HomeTHE ARTERIASEQUEL 79ഒരാൾ കൂടി പടിയിറങ്ങി

ഒരാൾ കൂടി പടിയിറങ്ങി

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

പഠിപ്പിലും പത്രാസിലും നെഗളിച്ച്, ദുരഭിമാനം പൂണ്ട് വീട്ടിലെ മറ്റു പണികളൊന്നും ചെയ്യാതെ കൂട്ടുകൂടി നടന്നിരുന്ന കാലം. പെൻഷൻ പറ്റി പിരിഞ്ഞ അച്ഛന് ഇനിയും ഭാരമാകരുത് എന്ന് കരുതി പഠനം നിർത്തുകയായിരുന്നു. വായനശാലയിലും കലുങ്കിലും കടത്തിണ്ണകളിലും പാഴായിപ്പോയ വ്യർത്ഥമായ പകലുകൾ! ദാസൻ്റെ ബാർബർ ഷാപ്പിൽ ,പീടിക കോലായിൽ അടക്കി വെച്ച നിരപ്പലകമേൽ, കത്രികയുടെ ചലനങ്ങളിൽ ചെവി കൊടുത്ത് ബജാരിലെ തിരക്കുകളിൽ കണ്ണയച്ച് കുന്തിച്ചിരുന്ന സായന്തനങ്ങൾ…വല്ലപ്പോഴും കൂട്ടുകാരൊത്തുകൂടി കള്ള് ഷാപ്പിൽ കടമ്മനിട്ട കവിത ചൊല്ലിയാടി നാവുകുഴഞ്ഞ രാവുകൾ. പിന്നെ
പാതയും പാടവും പിന്നിട്ട് കാടിനോരം ചേർന്ന കൈത്തോടിൻ കരയിലെ വിളക്കണയാതെ കാത്തിരിക്കുന്ന വീട്ടിലെത്തുന്നു. ബോംബു മണക്കുന്ന കവലയും കഠാര പതിയിരിക്കുന്ന ഇടവഴിയും സ്വപ്നം കണ്ട് വഴിക്കണ്ണുമായ് കാത്തിരുന്ന് തളർന്നുറങ്ങിപ്പോയ പാവം അമ്മയ്ക്കുമുന്നിൽ എൻ്റെ കാലൊച്ച ഞെട്ടലാവുന്നു.
അമ്മയുടെ കൈപ്പുണ്യത്തിൽ വിശപ്പാറ്റി തെക്കിനിയിൽ അച്ഛൻ്റെ അസ്വസ്ഥതയെ
അവഗണിച്ച്, പഠനമുറിയിലെ പാതിരാവിലെ സുഖസുഷുപ്തി !

വെയിൽ ചാഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ അമ്മാവൻ വീട്ടിലേക്ക് കയറി വന്നു. ഞാൻ കോലായിലെ മരബെഞ്ചിൽ ‘മയ്യഴി പുഴയുടെ തീരങ്ങളിൽ’ കണ്ണും നട്ട്
ഇരിക്കുകയായിരുന്നു. “എന്താടാ…ഇങ്ങനെ തെക്കുവടക്ക് നടന്നാൽ മതിയോ?… വല്ല തൊരോം എടുത്ത് ജീവിക്കാൻ നോക്ക്”. അമ്മാവൻ ഈർഷ്യയോടെ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു. “നീയൊക്കെ നാട്ടിൽ നിന്നാൽ കുരുത്തം കെട്ടുപോകും. ഇപ്പൊ തന്നെ മറ്റുള്ളവർക്ക് തല ഉയർത്തി നടക്കാൻ പറ്റാത്തായി. ”
“വയസ്സായ അച്ഛനേയും അമ്മയേയും.. … ” പിന്നെയും എന്തൊക്കെയോ പറയുകയും
ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒരു വേള, കുറ്റപ്പെടുത്തലിൻ്റെ കുത്തുവാക്കുകളിൽ ഞാൻ പൊള്ളിപ്പിടഞ്ഞു. കാറ്റ് പിടിച്ച കവുങ്ങിൻ തോപ്പു പോലെ മനസ്സ് ആടിയുലഞ്ഞു. പഴുത്ത പട്ടകൾ പൊഴിഞ്ഞു വീഴുമ്പോലെ ഓർമ്മകൾ ഇളകി തെറിച്ചു. ഒടുവിൽ ചെറുവാഞ്ചേരിയിലെ മൂസ ഹാജിയുടെ കൂടെ ബാംഗ്ലൂരിലേക്ക് പോകാമെന്നുള്ള എൻ്റെ സമ്മതവും വാങ്ങി അമ്മാവൻ സമാധാനത്തോടെ പടിയിറങ്ങി. അങ്ങനെ ഉറച്ച തീരുമാനവുമായി, കുലുങ്ങി ചിരിച്ചോടുന്ന കൈത്തോടിനെ അവഗണിച്ച് വളഞ്ഞു പുളഞ്ഞു പോകുന്ന ഏകാന്ത പാതയിലൂടെ മടാനിപ്പൊയിലിലേക്ക് കുതിച്ചു. മകൻ്റെ അപ്രതീക്ഷിത വരവിൽ മുണ്ടകൻ പാടത്ത് കളപറിക്കുകയായിരുന്ന അമ്മയിൽ ആശ്ചര്യം വിരിഞ്ഞു. കുറച്ചകലെ വാഴയെ പരിചരിക്കുകയായിരുന്നു അച്ഛൻ. എൻ്റെ തീരുമാനത്തിന് മുന്നിൽ അവർ നിർവികാരതയോടെ പകച്ചു നിന്നു.
വല്ലതും പറഞ്ഞാൽ തന്നെ അനുസരിക്കില്ലെന്ന പൂർണ്ണബോധവും
അവർക്കുണ്ടായിരുന്നല്ലോ –

നാളെ രാവിലെ ഏഴരയുടെ ബേബിക്ക് പോകാൻ പാകത്തിൽ വിളിക്കണമെന്ന് അമ്മയോട് സൂചിപ്പിച്ച് തിരിഞ്ഞു നടന്നു. മനസ്സ് ആകപ്പാടെ അസ്വസ്ഥമായിരുന്നു. ഒന്നിനും ഒരു താൽപ്പര്യവും തോന്നിയില്ല. നേരെ ഷാപ്പിലേക്ക് വെച്ചുപിടിച്ചു. പിന്നെ
അജിതയേ കണ്ടു. കാടുകയറി. കൂട്ടുകാരോടൊത്ത് കഥ പറഞ്ഞിരിക്കാറുള്ള കരിമ്പാറയിൽ ഏകാകിയായിരുന്നു. ‘നാടുവിട്ടാൽ നായയ്ക്കു സമ’മെന്ന് ആരോ പറഞ്ഞതോർത്തു. എന്തു ചുറ്റുപാടായാലും പിടിച്ചു നിന്നേ പറ്റൂ. കഷ്ടപ്പാടുകൾ സസന്തോഷം സഹിക്കുക തന്നെ. പക്ഷികൾ കൂടുകളിലേക്ക് മടങ്ങാൻ തുടങ്ങി. സന്ധ്യയാവുന്നു, അങ്ങ് കിഴക്കൻ മലനിരകളിൽ കാഴ്ചകൾക്ക് മങ്ങലേറ്റു. ഞാൻ കുന്നിറങ്ങി.

ഏപ്രിൽ 22. ഏറെ നൊമ്പരപ്പെട്ടും ഉറക്കമിളച്ചും കടന്നു പോയ രാത്രിയായിരുന്നു, അത്. എൻ്റെ ഹൃദയതാളത്തോടൊപ്പം അകത്തളത്തുനിന്നും ക്ലോക്കിൻ്റെ ടിക്… ടിക് ശബ്ദം ഇരുട്ടിൻ്റെ നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ടിരുന്നു. ഈ കിടപ്പുമുറിയും കിടക്കയും പിന്നെ ഒരു കൗമാരകാലവും നഷ്ടപ്പെടുന്നതിനെ
കുറിച്ചോർത്ത് മച്ചിൽ കണ്ണും നട്ട് പിടയുന്ന മനസ്സുമായി അങ്ങനെ കിടന്നു. രാത്രിയുടെ അസാമാന്യ ദൈർഘ്യം ആദ്യമായി അറിഞ്ഞു. ആ അറിവ് അസഹ്യതയായി ഉള്ളിൽ വളർന്നു. ഒടുവിൽ പുലരിയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്തെ ചപ്പുചവറിൽ നിന്നും ചെറുപ്രാണികൾ ചിലയ്ക്കാൻ തുടങ്ങി.
പെരുത്തു വരുന്ന തിരിച്ചറിയാത്ത അനേകം ശബ്ദങ്ങൾക്കിടയിലൂടെ ഒരു പൂവൻകോഴി നീട്ടിക്കൂവി. തുടർന്ന് അയൽപക്കങ്ങളിലെ അനേകം പൂവാലന്മാരും അത് ഏറ്റു പിടിച്ചു. കാക്കയുടെ പരിചിതമായ കരച്ചിൽ. ഒരു പട്ടിയുടെ നീട്ടിയ കുര. അടുക്കളയിൽ തട്ടിയും മുട്ടിയും അമ്മയും സജീവമായി. അലസമായി അങ്ങനെ കിടക്കവേ, അമ്മയുടെ അടുത്തടുത്തു വരുന്ന കാൽപ്പെരുമാറ്റം അറിഞ്ഞു.

” മോനേ… മണി ആറു കഴിഞ്ഞു….. ”
അമ്മയിൽ നിന്നും സ്നേഹം നിറഞ്ഞു വഴിഞ്ഞു. പിന്നെ മുറിയുടെ കതക്
തള്ളി തുറന്നു.. “….ബേബി, കിഴക്ക് പോയിട്ടുണ്ട്. കുളിച്ചൊരുങ്ങാൻ നോക്കരുതോ നിനക്ക്.” മുന്നിൽ കത്തിത്തീർന്ന കാക്ക വിളക്കു പോലെ അമ്മ. കണ്ണിൽ സങ്കടക്കടൽ. സ്നേഹത്തിര. ആ കണ്ണുകളിലെ സ്വാന്തന സ്പർശം എന്നെ വന്നു പൊതിഞ്ഞു. അവർ അവശതയോടെ വേച്ചു വേച്ച് നടന്നകലവേ ഞാൻ കിടക്ക വിട്ടുണർന്നു. തൊടിയിൽ തുടുത്ത പച്ചപ്പ്. പുളിമരത്തിൽ ചപ്പിലക്കിളികളുടെ കലപില. അവ താഴെ ചപ്പു ചവറുകളുടെ രഹസ്യങ്ങളിലേക്ക് കൂപ്പുകുത്തി. കാറ്റിൽ
തെങ്ങോലകളുടെ കുസൃതി. അതിരുകൾക്കപ്പുറം അജിതയുടെ ഓലപ്പുര. അതിനുമപ്പുറം കശുമാവിൻ തോപ്പുകൂടെ ഇരുണ്ട പച്ചപ്പിൽ തട്ടി കാഴ്ച
മുറിഞ്ഞു. അലമാരയിൽ ചിട്ടയോടെ അടക്കിവെച്ച പുസ്തകങ്ങൾ. അക്ഷര തെളിച്ചത്തിലൂടെ അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച് നടന്നു കയറിയ ബാല്യകൗമാരങ്ങൾ. പുസ്തകത്താളുകൾക്കിടയിൽ പൂഴ്ത്തിവെച്ച മയിൽപ്പീലിത്തണ്ടുകൾ! കുനുകുനുത്ത അക്ഷരക്കൂട്ടുകളാൽ കുറിച്ചിട്ട എൻ്റെ കവിതാഭാസങ്ങൾ… പിറവിയുടെ ഏകാന്ത നൊമ്പരങ്ങൾ.

നഷ്ടപ്പെടാൻ പോകുന്ന എൻ്റെ, എന്റേതു മാത്രമായ കൊച്ചു ലോകത്തിന് മുന്നിൽ ശിരസ്സ് നമിച്ച് നിവർന്നു. ഇനി പുതിയ
ആകാശം. പുതിയ ജീവിതം.ചുറ്റുപാടുകൾ. മനുഷ്യർ…

കിണറ്റിലെ കുളിരുകോരുന്ന വെള്ളത്തിൽ കുളിച്ചു. മനസ്സിനും ശരീരത്തിനും ആശ്വാസം തോന്നി. ഒരു യാത്ര കൂടി സമാഗതമായിരിക്കുന്നു . അമ്മയുടെ മൗനത്തേയും വിങ്ങുന്ന ഹൃദയത്തേയും സാക്ഷി നിർത്തി, അച്ഛനെപ്പോലെ…
ചേട്ടനെപ്പോലെ….ഒരു നിയോഗം കണക്കെ ഈ ഞാനും. അമ്മ പകർന്നു തന്ന കാപ്പിക്ക് പതിവിലേറെ മാധുര്യം. അച്ഛൻ തൻ്റെ പഴയ തുകൽബാഗ് തുടച്ച് വൃത്തിയാക്കി എന്നെ ഏൽപ്പിക്കവെ, കണ്ണടയ്ക്കുള്ളിലൂടെ കൂർത്തു വരാറുള്ള പതിവ് നോട്ടത്തിന് കാരുണ്യം. പാറ്റഗുളികയുടെ മണമുള്ള തുകൽ ബാഗിൽ അടുക്കി വെച്ച ഡ്രസ്സുകളുമായി പുറത്തിറങ്ങി. അച്ഛൻ്റെ കാൽതൊട്ട് കരളിൽ വെച്ചു. എരിഞ്ഞൊടുങ്ങുന്ന മെഴുക് തിരി കണക്കെ കുറ്റബോധത്താൽ
ഞാൻ ഉരുകിയൊലിച്ചു. തൊട്ടടുത്ത് മൂടിക്കെട്ടിയ ആകാശം പോലെ അമ്മ!
ഞാൻ അമ്മയുടെ കൈകളിലേക്ക് ചുരുങ്ങി. പിന്നെ ആ പരുപരുത്ത
കൈത്തലം എടുത്ത് സ്വന്തം തലയിൽ വെച്ചു.

‘അമ്മേ…അനുഗ്രഹിക്കൂ…’ മനസ്സ് നിശബ്ദം തേങ്ങി. ഭയാനകമായ ശാന്തത
ചുറ്റിലും തളം കെട്ടി. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി . ഒടുവിൽ അമ്മയുടെ നിറകണ്ണുകൾക്കുമുന്നിലൂടെ നിശബ്ദമായ യാത്രാമൊഴി. തുകൽ ബാഗുമെടുത്ത്, ഒരു കാലഘട്ടത്തിൻ്റെ മരിക്കാത്ത ഓർമ്മകളും പേറി ഒരാൾ കൂടി പടിയിറങ്ങി…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...