ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

2
173

ലേഖനം

പ്രസാദ് കാക്കശ്ശേരി

(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)

“എലവത്തൂര് കായലിന്റെ
കരക്കിലുണ്ടൊരു കൈത
കൈത മുറിച്ച് മുള്ളുമാറ്റി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ
ഇണ്ടലോണ്ട് മിണ്ടീലാ
അത് കുറ്റമാക്കല്ലേ”

സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ രചയിതാവ് ഇപ്പോഴും ഗാന വിനിമയത്തിന്റെ മാധ്യമ രേഖകളിൽ നിന്ന് തിരസ്കൃതനാണ്. ആ പാട്ട് രേഖപ്പെട്ടു കിടക്കുന്നത് ലബ്ധ പ്രതിഷ്ഠനായ മറ്റൊരു ഗാനരചയിതാവിന്റെ പേരിലും .ആരൊക്കെ വെട്ടി മാറ്റിയാലും തന്റെ തൊട്ടടുത്ത ദേശമായ എലവത്തൂരും അവിടുത്തെ കൂട്ടക്കാരും ഉള്ളിടത്തോളം കാലം തൻ്റെ പേര് തന്നെ ആ പാട്ടിന്റെ ഓരോ വാക്കിലും സ്പന്ദിക്കും എന്ന ഉശിരിൽ പാട്ട് കെട്ടിയ ഒരു പച്ച മനുഷ്യൻ – അറുമുഖൻ വെങ്കിടങ്ങ്.

അരങ്ങുകളിലും വീഡിയോ ആൽബങ്ങളിലും കലാഭവൻ മണി പാടിപ്പൊലിപ്പിച്ച

“പകലുമുഴുവൻ പണിയെടുത്ത്
കിട്ടണ കാശിന് കള്ളുകുടിച്ച്
എൻ്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ … എൻ്റെ മോളെ ”

“ചാലക്കുടി ചന്തയ്ക്ക് പോകുമ്പോ
ചന്ദന ചോപ്പുള്ള
മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ ”

“ഇക്കൊല്ലം നമ്മക്ക് ഓണല്ല്യാടി കുഞ്ഞേച്ച്യേ കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ ”

ഈ പാട്ടുകൾക്ക് പിന്നിലെ പൊരുൾ മൊഴി ഉരിയാട്ടം കവി അറുമുഖൻ വെങ്കിടങ്ങിന്റേത്. ‘ചന്ദ്രോത്സവം’ എന്ന സിനിമയിലെ “ചെമ്പടപട ശിങ്കാരിക്കൊരു ചുവടുവെക്കട ചങ്ങാതി” ഉൾപ്പെടെ ഒട്ടേറെ സിനിമ ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. തൻ്റെ പാട്ടുകൾ ആലാപനത്തിലൂടെ ജനപ്രിയമാക്കിയ കലാഭവൻ മണി എന്ന പ്രതിഭാശാലിയായ കലാകാരനോട് ഏറെ കടപ്പാടുകൾ അദ്ദേഹം പ്രകടിപ്പിക്കുന്നു. അറുമുഖൻ വെങ്കിടങ്ങിന്റെ ‘പച്ച മനുഷ്യരുടെ പാട്ട്പുസ്തകം’ എന്ന നാടൻപാട്ടും കവിതയും ഇഴചേർന്ന് പകർന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് കലാഭവൻ മണിക്കാണ്. സമർപ്പണത്തിൽ എഴുതി – “കേരളത്തിന് നഷ്ടമായത് സർഗ്ഗപ്രതിഭയുള്ള ഒരു കലാകാരനെയാണ്. കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിച്ച ഒരു അനിയനെയാണ് എനിക്ക് നഷ്ടമായത്.”

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് – കവിയരങ്ങുകൾ സാംസ്കാരിക പ്രവർത്തനത്തിന്റെയും രാഷ്ട്രീയ ആധുനികതയുടെയും മുഖ്യ – അനുബന്ധ അജണ്ടയിൽ ഉൾപ്പെട്ട ഒരു കാലത്താണ് അറുമുഖൻ വെങ്കിടങ്ങിനെ പരിചയപ്പെടുന്നത്. ഗുരുവായൂരിലെ ‘താവളം സാഹിത്യ വേദി’യുടെ പ്രതിമാസ സാഹിത്യ അവതരണ സദസ്സിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഓർക്കുന്നു. കവിതയിൽ പുതുമൊഴികളും നേർവഴികളും മുഖ്യധാരയായി അടയാളപ്പെടുമ്പോഴും ജനാധിപത്യവൽക്കരണത്തിന്റെ ബഹുസ്വര വിതാനങ്ങൾ ആശയാവതരണ രീതി ഭേദങ്ങളും പലപ്പോഴും ഗദ്യഭാഷയുടെ ഏകതാന ക്രമങ്ങളും അരങ്ങവതരണങ്ങളുമായി നിറഞ്ഞ കാലഘട്ടമായിരുന്നു അത് .അവിടെ പാട്ടിന്റെ ഉൾതെളിച്ചവും ചന്തവും ജനകീയമായ അവതരണവും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. താൻ എഴുതിയ പാട്ടുകൾ സ്റ്റേജിലും സിനിമയിലും മികച്ച പെർഫോമറായ കലാഭവൻ മണിയുടെ മൊഴിവഴക്കത്തിന്റെ ചൊടിയിൽ കേരളംഏറ്റെടുക്കുന്നതും ഉൾനിറഞ്ഞ ആഹ്ലാദത്തോടെ കണ്ട് ഒട്ടും അവകാശവാദങ്ങളില്ലാതെ ജീവിച്ചു. തന്റെ വാക്കിന്റെ ഈണപ്രകാരങ്ങളിൽ അഭിരമിച്ചു ജീവിച്ച കവിയായിരുന്നു അദ്ദേഹം. വംശീയ സംഗീതത്തിന്റെയും നാട്ടുപാട്ടിന്റെയും ജനകീയ സാംസ്കാരിക പഠനങ്ങളുടെ ഉത്തരാധുനിക നിർവഹണങ്ങളിൽ എന്തുകൊണ്ടോ അകപ്പെടാതെ പോയത് അദ്ദേഹത്തിൻ്റെ കവിതയുടെ ഭാഗ്യമോ നിർഭാഗ്യമോ എന്ന് കാലം തീരുമാനിക്കട്ടെ. ദേശക്കാഴ്ചകൾ, പ്രകൃതിപാഠങ്ങൾ, വൈകാരികമായ ഉള്ളുലച്ചിലുകൾ, അതിജീവന ശേഷിയേകുന്ന ആഹ്ലാദ നിമിഷങ്ങൾ, കീഴാള ജീവിതത്തിന്റെ സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയ്ക്ക് പാട്ടിന്റെ അകമ്പടിയോടെ കവിത കെട്ടി മലയാളത്തിലേക്ക് പകരുകയായിരുന്നു സൗമ്യതയുടെ, എളിമയുടെ വാമൊഴിച്ചന്തം.

പച്ച മനുഷ്യരുടെ പാട്ടുപുസ്തകത്തിൽ പാട്ടും കവിതയും ചൊല്ലിയാടുന്ന താളപ്രകാരമുണ്ട്; വാക്കുമർത്ഥവും മുനവച്ച് നീളുന്ന പ്രതിരോധ വഴികളും. കൊച്ചിക്ക് പെണ്ണന്വേഷിച്ചു പോയ കുഞ്ഞാങ്ങിള പെണ്ണിനെ കണ്ട് തിരിച്ചുവരുമ്പോൾ അയ്യപ്പൻ കാവിലെ കുളത്തിൽ ഒന്ന് മുങ്ങിനിവരുന്നു. മറുകരയിൽ കൊച്ചമ്പ്രാട്ടി. കൊച്ചമ്പ്രാട്ടിയുടെ പള്ളി നീരാട്ട് അറിയാതെ ഇറങ്ങിയ പിഴവിൽ തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ എണ്ണക്കിണ്ണം കുളത്തിൽ വീണു ഒന്ന് എടുത്തു തരൂ

എന്ന് കൊച്ചമ്പ്രാട്ടി. കുളത്തിൽ തപ്പും നേരം വിരിഞ്ഞ മാറും കടഞ്ഞമേനിയുമായി തന്റെ നേർക്കടുക്കുന്ന കൊച്ചമ്പ്രാട്ടി. പിടഞ്ഞ് പിന്മാറുമ്പോൾ വലിഞ്ഞു മുറുകുന്ന പെണ്ണുടൽ. പിന്നെ പാട്ടിൽ ചേരുന്ന

വരികൾ ഇങ്ങനെ-

“പെണ്ണും തേടി പോയെന്റെ കുഞ്ഞാങ്ങിളാ കുളക്കടവിൽ പിന്നെ മരിച്ചു പൊന്തി”

തമ്പ്രാക്കളോട് ചോദിക്കാൻ കഴിവുള്ള പെണ്ണിന്റെ കരുത്തും പാട്ടിലുണ്ട്.

“നേരിട്ട് കാര്യം പറയാത്തോണ്ടല്ലേ
തമ്പ്രാക്കളെന്താ തലയെടുക്ക്വോ”

ഫോക് ലോർ ഗാന സംസ്കൃതിയുടെ പല ജനുസ്സിൽപ്പെട്ട രചനകളും ഈ പാട്ടു പുസ്തകത്തിൽ ഉണ്ട്.

“പൂല പൂലേ പൂലേലൊ പൊലി
പൂല പൂലേ പൂലേലൊ

വാഴ്ക വാഴ്ക നല്ലമ്മേ
നല്ലച്ഛൻ തിരു പൊന്മകളേ
പൊലി പാടി പൊലിക പൊലിക
ഭൂമി പൊലിക നല്ലമ്മേ

ഓതി വാക്ക് നല്ലച്ഛൻ
മലയീന്നിറങ്ങന്റെ പൊന്മകളേ
പാക്കനാര് കൂട്ടമതുണ്ടേ
നറുക്കും തിരിയും കാണിക്കാൻ ”

അധ്വാനവും കാർഷികവൃത്തിയും നാട്ടുപച്ച തളിർപ്പും ദേശ ചിഹ്നങ്ങളും വേല – പൂരങ്ങളും പല പാട്ടിലും കവിതയുടെ ചെമ്പട്ടുടുത്ത് ഉറഞ്ഞു നിൽക്കുന്നു. എലവത്തൂര് , കണ്ണോത്ത് കായൽ, പൊണ്ണമൊത, ചിറ്റ്യേനി പാടം എന്നിങ്ങനെ താനറിഞ്ഞ ദേശ ചിഹ്നങ്ങളും പാട്ടിൽ അടയാളപ്പെടുന്നു.

“മണ്ണെന്നും പെണ്ണെന്നും ചൊല്ലി
തല്ലി മരിക്കണ കൂട്ടുകാരേ
ചാവുമ്പോ മരത്തിന്റെ മഞ്ച
ഡും ഡും ഡക്കടിയാ

“ജാതിയും മതവും ചൊല്ലി
വെട്ടി മരിക്കണ കൂട്ടുകാരേ
എല്ലാ ചോരേം ചോന്നിട്ടല്ലേ
ഡും ഡും ഡക്കടിയാ”

ഈ വരികളിൽ കളിയായും നിവർന്ന് നിൽക്കുന്നു പാട്ടിന്റെ നേർമൊഴികൾ . “പണിയെടുത്ത് പൊറുക്കുന്ന അടിസ്ഥാന ജനത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും കൊച്ചുകൊച്ചു സ്വപ്നങ്ങളും സന്തോഷങ്ങളും നാട്ടുചന്തങ്ങളും നാടോടി പ്രണയ വിസ്മയങ്ങളും ഒക്കെയാണ് ഈ കവി പാടുന്നത് ” എന്ന് ‘പച്ച മനുഷ്യരുടെ പാട്ടുപുസ്തക’ത്തിന് എഴുതിയ അവതാരികയിൽ ആലങ്കോട് ലീലാകൃഷ്ണൻ രേഖപ്പെടുത്തുന്നു.

നാട്ടുതാളങ്ങളും ഈണങ്ങളും അധീശ വ്യവഹാരങ്ങളെ ചെറുക്കാൻ ജനപ്രിയ സംസ്കാരത്തിന്റെ ഉയിരിൽ തന്നെ അടയാളപ്പെടണം എന്ന ബോധ്യത്തിൽ നിന്നാണ് പുതുകാലത്തെ ഈ നാട്ടുപാട്ടുകൾ പിറക്കുന്നത്.

എൻെറ – കൂട്ടവും കൂട്ടും വേറെയാണ്
എന്റെ – ആട്ടവും പാട്ടും വേറെയാണ്
എന്റെ – വായ്ത്താരി പാടി ഞാൻ-
ചോടുവെച്ചാടുന്ന -ആട്ടത്തിൽ
നേരാണ് നാട്യമില്ല”

എന്ന കവിയുടെ മട്ടിൽ തന്നെയുണ്ട് ചില തിട്ടങ്ങൾ.

2 COMMENTS

  1. നാട്ടു മൊഴി ചന്തം നിറഞ്ഞ പാട്ടുകളെ മനം നിറഞ്ഞാസ്വദിച്ച കവിക്ക് Big Salute

  2. എല്ലാർക്കും ഓർക്കാൻ എന്നും മനസ്സിൽ സൂക്ഷിക്കാൻ നല്ല കുറെ വരികൾ സമ്മാനിച്ച നല്ല മനസ്സിന്.. ഒരുപാട് നന്ദി..

LEAVE A REPLY

Please enter your comment!
Please enter your name here