കാലത്തിന്റെ കിതപ്പറിഞ്ഞ കവിതകൾ

0
133

പുസ്തകപരിചയം

ഷാഫി വേളം

മനുഷ്യാനുഭവങ്ങളെ തീക്ഷ്ണതയോടെ അനുവാചക ഹൃദയങ്ങളിൽ കോറിയിടുന്ന കവിയാണ് ഖുതുബ് ബത്തേരി. സമകാലിക യാഥാർത്ഥ്യങ്ങളെ പ്രചലിതമായും പ്രചണ്ഡമായും അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് ഖുത്ബ്  ‘കാഴ്ചകളുടെ ഒസ്യത്ത് ‘ എന്ന കവിതാ സമാഹാരത്തിലൂടെ ചെയ്യുന്നത്.

സാമൂഹ്യ വിമർശനമായിട്ടാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും നിറഞ്ഞു പൂത്തുനിൽക്കുന്നത്. സംവാദാത്മകതയാണ് കവിതയെ ചലനാത്മകമാക്കുത്. മലയാള കവിതയിൽ നിവർന്നു നിൽക്കാൻ മാത്രം കെൽപ്പുള്ള കവിതകൾ കൊണ്ട് സമ്പന്നമാണ് ഈ സമാഹാരം.

സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ് ഈ സമാഹാരം ഒച്ചയെടുക്കുന്നത്.

യഥാർഥത്തിൽ ഈ സമാഹാരത്തിലെ കവിതകൾ എല്ലാ കാലത്തും പ്രസക്തമാകുന്നു.
കെട്ടകാല സാമൂഹ്യ വ്യവസ്ഥിതിയെ സർഗാത്മകമായി വിമർശിക്കുകയാണ് ഓരോ കവിതയിലും കവി ചെയ്യുന്ന ധർമ്മം. വൈയക്തികമായ അനുഭവങ്ങളുടെ ചൂടും ചൂരും  ഈ സമാഹാരത്തിലെ കവിതകൾ പ്രകാശിപ്പിക്കുന്നുമുണ്ട്.

സാമൂഹ്യ വേവലാതികളിൽ ആർത്തുവിളിച്ചു കൊണ്ട് കാലത്തെ അടയാളപ്പെടുത്തി കൊണ്ടുളള ഒരു പുസ്തകമാണിതെന്ന് വായനയുടെ ഒടുവിൽ ഏതൊരാളും നിസ്സംശയം പറയും.

ഓരോ കവിതയിലൂടെയും നമ്മുടെ അനുഭവങ്ങൾക്ക് ഭാഷ നൽകുകയാണ് കവി.ഏതൊരാൾക്കും മനസ്സിലാകുന്ന സരളമായ ഭാഷയിലാണ് അധിക കവിതകളും എഴുതിയിട്ടുള്ളത്. ലോകത്ത് സ്ഥിര സംഭവങ്ങളായ , നമ്മളെ കോരിത്തരിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ മനസിൽ കിടന്ന് തിളച്ച് മറിയുമ്പോൾ, പിന്നീടത് അസ്വസ്ഥപ്പെടുത്തുമ്പോൾ, ആ ചിന്തകളെ അക്ഷരങ്ങളാക്കി പുറം ലോകത്തിലേക്ക് എത്തിക്കാനും, സ്വന്തം മനസിന്റെ ഭാരം ഇറക്കി വെക്കാനും നടത്തിയ ശ്രമങ്ങളാണ് ഈ സമാഹാരത്തിൽ കവിതയായി പരിണമിച്ചിട്ടുള്ളത്, വൈവിധ്യങ്ങളായ യാഥാർത്ഥ്യങ്ങളെ കവിതയിലേക്ക് ആവിഷ്കരിക്കാനുളള കരുത്ത് ഈ കവിക്ക് ലഭ്യമായത് അയാളിലെ സാമൂഹ്യോന്മുഖമായ ഉണർവ്വുകൾ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. ഏകാന്തമാകുന്ന വേളയിൽ  എഴുതി തീർത്ത ഈ കവിതകളെല്ലാം ജീവിതത്തിന്റെ എല്ലാ കോണിലും ഉള്ള മനുഷ്യർക്ക് വേണ്ടി എഴുതപ്പെട്ടതാണ്. തന്റെ കവിതകളിലെ ഭാഷാസൂക്ഷ്മതയും സ്വത്വബോധത്തിന്റെ അടയാളങ്ങളുമാണ് ഈ കവിയുടെ കവിതകളെ വേറിട്ടതാക്കുന്നത്. സമൂഹത്തിലെ അനീതികൾ, അസമത്വങ്ങൾ എല്ലാം എത്രത്തോളം മനുഷ്യനെ നിസ്സഹായനാക്കിയിട്ടുണ്ടെന്ന് നിർഭയം തുറന്നുകാട്ടുകയാണ് കവി. മനുഷ്യ ജീവിതത്തിന്റെ നാനാതുറകളെയും കവി സർഗാത്മകതയുടെ മഷികൊണ്ട് സ്പർശിക്കുന്നതായി അനുവാചകർക്ക് കാണാം.വർത്തമാന സംഭവ വികാസങ്ങളിലൂടെ കടന്നുപോയി കവിത സമകാലികമായി സഞ്ചരിക്കുന്നു.

‘ഭാരമേറ്റുന്നവർ ‘ എന്ന കവിതയിലെ വരികൾ സമകാലിക ജീവിതത്തിന്റെ നേരെഴുത്താണ്

“നാം നമ്മിലേക്ക് വീണതിൽപിന്നെയാവും കണ്ണുകൾ ചൂന്നെടുത്ത്, ചെവികൾ തുരന്നെടുത്ത്, വാചാലതകൾ ഒഴുകിയടത്തുനിന്നും ചലനം നിലച്ചു പോയതും നമ്മുടെത്തമൽ ഭാരം വീണുതുടങ്ങിയതും.! “

രാഷ്ട്രീയ മാനങ്ങൾ കവിയുടെ ചിന്തയെ സ്വാധീനിക്കുന്നത് ഓരോ കവിത വായിക്കുമ്പോഴും അനുവാചകർക്ക് തിരിച്ചറിയാൻ സാധിക്കും. കാല്പനികമായ സൗന്ദര്യമല്ല, കവിത മുന്നോട്ട് വെക്കുന്ന ആശയ പരിസരങ്ങളാണ് കൂടുതൽ പരിഗണിക്കപ്പെടേണ്ടത്. നിസ്സഹായന്റെ നിലവിളിയൊച്ചയും വിപ്ലവകാരിയുടെ പ്രതിഷേധവുമെല്ലാം ഒത്തുചേർന്നതാണ് കാഴ്ച്ചകളുടെ ഒസ്യത്ത് എന്ന ഈ കവിതാ സമാഹാരം. ഒന്നിലേക്ക് ഒടുങ്ങാതെ പല ശാഖയായി വിസ്തൃതമായി അർത്ഥങ്ങുടെ വിവിധ മാനങ്ങളിൽ പൂക്കുന്ന രീതിയാണ് ഖുതുബ് ബത്തേരിയുടെ കവിതകൾ. ചുറ്റുപാടും സംഭവിക്കുന്ന യാഥാർത്ഥ്യത്തെ പിടിച്ചെടുത്ത് അവതരിപ്പിക്കുന്നു.
‘കെട്ടകാല കാഴ്ച്ചകൾ ‘ എന്ന കവിതയുടെ തലക്കെട്ടു തന്നെ കെട്ടഴിഞ്ഞ കാലത്തെ അഭിസംബോധന ചെയ്യുന്ന മലയാളത്തിലെ മനോഹരമായൊരു കാവ്യാത്മക പ്രതിരോധമാണ്.

“ജീവിതത്തെ ഈ കരയിൽ നിന്നും
മറ്റൊരു കരയിലേക്ക് എത്തിക്കുന്ന
നല്ലൊരു തുഴച്ചിലുകാരൻ പ്രവാസി “

പ്രവാസിയുടെ ജീവിതത്തെ വളരെ മനോഹരമായി പ്രതിപാദിക്കുന്ന കവിതയാണിത്.

” കണ്ണുകളടച്ചു കർണ്ണപടങ്ങൾ
താഴിട്ട് പൂട്ടി
നിസ്സംഗമാം
നിന്നതിൽ പിന്നെയാണ്
നമ്മുടെ മേൽ ഫാസിസം
കുതിര കയറിയത് ”
സമകാലിക ഉത്കണ്ഠകൾ പ്രത്യക്ഷീകരിക്കപ്പെടുന്ന ഈ കവിയുടെ കവിതകൾ നമ്മുടെ സാമൂഹ്യ ചുറ്റുപാടിനെ നേർക്കുനേർ നിർത്തി വിചാരണ ചെയ്യുകയാണ്.

“മനുഷ്യനെ
നിശബ്ദരാക്കപ്പെടുമ്പോഴാണ്
നാം ശബ്ദത്തിന്റെ വിലയറിയുന്നത് “

കുറ്റകരമാകുന്ന മൗനമാണ് നീതി നിഷേധത്തിന്റെ അടിസ്ഥാനമെന്ന് കവി ചൂണ്ടിക്കാട്ടുന്നു.
പ്രത്യക്ഷത്തിൽ തന്നെ
സമകാലിക പ്രശ്നങ്ങളും, പ്രണയവും പരിസ്ഥിതിയും  ഓർമകളുമാണ് ഈ സമാഹാരത്തിലെ കവിതകളുടെ വിഷയങ്ങൾ എന്നു പറയാം. ഖുതുബ് ബത്തേരി എന്ന കവി സാമൂഹികവും , രാഷ്ട്രീയവുമായ പ്രതിബദ്ധതയെയാണ് തന്റെ തൂലിക വിരിയിച്ചെടുക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തെ കവിതകളും അനുവാചകരോട് പറയുന്നു.സാമൂഹ്യ പരിസരം ഇത്രമേൽ സംഘർഷഭരിതമാകുമ്പോൾ കവിതയുടെ ഈ വിധത്തിലുള്ള ഇടപെടൽ പ്രത്യാശ കൊണ്ട് വരാൻ മാത്രം പ്രാപ്തമാണ്. തെളിച്ചവും വെളിച്ചവുമുള്ള അക്ഷരങ്ങൾ കൊണ്ട്  കവിത ധാർമികതയും സത്യവും പുരസ്കരിക്കുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here