കാറ്റിന്റെ മരണം

0
96

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 26

“വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.”

“ അതെന്താ?”

“ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രാവശ്യം കണ്ടവർക്ക് പിന്നെക്കാണാൻ പറ്റില്ല.”

“ അതിനു ഞാൻ ആദ്യായിട്ടാ,” വർഷയുടെ ശബ്ദമുയർന്നു.

“ നിങ്ങളുടെ റെറ്റിന ഈ സ്‌ക്രീനിൽ പതിഞ്ഞിട്ടുണ്ട്. നിങ്ങൾക്കെന്തായാലും ടിക്കറ്റ് കിട്ടില്ല.”

“ അതെന്തു പരിപാടിയാണ് മിസ്റ്റർ. നിങ്ങളൊരു സോറി പോലും പറയാതെ എന്തൊരു അപമാര്യാതയായിട്ടാണിങ്ങനെ പെരുമാറുന്നത്? ഞാനാരാണെന്ന് നിങ്ങൾക്കറിയോ?”

“ സോറി മേഡം. അങ്ങനെ ചെയ്യാനാണ് ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഓർഡർ. ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല. കംപ്യൂട്ടറാണ് ടിക്കറ്റടിക്കുന്നത്. അതിലങ്ങനെ സെറ്റിംഗ്സുണ്ട്. ഇനി മൂന്നാഴ്ച കഴിഞ്ഞേ ടിക്കറ്റ് കിട്ടൂ. കഴിഞ്ഞാഴ്ചയല്ലേ മാം കണ്ടത്? “

“ ഞാനൊരാഴ്ച മുൻപ് പിറ്റേ ദിവസത്തേക്കു ടിക്കറ്റെടുത്തു എന്നത് ശെരിയാണ്. പക്ഷേ, കാണാൻ പറ്റിയില്ല. പകരം വേറൊരാളാണ് കേറിയത്‌. പിന്നെ സമീറയെ നോക്കിപ്പറഞ്ഞു, “ഞാൻ പറഞ്ഞില്ലേ നീലിന്റെ കൂടെ ഞാനന്നിവിടെ വന്നിരുന്നുവെന്നു? “

“ സോറി മേഡം.”

വർഷയുടെ മുഖം വിവർണ്ണമായി.

“ ടീ, ഇനിയെന്ത് ചെയ്യും? വേറൊരു ദിവസം വന്നാലോ?”

“ അത് പറ്റില്ല. ഇന്നത്തെ ഷോ…എനിക്കറിയില്ല. എനിക്കിന്ന് കേറിയേ പറ്റൂ.”

വർഷ ഐഡി കാർഡെടുത്തു ടിക്കറ്റ് കൌണ്ടറിലേക്ക് നീട്ടി.

“ സ്‌പെഷ്യൻ പെർമിഷനുണ്ട്. റിപ്പോർട്ട് കൊടുക്കാനുള്ളതാ. ജർണലിസ്റ്റുകളോടു കളിക്കല്ലേ.”

“ നിങ്ങൾ വേറൊരു ദിവസം വരൂ. പറ്റില്ല. മാം. സോറി.”

“ ഇന്നു ഷോ നടക്കുന്നുണ്ടോ ? ആളുകളെ ഒന്നും കാണുന്നില്ലല്ലോ?”

“ മാം. ഫുള്ളാണ്. എല്ലാവരും കേറി. അരമണിക്കൂർ മുൻപ് അകത്തു കേറ്റണം ന്നാണ്.”
സമീറയുടെ അകം വിറച്ചു. ആതിരയെക്കുറിച്ചോർക്കുമ്പോൾ അവൾക്കു ദേഷ്യം ഉള്ളിലൂടെ ഇരച്ചു കയറി. വർഷയില്ലാതെ താനെന്തു ചെയ്യും? തനിക്കാരെയും പരിചയമില്ലല്ലോ.

“ ടീ, ഞാനൊറ്റയ്ക്ക് എന്ത് ചെയ്യും? നീ അവരുടെ നമ്പറയച്ചു തരോ? എന്തെങ്കിലുമാവശ്യമുണ്ടെങ്കി വിളിക്കാലോ.”

“ നീ പേടിക്കേണ്ട. ഒരാൾ ഇത്തിരി പഞ്ചാരയാണ്. മറ്റെയാൾ പാവമാണ്. ഞാൻ നബർ അയച്ചിട്ടുണ്ട്. നീ ധൈര്യമായി പോയി വാ. ഒരു മണിക്കൂറല്ലേ? ഞാൻ സൂര്യാസ്തമയമൊക്കെക്കണ്ടിവിടെ ഇരിക്കാം. നീ ധൈര്യമായി പോയി വാ.”

“ എന്നാലും?”

“ ഒന്നും സംഭവിക്കില്ല.”

“ മാം. ഫോണകത്തു കൊണ്ട് പോകാൻ പറ്റില്ല,” ഒരാൾ വിളിച്ചു പറഞ്ഞു.

“ പിന്നെ?”

“ ഇവിടെ വെക്കാം. ഇവിടെ ലോക്കറുണ്ട്.”

ഫോൺ ലോക്കറിൽ വെച്ച ശേഷം വിറയ്ക്കുന്ന ഹൃദയത്തോടെ സമീറ മുന്നോട്ടു കാൽച്ചുവടുകൾ വെച്ചു. നീണ്ട ഇടനാഴികയിലൂടെ നടന്നു അകത്തേക്കുള്ള വാതിലിനടുത്തെത്തിയപ്പോൾ സമീറ വർഷയെ ഒന്ന് തിരിഞ്ഞു നോക്കി. അവൾ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

‘തിരിച്ചു പോണോ?’ എന്നവളുടെ ഹൃദയമൊന്നു സംശയിച്ചു.

കാറ്റിനെക്കുറിച്ചോർത്തപ്പോൾ കയ്യൊന്നു വീശി വർഷയ്ക്കൊരു പുഞ്ചിരിച്ചു സമ്മാനിച്ചിട്ടു സമീറ അകത്തേക്കു നടന്നു. അവിടെ കൂരാക്കൂരിരുട്ടായിരുന്നു. വെളിച്ചത്തിന്റെ ഒരു കണികയെങ്കിലും എവിടെയെങ്കിലും വഴിയന്വേഷിച്ചു നിൽപ്പുണ്ടോയെന്നു സമീറ തിരഞ്ഞു. നടക്കുന്നതിനിടയിൽ മതിലിൽത്തട്ടി പോകുമോ എന്നറിയാത്തത് കൊണ്ട് രണ്ട് കൈകൊണ്ടും തപ്പിത്തടഞ്ഞാണ് സമീറ നടന്നത്.

അതൊരു ചെറിയ സ്ഥലമായിരുന്നു. അതിന്റെ അറ്റത്തെത്തിയപ്പോൾ കറുത്ത വസ്ത്രം ധരിച്ച ഒരാളവിടെ നിൽപ്പുണ്ടായിരുന്നു.

“ മാം. ഇത് വഴി.”

അയാൾ നിറയെ ചെറിയ വിളക്കുകളാൽ അലങ്കരിച്ച ഒരു ഇടനാഴിയിലേക്ക് സമീറയെ നയിച്ചു.

“ ഇതെന്താ അവിടെ ലൈറ്റില്ലാത്തത്?”

“ അവിടെ മാത്രമെന്തോ ഫ്യൂസ് പോയതാ. നോക്കിക്കൊണ്ടിരിക്കാണ്.”
പരുപരുത്ത ചുമരിൽ തൂക്കിയിട്ട മന്ത്രവാദിനികളുടെ ഫോട്ടോ നോക്കി സമീറ മുന്നോട്ടു നടന്നു. അവരെല്ലാവരും ഒരേ പോഷനാണുണ്ടാക്കുന്നതെന്നു സമീറയ്ക്കു പെട്ടന്ന് തോന്നിപ്പോയി.

ഇടനാഴികകൾ ഒരു മെയ്സ് പോലെ അങ്ങനെ വിശാലമായിക്കിടന്നു. വേറെ ഒരിടത്തും ആരുമുണ്ടായിരുന്നില്ല. എവിടെയും സയിൻ ബോർഡുകളും കണ്ടില്ല. ഇനി തിരിച്ചു പോകണോ എന്ന് കൂടി സമീറ ഒരവസരത്തിൽ ചിന്തിച്ചു. കാറ്റിനെ രക്ഷിക്കണമല്ലോയെന്ന ചിന്ത സമീറയെ മുന്നോട്ടു വലിച്ചു കൊണ്ടിരുന്നു. അനന്തമായ വഴികളെന്തു കൊണ്ടവസാനിക്കുന്നില്ല എന്നാലോചിച്ചപ്പോൾ സമീറയ്ക്ക് പേടി തോന്നി. ബാഗിൽ നിന്നും ഫോണെടുക്കാൻ നോക്കിയപ്പോഴാണ് ഫോൺ അവിടെക്കൊടുത്ത കാര്യം സമീറ ഓർത്തത്‌. എന്തിനു ഫോൺ വാങ്ങി വെക്കണമെന്നാലോചിച്ചപ്പോൾ സമീറയ്ക്കു കറുത്ത വസ്ത്രക്കാരോട് അതിയായ ദേഷ്യം തോന്നി. ഒരു വലിയ വളവു സമീറയെ വിശാലമായ ഒരു ഹോളിൽ കൊണ്ടെത്തിച്ചു. അവിടെ, തീയറ്റർ പോലെ ഒന്നിന് മുകളിൽ ഒന്നായ സീറ്റുകളുണ്ടായിരുന്നു. വിറയ്ക്കുന്ന മനസ്സോടെ സമീറ നടുക്കുള്ള ഒരു കസേരയിൽ മറ്റുള്ള കാണികളുടെ കൂടെയിരുന്നു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

സാധാരണ നാടകങ്ങളെപ്പോലെ ഒരു സ്റ്റേജ് ആണ് മുന്നിലുണ്ടായിരുന്നതെങ്കിലും ഒരു കടൽ സ്റ്റേജിന് പുറകിലിരമ്പിക്കൊണ്ടിരുന്നു. അതിൽ നിന്നും വരുന്ന തിരകൾ തങ്ങളെ വിഴുങ്ങിക്കളയുമോയെന്നു കാണികളിൽ ചിലരെങ്കിലും ഭയന്ന് കാണണം. കുട്ടികളുടെ കരച്ചിൽ ഇരുട്ടിൽ നിന്നുയർന്നു കൊണ്ടിരുന്നു. സമീറയുടെ അടുത്തുള്ള സീറ്റുകൾ കാലിയായിരുന്നു.

സ്റ്റേജിൽ ജല കന്യകകളും ഡോൾഫിനുകളും മാലാഖകളും വന്നു കൊണ്ടേയിരുന്നു. ലേയ്സർ രശ്മികൾ ഉപയോഗിച്ചാണ് ഈ ത്രീ ഡീ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതെന്നു കുറച്ചു നിമിഷങ്ങൾക്കകം സമീറയ്ക്കു മനസ്സിലായി.

‘ കാറ്റെവിടെയായിരിക്കും?’ സമീറ ചുറ്റുമൊന്നു കണ്ണോടിച്ചു.
കാറ്റിന്റെ മരണം എന്ന് സ്റ്റെജിൽ എഴുതപ്പെട്ടു.

“ നാടകം തുടങ്ങുന്നു,” എന്ന പഴയ നാടകങ്ങളിലെ വാചകം ആവർത്തിക്കപ്പെട്ടു. അതിനു പുറകേ ഒരു ബെല്ലും മുഴങ്ങി. ആദ്യം ഞാനീ നാടകത്തിന്റെ കഥ പറയാം. കാറ്റിന്റെ മരണം-ഒരു പുനരാവിഷ്ക്കരണം.

ബോറിയാസും സഫൈറസും കാറ്റിന്റെ ദൈവങ്ങളായിരുന്നു. വെളുത്ത വലിയ മുടിയും താടിയും ചിറകുകളുമായി അവരിങ്ങനെ നിങ്ങളുടെ മുന്നിൽ പറന്നെത്തും. വിവരണത്തിനനുസരിച്ച് സ്റ്റെജിൽ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
സമീറയ്ക്കു ആ ശബ്ദം പരിചിതമായിത്തോന്നി. എഴുത്തുകാരനാണോ അത്? സമീറയുടെ മനസ്സ് ഓർമ്മകളെ ചിക്കിച്ചികഞ്ഞു കൊണ്ടിരുന്നു. ലോകത്തിൽ നിന്നും തിന്മയെ ഇല്ലാതാക്കുകയെന്നതായിരുന്നു ദയയുടെ ദേവതയായ ഇല്യോസിന്റെ ആഗ്രഹം. അതിനായി അവർ ലോകത്തിൽ നിന്നു അഹന്തയും അസൂയയും ദുരാഗ്രഹവും തുടച്ചു മാറ്റി. അതാണ്‌ നാടകത്തിന്റെ ഇതിവൃത്തം.
‘ ഓ…അങ്ങനെയാണ് അപ്പോൾ സഫൈറസ് ബോറിയാസിനെ കൊല്ലുന്നതു,’ സമീറ മനസ്സിൽ വിചാരിച്ചു. നാടകത്തിലെ വിവരണം തുടർന്നു കൊണ്ടിരുന്നു.
നാടകത്തിൽ സഫൈറസ് എന്ന കഥാമാത്രമാവതരിപ്പിച്ചിരുന്നയാൾക്കു ഒരുപാട് കഴിവുകളുണ്ടായിരുന്നു. അദ്ദേഹത്തിനു കാറ്റിനോട് സംസാരിക്കുവാനും മരിച്ചവരുടെ ശബ്ദം കേൾക്കുവാനും കഴിഞ്ഞിരുന്നു. ആദ്യമെല്ലാം അയാളത് നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നെപ്പിന്നെ അനധികൃതമായി പണം സാമ്പാദിക്കുവാനും സ്വന്തം ലാഭങ്ങൾക്കും വേണ്ടി ആ കഴിവുകൾ ഉപയോഗിച്ച് തുടങ്ങി.

‘ സമീറ ഞെട്ടിപ്പോയി. തൻറെ വല്യച്ഛനെക്കുറിച്ചാണോ ഇവർ പറയുന്നത്? വല്യച്ഛൻ നല്ലൊരു മനുഷ്യനായിരുന്നില്ലേ?’

പണ്ടത്തെ നടകത്തിലെ കഥാപാത്രങ്ങളുടെ ചിത്രം സ്റ്റേജിൽ പ്രദർശിപ്പിക്കപ്പെട്ടു. അതിൽ വല്യച്ഛന്റെതു പോലെ വലിയ കണ്ണുകളും നീണ്ട മൂക്കുമുള്ള ഒരു യുവാവുമുണ്ടായിരുന്നു. സമീറ അയാളെ ഇമ വെട്ടാതെ നോക്കി നിന്നു. കുന്നിൻ മുകളിലെ കാറ്റിന്റെ ശബ്ദം കാണികളുടെ ചെവിയിൽ വീശിത്തുടങ്ങി. എത്ര റിയലിസ്റ്റിക് ആയിട്ടാണ് ശബ്ദങ്ങളെല്ലാം കേൾക്കുന്നതെന്നു സമീറ വിചാരിച്ചു. സ്റ്റേജിൽ നിന്നു ആ മുഖം മറഞ്ഞു പോകല്ലേയെന്ന് സമീറ ആഗ്രഹിച്ചു.
ബോറിയാസ് ഇതിനൊരു അറുതി വരുത്താനാഗ്രഹിച്ചു. അയാൾ പരമ ദുഷ്ടനായ സഫൈറസിനെ കൊന്നു. ബോറിയാസ് സഫൈറസിനെ കുന്നിൻ മുകളിൽ നിന്നു തള്ളിയിട്ടു.

“സമീറാ,” ഒരു ശബ്ദം സമീറയുടെ കാതിൽ മുഴങ്ങി. നടുക്കത്തോടെ, സമീറ കാണികളുടെ മുഖത്തേക്ക് നോക്കി. ഒരു ഭാവ വ്യത്യാസവുമില്ലാതെ എല്ലാവരും നാടകത്തിൽ മുഴുകിയിരിക്കുകയാണ്. സമീറയുടെ ചുറ്റുമുള്ള ആ ശബ്ദമിങ്ങനെ പറന്നു നടന്നു. പിന്നെ, അകന്നകന്നു പോയി.

അപ്പോൾ, വെളുത്ത ചിറകുകളുള്ള വസ്ത്രമണിഞ്ഞ ഒരു രൂപം സ്റ്റേജിലേക്കു വന്നു. അത് ബോറിയാസായിരുന്നില്ല. അത് എഴുത്തുകാരനുമായിരുന്നില്ല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

 

 

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here