കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം

1
157

(ലേഖനം)

നീതു ചോലക്കാട്

സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; ‘എല്ലാരും കാറില്‍ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര കൂടല്‍ ആണ്’.

‘തലേ ദിവസം മുതല്‍ തന്നെ ഇങ്ങിനെയാ. കാറില്‍ കേറിക്കോ, പോകാം’ എന്നേ പറയൂ. അവിടെത്തുമ്പോളേ എങ്ങോട്ടാ മനസിലാകൂ.

അഞ്ചുമിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. കുറച്ചു മുകളിലോട്ട് ഞങ്ങളെല്ലാവരും നടന്നു കയറി. കാര്യം ഏകദേശം മനസിലായി. ആ ചേട്ടന്റെ സഹായിയുടെ വീട് കേറി താമസം ആണ്.

സൈഡിലെ മണ്‍തിട്ടയിലൂടെ വീടിന്റെ ഇറയത്തുകൂടി നടന്ന് മുന്നോട്ട് ചെല്ലുമ്പോള്‍ മഴ ചാറ്റല്‍ ഉണ്ടായിരുന്നു. ഉമ്മറ ഭാഗത്തു തന്നെ ഒരു വലിയ പച്ച വീപ്പയില്‍ നിറയെ വെള്ളവും അതിലൊരു പാട്ടയും ഉണ്ടായിരുന്നു. ഞങ്ങള്‍ കയ്യില്‍ ഉണ്ടായിരുന്ന കുട മുറ്റത്തുവച്ചു. കാലുകഴുകി വീട്ടിനകത്തു കയറി. ക്ഷണിക്കാതെ വന്ന ഞങ്ങളെ കണ്ടിട്ടും വീട്ടുകാരനും ഭാര്യയും രണ്ട് മക്കളും അവിടെ നിന്നിരുന്നവരും ഓടി വന്ന് നിറഞ്ഞ ചിരിയോടെ ഞങ്ങളെ ഉള്ളിലേക്കിരുത്തി.

കാറ്റിലോ മണ്ണിടിച്ചിലിലോ പഴയ വീട് നശിച്ചുപോയതാണ്. ഈ വീട് ഇപ്പോ പുതുതായി ഈ വീട്ടുകാരന്റെയും മറ്റും കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയതാണ്. വീട്ടുകാരും അയല്‍വാസികളും എല്ലാരും കൂടി ഒരു ഇരുപത് പേര്‍ കാണും.

വീടിന്റെ മുന്‍വശത്തു ചരിച്ചു കെട്ടിയ ചായ്പ്പ് പോലെ ഉള്ള ഒരിടം. അവിടെ സിമെന്റ് ഇട്ട് രണ്ട് അടുപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ഭാഗത്തു ലൈറ്റ് ഒന്നും കണ്ടില്ല. രാത്രി ഒക്കെ പെരുമാറാന്‍ മറ്റെന്തെങ്കിലും വെളിച്ചം വേണ്ടി വരും. വീടിന്റെ മുന്‍വശത്തും പിന്‍വശത്തും ഉള്ള വാതിലുകള്‍ക്ക് കട്ടിളയും കതകും കൊടുത്തു ഭദ്രമാക്കിയിട്ടുണ്ട് .

കല്‍ചുമരുക്കള്‍ക്ക് പകരമായി ആസ്ബസ്റ്റോസ് ഷീറ്റുകള്‍ നിരത്തി അടുക്കി കവുങ്ങിന്റെ അലകുകള്‍ പാകി കയറുകള്‍ കൊണ്ടും കമ്പികള്‍കൊണ്ടും ശക്തമായി കെട്ടിവച്ചിട്ടുണ്ട്. വീടിനുള്‍വശം ഒരു ഹാള്‍ ഉം വേറെ രണ്ട് മുറികളും ഷീറ്റും കര്‍ട്ടന്‍ ഉം ഉപയോഗിച്ചു വിഭജിച്ചു. മുന്‍വശത്തുനിന്നും ഉള്ളിലേക്ക് കയറുമ്പോള്‍ ഉള്ള ഹാള്‍ന്റെ ചുമരില്‍ ഒരു ടീവിയും സെറ്റപ്പ് ബോക്‌സും ഉണ്ട്. പഴയ വീടിന്റെ കറന്റ് കണക്ഷന്‍ ഉള്ളിടത്തുനിന്ന് ഒരു വയര്‍ വലിച്ചു ഹാളിലെ ടീവിയും ലൈറ്റും പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്.

വീടുകേറിത്താമസം ആയതുകൊണ്ട് ഒരു മുറിയില്‍ ഒരു പ്ലാസ്റ്റിക് മേശമേല്‍ മുത്തപ്പന്റെ പടത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചു നിലത്തു നാക്കിലയില്‍ വെറ്റിലയും അടക്കയും പഴവും മലരും ശര്‍ക്കരയും. ആ വിളക്കില്‍ നിന്ന് അഗ്‌നി പകര്‍ന്നാവണം പാല്‍ തിളപ്പിക്കാന്‍ അടുപ്പില്‍ വച്ചത്. പാല്‍ തിളച്ചതും അതില്‍ പഞ്ചസാര ചേര്‍ത്തിളക്കി കൂടിനിന്നവര്‍ക്കെല്ലാം ഗ്ലാസ്സിലേക്ക് പകര്‍ന്ന് നല്‍കി.

അച്ഛനും അമ്മയ്ക്കും രണ്ട് പെണ്മക്കള്‍ക്കും താമസിക്കാന്‍ അവര്‍ ഉണ്ടാക്കിയെടുത്ത വീട്. കേറിതാമസത്തിന്റെ അന്ന് അവരുടെ മുഖത്തു കണ്ട ആ സന്തോഷം അത് വല്ലാത്ത ഒരു പ്രതീക്ഷയും പോസിറ്റിവിറ്റിയുമായിരുന്നു.

നിലം മിനുക്കാതെ ചുവരുത്തേക്കാതെ പെയിന്റ് അടിക്കാതെ ജനലോ പ്ലംബിങ്ങ്‌ഗോ വയറിങ്ങോ ഇല്ലാതെ ഒക്കെ ആണെങ്കിലും ആരോടും പരാതി ഇല്ലാതെ നിറഞ്ഞ ചിരിയും മനസിലെ സന്തോഷവും സ്വന്തം വീടെന്ന സ്വപ്നത്തിനു മുന്നില്‍ നില്‍ക്കുന്ന ആത്മാഭിമാനത്തിന്റെതായിരുന്നു.

ക്ഷണിക്കാതെ അപ്രതീക്ഷിതമായി ചെന്നതാണെങ്കിലും ഞങ്ങള്‍ അവര്‍ക്ക് ഇരട്ടി മധുരമായിരുന്നു. ഒരു വീടുകൂടലിന് ചെന്ന് ഒന്നും കൊടുക്കാതെ എങ്ങിനെയാ പോകുന്നെ? നമുക്ക് എന്തെങ്കിലുംചെയ്യാം എന്ന് തമ്മില്‍ പറഞ്ഞപ്പോള്‍; “ഹേയ് വേണ്ട ഒരിക്കലും വേണ്ട അതിന്റ ആവശ്യം ഇല്ല. നിങ്ങള്‍ വന്നത് തന്നെ വലിയ സന്തോഷം” എന്നൊരാള്‍ ഉറച്ച സ്വരത്തോടെ പറഞ്ഞു.

അടുത്ത തവണ കാണാമെന്നു പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ആ വീടും വീട്ടുകാരും മാത്രമായിരുന്നില്ല. നാം പണ്ട് സ്‌കൂളില്‍ പഠിച്ചപോലെ, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായ പാര്‍പ്പിടം ആണ് ഇപ്പോള്‍ കണ്ടത്. ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ ഒന്നും തൊട്ടുതീണ്ടാത്ത വീട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here