കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവി ചര്‍ച്ചയാകുമ്പോള്‍

0
108

(ലേഖനം)

കെ ടി അഫ്‌സല്‍ പാണ്ടിക്കാട്

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇലക്ഷന്‍ റിസള്‍ട്ട് കോണ്‍ഗ്രസ് അനുയായികളെയും ബിജെപി വിരുദ്ധ അണികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോണ്‍ഗ്രസിന്ന് നേതാവില്ലാതെ കുഴഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ‘ഇന്ത്യ’ എന്ന വിശാലസഖ്യത്തിന് രൂപം നല്‍കിയിട്ടും ജാതി സെന്‍സസ് വാഗ്ദാനങ്ങള്‍ നടത്തിയിട്ടും ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസിന്റെ കഞ്ഞി വേവാത്തത് എന്തുകൊണ്ടെന്നാണെന്ന് നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന വിഷയമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ലോക്‌സഭാ സെമിഫൈനല്‍ എന്ന് പറയപ്പെടുന്ന ഇലക്ഷന്‍ റിസള്‍ട്ട് 2024 ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള ചെറിയ സൂചനയെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സ്വാഭാവിക തിയറികളെല്ലാം ചവറ്റുകൊട്ടയിലേക്ക് തള്ളിയിട്ട് അതിശക്തിയോടെ പരാജയങ്ങളില്‍ നിന്ന് മാസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ വിജയത്തിലേക്ക് തിരിച്ചുവന്ന പല ചരിത്രങ്ങളും ഇന്ത്യയിലുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇതേ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നേറിയത്. ആയതിനാല്‍ തന്നെ ഈ ഫലം തന്നെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണമെന്നില്ലെന്ന് ആശ്വസിക്കാം.

അതി നിര്‍ണായകമായ ലോക്‌സഭാ – നിയമസഭ ഇലക്ഷനുകള്‍ പൊതുജനങ്ങള്‍ രണ്ട് രീതിയിലാണ് നോക്കി കാണാറുള്ളത് (നമ്മുടെ കേരളത്തില്‍ പോലും). കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിയമസഭാ ഇലക്ഷനില്‍ എല്‍ഡിഎഫ് കുതിക്കുമ്പോള്‍ ലോക്‌സഭ ഇലക്ഷനുകളില്‍ യുഡിഎഫാണ് മുന്നേറുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ രണ്ടുതവണത്തെ ജനങ്ങളുടെ വിധിഴെഴുത്ത് എടുത്ത് പരിശോധിക്കുമ്പോള്‍ കേന്ദ്രഭരണത്തില്‍ അധികാര മാറ്റത്തിന് വലിയ സാധ്യതകളൊന്നും കാണുന്നില്ല. കാരണം, ജനങ്ങള്‍ക്കാവശ്യം തുടര്‍ച്ചയായ വികസനങ്ങളും അതിനാവശ്യമായ ഒരു പൊതു ഗവര്‍മെന്റും പൊതുനേതാവുമാണ്. ഈ ജനവികാരം മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ടുപോകാന്‍ ബിജെപിക്ക് സാധിച്ചു എന്നാതാണ് യാഥാര്‍ത്ഥ്യം.

മുന്‍ക്കാലങ്ങളില്‍ ജനവികാരങ്ങള്‍ മനസ്സിലാക്കി കോണ്‍ഗ്രസും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 1947 മുതല്‍ 1977 വരെ അഥവാ 30 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഇന്ത്യ ഭരിക്കാനായത്. ഇതിനിടയില്‍ കോണ്‍ഗ്രസിനെതിരെ 1967 സംയുക്ത വിദായക് രൂപം കൊണ്ടതുപോലെ പല പ്രതിരോധ പ്രതിഷേധ സംഘടനകള്‍ രൂപം കൊണ്ടിട്ടും കോണ്‍ഗ്രസിനെ തകര്‍ക്കാനാവാതിരുന്നത് കോണ്‍ഗ്രസിന്റെ അതി ശക്തമായ ദേശീയത കൊണ്ട് മാത്രമായിരുന്നു.

കോണ്‍ഗ്രസ് തിരിച്ചുവരവിന് ഇനിയും സാധ്യതകളേറെ

കോണ്‍ഗ്രസിന് ഇനിയും സമയവും സാധ്യതയുമുണ്ട്. പരാജയങ്ങള്‍ ഒരിക്കലും അവസാന വിധിയല്ല. തോറ്റു തോറ്റു വിജയിക്കുക എന്ന എബ്രഹാം ലിങ്കണ്‍ കാണിച്ചുതന്ന പ്രതിഷ്ഠാശക്തി ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ശ്രോതാവിനനുസരിച്ച് സംസാരിക്കണം എന്ന് പറയുന്നതുപോലെ ഓരോ സംസ്ഥാനത്തെയും വ്യത്യസ്തമായി പരിഗണിച്ച് കൊണ്ടാവണം കോണ്‍ഗ്രസ് ഇനിയെങ്കിലും മുന്നോട്ട് പോകേണ്ടത്. തെലുങ്കാനയില്‍ സുനില്‍ കനഗോലുവും കര്‍ണാടകയില്‍ ശിവകുമാറും ചെയ്തതുപോലെ മുഖവും മുഖച്ഛായയും നോക്കാതെ നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവേണ്ടതുണ്ട്.

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ പ്രധാന കാരണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കണക്കാക്കുന്നത് ഇന്ത്യ മുന്നണിയെ പരിഗണിക്കാതെ പോയി എന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങളില്ലാതെ തന്നെ വിജയിക്കാനാവുമെന്ന കോണ്‍ഗ്രസിന്റെ അതിമോഹം കലാശിച്ചത് മഹാദുരന്തത്തിലാണ്. ഇതോടെ ഇന്ത്യ മുന്നണിയോടുള്ള ജനങ്ങളുടെ പ്രതീക്ഷയും അസ്തമിക്കുന്നുണ്ടോ എന്ന് നാം ചര്‍ച്ചയാക്കേണ്ടതുണ്ട്.

ഇന്ത്യ മുന്നണിയില്‍ രാജ്യത്തെ ജനങ്ങള്‍ക്കും വലിയ വിശ്വാസവും പ്രതീക്ഷയുമായിരുന്നു. മുംബൈയിലും ഡല്‍ഹിയിലും നടന്ന യോഗങ്ങള്‍ കണ്ടപ്പോള്‍ ബിജെപി പോലും ഞെട്ടിത്തരിച്ചിരുന്നു. എന്നാല്‍, അതെല്ലാം ബിജെപിക്ക് കൂടുതല്‍ ജാഗ്രതയോടെ മുന്നേറാന്‍ കളമൊരുക്കി എന്നല്ലാതെ ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേക ലാഭങ്ങളൊന്നും നേടി കൊടുത്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

സാധാരണയായി ഒരു തെരഞ്ഞെടുപ്പിന്റെ വിജയ പരാജയം കണക്കാക്കപ്പെടാറുള്ളത് ശതമാനത്തില്‍ അധിഷ്ഠിതമായിട്ടായിരിക്കും. അങ്ങനെ വരുമ്പോള്‍ ബിജെപിയെക്കാള്‍ ഏറെ പിറകിലൊന്നുമല്ല കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലേയും വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് ബി ജെ പിയെക്കാളും പത്ത് ലക്ഷം വോട്ടെന്നാണ് പുറത്തുവരുന്ന പുതിയ കണക്കുകള്‍.

സമ്പൂര്‍ണ വിജയിയാവണമെങ്കില്‍ കക്ഷത്തുള്ളത് വീഴാതെ ഉറിയിലുള്ളത് എടുക്കാനാവണം. ഇവിടെ ഉറിയിലുള്ള തെലുങ്കാന കിട്ടിയപ്പോള്‍ കക്ഷത്തുണ്ടായിരുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡും കോണ്‍ഗ്രസിന് നഷ്ടമായി. രാഷ്ട്രീയ രസതന്ത്ര്യം നന്നായി അറിയുന്ന സുനില്‍ കന ഗോലുവിനെ പോലുള്ള പലരും ഇന്ന് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നിട്ടും അവരെ പുറത്തെത്തിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തത് എന്തുകൊണ്ടാണ്?. യുദ്ധവിജയമാണ് ലക്ഷ്യമെങ്കില്‍ പടത്തലവന്‍ ആദ്യം മാറ്റേണ്ടത് കാലൊടിഞ്ഞ കുതിരകളെയാണ്. ഒരുപക്ഷേ അവര്‍ ഒരുപാട് യുദ്ധവിജയങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിച്ചവരായിരിക്കാം. എന്നാല്‍ അടിയന്തര സാഹചര്യത്തിലും അത്തരം ലോല സാമീപ്യങ്ങള്‍ നേതാവില്‍ നിന്നുണ്ടായാല്‍ യുദ്ധത്തില്‍ പരാജയപ്പെടും എന്നത് തീര്‍ച്ച.

ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങളേയുള്ളൂ. അതിനെ വിവേകത്തോടെയും വികാരത്തോടെയും നേരിടാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് ഒരു നിലക്കെങ്കിലും വിജയിക്കാന്‍ ആവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here