HomeTHE ARTERIASEQUEL 83ഓർക്കാപ്പുറത്തെ വിരുന്നുകാരൻ

ഓർക്കാപ്പുറത്തെ വിരുന്നുകാരൻ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

കാലം 1998 .ഒരു ദിവസം കട തുറന്ന ഉടനെ ലാൻറ് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.
ആരാണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത് ? അസമയങ്ങളിലെ ഫോൺ കോളുകളൊക്കെ എന്തൊക്കെയോ അശുഭകരമായ വാർത്തകളായിരിക്കും
പൊതുവെ എത്തിക്കാറ്. ഞാൻ ഭയാശങ്കകളോടെ ഫോൺ ചെവിയോട് ചേർത്തു വെച്ചു. “ഹലോ…. ഇത് അജയനാണ്….. ഉച്ചമ്പള്ളി അജയൻ…..” ഓർമ്മകളിലെ ഇരുട്ട് മൂടിയ ആകാശ ചെരുവിൽ ഒരു മിന്നൽ പിണർ പുളഞ്ഞു. ഇടിമുഴക്കത്തിൻ്റെ
പ്രകമ്പനത്തോടെ ഒരു നാടൻ ബോംബിൻ്റെ സ്ഫോടന ശബ്ദം. അൽപ്പനേരത്തേക്ക് കാതടഞ്ഞുപോയി.

“ഇനിയും എന്നെ മനസ്സിലായില്ലേ, നിനക്ക്….? ” റിസീവറിൽ അജയൻ്റെ ആകാംഷ നിറഞ്ഞ ചോദ്യം.

“ങാ… നമ്മുടെ ആലച്ചേരിയിലെ ഉച്ചമ്പള്ളി
അജയനല്ലേ….”

പരിസരബോധം വീണ്ടെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“അതെ… ,അങ്ങോട്ട് വരാനുള്ള ബസ്സ് നമ്പർ ഏതാണ്?

“304… 305…306 കെ.ആർ മാർക്കറ്റിൽ നിന്നും കയറി ചെന്നസന്ദ്രയിൽ ഇറങ്ങുക. ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. കൂടുതലായി ഒന്നും ചോദിക്കാനോ മറുത്തു പറയാനോ തോന്നിയില്ല. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിർമ്മാണത്തിനിടെ കൈപ്പത്തികൾ ചിതറി തെറിച്ചുപോയ അജയനെ കുറിച്ച് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. കൂടെ തകർന്ന വീടിൻ്റെയും ആശുപത്രി കിടക്കയിലെ അവൻ്റെ കിടപ്പിൻ്റെയും ചിത്രങ്ങൾ. പ്രാദേശിക നേതാക്കളുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ.

സുഹൃത്തല്ലെങ്കിലും ചെറിയ ക്ലാസ്സുമുതൽ സഹപാഠി. മെല്ലിച്ച് കൊലുന്നനെയുള്ള പയ്യൻ. ഓട്ടത്തിനും ചാട്ടത്തിനും സ്കൂളിൽ എന്നും ഒന്നാമൻ. പഠിപ്പിൽ അത്ര പോര . അധ്യാപകരെ പിറകിൽ നിന്നും അവരറിയാതെ വട്ടപ്പേരു വിളിക്കുക. നിശ്ശബ്ദമായ ക്ലാസിൽ നിന്നും പൊടുന്നനെ അപശബ്ദങ്ങൾ പുറപ്പെടുവിച്ച് പിള്ളേരിൽ ചിരി പടർത്തുക. കളികൾക്കിടയിൽ ഇടം കോലിടുക തുടങ്ങിയ വികൃതികളാണ് ഒപ്പിച്ചിരുന്നത്. ഹൈസ്കൂൾ തലത്തിലെത്തിയപ്പോൾ അവൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായി. സമരം നടത്തുക. മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിക്കുക. വേണ്ടി വന്നാൽ ഹെഡ്മാസ്റ്ററെ ഘെരാവോ ചെയ്യുക. ബസ് ചാർജ് വർദ്ധനയുടെ പേരിൽ റോഡ് തടഞ്ഞ് സമരം നയിക്കുക തുടങ്ങി പുതിയ രാഷ്ട്രീയ അഭ്യാസമുറകളായി. അങ്ങനെ അവൻ സ്കൂളിലെ മുഴുവൻ വിദ്യർത്ഥികളുടെയും “ഹീറോ” ആയി മാറി.

ഞാൻ പുസ്തകപ്പുഴുവായി ഇഴഞ്ഞ് ഓരോ ക്ലാസും ജയിച്ചു കയറുമ്പോൾ അവൻ ഒരേ ക്ലാസിൽ തന്നെ ഒന്നിലധികം തവണ കഴിച്ചുകൂട്ടി. എസ് എസ് എൽ സി എന്ന കടമ്പ കടക്കാൻ കഴിയാതെ പഠനം ഉപേക്ഷിച്ചതായി പിന്നീടറിഞ്ഞു. കലാലയ പഠനത്തിനു ശേഷം ഞാൻ അന്നം തേടി നാടുവിട്ടു. വല്ലപ്പോഴും ഒരിക്കൽ നാട്ടിൽ വന്നാൽ അവനെ കണ്ടുകിട്ടുക പ്രയാസം. പൊതുവെ വന്നുകൊണ്ടിരിക്കുന്ന നാട്ടുവാർത്തകളൊന്നും അത്ര സുഖകരമായിരുന്നില്ല. പാർട്ടിക്കാർ തമ്മിലുള്ള കൊല്ലും കൊലയും അടിപിടിയും നിത്യസംഭവങ്ങളായി. പടക്കോപ്പിനായി ബോംബ് നിർമ്മാണവും മാരകായുധങ്ങളും രഹസ്യകേന്ദ്രങ്ങളിൽ കോപ്പുകൂട്ടുന്നു. ഒരു ദിവസം പത്രവാർത്തകളിലാണ് പിന്നെ അജയനെ കാണുന്നത്. ഞെട്ടിയില്ല. കണ്ണൂരിലെ ജനങ്ങൾക്ക് ഇതൊന്നും പുത്തരിയല്ലാതായിരിക്കുന്നു. അവൻ്റെ ഭാര്യയുടെയും ഏക മകൻ്റെയും കാര്യമോർത്തു സഹതപിച്ചു.

” ഒന്തു കിലോ സക്കരെ കൊടീ… ”
(ഒരു കിലോ പഞ്ചസാര തരൂ) കടയിൽ
സാധനം വാങ്ങാനെത്തിയ കുട്ടിയുടെ ശബ്ദം കേട്ട് ഓർമ്മ മുറിഞ്ഞു. ഇനി ഏറിവന്നാൽ മുക്കാൽ മണിക്കൂറിനകം അവൻ ഇങ്ങെത്തും. അതു വരെ ആധിയോടെയും അക്ഷമയോടെയും കാത്തിരിക്കണം. സമയം ഇഴഞ്ഞു നീങ്ങുന്നതു പോലെ…ഒടുവിൽ തന്നെപ്പോലെ തന്നെ മെലിഞ്ഞ ചിരിയുമായി അവൻ വന്നു. മുഖത്ത് തീപ്പൊള്ളലേറ്റ് കരിഞ്ഞ ചെറിയ പാടുകൾ. വളർന്ന ശ്മശ്രുക്കൾ. കുഴിയിലേക്കാണ്ടുപോയ കണ്ണുകൾ….അതിലെ പഴയ തിളക്കം മാത്രം കെട്ടിട്ടില്ല. കൈകൾ രണ്ടും പാൻ്റിൻ്റെ കീശയിൽ തിരുകിയിരിക്കുന്നു. ചുമലിലൂടെ ഒരു മുഷിഞ്ഞ ഷാൽ പുതച്ചിരിക്കുന്നു! ആശുപത്രികിടക്കയിൽ നിന്നും നേരെ ഇറങ്ങി വരികയാണെന്നേ തോന്നൂ. കൂടെ സഹായി ആയി ഒരാൾ കൂടിയുണ്ട്. ഖദർ ധാരിയായ സുമുഖനായ യുവാവ്. ചുണ്ടിൽ സദാ കരുതി വെച്ച പുഞ്ചിരി. ഞാൻ പുറത്തേക്കിറങ്ങിച്ചെന്ന് കൈ നീട്ടിയപ്പോൾ അജയൻ നിസ്സഹാനായി ചിരിക്കുക മാത്രം ചെയ്തു. അവന് തിരിച്ചു നീട്ടാൻ കൈപ്പത്തി ഇല്ലല്ലോ എന്നോർത്തില്ല.

ഇതാ കണ്ണൂരിലെ അക്രമ രാഷ്ടീയത്തിൻ്റെ പ്രതിപുരുഷൻ! മനസ്സ് മന്ത്രിച്ചു. ഖദർ ധാരി അംഗരക്ഷകനെപ്പോലെ അടുത്തുണ്ട്. അയാൾ എൻ്റെ കൈ കവർന്നെടുത്തു കൊണ്ട് സ്വയം പരിചയപ്പെടുത്തി. ചുണ്ടിലെ ചിരിയിലും ഇസ്തിരിയിട്ട കുപ്പായത്തിലും ചുളിവ് വീഴാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന് തോന്നി. ഞാൻ ചായ വരുത്തിച്ചു. അജയൻ അതുവരെ കീശയിൽ ഒളിപ്പിച്ചു വെച്ച കൈകൾ പുറത്തെടുത്തു. കരിഞ്ഞ വിറകു കൊള്ളി പോലെയുള്ള കൈത്തണ്ടയിൽ സുന്ദരമായ റബ്ബർ കൈപ്പത്തികൾ ! ഇരുകൈകളും ചേർത്ത് ആയാസപ്പെട്ട് അവൻ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു. ഒരു കവിൾ ചായ മൊത്തി. കൈകൾ കൊണ്ടുള്ള ഓരോ നീക്കത്തിനും കൂടുതൽ കരുതലും സാവകാശവും.

“എന്തൊക്കെയാ അജയാ വിശേഷം….
ഇപ്പൊഴെന്തേ ബാംഗ്ലൂരിലേക്ക്‌…… ”
ഞാൻ പാതി വഴിയിൽ ചോദ്യം നിർത്തി.
സാകൂതം അവനെ നോക്കി.

” ഇതുവരെയുള്ള എല്ലാ ചെലവുകളും വഹിച്ചത് പാർട്ടിയാണ്.” ചോട്ടാ നേതാവ് പറഞ്ഞു. ” ഇനി ഒന്നുകൂടി ജയ്പ്പൂരിൽ പോകണം. മികച്ച കൈപ്പത്തികൾ ഫിറ്റു ചെയ്യണം. അതിനൊക്കെ ഒരുപാട് കാശാവും. നിങ്ങളെപ്പോലുള്ളവരുടെ സഹായം പ്രതീക്ഷിച്ചാണ് ഇങ്ങോട്ട് വന്നത് ”

” ഭാര്യയ്ക്ക് ഒരു ജോലി തരപ്പെടുത്തിത്തരാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. പിന്നെ മണ്ഡലം കമ്മിറ്റിയുടെ വക ഒരു വീട്…. ”

അജയൻ അവൻ്റെ പ്രതീക്ഷകളും നിരത്തി “‘എല്ലാം എന്തിനു വേണ്ടിയായിരുന്നു? ആർക്കു വേണ്ടി? സ്വന്തം നാട്ടുകാരനെ വകവരുത്താൻ തക്കം പാർക്കുന്നവർക്ക് ഒരു സമൂഹത്തെ എങ്ങനെ രക്ഷിക്കാൻ കഴിയും?
ഉള്ളിലെ രോഷം പുറത്തു കാട്ടിയില്ല. പകരം ഒരു വരണ്ട ചിരി ചുണ്ടിൽ അണിഞ്ഞു കൊണ്ട് പറഞ്ഞു:
” കച്ചവടം കുറച്ച് മോശമാണ്. കാശിനൊക്കെ ഭയങ്കര ടൈറ്റാണ്.”

എങ്കിലും വെറും കയ്യോടെ പറഞ്ഞു വിടാൻ മനസ്സു വന്നില്ല. ഇത്ര ദൂരം വന്നതല്ലേ. രണ്ടു നൂറു രൂപ നോട്ടെടുത്ത് അവൻ്റെ കീശയിൽ ഇട്ടു കൊടുത്തു. ആ തിളങ്ങുന്ന കണ്ണുകൾ ഒന്നു തുളുമ്പിയോ? ഞാൻ ചുമ്മാ ചുമലിൽ തട്ടി നിർവികാരനായി അവനെ യാത്രയാക്കി. കൈ പിടിച്ചുകുലുക്കി അനുചരനായ ഖദർ ധാരിയും യാത്ര പറത്തിറങ്ങി. അയാളുടെ മുഖത്ത് വെളുക്കെയുള്ള ചിരി അപ്പോഴും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...