ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
എനിക്ക് പത്ത്
വയസ്സുള്ളപ്പോഴായിരിക്കണം
ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. ‘ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ’ എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക് തേച്ചു കുളിക്കാനുള്ള കുഴമ്പും പച്ചെണ്ണയും വാങ്ങാൻ ഞാൻ തടിപ്പാലം കടന്ന് മുതിയങ്ങ വയൽ വരമ്പുകൾ താണ്ടും. തുടർന്നുള്ള ചെറിയ ഇടവഴി അവസാനിക്കുന്നിടത്ത്, ചെമ്മൺ നിരത്തിൻ്റെ ഓരത്താണ് തറി മരുന്ന് പീടിക. മരുന്ന് പീടികയ്ക്ക് മുന്നിലുള്ള ഗ്രന്ഥാലയം ഞാനങ്ങനെ നോക്കി നിൽക്കും. സമയംപോകുന്നതറിയില്ല. ചുമരിൽ ചുണ്ണാമ്പ് പൂശിയതും ഓടുപാകിയതുമായ ഒരു കൊച്ചുകെട്ടിടം!. കടുംചാരനിറമാർന്ന ജനാലയും പൂമുഖ വാതിലും. പ്രശാന്തചൈതന്യമുള്ള അക്ഷര മന്ദിരമായി ഞാനതിനെ സങ്കല്പിച്ചു. കരിവീട്ടിയുടെ നിറമുള്ള മര അലമാരയിൽ പുസ്തകങ്ങൾ ചിട്ടയോടെ അടുക്കി വെച്ചത് തുറന്നിട്ട വാതിലിലൂടെ എനിക്ക് കാണാം. എല്ലാം പഴയ പുസ്തകങ്ങളായിരിക്കണം. ആ ഗ്രന്ഥാലയത്തിൻ്റെ ഗന്ധം
എന്തായിരിക്കും? ഗ്രാമീണ ഗ്രന്ഥാലയത്തിൽ എനിക്കെന്നെങ്കിലും കാലു കുത്താൻ കഴിയുമോ? അവിടുത്തെ പുസ്തകങ്ങളുടെ ഗന്ധവും
നിശബ്ദതയും ഇളം തണുപ്പും അനുഭവിക്കണം. കണ്ണീരും കിനാവും പ്രണയവിരഹ സമാഗമവും ചരിത്രവും രാഷ്ട്രീയവും സാമൂഹികവും സാഹിത്യവും ആത്മകഥയും മറ്റുമായ അറിവനുഭവങ്ങളിലൂടെയുള്ള വായനാ സഞ്ചാരങ്ങൾ….. എത്രയെത്ര കരതലങ്ങളിലൂടെ ,വായനയുടെ രുചിക്കൂട്ടുമായി ചേർന്ന സർഗ്ഗയാമങ്ങൾ…!. അതവരെ കവിയോ, കഥാകൃത്തോ, സഹൃദയരോ, മനുഷ്യത്വമുള്ള പച്ച മനുഷ്യരോ ആക്കി തീർത്തിരിക്കണം എന്ന് മുതിർന്നപ്പോൾ ഞാൻ ഓർത്തിരുന്നു.
ഞാൻ ബാല്യകാലം ചെലവഴിച്ച നാട്ടിൽ വായനശാലയോ ഗ്രന്ഥാലയമോ ഇല്ലായിരുന്നു. അന്ന് മിക്ക നാടുകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഞാൻ പഠിച്ചിരുന്ന സ്കൂളുകളിൽ ലൈബ്രററി ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടെങ്കിൽ തന്നെ പുസ്തകങ്ങളെടുക്കുന്നതും വായിക്കുന്നതുമൊക്കെ എന്തോ വലിയ സംഭവമാണെന്നും അത് വിശേഷപ്പെട്ട ചില വിദ്യാർത്ഥികൾക്കുമെന്ന് ചിന്തിച്ചിരുന്ന, തെറ്റിദ്ധരിച്ചിരുന്ന കാലം. അധ്യാപകരാരും തന്നെ വായനയ്ക്ക് പ്രോത്സാഹനം നൽകിയിരുന്നുമില്ല. പ്രീഡിഗ്രി പഠനം പാരലൽ കോളജിൽ ആയതിനാൽ അവിടെയും വായന കിട്ടാക്കനിയായി. പൈസ കൊടുത്ത് വാങ്ങാനുള്ള പാങ്ങില്ല. പോരാത്തതിന് ആ ചെറിയ ടൗണിലൊന്നും ഒരു പുസ്തക കടയും കണ്ടില്ല. സ്റ്റേഷനറി കടകളിലും സോഡയും സർബത്തും പഴങ്ങളും വിൽക്കുന്ന കടകളിലും പൂമ്പാറ്റയും ബാലരമയും തത്തമ്മയും മുത്തശ്ശിയും അമർച്ചിത്രകഥയും വാരികകളും ആനുകാലികങ്ങളും തോരണം പോലെ തൂക്കിയിട്ടത് കാണാം. ആദ്യകാല വായന എപ്പൊഴെങ്കിലും ഒപ്പിക്കുന്ന ഇത്തരം കൊച്ചുപുസതകങ്ങളിലൊതുങ്ങി. കൂത്തുപറമ്പിലെ ലൈബ്രറിയിൽ നിന്നുമാണ് ആദ്യമായി ഒരു മെമ്പർഷിപ്പ് എടുക്കുന്നത്. പരിചയക്കാർ ആരുമില്ല. പീടിക മുകളിലെ നീളൻ മുറിയിൽ ഒരു വശത്ത് പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും മറു ഭാഗത്ത് പത്രമാസികകൾ വായിക്കാനുള്ള മേശയും ബഞ്ചുകളും ഉണ്ടായിരുന്നു. ഒരാഴ്ചയോളം അവിടെ പത്രമാസികകൾ വായിച്ച് ലൈബ്രേറിയനുമായി പരിചയം സ്ഥാപിച്ചാണ് മെമ്പർഷിപ്പ് സംഘടിപ്പിച്ചത് ! ആദ്യമായി കൈയ്യിൽ കിട്ടിയത് പ്രിയപ്പെട്ട എം ടിയുടെ രണ്ടാമൂഴവും. ആസ്വദിച്ച് വായിച്ച ആദ്യ നോവൽ ! കൊത്തിവെച്ച അക്ഷരങ്ങളാൽ ഭാവതീവ്രത വിരിയിച്ചെടുത്ത് വിസ്മയിപ്പിച്ച നോവൽ കാഴ്ച! പിന്നീട് എം മുകുന്ദൻ,കഞ്ഞബ്ദുള്ള, കടമ്മനിട്ട കവിതകൾ അങ്ങിനെ…അപ്പൊഴെക്കും ഞാൻ നാടുവിട്ടു.
ബാംഗ്ളൂരിൽ ചലചരക്കുകടയിലെ പണിക്കാരനായപ്പോൾ വായിക്കാനൊന്നുമില്ലാതായി. വലയിൽ കുരുങ്ങിയ കിളിയായി ഞാൻ!
അവിചാരിതമായി പാർസൽ പേപ്പർ വാങ്ങാൻ തമിഴൻ്റെ ആക്രിക്കടയിൽ പോയപ്പോൾ മാതൃഭൂമിയുടെ പഴയ ലക്കങ്ങൾ കെട്ടിവെച്ചിരിക്കുന്നത് കണ്ടു. അപ്പോൾ മരുഭൂമിയിലെ മരുപ്പച്ച കണ്ട ഒട്ടകവും ഞാൻ തന്നെ! തുച്ഛമായ വിലയ്ക്ക് വാങ്ങി അക്ഷരപ്പശി ശമിപ്പിച്ചു. പാവം തമിഴനെന്തറിഞ്ഞു! വറുതിയിൽ വയറു നിറച്ചു കഴിച്ച സദ്യയായി അത് ഇന്നും ഓർക്കുന്നു. സിററി സെൻട്രൽ ലൈബ്രറിയിലെ ഒരു
യുവതി കടയിലെ കസ്റ്റമറായിരുന്നു.
അവരുമായി അടുത്തു: അവർക്ക് മലയാളം അറിയില്ല.
“ഏനാദ്രു ഇരുബഹുദു… .. .”
(വല്ലതും കാണുമായിരിക്കും.) നിസ്സഹായത അറിയിച്ചു കൊണ്ട് അവർ പറഞ്ഞു:
ബന്നീ… നീവേ നോഡിരീ”
(നിങ്ങള് തന്നെ വന്ന് നോക്കി കൊള്ളുവിൻ)
രാജാജി നഗർ എയ്റ്റീ ഫീറ്റ് റോഡിലെ ലൈബ്രറിയിൽ പോയി. അധികമായി ആൾപ്പെരുമാറ്റമുണ്ടെന്ന് തോന്നിയില്ല.
ഒരേ ഒരു പുസ്തകമാണ് കിട്ടിയത്!
സി.രാധാകൃഷ്ണൻ്റെ ആദ്യകാല ചെറു നോവൽ. ശാസ്ത്ര സത്യങ്ങളും മറ്റും ഇഴ ചേർത്ത് രചിച്ചത്. ഉച്ചയുറക്കം ഉപേക്ഷിച്ച് പുറംലോകത്തെ വായിച്ചറിഞ്ഞ കാലമായിരുന്നു അതൊക്കെ. 88 ൽ ദേശാഭിമാനിയിൽ ‘പക്ഷിയുടെ വിലാപം’ എന്ന എൻ്റെ ആദ്യ കവിത അച്ചടിമഷി പുരണ്ടുവന്നു. എൻ്റെ സന്തോഷത്തിനതിരില്ലായിരുന്നു. എൻ്റെ കൊച്ചുഗ്രാമത്തിൻ്റെ പേര് എൻ്റെ പേരിനൊപ്പം അച്ചടിച്ചു കണ്ടതിലായിരുന്നു
എനിക്കഭിമാനാഹ്ലാദം!. ബംഗളുരുവിലെ കുടുസ്സുമുറിയിൽ നിന്നും എൻ്റെ നാടിനെ സ്വപ്നംകണ്ട് എഴുതിയ കവിത
യായിരുന്നു; അത്. 89 ലെ ബ്രണ്ണൻ കോളജ് മാഗസിനിൽ കവിത ‘ഏകാന്തപഥികനായി’ വന്നു. ഇന്നത്തെ പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂരായിരുന്നു സ്റ്റൂഡൻ്റ് എഡിറ്റർ. ബ്രണ്ണനിലെ വിശാലമായ ലൈബ്രറിയിൽ നിന്ന് എന്നെ മുകുന്ദാവേശം പിടികൂടി.
പിന്നീട് വിജിനപുരയിലെ ജൂബിലി സ്കൂളിൽ വെച്ച് പ്രിയപ്പെട്ട മുകുന്ദേട്ടനെ ഹസ്തദാനം ചെയ്തു. കുട്ടികളുടേതു പോലെ പതുപതുത്ത കൈത്തലം! അക്ഷര വിസ്മയങ്ങൾ വിരിയിച്ച പേന പിടിച്ച വിരലുകളുടെ മാന്ത്രിക സ്പർശം ഞാൻ അനുഭവിച്ചു! ശിഹാബുദ്ദീൻ പൊയ്ത്തുംകടവും അന്ന് ബ്രണ്ണനിൽ പഠിക്കുന്നുണ്ട്. അന്നേ ശിഹാബുദ്ദീൻ പേരെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ ആരാധകനുമായിരുന്നു ഞാൻ. മുറ്റിയ താടിയുമായി ഒരു ചെറുപ്പക്കാരൻ! ‘കഥ’ദ്വൈവാരിക
യിലൂടെ ഞാൻ ‘ദാസൻ്റെ ചെരുപ്പുകൾ’* ധരിച്ചു കൊണ്ട് ‘അതിർത്തിമുള്ളുകൾ’* താണ്ടുകയും ചെയ്തിരുന്നു!
പ്രിയ കഥാകൃത്തിനൊപ്പം മിക്ക ദിവസവും ധർമടത്തേക്ക് നടക്കാറുണ്ട്. ‘ഭൂമിപെറ്റ കുഴികൾ’ എന്ന കഥ എഴുതിയ കാലമായിരുന്നു, അത്. എന്ത് പ്രതിഫലം കിട്ടുമെന്ന് ചോദിക്കാനുള്ള അമിതസ്വാതന്ത്ര്യം പോലും ശിഹാബുദ്ദീൻ അനുവദിച്ചു തന്നിരുന്നു!
വർഷങ്ങൾ കഴിഞ്ഞു. 93ൽ സ്വന്തമായി കച്ചവട സ്ഥാപനം തുടങ്ങി. മലയാളി കുളിരിൽ ‘കൈരളി സ്റ്റോർ’ എന്ന പേരിൽ! അന്നൊക്കെ ബംഗളുരുവിൽ മലയാള പത്രങ്ങൾ കിട്ടിയത് നഗരപ്രദേശങ്ങളിൽ മാത്രമായിരുന്നു. കന്നഡ വായിക്കാൻ പഠിച്ചതിനാൽ പത്രവായന ‘കന്നഡ പ്രഭ’യായി. ഉൾനാട്ടിലെ തദ്ദേശീയരായ ഗ്രാമീണർക്കായി ഞാൻ കന്നഡ പത്രം കടയിൽ ഇടാനുള്ള ഏർപ്പാട് ചെയ്തിരുന്നു. അങ്ങനെ മറുമൊഴിയിലെ വളർത്തമ്മയായി കന്നഡമ്മയെയും ഹൃദയത്തോട് ചേർത്തു പിടിച്ചു. ഒടുവിൽ ചായക്കടയും ‘കാവേരി’യായി!. 93 ലെ മെയ് മാസത്തിൽ ഉദ്യാനനഗരിയിലെ അരവിയുടെ ‘മിനിമാഗസി’നിൽ എൻ്റെ ‘സായാഹ്ന സ്വപ്നങ്ങൾ’ എന്ന കവിതയും വിരിഞ്ഞു വന്നു; പ്രിയ സുഹൃത്ത് സോമൻ കടലൂരിൻ്റെ രേഖാചിത്രവുമായി. എഡിറ്റർ അരവിയുടെ ലെറ്റർ പാഡിലെഴുതിയ മറുപടി എന്നിലിപ്പൊഴും ഭദ്രം!
അരവിയുടെ സാഹിത്യസായാഹ്നം പരിപാടിയിൽ കാഴ്ചക്കാരനായി പങ്കുകൊണ്ടു. സേതു, എൻ .പി മുഹമ്മദ്, പമ്മൻ, കെ.ടി ഉമ്മർ തുടങ്ങിയവരോട് കുശലം പറഞ്ഞു.
പുസ്തക വായനയേ പറ്റിയുള്ള പ്രിയ കഥാകാരൻ്റെ ചോദ്യത്തിന് നഗരത്തിലെ
ലൈബ്രറിയുടെ അപര്യാപ്തത വെളിപ്പെടുത്തി. ഇടുങ്ങിയ സാമുദായിക
സാംസ്ക്കാരിക സംഘടനകളുടെ ചട്ടക്കൂടിന് പുറത്തായിരുന്നുവല്ലോ ഞാൻ!. ദേശാഭിമാനി,മാതൃഭൂമി, സമകാലികമലയാളം, ഭാഷാപോഷിണി, കലാകൗമുദി, കഥ, വനിത, കന്യക, സാഹിത്യ അക്കാദമിയുടെ
പ്രസിദ്ധീകണങ്ങൾ, മലയാള സാഹിത്യം മാസിക, മണമ്പൂരിൻ്റെ ‘ഇന്ന്’ എന്ന ഇൻല
ൻ്റ് മാസിക, ആരോഗ്യ മാസിക ,സ്നേഹിത, ഗ്രന്ഥലോകം തുടങ്ങി അനവധി ആനുകാലികങ്ങൾ തപാലിൽ വരുത്തിയിരുന്ന കാലം. മൾബെറി ഷെൽവിയുടെ പുസ്തകങ്ങളും വി.പി.പി യായി വന്നു കൊണ്ടിരുന്നു.
“ഏൻരേ ഇദു… DC ആപ്പീസോ…”
ഇതെന്താ ഡി.സി. ആപ്പീസാണോ
(കളക്ട്രാപ്പീസെന്ന് ചുരുക്കം! )
എന്ന് കാഡുഗോഡിയിലെ
പോസ്റ്റുമാൻ നാഗരാജു തമാശിക്കാറുണ്ട്. അവന് കാവേരി കഫേയിൽ നിന്ന് ചായ ഫ്രീയും! എനിക്ക് ഒരു സന്തോഷവും!
മലയാള പത്രങ്ങളും ബംഗളുരുവിൽ നിന്നും എഡിഷൻ തുടങ്ങിയ കാലം.
പത്രത്തിൽ നിന്നും വായിച്ചറിഞ്ഞ് ഞാൻ സർജാപൂർ റോഡിലെ ദൊഡ്ഢനക്കെല്ലിയിലെ ‘റീഡ് പോസിറ്റീവ് തിങ്കിങ്ങ്’ ലൈബ്രറി നടത്തുന്ന
ബിജു തോമസിനെ തേടിച്ചെന്നു. ഡി സി ബുക്സിലെ പുത്തൻ പുസ്തകങ്ങൾ സ്വന്തമാക്കി ഒരു മനോഹര പുസ്തകാരാമം ഒരുക്കിയിരിക്കുന്നു! ഡി.സി ബുക്സിൽ നിന്നും ലൈബ്രറി സന്ദർശിച്ച കാര്യവും അവൻ പറഞ്ഞു. നാടകങ്ങളും അഭിനയവും പുരോഗമന ആശയങ്ങളുമായി ഒരു ചെറുപ്പക്കാരനും കുടുംബവും. വായിച്ച പുസ്തകങ്ങൾ കൈമാറാനായി അനേകം കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്ന കാലം. സൂക്ഷിച്ചു വെച്ച ആനുകാലികങ്ങളുടെ വലിയ കൂമ്പാരം വാടക വീട്ടിലെ താമസക്കാരനായ എനിക്ക് ഒരു ഭാരമായി തീർന്നിരുന്നു..ആക്രിക്കാരനെ വിളിച്ച് വില പേശി കൈമാറുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഹൃദയ നൊമ്പരം അനുഭവിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് മറ്റൊരു ആക്രി കടയിൽ നിന്നും പുസ്തകം വാങ്ങിയ രംഗവും മനസ്സിൽ ചുരമാന്തി. അക്ഷരക്കൂടാരത്തിൽ നിന്നും പറന്നുയർന്ന ഓർമ്മക്കിളികൾ സർഗ്ഗസഞ്ചാരം നടത്തി ഇനിയും തിരിച്ചു വരുമോ!
98 ൽ ‘ബാംഗ്ലൂർ നാദം’ സാംസ്കാരിക മാസികയുടെ ചിലമ്പൊലി കേട്ടു. ജാലഹള്ളിക്കടുത്തുള്ള ചെക്കസന്ദ്രയിൽ ഞാൻ അന്വേഷിച്ചുചെന്നു. ബാബു ആൻ്റണിയും മറ്റു പ്രമുഖരും പങ്കെടുത്ത പ്രകാശന ചിത്രം ചുമരിലുണ്ട്. പത്രാധിപർ ഇയാസ് കുഴിവിളയ്ക്കു മുന്നിൽ ഞാൻ ഭവ്യതയോടെ ഇരുന്നു. അയാൾ ചായ വരുത്തിച്ചു. 88 ൽ എഴുതിയ ‘സൈനബ’ എന്ന കഥ ഇടറിയ ഒച്ചയോടെ പത്രാധിപരെ വായിച്ചുകേൾപ്പിച്ചു. കൈയ്യിൽ വളയും മെയ്യിൽ അലങ്കാരവുമില്ലാത്ത* ‘സൈനബ’യെ അയാൾക്ക് പിടിച്ചില്ല. നിരാശനായി തിരിച്ചുവന്നു. അശോകൻ ചരുവിലിനും ഏഴാച്ചേരിക്കു മുന്നിലും ‘സൈനബ’ കെട്ടുകാഴ്ചയായി!. വളരെക്കാലത്തിനു ശേഷം ഒരു സുവനീറിൽ ‘സൈനബ’
മൊഞ്ചത്തിയായി അവതരിച്ചു!
‘സമകാലിക മലയാളം’ വാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അനുഭവക്കുറിപ്പുകൾ അച്ചടിച്ചു വരുന്ന കാലം. വാരിക വാങ്ങാനായി ദൂരങ്ങൾ താണ്ടിയുള്ള ഒഴിവാക്കാനാവാത്ത യാത്രകൾ !
അദ്ദേഹത്തിൻ്റെ ശൈലിയും ഭാഷയുടെ തെളിമയും എഴുത്തിൻ്റെ ഒഴുക്കും എന്നെ ആവേശിച്ചിരുന്നു. ഒഴിയാബാധ പോലെ ഞാൻ പിന്തുടർന്നു.
1998 ൽ പെൻ ബുക്സ് പുറത്തിറക്കിയ
‘ചിദംബരസ്മരണ’ ബാലൻ എന്ന കൈയ്യൊപ്പോടെ സ്വന്തമാക്കുകയും ചെയ്തു.
. നിരവധി സാധാരണക്കാരുടെ അനുഭവങ്ങൾ നിരർത്ഥകമായി തീരുന്നു.
പുറംപോക്കിൽ തമസ്ക്കരിക്കപ്പെട്ടു പോകുന്നു. അത്തരത്തിലുള്ളവരുടെ നേരനുഭവങ്ങൾ കുറിച്ചിടാനാരുണ്ട്?
വീടും നാടും വിട്ട് മഹാനഗര സാഗരത്തിലെത്തി. ആടിയുലഞ്ഞ പായ്ക്കപ്പൽ ജീവിതയാത്രയുടെ തുടക്കം
അക്ഷരപെയ്ത്തായി ചാഞ്ഞും ചെരിഞ്ഞും കടലാസിലേക്ക് പാറി വീഴാൻ തുടങ്ങി. ‘ഒരാൾ കൂടി പടിയിറങ്ങി’ എന്ന ആദ്യ അനുഭവക്കുറിപ്പ് 99 ൽ ‘ബാംഗളൂർ നാദ’ത്തിൽ അച്ചടിമഷി പുരണ്ടുവന്നു. തലകെട്ട് ചീഫ് എഡിറ്ററുടെ വകയും. സ്വന്തം തലക്കെട്ട് തട്ടിൻപുറത്തുപോലുമില്ലാതെ മറവിയുടെ കൂരിരുട്ടിലും!
ചീഫ് എഡിറ്റർ സുധാകരൻ രാമന്തളി സാറിൻ്റെ നിർലോപ പിന്തുണയാൽ പല രചനകളും വെളിച്ചം കണ്ടു. ബാംഗ്ലൂർ മലയാളി എഴുത്തുകാരുടെ പുസ്തകം സലിംകുമാർ പുറത്തിറക്കിയ ‘സമതല’ത്തിൽ എൻ്റെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി. മലയാള മനോരമ, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങളിലും മലയാള സാഹിത്യം, മനോരമ വാരിക, പ്രവാസി വാർത്ത, പ്രവാസിലോകം, പ്രവാസ ഭൂമി തുടങ്ങിയവയിലും അനുഭവ കുറിപ്പുകളും കവിതകളും പ്രസിദ്ധീകരിക്കുകയുണ്ടായി.
.
2002 ൽ മലപ്പുറം ഫറോക്ക് പാലത്തിലുള്ള പുസ്തകക്കൂട്ടായ്മയായ ‘ആരവം’പബ്ലിക്കേഷനെപ്പറ്റി’ മനോരമ ശ്രീ’ യിൽ ഒരു കുറിപ്പുവന്നിരുന്നു. വിലാസമില്ലാത്തതിനാൽ ആ സുഹൃത് സംഘത്തിൻ്റെ ഫോട്ടോ വെട്ടി ഒട്ടിച്ച്, ഫറോക്ക്, മലപ്പുറം, കേരള എന്ന പേരിൽ എൻ്റെ അച്ചടിമഷിപുരണ്ട രചനകൾ അയച്ചുകൊടുത്തു. പകുതി പണം മുടക്കിയാൽ മനോഹരമായി ഇറക്കിത്തരാമെന്ന് മറുകുറിയും ബ്രോഷറും വന്നു. ‘എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് ദാസാ’ എന്ന് ഞാൻ കോട്ടുവാ ഇട്ടു !
വർഷങ്ങൾക്കു ശേഷം കലാലയ സുഹൃത്ത് സോമൻ കടലൂർ ഐ.ടി.ഐ
വിദ്യാമന്ദിരത്തിൽ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തി. സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ശ്രി.സോമൻ കടലൂർ പ്രസംഗിച്ചു. ഞാൻ ‘കഥ പറയുമ്പോൾ ‘ എന്ന സിനിമയിലെ ശ്രീനിവാസൻ്റെ കഥാപാത്രമായ ബാർബർ ബാലനേപ്പോലെ സദസ്സിലിരിക്കുകയായിരുന്നു!
ആ സിനിമയുടെ സംവിധായകൻ ശ്രീ.മോഹനൻ മണ്ടോടിയുടെ ‘ധ്വനി’ കയ്യെഴുത്തുമാസികയിൽ എൻ്റെ ആദ്യ കുട്ടിക്കവിതകൾ വന്ന കാലവും അപ്പോൾ ഓർത്തുപോയി.
കൊറോണയ്ക്കും മുന്നേ നാട്ടിലെത്തി കണ്ണൂരിൽ ജോലി ചെയ്യവേ, ഇടവേളകളിൽ കാൽടെക്സിനടുത്തുള്ള ജില്ലാ ലൈബ്രറിയിൽ അഭയം പ്രാപിച്ചു. സെക്രട്ടറി ശ്രീ പി.കെ ബൈജുവിനെ നേരിൽ കണ്ട് മെമ്പർഷിപ്പ് തരപ്പെടുത്തി വായന തുടർന്നു. ഇതുവരെയുള്ള പുസ്തക കൈമാറ്റങ്ങളിൽ കൈകുറ്റപ്പാടുകളുണ്ടാകാം. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിനെന്തർത്ഥം?! പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയെങ്കിലും വായനയുടെ പങ്കുവെക്കലിൽ ഒരു നല്ല സുഹൃത്തിനെ നമുക്കും വ്യക്തിയെ സമൂഹത്തിനും ലഭിക്കുമെന്ന് കരുതി പരസ്പരം ആശ്വസിക്കാം.
ഈ ഡിജിറ്റൽ വായനയുഗത്തിൽ സൈബർ വാതായനങ്ങൾ തുറന്നു നോക്കി കൊണ്ടാണ് നമ്മുടെ വായനാദിനം തുടങ്ങുന്നത് തന്നെ!
പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരയിൽ നിന്ന് പുറത്തെടുത്ത് വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നത്! വായന ഒരു വഴിപാടല്ല. അത് മഹത്തായ ഒരു സംവേദനമാണ്. നമ്മൾ വായന തിരിച്ചുപിടിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അറിവിൻ്റെ ഗ്രന്ഥപുരയുടെ വാതായനങ്ങള്‍ എന്നെന്നേക്കുമായി
കൊട്ടിയടക്കപ്പെടും. മുതിയങ്ങയിലെ ‘ഗ്രാമീണ ഗ്രന്ഥാലയം’
പുതുമോടിയിൽ നക്ഷത്ര ശോഭയോടെ അറിവിൻ നേർവഴി നടത്തി പരിലസിക്കു
ന്നുണ്ടാകും. അതിൻ്റെ തുറന്ന വാതിലുകൾ ഞാനിപ്പോഴും മനസ്സിൽ കാണുന്നു!ജീവിതയാത്രയിൽ ഇളവേൽക്കാനായില്ലെങ്കിലും ഊരുചുറ്റിയവൻ്റെ അക്ഷര ചിരാതുമായി ,ആ സരസ്വതീ സന്നിധിയുടെ പടികയറുവാൻ കഴിയുന്ന
സുദിനത്തിനായി ഞാൻ കാത്തിരിക്കുന്നു; അക്ഷരക്ഷോഭ്യമായ ഹൃദയവികാര
ത്തോടെ….
** ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ
നോവലെററുകൾ.
*കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മെയിലലങ്കാരമൊന്നുമില്ല!
ഏറുന്നയൌവനം മാടിമറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
(ബസ് സ്റ്റാൻ്റിൽ വെച്ച് സൈനബയെ കണ്ടുമുട്ടിയപ്പോൾ ഒ.എൻ.വി.കവിത
ഓർത്തത് കഥയിലും ചേർത്തു)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.