കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം

0
244

(ലേഖനം)

രമേഷ് പെരുമ്പിലാവ്

ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)

വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം, തന്റെ കൃതികളിൽ രണ്ട് വീക്ഷണങ്ങളും ഉൾപ്പെടുത്തിയത്‌.

ഉടൽ വിഷയമാകുന്ന കവിതയെ കുറിച്ചുള്ള ഏതൊരു സംഭാഷണവും വാൾട്ട് വിറ്റ്മാനിൽ നിന്ന് ആരംഭിക്കണമെന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ ഒമ്പത് ഭാഗങ്ങളുള്ള “ഐ സിങ് ദ ബോഡി ഇലക്ട്രിക്” എന്ന കവിത ശരീരത്തെ അതിന്റെ എല്ലാ പ്രകടനങ്ങളിലും ആഘോഷിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. “ഇവ ശരീരത്തിന്റെ മാത്രം ഭാഗങ്ങളും കവിതകളുമല്ല, ആത്മാവിന്റെതാണ്” എന്ന് അവസാനമായി നിഗമനം ചെയ്യുന്ന ശരീരഭാഗങ്ങളുടെ ഒരു ആരാധനക്രമത്തോടെയാണ് കവിത അവസാനിക്കുന്നത്.

The man’s body is sacred and
the woman’s body is sacred,
No matter who it is, it is sacred—
is it the meanest one in the
laborers’ gang?
Is it one of the dull-faced
immigrants just landed on the wharf?
Each belongs here or anywhere
just as much as the well-off,
just as much as you,
Each has his or her place in the procession.
– “I Sing the Body Electric”

കവികൾ പലപ്പോഴും പ്രണയം, ആഗ്രഹം, നിരാശ തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളിൽ തങ്ങളെത്തന്നെ ആശങ്കപ്പെടുത്തുകയാണ് പതിവ്. എന്നാൽ മനുഷ്യശരീരം പോലെ ഭൗതികവും മൂർത്തവുമായ ഒന്നിനെ സംബന്ധിച്ച്, ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, മനുഷ്യരൂപത്തിന്റെ ബാഹ്യ സൗന്ദര്യത്തെ പറ്റി, അല്ലെങ്കിൽ ഒരു മനുഷ്യശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് മലയാള കവിതയിൽ എത്രമാത്രം ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നത് പഠന വിഷയമാക്കേണ്ടതാണ്.

നിധിന്‍ വി.എന്‍.

ഉടലിൻ്റെ കവിത എന്നത് അജ്ഞാതവും പറയാത്തതും എന്നാൽ സ്വയം പ്രകാശിപ്പിക്കുന്ന ഒരു വിപ്ലവകരമായ ഉപകരണമാണ്. ഓരോ മനുഷ്യനിലും അന്തർലീനമായി ഉടലിനോടുള്ള ഒരു സ്വയംഭോഗ തൃഷ്ണയുണ്ട്.

“കടൽച്ചുഴിയിലേക്ക് കപ്പൽചലിക്കുന്നവിധം ” നിധിൻ വി.എൻ എഴുതിയ കവിതാ സമാഹാരം ഉടലിൻ്റെ ഒരു കാലിഡോസ്കോപ്പായി തോന്നാം.

നമ്മുടെ ശരീരവും മനസ്സും തമ്മിൽ സ്നേഹത്തിന്റെ ഒരു ബന്ധം കണ്ടെത്തുന്നത് വരെ നമ്മുടെ തലയിലും ഹൃദയത്തിലും അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നേക്കാവുന്ന ഒരവസ്ഥയുണ്ടാവുന്നുണ്ട്. ഒരു വികാരം അനുഭവിക്കുമ്പോൾ, അത് മസ്തിഷ്കത്തിലും ശരീരത്തിലും പ്രേരണകളുടെ ഒരു പരമ്പര പുറപ്പെടുവിക്കുന്നുണ്ട്, അത് ശാരീരിക ഫലങ്ങളിലും പ്രകടമാകുന്നുണ്ട്. സന്തോഷമോ സങ്കടമോ ദേഷ്യമോ അവജ്ഞയോ ആസക്തിയോ തോന്നിയാലും, ശരീരമത് ചലനങ്ങളിലൂടെ പ്രകടപ്പിക്കുന്നുണ്ട്. നിധിൻ തൻ്റെ കവിതയുടെ ക്യാമറക്കണ്ണുകൾ ആ ശരീരങ്ങളെ ഒപ്പിയെടുത്ത്, കവിതകളിൽ ബിംബ സമൃദ്ധിയുണ്ടാക്കിയിരിക്കുന്നു. വിവിധ ഭാവങ്ങളുള്ള ഉടലുകളുടെ ഒരു മ്യൂസിയം കവിതകൊണ്ട് നിർമ്മിച്ചിരിക്കുന്നു. കടൽച്ചുഴിയിൽ കുടുങ്ങി പമ്പരം പോലെ ഉടലുകൾ നൃത്തം ചെയ്യുന്നു.

“കർണ്ണൻ” എന്ന ആദ്യ കവിതയിൽ
ഉടൽ കറുത്ത മണ്ണാണ്,
ഉടലിൽ ഒരേയൊരായുധം
പശിയുടെ എല്ലിൻ കഷ്ണമാണ്.

ഒരേ വെയിൽ
ഒരേ ചൂട്
ഉടലിൽ,
ഉള്ളിൽ

” അയാൾ കവിത ചെത്തുന്നു” എന്ന കവിതയിൽ ഉടൽ കടന്നു വരുന്നതിങ്ങനെ

ഉടലിലിഴയും വാക്ക്,
ഉയരമേറുന്നു.
ഉടലൊരഴകാവുന്നു.

വിയർത്തു മണക്കും
ഉടൽ
പാട്ടു ചീറ്റി.

കിണർ എന്ന കവിതയിലേക്ക് ആ ഉടൽ പാമ്പേരി ചവിട്ടി താഴോട്ട് താഴോട്ട് ഇറങ്ങി പോകുന്നത് ഇവ്വിധമാണ്.

ഭൂമിയുടെ മസിലുകളെ
താൻ വരച്ച റിംഗിലിട്ട്
അടിച്ചുടയ്ക്കുമ്പോൾ
ഗിരിയുടെ ചലനങ്ങളിൽ
ബോക്സർ പതിയിരിക്കും

ഉടൽ നെയ്ത കനവിൽ
ജലപാകത്തിൽ കുഴിച്ചൊരു കിണർ.
കുളക്കടവിലിരുന്ന്
ആവേശം കൊള്ളുന്നു ഗ്രാമം.

പാസ് വേഡ് എന്ന കവിതയിലേക്ക് ഉടൽ ഒളിച്ചു കടക്കുന്നതിങ്ങനെ.

ഉടലിനുള്ളിൽ
ബ്രെയ്ക്ക് പോയ
പഴയ വണ്ടി,
ചുരമിറങ്ങുന്നു.
അതിൻ്റെ ഉടലിൽ
കുതിപ്പിനേക്കാൾ
കിതപ്പൊളിഞ്ഞു പാർക്കുന്നു.

ഉടലിലൊരു കാടൊളിച്ചിരുന്നുവെന്ന്
നീയും, നദിയെന്നു ഞാനും
തർക്കത്തിലേക്കിറങ്ങുന്നു.

അപ്പൻ്റെ മരിപ്പ് കൊലയായി.. മരണവീട് കൊലയാളിയുടെ വീടായി എന്ന് പറയുന്ന “മരണവീട് “എന്ന കവിതയിൽ ഉടൽ തന്നെയാണ് വില്ലനാവുന്നതും.

അപ്പൻ്റെ മരിപ്പിന്
കരയാതെ നിൽക്കണയെന്നെ
ഒരൊറ്റ നോട്ടം കൊണ്ട്
അമ്മച്ചി, കുരിശിൽ തറച്ചു.
കണ്ണീരും മൂക്കളയും ചേർത്ത്,
പെങ്ങളൊരു തെറി ചീറ്റി.

സംശയത്തിൻ്റെ
ചിലന്തിവലയിലേക്ക് പതിയെ
അമ്മച്ചിയും പെങ്ങളും കാൽ വഴുതി.
ഉടൽ കൊതിച്ചിരിക്കുന്നൊരു ചിലന്തി
ഉള്ളിൽ ആനന്ദനൃത്തം ചെയ്തു.

മാരക്കാനാസേ എന്ന ദേശീയ ദുരന്തത്തിൻ്റെ പാപഭാരം മുഴുവൻ സ്വന്തം ചുമലിൽ വഹിക്കപ്പെട്ട ബ്രസീലിൻ്റെ ഗോൾകീപ്പർ ബാർ ബോസ വിഷയമാവുന്ന കവിതയിൽ ഉടൽ കാൽപ്പന്തുകളിക്കുന്നത് നോക്കു.

ഞാൻ, ബാർബോസ
ഉടൽ
കാർമേഘച്ചേല
കയ്യുറ ധരിക്കാത്ത
കോട്ടയുടെ കാവലാൾ

രംഗം വന്യം
പോർക്കളത്തിൽ
ഉടൽ വിയർപ്പിക്കുമാരവം

ഞാൻ പതിനൊന്നിൽ ഒരുവൻ
കറുത്തവൻ
ശരീരത്തിൻ്റെ നനുത്ത
ചലനം കൊണ്ട്
എതിരാളിയുടെ ഭാഷ
തെറ്റായി വായിച്ചവൻ.

അരക്കെട്ടിലെ ചൂണ്ടയിൽ കുരുങ്ങി പെണ്ണുടൽ കത്തുന്ന കവിതയാണ് ഗ്രാമമെന്ന കനൽചൂടുള്ള ഉശിരൻ വരികൾ എഴുതി വെച്ച “ജാരൻ ” എന്ന കവിതയിൽ നിന്ന് ഉടലിന് എങ്ങനെ മാറി നിൽക്കാൻ കഴിയും.

ഉടൽ വിയർക്കും കാട്ടുമുല്ലമണം
കാറ്റ് താലോലിക്കുന്ന താടി.
പുറകിലേക്ക് വലിച്ചുകെട്ടി
തോളിലേക്ക് വീണു കിടക്കും മുടി.
മീന വെയിലിനെ രണ്ടായി പകുത്ത്
നീളൻ ചൂണ്ടയുമായി അയാൾ വന്നു.

“അക്വേറിയത്തിൽ പ്രണയമെന്ന് പേരായ രണ്ട് മീനുകൾ ”
പ്രണയമെന്ന് പേരായ രണ്ടു മീനുകൾ ചുണ്ടുകൾ കോർത്ത് കവിത നെയ്തു.
ഉടൽച്ചിറകിനാൽ
രതിയുടെ ആകാശത്ത് പാറി

പ്രണയത്തിൻ്റെ ചതുരവടിവിനെപ്പറ്റി
പെൺബുദ്ധൻ മുലതുമ്പുകൊണ്ടയാളുടെ നാവിലെഴുതി

കുതിരമീനുകളുടെ ഉടലിനാൽ ചതുരവടിവിനെ മറികടക്കുന്നു പ്രണയ മീനുകൾ

മുടന്ത്,
ആദ്യാക്ഷരത്തിൽ നിന്ന്
മറ്റക്ഷരത്തിലേക്കുള്ള വിക്കാണ്.
“മുടന്ത് ” എന്ന ശീർഷകത്തിൽ നിറയെ പ്രതിധ്വനിക്കുന്നത് ഉടൽപ്പോരായ്മയുടെ കരച്ചിലുകളാണ്. കറുപ്പിൻ്റെ അവഗണനയും മുടന്തിൻ്റെ തോളിൽ കയ്യിട്ട് നടക്കുന്നുണ്ട് ഈ കവിതയിൽ.

സ്നേഹം ഒരു വളർത്തു മൃഗമാണ്.

കാൽച്ചുവട്ടിൽ
പൂച്ച വന്നിരിക്കുന്നു.
ഈണത്തിൽ പേരു വിളിക്കുന്നു.
വാലുയർത്തി
ഉടലുകൊണ്ട്
സ്നേഹേമെന്ന ഭാഷയെഴുതുന്നു.

ഒറ്റൽ
കാഴ്ച്ചയിൽ
ചോര കൈയെത്തിപ്പിടിച്ച
ഒറ്റൽ’
ഒറ്റലിൽ കുരുങ്ങിപ്പോയ
കൂര
ഉടൽ –

“കറുപ്പൻ ”
ആ പേരിൽ തന്നെ അത്ര പഥ്യമല്ലാത്ത ഒരു ഉടലിൻ്റെ കാഴ്ചയുണ്ട്. അവഗണനയുടെ ഒരാൾരൂപമുണ്ടതിൽ.

കറുപ്പൻ
കുള്ളൻ
കള്ളൻ

ഉടലിൽ
പശിയെഴുതിയ ചിത്രത്തിൽ
പിന്നിയ തോർത്തുടുത്ത
എലുമ്പൻ ചെക്കൻ,
മേലേപ്പറമ്പിലെ
മുവാണ്ടൻ മാവിനു ചോട്ടിൽ
കൊതിയോടെ കല്ലെടുത്തു.

ഒരു മെക്കാനിക്കിനെ എങ്ങനെയാണ് കവിതയിലേക്ക് ചേർത്ത് നിർത്തുന്നതെന്ന് നിധിൻ്റെ ഭാഷയുടെ വെളിച്ചമാണ്.

വിയർപ്പിൽ മുക്കിയെടുത്ത
ഗ്രീസു മണക്കണ ഉടലിനെ
ഓട്ടോൻ്റെ അടീന്ന്
പൊക്കിയെടുത്ത്
കെതപ്പിനെ ചിരിയിലേക്കിറക്കി
ജവഹർ മുതൽ ചെർളയം വരെ
കാറ്റെന്ന ഭാവത്തിൽ
ഓട്ടോ പായിച്ചു.
സ്റ്റെതസ്കോപ്പില്ലാതെ
കാതിനാൽ ഓട്ടോൻ്റെ ഹൃദയമളന്നു.
“മെക്കാനിക്ക് ” എന്ന കവിത

കടലുപോലൊരുവൾ എന്ന കവിതയിലേക്ക്
വായനയിലൂടെ തുഴയുമ്പോൾ നാം ഇതു വരെ വായിച്ച ഉടൽ കവിതകളെയെല്ലാം റദ്ദ് ചെയും വിധം ഉടൽ പല താളത്തിൽ നൃത്തമാടുന്നത് കാണാം ഈ കവിതയിൽ.

അവളുടെ കണ്ണീരിൽ
തുഴയണ്,
തുള്ളണ്
ഉടൽ.

ചേരു ചാരിയ പോലെ കാറ്റ്
വിയർപ്പ് പലതായി മണക്കും
ഉടൽ കൊണ്ടാരു
ഗന്ധശാല തീർത്തു.

കടലുപോലൊരുവൾ
നൃത്തമാടണ്
അവളുടെ പാട്ടിൽ
തുള്ളണ്
പാറണ്
പാറ്റണ്
മനം.

നിൽപ്പ്
പിറന്നപടി
നിൽക്കേണ്ടി വന്ന മരം,
കാഴ്ച തഴമ്പിച്ച്
ഉടൽ കാതലെടുത്ത്
മരണത്തെ മറികടക്കുന്നത്
കൈകൾ വിടർത്തി
ഉടലിൽ വസന്തമൊരുക്കിയാണെന്നറിയാൻ
നിൽപ്പ് പരീക്ഷിച്ചാൽ മാത്രം മതി.

എൻ്റെ രാജ്യം
എനിക്കു നേരെ
വെടിയുതിർക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.
ഇനി പറയു,
എൻ്റെ ശരീരത്തിൽ
തിരുകി വെച്ച
ഈ തോക്ക്
വാക്കിനേക്കാൾ
ശക്തമാണോ

“വാക്ക് “എന്ന കവിതയുടെ രാഷ്ട്രീയം വർത്തമാനകാലത്ത് ഏറെ പ്രസക്തിയുള്ളതാകുന്നു. ഭരണകൂട ഭീകരത
നിറഞ്ഞാടുന്ന ഇക്കാലം വാക്കോ തോക്കോയെന്നത് ഒരു ചോദ്യമാണ്.

“കടൽച്ചുഴിയിലേക്ക് കപ്പൽചലിക്കുന്നവിധം ”

ബീഡി മണമുള്ള
കഥകൾ കേട്ടിരുന്ന
കുന്നിൻ മുകളിൽ നിന്ന്
പാവാട നിറയെ
മഞ്ചാടിക്കുരുവുമായ്
നീ, ഓടിയിറങ്ങി.

നമുക്കുള്ളിലെ കുതിരക്കുളമ്പടികൾ

ഉടലിനുള്ളിൽ
ഒളിച്ചിരിക്കുന്ന
കാട്ടു കുതിരയെ
നമ്മൾ താലോലിക്കുമ്പോൾ
നീയവന്
ദൈവമെന്ന് പേരിടുന്നു.
പാപത്തിൻ്റെ കനി
അവന് മധുരമേകുന്നു.

നിധിൻ്റെ ഉടൽ കവിതകൾ നാം വായിക്കേണ്ടതിൻ്റെ ഒരു പ്രധാന്യമുണ്ട്.
മറ്റുള്ളവർ നമ്മുടെ ശരീരത്തെ എങ്ങനെ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നതിനെ ആശ്രയിക്കുന്ന ഒരപകർഷത മാറ്റിയെടുക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് സ്വത്വത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കാലത്ത്, ശരീരത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾ പൊളിച്ചെഴുതേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണ്. ലിംഗഭേദം, വർഗ്ഗം, എന്നിവ ശരീരവുമായി എങ്ങനെ വിഭജിക്കുന്നുവെന്നും നമ്മുടെ ശരീരം എങ്ങനെ പൊതുസ്ഥലത്ത് പരിഗണിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും മനുഷ്യർ കൂടുതൽ വാചാലാകുന്ന നടപ്പു കാലമാണിത്.

ഭാഷയുടെ നൂതനമായ ആവിഷ്കാരം കവിതയിലേക്ക് വിഷയാധിഷ്ഠിതമായി ലയിപ്പിച്ചെടുക്കുന്ന വിധം ഓരോ കവിതയിലും പ്രവർത്തിക്കുന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

മുപ്പത്തിയാറ് കവിതകളും നൂറ്റിപതിനൊന്ന് പേജും നൂറ്റി അറുപത് രൂപയുമുള്ള ഈ പുസ്തകത്തിൻ്റെ പ്രസാധകർ ധ്വനി ബുക്സ് കോഴിക്കോടാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here