HomeTHE ARTERIASEQUEL 124അഗ്നിയിൽ ആവാഹിച്ച ഒൻപത് മണൽ വർഷങ്ങൾ.....

അഗ്നിയിൽ ആവാഹിച്ച ഒൻപത് മണൽ വർഷങ്ങൾ…..

Published on

spot_imgspot_img
(ലേഖനം)
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ
വിഖ്യാത സാഹിത്യകാരൻ ശരവൺ മഹേശ്വറിന്റെ ആത്മകഥയുടെ ഒന്നാം ഭാഗമായ ആത്മനൊമ്പരങ്ങൾ അഗ്നിയിൽ ആവാഹിച്ച 9 വർഷങ്ങൾ എന്ന കൃതിയിലൂടെ നമ്മോട് പറയുന്നത് 1989 മുതൽ 1998 വരെയുള്ള 9 വർഷങ്ങളുടെ അദ്ദേഹത്തിന്റെ ഖത്തർ അനുഭവങ്ങളാണ്.
നല്ല ജോലിയിലും പുതിയ ജീവിതവും സ്വപ്നം കണ്ട് നാട്ടിൽ നിന്ന് ഈത്തപ്പഴം വിളയുന്ന മധുരമുള്ള മണലാരണ്യത്തിൽ എത്തിപ്പെട്ട അദ്ദേഹത്തിന് നേരിട്ടേണ്ടി വന്നത് ഭീകരമായ  അനുഭവങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ 21 വർഷങ്ങൾ പൂർത്തിയാക്കുന്ന എനിക്ക് ഇതിലെ അനുഭവങ്ങൾ ഒരു കെട്ടുകഥ പോലെ മാത്രമേ ഉൾക്കൊള്ളാൻ ആകുന്നുള്ളൂ. എന്തെന്നാൽ അന്നത്തെ ഖത്തറും ഇന്നത്തെ ഖത്തറും വളരെ ഏറെ വ്യത്യാസമുണ്ട്.
അദ്ധ്യായങ്ങൾക്ക് പകരം ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് മനസ്സ് തുറക്കപ്പെടുന്നു എന്നാണ്. 1980 മുതൽ 1984 വരെ യു എ ഇയിലെ ജീവിതത്തിനു ശേഷം അഞ്ചു വർഷമായി അദ്ദേഹം നാട്ടിലാണ്.  ജീവിതത്തിന്റെ രഥചക്രം ഇടത്തോട്ടും വലത്തോട്ടും വെറുതെ ഉരുളുകയാണ്. ഒരു ചെറുപ്പക്കാരന് നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ. തൊഴിലധിഷ്ഠിതമായ പരിശീലനമൊന്നും ലഭിക്കാതെ ബിരുദ പഠനത്തിന്റെ ഓർമ്മകൾ തലയിൽ പേറിയുള്ള നടത്തം. പോരാത്തതിന് ജാതിയുടെ മേലാപ്പും. ജീവിതം മുരടിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം? ശരീരമിളകി പണി ചെയ്യാമെന്നുവച്ചാൽ അഭിമാനപ്രശ്നം. ദുരഭിമാനം. ഇത്തരമൊരു മനസ്സും പേറി ജീവിതത്തിലെ അഞ്ചു വർഷം തിരുവനന്തപുരത്തെ അനേകം ഗ്രന്ഥശാലകളിലെ ചിതലരിച്ചു തുടങ്ങാറായ പുസ്തകങ്ങൾക്കുളളിൽ തല പൂഴ്ത്തിവച്ചിരിപ്പാണ്. ഒപ്പം കുടുംബത്തിന് പേരുദോഷം കിട്ടരുതെന്ന് കരുതിയുള്ള എഴുത്തും വായനയും. വല്ലപ്പോഴും ഒരു കവിതയോ, കഥയോ, പ്രസിദ്ധീകരിച്ചാൽ കിട്ടുന്ന നക്കാപിച്ച പൈസകൊണ്ട് വയറ് നിറയിക്കാൻ തന്നെ പറ്റുന്നില്ല. വയസ്സ് ഇരുപത്തഞ്ച് കഴിഞ്ഞിരിക്കുന്നു. ജീവിതം തുലാസിൽ തൂങ്ങുമ്പോഴും ആത്മഹത്യ ചെയ്യാനന്തരംഗം ഒരുക്കമല്ല. തന്നെ സ്നേഹിക്കുന്ന അമ്മ. അമ്മയുടെ തണലിലാണ് അദ്ദേഹത്തിന്റെ ജീവിതം. ഗൾഫിലിരുന്നതല്ലേ കയ്യിൽ പുത്തപണം കാണുമെന്ന് പെങ്ങന്മാരുടെ വിചാരം. കൊണ്ടു വന്നതിൽ അടിവസ്ത്രമൊഴിച്ച് എല്ലാം വിറ്റു തുലച്ചു. ഇനി ആകെ പണയം വെയ്ക്കാൻ അഭിമാനം മാത്രം.
അങ്ങിനെ ഇരിക്കുമ്പോഴാണ് വിവാഹദല്ലാൾ ഭാസ്കരൻ നായർ ഇദ്ദേഹത്തിന്റെ കല്ല്യാണക്കാര്യം അമ്മയോട് ആലോചിക്കുന്നത്. എന്നാൽ തൊഴിലുമില്ലാത്ത ചെറുക്കന് ആര് പെണ്ണ് കൊടുക്കാൻ എന്നതാണ് അമ്മയുടെ മറുചിന്ത. അതൊക്കെ ശരിയാക്കാമെന്ന് ഭാസ്കരൻ നായർ. പിന്നെ ആലോചനയുടെ പൂരമായി. അങ്ങിനെ ഒരു ബന്ധം ശരിയായി. എന്നാൽ എവിടെ നിന്ന് കല്യാണ ആവശ്യങ്ങൾക്ക് പണമുണ്ടാക്കും?. ഒടുവിൽ സുഹൃത്തായ ഡോക്ടർ ബാബു ജോർജ്ജിന്റെ ജാമ്യത്തിൽ കുറച്ചു പൈസ പലിശയെക്കങ്കിലും വാങ്ങി. രണ്ടുമാസത്തെ കാലാവധിക്ക് നൂറു രൂപയ്ക്ക് അഞ്ചു രൂപാ പലിശ നിരക്കിൽ അമ്പതിനായിരം രൂപ.  വിവാഹ വസ്ത്രം ആഭരണങ്ങൾ തുടങ്ങി നൂറുകൂട്ടം ചിലവുകൾ. സ്ത്രീധനത്തിന് എതിരായിട്ടുളള ചിത്രത്തിൽ അഭിനയിച്ചവന് സ്ത്രീധനം വാങ്ങി കല്ല്യാണം കഴിക്കാനാവില്ലല്ലോ.
കവിയെന്നുളള ചെറിയ മേൽവിലാസം മേലങ്കിയായി അണിഞ്ഞിരിക്കുന്നതു കൊണ്ട് ആരുടെ മുന്നിലും തലകുനിക്കാൻ മടി. നാലായിരം കത്തുകൾ വേണം. ഇത്രയധികം ക്ഷണിതാക്കളോ, അതെ, സാഹിത്യ സാംസ്കാരിക പൊതു പ്രവർത്തക രംഗങ്ങളിലെ പലരേയും ക്ഷണിക്കേതുണ്ട്. നാലായിരം ക്ഷണക്കത്തുകൾ തയ്യാറാക്കാൻ പതിനായിരം രൂപാ വേണം. കാശിന് എവിടെ പോകാൻ. സഹോദരങ്ങൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.  സ്ത്രീധനത്തെ കുറിച്ചെടുത്ത ചിത്രത്തിന്റെ ഒൻപത് പെട്ടി നെഗറ്റീവുകൾ ഒരു പ്രയോജനവുമില്ലാതെ വീട്ടിലെ തുരുമ്പുപിടിച്ചു തുടങ്ങിയ പെട്ടിയിൽ ഇരുന്ന് നശിക്കുകയാണ്. ആ നെഗറ്റീവുകളിൽ അദ്ദേഹം തന്റെ കല്യാണക്കുറി എഴുതി തരപ്പെടുത്തി. അതിനുവേണ്ട നീണ്ടകവർ ശിവകാശിയിൽ നിന്ന് ഉണ്ടാക്കി.  ഈ നാലായിരം കവറിനു മുകളിൽ രാവും പകലുമിരുന്ന് ‘ശരവൺ മഹേശ്വർ വിത്ത് പാർവ്വതി’ യെന്ന് എഴുതി തന്നത് പ്രശസ്ത സാഹിത്യകാരനായ ശരത് ചന്ദ്രലാലും. മൊത്തം ചിലവായ തുക മുന്നൂറ്റി അൻപത് രൂപ!.
ഒടുവിൽ 1989 ഫെബ്രുവരി 12 ആം തീയതി അദ്ദേഹത്തിന്റെയും പാർവ്വതിയുടേയും കല്ല്യാണം തിരുവനന്തപുരത്തെ വൈകുണ്ഡം കല്യാണമണ്ഡപത്തിൽ നടന്നു. മംഗളാരവത്തോടെ വിവാഹത്തിൽ പങ്കെടുത്തവരിൽ പ്രമുഖർ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,  സംവിധായകരായ വേണുകുമാർ, രാമൻ നായർ, ചിത്രകാരനായ പ്രൊഫസർ സനാതനൻ, സൂര്യാ കൃഷ്ണമൂർത്തി, ഡോക്ടർ തോമസ്, സാഹിത്യകാരൻമാരായ ഡോക്ടർ ശൂരനാട് കുഞ്ഞൻ പിളള, മഹാകവി എം.പി. അപ്പൻ, നീല പത്മനാഭൻ, ഡോക്ടർ ഡി. ബഞ്ചമിൻ, സാറാതോമസ്, ശരത്ചന്ദ്രലാൽ, പൊതു പ്രവർത്തകരായ തമ്പാനൂർ രവി, ശാസ്തമംഗലം മോഹനൻ, ശാസ്തമംഗലം ഗോപൻ, തമ്പാനൂർ സതീശൻ അങ്ങിനെ ഒരു നീണ്ടനിര തന്നെ പങ്കെടുത്ത വിവാഹം.
ഈ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി വളരെ കഷ്ടപ്പെട്ടു സംഘടിപ്പിച്ച വിസയും കൊണ്ട് ഖത്തറിൽ എത്തിപ്പെട്ട അദ്ദേഹത്തിന് സ്വന്തം വിദ്യാഭ്യാസ യോഗ്യതക്കു ചേർന്ന ജോലി കണ്ടെത്താൻ കഴിയാതെ വരുന്നത്തോടെയാണ് വിഷമതകളുടെയും അവഹേളനങ്ങളുടെയും ആ ജീവിതകഥ ആരംഭിക്കുന്നത്. എത്രമാത്രം അനുഭവങ്ങളാണ്. ഗർഭിണിയായ ഭാര്യയെ പിരിഞ്ഞ് ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി ഖത്തറിൽ വന്ന അദ്ദേഹത്തിന്, ആദ്യമായി തനിക്ക് പിറന്ന മകനെ കാണാതെ മൂന്നര വർഷക്കാലം ഊഷരഭൂമിയിൽ വിങ്ങിയ മനസ്സുമായി കഴിഞ്ഞത്. ഒരു നേരത്തെ ഭക്ഷണത്തിനായ്  അങ്ങോട്ടും ഇങ്ങോട്ടും കൂടി 40 കിലോമീറ്റർ നടന്നത്. ഗതികെട്ട് ഒടുവിൽ ഒട്ടകം മേയ്ക്കാൻ പുറപ്പെട്ടത്.  നിവർത്തികേടുകൊണ്ട് ശവം കുളിപ്പിക്കാൻ ആളെടുക്കുമോ എന്ന് തിരക്കി ഖബർസ്ഥാനിൽ പോയത്. പുഴു നിറഞ്ഞരി കഴുകി വിശപ്പടക്കാൻ തിളപ്പിച്ചു കുടിച്ചത്.
ജീവിതം എത്ര ഭയാനകമാണെന്ന് തിരിച്ചറിവിനുളള എത്രയെത്ര അനുഭവങ്ങളാണ് ഇദ്ദേഹം ഈ ആത്മകഥയിലൂടെ പറഞ്ഞിട്ടുള്ളത്.  കാലങ്ങൾ മായ്ച്ചാലും മായ്ച്ചാലും തീരാത്ത മനുഷ്യക്കറകൾ ഏത് കടലിലാണ് ഒഴുക്കപ്പെടുക. ഭാര്യ, മകൻ, കുടുംബം ഇവയെല്ലാം തങ്ങളുടെ ഭാഗമാണെന്നും ഓരോ വ്യക്തിക്കും ഈ കൃതിയുടെ വായനയിലൂടെ സാധിക്കുമെന്ന് തോന്നുന്നു. ഇതിലെ ഓരോ അനുഭവങ്ങളും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. ഇതിൽ പലയിടത്തും എഴുത്തുകാരൻ മരണത്തെപ്പറ്റി ചിന്തിക്കുന്നു. ചിന്തിക്കുക മാത്രമേ ചെയ്യുന്നുളളൂ. ഇദ്ദേഹത്തിന് ഇത്രയും നിന്ദ്യമായ ക്രൂരമായ അനുഭവങ്ങൾ നേരിടാനുള്ള മനോധൈര്യം ഈശ്വരൻ കൊടുത്തതാവുമെന്ന് ഞാൻ ഊഹിക്കുന്നു.
പ്രവാസികൾ ആകാൻ കൊതിക്കുന്ന ഭാവിതലമുറയ്ക്ക് തീർച്ചയായും മുതൽകൂട്ടായിരിക്കും ഈ  ആത്മകഥയെന്ന് ഈ കൃതിയിലൂടെ കടന്നുപോയപ്പോൾ എനിക്ക് തോന്നി. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ജീവിതം പടുത്തുയർത്തിയ ഒരോ പ്രവാസിക്കും തങ്ങളുടെതെന്നു തോന്നുന്ന അനുഭവസാക്ഷ്യം നൽകുന്ന ഒരു നല്ല വായനാനുഭവം. ദുരിതക്കയങ്ങൾ നീന്തി കടന്ന് നല്ലൊരു ജോലി സ്വന്തമാക്കി ബാധ്യതകൾ നീക്കി നല്ലൊരു കുടുംബ ജീവിതം നയിക്കുന്ന തലത്തിൽ ഈ ആത്മകഥയുടെ ഒന്നാം ഭാഗം അവസാനിപ്പിക്കുമ്പോൾ വിഷമിക്കുന്ന സഹജീവികൾക്കൊരു കൈത്താങ്ങാകുവാനും നന്മയുടെ പ്രതീകങ്ങളാകുവാനും യുവതലമുറയോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഒരു ഭാഷയിൽ നിന്ന് ആദ്യമായി ഒരേ ദിവസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഗിന്നസ് റെക്കോഡിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യ സപര്യയ്ക്ക് മുന്നിൽ നമ്രശീര്‍ഷനായി നിർത്തട്ടെ!.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...