HomeTHE ARTERIASEQUEL 42മാർത്ത

മാർത്ത

Published on

spot_imgspot_img

കഥ
അശ്വതി. എസ്

കടൽക്കരയിലേക്ക് നടക്കുമ്പോൾ ഫെർനാഡോയ്ക്ക് അതിരുകവിഞ്ഞ സന്തോഷമായിരുന്നു. ഇന്ന് കടലിന് പതിവിലും സൗന്ദര്യമുണ്ടാകും. കാരണം ഇന്നാണ് ഞാൻ…. അവൻ പുഞ്ചിരിച്ചു. മണൽത്തരികളിലൂടെ സഞ്ചരിക്കവേ തനിയേ ചിരിക്കുന്ന ഫെർനാഡോയേക്കണ്ട് ജുവാന് ചിരി അടക്കാൻ സാധിച്ചില്ല. കൗതുകത്തിന്റെ പരകോടിയിൽ അവൻ തന്റെ ചങ്ങാതിയോട് ആ പുഞ്ചിരിക്ക് പിന്നിലെ കാരണം ആരാഞ്ഞു. ഫെർനാഡോ അതൊന്നും കേൾക്കുന്നതേ ഉണ്ടായിരുന്നില്ല. തന്റെ ഒപ്പം ഒരാൾ വന്നിരുന്നെന്ന കാര്യം പോലും വിസ്മരിച്ച് അവൻ ചിന്തകളിൽ മുഴുകി നടക്കുകയായിരുന്നു.

” ഇന്ന് നമ്മൾ വൈകിയോ ജുവാൻ. പതിവുകാരെല്ലാം അവിടവിങ്ങളിലായി സ്ഥാനം ഉറപ്പിച്ചല്ലോ? ”

ജുവാൻ ഒന്ന് മൂളി. അവൻ ചോദിച്ചു.

” അല്ല ഫെർണോ നീ എന്താണ് തനിയേ ചിരിക്കുന്നത്. സാൻഡി ബേ സ്ട്രീറ്റിന്റെ മുക്കും മൂലയും ഓരോ നടത്തത്തിലും സൂക്ഷ്മമായി നിരീക്ഷിക്കാറുള്ള നീ ഇന്ന് പതിവില്ലാതെ മൗനമായാണ് വന്നത്. നിന്റെ ഈ മാറ്റം എന്നെ അസ്വസ്ഥനാക്കുന്നു ഫെർനോ. നീയൊന്ന് കാരണം പറയില്ലേ? ”

ജുവാൻ അപേക്ഷിച്ചു.

” ഞാൻ…. ഞാൻ”

ഫെർനോയ്ക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. തെല്ല് നിശബ്ദതയ്ക്ക് ശേഷം അവൻ തുടർന്നു.

” നിനക്ക് പ്രണയത്തെക്കുറിച്ച് എന്ത് അറിയാം ജുവാൻ? ”

ജുവാൻ കടലിലേക്ക് നോക്കിയിരുന്നു.

” നീ ഈ കടലിന്റെ ഉള്ള് കണ്ടിട്ടുണ്ടോ ഫെർനോ? ”

“ഇല്ല” ഫെർനോ പറഞ്ഞു. “അത് അത്ര എളുപ്പമുള്ള കാര്യമാണോ?”

“അതെ. അത് തന്നെയാണ് ഫെർനോ. പ്രണയം കടൽപോലെയാണ്. ഇറങ്ങിചെല്ലാൻ പാകത്തിൽ കൊതിപ്പിക്കും. മാടി വിളിക്കും. അപകടമാണത്.”

ഇത്രയും വരണ്ട ചിന്താഗതി പുലർത്തുന്ന ഒരാളോട് പ്രണയത്തെപ്പറ്റി ചോദിച്ചതിൽ ഫെർനാഡോ ഖേദിച്ചു. അവൻ വിദൂരതയിലേക്ക് തന്റെ കാഴ്ചയെ അഴിച്ചുവിട്ടു. ഓരോ തിരയും വർധിത വീര്യത്തോടെ തീരത്തേക്ക് ഓടിയണയുന്നു. കടൽ വിളിക്കുമ്പോൾ തിരിക്കെപ്പോകാൻ മടിച്ചു തീരത്തെ മുറുകെപ്പിടിച്ചു തിര യാത്രപറയുന്നു.

” അല്ല ജുവാൻ ഞാൻ ഓർക്കുകയായിരുന്നു. ഈ കടൽ സൃഷ്ടിച്ചപ്പോൾ സൃഷ്ടാവ് ഓർത്തുകാണുമോ നമ്മളെപ്പോലുള്ള മനുഷ്യർ കരയിൽ വന്നിരിക്കുമെന്ന്? ”

ജുവാന് കുറേശ്ശെ ദേഷ്യം വന്നു.

” അത് ഓർത്തിട്ടുണ്ടാകും. പക്ഷേ നിന്നെപ്പോലുള്ള ഭ്രാന്തന്മാർ ഇവിടെ വന്നിരുന്നു പ്രണയത്തിന്റെ അപ്പോസ്തലന്മാരായി മടങ്ങുമെന്ന് ഓർത്തിട്ടുണ്ടാകില്ല. ”

ഫെർനോ ചിരിച്ചു. ജുവാന്റെ കാർക്കശ്യം അവന് ഇഷ്‌ടമാണ്. ഒരു പക്ഷേ തന്റെ ഉള്ളിലെ ഏത് നിഴലനക്കത്തെയും ആദ്യമറിയുന്ന ഒരേ ഒരാൾ അത് ജുവാൻ തന്നെയാണ്. തന്റെ എത്രയും പ്രിയപ്പെട്ട ജുവാൻ റോഡ്രിഗസ്.

എന്റെ മാത്രം ജുവാൻ. ഫെർനോ അവനെ അനുനയിപ്പിക്കുവാൻ ശ്രമിച്ചു.

” ഒന്ന് പറയൂ ഫെർനോ. നിന്റെ ഉള്ളിൽ എന്തോ പതിവില്ലാതെ കടന്നുകൂടിയിട്ടുണ്ട്. എനിക്കത് വായിച്ചെടുക്കാൻ പ്രയാസമുള്ളതുപോലെ. ” ജുവാന്റെ കണ്ണുകളിൽ നിരാശ നിഴലിച്ചു.

ഫെർനോയുടെ ഹൃദയത്തിൽ ഒരു കോരിത്തരിപ്പുണ്ടായി.

” നീ കണ്ടില്ലേ ജുവാൻ? ”

” എന്ത്?”ജുവാൻ കൗതുകത്തോടെ ചോദിച്ചു.

” അന്ന്….. ബോസ്റ്റൺ അഥീനിയത്തിൽ വെച്ച് നമ്മൾ കണ്ടില്ലേ ജുവാൻ? പാറിപ്പറക്കുന്ന സ്വർണ്ണത്തലമുടിയുള്ള അവളെ… ”

” നീ ആരെക്കുറിച്ചാണ് ഈ പറയുന്നത് ഫെർനോ? ”

“അവൾ ആ മാർത്തയെക്കുറിച്ച്…”

ജുവാന്റെ നെഞ്ചിൽ ഒരാന്തലുണ്ടായി. അധീനിയത്തിലെ പുസ്തകത്തട്ടുകൾക്കിടയിൽ നിന്ന് ഫെർനോയെ വലിച്ചുകൊണ്ട് ഇറങ്ങി വന്ന ആ ദിനം അവൻ പരിഭ്രമത്തോടെ ഓർത്തെടുത്തു.

” എന്താണ് ഫെർനോ? നീ അത് മറന്നില്ലേ? ആ കണ്ടുമുട്ടലിന് ശേഷം ദിവസം എത്ര കടന്നുപോയിരിക്കുന്നു? ”

ഫെർനാഡോയുടെ മുഖത്ത് ഒരു മന്ദസ്മിതം വിടർന്നു.

” എനിക്കറിയില്ല. അന്ന്….. ആ ദിനത്തിന് ശേഷം എന്റെ പകലുകൾക്ക് അനിതരസാധാരണമായ ഒരു സൗന്ദര്യം ഉണ്ടായിരിക്കുന്നു. കാണുന്ന ഓരോന്നിലും എനിക്ക് സൗന്ദര്യം മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അവളെയോർക്കുമ്പോൾ എന്റെ വിശപ്പ്, ദാഹം എല്ലാം അകന്നുപോകുന്നു. ആ മടിത്തട്ടിലേക്ക് ചാഞ്ഞുറങ്ങാൻ, ആ കരവലയത്തിൽ അമർന്നിരിക്കാൻ, ആ ചുണ്ടുകളിൽ നിന്ന് മാധുര്യമേറ്റുവാങ്ങാൻ……

ജുവാൻ അവളെന്നെ വല്ലാതെ കൊതിപ്പിക്കുന്നു. ”

തന്റെ ചങ്ങാതിയുടെ സിരകളിലേക്ക് ആഞ്ഞുപടരുന്ന പ്രണയാഗ്നിയെ ജുവാൻ തിരിച്ചറിഞ്ഞു. അനുനിമിഷം വർധിക്കുന്ന ഹൃദയമിടിപ്പോടെ അവനൊരു നിശബ്ദതയിലേക്ക് വഴുതിവീണു. ചിന്തകളിൽ ആ നശിച്ചപകൽ ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചുനിന്നു.

വായിച്ചു തീർന്ന പുസ്തകങ്ങൾ തിരികെ വയ്ക്കണം. പുതിയതെടുക്കണം. മാർക്വസിന്റെ കൃതികളോടുള്ള നിലയ്ക്കാത്ത ആവേശം ഫെർനാഡോയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അവ വായിച്ചു തീർക്കുക തന്നെയാണ് ഈ യാത്രയുടെ ഉദ്ദേശം. എടുക്കേണ്ട പുസ്തകങ്ങളെയുമോർത്ത് ഇറങ്ങിത്തിരിച്ച ആ പകൽ അധീനിയത്തിന്റെ പടവുകൾ കയറുമ്പോൾ ഫെർനാഡോയുടെ മനസ്സിൽ മുൻപെങ്ങുമില്ലാത്ത ഒരു ആവേശമുണ്ടായിരുന്നു എന്ന് ജുവാൻ ഓർത്തു. അന്ന് ലൈബ്രേറിയൻ അന്റോണിയോ പതിവില്ലാതെ ക്ഷുഭിതനായി കാണപ്പെട്ടിരുന്നു. കാരണമറിയാതെ കുഴങ്ങിനിന്ന തന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങിവയ്ക്കുമ്പോൾ അസ്വാഭാവികമായി എന്തോ സംഭവിച്ചതുപോലെ അയാൾ പരിഭ്രമിക്കുന്നുണ്ടായിരുന്നു.

അധീനിയത്തിൽ കയറിയത് മുതൽ ഫെർനാഡോ ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു. അവന് എത്ര കണ്ടാലും അവിടം നിനയ്ക്കാത്ത കൗതുകങ്ങളുടെ ഭൂമികയാണ്. അവൻ നോവലുകളുടെ ഷെൽഫിനടുത്തേക്ക് പോയി.

‘കോളറക്കാലത്തെ പ്രണയം’ മറിച്ചുനോക്കിക്കൊണ്ട് വായനക്കാരുടെ ഇരിപ്പിടത്തിലേക്ക് നടക്കവേ ആരെയോ താൻ തട്ടിയിട്ടതുപോലെ അവന് തോന്നി.

ചടഞ്ഞിരുന്ന് പുസ്തകങ്ങൾ മറിച്ചുനോക്കുന്ന വെള്ളാരം കണ്ണുകളിൽ അവന്റെ കണ്ണുടക്കി.

അവളുടെ കയ്യിൽ നിന്നും താഴെ വീണ പുസ്തകങ്ങൾ എടുത്തുകൊടുത്ത ശേഷം ഫെർനാഡോ ഇരിപ്പിടത്തിലേക്ക് പോയി. അൽപനേരം കഴിഞ്ഞപ്പോൾ അവൾ അവനരികിൽ വന്നിരുന്നു. ഫെർനോയ്ക്ക് അക്ഷരങ്ങൾ തന്നിൽ നിന്ന് അകന്നുപോകുന്നതുപോലെ തോന്നി. ആ സ്വർണ്ണമുടിയുള്ള, വെള്ളാരം കണ്ണുള്ള പെൺകുട്ടി അവന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തിത്തുടങ്ങിയിരുന്നു. തന്റെ എതിരെയിരിക്കുന്ന അവളെ നോക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല. പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതിരുന്ന അവളുടെ വായനയെ തടസ്സപ്പെടുത്തി ഫെർനാഡോ ചോദിച്ചു.

” അധീനിയത്തിലെ പുതിയ അംഗമാണോ? മുൻപെങ്ങും കണ്ടിട്ടേയില്ല…. ”

അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. ശേഷം ഫെർനാഡോയുടെ കയ്യിലിരുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് നോക്കി.

” താങ്കൾ മാർക്വസിന്റെ ആരാധകനാണോ? ”

“അതെ” ഫെർനാഡോ ചിരിച്ചു.

“ഞാൻ അദ്ദേഹത്തിന്റെ കൃതികളുടെ നിത്യവായനക്കാരിയാണ്.”

ചോദിക്കാതെയുള്ള ആ പരിചയപ്പെടുത്തൽ ഫെർനാഡോയുടെ മനസ്സിന്റെ ചില്ലകൾ ഉലയ്ക്കുന്നതായിരുന്നു.

” ഞാൻ മാർത്ത. താങ്കളുടെ പേരെന്താണ്..? ”

ഫെർനാഡോയ്ക്കുള്ളിൽ അപ്പോഴേക്കും ഒരു വസന്തം ആഗമിക്കാൻ തിടുക്കം കൂട്ടുകയായിരുന്നു. അതെ ഞാൻ എന്റെ ഹൃദയചില്ലകളിൽ പൂവിടർത്താൻ പാകത്തിൽ, കണ്ണുകൾക്ക് ശാശ്വതമായ സന്തോഷം പകരാൻ പാകത്തിൽ പ്രിയമുള്ള ഒരുവളെ…….. അവൻ പുഞ്ചിരിച്ചു.

” ഫെർനാഡോ ” അവൻ മറുപടി പറഞ്ഞു.

സാൻഡ് ബേ തെരുവിന്റെ ഓരത്താണ് തന്റെ വീടെന്നും വീട്ടിൽ താൻ ഒറ്റക്കാണെന്നും പറഞ്ഞ മാർത്തയെ അവൻ ആകാംഷയോടെ കേട്ടിരുന്നു.

“എനിക്ക് നോവലുകളാണ് വളരെയിഷ്‌ടം. എത്രയെത്ര ജീവിതങ്ങളാണ് അവ നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത്. ”

ഫെർനാഡോ പുഞ്ചിരിച്ചു.

” അതെ മാർത്ത. എങ്കിലും മാർക്വസ് എന്നെ വല്ലാതെ ആകർഷിക്കുന്നു. ഞാനീ മാജിക്കൽ റിയലിസത്തിന്റെ ചുഴിയിൽ അകപ്പെട്ട് പോയിരിക്കുന്നു. എങ്കിലും എനിക്കത് ഇഷ്ടമാണ് മാർത്ത. ഞാനത് അങ്ങേയറ്റം ആസ്വദിക്കുന്നു. ”

“എനിക്ക് ദസ്തയേവ്സികെയെയാണ് ഇഷ്ടം ” മാർത്ത പറഞ്ഞു.

” ഫെദോറിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. ‘ക്രൈം ആൻഡ് പണിഷ്മെന്റ്’ പോലുള്ള ഒരു കൃതി അദ്ദേഹത്തിനല്ലാതെ മറ്റാർക്കാണ് എഴുതാൻ സാധിക്കുക. ”

ബുക്ക് വച്ച ശേഷം തിരികെ ജുവാൻ എത്തുമ്പോഴേക്കും അവർ നല്ല പരിചയക്കാരായി മാറിയിരുന്നു. അവളുടെ മുഖം കാണാനുള്ള കൗതുകത്താൽ ജുവാൻ എത്തിനോക്കിയതും അവൻ ഞെട്ടി.

” മാർത്ത!!!!! സാൻഡ് ബേയുടെ ദുരന്തസന്തതി. നശൂലം. കുലട. നീ എന്റെ ചങ്ങാതിയേയും… ”

അവന്റെയുള്ളിൽ രോഷം തിളച്ചുപൊന്തി.

” പുസ്തകം എടുത്ത് വേഗം തിരികെപ്പോകുവാൻ വന്ന നീ ഇവിടെ മതിമറന്നിരിക്കുകയാണോ ഫെർനോ? വന്നുവന്ന് നിനക്ക് ഒരുത്തരവാദിത്തവുമില്ലാതെയായിരിക്കുന്നു. വരൂ പോകാം…. ”

ഫെർനോ ചലിച്ചില്ല. അവന്റെ കണ്ണുകൾ ആ വെള്ളാരം കണ്ണുകളിൽ ചൂണ്ടയിൽ മീനെന്നപോലെ കുടുങ്ങിക്കിടന്നു.

” വരൂ ഫെർനോ ” ജുവാന്റെ ശബ്ദം ഉച്ചത്തിലായി. ഫെർനോയെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ജുവാനെ മാർത്ത ഒരു മന്ദസ്മിതത്തോടെ നോക്കി.

” ഇല്ല കൂട്ടുകാരാ.. നിനക്ക് നിന്റെ ചങ്ങാതിയെ രക്ഷിക്കുവാനാകില്ല… എന്തിന് നിന്നെപ്പോലും!!!!”

ജുവാൻ പെട്ടെന്ന് ഭൂതകാലത്തിൽ നിന്നും ഞെട്ടിയുണർന്നു. ഫെർനോ കടലിലേക്കും സായാഹ്നസൂര്യനിലേക്കും മാറിമാറി നോക്കിയിരിക്കുന്നു. അവന്റെ ഉള്ളിൽ പ്രണയത്തിന്റെ നിലാവുദിക്കുന്നത് ജുവാൻ കണ്ടു. തന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ അവന് തോന്നി. സിരകൾ വലിഞ്ഞുമുറുകുന്നതുപോലെയും.

“ഇല്ല!!!! തരില്ല!!! അവൻ എന്റേതാണ്. ഫെർനോ എന്റേത് മാത്രമാണ്!!!! ”

ഫെർനോ അന്ധാളിച്ചുപോയി.

” ജുവാൻ. എന്തുപറ്റി? എന്താണ് ജുവാൻ? ”

അവൻ ചോദിച്ചു.

” ഇല്ല….. ഒന്നുമില്ല…. ”

” ഞാൻ കാണുന്നുണ്ടായിരുന്നു ദിവാസ്വപ്നം കാണുന്നത്. എത്ര നേരം നീളുമെന്നറിയാനാണ് കാത്തിരുന്നത് ”

ഫെർനോയുടെ മറുപടി കേട്ട് ജുവാൻ കഷ്ടിച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി.

” നമുക്ക് പോകാം ഫെർനോ. രാത്രിയാകുന്നു. ”

ജുവാന്റെ അസാധാരണമായ പെരുമാറ്റം കണ്ട ഫെർനാഡോ വീട്ടിൽ പോയേക്കാമെന്ന് തീരുമാനിച്ചു.

അത്താഴനേരത്ത് മതിമറന്നിരുന്ന് ആഹാരം കഴിക്കുന്ന ഫെർനോയുടെ കാഴ്ച ജുവാനിൽ ഭീതി നിറച്ചു. രാത്രിയിൽ ഫെർനോ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് ഉറക്കം വന്നില്ല.

” ജുവാൻ ” അവൻ ഉറക്കെ വിളിച്ചു. ജുവാൻ മൂളിക്കേട്ടു. ” എന്തെങ്കിലും പറയൂ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.”

“എന്ത് പറയണം “ജുവാൻ ചോദിച്ചു.

” നീ പ്രണയത്തെപ്പറ്റി പറയൂ ജുവാൻ. അതിന്റെ മധുരതാരാള്യങ്ങളെപ്പറ്റി പറയൂ… ”
ജുവാൻ നിശബ്ദത പാലിച്ചു.

” എനിക്ക് നിലാവ് കാണാൻ തോന്നുന്നു. ഞാനീ പാതിരാത്രിയുടെ ഓരോ യാമങ്ങളെയും ആസ്വദിക്കുകയാണ് ജുവാൻ. ഈ തെരുവിന് ഇത്രയും സൗന്ദര്യം ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല. അതിന്റെ ഒരോരത്ത് എനിക്കുവേണ്ടി ഒരുവൾ……. ദൈവനിയോഗം അതാകും അല്ലേ ജുവാൻ..? ”

ജുവാൻ കരച്ചിലിന്റെ വക്കോളമെത്തി.

” ഒന്ന് നിർത്തുമോ നിന്റെ ഈ സാഹിത്യം. അതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ”

ഫെർനാഡോയുടെ പുഞ്ചിരി മാഞ്ഞു. വിഷാദം ബാധിച്ച അവന്റെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് ജുവാൻ കെഞ്ചി.

” നോക്കൂ ഫെർനോ, നമുക്ക് ആ സൗഹൃദം വേണ്ട. എനിക്കത് ഇഷ്ടമല്ലഫെർനോ. അവൾ… അവൾ ഒരിക്കലും നിനക്ക് യോജിച്ച പങ്കാളിയായിരിക്കില്ല… ”

ഫെർനോയുടെ മുഖം കൂടുതൽ വാടി.

” എന്താണ് ജുവാൻ അവളെ കണ്ട ദിവസം മുതൽ നീ എന്നെ അവളിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുണ്ടല്ലോ? എന്റെ ഉള്ളിലെ തുടിപ്പുകൾ നീ എന്തെ അറിയുന്നില്ല? ഇന്നാൾ വരെയും ജീവിച്ചതിൽ കവിഞ്ഞ് എനിക്കൊരു ഒരുണർവും ഉന്മേഷവും ഉണ്ടായിരിക്കുന്നു ജുവാൻ. അവൾ.. അവൾ ഒരുദിവസം കൊണ്ട് എന്റെ ആരൊക്കെയോ ആയിതീർന്നതുപോലെ. എന്റെയും അവളുടെയും ഇഷ്‌ടങ്ങൾ ഒരുപോലെ. അവൾ ആരോരും തുണയില്ലാതെ ഏകാകിയായി ജീവിക്കുന്നവൾ. അവളെ ഞാൻ സ്വീകരിച്ചോട്ടെ ജുവാൻ. ”

” നിന്നെപ്പോലെ.. ഒരുപക്ഷെ നിന്നേക്കാൾ…….. ”

ജുവാൻ പൊട്ടിത്തെറിച്ചു.

” ദുഷ്‌ടാ, നാളിതുവരെയും കൂടെ നടന്ന എന്നേക്കാൾ നിനക്കവൾ പ്രിയമുള്ളതായോ? എങ്ങനെ കഴിഞ്ഞു ഫെർനോ നിനക്ക് ഇങ്ങനെ പറയുവാൻ? ” ജുവാൻ പൊട്ടിക്കരഞ്ഞു.

” അവളെ നിനക്കറിയും മുൻപ് എനിക്കറിയാം. അവൾ ഒരു മോശം സ്ത്രീയാണ് ഫെർനോ. ഞാൻ കണ്ടുതുടങ്ങി എത്രയോ നാൾ കഴിഞ്ഞാണ് ജുവാൻ നീ ഈ സാൻഡ് ബേയിലേക്ക് വന്നത്. സ്റ്റാൻഡ്ഫോർഡിൽ പഠിക്കാൻ വന്നതിന് ശേഷമല്ലേ ഫെർനോ നിനക്കീ തെരുവ് പരിചിതമായത്. അതിനും എത്രയോ മുൻപ് ഇവിടെ വളർന്ന് നാടിന്റെ ഓരോ സ്പന്ദനവുമറിഞ്ഞ എന്റെ വാക്കുകൾ അവഗണിക്കാവുന്നതാണെന്ന് നീ വിചാരിക്കുന്നുണ്ടോ? നമുക്ക് ഈ ബന്ധം വേണ്ട ഫെർനോ അത് അപകടമാണ്… ”

“ജുവാൻ നീ അതിര് കടക്കുന്നു. ഒരു ചങ്ങാതിയുടെ സ്വാതന്ത്ര്യം നിനക്ക് ഞാൻ നൽകിയപ്പോൾ അത് ചൂഷണം ചെയ്യുവാനാണോ നീ ശ്രമിക്കേണ്ടത്? ”

ഫെർനോയ്ക്ക് വീണ്ടും ദേഷ്യം വന്നു.

” ഫെർനോ , നിന്റെ പ്രേമഭാജനമില്ലേ, നിന്റെ മാലാഖ അവൾ മന്ത്രവാദിയാണെടാ….!”

ഫെർനോ പൊട്ടിച്ചിരിച്ചു.

“ശാസ്ത്രം ഇത്രയും വികസിച്ചിട്ടും നീ ഇത്തരം മണ്ടത്തരങ്ങളിൽ വിശ്വസിക്കുകയാണോ ജുവാൻ. കഷ്ടം തന്നെ. എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ചങ്ങാതി… ”

“ഫെർനോ ഇത് കേൾക്കൂ ”

“നിർത്ത് ജുവാൻ.. നിർത്ത് നിന്റെ ഭ്രാന്ത്‌. ഒരു പാവം പെണ്ണിനെപ്പറ്റി നിനക്ക് എന്തും പറയാമെന്നാണോ. സാധ്യമല്ല ജുവാൻ, സാധ്യമല്ല…!”

” ചെല്ലെടാ, ചെല്ല്. ആ കുലടയുടെ കുരുക്കിലേക്ക് ചെല്ല് ” ജുവാൻ ഒരുനിമിഷം മുട്ടുകുത്തി പ്രാർത്ഥിച്ചു.

പിന്നീട് പലവട്ടം ജുവാൻ ഫെർനാഡോയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഫെർനോ അവനിൽ നിന്ന് അകന്നുപോയതല്ലാതെ ജുവാൻ പറഞ്ഞതൊന്നും അവൻ ചെവിക്കൊണ്ടില്ല.

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു. ഫെർനാഡോ പ്രകാശവേഗത്തിൽ വായിക്കുകയാണ്. വേഗം വായിച്ചു തീർത്തിട്ട് അധീനിയത്തിന്റെ പടവുകൾ കയറാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു.

” ഫെർനോ, ഇന്നല്ലേ പുസ്തകങ്ങൾ റിട്ടേൺ ചെയ്യേണ്ട ദിവസം. ” ദിവസങ്ങളുടെ മൗനത്തിന് ശേഷം ജുവാൻ ഫെർനാഡോയോട് മടിച്ചുമടിച്ച് ചോദിച്ചു.

“ഇങ്ങു തന്നേക്കൂ. ഞാൻ മടക്കിവച്ചിട്ട് വരാം.”

” ഒറ്റക്ക് പോകാനാണോ നിന്റെ ഭാവം? ഞാനും വരുന്നു. ” ഫെർനാഡോ വാശിപിടിച്ചു.

” നീ വെറുതെ വാശിപിടിക്കല്ലേ ഫെർനോ. പുസ്തകം ഞാൻ വെച്ചുകൊള്ളാം. ” ജുവാൻ കർക്കശ്യസ്വരത്തിൽ പറഞ്ഞു.

” എനിക്കിനി നിന്നോട് കലഹിക്കാൻ താല്പര്യമില്ല ജുവാൻ. ഞാനും വരുന്നു. ബോസ്റ്റൺ അധീനിയത്തിലെ ആരും അവിടെച്ചെല്ലുന്നതിൽ എന്നെ വിലക്കിയിട്ടില്ല.”

ഫെർനോ കോപം കൊണ്ട് ജ്വലിച്ചു. ഒടുവിൽ ഒന്നും മിണ്ടാതെ അവർ യാത്രതിരിച്ചു.

അധീനിയത്തിലേക്ക് നടക്കവേ വേഗം വേഗമെന്ന് അവന്റെ മനസ്സിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു. അവിടെ എത്തിയപ്പോഴേക്കും മാർത്ത പോകാൻ തുടങ്ങുകയായിരുന്നു. ജുവാൻ പുസ്തകം വയ്ക്കാൻ പോയ തക്കത്തിൽ ഫെർനോ മാർത്തയ്ക്കൊപ്പം കൂടി.

” ഇന്നെന്താണ് നേരത്തെ പോകുന്നത്? ”

“എനിക്ക് കുറച്ച് അവശ്യങ്ങളുണ്ടായിരുന്നു. മാർത്ത പറഞ്ഞു.

” ഇന്ന് ആരുടെ പുസ്തകമാണ് എടുത്തത്? ഫെർനാഡോ ചോദിച്ചു.

” ഡിക്കൻസിന്റെ. “.

” അതെയോ!” തെരഞ്ഞെടുപ്പുകളെല്ലാം സുന്ദരം മാർത്ത. നിന്നെപ്പോലെ അവൻ മനസ്സിൽ പറഞ്ഞു.

സംസാരിച്ച് അവർ ദീർഘദൂരം സഞ്ചരിച്ചിരുന്നു.

ജുവാൻ പുസ്തകങ്ങൾ മടക്കിവച്ച് തിരികെയെത്തിയപ്പോൾ ഫെർനോയെ കണ്ടില്ല. അവന്റെ ഉള്ളിൽ ഒരു തീ പടർന്നു.

” ഫെർനോ…… ഫെർനോ…. ” അവൻ ഉറക്കെ വിളിച്ചു. അന്റോണിയോയ്‌ക്ക് കാര്യം മനസ്സിലായി. അയാൾ കുരിശുവരച്ചു.

” അല്ല മാർത്ത, വീട്ടിൽ തനിച്ചാണെന്നല്ലേ പറഞ്ഞത്? വിരസമാകുന്നില്ലേ ഈ ഏകാന്തത? ”

” വിരസതയോ? എനിക്കോ?” മാർത്ത മന്ദഹസിച്ചു.

” മാർത്ത എന്നിൽ നിന്ന് എന്തോ മറയ്ക്കുന്നതുപോലെ….. എന്താണ് മാർത്ത പറയൂ ”

” കണ്ടിട്ട് അധികം ദിവസമാകാത്ത ഒരാളോട് തന്റെ ജീവിതം വിളിച്ചു പറയാൻ മാത്രം മൂഢയാണ് ഞാനെന്ന് നീ കരുതുന്നുണ്ടോ ഫെർനോ? ”

” ഒരിക്കലുമില്ല മാർത്ത. ”

ജുവാൻ പുഞ്ചിരിയോടെ പറഞ്ഞു.

സംഭാഷണങ്ങൾ അകമ്പടി സേവിച്ച ആ യാത്ര സാൻഡ് ബേയുടെ ഇടുങ്ങിയ വഴിയിൽ ഒന്നിലെത്തി.

” നിനക്ക് ജീവിക്കാൻ കൊതിയുണ്ടോ ഫെർനോ? ” മാർത്ത ചോദിച്ചു.

” ഉണ്ട്.. ഉണ്ട്.. ആർക്കാണ് അതിന് കൊതിയില്ലാത്തത്. ഈ പ്രശാന്തസുന്ദരമായ ഭൂമിയും മനോഹരിയായ പ്രകൃതിയും കൊതിപ്പിക്കുന്ന രാത്രികളും കടലും സായാഹ്നങ്ങളും. ഇവിടെ ആരാണ് മാർത്ത ജീവിക്കാൻ ആഗ്രഹിക്കാത്തത്…? ”

കൂടെ നീയുണ്ടെങ്കിൽ…. അവൻ മനസ്സിലോർത്തു.

” നിനക്കിപ്പോൾ മരണത്തെ ഭയമായിരിക്കും അല്ലേ ഫെർനോ..?”

കൂടെ നീയുണ്ടെങ്കിൽ എനിക്ക് മരണവും പ്രിയങ്കരം. അവൻ പുഞ്ചിരിച്ചു.

” ഈ ഇടുങ്ങിയ തെരുവിന്റെ

നിശബ്ദതയിലേക്ക് ഞാൻ നിന്നെ വശികരിച്ചു കൊണ്ട് വന്നതാണെന്ന് ഞാൻ പറഞ്ഞാൽ…. നീ എന്ത് പറയും ഫെർനോ അതിനെക്കുറിച്ച്….? ”

ഫെർനോയ്ക്കുള്ളിൽ ഒരുനിമിഷം തന്റെ പ്രണയം പൂവിടുകയാണെന്ന ചിന്തയുണ്ടായി. നടന്നുവന്ന പാതകളെപ്പോലും മറന്ന് അവൻ അവളെക്കുറിച്ച് വാചാലനായി.

” അതേ മാർത്ത നിന്റെ വെള്ളാരം കണ്ണുകളുടെ ചുഴിയിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. നീ എന്റെതാകണമെന്ന് ഞാൻ മോഹിക്കുന്നു പ്രിയപ്പെട്ടവളേ….. ”

അവൻ പറഞ്ഞു നിർത്തിയതും പിന്നിൽ നിന്നും ആരോ കഴുത്തിൽ പിടിച്ചു വലിക്കും പോലെ അവന് തോന്നി.
” മാർത്താ…….മാർത്താ”

അവൻ ഉറക്കെ വിളിച്ചു.

ആ നിശബ്ദതയിൽ അവന്റെ വിളി പ്രതിധ്വനിച്ചു.

” മാർത്താ, എന്റെ പ്രിയപ്പെട്ടവളേ, നീ എവിടെയാണ്..? ” കഴുത്തിലെ കുരുക്ക് മുറുകുന്നത് അവൻ അറിഞ്ഞു.

അവൻ വേഗം തിരിഞ്ഞുനോക്കി.

” മാർത്താ… നീ….? ”

” അതേ ഫെർനോ ഞാൻ തന്നെ. എന്ത് കരുതി നീ? ഞാൻ നിന്റെ ഉത്തമസുഹൃത്താണെന്നോ?

അല്ല ഫെർനോ. നീ എന്റെ ഇരയാണ്. പതിനേഴാമത്തെ ഇര !!!!! ”

അവൻ സംശയഭാവത്തിൽ മുഖം ചുളിച്ചു.

” നീ ഓർക്കുന്നുണ്ടോ ഫെർനോ എന്റെ അമ്മയെ? മന്ത്രവാദിയെന്ന് പറഞ്ഞ് സാൻഡ് ബേയുടെ പുരുഷസന്താനങ്ങൾ കല്ലെറിഞ്ഞുകൊന്ന നടാഷയെ? ”

ഫെർനോ നന്നേ ഭയന്നുപോയിരുന്നു.

” ജുവാൻ….എന്റെ ചങ്ങാതീ നീ പറഞ്ഞതെല്ലാം സത്യമായിരുന്നല്ലോ…” അവൻ അലറിവിളിച്ചു.

” ഇല്ല ഫെർനോ. നിന്നെ കേൾക്കാൻ ഒരാളും ഈ തെരുവോരത്തില്ല. ജുവാൻ…ആ വിഡ്ഢി നിന്നെ തിരഞ്ഞുമടുത്ത് ഇപ്പോൾ വിശ്രമിക്കുന്നുണ്ടാകും… ”

“എന്തിനാണ് മാർത്ത നീ എന്നെ…” ഫെർനോയ്ക്ക് ചോദ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

“നിന്നെ മാത്രമല്ല ഫെർനോ.. സാൻഡ് ബേയുടെ സന്താനങ്ങളെയെല്ലാം ഒന്നൊഴിയാതെ ഞാൻ തീർക്കും. എനിക്കവരെ പ്രീതിപ്പെടുത്തണം. നടാഷയെ…നിനക്കറിയുമോ ഫെർനോ? ഞങ്ങൾ എത്ര ആഹ്ലാദത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന്..? വിഭവസമൃദ്ധിയില്ലെങ്കിലും ഞങ്ങൾ മൂന്നുനേരം ഭക്ഷണം കഴിച്ചിരുന്നു. അമ്മ ഞങ്ങളെ ഊട്ടിയിരുന്നു. നിങ്ങൾ കൊന്നുകളയും വരെ. എന്റെ അമ്മ മന്ത്രവാദിയായിരുന്നില്ല ഫെർനോ. സാൻഡ് ബേയുടെ ഓരത്തെ ആ വീടിന് മുന്നിൽ മാത്രം തുടർന്ന വാഹനാപകടങ്ങളുടെ കാരണം ഞങ്ങൾക്കും അറിയില്ലായിരുന്നു. നാട്യങ്ങളില്ലാത്ത ഒരു സ്ത്രീ ഏത് വിധേന പുരുഷന്മാരെ വശീകരിക്കും. ദയയും കാരുണ്യവുമുള്ള അവരെങ്ങനെ ആളുകളെ കൊന്നൊടുക്കും. അത് ആ തെരുവിന്റെ ശാപമാണ് ഫെർനോ. വേണ്ടവിധം നിർമ്മിക്കാതെ വിട്ടുകളഞ്ഞ ഹൈവേ എഞ്ചിനീയറുടെ പരാജയമാണ്. അതെങ്ങനെ എന്റെ അമ്മ ചെയ്തതാകും…?”

” നീ ഓർക്കുന്നുണ്ടോ ഫെർനോ ആ ജോസ് ആർക്കേഡിയോ ബുവണ്ടിയാ സങ്കല്പത്തിൽ കണ്ട കണ്ണാടിഗ്രാമത്തെ സഫലമാക്കിയത്? അതവന്റെ നിശ്ചയദാർഢ്യമായിരുന്നു. ഇത്.. ഇത് എന്റെയും….! ”

” എനിക്കും നിന്നെ ഇഷ്ടമായിരുന്നു ഫെർനോ ”

മാർത്തയുടെ ആ വാക്കുകൾ കേട്ടതും ഫെർനോയുടെ കണ്ണുകൾ വിടർന്നു.

” എനിക്കിഷ്‌ടമുള്ളവരെയെല്ലാം ഞാൻ എന്റെ അമ്മക്ക് അരികിലേക്കാണ് പറഞ്ഞയയ്ക്കുക..നിനക്കും വിട ഫെർനോ.. എന്റെ അനശ്വരപ്രണയമേ നിനക്ക് വിട…. ”

മാർത്ത ഫെർനോയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ശേഷം അവന്റെ കഴുത്തിലെ കുരുക്ക് അവൾ മുറുക്കി.

” മാർത്താ അരുത് മാർത്താ ” ദയനീയ സ്വരത്തിൽ അവൻ അലറി.

“ജുവാൻ എവിടെയാണ് നീ…? ഒരിക്കൽക്കൂടി…. ഒരിക്കൽക്കൂടി കാണാൻ… ഒന്ന് മാപ്പ് അപേക്ഷിക്കാൻ…”

സാൻഡ് ബേയുടെ തെരുവുകളിൽ ഒരു പ്രതിധ്വനിയോടെ ഫെർനോയുടെ ശബ്ദം നിലച്ചു. മാർത്ത വേഗം അവിടെ നിന്ന് മടങ്ങി.

ഫെർനാഡോയെ തിരഞ്ഞുക്ഷീണിച്ച് ജുവാൻ സാൻഡ്ബേയുടെ ഇടുങ്ങിയ വഴികളിലൂടെ നടന്നു.

” എന്റെ പ്രിയപ്പെട്ടവനേ നീ എവിടെപ്പോയി ഒളിച്ചിരിക്കുന്നു? എന്റെ ഫെർനോ… കുഞ്ഞേ… എവിടെയാണ് നീ….? ”

രാത്രിയായിട്ടും തിരച്ചിലവസാനിപ്പിക്കാൻ അവന് കഴിഞ്ഞില്ല. അപ്പോഴേക്കും മഴ വീണിരുന്നു. മഴയിലും തളരാതെ അവൻ നാനാവഴിയിലും ഓടി നടന്നു വിളിച്ചു.

” ഫെർനോ… എന്റെ പ്രിയപ്പെട്ട ഫെർനോ ”

ഒടുവിൽ സാൻഡ് ബേയുടെ ഒരു ഇടവഴിയിൽ തണുത്ത് മരവിച്ച് കിടന്ന ഫെർനോയെ അവൻ കണ്ടെത്തി ചേർത്തുപിടിച്ചു.

” എന്റെ ഫെർനോ… ഫെർനാഡോ ലിയോത്തോ.. എന്റെ സഹപാഠി… എന്റെ മാത്രം ചങ്ങാതി.. പ്രാണന്റെ പോലും പാതി… എഴുനേൽക്കൂ ഫെർനോ.. മാർക്വസിന്റെ പുസ്തകങ്ങൾ നിന്നെയും കാത്ത് അധീനിയത്തിൽ…..

വാക്ക് മുഴിപ്പിക്കും മുൻപ് കഴുത്തിൽ ഒരു കുരുക്ക് വീഴുന്നത് അവൻ അറിഞ്ഞു.

” ഘാതകീ , നിനക്ക് ഇനിയും മതിയായില്ലേ..? എന്റെ ഫെർനോയെ നീ….. ” അവൻ മാർത്തയുടെ കഴുത്തിൽ പിടിമുറുക്കി.

അവൾ കുതറിമാറി. ജുവാന്റെ കഴുത്തിൽ കുരുക്ക് മുറുക്കി അവൾ രണ്ട് ചങ്ങാതിമാരെയും ഒരുമിച്ച് യാത്രയാക്കി.

അവൾ അലറി.

” നടാഷാ…… എന്റെ പ്രിയപ്പെട്ട മാതാവേ… അതാവരുന്നു സാൻഡ് ബേയുടെ പൊന്നോമനകൾ. നീ വേണ്ടവിധം സ്വീകരിച്ചുകൊൾക….!!!!!! ”

മാർത്ത അട്ടഹസിച്ചു.

ശേഷം അടുത്ത ഇരക്കായി ഒരുങ്ങുവാൻ സാൻഡ് ബേയുടെ ഓരത്തെ വീട്ടിലേക്ക് നടന്നു. അന്നും പതിവുപോലെ സാൻഡ് ബേയുടെ ആകാശം ഇരുണ്ട് കാണപ്പെട്ടു. ഒപ്പം പതിനെട്ട് മരണങ്ങൾക്ക് സാക്ഷിയായ തെരുവ് വീഥികളും…..!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...