സമയത്തെ കൊത്തി വച്ച കവി, സ്ഥലത്തെ റദ്ദ് ചെയ്ത കലാകാരന്‍

0
262

ആത്മാവിന്റെ പരിഭാഷകള്‍ 2

ഡോ. രോഷ്‌നി സ്വപ്ന

‘Art must carry man’s
craving for the ideal,
must be an expression of
his reaching.
out towards it, that art must give man hope and faith.
And the more hopeless the world in the artist’s version,
the more clearly perhaps must we see the ideal
that stands in opposition otherwise life be- comes impossible!
Art symbo- lises the meanings of our exis- tence.’

(sculptings in Time , Andrei Tarkovsky)

വായിക്കും തോറും ആഴം കൂടുന്ന ഒരു പുസ്തകമാണ് sculpting in time. .തർകോവ്സ്കിയുടെ സിനിമകള്‍ പോലെ …..!

ആ സിനിമകള്‍ കാണുമ്പോൾ അനുഭവപ്പെടുന്നത് ഇങ്ങനെ എഴുതി വച്ചു ഒരിക്കല്‍

‘’ഒരു സ്വപ്നമാണ് അത്.
സ്വപ്നം  മുറിയുമ്പോൾ മഞ്ഞുപാളിക്കരികിൽ
നിൽക്കുന്നത് ഞാന്‍  തന്നെ.
ചലിക്കുന്നത് എന്റെ കണ്ണുകൾ തന്നെ ,
ആ കണ്ണുകൾ ഇടറുമായിരിക്കും
കുന്നിൻചരിവിലെ വീട്ടിൽ നിന്ന് എപ്പോഴോ ഇറങ്ങിവരാനുള്ള എന്നെക്കാത്ത്
ഞാൻ ആ മരച്ചുവട്ടിൽ ഉണ്ടാകും
അപ്പോൾ മഞ്ഞിന് കട്ടികൂടുമായിരിക്കും.
ഇടയ്ക്ക് ഓരിയിടുന്ന ഒരു നായ
ആ കുന്നിൻചരിവിലുണ്ട് .
അത് എന്റേതാണ് .
അതിന്റെ വിഭ്രമിപ്പിക്കുന്ന മുരൾച്ച…
കാട്ടിലേക്ക് വഴുതിപ്പോയേക്കാവുന്ന ജീവിതം.’’

ദൈവമേ എന്ന വിളി ഇല്ലാതെ ഇത്രയാവർത്തിച്ചു കണ്ട എന്റെ തന്നെ ജീവിതങ്ങൾ വേറെയില്ല.

തർക്കോവ്സ്കിയുടെ സിനിമകൾ എന്റെ ജീവിതത്തെ മാറ്റിയെഴുതിയതിന് തെളിവുകളുമില്ല.

ദി മിറര്‍ (The Mirror) എന്ന ചിത്രത്തിനു വേണ്ടി ജോഹാൻ സെബാസ്റ്റ്യൻ ബാഹ് (Johan Sebastian bach) ഒരുക്കിയ  സംഗീതം ഇടക്ക് മൈനർ നോട്ടുകളിലേക്കും തിരിച്ചും കാലിടറുമ്പോൾ ഒപ്പമിടറിയും, സ്വയറ്റോ സ്ലാവ് റിച്ചറിന്റെ (Swayetta Slave Richter) പിയാനോ ആത്മാവിന്റെ അരികുകള്‍ ചുരണ്ടിയെടുക്കുമ്പോള്‍,എന്റെ മരണമേയെന്നു ഓരോരുത്തരും ഉള്ളില്‍ കരയുന്നത്  ഞാന്‍ മാത്രമായിരിക്കില്ല കേട്ടത്. എത്രയാവർത്തിയെന്നുറപ്പില്ലാത്ത കാഴ്ചകള്‍ …ഭ്രമിപ്പിക്കുന്ന സംഗീതങ്ങള്‍ …

ഒട്ടേറെ തവണ ആവർത്തിച്ചു കണ്ട സിനിമയാണ് നൊസ്റ്റാൾജിയ (Nostalgia). ഓരോ തവണ കാണുമ്പോഴും ,സ്വപ്നങ്ങളുടെ അപ്രമാദിത്വങ്ങള്‍ എന്നെ വിട്ടൊഴിയുന്നില്ലല്ലോ എന്ന ആധി വെടിഞ്ഞ് ഞാൻ ആദ്യ ഷോട്ടിലേക്കു പോകുന്നു. ദൂരേക്ക് നടന്നുപോകുന്ന നിഴൽപോലുള്ള രൂപങ്ങൾക്കൊപ്പം ഞാനും നടന്നു പോകുന്നത് ഞാൻ തന്നെ കാണുന്നു.

“ആരുടെ തോന്നലാണ് ഞാൻ”
എന്ന ആർ. രാമചന്ദ്രന്റെ കവിത ഓർമ വരുന്നു.

“ഞാൻ …
എന്റെ നിഴൽപോലെ…
ഞാൻ ഉണ്ട് അല്ലെങ്കിൽ
ഞാൻ ഇല്ല

എന്ന റൂമി കവിത ഓർമ വന്നു

ഏഴു ചലച്ചിത്രങ്ങളാണ് തിരശ്ശീലയിൽ കവിത പോൽ തർകോവസ്കി രചിച്ചത്.

ബെർഗ്മാൻ “sublime “എന്ന്  വിശേഷിപ്പിച്ചത് തർകോവ്സ്കിയെക്കുറിച്ചാണ്. ഇവാൻസ് ചൈൽഡ് ഹുഡ്  (1962), സോളാരിസ് (1971), ആന്ദ്രേ റുബ്ലോവ്  (1966), സ്റ്റാക്കർ (1979) ദി മിറർ  (1975), നൊസ്റ്റാൾജിയ (1983), സാക്രിഫൈസ് (1988) എന്ന ഏഴുചലച്ചിത്ര കാവ്യങ്ങൾ..

ഈ ഏഴു ചലച്ചിത്രങ്ങളും നിരന്തരം വിഭ്രമിപ്പിച്ചുകൊണ്ടിരിക്കുകയും കൊതിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എന്റെ ജീവിതം തന്നെയാകുമോ ഈ എഴുത്ത് എന്ന പേടിയിൽ തന്നെയുണ്ട് സംഗീതമാക്കാൻ കൊതിച്ച്, അതിന്റെ വരികളായി മാറിയ, എത്രയാവർത്തിയെന്നുറപ്പില്ലാത്ത,കവിയാകാൻ തുനിഞ്ഞ് അതിന്റെ അർത്ഥമായി മാറിയ തർക്കോവ്സ്കിയുടെ ജീവിതം എന്നെനിക്കു തോന്നുന്നു.

ആരാണ് സംവിധായകൻ എന്ന ചോദ്യത്തിന് തർക്കോവ്സ്കിക്ക് കൃത്യമായ ഉത്തരമുണ്ട്.
അത് ആരാണ് കലാകാരൻ, ആരാണ് മനുഷ്യൻ എന്ന ചോദ്യം കൂടി അടങ്ങിയതാണ് .അതിനുള്ള
ഉത്തരങ്ങൾ കൂടിയാവുന്നുമുണ്ട് ചിലപ്പോൾ അദ്ദേഹത്തിന്റെ സിനിമകള്‍.

ചരിത്രത്തിന്റെ വസ്തുതാപരമായ സ്വഭാവസവിശേഷതകളെ മുൻനിർത്തിയാണ് അദ്ദേഹം ഇത് വിശദീകരിക്കുന്നത്.

“…art must must carry man’s craving for the ideal, must be an expression of his reaching out towards it; that art must give man hope and faith. And the more hopeless the world in the artist’s version, the more clearly perhaps must we see the ideal that stands in opposition – otherwise life becomes impossible! Art symbolises the meaning of our existence.”

(sculpting in time )

കല അദ്ദേഹത്തിന് നിലനില്‍പ്പിനെ സംബന്ധിക്കുന്ന അവസാന വാക്കായിരുന്നു..പ്രതീക്ഷയിലേക്കും പ്രത്യാശയിലേക്കും നയിക്കുന്ന ശ്വാസം ! കല ജീവിതത്തിന്റെ ആത്യന്തികമായ നിലനില്‍പ്പിനെ പ്രതീകവല്‍ക്കരിക്കുന്നു എന്നെഴുതിവച്ചു അദ്ദേഹം. അത് തന്നെ തന്റെ സിനിമകളിലൂടെയും യാഥാർത്യമാക്കി.

“വിപരീതസ്വഭാവങ്ങളാൽ നിർമിതമാണ് മനുഷ്യപ്രകൃതി. പ്രതിലോമതയിലേക്ക് ചരിക്കാനുള്ള പ്രേരണ അത് സദാ സൂക്ഷിക്കുന്നു. ഒന്നുകിൽ മനുഷ്യന് ചരിത്രത്തെ നയിക്കാനുള്ള കഴിവില്ല. അല്ലെങ്കിൽ മനുഷ്യൻ അത് അവനു പാകമാകുംവിധം പണിഞ്ഞെടുക്കുന്നു. മറ്റുള്ളവർക്കുമേലുള്ള ആധിപത്യമെന്ന ഒറ്റ ലക്ഷ്യം ഈ പ്രവൃത്തിയെ വിപരീതദിശയിലേക്കു നയിക്കുന്നു. ഭൗതികതയെന്നത് നഗ്നമാണ്. സത്യമെന്തെന്നാൽ ദൈവം ഓരോ ആത്മാവിലും ജീവിക്കുന്നുവെന്നതാണ്. ഓരോ ആത്മാവിനും അനശ്വരതയെ തിരിച്ചറിയാനും നിർവചിക്കാനുമുള്ള കഴിവുണ്ട്. ഒരു സംഘത്തിന്, നാശത്തിലേക്കു ചലിക്കുവാനെളുപ്പമാണ്. പുരോഗമന ചിന്തയിൽ ആത്മത്തേക്കാളേറെ ശരീരത്തെ സംരക്ഷിക്കാനാണ് ആളുകൾ തിടുക്കപ്പെട്ടത്. പുരോഗതിയുടെ തുടക്കത്തിൽ മനുഷ്യന്റെ ആത്മീയത മൃഗങ്ങളിൽ നിന്നും വസ്തുക്കളിൽ നിന്നും വേർതിരിക്കപ്പെട്ടിരുന്നു. ഇപ്പോൾ അനന്തമായ ഇരുട്ടിന്റെ വിസ്തൃതിയിൽ, നമുക്ക് പുറപ്പെടാൻ പാകത്തിൽ നിൽക്കുന്ന ഒരു തീവണ്ടിയുടെ വലിയ ലൈറ്റുകൾ പോലെ, മാറ്റാനാവാത്തവിധം ഉറച്ചുപോകുന്ന നമ്മുടെ ആത്മത്തിന്റെ ആത്മാവും മാംസവും വികാരവും യുക്തിയും ഇനി ഒരിക്കലും ഒന്നാക്കാൻ കഴിയില്ല. ഇത് വൈകിയ സമയമാണ്. തെറ്റായ ആത്മീയത രോഗം പോലെ മനുഷ്യനെ മുടക്കിക്കളയുന്നു. ഇത് മാരകമാണ്. സ്വന്തം ധാർമിക ഉന്മൂലനം മുതൽ മനുഷ്യവർഗത്തിന്റെ ഉന്മൂലനം വരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാരീരിക മരണം കേവലം ഫലം മാത്രം. ഓരോ മനുഷ്യനും ആത്മത്തെ രക്ഷിച്ചാൽ മാത്രമേ എല്ലാവരെയും രക്ഷിക്കാനാവൂ.’’എന്ന് അദ്ദേഹം ഒരിക്കൽ പറയുന്നുണ്ട്. കലാത്മകമായ ഒരു ദൃശ്യം സ്വയം വികസിച്ചുവന്ന് അതിന്റെ സ്വത്വമുറപ്പിക്കുന്നു എന്ന് തർക്കോവ്സ്കി വിശ്വസിച്ചിരുന്നു. ഒരു ദൃശ്യം ഒരു ധ്യാനമാണ് എന്നും അത് ആത്മത്തെ കഴുകിവെടിപ്പാക്കുന്ന ഒരു സവിശേഷ പ്രവർത്തനഫലമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കലാകാരന്റെ സർഗപ്രകൃതിയെക്കുറിച്ചും സൃഷ്ടിയുടെ രഹസ്യങ്ങളെക്കുറിച്ചും എഴുതപ്പെട്ട ‘എന്റെ ബൈബിൾ’ എന്ന് ഞാനുരുവിടുന്ന Sculpting in Time എന്ന പുസ്തകം ഓരോ തവണ വായിക്കുമ്പോഴും ഇത് എനിക്ക് അനുഭവപ്പെടുന്നു. ജീവിതത്തിനഭിമുഖമായി ജീവിതത്തെ നിർത്തുന്ന അതീവ സവിശേഷമായ അനുഭവം അദ്ദേഹം തന്റെ സിനിമകളിലൂടെ പകർന്നുതന്നു എനിക്ക്.

“മിറർ എന്ന സിനിമയുടെ രണ്ടാമത്തെ രംഗം അങ്ങനെയാണ്. ദൂരേക്ക് കണ്ണുനട്ടിരിക്കുന്ന പെൺകുട്ടി, അവൾക്കുമുന്നിലെ വിശാലമായ പ്രദേശം. അതിലൂടെ നടന്നു ഈ വരുന്ന ഒരാൾ. ക്ലോസ്, മിഡ്, ലോങ് ഷോട്ടുകളുടെ ലയനം. അനങ്ങുന്ന ഇലകൾ. കാത്തിരിപ്പിന്റെ ആകുലതകളൊഴിഞ്ഞ അവളുടെ ഉടൽ!

സാക്രിഫൈസിലാകട്ടെ ആളിപ്പടരുന്ന ഒരു വീടിന്റെ ദൃശ്യമാണെന്നെ അലട്ടുന്നത്. വെളുത്ത ജനൽക്കർട്ടന്റെ ഒരറ്റത്ത് തീ കൊളുത്തുകയാണയാൾ. വെളുപ്പിലേക്ക് പതിയെ പടരുന്ന തീയുടെ തിളങ്ങുന്ന മഞ്ഞ മരണത്തിന്റെ തിളക്കം. നോക്കിനിൽക്കുകയാണ് ജീവിതം. വെറും കയ്യോടെ…

കണ്ണാടിയിലേക്ക് ഒന്നു കൂടി നോക്കിക്കൊണ്ട് അയാൾ ഒരു റേഡിയോ ഓണാക്കുന്നു. ഇടവിട്ട മരങ്ങളാണ് മുന്നില്‍. അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നു. വീടുവിടും മുമ്പ് ഒരിറ്റുവെള്ളം കുടിക്കുന്നു. തീയാളുന്നതിന്റെ ഒച്ചകൾ മാത്രം. തൊട്ടടുത്ത ഷോട്ടിൽ ആളിപ്പടരുന്ന തീ ആ വീടിനെ മുഴുവൻ മൂടുന്നത് കാണാം. പത്തു മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ രംഗത്തിന്റെ ഇഴഞ്ഞ ആഖ്യാനം ആ കാഴ്ചയിൽ സുഘടിതമാണ്. നോക്കിനിൽക്കുന്നതും ആളിക്കത്തുന്നതും ജീവിതം തന്നെ.!

‘നൊസ്റ്റാൾജിയ’ യുടെ അവസാനരംഗവും തീയാണ്. ഒരു മെഴുതിരിയുടെ തരിവെട്ടം, പുക മഞ്ഞ്. താഴെ ചതുപ്പു ജലം അയാൾക്കൊപ്പം പതുക്കെ ചലിക്കുന്ന ക്യാമറ, അയാൾ കാറ്റിനെ മറച്ചുവച്ചുകൊണ്ട് ആ തിരിനാളത്തെ രക്ഷിക്കാൻ നോക്കുന്നു.

ഇപ്പോളയാൾ തിരിഞ്ഞു നടക്കുന്നു. ആ കൽമതിലുകളിൽ കനത്ത പായൽപ്പച്ച കലർന്ന പുല്ലുകൾ, വീണ്ടുമയാൾ ആ മെഴുകുതിരി കത്തിക്കുന്നു. വീണ്ടും തീ അണയുന്നു. തിരിച്ചു നടക്കുന്നു.
ഒടുവിലയാൾ ആ തിരിനാളമണയുന്നത് കാണാനശക്തനായി മുഖം തിരിക്കുന്നു. പക്ഷേ, അതണയുന്നില്ല. മതിലിന്റെ ഒരുഭാഗത്ത് അയാളത് ഉറപ്പിക്കുന്നു. പന്ത്രണ്ട് മിനിറ്റിൽ ജീവിതം ജീവിതത്തെ മുൾമുനയിൽ നിർത്തുന്നു. വിദൂരതയിലേക്ക് പിന്നാക്കം പോവുകയാണ്. ഗ്യൂസപ്പേ ലാൻസിയുടെ ക്യാമറ അതിന്റെ ജോലി ആനന്ദത്തോടെ നിർവഹിക്കുന്നു.

സ്റ്റോക്കറിലെ സ്വപ്നദൃശ്യമാണ് മറ്റൊന്ന്. ഓർമയിൽ, ഒഴിഞ്ഞ മണൽക്കാട്. കാറ്റിൽ ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ. കണ്ണുകൾ തുറന്ന് കിടക്കുന്ന ഒരാൾ. ഭൂമികുലുക്കത്തിന്റെ ഓർമ. സൂര്യൻ കറുപ്പിലേക്കും ചന്ദ്രൻ ചോരച്ചുവപ്പിലേക്കും പടർന്നിരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്കടർന്നു വീണിരിക്കുന്നു. കാറ്റുലച്ച മരങ്ങളിൽനിന്ന് ഞെട്ടറ്റുവീഴുകയാണ് പഴങ്ങൾ. എല്ലാ കുന്നുകൾക്കും ദ്വീപുകൾക്കും സ്ഥാനഭ്രംശം സംഭവിച്ചിരിക്കുന്നു, ശ്ലാഥബിംബങ്ങളാണ് ദൃശ്യങ്ങളിൽ.
വേരുകൾ, മീനുകൾ, നിശ്ചലതകൾ, വെള്ളം, നിഴൽ, മരണം…..
ദൃശ്യങ്ങളാണ് ജീവിതത്തിനുപകരം വയ്ക്കുന്നത് തർക്കോവ്സ്കി.

ജീവിതത്തെ സ്ഥിരീകരിക്കാനുള്ള ഒരു സവിശേഷസാധ്യതയാണ് ഈ ദൃശ്യങ്ങളുടെ ചേർത്തുവയ്പ് സാധ്യമാക്കുന്നത്. സര്‍ഗസൃഷ്ടിയെന്നത് മരണത്തെ അതിജീവിക്കല്‍ എന്ന അവസ്ഥയുടെ നിർവചനമാണ്. അതുകൊണ്ടുതന്നെ അത് ശുഭാപ്തി വിശ്വാസം സൂക്ഷിക്കുന്നു. കലാകാരന്റെ അതിതീവ്രമായ മുറിവുകളും, പീഡകളുമാണ് അത് പ്രകടിപ്പിക്കുന്നതെങ്കിലും, നാശമാണ് ആ സൃഷ്ടിയുടെ ഫലമെങ്കിലും, ആ നാശത്തിൽപോലും കലയുടെ സൗന്ദര്യദർശനമുൾച്ചേർന്നിരിക്കും.

“So there can never be
Optimistic artists
and pessimistic artists
There can only be talent
and mediocrity””

എന്ന് തർക്കോവ്സ്കി പറഞ്ഞുവയ്ക്കുന്നു .’മിറർ’ ലേത് ഒരു രേഖീയ വിവരണമല്ല (linear narration). പരമ്പരാഗതമായ ആഖ്യാനരീതിയുമല്ല ഈ സിനിമയ്ക്ക്. സ്കൾപ്റ്റിംഗ് ഇൻ ടൈം’ ൽ തർക്കോവ്സ്കി ഈ സിനിമയുടെ ഇടപെടലുകളെക്കുറിച്ച് പറയുന്നുണ്ട്. നമുക്ക് ഒരിക്കലും നമ്മുടെ ജീവിതത്തെ രേഖീയരീതിയിൽ ഓർത്തെടൂക്കാനാവില്ല. നമ്മുടെ ഓർമകൾ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് നിലനിൽക്കുന്നത്. അവബോധപൂർവമായ പരിശ്രമമില്ലാതെ, പലപ്പോഴും നമ്മുടെ മനസ്സിന്റെ മുന്നിലേക്ക് ഓര്‍മ്മകള്‍ നീങ്ങിനിൽക്കും. ഇത്തരത്തിലും ഓർമകളുടെ അടിസ്ഥാനത്തിലാണ്. ‘മിറർ’ ൽ സ്വപ്നങ്ങളും കാഴ്ചകളും ഓർമകളും കടന്നുവരുന്നത്.

”സത്യം പറയുകയാണെങ്കിൽ ഓർമ്മ കൊണ്ട് മനുഷ്യന് യാതൊരു ഉപകാരവും ഇല്ല” എന്ന മാർക്ക്‌ ട്വയിൻ ചിന്ത ഓർക്കുക. പ്രപഞ്ചത്തെക്കാൾ പൂർണ്ണമായ ലോകമാണ് ഓർമ്മയുടേത്. ഇപ്പോൾ നിലവിളികളില്ലാത്ത പല ജീവിതങ്ങളെയും അത് തിരിച്ചു തരുമെന്ന ഗെയ്തെയുടെ ആലോചനയുമായി ഇതിനു ബന്ധമുണ്ട്.

തർകോവിസ്കിയിലെ സംവിധായകനെ നിർണയിക്കുന്ന അല്ലെങ്കിൽ അയാളെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങൾ സ്ഥലവും സമയവുമാണ്. ഇംപ്രഷനിസ്റ്റ് മെതേഡുകളായാണ് അദ്ദേഹം ഈ ഘടകങ്ങളെ സമീപിക്കുന്നത്. സ്ഥലവും സമയവും ഘടനാപരമായി പരസ്പരം ബന്ധിതമാണ്. പ്രത്യേകയിടം പ്രത്യേക സമയപരിധി എന്നതാണ് ഈ സിനിമകളിൽനിന്ന് ഉയർന്നു കാണുന്നത്. സാക്രിഫൈസിലെ
അവസാനരംഗവും, നൊസ്റ്റാൾജിയയിലെ ആദ്യ രംഗവും സമയത്തെ ക്രമീകരിക്കുന്ന ഈ മാന്ത്രികതയാണ് ചെയ്തുകൊണ്ടിരുന്നത്. ഈ രണ്ടു ഘടകങ്ങളെയും ചേർത്തിണക്കാൻ തർക്കോവ്സ്കിക്ക് നല്ല പ്രാവീണ്യവുമുണ്ട്. അവ അദ്ദേഹത്തിന്റെ ഓർമകളുമായും സ്വപ്നങ്ങളുമായും ചേർന്ന് നിൽക്കുന്നവയാണല്ലോ ! കാണുന്ന ഓരോ കാഴ്ചക്കാരനും അവരുടെ ജീവിതവും അതിലേക്ക് ചേർക്കുകയെ വേണ്ടൂ.

സ്റ്റാക്കറിലെ അവസാനരംഗം ഒന്നു നോക്കൂ. തലയിൽ സ്കാർഫ് കെട്ടി, ഒരു ജനലിനടുത്തിരുന്ന് ജനലിനു പുറത്തു പെയ്യുന്ന മഞ്ഞിന്റെ തണുപ്പും അറിഞ്ഞ്, കണ്ണടച്ച്, മഞ്ഞുപാളികൾ പാറി നടക്കുന്ന അന്തരീക്ഷത്തിൽ ഒറ്റയ്ക്കിരുന്ന് മാന്ത്രികമായ നോട്ടം കൊണ്ട് ഗ്ലാസ്സ് തെന്നിക്കുന്ന ആ കുട്ടി ഞാൻ തന്നെയായിരുന്നു എന്നെനിക്കറിയാം.

1969 ൽ പുറത്തിറങ്ങിയ, തർക്കോവ്സ്കിയുടെ ‘ആന്ദ്രേ റുബ്ബ്ലോവ്'(Andre Rublov) ആണ് ആ സീരിസിൽ അവസാനമായി ഞാൻ കണ്ട സിനിമ. മിററിന്റെയും നൊസ്റ്റാൾജിയയുടെയും, സാക്രിഫൈസിന്റെയും സ്റ്റോക്കറിന്റെയും ഇവാന്‍സ് ചൈൽഡ് ഹുഡിന്റെയും പശ്ചാത്തലസംഗീതം പോലെയായിരുന്നില്ല. “ആന്ദ്രേ ബ്ലോവ്’ ന്റെ സംഗീതം. വ്യാഷ് ലെ സ്ലാവ് ഓവ്ഷിനിക്കോവിന്റെ (Vyacheslav Ovchinnikov) ആന്ദ്രേ റുബ്ലോവിന്റെ സംഗീതം അക്ഷരാർത്ഥത്തിൽ ഒരു ബാധ പോലെ ആവേശിക്കുന്നതായിരുന്നു. ജലസാന്നിധ്യങ്ങളിൽ…. പുകച്ചുരുളുകളിൽ…. നിലവിളികളിൽ ബേസ് നോട്ടുകളിൽ വ്യാഷ് ലെ ഉപയോഗിച്ച സിന്തസൈസറിന്റെ ശബ്ദവിന്യാസങ്ങൾ ചലച്ചിത്രത്തിന്റെ അരക്ഷിതാവസ്ഥയെ എത്രമേൽ പ്രകടമാക്കി!

സംഗീതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശം തർക്കോവ്സ്കിയുടെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. അത് സിനിമയിലേക്ക് പടർത്തുകയായിരുന്നു.
അദ്ദേഹം.

എട്ടു ഭാഗങ്ങളുള്ള ആന്ദ്രേ റുബ്ലോവിന്റെ ആദ്യരൂപം “ദി പാഷൻ എക്കോർഡിംഗ് ടു
ആന്ദ്രേ റുബ്ലോവ്’ എന്നു പേരിട്ട മൂന്നു മണിക്കൂറോളമുള്ള ഒരു ചിത്രമായിരുന്നു. അത് വെട്ടിത്തിരുത്തിയാണ്
ആന്ദ്രേ റുബ്ലോവ് ഒരുക്കിയത്. നിർമാണശേഷം നാലുവർഷത്തോളം കാത്തിരുന്നാണ് ഈ സിനിമ പ്രദർശനാനുമതി നേടിയത്. രാഷ്ട്രീയ നിലപാടുകളിൽ തർക്കോവ്സ്കി കൂടുതൽ കര്‍ക്കശനാവുന്നതും ഈ ചിത്രത്തിനു ശേഷമാണ്. സിനിമ ജീവിതം തന്നെയാണ് തനിക്ക് എന്ന് തർക്കോവ്സ്കി പ്രഖ്യാപിച്ചതും അതിനു ശേഷമാണ്. ആത്മസത്ത അന്വേഷിച്ചുള്ള യാത്രയിൽ തന്റെ കാലത്തെ എല്ലാ നൈസർഗികതകളെയും ചേർത്തുപിടിക്കാനാണ് തർക്കോവ്സ്കി ശ്രമിച്ചത്. ആന്ദ്രേ റൂബ്ലോവ്’ ന്റെ സൃഷ്ടിവേളയിൽ, ഒരുപക്ഷേ, തന്നെത്തന്നെ ഖനനം ചെയ്തു കണ്ടെടുത്തിരിക്കാം ഈ ചലച്ചിത്രകാരൻ.

മനുഷ്യചരിത്രത്തിൽ വ്യക്തിയുടെ ഇടപെടലുകളും അവന്റെ ഏകാന്തതകളും ഒരു മഞ്ഞു വീഴ്ചപോലെ എങ്ങനെയാണ് ദൃശ്യമാകുകയെന്ന് ഞാൻ പഠിച്ചത് ഇങ്ങനെയൊക്കെയാവാം. റഷ്യയിലെ നവോത്ഥാനചിന്തകളുടെ അക്ഷരങ്ങൾ എവിടെയൊക്കെയോ ആന്ദ്ര റുബ്ലോവിൽ കാണാം. പക്ഷേ, ഏകാന്തത അത്രമേലാഴത്തിൽ ആത്മകഥയായി മാറിയത് ‘ദി മിറർ’ ലാണെന്നു കാണാം. മരണം മനുഷ്യനെ ആവേശിക്കുമ്പോൾ, ഓർമകളിൽനിന്ന് വഴുതിപ്പോകുന്ന പ്രദേശങ്ങളും സമയബോധവും മിററിലെ സമീപനത്തെ അത്ര മേല്‍ ഏകാന്തമാക്കുന്നു. സ്വപ്നങ്ങളും വിഭ്രമങ്ങളും നിശ്ശബ്ദതകളും ഇഴകലർന്ന ഈ ചിത്രത്തിന്റെ ആഖ്യാനരീതിതന്നെ വ്യത്യസ്തമാണ്.

‘’അനന്തതയെ ഒരിക്കലും ഒരു വസ്തുതയിലേക്ക്
പരിവർത്തനം ചെയ്യാനാവില്ല.
പക്ഷേ, ഒരു മായികതയുടെ സാധ്യത
സൃഷ്ടിക്കാൻ അനന്തതയ്ക്ക് സാധിക്കും.
ഒരു ദൃശ്യത്തിന്റെ അനന്തതയ്ക്ക് പ്രത്യേകിച്ച് ‘’

എന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട് ഒരിക്കല്‍. “കണ്ണാടി “അങ്ങനെയാണ് മിറര്‍ എന്ന ചലച്ചിത്രത്തിൽ ഒരു പ്രധാന സാന്നിധ്യമാവുന്നത്. കഥാപാത്രങ്ങൾ ഓരോരുത്തരും ചിതറിയ കണ്ണാടിച്ചില്ലുതരികളാണ് എന്ന് തോന്നും വിധമാണ് മിററിന്റെ ആഖ്യാനം. കണ്ണാടിയിലെ പ്രതിഫലനത്തിന് ഒരേ സമയം നിഗൂഢവും, ആത്മീയവുമായ ഒരു സ്വഭാവം കൽപ്പിക്കപ്പെടുന്നു. ചുറ്റുമുള്ള സമയകാലങ്ങൾ പിന്നീട് സംവദിക്കുന്നത് ഈ ഇടത്തോടാണ് എന്ന് കാണാം. വ്യവസ്ഥാപിതമായ സമയബോധമല്ല സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ അതിതീവ്രമായ ആന്തരികയാത്രകളാണ് ഈ കണ്ണാടിയിൽ കാണുന്നത്. അവിടെ രേഖീയ സമയത്തിനെന്തു പ്രസക്തി !

തര്കോവ്സ്കിയുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കപ്പെടുമ്പോൾത്തന്നെ, ആത്മവിമർശനത്തിന്റെയും ആത്മപീഡയുടെയും ആത്മബലിയുടെയും പ്രതിഫലനങ്ങൾ സമയ, കാല, ദേശ ബോധങ്ങളുടെ
കെട്ടുകളറുത്ത് ദൃശ്യങ്ങളാകുന്നത് ദി മിററിൽ ആണെന്ന് നിസ്സംശയം പറയാം.
പിതാവായ ആര്‍സെനി തർക്കോവ്സ്കിയുടെ നാല് കവിതകൾ മിററിൽ ഉപയോഗിച്ചിട്ടുണ്ട് .ദൃശ്യവും ശബ്ദവും ചേർന്നു നിർമിക്കുന്ന അതീവ സൗന്ദര്യമാണ് ആർസനി തന്നെ ആലപിക്കുന്ന കവിതകളുടെ കേൾവിയനുഭവം.

‘നാമാദ്യം
കണ്ടുമുട്ടിയപ്പോൾ
ഓരോ നിമിഷവും
നമ്മൾ ഏറെയാസ്വദിച്ചു

ഒരു വെളിപാടുപോലെ
യുദ്ധത്തിനു മുമ്പ് നാം
മധ്യവേനൽ
കഴിച്ചുകൂട്ടിയ ഇടം
വയലിലേക്കു
തുറക്കുന്ന
നടപ്പാതകളും
കുറ്റിച്ചെടികളും,
ഓക്കുമരങ്ങളുടെയും
കാട്”

ആർസനിയുടെ കവിതയും ദൃശ്യങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അനുഭവത്തിന്റെ വിഭിന്ന ലോകം തന്നെയാണ് തർക്കാവ്സ്കിയുടെ ജീവിതത്തിലും വെളിപ്പെടാനുണ്ടായിരുന്നത്.

“ഉണ്ട്” എന്ന അവസ്ഥയിലേക്ക് “ഇല്ല”.എന്ന അവസ്ഥ അലിഞ്ഞുചേരുംപോലെ സമയത്തിലേക്ക് സ്ഥലവും സ്ഥലത്തിലേക്ക് സമയവും അലിഞ്ഞുചേരുന്നു.
അത് യഥാർത്ഥത്തിൽ കവിതയെ സിനിമയാക്കുന്നതുപോലെയാണ് .
അദ്ദേഹത്തിന്റെ ഏഴുചിത്രങ്ങളും ഒന്നിനോടൊന്ന് ബന്ധപ്പെട്ടു കിടക്കുന്നുമുണ്ട്. ഏകാന്തതയുടെയും, ആത്മപീഡയുടെയും, വ്യഥയുടെയും, ആകുലതയുടെയും സൃഷ്ടിവൈഭവം. അല്ലെങ്കിൽ ജീവിതത്തെ സ്വപ്നങ്ങൾകൊണ്ടും, ഭ്രമാത്മകതകൊണ്ടും നിർവചിക്കുകയെന്ന അതിസൂക്ഷമമായ പ്രവൃത്തി. അതാണ് തർക്കോവ്സ്കിയുടെ സിനിമകൾ.

നൊസ്റ്റാൾജിയയിലുമുണ്ട് ആത്മപരതയുടെ ചില അംശങ്ങൾ. ജീവിതത്തെ ഖനനം ചെയ്തെടുക്കുന്നുവെന്നത് എല്ലാ സിനിമകളുടെയും പൊതുസ്വഭാവമായി കാണുകയും ചെയ്യാം. മനസ്സിന്റെ ഏറ്റവുമൊടുവിലത്തെ അടരിൽക്കൂടിക്കടന്നു ചെന്ന് നിഗൂഢമായിക്കിടക്കുന്നവയെയൊക്കെ തർക്കോവ്സ്കി മോചിപ്പിച്ചെടുക്കുന്നു.

ഓർമകളെയും വിഭ്രമങ്ങളെയും സ്വപ്നങ്ങളെയും ദൃശ്യഭാഷയിൽ വ്യാഖ്യാനം നൽകുകയായിരുന്നു അദ്ദേഹം. ഓർമകളെ ആവർത്തിക്കുന്ന രീതിയിൽ, മറ്റാരും പറയാത്ത കഥ പറച്ചിൽ രീതിയിൽ നിറങ്ങൾക്ക്, കറുപ്പിന്, വെളുപ്പിന് അത്രയേറെ ഷെയ്ഡുകൾ നൽകുമ്പോൾ……

വാക്കുകളിലൂടെ കവി ചിന്തിക്കുന്നുവെങ്കിൽ, ദൃശ്യങ്ങളിലൂടെ സംവിധായകൻ സംസാരിക്കുന്നുവെന്നദ്ദേഹം വിശ്വസിച്ചു. ചിലപ്പോൾ പരസ്പരം ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ദൃശ്യങ്ങളായും മറ്റുചിലപ്പോൾ, പരസ്പരം അടർന്നു നിൽക്കുന്ന ദൃശ്യങ്ങളായും ആ സിനിമകൾ അനുഭവപ്പെട്ടു. ഇവാൻസ് ചൈൽഡ്ഹുഡ് ലെ ആപ്പിളുകളുടെ ദൃശ്യം അങ്ങനെയാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വണ്ടിക്കു പിന്നിലാണൊരു പെൺകുട്ടി. ഇവാൻ അവൾക്ക് ആപ്പിൾ കൊടുക്കുന്നു. വെളുത്ത മരങ്ങൾ വഴിനിറയെ വീണു ചിതറിക്കിടക്കുന്ന ആപ്പിളുകൾ. അവ തിന്നുന്ന കുതിരകളുടെ ദൃശ്യം. വിഭജിക്കപ്പെട്ട ലോകത്തിന്റെ ഇരുകരകൾ….!

ഇമേജുകൾ സ്വീകരിക്കുന്ന കാര്യത്തിൽ, സീനോഗ്രാഫിയുടെ രൂപകൽപനയിൽ, വസ്തുക്കളെ ക്രമീകരിക്കുന്ന കാര്യത്തിൽ തുടങ്ങി, കാലം, സമയം, അന്തരീക്ഷം തുടങ്ങിയവയിലേക്ക് തന്നെത്തന്നെ ചേർത്തുകെട്ടുകയായിരുന്നു തർക്കോവ്സ്കി.

ദൃശ്യാഖ്യാനമെന്ന (visual narrative) നിലയില്‍ സിനിമ കാഴ്ചയിലേക്ക് പകരണമെന്ന അദ്ദേഹത്തിന്റെ കാവ്യനീതിയായിരിക്കാമത്. കവിത എന്നത് ജീവിതത്തെ ഒരു സുവിശേഷ രീതിയിൽ യഥാർഥ്യവുമായി
ചേർത്തു പിടിക്കുന്ന ഒരനുഭൂതിയാണ്‌ എന്നദ്ദേഹം വിശ്വസിച്ചു. ഒരു സിനിമയുടെ മൊത്തം ക്രമീകരണങ്ങളിൽ ഇത്തരത്തില്‍ ശ്രദ്ധപതിപ്പിച്ച മറ്റൊരു സംവിധായകനുണ്ടാവില്ല.

കാലവുമായുള്ള, മരണവുമായുള്ള സംവാദങ്ങൾ സിനിമയായിത്തന്നെ ചിത്രീകരിച്ചത് ഒരു പക്ഷെ ഇംഗ്മർബർഗ് മാനായിരിക്കാം. പക്ഷേ, കാലത്തോട് കാത്തുനിൽക്കാൻ പറഞ്ഞതും, വേഗം കണ്ടുമുട്ടാം എന്നുറപ്പു വരുത്തിയതും തർക്കോവ്സ്കിയാണ്. ഓർമയെ പിടിച്ചുകെട്ടുമ്പോൾ അത് കാലം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ട്. നോസ്റ്റാള്‍ജിയയുടെ ആരംഭത്തില്‍ ഒരു രംഗം കൂടിയുണ്ട്.

ഇടയഴികൾ പോലുള്ള തൂണുകൾ….
ഒരു ദേവാലയത്തിന്റെ അകവശം.
ഒരു പെണ്‍കുട്ടി പതിയെ നടന്നു വരുന്നു.
കല്ലുകൾ പാകിയ നിലം. അൾത്താരയ്ക്ക് മുന്നിൽ എരിഞ്ഞു കൊണ്ടിരിക്കുകയാണ് മെഴുകുതിരികൾ.

“നീ ഒരു കുഞ്ഞിന് വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നുവോ ?

അയാള്‍ ചോദിക്കുന്നൂ

“ഇല്ല… ഞാൻ വെറുതെ വന്നു എന്ന് മാത്രം ”

ദേവാലയത്തിൽ ഒരുകൂട്ടം സ്ത്രീകൾ.

“പറയൂ …എനിക്ക് ഇനി എന്താണ് സംഭവിക്കാൻ  പോകുന്നത്?”
അവൾ അയാളോട് ചോദിക്കുന്നു

“നീ ആഗ്രഹിക്കുന്നത് എന്താണോ അത്…
നീ എന്താണോ ആവശ്യപ്പെടുന്നത് അത്…
അത് സംഭവിക്കും.
പക്ഷേ നീ മുട്ടുകുത്തേണ്ടിവരും”

അവൾ ചുറ്റും നോക്കുന്നു. കാൽമുട്ടുകളിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന സ്ത്രീകൾ. അവൾ മുട്ട് കുത്താൻ ശ്രമിക്കുന്നു

“എനിക്ക് സാധിക്കുന്നില്ല ”

ഒരു സംഘം സ്ത്രീകൾ മെഴുകുതിരികളുമായി പതുക്കെ നടന്നു വരുന്നു.
ഇളം തവിട്ടു വെളിച്ചവും കറുപ്പും കലർന്ന നിറപ്പകർച്ച. മാതാവിൻറെ വിശുദ്ധ രൂപമാണ് അവരുടെ കൈകളിൽ. അവരത്‌ മെഴുകുതിരികള്‍ എരിയുന്ന അൾത്താരയ്ക്കുമുന്നിൽ വെക്കുന്നു.
എന്നിട്ട് ഓരോരുത്തരായി കുമ്പിട്ട് പ്രാർത്ഥിക്കുന്നു.

അവൾ പതിയെ അതിനടുത്തേക്ക് വരുന്നു.
” ഞാൻ ഒന്നു ചോദിച്ചോട്ടെ?
സ്ത്രീകൾക്ക് മാത്രമാണോ പ്രാർത്ഥനയുടെ ഇത്രയും ഭാരങ്ങൾ?

പള്ളിയിൽ ഇത്രയേറെ സ്ത്രീകളെ നീ കാണുന്നില്ലേ ? എന്നയാൾ തിരിച്ചു ചോദിക്കുന്നു.

” ഒരുപക്ഷേ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ  അർപ്പണബോധം കൂടുതലായിരിക്കാം.”
അയാൾ പറയുന്നു

“എനിക്കത് മനസ്സിലാക്കാനാകുന്നില്ല…. ഒട്ടും “”

അവൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നു

” നിനക്കാണ് അത് കൂടുതൽ മനസ്സിലാവുക. ഞാനാര്!
വെറുമൊരു സാധാരണ മനുഷ്യൻ!

അയാളുടെ വാക്കുകൾ ഉപേക്ഷിച്ച് അവൾ തിടുക്കത്തില്‍ നടന്നുനീങ്ങുന്നു.

” നിൽക്കൂ” അയാൾ ഉറക്കെ വിളിക്കുന്നു.
അവൾ തിരിഞ്ഞു നോക്കുമ്പോൾ വെളുത്ത ശിരോവസ്ത്രം മൂടിയ ഒരു പെൺകുട്ടി മാതാവിൻറെ രൂപത്തിനു മുന്നിൽ. പ്രാർത്ഥനകൾ ഒരു മന്ത്രം പോലെ ഉരുവിടുന്നുണ്ടവൾ.

അവളുടെ മന്ത്രത്തിന്റെ ശബ്ദം മാത്രം ഉയർന്നു കേൾക്കാം. അവളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ.

അവൾ പതിയെ മാതാവിനെതിരെ വസ്ത്രത്തിന്റെ മേൽമൂടി തുറക്കുന്നു.

നൂറുകണക്കിന് പക്ഷികൾ മാതാവിൻറെ നെഞ്ചറയിൽ നിന്ന് പറന്നുപോകുന്നു.

തവിട്ടിലേക്ക് വെളിച്ചം കലരുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന നിശബ്ദത……..

പക്ഷികളുടെ ചിറകടിയൊച്ചകള്‍ .

പക്ഷിച്ചിറകുകളുടെ മണം

ആ പക്ഷികള്‍ പറന്നുയര്‍ന്നത് എന്റെ നെഞ്ചില്‍ നിന്നായിരുന്നു..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here