(ലേഖനം)
സഫുവാനുൽ നബീൽ ടി.പി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95 അംഗങ്ങളെയും രാജ്യസഭയിലെ 46 അംഗങ്ങളെയും ഭരണപക്ഷം സസ്‌പെന്‍ഡ് ചെയ്തത്. എന്തായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ചെയ്ത കുറ്റം?
ഇന്ത്യന്‍ പാര്‍ലമെന്റിനകത്തുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സഭയില്‍ പ്രസ്താവന നടത്തണം എന്ന ആവശ്യം ഉയര്‍ത്തിയതാണോ ഭരണപക്ഷത്തെ ചൊടിപ്പിച്ചത്? എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണെന്നതാണ് വസ്തുത.
കനത്ത സുരക്ഷാവീഴ്ചയാണ് പാര്‍ലമെന്റില്‍ സംഭവിച്ചത്. ഇന്ത്യന്‍ ജനതയുടെ പരിച്ഛേദമാണ് അവിടെ സമ്മേളിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണകൂടം ആദ്യം ഉറപ്പാക്കേണ്ട സുരക്ഷയാണ് ലംഘിക്കപ്പെട്ടത്. വീഴ്ചയുണ്ടായി എന്ന സമ്മതിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായോ? ആയുധം എന്തുമാകട്ടെ, നടന്നത് അക്രമമാണ്. ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. രാജി വെക്കാന്‍ ആവശ്യപ്പെടേണ്ടവിധം ഗുരുതരമാണ് കാര്യങ്ങള്‍. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് പ്രസ്താവന നടത്തണമെന്നാണ്. ആവശ്യം നിഷേധിക്കപ്പെട്ടു. അവര്‍ പ്രതിഷേധിച്ചു.
ഇരുസഭകളുടെയും നടുത്തളം രാജ്യത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനുള്ളതാണ്. ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ പ്രതിഷേധിക്കാനുള്ളതാണ്. റാന്‍മൂളികളുടെ സഞ്ചയമല്ല ജനാധിപത്യം. അത് എതിര്‍പ്പിനെ പരിഗണിച്ച് വികസിക്കുന്ന ജൈവികതയാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യത്തെ ഉപ്പുസൂക്ഷിക്കുന്നകലം പോലെയാക്കുന്നു. രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാ മൂടി കെട്ടുന്ന ഫാസിസ്റ്റ് നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇത് നടാടെയല്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ 10 വര്‍ഷം നീളുന്ന ഭരണകാലത്ത് ലോക്സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 95ആണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 10 വര്‍ഷത്തിനിടെ ആകെ 50 ലോക്‌സഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനിടെ ബിഎസ്പി അംഗം ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിശേഷിപ്പിച്ച്, സാമാന്യമര്യാദയെ കാറ്റില്‍പറത്തി കൊണ്ട് സഭയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിയ്‌ക്കെതിരെ ശിക്ഷാ നടപടിയെടുക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് നിസ്സാര കാരണങ്ങള്‍ക്ക് പ്രതിപക്ഷ അംഗങ്ങളെ തെരഞ്ഞുപിടിച്ച് സഭയില്‍ നിന്ന് പുറത്താക്കുന്നത്.
മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 10 നാണ് ചൗധരിയുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. വര്‍ഷകാല സമ്മേളനത്തില്‍ എഎപി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ 2004 മുതല്‍ 14 വരെയുള്ള ഭരണകാലത്ത് രണ്ട് തവണയായി ആകെ 50 എംപിമാരാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. എന്നാല്‍ 2014 മുതല്‍ 23 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരാണ് സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയരായതെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുകയും ജനപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ അംഗങ്ങളെ വേട്ടയാടുന്ന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ഈ നടപടിയിലുടെ തുറന്നുകാട്ടപ്പെട്ടതുത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും അംഗങ്ങള്‍ ഒരു സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തപ്പെടുന്നത്.
ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ അഭാവം മുതലെടുത്ത് വിവാദപരമായ മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകളടക്കമുള്ളവ ചര്‍ച്ചകളില്ലാതെ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നതാണ് ഇതിനിടെ ഗൗരവതരവും എന്നാല്‍ മതിയായ ശ്രദ്ധ ലഭിക്കാതെയും പോയ കാര്യം.
പാര്‍ലമെന്റില്‍ ആക്രമണം നടത്തിയവര്‍ക്ക് പാസ് നല്‍കിയത് ബിജെപി എംപി പ്രതാപ് സിംഹയാണെന്ന് ബോധ്യപ്പെട്ടിട്ടും അക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടാന്‍ പോലും ലോക്‌സഭാ സ്പീക്കര്‍ തയ്യാറായിട്ടില്ല എന്നത് ആശ്ചര്യമാണ്. അതേസമയം ഈ സംഭവത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് സഭയില്‍ നിന്ന് പുറത്തു പോകാനുള്ള തിട്ടൂരമാണ് സഭാ അധ്യക്ഷന്മാര്‍ പുറത്തിറക്കിയത്. രാജ്യസഭാ അധ്യക്ഷന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സഭാനിയന്ത്രണം ഇതിനു മുന്‍പും പ്രതിപക്ഷ വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. പദവിക്ക് നിരക്കാത്ത വിധം ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കു താളം തുള്ളുകയും പ്രതിപക്ഷ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍.
പ്രതിപക്ഷത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ഗവണ്‍മെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ജനാധിപത്യ മൂല്യങ്ങളുടെ നിരാകരണമാണ് എന്ന് പറയാതെ വയ്യ. പാര്‍ലമെന്റില്‍ നിന്ന് അനിശ്ചിതകാലത്തേക്കോ കാരണമില്ലാതെയോ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് സഭയിലെ അംഗത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാകുന്നതിന് തുല്യമാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഇത്തരത്തില്‍ പ്രതിപക്ഷത്തെ ഒതുക്കിനിര്‍ത്തി ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യുന്നതിലൂടെ രാഷ്ട്രത്തിന്റെ മുഴുവന്‍ സംവിധാനങ്ങളെയും കയ്യില്‍ ഒതുക്കാമെന്നാണ് ബിജെപിയുടെ അമിതവിശ്വാസം ചരിത്രയാഥാര്‍ഥ്യങ്ങളെ മറന്നുകൊണ്ടുള്ളതാണ്
രാജീവ് ഗാന്ധി ഭരണകാലം ഓര്‍ക്കുക. 1989 മാര്‍ച്ച് 15ന് ഇന്ദിരാഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട താക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ എം പിമാരെ രാജീവ് സര്‍ക്കാര്‍ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. 63 പേരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. 414 സീറ്റുമായി രാജീവ് ഗാന്ധി ഭരിക്കുന്ന കാലമാണ്. എന്നിട്ടോ, എട്ട് മാസത്തിനപ്പുറം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 197 സീറ്റില്‍ കോണ്‍ഗ്രസ്സിന് ഒതുങ്ങേണ്ടി വന്നു. കയ്യിലുണ്ടായിരുന്ന 217 സീറ്റുകളില്‍ തോറ്റമ്പി. ജനാധിപത്യത്തിന് അങ്ങനെ ഒരു ശീലമുണ്ട്. അത് അപ്രവചനീയമാണ്. ജനഹിതത്തെ പഠിക്കല്‍ പ്രായോഗികമല്ല. ഊഹിക്കാനേ കഴിയൂ. ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ഈ ജനാധിപത്യ ധ്വംസനം നടന്നത്. ആ ഭൂരിപക്ഷം ജനാധിപത്യത്തിന്റെ ഉടമകളായ ജനം തന്നതാണ്. അവരെ തിരിച്ചെടുക്കാന്‍ ഒരു വിരലമര്‍ത്തല്‍ മതി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല