ഒരന്ത്യത്തിന്റെ അസ്വാസ്ഥ്യം : നരനായാട്ടിന്റെ ചരിതം

0
206

ലേഖനം

ഷഹീർ പുളിക്കൽ

“ശരി നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? അവൻ നിരാശനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു നിഗൂഢതയും എന്നെ ഇത്രമാത്രം വേദനിപ്പിച്ചിട്ടില്ല. എനിക്ക് നീഗ്രോകളെ ഇഷ്ടമാണ്, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്കു കഴിയും. ഞാൻ താമസിക്കുന്നിടത്ത് നീഗ്രോകൾക്ക് വോട്ടു ചെയ്യാൻ അവകാശമില്ല. അങ്ങനെയൊരവകാശം അവർക്കുണ്ടായിരുന്നുവെങ്കിൽ അവർ സർക്കാരിനെ നിയന്ത്രിച്ചേനെ. അവർ എന്റെ കുട്ടികളുമായി ചേർന്ന് സ്കൂളിൽ പോകില്ല.”

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഹീനമായ വർണവെറിയുടെ ഇരയായ എമ്മറ്റ് ടില്ലിന്റെ കൊലപാതകത്തെപ്പറ്റി, അമേരിക്കൻ എഴുത്തുകാരൻ വില്ല്യം ബ്രാഡ്ഫോർഡ് ഹൂയി എഴുതിയതാണിത്. ഓരോ മനുഷ്യനും ഓർക്കപ്പെടുക അയാൾ അവശേഷിപ്പിച്ചുപോയ ചിലതിന്റെ പേരിലാകും. എങ്കിലും, ചെയ്തുതീർക്കാൻ ഏറെ ബാക്കിവെച്ച്, മറ്റുള്ളവരുടെ നിർബന്ധങ്ങളാൽ ജീവിതത്തിൽ നിന്ന് രാജി വെക്കേണ്ടിവന്ന പലരും ചരിത്രത്തിലുണ്ട്. ഒരുപക്ഷേ അക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളായിരിക്കും എമ്മറ്റ് ടിൽ. 1960 കൾക്ക് ശേഷം ആഫ്രിക്കൻ വംശജർക്കു നേരെയുള്ള അക്രമങ്ങൾക്കെതിരായി അമേരിക്കയിൽ കത്തിപ്പടർന്ന പൗരവകാശ പോരാട്ടങ്ങളുടെയെല്ലാം വേരൂന്നി നിൽക്കുന്നത് എമ്മറ്റ് ടില്ലെന്ന പതിനാലുകാരന്റെ കൊലപാതകത്തിലാണ്.

ജീവിച്ചിരിക്കുകയാണെങ്കിൽ എമ്മറ്റ് ടില്ലിന് ഇപ്പോൾ എൺപത്തൊന്നു വയസ്സ്. നിർഭാഗ്യങ്ങളുടെ ജാതകത്തിൽ അവന്റെ വിധി ക്രൂരവും ദയനീയവുമായതുകൊണ്ട് പതിനാലാം വയസ്സിൽ തന്നെ അവനു പൊലിയേണ്ടിവന്നു. കറുപ്പിനും വെളുപ്പിനും ഇടയിൽ ആമസോൺ നദിയോളം വീതിയിലുള്ള വിടവ് നിലനിൽക്കുന്ന അമേരിക്കയിൽ ജനിച്ചു എന്നതിൽ അവന് യാതൊന്നും ചെയ്യാനില്ലായിരുന്നു. വെള്ളക്കാരന് കറുത്തവനോടുള്ള ധാർഷ്ട്യത്തിന്റെ പഴക്കം അന്വേഷിച്ചുചെന്നാൽ ആദിമ മനുഷ്യനിലായിരിക്കും ഒരുപക്ഷേ നാം എത്തിനിൽക്കുക.
അക്കാലത്ത് അമേരിക്കയിൽ നിലനിന്നിരുന്ന ഒരു അലിഖിതനിയമം ലംഘിച്ചതിനായിരുന്നു എമ്മറ്റിനെ ക്രൂരമായി പീഡിപ്പിച്ചതും നിഷ്കരുണം കൊന്നുതള്ളിയതും. വികൃതമാക്കപ്പെട്ട അവന്റെ മൃതശരീരം ഒരു തുറന്നപെട്ടിയിലാണ് അന്ത്യയാത്രയിലുടനീളം നയിക്കപ്പെട്ടത്. വർണവെറിയുടെ അമേരിക്കൻ ഭൂമികയെ ലോകത്തിനു മുന്നിൽ വെളിവാക്കണമെന്ന വാശിയിൽ എമ്മറ്റിന്റെ മാതാവുതന്നെയാണ് ഇക്കാര്യം ചെയ്തത്. ഈ സംഭവം അമേരിക്കൻ ജനാധിപത്യത്തിന്റെ പരിമിതികളേയും പരാധീനതകളേയും ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ കാരണമായി. വളരെയധികം സങ്കീർണമായ ഒരു കുടുംബപശ്ചാത്തലത്തിൽ ജനിച്ച എമ്മറ്റിന്, അവനനുഭവിച്ച ക്രൂരത കാരണം ‘ആഫ്രിക്കൻ വംശജൻ’ എന്ന പദവി കൂടി ചാർത്തപ്പെട്ടു. വെളുത്തവരോട് സംസാരിക്കുന്നതിനും അവരെ നോക്കി ചൂളമടിക്കുന്നതിനും അനുവാദമില്ലെന്ന് മാത്രമല്ല ഇക്കാരണങ്ങൾ വലിയ ശിക്ഷയിലേക്കു നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളുമായിരുന്നു അന്നത്തെ അമേരിക്കയിൽ.
കരോളിൻ ബ്രയന്റ് എന്ന സ്ത്രീയോട് തർക്കിച്ചതിന്റെ പേരിലാണ് എമ്മറ്റ് ടിൽ കൊല്ലപ്പെട്ടത്. 1955-ആഗസ്റ്റിലെ അവന്റെ കൊലപാതകത്തിന് ശേഷമാണ് അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റിന് ശക്തമായ മുന്നേറ്റം സൃഷ്ടിക്കാനായത്.
അമേരിക്കയിലെ ആഫ്രിക്കൻ വംശജർക്കു വേണ്ടി പോരാടിയിരുന്ന റോസാ പാർക്സ് സിറ്റി ബസ്സിലെ വെള്ളക്കാരന്റെ ധാർഷ്ട്യത്തിന് ഇടംനൽകാതെ അവർക്ക് മുഖത്തടിക്കും പോലെ മറുപടി നല്കിയതും എമ്മറ്റ് ടില്ലിന്റെ കൊലപാതകത്തിൽ നിന്നുരുത്തിരിഞ്ഞുവന്ന വേദനയുടെ അനന്തരഫലമാണ്.

എമ്മറ്റിനെ വളർത്താൻ വേണ്ടി ദിവസവും പന്ത്രണ്ടു മണിക്കൂറിലേറെ എയർ ഫോഴ്സിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന അവന്റെ മാതാവ് മാമി ടിൽ തന്റെ മകനെ ഇങ്ങനെ ഓർക്കുന്നു. “ചെറുപ്പം മുതലേ അവൻ തന്നെയായിരുന്നു അവന്റെ കാര്യങ്ങൾ ചെയ്തിരുന്നത്. വീട്ടിലെ ഉത്തരവാദിത്വങ്ങൾ അവനും ഏറ്റെടുത്തു. യഥാർത്ഥത്തിൽ എല്ലാം അവന്റെ ചുമലിലായിരുന്നു. അവനൊരു ജോലിയുണ്ടായിരുന്നെങ്കിൽ പണമുണ്ടാക്കുകയും മറ്റെല്ലാ കാര്യങ്ങളും നോക്കുമെന്നും അവൻ എന്നോട് പറയുമായിരുന്നു. വീട് അടിച്ചുവാരി വൃത്തിയാക്കിയിരുന്നതും ചിലപ്പോഴൊക്കെ ഭക്ഷണം ഉണ്ടാക്കിയിരുന്നതും മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിയിരുന്നതും അവനായിരുന്നു.” 1955-ആഗസ്റ്റ് മാസത്തിലാണ് എമ്മറ്റ് ചിക്കാഗോയിൽ നിന്ന് തന്റെ അമ്മാവന്റെ വീട്ടിലെത്തിയത്. ഒരു കൂട്ടം കൗമാരക്കാരുമായി ആഗസ്റ്റ് 24ന് കരോളിൻ ബ്രയന്റിന്റേയും ഭർത്താവ് റോയുടേയും ഉടമസ്ഥതയിലുള്ള പലചരക്കുകടയിൽ പ്രവേശിച്ചതിനു ശേഷം എമ്മറ്റും കരോളിനും തമ്മിൽ എന്താണവിടെ നടന്നതെന്ന് അമ്പതുവർഷങ്ങൾക്കു മുമ്പുള്ള ഒരു അഭിമുഖത്തിൽ റോയി ബ്രയന്റും മിലാമും തുറന്നുപറഞ്ഞിരുന്നു. എമ്മറ്റ്, കരോളിന്റെ കൈയിൽ സ്പർശിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തപ്പെട്ട സത്യമാണ്. പിന്നെ എന്തിനായിരുന്നു അവനെ വിചാരണ ചെയ്ത് കൊന്നുകളഞ്ഞത്? എന്തിനാണ് കായേൻ ആബീലിനെ കൊന്നത്? എന്തിനാണ് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്നത്?. വംശപരമ്പരയുടെ തുടക്കത്തിൽ, സ്വന്തം ആനന്ദത്തിന്റെ വിശാലത മാത്രം കാംഷിച്ച് രക്തബന്ധം തുടച്ചുനീക്കിയ കായേനും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഒന്നായി നിരാകരിച്ച് സ്നേഹത്തിന്റെ മനഃശാസ്ത്രവുമായി ഇന്ത്യ-പാക് വിഭജനകാലത്ത് ഡൽഹിയിലെ വെന്തുപുകഞ്ഞ തെരുവുകളിലൂടെ ഊന്നുവടിയൂന്നി സമാധാനസന്ദേശം പരത്തിയ മഹാത്മാഗാന്ധിയെ ഇല്ലാതാക്കിയ ഗോഡ്സെയും രണ്ടല്ല ഒന്നാണ്. ഒരൊറ്റ പ്രത്യയശാസ്ത്രത്തിന്റെ രണ്ടു കാലങ്ങളിലെന്നപോലെ മനുഷ്യൻ സമന്മാരാകുന്നു ഇവിടെ. താൻ പറയുന്നതാണ് ശരി എന്നതിനേക്കാൾ ഭീകരമായ ഒന്നാണ്, താൻ പറയുന്നത് മാത്രമാണ് ശരി എന്നത്. കായേനും ഗോഡ്സെയും അമേരിക്കയിലെ വംശീയ വിദ്വേഷം പ്രചരിപ്പിച്ച മുഴുവൻ മനുഷ്യരും ഈ ചിന്താധാരയുടെ പിന്തുടർച്ചക്കാരായിരുന്നു. കൃത്യം നാലു ദിവസത്തിനു ശേഷം, ആഗസ്റ്റ് 28ന് പുലർച്ചെ രണ്ടരമണിക്ക് കരോളിന്റെ ഭർത്താവ് റോയും അവളുടെ അർധസഹോദരൻ മിലാമും ചേർന്ന് എമ്മറ്റിനെ അവന്റെ അമ്മാവന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. തുടർന്ന് ക്രൂരമായ രീതിയിൽ അവനെ മർദിക്കുകയും തല്ലഹാച്ചി നദിക്കരയിലൂടെ വലിച്ചിഴച്ച ശേഷം തലയ്ക്കു നേരേ വെടിവച്ചു കൊല്ലുകയുമാണുണ്ടായത്. എമ്മറ്റിന്റെ മൃതദേഹത്തിൽ ഒരു വലിയ ഫാൻ മുള്ളുകമ്പിക്കൊണ്ട് ചുറ്റിയ ശേഷം അവർ പുഴയിലേക്ക് തള്ളിയിട്ടു.

മിസിസിപ്പിയിൽ നിന്നും ചിക്കാഗോയിലേക്കുള്ള എമ്മറ്റിന്റെ തുറന്ന ശവമഞ്ചത്തിലെ അന്ത്യയാത്രക്ക് ആയിരക്കണക്കിനാളുകളാണ് സാക്ഷിയായത്. എന്താണു സംഭവിച്ചതെന്ന് ലോകം കാണട്ടെയെന്ന് എമ്മറ്റിന്റെ മാതാവ് പറയുമ്പോൾ തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് വിവരിക്കാനാകാത്തത്ര അവർ തളർന്നുപോയിരുന്നു. റോയ് ബ്രയന്റിനെയും മിലാമിനെയും എമ്മറ്റിന്റെ അമ്മാവൻ തിരിച്ചറിഞ്ഞു. വെള്ളക്കാരുടെ നിയമത്തിനും നീതിപീഠത്തിനും മുന്നിൽ തന്റെ അനന്തരവനെ തട്ടിക്കൊണ്ടുപോയവരെ സധൈര്യം ചൂണ്ടിക്കാണിക്കുമ്പോൾ നീതി നടപ്പിലാക്കുമെന്ന് ആ മനുഷ്യൻ വൃഥാ ആശിച്ചുപോയിരുന്നു. സെപ്തംബർ മാസം 23ന് വെള്ളക്കാരായ ന്യായാധിപന്മാരുടെ ബെഞ്ച് വെറും അറുപത്തേഴു മിനിട്ടു നീണ്ടുനിന്ന പര്യാലോചനക്കൊടുവിൽ റോയ് ബ്രയന്റിനേയും മിലാമിനേയും എല്ലാകുറ്റങ്ങളിൽ നിന്നും വിമുക്തരാക്കി. അറുപത്തേഴു വർഷങ്ങൾക്കിപ്പുറം 2022 മാർച്ച്‌ 29ന് ആൾക്കൂട്ട കൊലപാതകത്തിനെതിരായ ഫെഡറൽ നിയമത്തിന് അമേരിക്കൻ ഭരണകൂടം എമ്മറ്റ് ടില്ലിന്റെ നാമം നൽകിയപ്പോൾ ഉറച്ചുപോയ വെള്ളക്കാരന്റെ വംശീയബോധത്തിനാണ് തിരിച്ചടിയേറ്റത്. ഇക്കഴിഞ്ഞ മാസമാണ് ജീവിച്ചിരിക്കുന്ന മൂന്നുപ്രതികളിൽ ഒരാളായ കരോളിനെതിരെ മിസിസിപ്പി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബാക്കി രണ്ടുപേരും ഇതിനകം മരിച്ചു.

കറുത്തവന്റെ പൗരാവകാശപ്പോരാട്ടങ്ങൾ
ഭൂരിപക്ഷം വരുന്ന വെള്ളക്കാരായ ചരിത്രപണ്ഡിതന്മാർ 1955-മുതലുള്ള കറുത്തവംശജരുടെ പോരാട്ടങ്ങളെ അമേരിക്കൻ ആഭ്യന്തര യുദ്ധങ്ങൾ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തം അവകാശങ്ങൾക്കു വേണ്ടി ഗവണ്മെന്റിനെതിരെ പോരാടുന്നത് ആഭ്യന്തര യുദ്ധമാകുമോ? ശ്രീലങ്കയിലെ ജനങ്ങൾ സർവ്വനിയമങ്ങളെയും വെല്ലുവിളിച്ചു നടത്തുന്നതാണോ ആഭ്യന്തര യുദ്ധം? ഇന്ത്യയിലെ യുവത അഗ്നിപഥ് പദ്ധതി നടപ്പിലാക്കുമെന്ന് ദുർവാശി പിടിക്കുന്ന കേന്ദ്രഗവണ്മെന്റിനെതിരെ നടത്തുന്നതാണോ ആഭ്യന്തര യുദ്ധം? അല്ല. ഇവരാരും യുദ്ധത്തിലല്ല. പരസ്പര സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യുദ്ധങ്ങളില്ലാത്ത ലോകം. എന്നാൽ പോരാട്ടങ്ങളില്ലാതെ ലോകവും കാലവും ഇതുവരെ കടന്നുപോയിട്ടില്ല. രക്തപങ്കിലമായ പോരാട്ടങ്ങളല്ല, സമാധാനപൂർണമായ പ്രതിഷേധങ്ങളാണ് പോരാട്ടങ്ങളുടെ അടിസ്ഥാനശിലയെ നിജപ്പെടുത്തുന്നത്. ആഫ്രിക്കൻ വംശജനെന്നും കറുത്തവംശജനെന്നും മുദ്രകുത്തി എന്നും രണ്ടാംതരം പൗരനായി പൊതുധാരയിൽ മാറ്റിനിർത്തിപ്പെട്ട മാർട്ടിന് ലൂഥർ കിങ്ങിന് I have a dream today! I have a dream that one day every valley shall be exalted, and every hill and mountain shall be made low, the rough places will be made plain, and the crooked places will be made Straight എന്നു പ്രസംഗിക്കാനും സ്വപ്നം കാണാനും മാത്രമേ അന്നത്തെ അമേരിക്കയിൽ കഴിഞ്ഞിരുന്നുള്ളൂ. വെളുത്തവൻ മാത്രമേ ബഹുമാനം അർഹിക്കുന്നുള്ളൂ എന്ന വാഴ്ത്തുപാട്ടിന്റെ ഈരടികൾ കേട്ട് തലതാഴ്ത്തി നടക്കേണ്ടിവന്ന കറുത്തവന്റെ യാഥാർത്ഥ്യങ്ങളെ ഒരുപരിധി വരെയെങ്കിലും പൊളിച്ചെഴുതിയത് എമ്മറ്റ് ടില്ലിന്റെ കൊലപാതകവാർത്തയായിരുന്നു.
അണ്ടർക്ലാസ്സ്‌, എന്നപദം ഉപയോഗിച്ച് അവകാശപ്പോരാട്ടങ്ങൾ സംഭവിച്ച കാലത്ത് വെള്ളക്കാരായ പല ഉന്നതരും പാവപ്പെട്ട കറുത്തവംശജരെ അഴുക്കുനിറഞ്ഞവരും അശ്ലീലങ്ങളുമായി ചിത്രീകരിക്കാൻ ഒരു ഗൂഢമായ ശ്രമം നടത്തി. കറുത്തവംശജരും ലാറ്റിൻവംശജരും മടിയന്മാരും ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടവരും ശക്തമായ ലൈംഗികാസക്തിയുള്ളവരാണെന്നും ഉള്ളടക്കമുള്ള ലഖുലേഖകൾ വിതരണം ചെയ്ത് ഗവണ്മെന്റു തന്നെ ഒരു ജനതയെ അപമാനിച്ചത് നാം ചരിത്രത്തിൽ കണ്ടു.

തൊലിനിറം നിശ്ചയിക്കുന്ന നിലപാടുകളും
വംശീയപരമായ വേർതിരിവുമാണ് ലോകത്തിലെ ഏറ്റവും വലിയ മാനുഷികപരമായ വിവേചനം. മതവും ജാതിയും മനുഷ്യനെ വർഗീകരിക്കാനുള്ള ഉപകരണങ്ങളാകുമ്പോൾ സ്വത്വത്തിന്റെ അടിസ്ഥാനപരമായ ഒന്നിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നതും വിലകുറച്ചു കാണിക്കുന്നതും ഒരാൾക്ക് സഹിക്കാൻ കഴിയുന്നതിനും എത്രയോ അപ്പുറമാണ്. കറുത്തുപോയി എന്ന കാരണത്താൽ ജോലിയും താമസവും നിഷേധിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ! എത്രമാത്രം ഭീകരമാണ് ഇതെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ!. ഏതൊക്കെ തിയറിയുടെ യുക്തികളാൽ സമർത്ഥിക്കാൻ ശ്രമിച്ചാലും, കറുത്തവംശജൻ അമേരിക്കയിൽ ഈ നിമിഷം വരെ അനുഭവിച്ച, ഈ നിമിഷവും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങളെ വെള്ളക്കാരന്റെ മേധാവിത്വത്തിന്റെ അധാർമികമായ പൊരുളായല്ലാതെ കണക്കാക്കാൻ സാധിക്കില്ല. പൗരാവകാശ പ്രസ്ഥാനത്തിന്റെ തുടക്കത്തോടെ ഇല്ലാതായ ജിം ക്രോ നിയമങ്ങൾ കറുത്തവനും വെളുത്തവനും ഒരുമിച്ച്, ഒരു ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളാനുള്ള അവകാശംപോലും തടഞ്ഞിരുന്നു. വിമർശനാത്മക വംശീയ സിദ്ധാന്തത്തിലേക്ക് പൗരാവകാശ പണ്ഡിതരെ നയിക്കുന്നതിന് എമ്മറ്റ് ടില്ലിന്റെ കൊലപാതകം ഒരുപരിധി വരെ കാരണമായിട്ടുണ്ട്. 2005-ൽ അമേരിക്കൻ ഗവേഷകയായ താരാ ജെ യൊസ്സോ, സാമൂഹിക ഘടനകളിലും സമ്പ്രദായങ്ങളിലും വ്യവഹാരങ്ങളിലും വംശവും വംശീയതയും പരോക്ഷമായും വ്യക്തമായും സ്വാധീനിക്കുന്ന വഴികളെ സിദ്ധാന്തിക്കാനും പരിശോധിക്കാനും വെല്ലുവിളിക്കാനും ഉപയോഗിക്കുന്ന ഒരു ചട്ടക്കൂട് എന്നാണ് വിമർശനാത്മക വംശീയ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്.
വർണ്ണാന്ധത ഒരു രോഗമോ, ചികിത്സിക്കാൻ കഴിയാത്ത ഒരു അസുഖമോ ആയി കണക്കുകൂട്ടാൻ നമുക്ക് പരിമിതികളുണ്ട്. എന്നിരുന്നാലും ആന്തരികമായ ഒരാളുടെ രോഗങ്ങളുടെ കൂട്ടത്തിൽ വർണ്ണാന്ധതയെയും ഉൾപ്പെടുത്താം. കണ്ണിന് തിമിരം ബാധിച്ചാൽ എടുത്തുകളയാം മനസ്സിന് തിമിരം ബാധിച്ചാലോ?
തങ്ങളാണ് മേധാവികളെന്നും തങ്ങളുടേതാണ് മേധാവിത്വമെന്നും പറഞ്ഞുപരിശീലിച്ച ഒരു സമൂഹത്തിന് ചൂട്ടും കത്തിച്ച് സകലപിന്തുണയും നൽകിയ അമേരിക്കൻ ഭരണകൂടങ്ങളുടെ നയനിലപാടുകൾ ചവറ്റുകൂനയിൽപ്പോലും നിക്ഷേപിക്കാൻ കഴിയാത്തത്ര മ്ലേച്ഛമാണ്. അവസരസമത്വത്തെ തടയുന്ന ഒന്നായി നിറം, ജാതി,മതം,വംശം,ലിംഗം എന്നിവ കാരണമാകുന്ന കാലത്തോളം വിവേചനം മനുഷ്യന് കീഴ്പ്പെടുന്നില്ല. എമ്മറ്റ് ടില്ലിന്റെ, മുറിഞ്ഞുപോയ അവന്റെ ജീവനിലെ സ്വപ്‌നങ്ങൾ ഓരോ കറുത്തവർഗക്കാരനും ആഫ്രിക്കൻ വംശജനിൽ നിന്ന് അമേരിക്കക്കാരനായ പൗരനിലേക്കുള്ള പൂർണമായ ചുവടുമാറ്റം സാധ്യമാകട്ടെ എന്ന് പ്രത്യാശിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here