ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
റോഡിനിരുവശങ്ങളിലും പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിടങ്ങൾ. പലവിധ കച്ചവട സ്ഥാപനങ്ങൾ. കൂടാതെ ഷോപ്പിംങ് മാളുകൾ, ബാങ്കുകൾ, ആധുനിക ആതുരാലയങ്ങളും വിദ്യാലയങ്ങളും, പരക്കം പായുന്ന ജനങ്ങളും വാഹനത്തിരക്കുമുള്ള നഗരം. അമ്പലങ്ങളും പള്ളികളും ചർച്ചുകളും കൈകോർത്ത നഗരം. വിവിധങ്ങളായ ആചാരങ്ങളും ജാതിമതങ്ങളും ചേർന്ന് സഹവർത്തിത്വം പുലർത്തുന്ന നഗരം. മൊത്തത്തിൽ ഇരുത്തം വന്ന ഒരു കൊച്ചു നഗരം. ഇത് കർണ്ണാടകയിലെ തുമുക്കൂരു. ലിങ്കായത്ത് സമുദായ ആചാര്യൻ ശിവകുമാരസ്വാമിയുടെ പെരുമയുള്ള തുമുക്കൂരു. ഗാന്ധിനഗറും എം.ജി റോഡും സരസ്വതീപുരവും അംബേദ്കർ നഗറും ശിവജി നഗറും ഏതൊരു നഗരനാമങ്ങൾ പോലെ….
അശോക റോഡിന് പുറകിലുള്ള മണ്ടിപേട്ടകളിൽ മൊത്തകച്ചവടവും ചില്ലറവില്പനയും തകൃതി. പച്ചക്കറി വണ്ടിയിലും തെരുവു കച്ചവടത്തിലും ചന്തയുടെ ആരവം. ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ മുങ്ങി അർത്ഥശൂന്യനായ ഞാൻ മൂന്നു മാസക്കാലം ഈ നഗരത്തെ എന്റെ ഇടത്താവളമാക്കിയിരുന്നു. നഗരചത്വരത്തിന് പുറത്ത് ഒരു വലിയ ബേക്കറിയിൽ നിന്നുകൊണ്ട് പുതിയ തൊഴിൽ മേഖല കണ്ടെത്തുവാനും പഠിക്കുവാനുള്ള ശ്രമത്തിലായിരുന്നു. പല തരത്തിൽപ്പെട്ട ആൾക്കാരുമായും ഇടപഴകാനും അതുവഴി ചിലരുമായി സുഹൃദ്ബന്ധം വളർത്താനും കഴിഞ്ഞു. 2016 ലെ നോട്ടുനിരോധനത്തിന് ശേഷവും ജനങ്ങളുടെ ക്രയവിക്രയത്തിന് യാതൊരുവിധ അപചയവും സംഭവിച്ചില്ലെന്ന് മനസ്സിലായി. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുത്തൻ നോട്ടുകളാണ് പലരും വീശുന്നത്. അഞ്ഞൂറ് മുതൽ മേൽപ്പോട്ടാണ് ഓരോ ബില്ലുകളും. ഓരോ രക്ഷിതാക്കളും എത്രയധികം ബേക്കറി സാധനങ്ങളാണ് മക്കളെ കൊണ്ട് തീറ്റിക്കുന്നത്! പണ്ട് ഒരു നേരം വിശപ്പടക്കി ജീവിച്ചവന്റെ ഭൂതാവേശം ചിലരിലെങ്കിലും കാണാറുണ്ട്. വിശപ്പ് ശമിപ്പിക്കാനല്ല പകരം നാക്കിന്റെ രുചിയാണ് പ്രധാനം. പുതുതലമുറ ബേക്കറികൾ എല്ലാ രുചികളുടെയും മേളപ്പെരുക്കമാകുന്നു .
ചില നേരങ്ങളിൽ ഞാൻ ഒരു കൊച്ചു കുട്ടിയായി എന്റെ ഓർമ്മകളുടെ നടവരമ്പിലായിരിക്കും. അപ്പോൾ വലിയ വെളിച്ചത്തിന്റെ വിശാലമായ പാറപ്പരപ്പും അതിൽ വെയിലേറ്റ് തിളങ്ങുന്ന മുട്ടോളം വളർന്ന നെയ്പുല്ലുകളും പരവതാനി വിരിക്കും. പടർന്നുപന്തലിച്ച മാവിൻ ചുവട്ടിലുള്ള കൊച്ചു ജലാശയവും അതിന്റെ ശീതളചായയും ഇളംകാറ്റും മനസ്സിൽ കുളിരു കോരും. പച്ചമാങ്ങകൾ എറിഞ്ഞു വീഴ്ത്തി അതിന്റെ ചിന ഉരച്ചതിന് ശേഷം പാറയിൽ തല്ലി പരസ്പരം പങ്കിട്ടെടുത്ത് തിന്ന ബാല്യങ്ങൾ. ചിലപ്പോൾ ഒരു മാങ്ങ തന്നെ ഞങ്ങൾ അന്യോന്യം കടിച്ചു തിന്നാറുമുണ്ട്. ഓണത്തിന് പൂ പറിക്കാൻ പോകുമ്പോഴാണ് വലിയ വെളിച്ചവും അതിന്റെ വന്യമായ മനോഹാരിതയും പരപ്പും ആകാശകാഴ്ചയും വിസ്മയിപ്പിച്ചത്.. അകലെ ചെങ്കല്ലും ഉരുളൻകല്ലുകളും കൊണ്ട് മറച്ച പൊതുശ്മശാനവും മൂകതയും ഓർമ്മക്കൂടാരത്തിൽ വിറങ്ങലിച്ചു നിൽക്കുന്നു. അകാലത്തിൽ വിട പറഞ്ഞ കഥാകൃത്തും പത്രപ്രവർത്തകനുമായ കെ.വി.അനൂപ് ആണ് വലിയവെളിച്ചത്തെ ആദ്യമായി അക്ഷരങ്ങളിൽ അടയാളപ്പെടുത്തുന്നത്. പണ്ട്, ബാലപംക്തികളിലെഴുതാറുള്ള അനൂപ്.കെ.വി. മുര്യാടിനെയും തെല്ലിട ഓർത്തെടുത്തു. നെയ്പ്പുല്ലിനെ കുറിച്ചും ശ്മശാനത്തിൽ ദഹിപ്പിക്കാനായി കൊണ്ടുവരുന്ന ശവങ്ങളെയും അതിൻ്റെ കരിഞ്ഞ ഗന്ധവും തീയും പുകയും എന്നിലും പടർന്നു കയറിയത് ഭാഷാപോഷിണിയിൽ അനൂപ് എഴുതിയ ‘വലിയ വെളിച്ചം’ എന്ന കഥയിലൂടെ ആയിരുന്നു.
മൂര്യാട്ടുള്ള അപ്പകൂട്ടിൽ നിന്നും വലിയ വട്ടിയിൽ പല ബിസ്ക്കറ്റും ഉണ്ടബിസ്കറ്റും ബാർലി ബിസ്ക്കറ്റും പൊട്ടിയാപ്പവും വട്ടയും അരിമുറുക്കും ജീരകത്തിന്റെ രുചിയുള്ള ചെറിയ റസ്ക്കും മറ്റുമായി വരുന്ന ഗോപാലേട്ടനേ ഓർക്കും. മുര്യാട്ടുനിന്നും കുന്നുകയറി വലിയ വെളിച്ചത്തിൻ്റെ വെയിൽ ചീളുകൾ താണ്ടി അപ്പങ്ങൾ നിറച്ച വട്ടിയും തലച്ചുമടേറ്റിവരുന്ന അപ്പക്കാരൻ ‘വട്ട’ ഗോപാലേട്ടനെ കാത്തുനിന്ന നടവഴികൾ.!. നടത്തത്തിന്റെ താളത്തിന് പാകത്തിൽ വട്ടിയുടെ കിരുകിരുപ്പും തേഞ്ഞുതീർന്ന റബ്ബർ ചെരിപ്പിന്റെ നേർത്ത താളമടിയും അപ്പങ്ങളുടെ നെയ് മണവും ഗോപാലേട്ടന്റെ വിയർപ്പുഗന്ധവും ശ്വസിച്ച് ഞങ്ങൾ അയാളെ അനുഗമിക്കും. അടയ്ക്കയും കശുവണ്ടിയും വിറ്റുകിട്ടിയ നാണയ തുട്ടുകൾ ഞങ്ങളുടെ കീശയിൽ നിന്നും തിടുക്കം കൂട്ടും. നടവഴിയുടെ അറ്റത്തുള്ള കൽപ്പടവുകൾ കയറി ചെമ്മൺ നിരത്തിലെ തിണ്ടിൻമേലാണ് ഈ വട്ടിയൊന്ന് ഇറക്കിവെക്കേണ്ടത്. പതിയെ, അപ്പങ്ങൾ നിറച്ച കലവറവട്ടി യുടെ തിരശ്ശീല നമുക്ക് മുന്നിൽ അനാവൃതമാകും ! വലിയ പപ്പടത്തിന്റെ വലിപ്പമുള്ള, നേരിയ ചൂടുള്ള വട്ടയാണ് പിള്ളേർക്കേറ്റവും ഇഷ്ടം. അതിന്റെ എണ്ണ മണവും എള്ളിന്റെ രുചിയും തൊട്ടാൽ പൊടിയുന്ന കറുമുറുപ്പും ഇപ്പോഴും രുചിപെരുമയായി നാക്കിൻ തുമ്പിലുണ്ട്.
“ഓന് ബംഗ്ലൂര് അപ്പ കൂട്ടിലാപ്പാ പണി…. ഓനിപ്പം സ്വന്തം അപ്പക്കൂടാ ആഡ…”
എന്നൊക്കെ നാടുവിട്ടുപോയവരെ കുറിച്ച് പായുന്നതു കേട്ടിട്ടുണ്ട് ;പണ്ട്. ബാംഗ്ലൂർ എന്നൊക്കെ കേൾക്കുമ്പോൾ എൻ്റെ കൊച്ചു മനസ്സിൽ ബംഗാളാണ് ഓർമ്മ വരിക. അന്ന് ബംഗാളികൾ നമ്മുടെ നാട്ടിൽ അഥിതി തൊഴിലാളിയായി എത്തിയിരുന്നില്ല. ‘കൂറ*ബംഗാളത്തു പോയപോലെ’ എന്ന പഴമക്കാരുടെ ചൊല്ലുമൊഴിയോ ജ്യോതിബസുവിനെ കുറിച്ച് കേട്ടതുകൊണ്ടോ കമ്യൂണിസം കൊണ്ടോ, എന്തുകൊണ്ടാവാം അങ്ങനെ ചിന്തിച്ചതെന്ന് തെല്ലും നിശ്ചയമില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞ്, ഞാൻ ബംഗളുരുവിൽ വരികയും പലതരം തൊഴിലുകൾ ചെയ്യുകയും അതിൽ പണ്ടത്തെ അപ്പക്കൂട് എന്ന ബേക്കറിയിൽ തൊഴിലാളിയായി നിൽക്കുകയും സ്വന്തമായി ബേക്കറി തുറക്കുകയും ചെയ്തു. അപ്പൊഴൊന്നും ഗോപാലേട്ടന്റെ വട്ടിയിൽ കണ്ട അപ്പങ്ങളോ അതിന്റെ നാടൻ രുചിയോ ഗന്ധങ്ങളോ എനിക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ഓർമകൾക്കെപ്പൊഴും രുചിയും സുഗന്ധം ഇച്ചിരി കൂടുതലാണല്ലോ ?!.
വീണ്ടും ഏതോ ഒരു കാലത്ത് ഏതോ ഒരു ദേശത്ത് ഏതോ ഒരു വഴിയിലൂടെ ജീവിതയാത്രയിൽ തീത്ഥാടകനായി വഴിയമ്പലമായ ബേക്കറിയിൽ തീ ചുമടിറക്കിവെക്കുന്നു. ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള അനിശ്ചിതമായ യാത്രയിൽ….. ഇടവേളയിൽ….. തെല്ലിട. ജീവിതത്തിന്റെ നാൾവഴികളെ കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ, ഈശ്വരന്റെ സ്നേഹവാരിധിയിലെ ആലിലയായ് വിറച്ചു നിൽക്കുകയാണ് ഞാൻ. ചിലരുടെ സ്നേഹകരുതലിൽ, കുത്തുവാക്കുകളുടെ കൂരമ്പ് മുനയിൽ, ശകാരപ്പെരുമഴയിൽ , മൗന നൊമ്പരങ്ങളുടെ നെരിപ്പോടിൽ, ഭക്തിയുടെ കർപ്പൂരാഴിയിൽ വിറച്ചു നിൽക്കുന്ന ഒരാലില.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നല്ല എഴുത്ത്..????
വായനയ്ക്ക്, പ്രോത്സാഹനത്തിന്,
നന്ദി.നന്തോഷം❤????
ഓർമ്മക്കറിപ്പുകൾ നന്നായിട്ടുണ്ട് കേട്ടോ.
നന്ദി, സന്തോഷം.
ആത്മയിൽ ആഴ്ചകുറിപ്പുകളായി
ഓർമ്മക്കുറിപ്പുകൾ എഴുതുന്നു. തുടർന്നും വായനയും അഭിപ്രായവും പ്രതീക്ഷിക്കുന്നു .