HomeTHE ARTERIASEQUEL 84അയമുവും മോയിൻ ഖാനും

അയമുവും മോയിൻ ഖാനും

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു ആയതാവാം അതിനു ഹേതു. കനം കുറഞ്ഞ എണ്ണമയമില്ലാത്ത കോലൻ തലമുടി. കറുത്ത കണ്ണട, ഒട്ടിയ കവിളുകൾ. മുട്ടോളം ചുരുട്ടിവെച്ച അയഞ്ഞ മുഴുക്കയ്യൻ ഷർട്ട്. വരയൻ കാൽശരായി. വള്ളിചെരുപ്പ്. വെളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള രൂപം. മുപ്പതിൽ കവിയാത്ത പ്രായത്തിലും മധ്യവയസ്കനെന്ന് തോന്നും. ഊന്നുവടി നിലത്തു തട്ടി നിലക്കടല വിറ്റു നടന്നിരുന്ന അയമുവിനെ കുറിച്ചുള്ള ഈ ഓർമ്മ
ചിത്രം ഇപ്പോഴും മനസ്സിന്റെ മച്ചകത്ത് മായാതെ കിടപ്പുണ്ട്.
നാണയതുട്ടുകൾ ചൂണ്ടുവിരൽ കൊണ്ട് കറക്കി തിട്ടപ്പെടുത്തും. രൂപാനോട്ടുകൾ വിരലുകൾകൊണ്ട് ഉരച്ചുനോക്കി തിരിച്ചറിയും. അന്ധനായ അയമുവിന്റെ കഴിവുകൾ അപാരം. R.K.G.യുടെ പഴയ തകരപ്പാട്ട കഴുത്തിൽ തൂക്കിയിട്ടാണ് കടല വില്പന. തന്റെ ഗ്രാമം മാത്രമല്ല ഒരു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം മൊത്തം അവന് കാണാപാഠമായിരുന്നു. അവൻ നടന്നുതീർത്ത വഴികൾ, നാൽക്കവലകൾ, ബസാറുകൾ, ചിരപരിചിതരായ ജനങ്ങൾ.. എല്ലാം അവന് സ്വന്തം. കണ്ണാടിചാലിലെ കൊച്ചുപുരയിൽ കണ്ണിലെണ്ണയൊഴിച്ച് അയമുവിന്റെ വരവ് കാത്തിരിക്കുന്ന ഉമ്മ. മാപ്പിള വേറെ പെണ്ണുകെട്ടി അകലെ എവിടെയോ പരാധീനതകളുമായി കഴിയുന്നു. “ഞമ്മള് മയ്യത്താവുന്നതിന് മുന്നെ എന്റെ മോനിക്ക് ഒരു പെണ്ണിന്റെ കൂട്ട്. അള്ളാഹുവിന്റെ കാരുണ്യത്തിനായുള്ള കാത്തിരിപ്പ് അയിച്ചുമ്മ കാണുന്നവരോടൊക്കെ പങ്കു വയ്ക്കും. ഒക്കെയും പാറു അമ്മമ്മയിൽ നിന്നുള്ള കേട്ടറിവുകൾ.

വാക്കിലും പെരുമാറ്റത്തിലും സൗമ്യനും പരോപകാരിയും ആയിരുന്നു അയമു. റേഷൻ കടകളിലും മാവേലി സ്റ്റോറിലും മറ്റുള്ളവർക്കുവേണ്ടി ക്യൂ നിൽക്കുക, മീൻ വാങ്ങുക, കറന്റുബില്ലടയ്ക്കുക തുടങ്ങിയ പണികളും
ഇടവേളകളിൽ അവൻ ചെയ്യാറുണ്ട്. ഒരുവേള ‘പരസഹായം അയമു, എന്ന വിളിപ്പേരിനുപോലും അവൻ പരമയോഗ്യൻ. ക്യൂവിൽ നിന്ന് കേൾക്കാറുള്ള ചെറിയ പിറുപിറുപ്പുകൾക്ക് പോലും അയമുവിന്റെ പ്രതികരണം ഉടൻ
ഉണ്ടാവും. നമ്മർത്തിൽ പൊതിഞ്ഞ തമാശകൾ ആവും എല്ലാം. കല്യാണ വീടുകളിലും മരണവീടുകളിലും ഉത്സവ പറമ്പുകളിലും അയമുവിനെ കാണാം. കല്യാണ വീട്ടിൽ വെറ്റില മുറുക്കി ചുണ്ടു ചോപ്പിച്ച അയമു. മരണ വീട്ടിൽ ശോകമൂകൻ. ഉത്സവ പറമ്പുകളിൽ കടല വിറ്റ് കുശലം
പറഞ്ഞു നടക്കുന്ന അയമു. അവനെപ്പോഴും എവിടെയും വ്യത്യസ്തനായിരുന്നു.
വീട്ടിലേക്കോ കടയിലേക്കോ കയറി ചെല്ലുമ്പോഴും ബസിൽ യാത്രചെയ്യുമ്പോഴും ഒരു സഹായഹസ്തം അവനു നേരെ നീണ്ടുവരുമായിരുന്നു. ആരെങ്കിലും അവനുവേണ്ടി ഇരിക്കാനൊരിടം ഒഴിഞ്ഞുകൊടുക്കുകയും ചെയ്യാറുണ്ട്. അയമൂന്ന് ഒന്ന് നീട്ടി വിളിച്ചാൽ മതി. അവൻ ശബ്ദം കേട്ട് ആളെ തിരിച്ചറിയും.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ അമ്മയുടെ നാട്ടിലേക്ക് പറിച്ചുനടപ്പെട്ടു. കുറെ
കുട്ടിക്കാല ഓർമ്മകളോടൊപ്പം അയമുവും മനസ്സിന്റെ മൂലയിലേക്ക് ചേക്കേറി. പഠനവും ഉഴപ്പലുമായി കലാലയ പകലുകളും ഒലിച്ചുപോയി. ഒടുവിൽ നാട്ടിൽ പിടിച്ചു നിൽക്കാൻ നിൽക്കക്കള്ളിയില്ലാതെ അന്യനാട്ടിലേയ്ക്ക് വണ്ടികയറി.

ആദ്യം സഹായിയായി. പിന്നെ പാചകക്കാരൻ. പലചരക്കുകട, ബേക്കറി തൊഴിലാളി. കുറച്ച് അനുഭവം മുതൽ മുടക്കി കച്ചവടത്തിൽ ഇറങ്ങി. പലചരക്കുകട, ഹോട്ടൽ, പച്ചക്കറി, ഫാൻസി. പലകാലങ്ങളിൽ പല ഇടങ്ങളിൽ. ചിലത് പച്ചപിടിച്ചു. ചിലത് പച്ചതൊട്ടില്ല. കച്ചവടം ഒരു വടംവലി മത്സരമാണ്. ആൾബലവും പണവും
പിന്തുണയുമുണ്ടെങ്കിൽ വിജയം ഉറപ്പ്. ഇല്ലെങ്കിൽ കാലിനടിയിലെ പിടുത്തം വിടും.

ഒരു ദിവസം ബേക്കറി പണിയുന്നതുമായി ബന്ധപ്പെട്ട് മര ചാപ്പയിൽ എത്തിയതായിരുന്നു ഞാൻ. ബജാരിലെ തിരക്കുകളിൽ നിന്നും അകന്ന് പഴയ കെട്ടിടങ്ങൾക്കിടയിലെ വിശാലമായ സ്ഥലത്തായിരുന്നു മരചാപ്പ. അതിന് പട്ടികയും അറവാളിന്റെ പഴയ കഷ്ണങ്ങളും ചേർത്ത് നിർമ്മിച്ച വലിയൊരു ഗേറ്റും ഉണ്ടായിരുന്നു. ചുമരിൽ “ഭാരത് ടിംബർ യാർഡ് ” എന്ന് മൂവർണ്ണ നിറത്തിൽ എഴുതിയ മരചാപ്പയുടെ പേര് കാലപഴക്കത്താൽ കണ്ണിൽ പെട്ടില്ലെന്നുവരാം.
ഒരു വശത്ത് തേക്ക്, ഈട്ടി, മാവ്, മരുത്, പിന്നെ പേരറിയാത്ത കുറെ കാട്ടുമരങ്ങളും അട്ടിയിട്ടിരിക്കുന്നു. ചുരം കയറി വരുമ്പോൾ കണ്ടിരുന്ന കാടിന്റെ ഉൾക്കരുത്താർന്ന കൂറ്റൻ മരങ്ങളുടെ വിരൂപ ദൃശ്യം. വെട്ടി മുറിക്കപ്പെട്ട മരങ്ങളുടെ കബന്ധങ്ങൾ. ഷെഡ്ഡിനകത്ത് പല നീളത്തിലും വീതിയിലും ഘനത്തിലും ഒതുക്കിവെച്ചിരിക്കുന്ന മര ഉരുപ്പടികൾ. എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന തൊഴിലാളികൾ, അറവാളിന്റെ സീൽക്കാരം. ചെറിയ തീപ്പൊരി. അറക്കപ്പൊടിയുടെയും തടിയുടെയും വാട. മരവും ചില്ല് പാളികളും കൊണ്ട് പണിത ഓഫീസുമുറിക്കുമുന്നിൽ ഞാൻ കാത്തിരുന്നു. ചുമരിൽ
ചില്ലിട്ടുതൂക്കിയ ഖുറാൻ വചനങ്ങൾ. കഅബയുടെയും മക്കയുടെയും ചിത്രങ്ങൾ. ഒരു അന്ധനായ യുവാവ് അപരന്റെ സഹായത്താൽ ചില്ലുവാതിൽ തുറന്ന് മേശയ്ക്കുമുന്നിലെ കറങ്ങുന്ന കസേരയിൽ ഇരുന്നു. ചാര നിറത്തിലുള്ള
അയഞ്ഞ പാന്റും ക്രീം നിറമുള്ള ജുബയും വേഷം. തലയിൽ തൊപ്പി. കൈയ്യിൽ ജപമാല. അയാൾ തെല്ലിട തന്റെ കൈപ്പത്തികൾ പാതിയടഞ്ഞ കണ്ണോട് ചേർത്ത് വച്ച് പ്രാർത്ഥിച്ചു. ആശാരി പറഞ്ഞ മോയിൻഖാൻ ഇവൻ തന്നെ.
ഞാൻ തീർച്ചപ്പെടുത്തി. അല്പനേരം അമാന്തിച്ച് അകത്തേക്ക് കടന്നു.
“ബൈടിയേ സാബ്’ ഒരു സൂഫിവര്യനെപോലെ അയാൾ പതുക്കെ ചുണ്ടു ചലിപ്പിച്ചു. ഓർമ്മകളുടെ തിരശീലയ്ക്കുപിന്നിൽ നിന്നും ഊന്നുവടി നിലത്തു കുത്തിവരുന്ന അയമുവിന്റെ കാൽപെരുമാറ്റം കേൾക്കുന്നുണ്ടോ?
ഞാൻ ചുമ്മാ ചെവിവട്ടം പിടിച്ചു. പിന്നെ കണ്ണു ചിമ്മിതുറന്നു. മുന്നിൽ മോയിൻഖാൻ. ഹാജി അബ്ദുൾ റഹീംഖാന്റെ ഏകമകൻ. പിതാവിന് പണ്ടുമുതൽ തടികച്ചവടം. കച്ചവടത്തിന്റെ സകല അടവുകളും മകനെയും അദ്ദേഹം
പഠിപ്പിച്ചിരുന്നു. ആശാരി കുമാരൻ പലപ്പോഴായി പറയാറുള്ളത് ഓർമ്മ വന്നു. “കണ്ണുള്ളവരെ പറ്റിക്കാൻ പറ്റും.
പക്ഷെ അന്ധനായ മോയിൻഖാനെ പറ്റില്ല.
“ക്യാ ചാഹിയെ സാബ്. ബോലിയെ” ഖാൻ വീണ്ടും വിനയനായി. ഞാൻ മരത്തിന്റെ അളവും ഘനവും പറഞ്ഞു. സീലിംഗിനുവേണ്ടിയുള്ള അഞ്ചാറു കഴുക്കോലുകൾ. അന്ധനായ മോയിൻഖാനു മുന്നിൽ ആശ്ചര്യത്തോടെ
ചുരുങ്ങിയ മനസ്സുമായി ഞാൻ ഇരുന്നു. മേശപ്പുറത്തുള്ള കോളിംഗ് ബെല്ലിൽ അയാൾ വിരൽ തൊട്ടു. ഓടി വന്ന സഹായിക്ക് നിർദ്ദേശങ്ങൾ നൽകുന്നു. അയാൾ എന്നെയും നയിച്ചുകൊണ്ട് മര ഉരുപ്പടികൾക്ക് അടുത്തേക്ക്.
കസ്റ്റമറോട് എത്ര എളിമയോടെയാണ് ഖാൻ പെരുമാറുന്നത് : ഞാൻ അതിശയിച്ചു. സംസാരിക്കുന്ന കാൽക്കുലേറ്ററിൽ അക്കങ്ങളിലും ചിഹ്നങ്ങളിലും വിരൽ പായിച്ച് കണക്കിന്റെ കാര്യത്തിലും കക്ഷി അപാരം.

ജീവിതപുസ്തകത്തിലെ താളുകൾ മറിച്ചുകൊണ്ട് ആറേഴ് വർഷങ്ങൾ അതിവേഗം കടന്നുപോയി. ഇതിനകം ബേക്കറി വിറ്റ് കേറിംഗും ബ്രോക്കറിംഗുമായി ഞാൻ കളം മാറി. പ്ലൈവുഡ് ഡീലറായ അനിൽകുമാറാണ് മോയിൻഖാനുവേണ്ടി വാടക വീടിനെക്കുറിച്ച് തിരക്കിയത്. നഗരത്തിൽ മൂന്നോളം മാളികകളുള്ള മോയിൻഖാന് ഒരു വാടകവീടോ? ഞാൻ നെറ്റി ചുളിച്ചു.
“അറിഞ്ഞില്ലേ….. ഖാൻ നിക്കാഹ് കഴിച്ചു. നാലഞ്ചു കൊല്ലമായി. പാവപ്പെട്ട ഒരു പെണ്ണിനെയാണ് അവൻ
കെട്ടിയത്. ഒരു പെൺകൊച്ചുമുണ്ട്.” അനിൽ പറഞ്ഞു.
പണ്ട് ആർ.ടി നഗറിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരമുള്ള ഹെഗ്ഡേ നഗറിലേക്ക് അനിലിന്റെ ബൈക്കിലായിരുന്നു മോയിൻഖാന്റെ സ്ഥിരം യാത്ര. രണ്ടുപേരും അയൽവാസികൾ. ഭാരതീയ വിചാർ കേന്ദ്രയുടെ രാഷ്ട്രാത്ഥാന വിദ്യാലയത്തിലാണ് മകൾക്ക് അഡ്മിഷൻ തരപ്പെടുത്തിയത്. സ്കൂളിന് സമീപം ഒരു നല്ല വാടകവീട്
തേടുകയാണ് അദ്ദേഹം.

ഒരു ദിവസം മോയീൻ ഖാന്റെ വിളി വന്നു. വർഷങ്ങൾക്കു ശേഷവും ആ ശബ്ദം എന്റെ കാതുകൾക്ക് പുതുമയായി. ഉത്തരവാദിത്വവും കരുതലും നിറഞ്ഞ അന്വേഷണങ്ങൾ. വീടുകാണാൻ സസുരിന്റെ കൂടെ
ഭാര്യ വരുമെന്നും ഖാൻ അറിയിച്ചു. “അവർ ആദ്യം ഒന്നുരണ്ട് വീട് കണ്ട് ഇഷ്ടപ്പെടട്ടെ….” അവർ വന്നോ എന്ന്
ആരാഞ്ഞുകൊണ്ട് പത്തുമിനിട്ടിനകം മൂന്നുനാലുതവണ ഖാൻ വിളിക്കുകയും ചെയ്തു.
ഒടുവിൽ കറുത്ത പർദ്ദ ധരിച്ചുകൊണ്ട് വെള്ള ഹോണ്ടാ സ്കൂട്ടറിൽ പിറകിൽ പിതാവിനേയും ഇരുത്തികൊണ്ട്
അവർ വന്നു. പർദ്ദയ്ക്കു വെളിയിൽ ചന്ദ്രികയായി മോയിഖാന്റെ മണവാട്ടി. സുമാർ ഇരുപത്തിയാറിന്റെ ചെറുപ്പം. മോയിൻഖാനുവേണ്ടി ദൈവം കരുതിവെച്ച സുന്ദരിയും കുലീനയും ദീനിയും. നിറഞ്ഞ ചിരിയിൽ പിറകിൽ പിതാവ്. അദ്ദേഹത്തിന്റെ ചുണ്ടിന് ചുറ്റും പാണ്ടുണ്ടായിരുന്നു. നരച്ച താടിയും
മുടിയും. വെളുത്ത ജൂബയും അയഞ്ഞ കുപ്പായവും. വെളുത്ത പാദുകം. ശുഭ്രതയിലെ എളിമ മുഖത്ത് തെളിയുന്നു.
ഉജാലയുടെ പരസ്യത്തിന് ചേരും, വെറുതേ ഓർത്തു.
വണ്ടിയുടെ പിറകിൽ നിന്ന് പിതാവ് ഇറങ്ങി “അസലാമും അലൈയ്ക്കും നെഞ്ചിൽ കൈത്തലം ചേർത്ത് അദ്ദേഹം ഉരുവിട്ടു. “വലൈയ്ക്കും അസലാം” ഞാൻ പ്രതിവന്ദനം ചെയ്തു. ബാപ്പയും മകളും രണ്ടുമൂന്നു വീടുകൾ
പുറത്തു നിന്നും ചിലത് അകത്തുകയറിയും കണ്ടു. വാസ്തുവും ദിശയും അന്വേഷിച്ചുകൊണ്ട് ഖാന്റെ വിളിയും വന്നു.
പൂമുഖത്തിനു നേരെ നിരത്തുവരുന്ന വീട് വേണ്ടെന്നും, ഇന്റിപെൻഡ് വീട് കിട്ടിയാൽ നന്നെന്നും അദ്ദേഹം പറഞ്ഞു.
ജയറാമും ഞാനും ധർമ്മ സങ്കടത്തിലായി.
ഒരു കാവേരി ബന്ദ് ദിവസം ഖാൻ വന്നു. അയാളുടെ അളിയന്റെ കൂടെ. ഇളം നീലനിറത്തിലുള്ള പൈജാമ്മയും
കുർത്തയും ധരിച്ചിരിക്കുന്നു. തലമുടി ഭംഗിയായി ചീകി വെയ്ക്കുകയും വൃത്തിയായി ക്ഷൗരം ചെയ്യുകയും മീശ വെട്ടി
ഒതുക്കുകയും ചെയ്തിരുന്നു. കണ്ണട കൂടി ധരിച്ചിരുന്നെങ്കിൽ ആളെ തിരിച്ചറിയാൻ പാടുപെട്ടേനെ. ആദ്യ നോട്ടത്തിൽ മോയിൻഖാനെ എനിക്ക് മനസ്സിലായില്ല. കൂടുതൽ ചെറുപ്പവും സുന്ദരനുമായിരിക്കുന്നു കക്ഷി. ഞങ്ങൾ പരസ്പരം
കൈകോർത്തു. ഒരു പൈതലിന്റെ കൈത്തലം പോലെ മൃദുവായ കൈപ്പത്തി. കൂടാതെ ഇളം ചൂടും. അത്തറിന്റെ
നറുമണം തെല്ലിട അന്തരീക്ഷത്തിൽ പരന്നു.
“താങ്കളുടെ മരചാപ്പയിൽ പണ്ടു ഞാൻ വന്നിരുന്നു. ഒരു തുടക്കത്തിനുവേണ്ടി ഞാൻ പറഞ്ഞു. “കുറച്ച് അല്ലറ ചില്ലറ മര ഉരുപ്പടികൾ വാങ്ങാൻ വന്ന താങ്കളെ ഞാൻ ഓർക്കുന്നു.” ഓർമ്മയുടെ അക്ഷയഖനിയിൽ നിന്നും
മോയിൻഖാൻ എന്നെ നിഷ്പ്രയാസം ചികഞ്ഞെടുത്തു. ജയറാമിനെ കൂടി പരിചയപ്പെടുത്തിയതിനുശേഷം വീണ്ടും
ചില വീടുകൾ കാണാനായി ഞങ്ങൾ പുറപ്പെട്ടു.
ചുറുചുറുക്കോടെ ഒന്നാം നിലയിലും രണ്ടാം നിലയിലും അളിയന്റെ ചുമലിൽ പിടിച്ചുകൊണ്ട് ഖാൻ നടന്നുകയറി. ഓരോ വീടിനെക്കുറിച്ചും അതിന്റെ കുറവുകളെക്കുറിച്ചും എത്ര കൃത്യമായാണ് ഖാൻ അഭിപ്രായം
പറയുന്നത്. കണ്ണുണ്ടായാൽ പോരാ കാണണം’ എന്നു പറയുന്നത് എത്ര ശരി. ഞാൻ പണ്ടാരോ പറഞ്ഞ വാചകം
ഓർത്തു. മനക്കണ്ണുകൊണ്ട് ഖാൻ എല്ലാം കാണുന്നു ; മനസ്സിലാക്കുന്നു. വർഷങ്ങളായി തന്റെ മരചാപ്പയിൽ
അളവുകളുടെയും കണക്കുകളുടെയും ഒപ്പമായിരുന്നല്ലോ ഖാൻ
ഒന്നുരണ്ടു വീടുകൾ ഒത്തുവന്നെങ്കിലും മുസൽമാന് വാടകയ്ക്ക് കൊടുക്കാൻ മനസ്സില്ലാതെ ഉടമകൾ. മുമ്പും
ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അന്ധനായ മോയിൻഖാന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ഡൽഹി മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മുമ്പും ഇപ്പൊഴും ഇത്തരം മാധ്യമ
വാർത്തകൾ വരാറുള്ളത് ഞാൻ ഓർത്തു. പല നഗരങ്ങളിലും മുസൽമാന് വാടകവീടും ഫ്ലാറ്റും നിഷേധിക്കപ്പെടുന്നു.
സംസ്ക്കാരശൂന്യർ. മനുഷ്യത്വമില്ലാത്ത പരിഷകൾ. എനിക്ക് കലിപെരുത്തു.
“നാലഞ്ചു പേരെന്ന് പറഞ്ഞുവരും പിന്നെ കുട്ടികളും വട്ടികളുമായി പത്തുപതിനഞ്ചുപേർ വന്ന്
താമസം തുടങ്ങും. വിരുന്നുകാരും വരും. വെള്ളത്തിനും ഭയങ്കര ചിലവാ”. ബ്രോക്കർ ജയറാം എന്നെ അനുനയിപ്പിച്ചുകൊണ്ട് പറഞ്ഞു. “ബീഫ് വീട്ടിൽ പാകം ചെയ്താൽ അവരുടെ കുലദേവര് കോപിക്കും. പിന്നെ വല്ല ഭീകരവാദിയുമാണെങ്കിൽ അതുമൊരു രാമായണം”. മുസൽമാന് വാടകവീട് നൽകാതിരിക്കാനുള്ള
കാരണങ്ങൾ കോണിപ്പടികൾ ഇറങ്ങിവരുന്നതിനിടെ ജയറാം മന്ത്രിച്ചു.
ഇതൊക്കെ മാന്യനായ മോയിൻഖാനോട് ഞാനെങ്ങനെ തുറന്നു പറയും. എളിമയുടെ പര്യായമായ അദ്ദേഹത്തിന്റെ സസുറിനോട് പറയാൻ പറ്റുമോ.? നഗരത്തിൽ മൂന്നോളം ബംഗ്ലാവുകളുള്ള മോയിൻഖാന് ഒരു
വാടകവീടിനുവേണ്ടി വലിയ കടമ്പകൾ നേരിടേണ്ടി വരുന്നു. അപ്പോൾ ഒരു പാവപ്പെട്ട മുസൽമാന്റെ കാര്യമോ? പിന്നീടുള്ള ഖാന്റെ നിരന്തര അന്വേഷണ വിളികൾക്കൊടുവിൽ ഞാൻ മടിച്ചുകൊണ്ടു പറയാൻ തുടങ്ങി.
“പ്രിയപ്പെട്ട ഖാൻ സാബ് … താങ്കൾക്ക് പറ്റിയ ഒന്നുരണ്ടു വീടുകൾ കണ്ടു. പക്ഷെ … ഞാൻ വാക്കുകൾ തേടുന്നതിനിടയിൽ അയാൾ കൂട്ടിച്ചേർത്തും മുസൽമാന് തരില്ലായിരിക്കും അല്ലേ…. ? എന്റെ മനോനില
വായിച്ചതുപോലെ ഖാൻ പൂർത്തിയാക്കി. ഞങ്ങൾ ബീഫും ചിക്കനും കഴിക്കാറില്ലെന്നു പറയൂ, ഫിഷും
മട്ടനുമാണിഷ്ടം. ഞങ്ങൾക്ക് പന്നിയിറച്ചി ഹറാമാണെന്ന കാര്യം താങ്കൾക്കറിയാമല്ലോ…. മറ്റുള്ളവർക്കും
കാണുമല്ലോ അവരുടേതായ അരുതായ്മകൾ. എന്റെ സമുദായത്തിലെ ചില ഭീകരവാദികൾ ചീത്തപേര് വരുത്തിയിട്ടുണ്ട്. പേരിൽ മുസൽമാനായിട്ട് കാര്യമില്ല. നല്ല ഇൻസാനും ആയിരിക്കണം. സമാധാനത്തിന്റെ
മതമാണ് ഇസ്ലാം. മനുഷ്യത്വമുള്ളവനായി ജീവിക്കാനാണ് ഖുറാൻ പറയുന്നത്. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൻ മുസൽമാൻ അല്ല. അള്ളാഹുവിന്റെ അടുക്കൽ അവന് സ്ഥാനമില്ല. തീവ്രവാദവും അക്രമവും അനിസ്ലാമികമാണ്. ഖുറാൻ വചനങ്ങൾ ഇവന്റെയൊക്കെ കണ്ണു തുറപ്പിച്ചിരുന്നെങ്കിൽ….
മയമില്ലാതെ മോയിൻ ഖാൻ തുറന്നടിച്ചു. ഇസ്ലാമോഫോബിയ’ എന്ന പേടി രോഗം ഇതര സമുദായങ്ങൾക്കിടയിൽ പടരുന്നതിന്റെ ആശങ്കയും ഖാൻ പങ്കുവെച്ചു.
എത്രയോ നല്ലവരായ മുസൽമാൻമാരുടെ സ്വയം നീറിപ്പുകയുന്ന മനസ്സ് മോയിൻഖാനിലൂടെ എനിക്ക്
മനസ്സിലായി. സമൂഹത്തിനുനേരെ തുറന്നുപിടിച്ച അകക്കണ്ണിനാൽ ഈ ലോകത്തെ ആകെ അളന്നെടുക്കുന്നു മോയിൻഖാൻ.

“താങ്കളെനിക്കുവേണ്ടി ഒരു നല്ല വാടകവീട് കണ്ടെത്തും. ഇൻശാ അള്ളാ.
‘പ്രിയപ്പെട്ട മോയിൻഖാൻ…’ താങ്കൾക്കുവേണ്ടി എന്റെ ഹൃദയത്തിൽ വിശാലമായ ഇടം ഒഴിഞ്ഞുകിടപ്പുണ്ട്. താങ്കളെ എപ്പോഴേ എന്റെ ഹൃദയത്തിൽ കുടിയിരുത്തിക്കഴിഞ്ഞു. ഒരു വാടകവീട്ടിലെ
കുടിയിരുപ്പുകാരനായ ഞാൻ താങ്കൾക്കുമുന്നിൽ ഒരു കടുകുമണിയോളം ചെറുതാണ്. ഇങ്ങനെയൊക്കെ
പറയണമെന്ന് തോന്നിയെങ്കിലും മറുവശത്ത് ഖാൻ തന്റെ ആകുലതകൾ പറഞ്ഞുതീർത്ത് ശാന്തനായി, ശുഭാപ്തി
വിശ്വാസിയായി പിൻവാങ്ങിക്കഴിഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മോയിൻ ഖാനെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിനെ
അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നുവരികയും ഉറക്കമില്ലാത്ത രാത്രികൾ
പുലരുകയും ചെയ്തു. സംശയങ്ങളും ചോദ്യങ്ങളും എനിക്കു ചുറ്റും വണ്ടുകളെപ്പോലെ മൂളിപ്പറന്നു. ഭൂമി സൂര്യനെ പത്തിരുപതുവട്ടം വലംവെച്ചുവരുമ്പോഴേക്കും കാലം ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. അന്ധനായ അയമുവിൽ നിന്നും അന്ധനായ മോയിൻഖാനിലേക്കുള്ള ദൂരം എത്ര വിദൂരം! മനുഷ്യർക്കിടയിലെ
പരസ്പര വിശ്വാസത്തിന്റെ സ്നേഹസാഗരം എപ്പോഴാണ് വറ്റിപ്പോയത് ? ഹൃദയത്തിന്റെ ഭിത്തികൾ ചുരുങ്ങിപ്പോകുകയും മാറാല കെട്ടുകയും ചെയ്തിരിക്കുന്നു. പ്രകാശത്തിനു പകരം ഇരുട്ട് പരക്കുകയാണ്,
പരക്കെ. നമ്മുടെ പഴയ നാട്ടിൻ പുറത്തുകാരൻ അയമു മോയിൻഖാനെപ്പോലെ ഭാര്യയും കുട്ടികളുമായി കഴിയുന്നുണ്ടാകുമോ? അവന്റെ ഉമ്മ സമാധാനത്തോടെ പരലോകം പൂകിയിരിക്കുമോ? ആരെ വിളിച്ചാണ്
ഒന്നന്വേഷിക്കേണ്ടത്? കാഴ്ചയുള്ളവരുടെ ലോകം എല്ലാ ബന്ധങ്ങളും അറുത്തുമാറ്റുകയാണല്ലോ. കാഴ്ചകളുടെ പ്രളയക്കെടുതിയിൽ സർവതും നശിച്ച് വിലപിക്കാൻ പോലും മറന്നുപോയവർ.
മനുഷ്യത്വം മരവിച്ച മനസ്സുമായി മരപ്പാവകളെപ്പോലെ ജീവിക്കുന്നവർ. കണ്ണുള്ളവരുടെ ലോകത്ത് അവിശ്വാസത്തിന്റെ ഇരുട്ടിൽ ജനങ്ങൾ പരസ്പരം തിരിച്ചറിയാതെ പോകുമ്പോൾ അന്ധന്മാർ നമുക്ക് വഴികാട്ടികളാവട്ടെ. കണ്ണേ മടങ്ങുക. സ്വസ്തി. സ്വസ്തി…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...