വായിച്ച് മടക്കാനാവാത്ത മകന്റെ കുറിപ്പുകള്‍

0
85

The Reader’s View

അന്‍വര്‍ ഹുസൈന്‍

“ഒഴിഞ്ഞ വീടിൻ ഉമ്മറകോടിക്ക്
ഓടോടി മൈന ചിലച്ചു
വാടകയ്ക്കൊരു ഹൃദയം”

മലയാളിക്ക് പ്രിയപ്പെട്ട മഹാപ്രതിഭ പി പത്മരാജൻ വീടൊഴിഞ്ഞിട്ട് മുപ്പത്തിരണ്ട് വർഷങ്ങൾ പിന്നിട്ടു. കൗമുദിയിൽ പ്രസിദ്ധീകരിച്ച ലോലയിൽ തുടങ്ങി മഞ്ഞുകാലം നോറ്റ പ്രതിമയെപ്പോലെ കഥകളും നോവലുകളും പത്മരാജൻ്റെ സ്വത്തുക്കളായി മലയാള ഭാഷക്ക് കിട്ടി. വാടകയ്ക്കൊരു ഹൃദയവും തൂവാനത്തുമ്പികളും ഞാൻ ഗന്ധർവ്വനും മൂന്നാം പക്കവുമെല്ലാം ഒരു മലയാളി മനസിൽ നിന്നും കരിയിലക്കാറ്റുപോലെ മറഞ്ഞു പോവില്ല. നാൽപ്പത്തഞ്ച് വയസിൽ ഗുണികളൂഴിയിൽ നീണ്ടു വാഴാ എന്ന കവിവാക്യത്തെ അന്വർത്ഥമാക്കിക്കൊണ്ട് പത്മരാജൻ മുന്തിരിത്തോപ്പിലേക്ക് യാത്രയായി.

പത്മരാജൻ്റെ മിഴിവുള്ള ചിത്രങ്ങളായി പല ഓർമ്മപ്പുസ്തകങ്ങളും വന്നിട്ടുണ്ട്. 2020ൽ ഡി സി ബുക്ക്സ് പുറത്തിറക്കിയ മകൻ്റെ കുറിപ്പുകൾ അച്ഛനെക്കുറിച്ച് മകൻ അനന്തപദ്മനാഭൻ്റെ ഓർമ്മയാണ്. അതിന് മുമ്പ് ഇണ രാധാലക്ഷ്മിയുടെ പുസ്തകവും പുറത്ത് വന്നിരുന്നു.

ഒട്ടേറെ പത്മരാജൻ ചിത്രങ്ങളിൽ നായകനായ മോഹൻലാലാണ് അവതാരിക. മണ്ണിൽ തൊട്ടു നിൽക്കുന്ന പപ്പേട്ടൻ്റെ കഥാപാത്രങ്ങളെയും പപ്പേട്ടനോടൊത്തുള്ള അനുഭവങ്ങളേയും ലാൽ ഓർത്തെടുക്കുന്നു.

ഹൃദയഹാരിയായ ഇരുപത്തഞ്ച് അധ്യായങ്ങളിലൂടെ അനന്തപത്മനാഭൻ ആ ജീവിതത്തിലൂടെ കടന്നു പോവുന്നു. പത്മരാജൻ എന്ന കഥാകാരനെയും ചലച്ചിത്രകാരനെയുമല്ല മനുഷ്യനെയാണ് അനന്തപദ്മനാഭൻ ചൂണ്ടിക്കാട്ടുന്നത്. അരവിന്ദനും അടൂർ ഗോപാലകൃഷ്ണനും വയലാറും അടക്കമുള്ള പ്രതിഭാധനർക്കൊപ്പം ചിത്തിരപ്പണിക്കരെപ്പോലെയുള്ള ബാല്യകാല സുഹുത്തുക്കളെ ഹൃദയത്തിലേറ്റി നടന്ന പത്മരാജനെയാണ് നാം കാണുന്നത്.

ഇതൊരു പ്രണയ പുസ്തകവുമാണ്. രാധാലക്ഷ്മിയോടുള്ള ആകാശവാണിക്കാലത്തെ മൊട്ടിട്ട പ്രണയവും പൂർണ്ണതയും ഇതിൽ ഇതൾ വിരിയുന്നു. സിനിമാക്കാരനായി ആരാധികമാർ പൊതിയുമ്പോഴും രാധാലക്ഷ്മി സംശയത്തിൻ്റെ മേമ്പൊടിയില്ലാതെ പ്രിയതമനെ പ്രണയിച്ചു കൊണ്ടിരുന്നു.

ഇതൊരു സൗഹൃദത്തിൻ്റെ പുസ്തകവുമാണ്. ചിത്തിരപ്പണിക്കർ എന്ന ഉറ്റ തോഴൻ നിരന്തരം കടന്നു വരുന്നു. സിനിമക്കാർക്കിടയിൽ പത്മരാജൻ്റെ ആത്മ ബന്ധങ്ങൾ മകൻ്റെ വാക്കുകളിലൂടെ ചുരുളഴിയുന്നു.

പത്മരാജൻ്റെ എഴുത്തു താവളങ്ങൾ, ഓരോ ചലച്ചിത്രത്തിൻ്റെ പിന്നിലെയുള്ള കഥകൾ, പിണക്കങ്ങളും ഇണക്കങ്ങളും, ലൊക്കേഷൻ വിശേഷങ്ങൾ എല്ലാം ഇഴ കോർത്തിരിക്കുന്നു.

ഇതൊരു കുടുംബ പുസ്തകം കൂടിയാണ്. ഞവരയ്ക്കൽ തറവാട്ടിലെ അമ്മൂമ്മയും അമ്മയും മകൾ മാതുവുമൊക്കെ കഥാപാത്രങ്ങളാവുന്നു. അനന്തപദ്മനാഭൻ്റെ മകൻ രണ്ടാം പത്മരാജൻ അടക്കമുള്ളവരുടെ മരണങ്ങൾ നമ്മെ നൊമ്പരപ്പെടുത്തുന്നു.

വളരെ അനായാസം വായിച്ചു പോകാവുന്ന, വളച്ചു കെട്ടില്ലാത്ത, തീരെ കൃത്രിമമല്ലാത്ത, ഭാഷയിലാണ് എഴുത്ത്.

Anantha Padmanabhan

എവിടെ നിന്നോ വന്ന, എങ്ങോട്ടോ പോവുന്ന ഫയൽവാൻ, തൻ്റെ പാതകൾ അപരൻ്റെ പാതകളായ് എന്നേക്കും നഷ്ടമാവുമ്പോൾ എവിടേക്കോ നടന്നകലുന്ന വിശ്വനാഥൻ (അപരൻ), വിക്രമകാളീശ്വരം എന്ന ദുരൂഹ ഭുമികയിൽ എത്തിപ്പെടുന്ന യാത്രികൻ (വിക്രമകാളീശ്വരം) പ്രതിമയും രാജകുമാരിയുമിലെ പ്രതിമയായി ഉറയുന്ന ചുപ്പൻ്റെ നീണ്ടു നീണ്ടു പോവുന്ന സൈക്കിൾ രഥ്യകൾ, ശത്രു മരണത്തിലും തനിക്ക് പിടി തരില്ല എന്ന ഇച്ഛാഭംഗത്തിൽ, ശാന്തിയുടെ പുതിയ കടവ് തേടി വഞ്ചി തുഴഞ്ഞ് പോവുന്ന ഇതാ ഇവിടെ വരെയിലെ വിശ്വനാഥൻ, പ്രിയപ്പെട്ടവളുമൊത്ത് പ്രണയത്തിൻ്റെ മുന്തിരി വനികകളിലേക്ക് ടാങ്കർ ലോറി ഓടിച്ചു പോകുന്ന സോളമൻ, മൂന്നാം പക്കവും പേരമകൻ്റെ ശരീരം മടക്കിക്കൊടുക്കാത്ത കടലിലേക്ക് വാശിയോടെ ഇറങ്ങിപ്പോകുന്ന മുത്തച്ഛൻ, ഒടുവിൽ രാത്രിയുടെ പതിനേഴാമത്തെ കാറ്റിൽ അവസാന യാത്ര പറയുന്ന ഗന്ധർവ്വൻ.

ദൈവമേ, കാലം മറക്കാത്ത എത്ര പേരെയാണ് ഈ മനുഷ്യൻ സൃഷ്ടിച്ചത്! മകൻ്റെ കുറിപ്പുകൾ വായിച്ചു മടക്കാനാവുന്നില്ലല്ലോ!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here