അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

0
704

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സവർണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്. മുൻവശം തൂക്കിയിരുന്ന മാഷിന്റെ ചിത്രത്തിന്റെ ഫ്ലക്സും സംഘം വലിച്ചു കീറി. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

തുടർന്ന് പോലീസും കളക്ടറുമെത്തി ചർച്ച നടത്തി പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ ദര്‍ഹബാര്‍ ഹാളിനു മുന്നില്‍ ഒരുക്കിയ പന്തലും ഒരുക്കങ്ങളും ഒഴിവാക്കാനും പ്രധാന കവാടത്തിലൂടെ പ്രവേശിപ്പിക്കാനും അനുവദിക്കില്ലെന്ന ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു. പ്രധാന കവാടത്തിലൂടെയല്ലാതെ കിഴക്ക് വശത്ത് അടച്ചിട്ട താല്‍ക്കാലിക കവാടം തുറന്ന് അതുവഴിയാണ് ആംബുലന്‍സ് കയറ്റിയത്. ഒരുക്കങ്ങളോടെ നിര്‍മ്മിച്ച പന്തല്‍ ഒഴിവാക്കി, കിഴക്കു വശത്തുള്ള വരാന്തയില്‍ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു.

പ്രമുഖരുടെ പ്രതികരണങ്ങള്‍

“….ഇന്നത്തെ പത്രത്തിൽ പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മരണവാർത്ത കൊടുത്തത്‌ ചരമ കോളത്തിലാണു. സത്യത്തിൽ ഇന്നലത്തെ വലിയൊരു വാർത്തയാണത്‌. അദ്ദേഹത്തിന്റെ മൃതശരീരം ലളിതകലാ അകാഡമിയിൽ കിടത്താൻ തൊട്ടടുത്തുള്ള അമ്പലകമ്മിറ്റ്ക്കാർ സമ്മതിച്ചില്ലത്രെ. നമ്മുടെ പത്രലേഖകനു ഇതൊരു വാർത്തയേ അല്ല…..”

– വി ടി മുരളി

 

“സാക്ഷാൽ മഹേശൻ അശാന്തനാണ്. അദ്ദേഹത്തിന്റെ മേൽ മുഴുവൻ ചുടലച്ചാരമാണ്. കയ്യിൽ തലയോട്ടിയാണ്.. അസ്ഥിമാലാ കപാലങ്ങൾ ആണലങ്കാരങ്ങൾ. ചുടല ഭൂതങ്ങളാണ് സഹവാസികൾ.  അശാന്തനോടാണ് കളിക്കുന്നത്. കളി അശാന്തനോടു വേണ്ടെന്നു പറയേണ്ടവർ  വായില്ലാക്കുന്നിലപ്പന്മാർ ആയിപ്പോയി. നമ്മുടെ ചിന്തയിലഴുകിയ ഭാഗ്യമിതെന്തൊരു ഭാഗ്യം! നൂറ്റാണ്ടുകൾക്ക് മുൻപേ ഓവിഡ് നമ്മോടു പറയുന്നു, “മരിച്ച്, ശരീരം മറവു ചെയ്തു കഴിഞ്ഞാൽ മാത്രമേ ഒരാളെ നമുക്ക് ആഹ്ലാദവാൻ എന്ന് പറയാൻ കഴിയൂ.” അശാന്തന് അശാന്തനായിത്തന്നെ അറിയപ്പെട്ടാൽ മതി. ആഹ്ലാദവാനാകണ്ട….”

– ശാരദക്കുട്ടി

 

ഹിന്ദുത്വ ഭീകരത അശാന്തന്റെ മൃതദേഹത്തോടും.

അന്തരിച്ച ചിത്രകാരൻ അശാന്തൻ മാഷിന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ ഹിന്ദുത്വ ശക്തികൾ തടഞ്ഞു. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞാണ് ക്ഷേത്ര ഭാരവാഹികൾ കൂടിയായ സംഘപരിവാർ ശക്തികൾ എതിർപ്പ് ഉയർത്തിയത്. മുൻവശം തൂക്കിയിരുന്ന മാഷിന്റെ ചിത്രത്തിന്റെ ഫ്ലക്സും അവർ വലിച്ചുകീറി. തുടർന്ന് അധികാരികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ അക്കാദമിയുടെ സാധാരണയായി തുറക്കാറില്ലാത്ത വടക്കുകിഴക്കേ മൂലയിലുള്ള ഗെയ്റ്റിലൂടെ മൃതദേഹം കയറ്റാമെന്നും കിഴക്ക് വശത്തുള്ള ചെറിയ വരാന്തയിൽ മൃതദേഹം വെക്കാൻ അനുവദിക്കാമെന്നും ക്ഷേത്രം ഭാരവാഹികൾ സമ്മതിച്ചു. അങ്ങനെ അശാന്തൻ മാഷ് ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും കയറിയില്ലാത്ത ഗേറ്റിലൂടെ അദ്ദേഹത്തിന്റെ മൃതദേഹം അക്കാദമിയുടെ കോംപൗണ്ടിൽ പ്രവേശിച്ചു. മാഷ് മണിക്കൂറുകൾ ചെലവിടാറുള്ള മുൻവശത്തെ പന്തലിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ച് മൃതദേഹം മുൻവശത്തെ പന്തലിൽ എത്തുന്നില്ല എന്നുറപ്പാക്കി.

നാടിന്റെ ഹൃദയത്തിൽ ഇടം നേടിയ ചിത്രകാരനോടുപോലും…

– ജൈസന്‍ സി കൂപ്പര്‍

LEAVE A REPLY

Please enter your comment!
Please enter your name here