടാതെ വെനീസ് ഫിലിം ഫെസ്റ്റിവലിലും അവതരിപ്പിച്ചു. മഖ്മൽബാഫ് അവളുടെ കുടുംബത്തോടൊപ്പം പ്രീമിയർ കഴിഞ്ഞ് അധികം താമസിയാതെ ഹന ഇറാൻ വിട്ടു.
നദൈന്‍ ലബാക്കി – തുറന്നു വച്ച കണ്ണാടിയിൽ പ്രതിബിംബിക്കുന്ന ദൃശ്യങ്ങൾ
There is no greater Agony
than Bearing and untold story
Inside you”
-Maya Angelou.
ലബനീസ് കവിയായ നാദിയ തുവേനിയുടെ ഒരു കവിതയിൽ ഭൂമിയെക്കുറിച്ച് മണ്ണിനെക്കുറിച്ച്
ഉരുവംകൊള്ളുന്ന ആകുലതകൾ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം ആകുലതകളിൽ നിന്നാണ് ലബനനിലെ സ്ത്രീ കവിതാ ചരിത്രം ആരംഭിക്കുന്നത് : സ്ത്രീസിനിമകൾ. സംവദിക്കുന്നത്.ലോകത്തിൻറെ പലയിടങ്ങളിലും സ്ത്രീയുടെ ഇടങ്ങൾ ഏറെ പ്രതിരോധാത്മക മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് നാദിയയുടെ ഈ വരികൾ പ്രസക്തമാണ്
“How can there be exile
When there is homeland.
മണ്ണിനെക്കുറിച്ച്, നിലനിൽപ്പിനെയും അതിജീവനത്തിനെയും കുറിച്ച് ഉറക്കെ പറയുന്ന സ്ത്രീകളുടെ പ്രാതിനിധ്യങ്ങൾ ലോകമെമ്പാടും മുഴങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സ്ത്രീകൾ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് ഏറെ പ്രസക്തിയുണ്ട്. അത്തരത്തിൽ എൻറെ കാഴ്ചയിൽ കടന്നിരുന്ന സിനിമകളാണ് നദൈൻ ലബാക്കിയുടെ വേർ ഡു വി ഗോ നൗ (where do we go now )കാപ്പർനോം (capernaum )എന്നിവ. ഈ രണ്ടു സിനിമകളിലും ആഖ്യാനത്തിന്റെ വ്യാകരണത്തെ ഏറെ പരീക്ഷണാത്മകമായാണ് സംവിധായിക പരിചരിച്ചിരിക്കുന്നത്. ലോകചരിത്രത്തിൽനിന്ന് അടർന്നുകിടക്കുന്ന ഒരു അവയവമാണ്
ലെബനൻ. ഇറ്റുവീഴുന്ന ചോരത്തുള്ളികളും ഓർമ്മകളിൽ പടരുന്ന ഭീതിയുടെ പുകപടലങ്ങളും നിലനിൽക്കുമ്പോൾ തന്നെ മനുഷ്യൻ എന്ന ആത്യന്തിക സത്യത്തെ അഭിസംബോധന ചെയ്യുന്നു ലബനീസ് പെൺകവിതകളും പെൺ സിനിമകളും.അത് ജിബ്രാനിൽ നിന്ന് ആരംഭിക്കുന്ന പ്രതിരോധ പാരമ്പര്യത്തിന്റെ തീക്കാറ്റായി സമകാലിക ലോകത്ത് ആഞ്ഞടിക്കുന്നു. മൂർച്ചയുള്ള ചോദ്യങ്ങൾ ഉറക്കെ ചോദിക്കുന്നു. രേഖപ്പെടുത്തപ്പെട്ട ചലച്ചിത്ര ചരിത്രം അവകാശപ്പെടാനില്ലാത്തവരാണ് ലെബനന്റെ ചലച്ചിത്ര ലോകം. എങ്കിലും ലബാക്കിയുടെ സിനിമകൾ സംസാരിക്കുന്നത് ഈ അദൃശ്യ ചരിത്രത്തെക്കുറിച്ച് കൂടിയാണ്. 1974 ജനിച്ച ലബാക്കിയുടെ സിനിമ പ്രതിരോധ രാഷ്ട്രീയത്തിന്റെ അടയാളം കൂടിയാണ്. 2007ലാണ് ലബാക്കിയുടെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് “കാരമൽ”(caramel ) എന്ന ആദ്യ ചിത്രം 2007 ൽ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
രണ്ടാമത്തെ ചിത്രമായ വേർ ഡു വി ഗോ നൗ സംവിധാനം ചെയ്തത് 2018ലാണ്. യുദ്ധവും യുദ്ധാനന്തര പീഡാനുഭവങ്ങളും ദാരിദ്ര്യവും മാനസികാഘാതങ്ങളും കൊടുങ്കാറ്റുപോലെ വീശുന്ന ലെബനന്റെ ദൈനംദിന ജീവിതത്തിലേക്കാണ് വേർ ഡു വി ഗോ നൗ എന്ന ചലച്ചിത്രം കടന്നുവന്നത്. ലബനനിലെ ആഭ്യന്തര യുദ്ധകാലത്താണ് ലബാക്കി വളർന്നത്. യുദ്ധാനന്തരസമൂഹത്തിലെ മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ ആഘാതങ്ങൾ, മുറിവുകൾ,പോറലുകൾ, നീറ്റലുകൾ,ട്രോമകൾ എല്ലാം തന്നെ ലബാക്കിയിലെ ആക്ടിവിസ്റ്റിനെയും സംവിധായികയെയും രൂപപ്പെടുത്തി. ഇത്തരം പ്രശ്നങ്ങളെ രൂക്ഷമായി പ്രതിഫലിപ്പിക്കുന്നു ലബാക്കിയുടെ സിനിമകൾ. ലബനനിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തോട് തീവ്രകലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളാണ് ”വേർ ഡു വി ഗോ നൗ”വിൽ. നാദിയാ റൂവേനിയുടെ കവിതയിൽ പറയും പോലെ തന്നെ, മാതൃരാജ്യവും ഭാഷയും നിലനിൽപ്പും
ഒക്കെത്തന്നെ ജീവനും മരണത്തിനും മേൽ നിസ്സഹായമാവുകയാണ് സിനിമയിൽ. കവിതയിൽ ഇങ്ങനെ വായിക്കാം
” ഓരോ ദിവസവും ആത്മഹത്യയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന
ഒരു രാജ്യത്തു നിന്നാണ്
ഞാൻ വരുന്നത്
ഇത് യാഥാർത്ഥ്യമാണ് തിളക്കുന്ന യാഥാർത്ഥ്യം
പലതവണ മരണപ്പെട്ട
ഒരു രാജ്യത്തു നിന്നാണ്
ഞാൻ വരുന്നത്
ഇനി ഞാനും കൂടി
എന്തിനാണ്
ഈ ചീഞ്ഞളിഞ്ഞ…. അപമാനകരമായ….
ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന
മരണത്തിന്
അടിമപ്പെടുന്നത്”?
ലബനനിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് വിമർശനാത്മകമായ നിലപാട് തന്നെയാണ് സിനിമയും സംവിധായികയും മുന്നോട്ട് വക്കുന്നത്. ഹിംസയുടെ അടയാളങ്ങൾ വലയം ചെയ്യപ്പെട്ട ഒരുഗ്രാമത്തിലെ കഥ പറയുന്നു ഈ ചിത്രം. മൈനുകളാൽ മൂടപ്പെട്ട ആ ഗ്രാമത്തിലെ അമ്മമാരുടെ വീര്യം നമ്മെ വേട്ടയാടുന്നു . മക്കളുടെ മൃതശരീരം അടക്കം ചെയ്യാൻ ഇടമില്ലാതെ ” നാം ഇനി എങ്ങോട്ട് പോകും ‘എന്ന് അവർ ചോദിക്കുന്നത് ലോകമനസ്സാക്ഷിയോട് തന്നെയാണ്. അപ്രതീക്ഷിതമായ കൊലകളുടെ… യുദ്ധങ്ങൾക്ക് നേരെ നടക്കുന്ന അധികാര സാധൂകരണങ്ങളുടെ…സർവോപരി സ്ത്രീയുടെ പ്രതിരോധത്തിന്റെ നിശബ്ദ മൂർച്ചകളെ ആവിഷ്കരിക്കുന്നു ഈ ചിത്രം. ഖാലിസ് മൗസ്റുടെ പശ്ചാത്തല സംഗീതം ശ്രദ്ധേയമാണ്.
പുരുഷൻ സൃഷ്ടിക്കുന്ന യുദ്ധത്തിൻറെ ആഘാതങ്ങളുടെ പരിണതഫലം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളുടെ നേർക്കാഴ്ചകൾ ചിത്രത്തിലുണ്ട്. പുരുഷൻറെ സൗന്ദര്യപ്രത്യയശാസ്ത്ര അടിസ്ഥാനത്തിലല്ല ഈ സിനിമ സംസാരിക്കുന്നത്. ശവപ്പറമ്പുകളും പുക പടലങ്ങളും കലർന്ന, മണ്ണു പാറുന്ന അന്തരീക്ഷത്തിൽ ഒരുകൂട്ടം സ്ത്രീകൾ തിയേട്രിക്കൽ ആയ ഒരു സംഘം ചലനത്തിലൂടെ ഒരുമിച്ചു നീങ്ങുന്ന ദൃശ്യമാണ് ഈ സിനിമയിൽ നിന്ന് എന്നെ പിന്തുടരുന്നത്. ഹിംസയുടെയും അക്രമാസക്തമായ മനസ്സുകളുടെയും കടിഞ്ഞാണില്ലാത്ത അധികാരവാഞ്ജയുടെയും അതിരുകളിൽ നിന്നും വിടുതൽ നേടാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിലുള്ളത് അഭിനയ പരിശീലനം ഒട്ടും ലഭിച്ചിട്ടില്ലാത്ത,തീർത്തും ഗ്രാമീണരായ,
അഭിനേതാക്കൾ അല്ലാത്ത സ്ത്രീകളിലൂടെയാണ് ലബാക്കി ഈ സിനിമ സാധ്യമാക്കിയത്. ലബാക്കി തന്നെ അവതരിപ്പിക്കുന്ന അമാൽ എന്ന കഥാപാത്രം ഒരിക്കൽ ചോദിക്കുന്നുണ്ട് “ഇത് ചോരയാണെന്ന് അത്രക്കുറപ്പുണ്ടോ “? “”ഇതൊരു അടയാളമാണ്. ദൈവം നമ്മളോട് സംസാരിക്കുന്നതിന്റെ “. ഒറ്റരാത്രി കൊണ്ടാണ് ഈ സ്ത്രീകൾ ഒരു ഗ്രാമത്തെ മുഴുവൻ പ്രതിരോധാഗ്നിയിലേക്ക് എടുത്തെറിയുന്നത്. മകനെ, പിതാവിനെ,ഭർത്താവിനെ കാമുകനെ, സഹോദരനെ സുഹൃത്തിനെ നഷ്ടപ്പെട്ട സ്ത്രീകൾ ഉണർന്നു നോക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത കുതിപ്പിന്റെ ജീവൻ തങ്ങളിൽ പടരുന്നത് അവർ അറിയുകയാണ് .ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ, വസ്ത്രങ്ങൾ, വസ്തുക്കൾ,അവളുടെ തരങ്ങൾ, വെളിച്ചം, നിഴൽ എന്നിവയിലൊക്കെ ലബാക്കി പുലർത്തുന്ന സൂക്ഷ്മത ശ്രദ്ധേയമാണ്. സിനിമയെന്നാൽ അത്യന്തികമായി ഇമേജുകളുടെ പഠനമായതുകൊണ്ടു തന്നെ ദൃശ്യങ്ങളെ സംയോജിപ്പിക്കുന്നതിൽ ലബാക്കി
കൈക്കൊള്ളുന്ന സൂക്ഷ്മത പഠനാർഹമാണ്. പ്രായോഗിക അഭിനയ പരിശീലനം സിദ്ധിക്കാത്ത ആളുകളാണ് ലബാക്കിയുടെ സിനിമകളിൽ എന്നതുകൊണ്ടുതന്നെ സ്വഭാവികമായ അവരുടെ പ്രതികരണങ്ങളാണ് കഥാപാത്രങ്ങളിലേക്ക് അവരിൽനിന്ന് ലബാക്കി പ്രതീക്ഷിക്കുന്നത്. ഏറെ സമയം താൻ തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനയശരീരങ്ങൾക്ക് വേണ്ടി യാത്ര ചെയ്യാറുണ്ട് എന്ന് ലബാക്കി
സാക്ഷ്യപ്പെടുത്തുന്നുണ്ട്.സിനിമയിൽ പ്രശ്നബാധിത പ്രദേശങ്ങളിലെ സ്ത്രീകളെ
തന്നെ കണ്ടെത്തിയതിന് കാരണവും ഇതുതന്നെയാണ്. കഥാപാത്രങ്ങളിലേക്ക് സന്നിവേശപ്പെടാൻ യഥാർത്ഥ
അനുഭവമുള്ളവരെയൊ വസ്തുക്കളുമായും പരിസരങ്ങളുമായും സ്വാഭാവിക പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്നവരെയോ ആണ് ലബാക്കി തിരഞ്ഞെടുക്കുന്നത്. സ്വന്തം കലയിൽ രാജ്യത്തിൻറെ പ്രശ്നങ്ങളെ അനുഭവത്തോളം ആഴത്തിൽ പ്രതിഫലിപ്പിക്കാനാണ് ലബാക്കി ആഗ്രഹിക്കുന്നത്. തിയേറ്റർന്റെയും നൃത്തതിന്റെയും പശ്ചാത്തലം ദൃശ്യാഖ്യാനങ്ങളുടെ ഡിസൈനിങ്ങിൽ ലബാക്കിക്ക് അനുകൂലമായി വരികയാണ് ചെയ്യുന്നത്.
2018 ൽ വന്ന കാപ്പർനോം (Capernaum )ൽ രണ്ട് ചെറിയ കുട്ടികളാണ് പ്രധാനകഥാപാത്രങ്ങളായി വരുന്നത്. മികച്ച വിദേശ ഭാഷ ചിത്രമായി ഓസ്കാർ നിർദ്ദേശിച്ച കാപർനോമിൻറെ ആഖ്യാനം സവിശേഷമായ ഒന്നാണ്. കുടുംബം, കുടുംബ ശൈഥില്യം, പുരുഷാധിപത്യം വംശീയത,തുടങ്ങി ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ ലബാക്കി പറയുന്നത്. 12 വയസ്സുള്ള സൈൻ എന്ന കുട്ടിയാണ് ആഖ്യാതാവ്. അവന്റെ കണ്ണിലൂടെയാണ് സിനിമ സംവദിക്കുന്നതും. ബൈറൂട്ടിലെ വീടോ അടയാളങ്ങളോ വിലാസമോ നമ്പറോ ഇല്ലാത്ത വിഭാഗത്തിലാണ് അവൻറെ ജനനം. അത്തരം ആളുകളുടെ ജീവിതത്തിൽ അദൃശ്യമായിത്തന്നെ നിലനിൽക്കുന്ന അടിമത്തം മറ്റൊരു ചർച്ചാവിഷയമാണ് ചിത്രത്തിൽ. അപ്രതീക്ഷിതമായി ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സംരക്ഷണം സൈൻ ന്റെ ഉത്തരവാദിത്തം ആകുന്നു. അതിസൂക്ഷ്മമായ സംവേദനമാണ് സൈനും കുഞ്ഞും തമ്മിൽ പിന്നീട് സംഭവിക്കുന്നത്. യുദ്ധവും തുടർന്നുവരുന്ന അനിശ്ചിതത്വവും എത്തരത്തിലാണ് നിരാലംബരായ, വീടില്ലാത്ത
ഒരു സമൂഹത്തെ അന്ധകാരത്തിൽ ആക്കുന്നത് എന്ന ചിത്രം വെളിപ്പെടുത്തുന്നുണ്ട്. സൈനിന്റെ കഥാപാത്രം നിലയുറപ്പിക്കുന്ന ചില രാഷ്ട്രീയ ഇടങ്ങളുണ്ട്. കോടതിയിൽ അവന് ജഡ്ജിനോട് പറയാനുള്ളത് “എന്റെ അമ്മ ഇനിയും കുഞ്ഞുങ്ങളെ പ്രസവിക്കരുത്” എന്നാണ്. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും അലഞ്ഞുതിരിയലിന്റെയും തിക്താനുഭവങ്ങളും അരക്ഷിതാവസ്ഥകളും ആണ് അവനെക്കൊണ്ട് അത് പറയിപ്പിച്ചത്. അനീതിയുടെ ലോകത്ത് നിന്ദളോട്, അസമത്വങ്ങളോട്, അസ്വാതന്ത്ര്യങ്ങളോട് എന്തിന് അനീതികളോട് തന്നെ കലഹിക്കുകയാണ് സെയിൻ എന്ന ബാലൻ. തീവ്രമായ വൈകാരികതയാണ്
ഈ ചിത്രത്തിന്റെ കാതൽ. ഒപ്പം തന്നെ ഈ ചിത്രം വെളിപ്പെടുത്തുന്ന രാഷ്ട്രീയത്തിന്റെ ഊക്കും അസാധാരണമാണ്. രണ്ടുചെറിയ കുട്ടികളെ ഇത്തരമൊരു പ്രമേത്തിലേക്ക് ചേർത്തുവയ്ക്കുക എന്ന
സാഹസികതയാണ് ലബാക്കിയുടെ സംവിധാനത്തിന് പ്രശംസ നേടി കൊടുക്കുന്നത് അവ്യവസ്ഥിതം എന്ന് അർത്ഥമുള്ള കാപ്പർനോം എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് മുതൽ ചിത്രത്തിൻറെ പ്രമേയപരിസരം, കഥാപാത്ര രൂപീകരണം,അഭിനേതാക്കൾ, സംവിധാന പരിസരം, ഗവേഷണം,ചിത്രത്തിന്റെ നിറസങ്കലനം സംഗീതം എന്നിവയിലൊക്കെത്തന്നെ ലബാക്കിയുടെ സംവിധാനത്തിന്റെ
മുഖമുദ്രകൾ ഉണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീ പ്രാതിനിധ്യങ്ങള്‍ എന്നതിലുപരി സ്ത്രീ തന്റെ രാഷ്ട്രീയവും നിലപാടുകളും പോതുബോധത്തിലേക്ക് ചേര്‍ത്ത് വക്കുമ്പോള്‍ ,സംഭവിക്കുന്ന പൊട്ടിത്തെറികളെ അഭിസംബോധന ചെയ്യുക കൂടിയാണീ സിനിമകളും സംവിധായികമാരും.സമകാലിക സിനിമയുടെ മുഖ്യ ധാര സ്ത്രീയോട് നടത്തുന്ന പ്രതിലോമകരമായ നിലപാടുകൾക്കെതിരെയുള്ള കലഹം കൂടിയാവുന്നു ഈ സിനിമകള്‍. ഈ പട്ടിക നീണ്ടു പോകുക തന്നെ ചെയ്യും .ഇത് അപൂര്‍ണ്ണമാണ്. സ്ത്രീയുടെ ആവിഷ്കാരപരതയുടെ രാഷ്ട്രീയ ഇടങ്ങള്‍ കുറേക്കൂടി ഭൗമികമാണ് എന്ന ഉറക്കെ പറയുന്നുണ്ട് ഈ സ്ത്രീകള്‍. ചരിത്രവും പ്രതിരോധവും വര്‍ത്തമാനവും കൃത്യമായി രേഖപ്പെടുത്തുന്ന ഈ സിനിമകളും അവയുടെ സംവിധായികമാരും സ്ത്രൈണ രാഷ്ട്രീയത്തിന്റെ ,വ്യത്യസ്തമായ കാഴ്ചാശീലങ്ങള്‍ തീര്‍ക്കുന്നു എന്നതാണ് പ്രസക്തo.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല