(പുസ്തകപരിചയം)
ഷാഫി വേളം
പ്രതിസന്ധി ഘട്ടത്തിൽ തളരാതെ എഴുത്തിലൂടെ അതിജീവനം കണ്ടെത്തിയ അനേകം മനുഷ്യരുണ്ട്. അതിലൊരാളാണ് ഷമീന ശിഹാബ്. മരണം താണ്ഡവമാടിയ കോവിഡ് കാലത്തെയാണ് ഷമീന എഴുതുന്നത്. ഹൃദയത്തിൽ തൊട്ടെഴുതിയ ജീവിത ക്കുറിപ്പുകളും കവിതകളുമാണ് ഈ സമാഹരത്തിലടങ്ങിയിട്ടുള്ളത്.ജീ വസുറ്റ ആശയങ്ങളുടെ ഹൃദ്യമായ ഭാഷാവിഷ്കാരമാണ് ‘ഒറ്റയ്ക്ക് മരിച്ച പുഴ ‘ എന്ന കവിതാ സമാഹാരം. പ്രിയതമന്റെ പെട്ടെന്നുള്ള വിയോഗം വരുത്തിയ മനോവ്യഥയില്‍ നിന്നുയിര്‍ക്കൊണ്ട അക്ഷരപുഷ്പമെന്നെല്ലാം ഈ സമാഹാരത്തെ സാക്ഷ്യപ്പെടുത്താം.
ഏച്ചുകെട്ടലുകളോ പൊള്ള നാട്യങ്ങളോ ഇല്ലാത്ത ഭാഷയിൽ ഷമീന കവിതയെഴുതുന്നു. ജീവിത പ്രതിസന്ധികളിൽ തളരാതിരിക്കാൻ അനുവാചകരെ പ്രാപ്തരാക്കുന്നു. അത്രമാത്രം.
“സർഗാത്മകത ജീവിതത്തിന് മരുന്നാക്കി മാറ്റുന്ന ഒരാളുടെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളായാണ്” ഷമീനയുടെ സമാഹാരത്തെ മുനീർ അഗ്രഗാമി അവതാരികയിൽ അടയാളപ്പെടുത്തുന്നത്
ഷമീനയുടെ പുസ്തകം പ്രകാശന ദിവസം തന്നെ മുഴുവൻ കോപ്പികളും വിറ്റഴിഞ്ഞു. ഇപ്പോഴിതാ മൂന്നാം പതിപ്പിലെത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു മാസത്തിനകം പരിഷ്കരിച്ച മൂന്നാം പതിപ്പ് എന്ന സവിശേഷത കൂടി ഈ പുസ്തകത്തിനുണ്ട്
ഏതൊരാൾക്കും ഇത്തിരിയെങ്കിലും ആഴമുള്ള കവിത രചിക്കാനാകുന്നത് ഉള്ളിൽ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴാണ്, അതൊരെഴുത്ത് മാത്രമാവില്ല, അതിജീവനത്തിന്റെ കച്ചിത്തുരുമ്പാകാം. അതിജീവനത്തിന്റെ പൊള്ളുന്ന നേർചിത്രങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും.
പ്രണയ സ്മൃതികളും, വേർപാടും, പ്രവാസ ജീവിതവും, മരണവും, ബാല്യകാലവുമെല്ലാം ഈ സമാഹാരത്തിൽ കവിതകളുടെ വിഷയമായി വന്നിട്ടുണ്ട്.
“നനവാർന്ന മിഴികളിൽ
ചുംബനമേകണം
ചുളിവുള്ള കരങ്ങളെ
കൈപ്പിടിയിലൊതുക്കണം”
‘അമ്മക്കൊരീണം ‘ എന്ന കവിതയിലൂടെ
അമ്മയോടുള്ള കവിയുടെ സ്നേഹം അതി സുന്ദരമെന്ന് വിശേഷിപ്പിക്കാവുന്ന ചില ദൃശ്യചാരുതയിലൂടെ വരച്ചുകാട്ടുന്നു.
‘പശി ‘എന്ന കവിതയിലൂടെ വിശപ്പിന്റെ കഠിന നാളുകളെ ഓർത്തെടുക്കുകയാണ് കവി. ജീവിതം കവിതയായി പരിണമിക്കുന്നത് പലപ്പോഴും കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ്.ഉള്ളിൽ കൊണ്ടു നടക്കുന്ന സംഘർഷങ്ങളെ വിവർത്തനം ചെയ്യാതെ അയാൾക്ക് മറ്റു മാർഗ്ഗങ്ങളില്ല.
“കളിക്കോപ്പല്ലവൾ .
കറിവേപ്പിലയുമല്ലവൾ
അനിർവചനീയമായൊരു സൃഷ്ടിയവൾ “
‘അവൾ’ എന്ന കവിതയിലൂടെ പെണ്ണിന്റെ ജീവിതത്തെയാണ് കവി അടയാളപ്പെടുത്തുന്നത്. ഏതൊരു പെണ്ണിനും അവളുടേതായ സ്വാതന്ത്ര്യമുണ്ടെന്നും അത് ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല എന്നും കവി ആശിക്കുന്നു. അമ്മയുടെ ഉദരത്തിൽ തന്നെയാണ് പെണ്ണും പിറവിയെടുത്തതെന്ന കവിയുടെ പറച്ചിൽ വായനക്കാരുടെ നെഞ്ചിലാണ് തുളച്ചുകയറുന്നത്. സ്ത്രീ സമൂഹത്തെ ശക്തമായി പ്രതിനിധാനം ചെയ്യാൻ ഈ കവിതക്ക് സാധ്യമാകും.
“മരണ മാലാഖയെ കാത്തിരിക്കാം
നോവുകളന്യമാം
കൂട്ടിൽ ചേക്കേറാം. “
‘അഗ്നിശുദ്ധി ‘ എന്ന കവിതയിലൂടെ എല്ലാ സങ്കടങ്ങളും മറവ് ചെയ്യാൻ മരണം തന്നെ വേണ്ടി വരുമെന്ന് കവി പറയാതെ പറഞ്ഞു പോകുന്നു.
‘എന്നിലെ നീ ‘ എന്ന കവിത ഭർത്താവിനോടുള്ള അടങ്ങാത്ത സ്നേഹമാണ് എഴുതി വെക്കുന്നത്. ദാമ്പത്യത്തിൽ ഒരാൾ ഇല്ലാതാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ശൂന്യത വായനക്ക് ശേഷവും വായനക്കാരിൽ നോവായി പടരുന്നു.
ഓരോ വരിയും വായനക്കാരുടെ മനസ്സിനെ തൊടുകയും ചിന്തിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യുന്നു.
‘ഒരു യാത്രാ മൊഴി ‘
എന്ന കവിത
മനസ്സിലൊരു വിങ്ങലായി ബാക്കി നിൽക്കുന്നു.. മരണമെന്ന യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അനുവാചക ഹൃദയത്തിൽ ഞെരിപ്പോടുകൾ തീർക്കുന്നു..
ഈ കവിതാസമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു എന്ന് ഏതൊരാളും നിസ്സംശയം പറയും, ഓരോ കവിതയും ഓരോ വ്യത്യസ്ത ഭാവങ്ങളിൽ നിന്ന് അടർന്നുവീണതാണ്. ഈ സമാഹാരത്തിലെ മുഴുവൻ കവിതകളും ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഭാഷയും ശൈലിയും. അനുഭവങ്ങളുടെ ഒരു വലിയ ലോകം തന്നെ കവി നമുക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നു. ഷമീന കവിത കണ്ടെടുക്കുന്നത് വേദനകളുടെ മുറിവിൽ നിന്നാണ്, അസ്വസ്ഥതകളുടെ ചുഴികളിൽ നിന്നാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല