ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 38
ഡോ. രോഷ്നി സ്വപ്ന
𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿 𝗶𝗻 𝗮 𝗿𝗼𝗼𝗺
𝘁𝗵𝗲𝗿𝗲 𝗶𝘀 𝗮𝗹𝘄𝗮𝘆𝘀 𝗼𝗻𝗲 𝗲𝗰𝗵𝗼 𝘀𝘁𝗮𝗻𝗱𝘀
𝗯𝗲𝘀𝗶𝗱𝗲𝘀 𝘁𝗵𝗲 𝘄𝗶𝗻𝗱𝗼𝘄
𝗵𝗲 𝗺𝘂𝘀𝘁 𝘀𝗲𝗲 𝘁𝗵e 𝗲𝘃𝗶𝗹 𝗮𝗺𝗼𝗻𝗴
𝘁𝗵𝗿𝗼𝗻𝗲𝘀
𝗮𝗻𝗱 𝘁𝗵𝗲 𝗳𝗶𝗿𝗲𝘀
𝗼𝗻 𝘁𝗵𝗲 𝗵𝗶𝗹𝗹
𝗔𝗻𝗱 𝗵𝗼𝘄 𝗽𝗲𝗼𝗽𝗹𝗲 𝘄𝗲𝗻𝘁 𝗼𝘂𝘁 𝗼𝗳
𝘁𝗵𝗲𝗶𝗿 𝗵𝗼𝘂𝘀𝗲𝘀 𝘄𝗵𝗼𝗹𝗲 𝗮𝗿𝗲 𝗴𝗶𝘃𝗲𝗻
𝗯𝗮𝗰𝗸 𝗶𝗻 𝘁𝗵𝗲 𝗲𝘃𝗲𝗻𝗶𝗻𝗴 𝗹𝗶𝗸𝗲 𝘀𝗺𝗮𝗹𝗹 𝗰𝗵𝗮𝗻𝗴𝗲𝘀”
-𝗬𝗮𝗵𝘂𝗱𝗮 𝗔𝗺𝗶𝗰𝗵𝗮𝗶
ഇരുണ്ട തവിട്ട് പടർന്ന ഒരു മുറി.
പതിയെ നീങ്ങുന്ന ക്യാമറ
രണ്ടു കുഞ്ഞുങ്ങൾ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്.
അരണ്ട വെളിച്ചം
നിഴൽ…
നായ്ക്കൾ കുരക്കുന്ന ശബ്ദം.
അതെന്താണ് എന്ന് ആരോ ചോദിക്കുന്ന ശബ്ദം കേൾക്കാം.
“തീയാണ്. പക്ഷെ ശാന്തരായി ഇരിക്കുക” എന്ന് മറുപടി.
കുട്ടികൾ ആകാംക്ഷ കൊണ്ട് ഓടിപ്പോയി നോക്കുന്നു. ദൃശ്യം കണ്ണാടിയിലാണ് കാണുന്നത്. കാഴ്ചയുടെ സവിശേഷമായ ആകാംക്ഷയെ ഉയർത്താനാണ് തർകോവസ്കി ഈ രീതി ഉയോഗിക്കുന്നത്. പുറത്ത് തീ ആളിപ്പടരുന്നുണ്ട്. നിസംഗമായി അത് നോക്കി നിൽക്കുകയും കിണറ്റിൻ കരയിലെ തൊട്ടിയിൽ നിന്ന് വെള്ളമെടുത്ത് മുഖവും കൈകളും കഴുകുകയുമാണവൾ. ശബ്ദത്തിന്റെ പുതുമയുള്ള സന്നിവേശം തീയുടെ ആളലായും വെള്ളത്തിന്റെ ഒച്ചയായും കേൾക്കാം. മഴ പെയ്തു തോർന്ന ഓർമ്മയും ആഖ്യാനത്തിന്റെ ഭാഗം തന്നെ.
1975-ൽ റഷ്യയിൽ പ്രദർശിപ്പിച്ച ‘മിറർ’ തർക്കോവസ്കിയുടെ സിനിമകളിലെ ഏറെ പ്രത്യേകതകൾ ഉള്ള ഒന്നാണ്.
വിശാലമായ ഒരു വെളിമ്പ്രദേശത്തേയ്ക്ക് നോക്കിയിരിക്കുന്ന പെൺകുട്ടിയിലാണ് സിനിമ ആരംഭിക്കുന്നത് കാറ്റ് വീശുന്നുണ്ട്.
ദൂരെ നിന്ന് ഒരാൾ നടന്നു വരുന്നു.
പതിയെ അയാളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ.
പതിയെ ആഖ്യാനo കടന്നു വരുന്നു.
“സ്റ്റേഷനിൽ നിന്ന് വരുന്ന റോഡ്….
ഇഗ്നാറ്റിവോയിലൂടെ
കടന്നു പോകുന്നു.
ഫാമിന് സമീപമെത്തുമ്പോൾ
തെന്നി മാറുന്നു.
യുദ്ധത്തിന് തൊട്ട് മുമ്പ്,
ഓരോ വേനൽക്കാലത്തും
ഞങ്ങൾ ജീവിച്ചിരുന്നു. ”
സാധാരണ ജീവിതത്തിന്റെ ആലസ്യങ്ങളിൽ നിന്ന് സിനിമ പെട്ടെന്ന് യുദ്ധത്തിന്റെ ഓർമ്മകളിലേക്കു പടരുന്നു. ഭീതിതമായി….”
സിനിമയെക്കുറിച്ചുള്ള ധാരണകളെ കീറിമുറിക്കുന്ന ധ്യാനാത്മകമായ അല്ലെങ്കിൽ പതിഞ്ഞ ഓർമ്മ പോലെയുള്ള തിരക്കഥയാണ് മിററിന്റേത്.
എന്താണ് നിങ്ങളുടെ ആദ്യ പേര്?
പേരിന്റെ രണ്ടാം ഭാഗം?
എന്റെ പേര് യുരി ഷാഹ്രി.
നീ എവിടെ നിന്ന് വരുന്നു?
ഇങ്ങനെ പോകുന്ന ചെറിയ ചെറിയ പൊട്ടുകൾ പോലെ നരേഷനുകളും, സംഭാഷണങ്ങളും മിറർ ന്റെ ആഴം കൂട്ടുന്നു.
അജ്ഞാതമായ ഒരിടത്തേക്ക് നടത്തുന്ന നിശബ്ദമായ ഒരു യാത്ര പോകും പോലെയാണ് മിററിന്റെ കാഴ്ചനുഭവം.
തർക്കോവ്സ്കിയുടെ തന്നെ ആത്മാശം കലർന്ന ആഖ്യാനമാണ് എന്ന് തോന്നും വിധം ഈ ചലച്ചിത്രത്തിന്റെ ചില അടരുകൾ നമ്മെ സ്പർശിക്കുന്നു.
തർക്കോവ്സ്കിയുടെ സ്വന്തം ഓർമ്മകൾ, മിറർ നിർമ്മിക്കുന്ന ഐന്ദ്രിയാനുഭവങ്ങളുടെ രേഖീയമല്ലാത്ത, ഒഴുക്കിന് അടിത്തറയിട്ടു എന്ന് പറയാം. പരമ്പരാഗത ജീവചരിത്രത്തിലോ ആത്മകഥയിലോ ഉള്ളതിനേക്കാൾ സ്വപ്നത്തിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന അനുബന്ധ യുക്തിയാണ് മിററിനെ വ്യത്യസ്തമാക്കുന്നത്. സിനിമയിൽ കുടികൊള്ളുന്ന സമഗ്രമായ ബോധം, സംവിധായകന്റെ ആൾട്ടർ ഈഗോ, മരണത്തിലേക്ക് യാത്ര ചെയ്യുന്ന മധ്യവയസ്കനായ, കവിയായ അലക്സിയുടേതാണ്.
ഇന്നോകെന്റി സ്മോക്റ്റുനോവ്സ്കിയാണ് അലക്സിക്ക് ശബ്ദം നൽകിയത്. അവന്റെ മനസ്സ് പല കാലഘട്ടങ്ങളിൽ തടസ്സമില്ലാതെ പിന്നോട്ടും മുന്നോട്ടും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .
1935-ലും ’36-ലും ആണ് അലക്സിയുടെ കുട്ടിക്കാലം. അച്ഛന്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ അനുഭവിക്കേണ്ടി വന്ന ഏകാന്തതയാണ് അതിന്റെ തെളിച്ചം.
കൗമാരം ചെലവഴിക്കപ്പെട്ടത് യുദ്ധകാലത്താണ് ആക്രമണത്തിനെതിരെ അണിനിരന്ന ഒരു രാജ്യത്തിന്റെ പൗരനെന്ന മാനസിക നിഴലിൽ മോസ്കോയിൽ നിന്ന് റൈഫിൾ പരിശീലനത്തിനും പലായനത്തിനും അയാള്‍ വിധേയനാകുന്നുണ്ട് .
പ്രായപൂർത്തിയായപ്പോൾ, തന്റെ മുൻ ഭാര്യ നതാലിയയുമായി തന്റെ മകനെ വളർത്തുന്നതിനുള്ള ഏറ്റവും നല്ല സാഹചര്യങ്ങളെക്കുറിച്ച് കലഹിക്കുന്നുണ്ട്.
നഷ്‌ടമായ ബാല്യത്തിന്റെ ഇരകളായ അച്ഛന്റെയും മകന്റെയും സമാന്തര ജീവിതമാണ് സിനിമ അവതരിപ്പിക്കുന്നത്. മാർഗരിറ്റ തെരേഖോവ പ്രധാന കഥാപാത്രമായി അഭിനയിച്ച മിറർ മറ്റൊരര്‍ത്ഥത്തില്‍ ചിന്തകളുടെ പ്രതിഫലനമാണ്. സാധാരണ ചലച്ചിത്ര കാഴ്ചയുടെ രൂപരേഖയിലല്ല സിനിമയിൽ കഥ പറച്ചിൽ പുരോഗമിക്കുന്നത്. മിറർ യഥാർത്ഥത്തിൽ ഒരു ചലച്ചിത്ര കാവ്യമാണ്. ഈ സിനിമയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള പ്രധാന ഘടകമെന്നത് ഈ കാവ്യാത്മകതയാണ്.
രൂപകങ്ങൾ, സൂചനകൾ, അവലംബങ്ങൾ, ചരിത്രപരത, രചന, മൂർത്തവും അമൂർത്തവുമായ ചിത്രങ്ങൾ, നിരവധി ശബ്ദങ്ങൾ, രൂപങ്ങൾ ചിഹ്നങ്ങൾ, ആത്മകഥാചരണങ്ങൾ എന്നിവയാൽ പൂർണ്ണമായ ഒരു ചലച്ചിത്ര കാവ്യം. ചിലപ്പോൾ വാക്കുകൾ ഒരു കവിതയിലെ ഒരു വരിയുമായി ചേർന്ന് പോകുന്നു.
ചിലപ്പോൾ തീയുടെ ഷോട്ടുകളിലേക്ക് ഈ കവിതയുടെ ശരീരം പടർന്നു പോകുന്നു. മറ്റു ചിലപ്പോള്‍ ജലത്തിന്റെ ഓര്‍മ്മയിലേക്ക്….
സോഷ്യലിസ്റ്റ് മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന വിവരണങ്ങൾക്കായുള്ള ഭരണകൂടത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തത്രക്ക് വ്യക്തിപരവും ആത്മീയവുമാണ് മിററിന്റെ കാവ്യാത്മക ആഖ്യാന രീതി, സോവിയറ്റ് യൂണിയനിൽ ഈ സിനിമക്ക് അന്ന് പരിമിതമായ പ്രാരംഭ റിലീസാണ് ഏര്‍പ്പെടുത്തിയത്. സിനിമക്ക് പ്രമോഷന്റെ അഭാവം ഉണ്ടായിരുന്നിട്ടും, 1975 ഏപ്രിലിൽ അതിന്റെ ആദ്യ മോസ്കോ പ്രദർശനങ്ങളിൽ നിന്നുള്ള അലയൊലികൾ ന്യൂയോർക്ക് ടൈംസിൽ വരെ എത്തി, അസാധാരണമായ ചിത്രമെന്നു മിറര്‍ വിശേഷിപ്പിക്കപ്പെടുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു പിന്നീട് ഈ ചിത്രം.
ദ മിററിനെക്കുറിച്ച് കാവ്യാത്മകമായി ചിന്തിക്കുകയാണെങ്കിൽ, രൂപം(form ), ഓവർലാപ്പിംഗ്, മോണ്ടാഷുകൾ, ഭൂതകാലത്തിൽ നിന്നും വർത്തമാനത്തിൽ നിന്നുമുള്ള ഇമേജറികളുടെയും സംഭവങ്ങളുടെയും ലയനം എന്നിവയുടെ സംഘാതം കൃത്യമായി തെളിഞ്ഞു വരും . കാഴ്ചക്കാർ കൂടി ഉൾപ്പെട്ടു കൊണ്ടേ ഈ ആഖ്യാനത്തിന്റെ ഘടകങ്ങൾ അനാവരണം ചെയ്യാനും വിടവുകൾ നികത്താനും സാധിക്കൂ..
മിററിന്റെ ആഖ്യാനം ചിലപ്പോൾ ഭാഗികമായി ഒരു അതിയാഥാർത്ഥ്യത്തിന്റെ (meta reality )സ്വരത്തിലേക്ക് പടരുന്നു. ചിലപ്പോൾ ഇതിവൃത്തം പെട്ടെന്ന് ഒരു സ്വപ്ന ശ്രേണിയിലേക്ക് മാറുന്നു.
ചില കഥാപാത്രങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അവരുടെ ജോലി പൂർത്തിയായ ശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
1985 മാര്‍ച്ചില്‍ സ്റോക്ക് ഹോമില്‍ വച്ച് നടന്ന ഒരു അഭിമുഖത്തില്‍ തര്കോവ്സ്കി ഇങ്ങനെ പറയുന്നുണ്ട് .
“Art reminds us
who we are,
and promises nothing
less than
a transcendence of
mortality—
at least for lost voyagers.”
വിപ്ലവത്തിന് ശേഷം സോവിയറ്റ് റഷ്യയിൽ നടക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ജീവിതവും രാഷ്ട്രീയവും കലയും തമ്മിലുള്ള കലരല്‍ എത്ര ആഴത്തിലാണ് എന്ന് തര്കോവ്സ്കി തന്റെ ഓരോ സിനിമയിലൂടെയും വെളിപ്പെടുത്തി .
കലയുടെയും യാഥാർത്ഥ്യത്തിന്റെയും, ഓർമ്മയുടെയും സ്വപ്നത്തിന്റെയും തലങ്ങൾ, എല്ലാം മനസ്സിലും പ്രപഞ്ചത്തിലും ഒരുപോലെ ഉജ്ജ്വലമായി സൂക്ഷിക്കുന്ന ഒരു ചലച്ചിത്ര കാവ്യമാണ് മിറര്‍ .പക്ഷെ അത് വ്യക്തമായി നിർവചിക്കപ്പെടുന്നില്ല . ഇതിനായി, കറുപ്പും വെളുപ്പും ഉള്ള ന്യൂസ്‌റീൽ ഫൂട്ടേജുകൾ, പ്രകാശമാനമായ, സ്ലോ-മോഷൻ ഡ്രീം സീക്വൻസുകൾ, വികാരഭരിതമായ ഓർമ്മപ്പെടുത്തലുകൾ, ആദ്യകാല ആധുനിക യൂറോപ്യൻ പെയിന്റിംഗുകളുടെ പുനർനിർമ്മാണം എന്നിവയുമായി ഇത് സ്വതന്ത്രമായി സംയോജിപ്പിക്കുന്നു.
യുദ്ധസമയത്ത് ഒരു മഞ്ഞുവീഴ്ചയുള്ള ദിവസത്തെക്കുറിച്ച് അലക്സിയുടെ അനുസ്മരണം ഓര്‍ക്കാം.
പീറ്റർ ബ്രൂഗലിന്റെ ദി ഹണ്ടേഴ്സ് ഇൻ ദി സ്നോയുടെ രചനയുടെ ഒരു ദൃശ്യ പ്രതിധ്വനിയെ പ്രേരിപ്പിക്കുന്നു. അതേ പെയിന്റിംഗ് തര്കോവ്സ്കിയുടെ മറ്റൊരു മാസ്റ്റര്‍ പീസായ സോളാരിസിലെ ബഹിരാകാശ നിലയ ലൈബ്രറിയിൽ തൂങ്ങിക്കിടക്കുന്നുണ്ട്.
ആ സിനിമയുടെ വിചിത്രമായ വൈകാരിക അന്തരീക്ഷത്തിനും മരിച്ചവരുടെ ദൃശ്യങ്ങൾക്കും ഇടയിൽ – ഒരു വീടിനായുള്ള ആഗ്രഹത്തെ ശക്തിപ്പെടുത്തുന്ന കലാത്മകതയുടെ അംശങ്ങള്‍ വെളിപ്പെടുന്നുണ്ട് . കലാസൃഷ്ടിയുമായി ചേര്‍ന്ന് പോകുന്ന ഭൂപ്രകൃതിയെ ക്യാമറ അതിന്റെ വിശദാംശങ്ങളിലൂടെ പകര്‍ത്തി എടുക്കുന്നു. നമ്മൾ ആരാണെന്ന് കല നമ്മെ ഓർമ്മിപ്പിക്കുന്നു, കൂടാതെ മരണത്തിന്റെ അതീതതയിൽ കുറഞ്ഞതൊന്നും കല വാഗ്ദാനം ചെയ്യുന്നുമില്ല.
“Cinema in general always creates a
possibility of putting pieces together into a whole.
A film consists of all of the separate shots like a mosaic —
of separate fragments of different colour and texture.
And it may be that each fragment
on its own is —
it would seem —
of no significance.
But within that whole it becomes
an absolutely necessary element,
it exists only within that whole.
എന്ന് തര്കോവ്സ്കിതന്നെ ഒരിക്കല്‍ കലയെ നിര്‍വചിച്ച്ചിട്ടുണ്ടല്ലോ!
മിററിൽ പുരുഷന് / കവിക്ക്, ഒരു ദൈവം / സ്രഷ്ടാവ് ഒരു വീക്ഷണം നൽകുമ്പോൾ, സ്ത്രീയുടെ ജൈവികത നിഗൂഢവും നിശ്ശബ്ദവും മൂർത്തീഭാവമുള്ളതുമായ ഒന്നായി നിലകൊള്ളുന്നു. മിററിലെ മറ്റൊരു രംഗത്തില്‍, ഒരു പ്രതേക പെയിന്റിംഗിന്റെ സാദൃശ്യത്തിൽ നിന്ന് ഒരു സ്ത്രീയുടെ നിഷ്ക്രിയവും നിഗൂഢവുമായ മുഖം കാണുന്നു – ലിയോനാർഡോ ഡാവിഞ്ചിയുടെ ഗിനേവ്ര ഡി ബെൻസിയുടെ ഛായാചിത്രമാണ് അത്.
അലക്സിയുടെ അമ്മ, മരിയ സ്റ്റാലിനിസ്റ്റ് കാലത്തെപീഡനങ്ങളിലും അവഗണനകളിലും ജീവിച്ചവളാണ്.. എന്നാൽ സ്വപ്നങ്ങളിൽ, അവൾ ഒരു വിസ്മയമാകുന്നുണ്ട്. നനഞ്ഞ മേൽത്തട്ട് ഇളകി വീഴുമ്പോൾ അവള്‍ തലമുടി കഴുകുന്നു.
ഒരു പ്രാവ് മുകളിലേക്ക് പറക്കുന്നതുപോലെ കിടക്കയ്ക്ക് മുകളിലേക്ക് നീങ്ങുന്നു –
ഓര്‍മ്മ പലപ്പോഴും ഒരു വേട്ടയാടലിന്റെയോ പുനരുജ്ജീവിച്ച നാശത്തിന്റെയോ സ്പര്‍ഷങ്ങളായി മിററില്‍ കടന്നു വരുന്നു.
തർക്കോവ്‌സ്‌കി തന്റെ ആദ്യകാല ചലച്ചിത്ര ജീവിതത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗിനായി ഉപയോഗിച്ച ഒരു അടരാണ് ‘’ഓര്‍മ്മ ‘’. യൂറിവെറ്റ്‌സിലെ മരം കൊണ്ട് നിര്‍മ്മിച്ച വീട്അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഒരിടമാണ്. മിറർ നിർമ്മിച്ചതിന് ശേഷം തന്റെ കുട്ടിക്കാലത്തെ വീടിനെക്കുറിച്ച് സ്വപ്നം കാണുന്നത് നിർത്തിയെന്ന് തർക്കോവ്സ്കി പറയുന്നുണ്ട് . സ്വപ്നത്തേയും ഓര്‍മ്മകളെയും കുറിച്ചുള്ള ഷോട്ടുകള്‍ സത്യസന്ധമായി ആവിഷ്കരിച്ചാല്‍, അത് ആസ്വാദനത്തില്‍ വ്യാപകമായി പ്രതിധ്വനിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ജീവിതാവസാനം വരെ, സിനിമയെക്കുറിച്ചുള്ള തന്റെ സങ്കൽപ്പം വിശദീകരിക്കുന്ന രീതിയില്‍ ആണ് അദേഹത്തിന്റെ എല്ലാ സിനിമകളും ഇടപെടുന്നത് .
കല എന്ന രീതിയില്‍ തനിക്ക് തന്റെ സിനിമകളുമായി മുന്നോട്ട് പോകാന്‍ പ്രത്യേകിച്ച് ഒരു ഭാഷയുടെ ആവശ്യമില്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു.
“I see it as my duty to stimulate reflection on what is essentially
human and eternal in each individual soul,
and which all too often a person will pass by,
even though his fate
lies in his hands.
എന്നദ്ദേഹം തന്റെ ആത്മകഥയായ Sculpting in time-ല്‍ എഴുതുന്നുണ്ട്
അജ്ഞാതമായ ഒരു മാരകമായ രോഗത്തോട് പോരാടുന്നതിനിടയിലാണ് അലക്സി തന്റെ ഭൂതകാലം വിവരിക്കുന്നത്.
അവന്റെ ശബ്ദം നേർത്ത് ദുർബലമാണ്. മാതാപിതാക്കളുടെ വിവാഹമോചനം അവനെ ആഴത്തിൽ ബാധിച്ചു. അവന്റെ അമ്മ മരിയയും അവളുടെ രണ്ട് കുട്ടികളും (അലക്സിയും സഹോദരി മറീനയും) വിവാഹമോചനത്തിന് ശേഷം മോസ്കോയിൽ നിന്ന് ഒരു ഗ്രാമത്തിലേക്ക് മാറുന്നു. മുത്തച്ഛന്റെ ഒറ്റപ്പെട്ട മാളികയിലാണ് ഇവർ താമസിക്കുന്നത്. കൃഷി സാമാനങ്ങളും കന്നുകാലികളും തങ്ങുന്ന അവരുടെ തൊഴുത്തിൽ തീ പടരുന്നു, മരിയ തീയുടെ അടുത്തേക്ക് ഓടി നിസ്സഹായയായി നിൽക്കുന്നു.
തീയുടെ പടർച്ചയും ചൂടിന്റെ ശബ്ദവും ഉറങ്ങുകയായിരുന്ന അലക്സിയെ തടസ്സപ്പെടുത്തുന്നു. അവൻ ഉണർന്ന് അമ്മയുടെ അടുത്തേക്ക് നടക്കുന്നു. ആഖ്യാനം പെട്ടെന്ന് അലക്സിയുടെ സ്വപ്നത്തിലേക്ക് മാറുകയാണ്.
അവിടെ അവന്റെ അമ്മ മരിയആളിക്കത്തുന്ന തീയിനു പുറം. തിരിഞ്ഞ് നിന്ന് മുടി കഴുകുന്നത് കാണാം.
വിവാഹമോചനം ചെയ്ത അലക്സിയുടെ ജീവിതം ശൂന്യമാണ്.അമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും അലക്സിയുടെ വിഷമംനമുക്ക് മനസിലാകും.
അലക്‌സി അമ്മയായ മരിയയോട് ചോദിക്കുന്നു, “അമ്മേ, എന്തിനാണ് നമ്മൾ എപ്പോഴും വഴക്കിടുന്നത്? ക്ഷമിക്കണം, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.”
മിററിന്റെ പ്ലോട്ട് വീണ്ടും 1935 ലേക്ക് പടരുന്നു. മരിയ പ്രിന്റിംഗ് ഹൗസിലേക്ക് ഓടുന്നു, അവിടെ അവൾ പ്രൂഫ് റീഡറായി ജോലി ചെയ്യുന്നു. ഈ രംഗങ്ങളിൽ മരിയയെ അവളുടെ സഹപ്രവർത്തകൻ മറൂസിയ എന്ന് വിളിക്കുന്നു.
ആ ഇടം സിനിമയുടെ പ്രത്യേക തിരിവിന് ഇടാൻ നൽകുന്നു.
മരിയക്ക് അവിടെനിന്നും എന്തോ ചെറിയ കാരണം കൊണ്ട് സമ്മർദ്ദത്തിലാകേണ്ടി വരുന്നു. അവളുടെ ആത്മാഭിമാനത്തിനു മുറിവേൽക്കുന്നു. വിവാഹമോചനത്തിന്റെ വാർത്ത അറിഞ്ഞു ഖേദം പ്രകടിപ്പിക്കാത്തതിന് അവളുടെ സഹപ്രവർത്തകൻ അവളെ വാക്കാൽ ആക്രമിക്കുകയോ ചോദ്യം ചെയ്യുകയോ ഒക്കെ ചെയ്യുന്നുണ്ട് .
മരിയ കുളിമുറിയിൽ എത്തുന്നത്തോടെ ഇതിവൃത്തം വീണ്ടും വർത്തമാനകാലത്തിലേക്ക് മാറുന്നു
കറുപ്പിലും. വെളുപ്പിലും നിറങ്ങളിലും മിറർ പടർന്നു കയറുന്നു.
l
അലക്സി, തന്റെ മുൻ ഭാര്യ നതാലിയയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, താൻ കാണുന്ന സ്വപ്നങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തന്റെ കുഞ്ഞിന് അതിന്റെ അമ്മയുമായുള്ള സാദൃശ്യത്തെക്കുറിച്ചും അയാൾ സൂചിപ്പിക്കുന്നുണ്ട്. താൻ പലപ്പോഴും തന്റെ അമ്മയെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്ന് അലക്സി നതാലിയയോട് ഏറ്റുപറയുന്നു, എന്നാൽ വിചിത്രമായി അവന്റെ അമ്മയുടെ വിദൂരഛായ നതാലിയയുടെ മുഖത്ത് അയാൾ കാണുന്നു.
മിറർ എന്ന തലക്കെട്ടിനെ ഇവിടെ ന്യായീകരിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. അവരുടെ ജീവിതവും പരസ്പരം പ്രതിഫലിക്കുന്ന മിറർ ഇമേജുകളാണ്.
രണ്ട് സ്ത്രീകളും ഒരേ ആശയങ്ങൾ പങ്കിടുന്നതും കൗതുകമുണർത്തുന്നു.
സ്‌പെയിനിനെക്കുറിച്ച് ഇഗ്‌നറ്റ് സംസാരിക്കുമോ എന്ന ഭയം അലക്‌സി പ്രകടിപ്പിക്കുമ്പോൾ, സ്‌പെയിനിൽ നിന്നുള്ള പ്രശസ്ത കാളപ്പോരാളിയായ മറ്റാഡോർ പലോമോ ലിനറസിനെ ആരാധിക്കുന്ന അവരുടെ സ്പാനിഷ് അയൽക്കാർ നതാലിയയെയും ഇഗ്‌നറ്റിനെയും വീട്ടിലേക്ക് ക്ഷണിക്കുന്നു. അവർ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ വാർത്താചിത്രവും ഒരുമിച്ചാണ് കാണുന്നത്. ആഖ്യാനം അങ്ങേയറ്റം സർഗ്ഗാത്മകമായ ഒന്നായി മാറുന്നതായി അനുഭവപ്പെടും. അതിനു ഒരു അബ്സെർഡ് സ്വഭാവവുമുണ്ട്. നതാലിയ ഇഗ്നറ്റെയെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകുന്നു. രണ്ട് പോലെ പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷപ്പെടുകയും ഇഗ്നറ്റിനോട് സംസാരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
അലക്സാണ്ടർ പുഷ്കിൻ ചാഡയേവിന് എഴുതിയ കത്ത് വായിക്കാൻ സ്ത്രീ അവനോട് ആവശ്യപ്പെടുന്നു. ഇത് തികച്ചും അസംബന്ധമാണെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാൽ, സഭാ ആധിപത്യം ഏറെയുള്ള യൂറോപ്പിൽ നിന്ന് തങ്ങളെത്തന്നെ ഒറ്റപ്പെടുത്തുന്ന റഷ്യയുടെ പരിണാമമാണ് കത്തിൽ അടങ്ങിയിരിക്കുന്നത് എന്ന് നമുക്ക് മനസിലാകും. ആ സന്ദേശത്തിനു ശേഷം ഒരു നൂറ്റാണ്ടിനുള്ളിൽ കാര്യങ്ങൾ എങ്ങനെ നാടകീയമായി പുരോഗമിച്ചുവെന്ന് നമുക്കറിയാം. സ്വേച്ഛാധിപത്യത്തെയും റെഡ് ആർമി ഗായകസംഘത്തെയും എറിഞ്ഞുകളഞ്ഞ ചരിത്രമറിയുന്നവരാണല്ലോ പിന്നീട് ഈ സിനിമ കണ്ടവരിൽ ഒരു കൂട്ടർ!
സ്ത്രീകൾ അപ്രത്യക്ഷമാകുമ്പോൾ, ഇഗ്നറ്റിന് തന്റെ റൈഫിൾ പരിശീലനം ഓർമ വരുന്നു. അവനു അലക്സിയിൽ നിന്ന് ഒരു ഫോൺ കോൾ ലഭിക്കുന്നു. ലോകമഹായുദ്ധസമയത്ത് അലക്സി റൈഫിൾ പരിശീലനത്തിന് വിധേയനായ ഭൂതകാലത്തിലേക്ക് ആഖ്യാനം പെട്ടെന്ന് മാറുന്നു.
ഹിറ്റ്‌ലറുടെ മരണം മുതൽ ഹിരോഷിമ ബോംബാക്രമണം വരെ) വിപുലമായ ന്യൂസ്‌റീൽ ഫൂട്ടേജിലേക്ക് രംഗം വെട്ടിക്കുറക്കുകയാണ് പിന്നീട്. യുദ്ധത്തിന് ശേഷം അലക്സിയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഒരു ഷോട്ട് മനോഹരമാണ്.
ചൈന-റഷ്യ അതിർത്തി സംഘർഷം ഉടൻ ആരംഭിക്കുന്നു എന്ന സൂചന വരുന്നു.
മാവോ സെതൂങ്ങിന്റെ സ്വാധീനം, രണ്ട് കമ്മ്യൂണിസ്റ്റ് ഭീമന്മാർ തമ്മിലുള്ള വഴക്ക് എന്നിവ സ്റ്റോക്ക് ഫൂട്ടേജിനൊപ്പം തർകോവസ്കി കാണിക്കുന്നു.
യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, അമ്മയോടൊപ്പം താമസിക്കാൻ പോകുന്നതിനാൽ അലക്സിയും മറീനയും പിതാവിനോട് വിട പറയുന്നു. അലക്സി തന്റെ പിതാവിനെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നമുക്ക് തോന്നും.
ഇതിവൃത്തം വീണ്ടും വർത്തമാനകാലത്തിലേക്ക് മാറുന്നു. അലക്സിയുടെ അമ്മയുടെ ചിത്രം കണ്ട് നതാലിയ പറയുന്നു, ഞങ്ങൾ ഒരുപോലെയാണ്, അല്ലേ?
നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് “അല്ല, ഇല്ല “എന്ന് അലക്സി മറുപടി നൽകുന്നത്. നതാലിയയും അലക്സിയും ഒരു തീവ്രമായ സംവാദത്തിൽ ഏർപ്പെടുന്നുണ്ട് പിന്നീട്. പ്രവാസത്തിൽ കഴിയുന്ന ഒരു പ്രശസ്ത എഴുത്തുകാരനെ ദസ്തയേവ്‌സ്‌കിയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് നതാലിയ പറയുന്നു. തന്റെ ജീവിതത്തിലെ സ്‌നേഹരാഹിത്യവും കമ്മ്യൂണിസ്റ്റ് ഓർഡിനൻസുകളും കാരണം താൻ അനുഭവിക്കുന്ന ആഘാതത്തെക്കുറിച്ചാണ് അലക്‌സി പറയുന്നത്. സമൂഹത്തിലെ
മധ്യവർഗത്തിന്റെ, പ്രത്യേകിച്ച് ഭൌതികവാദത്തിന്റെ, ഒരു സ്വഭാവമായി കാണുന്ന മൂല്യങ്ങളുടെ വ്യാപനം ഈ രംഗങ്ങളിൽ ആന്തരിക പാഠമായി വരുന്നു.
ഇതിവൃത്തം വീണ്ടും ഫ്ലാഷ്ബാക്കിലേക്ക് പോകുന്നു.
മൂന്നോ നാലോ വയസ്സുള്ളപ്പോൾ അലക്സി തന്റെ ബാല്യകാലം മുത്തച്ഛന്റെ കോട്ടേജിൽ ചെലവഴിച്ച ദിവസങ്ങൾ ഓർക്കുന്നു. അലക്സിയും അമ്മ മരിയയും ഒരു ഡോക്ടറുടെ വീട് സന്ദർശിക്കുന്ന അവന്റെ കൗമാര നാളുകളിലേക്ക് ടൈംലൈൻ വീണ്ടും മാറുന്നു. തന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യം ലേഡീസ് ലിറ്റിൽ സീക്രട്ട് ആണെന്ന് മരിയ ഡോക്ടറോട് പറയുന്നു. വൈദ്യസഹായം ലഭിച്ചതിന് ശേഷം മരിയ ഡോക്ടറുമായി ഒരു ചർച്ച നടത്തുന്നു, അതിനിടയിൽ ഡോക്ടർ മരിയയോട് ഒരു കോഴിയെ അറുക്കാൻ ആവശ്യപ്പെടുന്നു. മരിയ ഒരു മടിയും കൂടാതെ കോഴിയുടെ തല വെട്ടി.
ആഖ്യാനം ജ്വലിക്കുന്ന തരത്തിൽ രേഖീയമല്ലാത്ത ഒന്നിലേക്ക് മാറുന്നു.
തനിക്ക് ആശയ വിനിമയം ചെയ്യാനുള്ളത് എന്താണെന്ന് വ്യാഖ്യാനിക്കാൻ കുറഞ്ഞത് അഞ്ച് കാഴ്ചകൾ ആവശ്യമാണ് എന്ന് തർകോവസ്കി ഈ സിനിമയിൽ സൂചിപ്പിക്കുന്നു.
അലക്സിയുടെ അമ്മ തന്റെ ഭർത്താവുമായി സന്തോഷകരമായ സമയങ്ങൾ ജീവിക്കുന്നു. അവൻ ഒരിക്കൽ മരിയയോട് ചോദിക്കുന്നുണ്ട്.
“ആരെയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്,
നിങ്ങൾക്ക് ഒരു ആൺകുഞ്ഞാണോ
അതോ പെൺകുട്ടിയാണോ വേണ്ടത് ?”
അതിനോടുള്ള അവളുടെ പ്രതികരണം വിവരണാതീതമാണ്. തന്റെ രണ്ട് കുട്ടികൾ തന്നെ പിന്തുടരുന്ന ഭാവിയാണ് അവൾ സങ്കൽപ്പിക്കുന്നത് എന്ന ഉത്തരം തീവ്രമായ സംവേദനക്ഷമത ഉള്ളതാണ്.
തർക്കോവ്സ്കി ഒരിക്കല്‍ തന്റെ ഡയറിയിൽ എഴുതി, “വ്യക്തിപരമായി അനുഭവിച്ച വികാരങ്ങളുടെ പ്രാധാന്യവും “രചയിതാവിന്റെ ആത്മാർത്ഥമായ സത്യവും പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ കഴിയുന്ന സിനിമയായി മിറർ എന്നിലൂടെ പുറത്ത് വരുന്നു .
മിററിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം 1964 മുതൽ വ്യത്യസ്ത തലക്കെട്ടുകളിൽ അദേഹം കുറിച്ചു വക്കുന്നുണ്ട് .1968-ൽ സ്റ്റേറ്റ് പ്രൊഡക്ഷൻ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ, എന്നാൽ തർക്കോവ്സ്കിക്ക് ഈ സിനിമ ചിത്രീകരിക്കാന്‍ ബ്യൂറോക്രാറ്റിക് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് വളരെയധികം പരിഷ്കരണങ്ങൾ ചെയ്യേണ്ടി വന്നു. തന്റെ സയൻസ്-ഫിക്ഷൻ അഡാപ്റ്റേഷനുകൾക്കായി മുന്നോട്ട് പോകുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. യുദ്ധകാലത്തെ ത്യാഗങ്ങളും മറ്റ് യാഥാസ്ഥിതിക തീമുകളും അവിടെ കണ്ടെത്താമെങ്കിലും, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രോജക്റ്റിന് പിന്തുണ കണ്ടെത്തുക എന്നത് അദേഹത്തിന് ബുദ്ധിമുട്ടായിരുന്നു.
തന്നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന അമ്മയുടെ അഭിമുഖ ദൃശ്യങ്ങൾ ഉൾപ്പെടുത്താനുള്ള ആദ്യകാല പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. എന്നിട്ടും, ഒരേ അഭിനേതാക്കളെത്തന്നെ പല തലമുറകളായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം (അലക്സിയുടെ അമ്മയായും ഭാര്യയായും തെരേഖോവയുടെ ഇരട്ട വേഷത്തിന് പുറമേ, കൗമാരക്കാരനായ അലക്സിയായും അലക്സിയുടെ മകൻ ഇഗ്നാറ്റും ഇഗ്നാറ്റ് ഡാനിൽറ്റ്സെവ് അവതരിപ്പിക്കുന്നുണ്ട് ) പ്രതിധ്വനിക്കുന്ന വൈകാരിക അനുഭവത്തിന്റെയും മാനസികാവസ്ഥയുടെയും ഒരു അയഞ്ഞ നിലപാട് അദേഹം സൃഷ്ടിക്കുന്നു. പൂർവ്വികരിൽ നിന്ന് പിൻഗാമികളിലേക്കുള്ള ചരിത്രത്തിന്റെ പടര്ച്ച, ചർമ്മം കേവലം ഒരു “അസ്ഥികൂടത്തിന്റെ മേലങ്കി” മാത്രമാണ് എന്ന അവബോധം
ആഖ്യാനത്തിൽ, തർക്കോവ്സ്കി തന്റെ പിതാവ് എഴുതിയ ചില കവിതകൾ ഉപയോഗിച്ചിരുന്നു. യുദ്ധസമയത്ത് രൂപകമായി പ്രത്യക്ഷപ്പെടുന്ന കവിതകൾ അർസനി തർകോവസ്കിയുടെ വരികൾ മിററിനെ കൂടുതൽ ശക്തമാക്കുന്നു.
“ഞാൻ
മുൻസൂചനകളെ വിശ്വസിക്കുന്നില്ല,
ശകുനങ്ങൾ
എന്നെ
ഭയപ്പെടുത്തുന്നില്ല.
ഞാൻ
പരദൂഷണത്തിൽ നിന്നോ വിഷത്തിൽ നിന്നോ ഓടുന്നില്ല .
ഭൂമിയിൽ മരണമില്ല.
എല്ലാവരും അനശ്വരരാണ്.
എല്ലാം അനശ്വരമാണ്.
പതിനേഴിലും
എഴുപതിലും
മരണത്തെ
ഭയപ്പെടേണ്ടതില്ല .”
ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവും ആഴത്തിലുള്ള ചിന്താശേഷിയെ പ്രതീക്ഷിക്കുന്നുണ്ട്.
മിററിലെ ന്യൂസ് റീൽ ഫൂട്ടേജ് അലക്സിയുടെ ആന്തരിക ജീവിതത്തെ റഷ്യൻ ജനതയുടെ വിശാലമായ വിധിയുമായി ലയിപ്പിക്കുന്നതായി നമുക്ക് കാണാം.
മുപ്പതുകളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധം മുതൽ, സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്കൻ ലക്ഷ്യത്തെ സഹായിക്കുകയും അഭയാർത്ഥികളെ സ്വീകരിക്കുകയും ചെയ്ത സാഹചര്യവും ഉള്‍പ്പെടുത്തി, അറുപതുകളിലെ ചൈന-സോവിയറ്റ് അതിർത്തി സംഘർഷങ്ങളും ആണവ സംഘർഷങ്ങളും വരെയുള്ള , കടന്നാക്രമണങ്ങലും അതിനെ തടഞ്ഞ ഭൂതകാലത്തിന്റെ തട്ടിപ്പുകലും സിനിമയുടെ ആന്തരിക പാഠത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്
അതിന്റെ അസ്ഥിത്വം യൂറോപ്പിലെ അധികാര സന്തുലിതാവസ്ഥ നിർണ്ണയിക്കാൻ സഹായിച്ച , ചരിത്രത്തിന്റെ ഒരുതരം രക്തസാക്ഷിയായി റഷ്യയുടെ ആത്മാവബോധത്തെ നമുക്ക് വായിച്ചെടുക്കാം.
1943-ൽ നാസി സേനയെ പിന്തിരിപ്പിക്കുന്നതിനായി ക്രിമിയയിലെ സിവാഷ് തടാകം മുറിച്ചുകടക്കാൻ റെഡ് ആർമി സൈനികർ വെള്ളത്തിലൂടെയും ചെളിയിലൂടെയും സഞ്ചരിക്കുന്നതിന്റെ ഒരു ആർക്കൈവൽ സീക്വൻസാണ് സിനിമയുടെ ഹൃദയഭാഗത്ത് കാണുന്നത്. ദൃശ്യങ്ങൾ പകർത്തിയ സോവിയറ്റ് ക്യാമറാമാൻ അതേ ദിവസം കൊല്ലപ്പെടുകയായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യൻ ജനതയുടെ ത്യാഗത്തെ അതിന്റെ ആഴത്തിലുള്ള സത്യസന്ധതയിലൂടെ പകര്‍ത്തുന്നതിന് മുമ്പ് മിററില്‍ ഈ ദൃശ്യങ്ങൾ സംവിധായകന്റെ പിതാവിന്റെ ശബ്ദത്തോടൊപ്പമുണ്ട്:
“ഈ ഭൂമിയിൽ മരണമില്ല.
എല്ലാവരും അനശ്വരരാണ്.
എല്ലാം അനശ്വരമാണ്.”
മിററില്‍ കവിത ഇടപെടുന്ന ഇടങ്ങള്‍ ഇങ്ങനെയാണ്.
മാർഗരറ്റ മിററിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, ഒന്ന് മറ്റൊന്നിന്റെ വ്യത്യസ്ത സമയ ഫ്രെയിമുകളിൽ പ്രത്യക്ഷപ്പെടുന്ന മിറർ ഇമേജുകളായി സിനിമയുടെ മുഴുവൻ ആഖ്യാനത്തേയും വെളിപ്പെടുത്തുന്നു.
“I felt all the time that
for the film to be a success the
texture of the scenery and the landscapes
must fill me with
definite memories and
poetic associations”
എന്നാണ് തർകോവ്സ്കി വിശ്വസിച്ചത്. എല്ലാം അനശ്വരമാണ് എന്നും അദേഹത്തിന്റെ ചിന്തയില്‍ ഉണ്ടായിരുന്നു .സംവിധാനം ചെയ്ത എല്ലാ ചലച്ചിത്രങ്ങളും കവിത പോലെ ചെവിയില്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നതും അത് തന്നെയാണല്ലോ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല