കാതലിന്റെ കാതല്‍

0
131

അഭിമുഖം

ജിയോ ബേബി / ഗോകുല്‍ രാജ്‌

ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത് വളരെ പ്രോഗ്രസ്സീവ് ആയൊരു സ്പേസിലാണ്. ഇത് മനഃപൂര്‍മാണോ?

ക്ലൈമാക്സ് എപ്പോഴും നന്നാവണം എന്ന് വിചാരിക്കാറുണ്ട്. ഒരു ഹൈ ഉണ്ടാവുന്ന, ഉള്ളിൽ ഉണർവുണ്ടാക്കുന്ന തരത്തിൽ ഒരു ക്ലൈമാക്സ് വേണമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ട് അങ്ങനെ സംഭവിക്കുന്നതാണ്. പിന്നെ ക്ലൈമാക്സ് റിഗ്രെസ്സിവ് ആവാതെ പ്രോഗ്രസ്സിവ് ആവണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. അതിന്റെ കൂടെ ഭാഗമായിട്ടാണ് രണ്ടു സിനിമകളുടെയും ക്ലൈമാക്സ് അങ്ങനെ സംഭവിച്ചത് എന്ന് തന്നെ വേണം കരുതാൻ.

ഇങ്ങനെ ഒരു പോസിറ്റീവ് നോട്ട് സിനിമയിൽ കൊണ്ടുവരുമ്പോൾ, സിനിമ എന്ന മീഡിയത്തിനെ അത് ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ?

സിനിമ എന്ന മാധ്യമം അത്തരത്തിൽ പോസിറ്റീവ് നോട്ട് കൊണ്ട് വരാൻ വേണ്ടി ഉള്ളതൊന്നും അല്ല എന്നതൊക്കെ എനിക്ക് വ്യക്തമായിട്ട് അറിയാം. ഏതെങ്കിലും തരത്തിലുള്ള ഒരു ആസ്വാദനം ആണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. സിനിമ എന്നല്ല എല്ലാ തരത്തിലുള്ള കലയും അങ്ങനെ ആണ്. അങ്ങനെ ഒരു മെസ്സേജ് കൊടുക്കാൻ വേണ്ടി സിനിമ ചെയ്യുന്നില്ല എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. പക്ഷെ പല സിനിമകളും അത്തരത്തിൽ എന്തെങ്കിലും ഒക്കെ ആശയങ്ങളെ മുന്നോട്ട് വയ്ക്കുന്നവ ആയി പോയിട്ടുണ്ട്. അത് ഞാൻ സമ്മതിക്കുന്നു. ഒന്നും മനഃപൂർവമായി പ്ലാൻ ചെയ്തു ചെയ്യുന്നതല്ല. അങ്ങനെ തന്നെ അങ്ങ് സംഭവിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ അത് സിനിമ എന്ന മീഡിയത്തെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, കുറച്ചൊക്കെ ബാധിക്കുന്നുണ്ടാവാം. ഇത്തരത്തിൽ പോസിറ്റീവ് നോട്ട് കടന്നു വരുന്നതല്ലാത്ത, മനുഷ്യർക്ക് ആസ്വദിച്ചു കാണുവാൻ വേണ്ടി മാത്രം ഉള്ള മറ്റു തരം സിനിമകളിലേക്ക് മാറണം എന്നും ആഗ്രഹിക്കുന്നുണ്ട്.

കാതലിന്റെ റിലീസിനു ശേഷം ഒരു പൊതുവെ മൂന്ന് തരത്തിലാണ് പ്രതികരണങ്ങൾ. ഒന്നാമത് സിനിമയെ സദാചാര വിരുദ്ധമായി പ്രഖ്യാപിച്ചവർ അവരെ ഒഴിച്ചുനിർത്തിയാൽ, രണ്ടാമത് സിനിമയെ വളരെ പോസിറ്റീവ് ആയി സ്വീകരിച്ചവർ, മൂന്നാമത് കാതൽ എന്ന സിനിമയ്ക്ക് കൗണ്ടർ നാറെറ്റിവുകൾ ഉന്നയിക്കുന്നവർ. അതിൽ തന്നെ പ്രധാനമായി ഉയർന്നു കേട്ടത് കാതൽ ഒരു ക്വീർ വിരുദ്ധ സിനിമയാണെന്നാണ് ആ നറെറ്റിവിനെ കുറിച്ച് എന്തുതോന്നുന്നു?

സിനിമയുടെ കൗണ്ടർ നറേറ്റിവുകൾ ഉന്നയിക്കുന്നതൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതും ഒരുപാട് ഒന്നും ഞാൻ കണ്ടില്ല. ക്വിയർ കമ്മ്യുണിറ്റിയിൽ നിന്ന് തന്നെ സിനിമയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ക്വിയർ കമ്മ്യുണിറ്റിയിൽ നിന്ന് തന്നെ സിനിമയെ വളരെ പോസിറ്റീവ് ആയി സ്വീകരിച്ച ധാരാളം പേരുണ്ട്. രണ്ടു തരം എഴുത്തുകളും വരുന്നുണ്ട്. സിനിമ ഹോമോഫോബിക് ആണെന്ന് പറഞ്ഞ രണ്ടു മൂന്നു എഴുത്തുകൾ ആണ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്നത് പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. പെട്ടെന്ന് നോക്കുമ്പോൾ അങ്ങനെ ഹോമോഫോബിക് ആയിട്ടുള്ള ഒന്നും തന്നെ എനിക്ക് ഇത് വരെ കണ്ടെത്താൻ പറ്റിയിട്ടില്ല. പക്ഷെ അവർ ഉന്നയിച്ച ആ ഒരു നിരൂപണം അഥവാ വിമർശനം ക്രിയാത്മകമായി നോക്കി കാണാനുണ്ട്. അതിനു കുറച്ചു കൂടി സമയം വേണമെന്നാണ് തോന്നുന്നത്. പ്രത്യക്ഷത്തിൽ എനിക്കിതു വരെയും സിനിമ ഹോമോഫോബിക് ആണെന്ന് വ്യക്തിപരമായിട്ടോ, എഴുത്തുകാരുമായി ഇരുന്നു ആലോചിച്ചിട്ടോ മനസ്സിലായിട്ടില്ല. അത് കുറച്ചു കൂടി സമയം എടുത്ത് ഒന്ന് ആലോചിക്കട്ടെ. അങ്ങനെ എന്തെങ്കിലും ഒരു പ്രശ്നം സിനിമയിലൂടെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനിയിപ്പോ സിനിമ മാറ്റിവെക്കാൻ പറ്റില്ല. അത് തെറ്റാണെന്നു സമ്മതിക്കാനേ പറ്റുകയുള്ളൂ. നമ്മൾ അതിനെ കുറിച്ച് അന്വേഷിച്ചോണ്ടിരിക്കയാണ്. ഇത് വരെ എനിക്ക് സിനിമ ഹോമോഫോബിക് ആണെന്ന് മനസ്സിലായിട്ടില്ല. പിന്നെ ഈ കൗണ്ടർ നറേറ്റീവ്നെ കുറിച്ച് പറയാനുള്ളത് അത്തരം ആശയസംവാദങ്ങൾ ഇവിടെ നടക്കട്ടെ. അത് വളരെ നല്ലതാണ്. അത് സിനിമക്കും കലക്കുമൊക്കെ ഗുണം ചെയ്യുമെന്നുള്ള കാര്യം കൂടി കൂട്ടി ചേർക്കട്ടെ.

എന്നെങ്കിലും ഒരു ഒരു വലിയ മാസ്സ് എന്റർടെയ്നർ genre ൽ സിനിമ എടുക്കുമോ?

അങ്ങനെ വലിയൊരു മാസ് എന്റെർടൈനർ സിനിമ എടുക്കണം എന്ന് വളരെ തീവ്രമായ ആഗ്രഹം ഉണ്ട്. അതിനുവേണ്ടി ഞാൻ ശ്രമിക്കുന്നുമുണ്ട്. അത്തരം നല്ല സിനിമകൾ തിയേറ്ററിൽ ഇരുന്നുകാണാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ട് അത്തരം സിനിമകൾ ഉണ്ടാവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നുമുണ്ട്.

താങ്കൾ പുലർത്തുന്ന political consciousness ഇത്തരം സിനിമകൾ എടുക്കാൻ തടസ്സമായി മാറുന്നുണ്ടോ?

രാഷ്ട്രീയമായ ബോധം ഉള്ളത് ഒരിക്കലും മാസ്സ് സിനിമകൾ എടുക്കാൻ തടസ്സമല്ല. നമ്മൾ ഇപ്പോൾ കാണുന്ന തരം മാസ്സ് സിനിമകൾ ആണോ എന്ന് എനിക്ക് അറിയില്ല. അതിൽ പല പല പ്രശ്നങ്ങൾ ഒക്കെ കണ്ടേക്കും. അത്തരത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത, ആരെയും വേദനിപ്പിക്കാത്ത, എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന റിഗ്രസ്സീവ് അല്ലാത്ത ഒരു മാസ്സ് എന്റെർടൈനർ സിനിമ ഉണ്ടാക്കാൻ പറ്റേണ്ടതാണ്. നമ്മുടെ ക്രിയേറ്റീവ് ആയ പോരായ്മകൾ ആണ് അത്തരം സിനിമ ഉണ്ടാവാതിരിക്കാൻ ഉള്ള കാരണം. അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. നടക്കുമോ ഇല്ലേ എന്നറിയില്ല.

മലയാളി പൗരുഷത്തിന്റെ പ്രതീകമായി മലയാളികൾ വർഷങ്ങളായി ആഘോഷിച്ച് വരുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ ഈ സിനിമയിലേക്ക് cast ചെയ്യ്തത് അതിനൊരു കൗണ്ടർ narattive ആയിട്ടാണോ?

മമ്മൂട്ടി എന്ന നടനെ കാതലിലേക്ക് കാസറ്റ് ചെയ്തത് ഒരു കൗണ്ടർ നരേറ്റീവ് ആയിട്ടല്ല. ആ സിനിമക്ക് മമ്മൂട്ടിയെ പോലെ ഒരു നടനെ ആവശ്യമുണ്ടായിരുന്നു. അത് മാത്രമെ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അല്ലാതെ അദ്ദേഹത്തെ കാസ്റ്റ് ചെയ്ത് കൗണ്ടർ നരേറ്റീവ് ചെയ്യണമെന്നൊന്നുമില്ല.അദ്ദേഹത്തിലെ നടനെ എനിക്ക് ആവശ്യമായിരുന്നു അത് മാത്രമാണ് ആ നടനെ കാസ്റ്റ് ചെയ്യാൻ കാരണം. പിന്നെ അദ്ദേഹം ഈ സിനിമ നിർമിച്ചു, അദ്ദേഹം ഈ സിനിമയോട് വലിയ താല്പര്യം കാണിച്ചു എന്നൊക്കെയുള്ളത് മറ്റ് വലിയ സന്തോഷമാണെന്ന് മാത്രമേയുള്ളു.

താങ്കളുടെ ആദ്യ സിനമായായ രണ്ടു പെൺകുട്ടികൾ, അതിനുശേഷം ഉണ്ടായ കുഞ്ഞുദൈവം ഇവ രണ്ടും തീർത്തും ഇന്റിപെന്റന്റായി നില നിലനിൽക്കുന്ന മനോഹരമായ സിനിമകളാണ്.കാതൽ പോലെയുള്ള താരതമ്യേന വലിയ സിനിമകൾ ചെയ്യുമ്പോൾ താങ്കളിലെ ഫിലിം മേക്കർ കൂടുതൽ കോംപ്രമൈസുകൾക്ക് വഴങ്ങേണ്ടി വരാറുണ്ടോ?

കാതൽ സിനിമയിൽ ഒരു കോംപ്രമൈസും ചെയ്യേണ്ടി വന്നിട്ടില്ല. അതൊക്കെ വളരെ തെറ്റായ ധാരണ ആണെന്ന് തോന്നുന്നു. ഞാൻ എപ്പോഴും സിനിമ ഉണ്ടാക്കുമ്പോൾ എനിക്ക് എന്റേതായിട്ടുള്ള ഒരു സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും, അത് ഇതുവരെ ഒരു പ്രശ്നമില്ലാതെ നടക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് . കാതലിനെ സംബന്ധിച്ച് ഏറ്റവും സ്വാതന്ത്രത്തോടെ ചെയ്ത ഒരു സിനിമ ആണ്. എല്ലാവരുടെയും സഹകരണവും സപ്പോർട്ടും, പണത്തിന്റെ പ്രശ്നവും ഒന്നും ഇല്ലാതെ ഏറ്റവും സ്വാതന്ത്രത്തോടെ ചെയ്ത ഒരു സിനിമ ആണ്.

സിനിമയെ സംമ്പന്ധിച്ച് ഒരു സൂചനയും മുൻപേ കൊടുക്കാഞ്ഞത്, അതിലെ കോൺടെന്റ് ഏറ്റവും conservative ആയ പ്രേക്ഷകർക്കിടയിലും ഈ സിനിമയിലൂടെ എത്തണം എന്ന് ലക്ഷ്യം വെച്ചാണോ?

സിനിമയെ സംബന്ധിച്ചുള്ള സൂചന കൊടുക്കാത്തത് അത് തന്നെയാണ്. അതിന്റെ ഒരു മാർക്കറ്റിങ്ങിന്റെ ഭാഗമാണ്. ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി മാത്രം കണ്ടാൽമതി.

താങ്കൾ പറഞ്ഞതുപോലെ സിനിമയും സിനിമയുടെ വിഷയവും ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കി എന്നത് തീർച്ചയായും വലിയ കാര്യമാണ് . ഇത്തരം ചർച്ചകൾ മലയാളി കുടുംബങ്ങൾക്കിടയിൽ സാധ്യമാക്കാൻ ഈ സിനിമക്ക് സാധിച്ചു. സിനിമയെ കുറിച്ച് സംസാരിക്കാൻ ഞങ്ങളോടൊപ്പം സമയം കണ്ടെത്തിയതിന് നന്ദി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here