ഏകലവ്യന്മാരുടെ വീട്

 പല്ലടര്‍ന്ന മോണകാട്ടി കുമാരന്‍ പാടുന്നു. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി.... വരികളില്‍, കണ്ണില്‍ പ്രണയം. അയാള്‍ കാലത്തെ ഓര്‍ത്തെടുക്കുകയായിരുന്നു

നിധിന്‍ വി. എന്‍.

ഒരു ഗുരുവിന് കീഴിലും സംഗീതമഭ്യസിക്കാതെ സംഗീതത്തിലേക്ക് വന്ന വ്യക്തിയാണ് കുമാരന്‍. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത, സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീതത്തോടുള്ള താല്പര്യമറിയിച്ചാല്‍ പോലും പഠിപ്പിക്കാനാവാത്ത അച്ഛന്റെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു കുമാരന്. വീടിനടുത്തുള്ള ഹോട്ടലുകളിലെ വാള്‍വ് സെറ്റുകളില്‍ നിന്നും കേള്‍ക്കുന്ന ചലച്ചിത്ര ഗാനങ്ങളാണ് കുമാരനെ കുമാരനാക്കിയത്. 67 വയസ്സിനിപ്പുറവും അദ്ദേഹം നിത്യേനെ സഞ്ചരിക്കന്നത് ആ വഴിയിലാണ്. അത്രമേല്‍ പ്രിയമാണ് സംഗീതം. പ്രായം അതിന്റെ അവശതകളാല്‍ തളര്‍ത്തി തുടങ്ങുമ്പോഴും തളര്‍ച്ചയില്ലാതെ അദ്ദേഹം പാടുന്നു. തകര്‍ന്നു പോയ തന്റെ തബല ശരിയാക്കണമെന്ന്, വീണ്ടും പഴയപ്പോലെ പെരുക്കണമെന്ന് ആഗ്രഹിക്കുന്നു. കുമാരന്റെ ആഗ്രഹങ്ങള്‍ ഇത്തരത്തില്‍ നിലം തൊട്ട് നടക്കുന്നു.

ശബ്ദത്തെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് ഗുരുവിന്റെ ആവശ്യമില്ലെന്ന് കുമാരന്‍ അനുഭവങ്ങളെ സാക്ഷിയാക്കി പറയുന്നു. അനുഭവങ്ങള്‍ക്കൊണ്ട് അച്ഛന്റെ വാദത്തെ ശരിവെക്കുന്നുണ്ട് മകന്‍ ജയന്‍. പല്ലടര്‍ന്ന മോണകാട്ടി കുമാരന്‍ പാടുന്നു. "കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി...." വരികളില്‍, കണ്ണില്‍ പ്രണയം. അദ്ദേഹം കാലത്തെ ഓര്‍ത്തെടുക്കുകയായിരുന്നു. തനിക്കൊപ്പം ഗായികയായി നിരവധി വേദികള്‍ പങ്കിട്ട തങ്കം. തന്റെ പ്രണയം. അദ്ദേഹത്തിന് ഓര്‍ക്കാന്‍ ഓര്‍മകളുടെ കുന്നുതന്നെയുണ്ട്. മകനായ ജയന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്താല്‍ മാത്രമാണ് കുമാരന്‍ കൂടുതല്‍ സംസാരിച്ച് തുടങ്ങുന്നത്. തങ്കം തന്റെ ജീവിതപങ്കാളിയായെങ്കിലും പിന്നീട് വളരെ വിരളമായാണ് ഒരുമിച്ചു പാടിയിട്ടുള്ളത്. ഓര്‍മകള്‍ ഇഴമുറിയാതെ കുമാരന്‍ പറഞ്ഞു തുടങ്ങുന്നു. ബുള്‍ബുളളില്‍ 'അണ്ണാറക്കണ്ണാ വാ' എന്ന ഗാന വായിക്കുന്നു. ജോണ്‍ ആടുപാറ എന്ന കാഥികന്റെ കൂടെ 12 വര്‍ഷം തബല ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്തിട്ടുള്ള കുമാരന്‍ നല്ലൊരു നാടക നടന്‍ കൂടിയാണ്. സംഗീതം പ്രാണനായി കൊണ്ടുനടക്കുന്ന കുമാരന്റെ ജീവിത മാര്‍ഗം ബാര്‍ബര്‍ ഷോപ്പ് തന്നെയാണ്. നാടിന്റെ ഹൃദയം തൊട്ടറിഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രയാണങ്ങളില്‍ കരുത്തുപകരാന്‍ എന്തു കൊണ്ടോ ചേലക്കരയ്ക്കായില്ല.

കുമാരന്റെ അതേ പാതയില്‍ തന്നെയാണ് മക്കളായ സത്യനും, ജയനും. രണ്ടുപേരും സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ശബ്ദത്തെ തിരിച്ചറിഞ്ഞുക്കൊണ്ട് സംഗീതലോകത്തേക്ക് വരുകയായിരുന്നു അവര്‍. 10 കഴിഞ്ഞ അവസരത്തില്‍ വയലിന്‍ പഠിക്കാനുള്ള ആഗ്രഹത്താല്‍ ജയന്‍ നാടുവിട്ട് കലാഭവനിലെത്തി. എന്നാല്‍ വയലിന്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഭരതനാട്യം പഠിക്കാനാണ് അവസരമൊരുങ്ങിയത്. വയലിന്‍ പഠിക്കാന്‍ കഴിയാതെ വന്നതോടെ തേവര ജംഗ്ഷനിലുള്ള ഭാരത് ജന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കുകയറി. ഷോപ്പിന് മുകളിലുള്ള അജിമാഷില്‍ നിന്നും 7 സ്വരങ്ങള്‍ കേട്ടറിഞ്ഞ ജയന്‍ അപ്പോള്‍ തന്നെ രാമ രഘുരാമ, പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ എന്നീ കവിതകള്‍ വായിച്ച് കേള്‍പ്പിച്ചു. നീ വയലിന്‍ പഠിച്ചിട്ടുണ്ട് എന്നായിരുന്നു അജിമാഷിന്റെ പ്രതികരണം. അതില്‍പ്പരം സന്തോഷം മറ്റെന്തുണ്ട്? ഇന്നയാള്‍ ഉപയോഗിക്കുന്ന വയലിന്‍ സുഹൃത്തായ സജീവിന്റെയാണ്.

ബാംഗ്ലൂരില്‍ നിന്നും ചെറിയച്ഛന്‍ കൊണ്ടുവന്ന ചിരട്ട വയലിനിലായിരുന്നു ജയന്റെ തുടര്‍ന്നുള്ള പഠനം. വായിക്കാന്‍ ഏറെ പ്രയാസമുള്ള ബുള്‍ബുള്‍ ആണ് കുമാരന്റേയും മകന്‍ ജയന്റേയും ഇഷ്ട വാദ്യോപകരണം. അച്ഛന്‍ വായിക്കുന്നത് കണ്ട് പഠിക്കുകയായിരുന്നു ജയന്‍. പെയിന്റിംഗ് തൊഴിലാളിയായ ജയന്‍ നന്നായി വരക്കും. കീബോര്‍ഡ്, മൗത്ത് ഓര്‍ഗന്‍, വയലിന്‍, ഫ്ലൂട്ട്, മെലോഡിക എന്നിങ്ങനെ ജയന്‍ കഴിവുതെളിയിച്ച മേഖലകള്‍ നീണ്ട് കിടക്കുകയാണ്. അമ്മയുടെ അനിയന്‍ രവീന്ദ്രനാണ് ഫ്ലൂട്ടില്‍ ഏറ്റവും പ്രചോദനം നല്‍കിയത്. അദ്ദേഹം ഫ്ലൂട്ട് വായിക്കുന്നത് കണ്ടിട്ട് പി വി സി പെപ്പ് കട്ട് ചെയ്ത് പഠിച്ചത് ജയന്‍ ഓര്‍ത്തെടുക്കുന്നു. ആഗ്രഹങ്ങള്‍ ഏറെയുണ്ടെങ്കിലും അച്ഛനൊപ്പം വേദികള്‍ പങ്കിടണം എന്നയാള്‍ പറയുന്നു. അതിന് നല്ല കീബോര്‍ഡ് വേണം, തബല റെഡിയാക്കണം, സാക്സ് ഫോണും വയലിനും (ഇലക്ട്രിക്കൽ) ആവശ്യമാണ്. ഇതിനിടയില്‍ ഉപജീവനം നടക്കണം. പഠിക്കാന്‍ ഏറെയുണ്ടെന്ന് ജയനറിയാം. അയാള്‍ സഞ്ചരിക്കുന്നത് ആ വഴിയിലൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *