Homeലേഖനങ്ങൾനായർ ഹോട്ടലും കുറത്തിയും !

നായർ ഹോട്ടലും കുറത്തിയും !

Published on

spot_imgspot_img

സ്മിത ഗിരീഷ്

കോട്ടയത്ത് ന്നൊക്കെ വന്നിട്ട് ഇന്നാണ് മ്മടെ സ്വന്തം കുന്നംകുളത്തങ്ങാടീലേക്കൊന്ന് ഒത്തിരി നാള് കൂടി ഇറങ്ങാൻ നേരം കിട്ടീത്. പട്ടാമ്പി റോഡിലെ കാണിപ്പയ്യൂർ പുസ്തകശാലേന്ന് മ്മടെ ഒരു വാലൻറ്റൈന് ഒരൂട്ടം സംസ്കൃത പുസ്തകം വാങ്ങി. കോടതില് പ്രിനു വക്കീലിനേം, വിനു നേം വിളിച്ച് നാളേക്കുള്ള ഒരു കേസ് കാര്യം ചോദിച്ചു. സിബ്ബ് പോയ മ്മടെ ബാഗ് റെഡിയാക്കി. അങ്ങാടി മരുന്ന് കട, ഔഷധി വഴി മാർക്കറ്റിലേക്ക് ഷോർട്കട്ട് കയറി. അവിടെയൊന്നും ഒരു മാറ്റോമില്ലാലോ എന്നോർത്ത് അങ്ങനെ പോകുമ്പോ ദാ വരണ് മ്മടെ സിസ്ക്കോ മണിയേട്ടൻ! മണിയേട്ടൻ പണ്ട് മ്മള് ലീഗൽ അഡ്വൈസറാരു ന്ന സിസ്ക്കോ കുറീസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജരാാണ്…

മണിയേട്ടനോട് വിശേഷങ്ങൾ പറഞ്ഞ് മാർക്കറ്റിലെ സ്റ്റുഡിയോയിൽക്കയറി ഒരാവശ്യത്തിനുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്തു. അപ്പഴാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലല്ലോന്ന് പറഞ്ഞ് വിശപ്പ് കയറി തലക്കിട്ട് കിഴുക്കീ്ത്. ഫോട്ടോ കിട്ടാൻ പത്തു മിനിട്ട് താമസണ്ട്… എന്നാപ്പിന്നെ മ്മടെ മാർക്കറ്റിലുള്ള നായർ ഹോട്ടലിക്കേറി ഒരു നെയ്റോ്സ്റ്റ് കഴിച്ചാലോന്നായി…..!

നായർ ഹോട്ടൽ കുന്നംകുളത്തെ ഏറ്റവും രുചികരമായ വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഒരിടമാണ്. ഓൾഡ് ഈസ് ഗോൾഡാണ്. നല്ല തളിരിളം വാഴയിലയിൽ നാടൻ കറികൾ കൂട്ടി ഉണ്ണാനും, നല്ല പടപടാ മസാല ദോശയും നെയ്റോസ്റ്റും വടയുമടിക്കാനുമൊക്കെ കുന്നംകുളം കാർ സകുടുംബം ഹോട്ടലിലേക്ക് ഇടക്ക് വരാറുണ്ട്.. ഹോട്ടലിന്റെ ഉടമ നായരേട്ടന് ഒരു നരേന്ദ്രപ്രസാദ് ച്ഛായയുണ്ട്. മ്മടെ ശ്രീരാമേട്ടന്റേം, ഗീതേച്ചിടേം സ്വന്തം ആളോളാണ് നായരേട്ടനും വീട്ടാരും..

അനവധി നിരവധി വാട്സപ്പ് ഗ്രൂപ്പുകൾ സ്ഥാപിച്ച ആദ്യത്തെ ലോക മലയാളിയായ ഞങ്ങടെ ശ്രീരാമേട്ടൻ നായർ ഹോട്ടൽ എന്ന പേരിൽ വാട്സപ്പ് തുടങ്ങിയ വർഷം തന്നെ ഒരു ഗ്രൂപ്പ് സ്ഥാപിച്ചിണ്ട്..!. കുന്നംകുളം കഥകളി ക്ലബ്ബിന്റെയൊക്കെ സംഘാടകമെമ്പറാണ് ഈ നായരേട്ടൻ.. ഈ സൗഹൃദക്കൂട്ടായ്മയിലെ കണ്ണി എന്ന നിലക്ക് മ്മൾക്കും അദ്ദേഹം പരിചിതനാണ്…

ചാര ജുബ്ബായും കളസവുമിട്ട്, കാറ്റിലാടുന്ന മുടികോതി നായർ ഹോട്ടലിലേക്ക് കയറിയ മ്മളെ ആരും വിശിഷ്യാ നോക്കിയില്ല.. ചന്തയുടെ നടുവിലാണെങ്കിലും കുന്ദംകുളത്ത് വരുന്ന സ്ത്രീകൾ നായർ ഹോട്ടലിൽ സുഖായി ഒറ്റക്ക് വന്ന് ഭക്ഷണം കഴിച്ച് പോവാറുണ്ട്…

ഹോട്ടലിനുള്ളിൽ ഗ്രാമ്യ പുരാതന നിശബ്ദത.. സമയം രാവിലെ പത്തരയായിട്ടുണ്ടാവും. അവിടവിടെ ചിലരൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട്.. നായരേട്ടനെ അവിടെങ്ങും കണ്ടില്ല… നെയ്റോസ്റ്റ് കഴിച്ച് ചുറ്റും നോക്കി… ചുമരിൽ പലയിടത്തും ആനച്ചിത്രങ്ങൾ, കലണ്ടറുകൾ, ദൈവങ്ങൾ.. ഗുരുവായൂർ കേശവന്റെ പടവുമുണ്ട്..!

കണ്ണാടിയലമാരിയിൽ മാടപ്രാവുകളെപ്പോലെ പുട്ട്, വെള്ളേപ്പം തുടങ്ങിയവ. സ്വർണ മന്ദാര കൂമ്പാരം പോലെ ഉഴുന്നുവടകളും, പരിപ്പുവട കളും…..! കറുത്ത ഷർട്ടും കാവിമുണ്ടുമുടുത്ത വയോധികരായ വിളമ്പുകാർ…

കഴിച്ചെണീക്കാറായപ്പോഴാണ് അടുത്ത മേശയിലേക്ക് ഒരു കുറത്തിയും കൂട്ടരും വന്നത്..! തേടിയ വള്ളി കാലിൽ ചുറ്റിയ പോലായി… ഒരു കുറത്തിയെത്തേടി ഇപ്രാവശ്യം പൂരപ്പറമ്പിൽ പോവാൻ പറ്റില്ല… വീട്ടിലേക്കാരും വന്നതുമില്ല…

വേഗം കൈ കഴുകി ബില്ല് കൊടുത്ത് കുറത്തിയുടെ അടുത്തെത്തിയിരുന്ന്

“ഇന്റെ ബാവി പറഞ്ഞ് തരോ കുറത്തി “ന്ന് ചോദിച്ചു.. ഹോട്ടലിലെ തീൻമേശയിൽ വന്ന് ബാവി ചോദിക്കുന്ന പെണ്ണിന്റെ വകതിരിവില്ലായ്മ കണ്ട് പുട്ടു കഴിക്കുന്ന കുറത്തിക്ക് നാണായിപ്പോയി.. കടയിൽ കഴിച്ചു കൊണ്ടിരിക്കുന്നവരും വിളമ്പുകാരുമൊക്കെ മ്മടെ വട്ട് കണ്ട് ചിരിച്ച് ണ്ട് നോക്കണുണ്ട്…!

കഴിച്ചിട്ട് മതീട്ടോ…..ന്ന് മ്മള് കുറത്തിടെ കാതിൽ സ്വകാര്യം പറഞ്ഞ് ഫോൺ ഞെക്കിയിരുന്നു.. കുറത്തി തലയാട്ടി…

കൂട് തുറന്ന് തത്തമ്മ ക്ക് ഇത്തിരി ഉപ്പ് കൊടുത്തു….

കുറത്തീം മ്മളും നായർ ഹോട്ടലിന്റെ മുൻപിലെ കലവറയുടെ സിമിന്റ് തിണ്ണേൽ കുന്തിച്ചിരുന്നു. ഭാഗ്യം, മാർക്കറ്റിലൂടെ കടന്നുപോകുന്ന മാന്യ പരിചയക്കാർ കാണാത്ത സ്ഥലം…

തത്തമ്മ കൊത്തിയ ചീട്ട് പറശ്ശിനിക്കടവ് മുത്തപ്പന്റെ ആയിരുന്നു.. കണ്ണടച്ച് പ്രാർത്ഥിച്ച് ദക്ഷിണ 50 രൂപ വാങ്ങി കുറത്തി മ്മളെ നോക്കിപറഞ്ഞു തുടങ്ങി..

“വീതിയുള്ള നെറ്റിയാണ്

വിദ്യയേറെ നേടും

പഠിച്ചിടം കൊണ്ടുള്ള ഗുണമില്ല

മാതാവിന് ദു:ഖമാണ്

ഭർത്താവ് സ്നേഹമുള്ളവനാണ്

സന്താനഭാഗ്യം നാലാണ്……”! (ങ്ങേ…… ഇനിയെങ്ങട്ട് !???? വയസ് കുറെ ആയിണ്ട്.. ഒന്നിന്റെ പിന്നാലെ തന്നെ ഓടിയെത്തണില്ല.. പിന്നാ നാല്!..)

മക്കളെക്കൊണ്ട് കീർത്തി നേടും

മലപോലെ വളരും!

(സത്യാണ്…മല പോലെ ഈയിടെയായി വണ്ണം വെക്കുന്നുണ്ട് )

കുറത്തി മാല തോരണം പോലെ മ്മടെ ബാ വി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു…. കുറച്ച് കഴിഞ്ഞപ്പോ മ്മടെ ഇന്ററസ്റ്റ് പോയി…

മ്മടെ ശ്രദ്ധ കുറത്തിടെ ചകിരി മുടി, കറുത്ത പൊന്നിന്റെ നെറം, കഴുത്തിലെ മിന്നു മാല, കാതിലെ അരയന്നം, റോസ് ബ്ളൗസ്, റോസ്തോർത്ത് … ഓറഞ്ച് കരയുള്ള സെറ്റ് മുണ്ട്, ഭാണ്ഡം, നീലക്കൂട്ടിലെ കുഞ്ഞു തത്തമ്മ, മടിക്കുത്തിലെ പത്തു രൂപാ നോട്ടുകൾ.. ഒക്കെയായി…!

“മുത്തപ്പന് പയം കുറ്റീം, വെള്ളാട്ടോം വഴിപാട് നേരണം ട്ടാ മോളേ.ഒക്കെ ശര്യാവും”

പറഞ്ഞു നിർത്തി ചുട്ടിത്തോർത്ത് കൊണ്ട് മുഖം തുടച്ച് കുറത്തി എണീറ്റപ്പോഴാ സ്ഥലകാലബോധം ണ്ടായെ.

കുറത്തി പറഞ്ഞതൊന്നും അതിന് മുക്കാലും മ്മള് കേട്ടില്ലല്ലോ.. മ്മക്ക് കുറത്തി യെ കാണണാരുന്നു… കണ്ടു.. അത് മതി…

-എന്തൂട്ടി നാ മോളേ ഇന്റെ പടം പിടിക്കണത്??

അതോ, അതെനിക്ക് ഇങ്ങളെ കാണാൻ.. കുറെ ആളോൾക്ക് കാണിച്ചു കൊടുക്കാൻ…….

മ്മള് ചിരിച്ചോണ്ട് ഫോൺ ബാഗിലിട്ട്. മ്മടെ ഫോട്ടോ പിടുത്തം തീരാൻ കാത്ത് ഹോട്ടലിന്റെ കലവറയുടെ മുന്നിൽ ഇളവനും മത്തനുമൊക്കെ എടുക്കാൻ വന്ന ചേട്ടൻ ഒതുങ്ങി നിന്നു..”

കുറത്തിക്ക് പിന്നേയും നാണമായിപ്പോയി.. അപ്പോഴേക്കും കഴിച്ചു കൈ തുടച്ച് കുറത്തിടെ കൂട്ടാരികളും നായർ ഹോട്ടലിന് പുറത്തേക്ക് വന്നു…..

“ന്തൂട്ടാ കുറത്തീന്റെ പേര്???

മാർക്കറ്റിന് പുറത്തിറങ്ങി വടക്കാഞ്ചേരി റോഡിൽ ബസ്റ്റാന്റിലേക്ക് പോകാൻ റോഡ് മുറിച്ച് നിൽക്കുന്ന കുറത്തിടെ പിന്നാലെ ഓടി ചെന്ന് മ്മള് ചോദിച്ചു…

“ഞാള് കുറത്യോള് പേര് പറയാറില്ല്യാ മോളേ.ഇന്റെ വീട് മരത്തം കോടാ.. പൂരപ്പറമ്പിലാ ഞങ്ങടെ തൊഴില്

കുറത്തീന്ന് വിളിച്ചാ മതി.. ഇന്റെ കൂട്ടത്തിന് ആ പേരാ പറഞ്ഞ് ട്ക്കണ്…..! സത്യള്ള തൊഴിലാ.. ഞങ്ങള് സത്യള്ള കൂട്ടരാ…..”

കുറത്തി കൂട്ടാരികൾക്കൊപ്പമെത്താൻ റോഡു മുറിച്ചു കടന്നു തിടുക്കത്തിൽ എങ്ങോ നടന്നു പോയി…

കാറ്റു പിടിച്ച മുടിയിഴ കോതി, നന്നാക്കി വെച്ച കൂർക്ക പായ്ക്കറ്റുകൾ പ്രലോഭിപ്പിച്ചത് കണ്ട് മ്മളും ബസ്റ്റാന്റിനോരത്തെ പച്ചക്കറിക്കടയിലേക്കൊന്ന് കയറി.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...