പാലസ്തീന്‍ – ഉണങ്ങാത്ത അധിനിവേശ മുറിവ്

0
194

(ലേഖനം)

സുജിത്ത് കൊടക്കാട്

ലോകത്തിലെ ഏറ്റവും സുശക്തമായ ചാരസംഘടന മൊസാദിന്റെ കണ്ണുവെട്ടിച്ചാണ് ഹമാസ് ഇസ്രായേല്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയതും ആക്രമണം നടത്തിയതും. ഇതോടെ ഹമാസിന്റെ ഏകപക്ഷീയമായ അക്രമമായി പലരും ഇതിനെ നോക്കിക്കാണുകയാണ്. എന്നാല്‍ നൂറ്റാണ്ടുകളായി പരിഹരിക്കപെടാത്ത ഒരു വലിയൊരു പ്രശ്‌നത്തിന്റെ ചെറിയൊരധ്യായം മാത്രമാണിപ്പോള്‍ അരങ്ങേറുന്നത്. സാമൂഹ മാധ്യമങ്ങള്‍ പോലും ഇസ്രായേല്‍ – പാലസ്തീന്‍ ചേരികളായി പോരടിക്കുമ്പോഴും യഥാര്‍ത്ഥ പ്രശ്‌നം പലര്‍ക്കും അറിയില്ല.

എന്താണ് പാലസ്തീന്‍ – ഇസ്രായേല്‍ ചരിത്രം?

ആദ്യം തന്നെ സൂചിപ്പിക്കട്ടെ പാലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നമെന്നത് ചിലരെങ്കിലും കരുതുന്നതുപോലെ ഒരു മതപരമായ പ്രശ്‌നമല്ല. യഥാര്‍ത്ഥത്തിലിത്
രാഷ്ട്രീയപരമായതും ദേശീയതയില്‍ ഊന്നി നില്‍ക്കുന്നതുമായ വിഷയമാണ്. ലോകചരിത്രത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവും സങ്കീര്‍ണവും പരിഹരിക്കപ്പെടാന്‍ പറ്റാത്തതുമായ വിഷയമാണ് പാലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം. ലോകത്തിലാകമാനം 19, 20 നൂറ്റാണ്ടുകളിലുണ്ടായ കോളനിവല്‍ക്കരണവും സാമ്രാജ്യത്വ അധിനിവേശവും ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ലോകമഹായുദ്ധങ്ങളുമാണ് പാലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകിയത്. വിവിധ ജനതകളും സാമ്രാജ്യങ്ങളും പൗരാണിക കാലം മുതല്‍ പാലസ്തീനില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഈജിപ്ഷ്യന്മാര്‍, അസീറിയന്‍മാര്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നവരാണ്. 1516 ലാണ് ഓട്ടോമന്‍ തുര്‍ക്കികള്‍ പാലസ്തീന്‍ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അന്ത്യഘട്ടത്തിലാണ് ജൂതന്മാര്‍ പാലസ്തീനിലേക്ക് കുടിയേറ്റം നടത്തുന്നത്. ഈ കടന്നുവരവാണ് പാലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ തുടക്കം.

ബൈബിള്‍ പ്രകാരം ജൂത ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയാണ് പാലസ്തീന്‍ ഉള്‍പ്പെടുന്ന ഇസ്രായേല്‍ രാജ്യം. സത്യം പറഞ്ഞാല്‍ വേദപുസ്തകത്തിലെ ഒരു സങ്കല്‍പം മാത്രമായിരുന്നു ഇസ്രായേലെന്നത്. 1948 വരെ അങ്ങനെയൊരു രാജ്യമേ ഈ ഭൂമിയിലില്ല. ജൂതന്മാര്‍ക്ക് ഒരു സ്വതന്ത്ര ജൂതരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് ആക്കം കൂട്ടിയത് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണമാണ്. ഹംഗേറിയന്‍ എഴുത്തുകാരനായ തിയോഡര്‍ ഹെര്‍സലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. ഒന്നാം ലോക മഹായുദ്ധ കാലത്താണ് ഇസ്രായേലെന്ന ജൂത രാഷ്ട്രത്തിന്റെ പിറവിക്കാധാരമായ സംഭവങ്ങള്‍ നടക്കുന്നത്.

ബ്രിട്ടന്റെ കുടില തന്ത്രവും ബാല്‍ഫര്‍ പ്രഖ്യാപനവും

ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ ജൂതന്മാര്‍ സഹായിക്കുകയാണെങ്കില്‍ നിലവില്‍ പാലസ്തീന്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ഒരു ജൂതരാഷ്ട്രം സ്ഥാപിച്ചു നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം നല്‍കുന്നു. തദ്ദേശീയരുടെയോ അറബികളുടെയോ സമ്മതമോ അറിവോ കൂടാതെയാണ് ബ്രിട്ടന്‍ ഈ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതേ കാലഘട്ടത്തില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും അവരെ ദുര്‍ബലപ്പെടുത്തുകയും ചെയ്താല്‍ ഒരു അറബ് രാഷ്ട്രം രൂപപ്പെടുത്തി നല്‍കാമെന്ന് ബ്രിട്ടന്‍ അറബികള്‍ക്കും വാഗ്ദാനം നല്‍കി. ഇതേസമയം പാലസ്തീനിലെ ജനവിഭാഗങ്ങള്‍ക്ക് ഒരു സ്വതന്ത്ര രാഷ്ട്രം നല്‍കാമെന്ന വാഗ്ദാനവും ബ്രിട്ടന്‍ നല്‍കുന്നുണ്ട്.

ഒരു പ്രദേശം 3 വാഗ്ദാനങ്ങള്‍

ഒരു പക്ഷേ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ബ്രിട്ടന്റെ കുടിലന്ത്രങ്ങളുടെ പരിണിത ഫലമാണ് പാലസ്തീന്‍ – ഇസ്രായേല്‍ പ്രശ്‌നമെന്ന് നമുക്ക് വ്യാഖ്യാനിക്കാം. ഒന്നാം ലോകയുദ്ധത്തില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ പരാജയപ്പെട്ടതോടെ പാലസ്തീന്‍ ബ്രിട്ടന്റെ അധീനതയിലായി. ഇതോടെ സയണിസ്റ്റ് പ്രസ്ഥാനം ജൂത രാഷ്ട്രത്തിനായുള്ള സമ്മര്‍ദ്ദം ബ്രിട്ടനു മേല്‍ ചെലുത്തി. 1917 നവംബര്‍ 2ന് പലസ്തീന്‍ ജനതയെയും അറബ് രാജ്യങ്ങളെയും ഞെട്ടിച്ചുകൊണ്ട് ബാല്‍ഫര്‍ പ്രഖ്യാപനം വന്നു. പാലസ്തീന്‍ രാജ്യത്ത് ഒരു സ്വതന്ത്ര ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള ബ്രിട്ടന്റെ പിന്തുണയായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫറാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എന്തിനേറെ പറയുന്നു കൊച്ചിയില്‍ നിന്നു പോലും പലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിയെത്തി.

ഐക്യരാഷ്ട്ര സഭയുടെ ചതിയും ഇസ്രായേലിന്റെ രൂപീകരണവും

1878 ല്‍ 24,000 ജൂതന്മാരായിരുന്നു പാലസ്തീനിലുണ്ടായിരുന്നത്. 1918 ലത് മൂന്നു ലക്ഷമായി മാറി. 1878 ലെ ചരിത്രരേഖകള്‍ പ്രകാരം ഈ പ്രദേശത്ത് 80 ശതമാനം മുസ്ലീങ്ങളും 10 ശതമാനം കൃസ്ത്യാനികളും മൂന്ന് ശതമാനം ജൂതന്മാരുമാണ് അധിവസിച്ചിരുന്നത്.നിയന്ത്രണമില്ലാത്ത ജൂതകുടിയേറ്റമാണ് സയണിസ്റ്റ് – പാലസ്തീന്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. കുടിയേറ്റത്തിന്റെ ആദ്യ ദശകങ്ങളില്‍ എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതിരുന്ന തദ്ദേശീയരായ പലസ്തീനികള്‍ നിയന്ത്രണമില്ലാത്ത കുടിയേറ്റത്തെ ശക്തമായി എതിര്‍ത്തു. 1909 മുതല്‍ വിഭവങ്ങള്‍ക്ക് വേണ്ടിയും ഭൂമിക്കു വേണ്ടിയും ഇവര്‍ പരസ്പരം പോരാടി.
തങ്ങള്‍ ഈ കാലമത്രയും താമസിച്ച ഭൂമിയും ഈ കാലമത്രയും അനുഭവിച്ച വിഭവങ്ങളും എവിടെ നിന്നോ വന്ന വിദേശികള്‍ കൈപ്പിടിയിലാക്കുമ്പോള്‍ പലസ്തീനികള്‍ പ്രതിഷേധിച്ചു. അപ്പോഴും വിശുദ്ധ പുസ്തകത്തില്‍ എഴുതിവെച്ച ജൂത രാഷ്ട്ര സ്വപ്നത്തിന് സാക്ഷാത്കാരം തേടുകയായിരുന്നു സയണിസ്റ്റുകള്‍.
തദ്ദേശീയരായ പാലസ്തീനികളുടെ എതിര്‍പ്പിനെ ബ്രിട്ടീഷ് പിന്തുണയോടുകൂടി സയണിസ്റ്റുകള്‍ അടിച്ചമര്‍ത്തി. 1930 – 35 കാലഘട്ടമാകുമ്പോഴേക്കും ജൂത കുടിയേറ്റം ശക്തമായി. ജര്‍മനിയിലെയും പോളണ്ടിലെയും ഹിറ്റ്‌ലറുടെ ജൂത വേട്ടയാണ് ഇതിന് കാരണമായത്. ഈ കാലഘട്ടത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ജൂതന്മാരാണ് പാലസ്തീനില്‍ എത്തിയത്. ഓരോ വര്‍ഷം കഴിയുന്തോറും ഈ കുടിയേറ്റം വര്‍ദ്ധിച്ചു. 1947 ല്‍ രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടന്‍ പാലസ്തീനില്‍ നിന്നും പിന്മാറി. ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക നഷ്ടം പാലസ്തീന്‍ പോലൊരു പ്രശ്‌നബാധിത മേഖലയെ കയ്യടക്കി വെക്കുന്നതില്‍ നിന്നും ബ്രിട്ടനെ പിന്തിരിപ്പിച്ചു എന്നതാണ് സത്യം.

പാലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന നിര്‍ദേശവും ബ്രിട്ടന്‍ മുന്നോട്ടുവെച്ചു. ഈ വിഷയത്തിലിടപെട്ട ഐക്യരാഷ്ട്രസഭ ഒരു വിഭജന കരാര്‍ മുന്നോട്ടുവച്ചു. എന്നാല്‍ ഈ കരാറിനെ സിയോണിസ്റ്റുകള്‍ അംഗീകരിക്കുകയും പാലസ്തീനികള്‍ എതിര്‍ക്കുകയും ചെയ്തു. 32 ശതമാനം വരുന്ന ജൂതന്മാര്‍ക്ക് 56 ശതമാനം ഭൂമിയും, 68 ശതമാനം വരുന്ന അറബികള്‍ക്ക് 42 ശതമാനം ഭൂമിയും നല്‍കിക്കൊണ്ടുള്ള കരാറായിരുന്നു ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ചത്. സയണിസ്റ്റുകളുടെ സംബന്ധിച്ച് എന്തും ലാഭമാണ്. സ്വപ്നത്തില്‍ മാത്രം കണ്ടു കൊണ്ടിരുന്ന ഒരു ജൂത രാഷ്ട്രമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. അതും പാലസ്തീന്റെ മണ്ണില്‍. തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന ഏകപക്ഷീയമായ വിഭജനത്തെ പാലസ്തീനികള്‍ എതിര്‍ത്തു കൊണ്ടിരുന്നു. സയണിസ്റ്റുകള്‍ UN കരാറിനെ അംഗീകരിച്ചതിന്റെ ഭാഗമായി 1948 മെയ് മാസം 14 ആം തീയതി ലോകത്തിലെ ആദ്യത്തെ ജൂതരാഷ്ട്രം പിറവികൊണ്ടു. ഇസ്രായേല്‍.

ഇതേ സമയം പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതേ വര്‍ഷം തന്നെ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, ലെബനന്‍, ഇറാക്ക് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. എന്നാല്‍ ഈ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിച്ചു. ജെറുസലേമിനടുത്തുള്ള ദിര്‍ യാസീനില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ തുടര്‍ന്ന് 95 ശതമാനം തദ്ദേശീയരായ പലസ്തീനികളും നാടുവിട്ടു. ഇസ്രായേല്‍ കയ്യടക്കിയ പ്രദേശങ്ങളില്‍ നിന്നും ഏകദേശം മൂന്നുലക്ഷം പലസ്തീനികള്‍ ഒന്നുമില്ലാത്ത അഭയാര്‍ഥികളായി മാറി. പലസ്തീനിലെ അറബ് ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഇസ്രായേല്‍ അധീന പ്രദേശങ്ങളില്‍ നിന്ന് ഓടി പോവുകയോ തുരത്തപ്പെടുകയോ ചെയ്തു. ശേഷിച്ചവര്‍ ഇസ്രായേല്‍ പൗരന്മാരായി തുടര്‍ന്നു. ഫലസ്തീന്‍ വിഷയം ഒരാഗോള പ്രശ്നമായി മാറിയപ്പോള്‍ യുഎന്‍ ഇടപെട്ടു. സ്വീഡിഷ് രാഷ്ട്രതന്ത്രജ്ഞനായ കൗണ്ട് ബര്‍നാദോത്ത് ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നത്തിന് അറുതിവരുത്താന്‍ നിയോഗിക്കപ്പെട്ടു. താല്‍ക്കാലികമായി വെടിനിര്‍ത്തലുണ്ടായെങ്കിലും ബര്‍ണാദോത്തിനെ ഒരു ജൂത ഭീകര പ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു. അതിന്റെ ഭാഗമായി പ്രശ്നം വീണ്ടും വഷളായി. പിന്നീട് നടന്ന പല യുദ്ധങ്ങളിലൂടെയും കയ്യേറ്റങ്ങളിലൂടെയും ഇസ്രായേല്‍ പാലസ്തീന്‍ രാഷ്ട്രത്തെ വിഴുങ്ങി കൊണ്ടേയിരുന്നു. 1950-ലാണ് ഇസ്രായേലില്‍ മടങ്ങിപ്പോക്ക് നയം പ്രഖ്യാപിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള യഹൂദരെ അല്ലെങ്കില്‍ ജൂതരെ ഇസ്രായേലിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നയമായിരുന്നു ഇത്. പത്തുലക്ഷം യഹൂദരാണ് ഈ നയത്തിന്റെ ഭാഗമായി ഇസ്രായേലില്‍ എത്തിച്ചേര്‍ന്നത്.ഫലസ്തീന് വേണ്ടി മാറ്റിവെച്ച ഗാസയിലും വെസ്റ്റ് ബാങ്കിലുമാണ് ഇങ്ങനെ എത്തിച്ചേര്‍ന്നരെ ഇസ്രായേല്‍ അധിവസിപിച്ചത്. തല്‍ഫലമായി പ്രദേശവാസികളായ ഫലസ്തീനികള്‍ക്ക് അവിടെനിന്നും പലായനം ചെയ്യേണ്ടി വന്നു.

PLO (പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍)

അസഹനീയമായ ഇസ്രായേല്‍ ആധിപത്യത്തെ ചെറുക്കുന്നതിനായാണ് 1964 ല്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അല്ലെങ്കില്‍ PLO സ്ഥാപിക്കുന്നത് . PLO യുടെ ചെയര്‍മാനായി 1969 ല്‍ അവരോധിക്കപ്പെട്ട യാസര്‍ അറാഫത്ത് PLO യെ സുശക്തമായ സംഘടനയാക്കി മാറ്റി. PLO ബാല്‍ഫര്‍ പ്രഖ്യാപനത്തെ പൂര്‍ണമായും തള്ളി. ജൂതര്‍ ഒരു മതം മാത്രമാണെന്നും അതൊരു രാഷ്ട്രമല്ലെന്നും പ്രഖ്യാപിച്ചു. പാലസ്തീനു വേണ്ടി ആയുധമെടുത്ത് പോരാടുന്നതില്‍ തെറ്റില്ലെന്നും PLO വിളിച്ചുപറഞ്ഞു. പശ്ചിമേഷ്യക്ക് പുറത്ത് PLO യെ അംഗീകരിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. അപ്പോഴും അമേരിക്കയും സഖ്യശക്തികളും PLO യെ ഭീകരസംഘടനയായി കണക്കാക്കി. ഇസ്രായേലിന്റെ തുടരെത്തുടരെയുള്ള വിജയവും 1973-ലെ യോംകിപൂര്‍ യുദ്ധ പരാജയവും അറബ് ശക്തികളെ പിന്നോട്ടേക്ക് വലിച്ചു. പിന്നീടുള്ള പോരാട്ടങ്ങള്‍ പാലസ്തീന്‍ ജനതയും ഇസ്രായേലും നേരിട്ടായി. പി എല്‍ ഒ ഇതിന് നേതൃത്വം നല്‍കി. അപ്പോഴും അറബ് രാജ്യങ്ങളേയും പലസ്തീനെയും യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ ആക്രമിച്ചു കൊണ്ടേയിരുന്നു. 1981 ലെ ഇറാക്ക് ആക്രമണവും 1982ലെ ലെബനന്‍ അക്രമണവും ഇതിന് ഉദാഹരണമാണ്. പില്‍ക്കാലത്ത് ഇസ്രായേല്‍ പ്രധാനമന്ത്രിയായ അന്നത്തെ രാജ്യരക്ഷാ മന്ത്രി ഏരിയല്‍ ഷാരോണാണ് ഇതിന് നേതൃത്വം നല്‍കിയത്.ഇറാഖിനും ലെബനനും എതിരെ നടന്ന ഇസ്രായേല്‍ കടന്നാക്രമണങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തിന്റെ ഫലമായി 1980 കളില്‍ ഇന്‍തിഫാദ എന്ന സംഘടന രൂപംകൊണ്ടു. ചെറുത്തുനില്‍പ്പ്, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നൊക്കെയാണ് ഇന്‍തിഫാദയുടെ അര്‍ത്ഥം. അറബിയില്‍ കുടഞ്ഞു കളയുക എന്ന അര്‍ത്ഥം കൂടിയുണ്ട്.അതായത് ഇസ്രായേലികള്‍ തങ്ങളുടെമേല്‍ പുരണ്ട അഴുക്കാണെന്നും അതിനെ കുടഞ്ഞു കളയുമെന്നും പാലസ്തീനുകള്‍ ഇതിലൂടെ പ്രഖ്യാപിച്ചു. ഇന്‍തിഫാദക്ക് വെസ്റ്റ് ബാങ്കില്‍ പി എല്‍ ഓ-യും ഗാസ പ്രദേശത്ത് ഹമാസും നേതൃത്വം നല്‍കി. കല്ലുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയില്‍ തുടങ്ങിയ പാലസ്തീന്‍ അക്രമണങ്ങള്‍ക്ക് താമസിയാതെ റൈഫിളും ഹാന്‍ഡ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും കൂട്ടു ചെല്ലുന്നു. ഇസ്രയേലി സൈന്യം പ്രത്യാക്രമണം കടുപ്പിക്കുന്നതിനനുസരിച്ച് പലസ്തീനികള്‍ ആയുധങ്ങള്‍ മാരകമാക്കികൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഇന്‍തിഫാദയില്‍ പങ്കാളികളായി.ഇസ്രായേല്‍ അധിനിവേശ ടാങ്കുകളെ പാലസ്തീന്‍ കുട്ടികള്‍ കല്ലുകൊണ്ട്‌നേരിട്ടു. ഈ മുന്നേറ്റം വലിയൊരു യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പ്രശ്‌നത്തില്‍ അമേരിക്ക ഇടപെട്ടു. യാസര്‍ അറാഫത്തും പി എല്‍ ഓയും അക്രമത്തെ തള്ളിപ്പറഞ്ഞു. PLO യുടെ വിട്ടുവീഴ്ച ഓസ്ലോ കരാറിലേക്ക് നയിച്ചു. 1967ല്‍ ഇസ്രായേല്‍ കയ്യേറിയ പ്രദേശങ്ങളില്‍നിന്ന് പിന്മാറുകയും ഗാസയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഒരു സ്വയംഭരണ സര്‍ക്കാറുണ്ടാക്കാന്‍ പാലസ്തീന് അനുവാദം നല്‍കുന്നതുമായിരുന്നു ഓസ്ലോ കരാര്‍. ഇരുവിഭാഗവും അവകാശവാദമുന്നയിക്കുന്ന ജറുസലേമിനെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നും കരാറില്‍ പറഞ്ഞുവെച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ആയിരുന്ന ഇസ്ഹാഖ് റബിനും പി എല്‍ ഓ നേതാവ് യാസര്‍ അറഫാത്തും ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഷിമോഗ പ പെരെസും അമേരിക്കയുടെ മധ്യസ്ഥതയില്‍ നോര്‍വേ തലസ്ഥാനമായ ഓസ്ലോ യില്‍ വച്ച് നടത്തിയ ചര്‍ച്ചകളാണ് ഓസ്ലോ കരാറിന്റെ പിറവിക്കാധാരം. 1993 സെപ്റ്റംബര്‍ 13 നാണ് ഓസ്ലോ കരാര്‍ ജനിക്കുന്നത്. എന്നാല്‍ കരാറൊപ്പിട്ട നാളില്‍ തന്നെ ഇസ്രായേല്‍ ഗാസ യിലേക്ക് മിസൈല്‍ ആക്രമണം നടത്തി. മാത്രമല്ല രണ്ടുവര്‍ഷത്തിനകം കരാറിന് നേതൃത്വം നല്‍കിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസാക്ക് റബിനെ ഇസ്രായേല്‍ വലതുപക്ഷ തീവ്രവാദി കൊലപ്പെടുത്തി. ഇതോടെ ഓസ്ലോ കരാറില്‍ താളപ്പിഴകളുണ്ടായി.

ഹമാസ് ശക്തമാകുന്നു

ഈ സമയത്താണ് പാലസ്തീനില്‍ 1987 ല്‍ രൂപംകൊണ്ട ഹമാസ് ശക്തിപ്പെടുന്നത്. പാലസ്തീന്‍ വിഷയത്തില്‍ PLO യേക്കാള്‍ തീവ്ര നിലപാടാണ് ഹമാസ് സ്വീകരിച്ചത്. 1967 ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ മാത്രം തിരികെ നല്‍കിയാല്‍ മതിയെന്ന ഓസ്ലോ കരാറിനെയും പി എല്‍ ഓ യെ യും ഹമാസ് അംഗീകരിച്ചില്ല. തങ്ങള്‍ക്ക് അവകാശപ്പെട്ട പാലസ്തീന്‍ പൂര്‍ണ്ണമായും വിട്ടുകിട്ടണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് 2007 ല്‍ ഗാസാ മുനമ്പ് ഹമാസ് പിടിച്ചെടുക്കുകയും ചെയ്തു. ഇരുവിഭാഗങ്ങളും അവകാശവാദമുന്നയിക്കുന്ന ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്കയും ചില സഖ്യശക്തികളും അംഗീകരിച്ചത് ഹമാസുകളെ ചൊടിപ്പിച്ചു. മാത്രവുമല്ല അന്താരാഷ്ട്ര സമൂഹവും ഇത് അംഗീകരിച്ചില്ല. ഇവര്‍ ടെല്‍ അവീവിനെയാണ് ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത്.

ജറുസലേം

ലോകത്തിലെ പ്രധാന 3 മതവിഭാഗങ്ങളുടെ പുണ്യ കേന്ദ്രം കൂടിയാണ് ജെറുസലേം. മുസ്ലീങ്ങളെ സംബന്ധിച്ച് അല്‍ – അക്‌സ എന്ന് മോസ്‌ക്കാണ് ജറുസലേമിനെ വിശുദ്ധമാക്കുന്നത്. മക്കാ, മദീന കഴിഞ്ഞാല്‍ മുസ്ലീങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ഇടമായാണ് ജറുസലേമിനെ ഇവര്‍ പരിഗണിക്കുന്നത്. യേശുക്രിസ്തു കുരിശിലേറ്റപ്പെട്ട സ്ഥലമായാണ് ജറുസലേമിനെ ക്രിസ്തുമത വിശ്വാസികള്‍ നോക്കിക്കാണുന്നത്. ജൂത മതത്തെ സംബന്ധിച്ച് ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടു മുതല്‍ യഹൂദരുടെ ആത്മീയ കേന്ദ്രമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ ഐക്യരാഷ്ട്ര സഭയും ജറുസലേമിനെ ഒരു രാജ്യത്തിനും നല്‍കാതെ അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്ഥലമായി നിലനിര്‍ത്തുകയാണ് ചെയ്തത്. ഇവിടെയാണ് ഇസ്രായേല്‍ ഏകപക്ഷീയമായി ഇടപെടുന്നത്. മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ കേന്ദ്രമായ അല്‍ അക്‌സ പള്ളിയിലേക്ക് പ്രാര്‍ത്ഥന നടത്തുവാന്‍ വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നിയമം ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായതാണ് 2021 ലെ ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. മാത്രവുമല്ല ഇതേ ജറുസലേമില്‍ ജൂത ദേവാലയമായ സിനഗോഗ് പണി കഴിപ്പിക്കാനുള്ള ശ്രമം ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം എന്ന ചര്‍ച്ചകളും അവിടെ നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാര്‍ത്ഥനാ വിലക്കും സിനഗോഗ് നിര്‍മ്മാണം എന്ന ചര്‍ച്ചയും ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്‌നത്തെ ഇന്ന് കാണുന്ന രീതിയില്‍ വീണ്ടും വഷളാക്കി. അക്രമണങ്ങളും തിരിച്ചടികളും ഇസ്രായേല്‍ – പാലസ്തീന്‍ രാജ്യങ്ങളെ വീണ്ടും യുദ്ധഭൂമിയാക്കി മാറ്റുകയാണ്. അവകാശപ്പെട്ട മണ്ണ് സ്വന്തമാക്കാതെ ഒരടി പിന്നോട്ട് പിന്നോട്ട് പോകില്ലെന്ന് പാലസ്തീന്‍ ജനതയും, വേദപുസ്തകത്തില്‍ പറഞ്ഞ ജൂത രാഷ്ട്രത്തില്‍ നിന്ന് അര കഴഞ്ചുപോലും വിട്ടു നല്‍കില്ലെന്ന് ഇസ്രായേലും ശാഠ്യം പിടിക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ കാഹളം മുഴങ്ങുകയാണ്.

ഒരു കഥ പറയട്ടെ…

നമ്മള്‍ കുടുംബത്തോടൊപ്പം വളരെ സമാധാനത്തോടെ ജീവിച്ചു കൊണ്ടിരിക്കുമ്പോള്‍ രണ്ടുപേര്‍ വീട്ടിലേക്ക് വന്നു പറയുകയാണ് ഈ വീടും പുരയിടവും നില്‍ക്കുന്ന പ്രദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടേതായിരുന്നെന്ന്. അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെനിന്ന് ഇറങ്ങേണ്ടതാണ്. കയ്യേറ്റക്കാരോട് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നമ്മള്‍ പുറത്താക്കപ്പെടുന്നു. അപ്പോഴാണ് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഒരു സംഘം സ്ഥലത്തെത്തുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കയ്യേറ്റക്കാരുടെ പൂര്‍വ്വികര്‍ ആ പ്രദേശത്ത് താമസിച്ചിരുന്നു എന്ന കാരണത്താല്‍ ഭൂമി വീതം വെച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് മധ്യസ്ഥന്‍ പറഞ്ഞു വെക്കുന്നു. ഭൂമിയെ വെട്ടി മുറിക്കുമ്പോള്‍ 60 ശതമാനം ഭൂമി കയ്യേറ്റകാര്‍ക്കും 40 ശതമാനം ഭൂമി നമുക്കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. കയ്യേറ്റക്കാര്‍ ആ വ്യവസ്ഥ അങ്ങനെ തന്നെ അംഗീകരിക്കുന്നു .കാരണം അവരെ സംബന്ധിച്ച് എന്തും ലാഭമാണ്. പക്ഷേ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളും ആത്മാഭിമാനമുള്ളവരുമായ നമ്മള്‍ ആ മധ്യസ്ഥ വ്യവസ്ഥ അംഗീകരിക്കുന്നില്ല. പക്ഷേ ഇതൊന്നും മധ്യസ്ഥക്കാരെയൊ കയ്യേറ്റകാരെയൊ ബാധിക്കുന്ന വിഷയമേ അല്ലായിരുന്നു. നമ്മുടെ സമ്മതം കൂടാതെ തന്നെ ഏകപക്ഷീയമായി അവര്‍ ഭൂമി സ്വന്തമാക്കുന്നു. അലിവു തോന്നിയ നമ്മുടെ കൂട്ടുകാര്‍ നമ്മുടെ വീടും പുരയിടവും പിടിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ പരാജപ്പെടുന്നു. പക്ഷെപരാജയപ്പെട്ടത് കൊണ്ട് മാത്രം ആ ഭൂമിയും പുരയിടവും നമ്മുടെതല്ലാതാകുന്നില്ല. നമ്മുടെ ഭൂമി സ്വന്തമാക്കുന്നതുവരെ നമ്മള്‍ പോരാട്ടം നടത്തി കൊണ്ടേയിരുന്നു. അതിനിടെ ഇരു കൂട്ടരും വീണ്ടും മധ്യസ്ഥതയ്ക്ക് തയ്യാറാവുന്നു. നേരത്തെ പറഞ്ഞ വ്യവസ്ഥയില്‍ ഭൂമി നല്‍കിയാല്‍ മതിയെന്ന് നമ്മള്‍ സമ്മതിക്കുന്നു. പ്രശ്‌നം പരിഹരിച്ച സന്തോഷത്തില്‍ തിരികെയെത്തുമ്പോഴേക്കും നമ്മളിപ്പോള്‍ താമസിക്കുന്ന പുരയിടവും കയ്യേറ്റക്കാര്‍ ആക്രമിക്കുന്നു. മാത്രവുമല്ല ഈ മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കിയ അവരുടെ കൂട്ടത്തില്‍പെട്ട ഒരാളെ അവര്‍തന്നെ കൊന്നുകളയുന്നു. നമ്മള്‍ വീണ്ടും വീണ്ടും പോരാട്ടം നടത്തി കൊണ്ടിരിക്കുന്നു. ഞാനിപ്പോള്‍ പറഞ്ഞത് ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ കഥയല്ല. പാലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നമാണ്.

1948 ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന്, 17 നൂറ്റാണ്ടുകള്‍ക്കുമുമ്പ് അതായത് 1700 വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങളുടെ പൂര്‍വികരായ ജൂതന്മാര്‍ ആ പ്രദേശത്ത് താമസിച്ചിരുന്നു എന്ന അവകാശവാദത്തില്‍മേലാണ് ഇസ്രയേല്‍ എന്ന രാഷ്ട്രം കെട്ടിപ്പൊക്കിയത്. 1700 വര്‍ഷം മുന്‍പ് നമ്മുടെ പൂര്‍വികര്‍ ഇവിടെ ജീവിച്ചിരുന്നെന്നും ഈ ഭൂമി ഞങ്ങളുടേതാണെന്നും ഒരു കൂട്ടര്‍ അവകാശപ്പട്ടാല്‍ നിങ്ങളെന്ത് ചെയ്യും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍ നിന്ന് വന്ന നീഗ്രോയിഡുകളുടെ പിന്മുറക്കാരാണ് ദ്രാവിഡറെന്ന് ചരിത്രം അടയാളപ്പെടുത്തുന്നുന്നുന്നുണ്ട്. ഇന്ത്യയിലെ ദ്രാവിഡര്‍ ആഫ്രിക്കയില്‍ പോയി അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. മറ്റൊരായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈഴത്തില്‍ നിന്ന് വന്നവരാണ് കേരളത്തിലെ ഈഴവര്‍ എന്ന് ചില ചരിത്രപുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈഴമെന്നാല്‍ ഇന്നത്തെ ശ്രീലങ്ക എന്നു കരുതി കേരളത്തിലെ ഈഴവര്‍ ശ്രീലങ്കയില്‍ പോയി അവകാശം സ്ഥാപിക്കുമോ?

ഈ പറഞ്ഞ കാര്യങ്ങളൊന്നും നമുക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ. എന്നാല്‍ ആധുനിക രാഷ്ട്ര സങ്കല്പങ്ങള്‍ രൂപപ്പെട്ടതിനു ശേഷം, വെറും 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം നടന്ന ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൈയേറ്റത്തിന്റേയും നെറികേടിന്റെയും ഫലമായി ജനിച്ച രാഷ്ട്രമാണ് ഇസ്രായേല്‍. 1948 ലെ UN മധ്യസ്ഥത പ്രകാരം കിട്ടുന്നതും വാങ്ങി പോയിട്ടുണ്ടെങ്കില്‍ പലസ്തീന് ഈ ഗതി വരുമോ എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ 1948 ല്‍ ഭൂമി വീതം വെച്ചതിലെ ഐക്യരാഷ്ട്രസഭയുടെ നെറികെട്ട പക്ഷ പാതിത്വത്തെ ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. ആകെ ജനസംഖ്യയുടെ അനുപാതത്തിലെങ്കിലും അന്ന് ഭൂമി വീതം വെക്കാമായിരുന്നു. അല്ലെങ്കില്‍ ഫിഫ്റ്റി ഫിഫ്റ്റി ഓപ്ഷനെങ്കിലും സ്വീകരിക്കാമായിരുന്നു. എന്നാല്‍ 32 ശതമാനം മാത്രം വരുന്ന ജൂതന്മാര്‍ക്ക് 56 ശതമാനം ഭൂമിയും 68 ശതമാനം വരുന്ന ഫലസ്തീനികള്‍ക്ക് വെറും 42% ഭൂമിയുമാണ് യുഎന്‍ വാഗ്ദാനം ചെയ്തത്. ഇസ്രായേലികള്‍ ഇത് അംഗീകരിച്ചെങ്കിലും ഫലസ്തീനികള്‍ ഈ മധ്യസ്തതയെ എതിര്‍ത്തു. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളുടെ ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു ഈ മധ്യസ്ഥതയിലെ വ്യവസ്ഥകള്‍. അവര്‍ ഭൂമിക്കു വേണ്ടിയും ആത്മാഭിമാന സംരക്ഷണത്തിനും യുദ്ധം ചെയ്തു കൊണ്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ യുദ്ധങ്ങള്‍ പരാജയപ്പെട്ടു.

പരാജയപ്പെട്ടാലെങ്കിലും ഇക്കൂട്ടര്‍ക്ക് അടങ്ങി നിന്നു കൂടെ?

അങ്ങനെ പരാജയപ്പെടുമ്പോഴെല്ലാം അടങ്ങി നില്‍ക്കാന്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യ മഹാരാജ്യം ഇങ്ങനെയാകുമായിരുന്നോ?
1947-ല്‍ ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് വരെ നമ്മള്‍ നടത്തിയ ബഹുഭൂരിപക്ഷം സമരങ്ങളെയും പോരാട്ടങ്ങളെയും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തുകയായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അവയെല്ലാം പരാജയമായിരുന്നു. എന്തിനേറെ പറയുന്നു 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പരാജയപ്പെട്ടിട്ടും നാം പോരാട്ടം തുടരുകയായിരുന്നില്ലേ. എന്നിട്ടും 90 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു നമുക്ക്. ചെങ്കോട്ടയില്‍ ബ്രിട്ടീഷുകാരന്റെ യൂണിയന്‍ ജാക്ക് വലിച്ചു താഴ്ത്തി ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തി കെട്ടാന്‍.

നമുക്ക് വീണ്ടും ഫലസ്തീനിലേക്ക് തന്നെ മടങ്ങി വരാം. ഇസ്രായേല്‍ അനുകൂലിക വാദികളുടെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യമിതാണ്, ഹമാസ് എന്തിനാണ് ഇസ്രായേലിന്‍ മേല്‍ പൂര്‍ണ്ണമായും അവകാശവാദം ഉന്നയിക്കുന്നത്? എന്നാല്‍ ഇതേ ചോദ്യം തിരിച്ചും ബാധകമല്ലേ? ഇസ്രായേല്‍ എന്തിനാണ് പാലസ്തീനെ മുഴുവന്‍ കൈക്കലാക്കുന്നത്? ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര പ്രാധാന്യമുള്ള സ്ഥലമായി പരിഗണിച്ച, ജൂത, ക്രിസ്ത്യന്‍ – ഇസ്ലാം ജനവിഭാഗങ്ങളുടെ പുണ്യ ഭൂമിയായി കരുതുന്ന ജെറുസലേം പോലും ഏകപക്ഷീയമായി കൈയ്യില്‍ വച്ചു കൊണ്ടിരിക്കുന്നത് ഇസ്രായേലല്ലേ? 1993ലെ ഓസ്ലോ കരാര്‍ പ്രകാരം ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്‌നം പരിചരിച്ചേനെ. തങ്ങള്‍ക്ക് മുഴുവന്‍ ഭൂമി വെണ്ടെന്നും 1967 ല്‍ ഇസ്രയേല്‍ പിടിച്ചെടുത്ത ഭൂമി മാത്രം തിരികെ നല്‍കിയാല്‍ മതിയെന്നും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മതിച്ചതായിരുന്നു. എന്നാല്‍ കരാറൊപ്പിട്ട ദിവസം തന്നെ ഇസ്രായേല്‍ ഫലസ്തീനിലേക്ക് മിസൈല്‍ ആക്രമണം നടത്തി. രണ്ടുവര്‍ഷത്തിനുശേഷം ഓസ്ലോ കരാറിന് നേതൃത്വം നല്‍കിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസാക്ക് റബ്‌നെ ഇസ്രായേല്‍ തീവ്രവാദികള്‍ തന്നെ വടിവെച്ചുകൊന്നു. അതായത് ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തിലെ എല്ലാ അനുരഞ്ജന ശ്രമങ്ങളേയും ഇല്ലാതാക്കി കൊണ്ടിരുന്നത് ഇസ്രായേലായിരുന്നു.

ജൂത പീഡനവും ഇസ്രായേലും

ഇസ്രായേല്‍ കയ്യേറ്റത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന വാദഗതികളിലൊന്ന് ജൂത പീഡനങ്ങളെ സംബന്ധിച്ചാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂതര്‍ പീഡനം അനുഭവിച്ചിട്ടുണ്ടെന്നും ജര്‍മനിയിലും പോളണ്ടിലും ലക്ഷക്കണക്കിന് ജൂതരെ ഹിറ്റ്‌ലര്‍ കൊന്ന് തള്ളിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പറയുന്നത് 100% യാഥാര്‍ത്ഥ്യമാണെങ്കിലും ഈ ഇരവാദം ജൂത രാഷ്ട്ര രൂപീകരണ രീതിയെ ഒരുതരത്തിലും ന്യായീകരിക്കുന്ന ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ ഇരകളാക്കപ്പെട്ട ജൂതര്‍ മാത്രമായിരുന്നില്ല ഇസ്രായേലിലേക്ക് ഒഴുകിയെത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോകൂടി ജീവിച്ച 90% ജൂതന്മാരും ഇസ്രായേലിലേക്ക് വന്നുചേര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 1947 ല്‍ 35000 ജൂതരായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം ഇസ്രായേല്‍ രൂപീകരിച്ചതോടെ 90% പേരും ഇസ്രായേലിലേക്ക് പോയി. 1941 ല്‍ കൊച്ചിയില്‍നിന്ന് 1935 ജൂതരാണ് ഇസ്രായേലിലേക്ക് പോയത്. 1970 – 80 കാലഘട്ടമാകുമ്പോഴേക്കും ബാക്കിയുള്ളവരും ഇസ്രായേലിലേക്ക് പോയി. ഇന്ന് കൊച്ചിയിലാകെ അമ്പതില്‍ താഴെ ജൂതര്‍ മാത്രമാണ് ജീവിക്കുന്നത്. ഇങ്ങനെ പോയവരൊന്നും യാതനകളോ പീഡനങ്ങളോ അനുഭവിച്ചവരായിരുന്നില്ല. കേരളത്തിലുള്‍പ്പെടെ ഏറ്റവും സന്തോഷകരമായ ജീവിതം നയിച്ചവരാണ് ഇക്കൂട്ടര്‍. ഇന്ത്യയിലെ ഇവരുടെ മെച്ചപ്പെട്ട പുരയിടങ്ങള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടാണ് ഇവര്‍ ഇസ്രായേലിലേക്ക് പോയത്. ഇങ്ങനെയുള്ള ജൂതര്‍ ഇസ്രായേലില്‍ എത്തുമ്പോള്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ അവിടുത്തെ ഫലസ്തീനികളെയാണ് ആട്ടി ഓടിക്കുന്നത്. അങ്ങനെ പലസ്തീനിലെ ബഹുഭൂരിഭാഗം പേരും അഭയാര്‍ഥികളായി മാറി. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത പീഡനങ്ങള്‍ക്കിരയായ ഒരു വിഭാഗം അതേ തരത്തിലുള്ള പീഡനങ്ങള്‍ മറ്റൊരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ചരിത്രത്തിന്റെ വൈരുധ്യമാകാം.

ഇന്ത്യയുടെ നിലപാടും നിലപാട് മാറ്റവും

‘ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതെന്നപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്’. തന്റെ പ്രതിവാരപത്രികയായ ‘ഹരിജനി’ല്‍ ഗാന്ധിജി എഴുതിയതിങ്ങനെയാണ്. യൂറോപ്പില്‍നിന്ന് പുറന്തള്ളപ്പെടുന്ന ജൂതര്‍ക്കായി അറബ്ഭൂമി വെട്ടിമറിക്കുന്നത് സൃഷ്ടിക്കാവുന്ന കുഴപ്പങ്ങള്‍ മുന്‍കൂട്ടി കണ്ടാകാം ഗാന്ധിജി ഇങ്ങനെ പറഞ്ഞത്. ഇതിന് ചുവടുപിടിച്ചായിരുന്നു തുടര്‍ന്ന് നാലു പതിറ്റാണ്ടിലേറെ കാലം സ്വതന്ത്ര ഇന്ത്യയുടെ നിലപാട്. പാലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷം നടക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു വലിയ വിഭാഗം ഇസ്രായേലിനെ പിന്തുണക്കുന്നത് 2021 ലാണ്. ഈ പിന്തുണ ചില പ്രത്യേക അജണ്ടയുടെ ഭാഗം തന്നെയായിരിക്കണം. 2017 ജൂലൈ മാസത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് .ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പാലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നത്തെ സജീവമായി വീക്ഷിക്കുന്ന ഒരാള്‍ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തേക്കാളേറെ ശ്രദ്ധിച്ചത് അദ്ദേഹം രാമല്ല സന്ദര്‍ശിച്ചില്ല എന്നതായിരുന്നു.

രാമല്ല

ജെറുസലേമില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഫലസ്തീന്‍ ഭരണസിരാകേന്ദ്രമാണ് രാമല്ല. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന എല്ലാ വൈദേശിക രാജ്യങ്ങളുടെ പ്രതിനിധികളും സന്ദര്‍ശനവേളയില്‍ രാമല്ല കൂടി സന്ദര്‍ശിക്കാറുണ്ട്. ഇസ്രായേലിനൊപ്പം പാലസ്തീനയും ഞങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ ബോധ്യപ്പെടുത്തലാണ് ആ സന്ദര്‍ശനത്തിനു യുക്തി. മോദിക്ക് മുന്‍പ് ഇസ്രായേല്‍ സന്ദര്‍ശിച്ച എല്ലാ ഇന്ത്യന്‍ പ്രതിനിധികളും രാമല്ല സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ മോദി ആ പതിവ് തെറ്റിച്ചു. അന്നുമുതല്‍ തന്നെ ഇന്ത്യയുടെ ഫലസ്തീന്‍ അനുകൂല വിദേശനയത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നുണ്ടോയെന്ന് ചര്‍ച്ചയും സജീവമായിരുന്നു.

സ്വാഭാവികമായും ഈ നിലപാട് സംഘപരിവാര്‍ പ്രൊഫൈലുകളെ ഇസ്രായേലിനോട് അടുപ്പിച്ചു. പാലസ്തീന്‍ വിരുദ്ധതയും മുസ്ലിം വിരുദ്ധതയും അവര്‍ ഒരുപോലെ പ്രചരിപ്പിച്ചു. ഇസ്രായേലിന്റേയും അവരുടെ ചാരസംഘടനയായ മൊസാദ്‌ന്റെയും വീരഗാഥകള്‍ നിഷ്‌കളങ്ക പ്രൊഫൈലുകളെ ഇസ്രായേലിനോട് അടുപ്പിച്ചു. എപ്പോഴും ചരിത്രത്തില്‍ ശക്തരോടൊപ്പം നില്‍ക്കാന്‍ ആള്‍ക്കാറുണ്ടായിരുന്നു. അത് തന്നെയാണ് ഇവിടെയും കാണുന്നത്. ചിലരുടെയങ്കിലും മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിയയും ഇസ്രായേല്‍ അനുകൂല നിലപാടിലേക്ക് അവരെ നയിച്ചിട്ടുണ്ട്.പലരും അറിഞ്ഞോ അറിയാതെയോ സംഘപരിവാര്‍ കെണിയില്‍ വീണുപോയി എന്നുറപ്പാണ്. ഇത് അപകടകരമാണെന്ന് പറയാതെ വയ്യ.

നെതന്യാഹു എന്ന കുറുക്കന്‍

സാധാരണയായി പല ലോക രാജ്യങ്ങളിലേയും ഭരണാധികാരികള്‍ സ്വീകരിക്കുന്ന കുശാഗ്രബുദ്ധി തന്നെയാണ് ബെഞ്ചമിന്‍ നെതന്യാഹു എന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. രണ്ടുവര്‍ഷത്തിനിടെ 4 പൊതു തെരഞ്ഞെടുപ്പുകളാണ് ഇസ്രായേലില്‍ ഇതുവരെ നടന്നത്. ഈ തിരഞ്ഞെടുപ്പുകളിലൊന്നും കേവല ഭൂരിപക്ഷമായ 61 സീറ്റിലെത്താന്‍ നെതന്യാഹുവിന് പാര്‍ട്ടിയായ ലിക്വിഡ് പാര്‍ട്ടിക്ക് സാധിക്കുന്നില്ല. ആരും കേവല ഭൂരിപക്ഷത്തില്‍ എത്താത്തതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യ ഇസ്രായേലില്‍ ഉണ്ടായിരുന്നു. അതായത് രണ്ടു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ്.

പാലസ്തീനെ ആക്രമിക്കുന്നതിലൂടെ ജനങ്ങളിലേക്ക് തീവ്ര ദേശീയതാ ബോധം എത്തിക്കുകയും അവരുടെ രക്ഷകനായി നെതന്യാഹുവിനെ അവര്‍ പ്രതിഷ്ഠിക്കുകയും ചെയ്യുമെന്ന് ഇസ്രായേല്‍ ഭരണകൂടത്തിനുറപ്പുണ്ട്. ഈ തിരിച്ചറിവാണ് പാലസ്തീന്‍ അക്രമണത്തിന് മുഖ്യ കാരണം. തീവ്ര ദേശീയതയും വര്‍ഗീയതയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് അതിര്‍ത്തിയിലും വെടിയൊച്ച കേള്‍ക്കാം.

ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ കൂടി നെതന്യാഹുവിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നെതന്യാഹുവിന്റെ ഇനിയുള്ള ജീവിതം ഇസ്രായേല്‍ ജയിലിലായിരിക്കുമെന്ന് ഇവിടെ എത്രപേര്‍ക്കറിയാം? അഴിമതി ആരോപണം ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത കേസുകളിലാണ് ബെഞ്ചമിന്‍ നെതന്യാഹു എന്നാ ഇസ്രായേല്‍ പ്രധാനമന്ത്രി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ അധികാരം കൂടി നഷ്ടപ്പെട്ടാല്‍ നെറ്റി നെതന്യാഹുവിന് എന്തു സം ഭവിക്കുമെന്ന് നമുക്കു ഊഹിക്കാമല്ലോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here