ഷിജു ദിവ്യ
ദേശം
എട്ടുവയസ്സുള്ള
ഒരു പെൺകിടാവാകുന്നു..
എരിയുന്ന വെയിലിൽ..
ട്രാഫിക് സിഗ്നലുകളിൽ
നിങ്ങളുടെ അക്ഷമയ്ക്ക് നേരെ
ബലൂൺ നിറങ്ങളോ
പാവക്കണ്ണുകളോ നീട്ടി
അമർഷം വാങ്ങി നിൽക്കുന്നത് അവളാണ്.
തീവണ്ടിച്ചക്രങ്ങൾ ശ്രുതിയിട്ട
ഉച്ചമയക്കത്തിന്റെ മടുപ്പിന്മേൽ
വാക്കും വരിയും ചതഞ്ഞ
ഒരു ഹിന്ദിപ്പാട്ടുമായി വന്നു
കൈനീട്ടുന്നതുമവൾ തന്നെ.
വിളർച്ചയും വരൾച്ചയും ഭേദിച്ചു
പൊടുന്നനെ വന്ന
തീണ്ടാരിച്ചോരയിൽ
തുണിയില്ലായ്‌മയാൽ
മണ്ണു പൊത്തിയടച്ച
കാലിടുക്കും അവളുടേത്.
ഒരു പൂമ്പാറ്റച്ചിറകിന്റെയോ
റബ്ബർത്തുണ്ടിന്റെയോ
കക്കുകളിക്കരുവിന്റെയോ
പിറകേ വന്ന
അവൾക്ക് പിറകിലാണ്
തുരുമ്പിച്ച ഒരു വാതിൽക്കൊളുത്ത്
ഞരങ്ങിയടഞ്ഞത്.
കാക്കൂ എന്നോ
മാമ എന്നോ
അങ്കിൾ എന്നോ
വിളിക്കാറുള്ള
നരച്ച രോമങ്ങളുള്ള
വിയർത്തു വിറയ്ക്കുന്ന
ആ ചുളിഞ്ഞ കൈ
തന്നെ എന്തുചെയ്യുന്നുവെന്ന
കൗതുകം
എത്ര പെട്ടന്നാണ്
പേടിയും
പിടച്ചിലും
പ്രാണൻ തുളച്ച നോവിന്റെ
ചീന്തിപ്പടർന്ന നിലവിളിയുമായി
മാറിയിട്ടുണ്ടാവുക… ?
നിലച്ചു നിലച്ചേ പോവുമ്പോൾ
ഒടുക്കം ആ കണ്ണ്
കൂടെക്കൊണ്ടു പോയ കാഴ്ചകൾ..
ആ ചെവി ഒപ്പിയെടുത്ത ശബ്ദങ്ങൾ…
വിയർപ്പിന്റെ, പുകയിലയുടെ
ഓക്കാനിപ്പിക്കുന്ന മണങ്ങൾ ….
മനം പുരട്ടലുകൾ…
വേദനിച്ചു… വേദനിച്ചു
ശ്വാസം കൂടൊഴിഞ്ഞു
ചലനമറ്റു പോയവൾ
ചോരയിൽ കുതിർന്നു ഊർന്നു പോയ
അവളുടെ ഇത്തിരിപ്പോന്ന
കുഞ്ഞുടുപ്പിൽ
ആ ദേശത്തിന്റെ പതാക..
നിലച്ചു പോയ ഒരു ചർക്ക…
നിഷ്ഫലമായ ഒരു നൂൽനൂൽപ്പ്. ..
അടയാതെ കിടന്ന
ആ കണ്ണിൽ
കണ്ണടഞ്ഞു പോയെത്ര ദൈവങ്ങൾ ?
എത്ര കുഞ്ഞുങ്ങളുടെ ചോരയിലാണ് നമ്മൾ ?
കടപ്പാട്: ഷിജു ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും