കവിത വന്നു വിളിച്ചപ്പോൾ

0
523
arteria_Sugathan Vellayi_ Ormmakkurippu

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും പാതിരാത്രിയിലെ വീടണയലും വഴിക്കണ്ണുമായി കാത്തിരിക്കാറുള്ള അമ്മയിൽ വ്യാധി വിതച്ചിരുന്നു. വൈകിയെത്തുന്ന ചില ദിവസങ്ങളിൽ
അകത്തു നിന്നും അച്ഛൻ്റെ നീരസം നിറച്ച
മുരടനക്കുന്ന ഒച്ച കേൾക്കാറുണ്ട്. പടിയിറക്കം സമാഗതമായിരിക്കുന്നു.

അക്ഷരവും മൗനവും കുടിച്ചു വററിച്ച്
സമയം പോക്കിയ വായനശാല. രാത്രിയിൽ സൊറ പറഞ്ഞിരുന്ന കാത്തിരിപ്പുഷെഡുകൾ. തോളിൽ
കൈയിട്ടു നടന്നു താണ്ടിയ ദൂരങ്ങൾ….
ഉത്സവ പറമ്പിലെ ആഘോഷ തിമർപ്പുകൾ.
പ്രിയപ്പെട്ട കൂട്ടുകാരെ വിട……..

പാറ്റഗുളികയുടെ മണമുള്ള തുകൽ സഞ്ചിയിൽ കുപ്പായങ്ങൾ കുത്തിനിറച്ചു. എൻ്റെ തോന്ന്യാക്ഷരങ്ങൾ കോറി വരഞ്ഞ നോട്ട് പുസ്തകം തിരുകി. അച്ഛനെ നിശബ്ദം താണു വണങ്ങി. കണ്ണടയ്ക്കുള്ളിലൂടെ തിളച്ചു വരാറുള്ള അദ്ദേഹത്തിൻ്റെ തീക്ഷണമായ നോട്ടത്തിന് ആർദ്രതയുടെ കുളിര്! ?

അമ്മയുടെ കാൽതൊട്ടു കണ്ണിൽ വെച്ചു. വയലിലും പറമ്പിലും പണിയെടുത്ത് ,പരുപരുത്തു പോയ അമ്മയുടെ കൈത്തലം എടുത്തു സ്വന്തം തലയിൽ വെച്ചു. സമാശ്വാസത്തിൻ്റെ ദീർഘനിശ്വാസ ചൂടറിഞ്ഞു. അങ്ങനെ കവിതയെ കൈവിടാതെ വീടും നാടും വിട്ട് ഹൃദയ ഭാരവുമായി ഞാൻ പടിയിറങ്ങി. ശോകമൂകമായ ആകാശം. അപരിചിതമായ ഭൂപ്രകൃതി. വാഹനവും ജനങ്ങളും നുരിക്കുന്ന നഗരം. പല വേഷധാരികൾ, ദേശക്കാർ, ഭാഷകൾ…. ബoഗളുരു നഗരസാഗരത്തിൽ ഒരു കണികയായി ഞാൻ അലിഞ്ഞു. തുച്ഛമായ കൂലി. പിടിച്ചു നിന്നേ പറ്റൂ. ചെറിയ മുറി. പരിമിതമായ ചുററുപാടുകൾ. ഇടവേളകളിൽ സ്മൃതിയുടെ തേങ്ങൽ
ചുരമാന്തി. നാട്ടുപച്ചപ്പുകൾ മനസ്സിൽ നിറഞ്ഞു. വാങ്മയചിത്രങ്ങൾ ഹൃത്തിൽ
പീലി നിവർത്തി നൃത്തം ചെയ്തു. ശൂന്യമായ പുസ്തകത്താളിൽ അർത്ഥമില്ലാത്ത വരികൾ കോറിവരഞ്ഞു. പിന്നീടത് എൻ്റെ മാത്രം കവിതയായ് പെയ്തിറങ്ങി. ഒരു വർഷത്തിനു ശേഷം തുടർന്ന് പഠിക്കണമെന്ന മോഹം
കലശലായി. പല പ്രശസ്തരും പഠിക്കുന്ന, പഠിച്ചിറങ്ങിയ ബ്രണ്ണൻ കലാലയത്തിൽ
കാലുകുത്തണം.

ശാന്തി വനത്തിലെ മരത്തണലിൽ കാറ്റേറ്റിരിക്കണം. ലൈബ്രറിയിൽ അലമാരിയിലെ നിറഞ്ഞു നിരന്ന പുസ്തകങ്ങളെ നോക്കിയിരിക്കണം. ഗന്ധങ്ങളെ ആവാഹിക്കണം. മലയാളം ഡിപ്പാർട്ട്മെൻ്റിനരികിലെ പിരിയൻ ഗോവണിയിൽ
കയറി ഇറങ്ങണം. നീണ്ട ഇടനാഴികളിൽ
മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ മുഴക്കണം. പഴയ കോളജുമാഗസിൻ വായിച്ച്
മനസ്സിൽ പതിഞ്ഞു പോയ ആഗ്രഹങ്ങളുമായി ഞാൻ നാട്ടിലേക്ക് തിരിച്ചു. സെപ്റ്റമ്പർ മാസം. നാട് ഉത്സവ ലഹരിയിലമർന്നിരുന്നു. പ്രിയപ്പെട്ട ജനനേതാവിൻ്റെ ചരമവാർഷികാചരണം .ഒരാഴ്ച നീണ്ടു നിൽക്കുന്ന കലാകായിക മത്സരങ്ങൾ. കൊടിതോരണങ്ങൾ….. കുരുത്തോല ചമയങ്ങൾ… ദീപാലങ്കാരങ്ങൾ….
പഞ്ചായത്ത് മൈതാനിയിൽ കായിക താരങ്ങൾ മത്സരിച്ചു മാറ്റുരക്കുന്നു.
പുരുഷാരം സിരാകേന്ദ്രത്തിൽ അണിചേർന്നു. പല വേദികളിൽ ഇനം തിരിച്ച പരിപാടികളുടെ മത്സരങ്ങൾ കൊടുമ്പിരി കൊണ്ടു.

നമ്മുടെ ക്ലബ്ബും ആവേശത്തോടെ
പരിപാടികളിൽ പങ്കെടുക്കുന്നു. ഒരു ത്രിസന്ധ്യയിൽ
പ്രോത്സാഹന കമ്മിററിക്കാരായ സുഹൃത്തുക്കളോടൊപ്പം എനിക്ക് പോകേണ്ടി വന്നു. അന്നത്തെ പ്രധാന ഐറ്റം കവിതാപാരായണ മത്സരമായിരുന്നു.

“എടാ ഓയെൻവീ നിൻ്റെ പേരും
കൊടുക്കായിരുന്നു. പക്ഷെ മൂന്നു പേരെ
പറ്റൂ .നീ വരുമെന്ന് അറീല്ലല്ലോ….. ”

മുരളി അവൻ്റെ ഇഷ്ടം പറഞ്ഞു.

ബാലപംക്തിയിൽ എൻ്റെ ഒരു കവിത അച്ചടിച്ചു വന്നതിൽ പിന്നെ ആറാംതരത്തിൽ പഠനം നിർത്തിയ മച്ചു
ഒരു പരിഹാസപട്ടം ചാർത്തി തന്നിരുന്നു.
അങ്ങനെ അടുത്ത കൂട്ടുകാരിലും ആ വിളിപ്പേര് പരന്നു.

മൈക്ക് കാണുമ്പോൾ വിറക്കുന്ന
പതറിയ ശബ്ദവും സഭാകമ്പവുമുള്ള ഞാനോ?! അറിയാതെ ഒരു വിറ പാഞ്ഞു.
ഓ.എൻ.വി കവിതപ്രാന്തനായ താടിക്കാരനും സുന്ദരനുമായ സുരാജുണ്ട്. അക്ഷരസ്ഫുടതയും മുഴങ്ങുന്ന ശബ്ദവും ഉള്ള ദിലീപനുണ്ട്. ഗ്രാമകോകിലം വത്സലയുണ്ട്.
പിന്നെ ഞാനെന്തിന് ? സ്വയം സമാധാനിച്ചു.

പരസ്പരം തർക്കിച്ചും വിടുവായിത്തം
വിളമ്പിയും പരിഹസിച്ചും നമ്മൾ നാലു കിലോമീറ്റർ നടന്നു തീർത്തു. ഇരുട്ട് പരന്നു. ബജാരിൽ ആളും ആരവവും പെരുകി. ദീപാലങ്കാരവും വർണ്ണവിളക്കുകളും പ്രഭ ചൊരിഞ്ഞു. “ഇല്ലാ ഇല്ല മരിച്ചിട്ടില്ല” എന്ന പല്ലവികൾ നാലുപാടും മാറ്റൊലി കൊണ്ടു.

പീടിക മുകളിലെ പാർട്ടി ഓഫീസിൻ്റെ നീളൻ വരാന്തയാണ് കവിതാലാപന വേദി.
മെയിൻ റോഡിലും അഭിമുഖമായ ഗ്രാമ പാതയിലും ജനങ്ങൾ തിരക്കുകൂട്ടാൻ തുടങ്ങി. “ഓനെന്തു പണിയാ കാണിച്ചദ്, ആറു മണിക്ക് എത്താമെന്ന് പറഞ്ഞതല്ലേ….. ”
ചെസ്റ്റ് നമ്പർ സംഘടിപ്പിച്ചു വന്ന രവിയേട്ടൻ ദിലീപനെ കാണാഞ്ഞ് കിതച്ചു കൊണ്ട് പറഞ്ഞു. സുരാജ് ഓ.എൻ.വിയുടെ ‘മൃഗയ’യിൽ
ലയിച്ചു കൊണ്ട് താടി ഉഴിഞ്ഞു. വത്സല ആലപിക്കുന്ന
കവിത ആരുടെതായിരിക്കും?
സുഗതകുമാരിയോ ?വൈലോപ്പിള്ളിയോ?

“ദിലീപന് പകരക്കാരനായി ആരെ കിട്ടും?
രവിയേട്ടൻ വിയർത്തു. മുരളി മൗനം ഭേദിച്ചു: ദാ ആള് നമ്മള മുന്നിൽ തന്നെ ”
എൻ്റെ ചുമലിൽ ശക്തിയായി കുലുക്കിക്കൊണ്ട്
ആവേശം കൊണ്ടു.
“എനിക്ക് പറ്റില്ല. ശരിയാവില്ല. അതുകൊണ്ടാ….. ഒരു സ്റ്റേജിൽ പോലും കേറീട്ടില്ല…..” ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
“കവിതയെഴുതുന്ന നിനക്കു പറ്റില്ലെന്നോ ?….,”
സുരാജും സുഹൃത്തുക്കളും എന്നെ വളഞ്ഞിട്ട് പൊക്കി.
സ്വയം പൊങ്ങാൻ കൂട്ടാക്കാതെ ഒന്നുകൂടി ബലം പിടിച്ചു.
“എടാ ….മൈക്കിനു മുന്നിൽ നിന്നാൽ വിറക്കും…പിന്നെ കൊറേ ആൾക്കാരും.. “.
ചങ്ക് ചങ്ങാതിയുടെ ചെവിയിൽ ഞാൻ
ഒടുവിലത്തെ അടവും എടുത്തു കൊണ്ട് പറഞ്ഞു.
“നീ വാടാ …. വഴീണ്ട്….വേഗം വാ..എൻ്റെ കൈ കവർന്ന് നടക്കവേ മുരളി അടക്കം പറഞ്ഞു ”
വിനോദനും വിജയനും അനുഗമിച്ചു.
കടമ്മനിട്ട മതിയോ മധുസൂധനൻ നായർ
വേണോ? ഞാൻ മനസ്സിൽ പരതി.
പത്തു വരികൾ പോലും ഓർമ്മയിലില്ല.
ചങ്ങാതിയെ ചതിക്കരുത്. എന്തു ചെയ്യും?

സ്വന്തം കവിത മതി. വരികൾ മനഃപാഠം.
മനസ്സിൽ തീർച്ചപ്പെടുത്തി.

മൂത്രത്തിൻ്റെ വാട അടിച്ച ഇടവഴിയിലൂടെ
നടന്ന് പിന്നാമ്പുറം വഴി നൂണ് കയറി. പുളിച്ച കള്ളിൻ്റെ മണം. പുഴുക്കിൻ്റെയും മീൻ വരട്ടിയതിൻ്റെയും സമ്മിശ്ര മാസ്മരഗന്ധം. അഞ്ചാറു പേരുണ്ട്.
പതിഞ്ഞ സ്വരത്തിലുള്ള സിനിമാ പാട്ട്.
മേശമേൽ തപ്പും താളവും. പതം പറച്ചിലുകൾ. കള്ളും എരിവും വലിച്ചു കേറ്റുന്ന സീൽക്കാരം. ഇളകിയാടുന്ന ബഞ്ചിൻ്റെ ഞരക്കം. ചില്ലു ഗ്ലാസുകുടെ കലമ്പൽ …..
മുരളി പതിവുകാരനെപ്പോലെ കാര്യങ്ങൾക്ക് വേഗത കൂട്ടി. അവൻ കണ്ണിറുക്കി.
തലേന്നത്തെ കഞ്ഞിവെള്ളം പോലെ
പുളിച്ച കള്ള് ഞങ്ങൾ അകത്താക്കി.
പിരിമുറുക്കം കുറക്കാൻ വേണ്ടി കുറച്ചു മാത്രം; ഒരു പേരിന് !

കോളാമ്പി വഴി ഒഴുകിയെത്തിയ ‘ബലികുടീരങ്ങളെ….. എന്ന
നാടകഗാനം നിലച്ചു. പകരം കവിതാ പാരായണത്തിൻ്റെ അറിയിപ്പ് മുഴങ്ങി.
ഞങ്ങൾ മുണ്ട് മടക്കി കുത്തി കാലുകൾ വലിച്ചു വെച്ചു നടന്നു.
ഭൂതാവേശം ബാധിച്ചതു പോലെ…..
ചെസ്റ്റ് നമ്പറിൽ മാത്രം അറിയപ്പെടുന്ന
മത്സരാർത്ഥികൾ കവിതകൾ ചൊല്ലി
പടിയിറങ്ങി വന്നു.സുരാജ് ഓ എൻ വി യുടെ ‘മൃഗയ’ മനോഹരമാക്കി.വത്സല ആലപിച്ച കവിത കേട്ടില്ല. അവൾ എപ്പഴാണ് പടിയിറങ്ങിപ്പോയത്….?

കവിത ചൊല്ലാൻ ഊഴം കാത്തു നിൽക്കുന്നവർക്കിടയിൽ ഞാൻ ദീലീപൻ്റെ അപരനായി ചെസ്റ്റ് നമ്പർ കുത്തി ചെറിയ തരിപ്പുമായി നിന്നു.

സ്വന്തം കവിത മറ്റൊരാൾക്കു വേണ്ടി ഞാൻ ആലപിക്കുന്നു. തണൽമരം മുറിച്ച് പകരം കാത്തിരിപ്പ് കേന്ദ്രം പണിയുന്നത് പ്രമേയമാക്കിയുള്ള പ്രതിരോധ കവിത. ഇപ്പോൾ കടമ്മനിട്ടയാണ് എൻ്റെ ഇഷ്ടകവി. അതിൻ്റെ ഇടിവെട്ട് എൻ്റെ കവിതയിലും
മുഴങ്ങേണ്ടതാണ്.

വിധികർത്താവായ പപ്പൻ മാഷെ ഞാനറിയും; പഠിപ്പിക്കുന്ന സ്കൂളറിയും.
അദ്ദേഹത്തിന് എന്നെ അറിയില്ലെങ്കിലും.
അവരുടെ മകൻ എൻ്റെ സഹപാഠിയായ ഒരു ലാലായിരുന്നു. മറ്റു രണ്ടു താടിക്കാർ ആരാണ്? ആലാപനം നീണ്ടു പോകുമ്പോൾ പപ്പൻ മാഷ് കോളിംഗ് ബെൽ അമർത്താറുണ്ട്.

ഞാൻ മൈക്കിനു മുന്നിൽ നിന്ന്
ഒന്നു മുരടനക്കി. വരണ്ടതൊണ്ട ഉമിനീരിനാൽ നനച്ചു. നോക്കി ചൊല്ലാൻ വേണ്ടി എഴുതി എടുത്ത ഒരു പായ കലാസോ, കവിതാ പതിപ്പോ എനിക്കില്ല.
കവിത പതിഞ്ഞത് എൻ്റെ ഹൃദയത്തിലാണ്. എത്ര വട്ടം ഞാനത് ഉരുവിട്ടിരിക്കും!

വർണ്ണരാജിയിൽ
മുങ്ങിയ ബജാരിലെ ആൾക്കൂട്ടത്തിൽ നിന്നും ആരെയും തിരിച്ചറിഞ്ഞില്ല. പെട്ടെന്ന് കൂട്ടുകാരുടെ ചൂളം വിളി
തുളച്ചെത്തി. അവർ ആവേശത്തിലാണ്.
ആ തീ എന്നിലേക്കും പകരുകയാണവർ.

സ്വന്തംകവിതയായ’വടവൃക്ഷ’ത്തിലേക്ക്
ഞാനും ആവേശപൂർവ്വം വലിഞ്ഞു കയറി. വെന്നിക്കൊടി നാട്ടാൻ കഴിയുമോ…?
സമയപരിധി കഴിഞ്ഞിട്ടും പപ്പൻ മാഷ്
ബെല്ലടിച്ചില്ല. കവിത അവസാനിച്ചതും താഴെ നിന്നും കരഘോഷം മുഴങ്ങി.

വാസ്തവത്തിൽ ഞാനാണോ
ആ കവിത ചൊല്ലിയത്?
ദിലീപനാണോ?
അകലെ നിന്നും തീ പകർന്ന എൻ്റെ ചങ്ങാതിമാരോ?
അതോ ഉള്ളിലെ കള്ളോ?

സദസ്സിനെ വണങ്ങി ഞാൻ പോകാനൊരുങ്ങവേ, പപ്പൻ മാഷ് ചോദിച്ചു:
നിൻ്റെ പേരെന്താ?
നാട് എവിട്യാ….?
അദ്ദേഹം നീട്ടിയ വലതു കരത്തിൽ
ഞാൻ ,എൻ്റെ വിറയ്ക്കുന്ന വിരലുകൾ കൊരുത്തു.
മതി. അതു മാത്രം മതി.
ഞാൻ തിടുക്കപ്പെട്ട് ആവേശം ചോരാതെ പടിക്കെട്ടുകളിറങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here