(ലേഖനം)
കെ ടി അഫ്‌സല്‍ പാണ്ടിക്കാട്
ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ‘We are at war’ എന്നായിരുന്നു കഴിഞ്ഞദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അഥവാ ഇത് വെറും സംഘര്‍ഷം മാത്രമല്ല മറിച്ച് യുദ്ധം തന്നെയാണ് എന്ന് തെളിയിക്കുന്നതായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. അതിനുള്ള കാര്യകാരണങ്ങള്‍ അവിടെത്തന്നെയുണ്ട് എന്നത് വ്യക്തമാണ്. നിലവില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും അത്തരത്തിലുള്ള ദൃശ്യങ്ങള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഹമാസിനെ ഇത്തരം ഒരു പ്രകോപനത്തിലേക്ക് നയിച്ചതിന് പിന്നില്‍ നിരവധി കാലത്തെ പ്രശ്‌നങ്ങളുണ്ട്.
എന്നാല്‍ മുമ്പുള്ള ഏറ്റുമുട്ടലുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ രീതിയായിലാണ് നിലവില്‍ ഹമാസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിന്റെ രൂപത്തിലും ഭാവത്തിലും വലിയ വ്യാപ്തിയുണ്ട്. അതില്‍ കൗതുകപരമായ പല വിശേഷണങ്ങളുമുണ്ട്. ‘ഹമാസ് അല്‍ അഖ്‌സ ഫ്‌ലഡ്’ എന്ന പേരിട്ടു വിളിച്ച ഈ ആക്രമണത്തിന്റെ അപൂര്‍വതകളില്‍ പ്രധാനപ്പെട്ടത് അതിന്റെ ആക്രമണ ശൈലി തന്നെയാണ്. 2000ന് ശേഷം 2002, 2012, 2018 തുടങ്ങിയ പല വര്‍ഷങ്ങളിലും ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം എന്ന് പറയാവുന്ന രീതിയില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം ഇസ്രയേലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ഹമാസ് തിരിച്ചാക്രമിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലേത് അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. നിലവില്‍ ഹമാസ് തന്നെ പുതിയ ആക്രമണ പരമ്പരയുടെ തുടക്കം കുറിക്കുകയാണുണ്ടായത്.
തിരിച്ചാക്രമണത്തിന്റെ ഭാഗമായി ഗസ്സയില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈലുകള്‍ മാത്രം അയച്ചിരുന്ന ഹമാസിന്റെ പോരാളികള്‍ ഇസ്രയേലി മണ്ണിലേക്ക് നേരിട്ട് കടന്നു കയറി എന്നതാണ് ആക്രമണത്തിന്റെ മറ്റൊരു പ്രത്യേകത. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നിലവില്‍ ഹമാസ് ഇസ്രയേലി ഹംപികള്‍ പിടിച്ചെടുക്കുന്നു, ഇസ്രയേലി ക്യാമ്പുകള്‍ കൈയ്യാളുന്നു, ഇസ്രയേലി ടാങ്കുകള്‍ നശിപ്പിക്കുന്നു, കവചിത വാഹനങ്ങള്‍ ഗസ്സയിലേക്ക് കടത്തുന്നു. മാത്രവുമല്ല നൂറിലേറെ ഇസ്രയേലികളെ ഹമാസിന്റെ കയ്യില്‍ ഇതിനോടകം തടവുകാരായി പിടിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാധാരണഗതിയില്‍ കര മാര്‍ഗ്ഗമോ വ്യോമ മാര്‍ഗ്ഗമോ മാത്രം പ്രത്യാക്രമണം അഴിച്ചു വിടാറുള്ള ഹമാസ് നിലവില്‍ ഒരേസമയം കര മാര്‍ഗ്ഗവും വ്യോമ മാര്‍ഗ്ഗവും ആക്രമിക്കുന്നു എന്നാണ് സംഘര്‍ഷത്തിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ദിവസം 20 മിനിറ്റില്‍ 2000 ഓളം റോക്കറ്റുകള്‍ വരെ ഹമാസ് അയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതിജീവനത്തിന്റെ കഥ പറയുന്ന ഹമാസ് ആയുധ ശേഖരങ്ങള്‍
ഹമാസിന്റെ റോക്കറ്റ് പരിവര്‍ത്തനങ്ങള്‍ക്ക് അതിജീവനത്തിന്റെ കഥ പറയാനുണ്ട്. ഹമാസിന്റെ എല്ലാ ഓരോ റോക്കറ്റുകളും ഖസ്സാം സീരിയസില്‍ പെട്ടവയാണ്. സാധാരണഗതിയില്‍ റോക്കറ്റ് എന്ന് പോലും പറയപ്പെടാന്‍ അര്‍ഹതയില്ലാതിരുന്ന അതിന്റെ ആദ്യകാല റേഡിയേസ് വെറും നാല് കിലോമീറ്റര്‍ മാത്രമായിരുന്നു. അഥവാ വിദേശ ശക്തികളുടെ സഹായമില്ലാതെ സ്വയം അധ്വാനിച്ച് അറ്റകുറ്റപ്പണികളെടുത്ത് നിര്‍മ്മിക്കുന്നതായിരുന്നു ഹമാസിന്റെ ആയുധങ്ങള്‍. എന്നാല്‍ ഓരോ വര്‍ഷവും ഹമാസ് തങ്ങളുടെ റോക്കറ്റുകളും ആയുധ ശേഖരങ്ങളും വികസിപ്പിച്ചെടുത്തു എന്നാണ് മറ്റുള്ള സംഘടനകളില്‍ നിന്ന് നിന്ന് ഹമാസിനെ വ്യത്യസ്തമാക്കുന്നത്. നിലവില്‍ ഖസ്സാം സീരിയസില്‍ പെട്ട റോക്കറ്റുകള്‍ എഴുപത് കിലോമീറ്റര്‍ റേഡിയസ് അപ്പുറത്തുള്ള ഇസ്രയേല്‍ തലസ്ഥാനം തെന്‍ അവീവില്‍ വരെയെത്തി. ഇതാണ് ഇസ്രയേലിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മുഖ്യഘടകം. കാരണം ഇസ്രയേലിലെ ബങ്കൂറിയന്‍ എയര്‍പോര്‍ട്ട് ഇതോടെ ഖസ്സാം റോക്കറ്റിന്റെ പരിധിയില്‍ വരും. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇത് സംഭവിച്ചാല്‍ അവരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നിലവില്‍ ഇസ്രയേലിലെ രണ്ട് എയര്‍പോര്‍ട്ടുകളും അടച്ച് കഴിഞ്ഞു. അഥവാ ബങ്കൂറിന്‍ എയര്‍പോര്‍ട്ട് കൂടി അടക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നു എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം.
നാല്പത് കിലോമീറ്റര്‍ നീളവും പത്തു കിലോമീറ്റര്‍ വീതിയുമുള്ള ചെറിയ പ്രദേശമാണ് ഗസ്സ. അതില്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമെന്ന പ്രത്യേകതയും ഗസ്സക്കുണ്ട്. ആ പ്രദേശമാണ് ഇരുപത് വര്‍ഷത്തിനു മുകളിലായി പല രീതിയിലുള്ള ഉപരോധങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഇസ്രയേലിന്റെയോ ഈജിപ്തിന്റെയോ സമ്മതമില്ലാതെ പുറത്തു കടക്കാന്‍ ഗസ്സക്കാര്‍ക്ക് അവകാശമില്ല. എങ്കിലും കരമാര്‍ഗ്ഗമുള്ള ഉപരോധത്തെ മറികടക്കാന്‍ ഹമാസ് ടണലുകള്‍ കുഴിച്ച് മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കടത്തുകയും കൊണ്ടുവരികയും ചെയ്തിരുന്നു. ഈജിപ്തിലേക്കായിരുന്നു ഇത്തരം ടണലുകളില്‍ അധികവും. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഭൂമിക്ക് മുകളില്‍ ഉള്ളതിന് പുറമേ ഭൂമിക്ക് അകത്തും ഇസ്രയേലും ഈജിപ്തും സംയുക്തമായി ഇരുപത് മീറ്ററോളം ആഴത്തില്‍ ഇരുമ്പു മതില്‍ (Iron wall ) നിര്‍മ്മിച്ചു. അതോടെ ഒരു നിലക്കും പുറംലോകത്തേക്ക് കടക്കാനോ പുറംലോകത്തില്‍ നിന്ന് സ്വതന്ത്രമായി ഒന്നും എത്തിക്കാനോ സാധിക്കാതെ ഇരുപത് വര്‍ഷത്തിലേറെയായി ഗതികെട്ട് ജീവിക്കുന്നവരായി ഗസ്സക്കാര്‍ മാറി. ഈ മനുഷ്യ കോലങ്ങളാണ് ഇന്നും ഇസ്രയേലിന്റെയും വിദേശ ശക്തികളുടെയും അക്രമത്തിനിരയായി കൊണ്ടിരിക്കുന്നത്.
പുറംലോകവുമായി ഒരു നിലക്കും ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഹമാസിന്റെ ആയുധ വികസനവും ശേഖരവും അത്ഭുതപ്പെടുത്തുന്നതാണ്. ഖസ്സാം റോക്കറ്റുകളെ കുറിച്ച് പഠിച്ച സൈനിക നിരൂപകര്‍ അവയെക്കുറിച്ചെല്ലാം ധാരാളം എഴുതിയതുമാണ്. ഹമാസ് ഉണ്ടാക്കുന്ന റോക്കറ്റുകളില്‍ അധികവും ഇസ്രയേല്‍ തന്നെ അയച്ചിട്ടുള്ള മിസൈലുകളുടെ അവശിഷ്ടങ്ങളും രാസവസ്തുക്കളും ഉപയോഗിച്ചിട്ടുള്ളതാണ് എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് മുകളിലുള്ള ഉപരോധം വര്‍ദ്ധിച്ചു വരുമ്പോള്‍ തന്നെ അവരുടെ സൈനിക ശക്തിയും വികസിപ്പിച്ചു കൊണ്ടുവരുന്നു എന്നത് മറ്റുള്ളവരില്‍ നിന്നും ഹമാസിനെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്.
ഇസ്രയേല്‍ ഇന്ന് അമേരിക്കയുടെ 51മത് സ്റ്റേറ്റാണെന്ന് പറയാവുന്ന രൂപത്തിലേക്ക് മാറിക്കഴിഞ്ഞു. കാരണം, അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായവും സൈനിക സഹായവും ഒരുപോലെ ഇസ്രയേലിന്റെ നിലനില്‍പ്പിന് സഹായകമാകുന്നുണ്ട്. ഇതുകൊണ്ട് തന്നെയാണ് ലോകത്തിലെ മികറ്റ സൈനിക ശക്തികളില്‍ ഇടം പിടിക്കാന്‍ ഇസ്രയേലിന് സഹായകമായതും. നിലവിലും യുദ്ധ കപ്പലുകളും ആയുധങ്ങളും അമേരിക്കയില്‍ നിന്നും സഹായമായി നല്‍കുമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍ ഇസ്രയേലിന്റെ സൈനിക ശക്തിയെക്കാള്‍ മികച്ചതാണ് അവരുടെ സാങ്കേതിക മേഖല. ഈയൊരു മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി അവര്‍ മാറിക്കഴിഞ്ഞു എന്നത് നിസ്സംശയം പറയാവുന്ന വസ്തുതയാണ്. അവരുടെ ക്യാമറ സംവിധാനങ്ങള്‍, പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയറുകളെല്ലാം അതിന്റെ മികച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ ഇത്രയും സാങ്കേതിക പ്രധാന്യവും പ്രാമുഖ്യവുമുള്ള ഒരു രാജ്യത്തേക്ക് എങ്ങനെയാണ് ഇത്രയും വലിയ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഹമാസിന് അക്രമണം നടത്താന്‍ സാധിച്ചത് എന്ന ചോദ്യത്തിന് മുന്നില്‍ തലപുകച്ചു നില്‍ക്കുകയാണ് ഇസ്രയേല്‍ അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍. ഈയൊരു കടന്നുവരവോടെ ഇസ്രയേലിന്റെ അജയ്യതയാണ് തകര്‍ക്കപ്പെട്ടത്. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഭവിഷത്തുകള്‍ നോക്കി കാണുക തന്നെ വേണം. സാധാരണ രീതിയില്‍ ചെറിയ ആക്രമണത്തിന് തന്നെ വലിയ പ്രത്യാക്രമണം നടത്തുന്നവരാണ് ഇസ്രയേലികള്‍.
നിലവില്‍ ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന തിരിച്ചാക്രമണം കൊണ്ട് ഇസ്രയേല്‍ പേടിച്ച് യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നുറപ്പാണ്. കാരണം നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലാത്ത രാഷ്ട്രീയ സ്ഥാനത്താണ് അദ്ദേഹം നിലവിലുള്ളത്. എല്ലാ ഇസ്രയേലി പ്രധാനമന്ത്രിമാരുടെയും പോലെ അവര്‍ക്ക് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അവരുടെ നിലമച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗസ്സ പോലുള്ള സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചു വിടുക എന്നത് തന്നെയാണ്. ഈ പ്രാവശ്യവും അത് തന്നെയാണ് ഗസ്സയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഹമാസിന്റെ ഈയൊരു കടന്നുകയറ്റത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ വിചാരിച്ചു വെക്കുന്നത് പോലെയുള്ള പ്രത്യാക്രമണങ്ങള്‍ ഇസ്രയേലില്‍ നിന്നും ഉണ്ടായിട്ടില്ലെങ്കിലും അതിന് അധികം വൈകേണ്ടി വരില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഇസ്രയേലിന്റെ മണ്ണിലേക്കുള്ള ഏറ്റവും വലിയ കടന്നുകയറ്റം എന്ന നിലയില്‍ ഇത് ഇസ്രയേലിനെ നാണം കെടുത്തുന്നുണ്ട് എന്നത് സത്യം തന്നെയാണ്. സാധാരണയായി ഒരു കാരണവുമില്ലാതെ തന്നെ ഗസ്സയെ ആക്രമിക്കുന്നവരാണ് ഇസ്രയേലികള്‍. അതനുസരിച്ച് നിലവിലെ കടന്നുകയറ്റത്തിനെതിരെ വലിയ തിരിച്ചടി തന്നെ ഹമാസ് നേരിടേണ്ടി വരും എന്നതില്‍ സംശയമില്ല. ഹമാസുകാരുടെ ഈയൊരു കടന്നുകയറ്റത്തിന് മുഖ്യ ഹേതുവായത് അല്‍ അഖ്‌സയെ കുറിച്ചുള്ള തര്‍ക്കം തന്നെയാണ്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ജൂതര്‍ തുടങ്ങി മൂന്ന് മതക്കാര്‍ക്കും ഒരുപോലെ പവിത്രമായ കേന്ദ്രമാണ് അല്‍ അഖ്‌സ. നിലവില്‍ ജോര്‍ദാനിലെ ഹാഷിമി കുടുംബം കേന്ദ്രീകരിച്ചുള്ള വഖ്ഫ് ബോര്‍ഡാണ് അല്‍ അഖ്‌സ നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും. എന്നാല്‍ അതിലുണ്ടാക്കാന്‍ ശ്രമിക്കുന്ന അധികാര മാറ്റങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച സമാധാന കരാര്‍ അബ്രഹാം അക്കാര്‍ഡിനോട് യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ നയന്ത്ര ബന്ധം ആരംഭിച്ചിട്ടുണ്ട്. ഇത്തരം നയതന്ത്ര ബന്ധങ്ങളിലേക്ക് പോകുന്ന അറബ് രാഷ്ട്രങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് തങ്ങളുടെ ആക്രമണമെന്ന് കഴിഞ്ഞ ദിവസം ഹമാസ് വ്യക്തമാക്കിയിരുന്നു.
ഹമാസ് ഭീകര സംഘടനയോ?
ഇസ്ലാമിക പ്രതിരോധ സംഘടന എന്നര്‍ത്ഥം വരുന്ന ഹര്‍കത്തുല്‍ മുഖവ്വമാത്തുല്‍ ഇസ്ലാമിയ്യ എന്നതിന്റെ ചുരുക്ക പേരാണ് ഹമാസ്. ഫലസ്തീന്‍ നൂറ്റാണ്ടുകളായി മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും ഒരുമിച്ച് കഴിഞ്ഞിരുന്ന സ്ഥലമാണ്. 1917 ഇവിടത്തെ ജൂത ജനസംഖ്യ വെറും 8% മാത്രമായിരുന്നു. ആദ്യകാലങ്ങളില്‍ യൂറോപ്യന്മാര്‍ ജൂതരെ മോശമായായിരുന്നു ചിത്രീകരിച്ചിരുന്നത്. വില്യം ഷേക്‌സ്പിയറിന്റെ ശൈലോക്ക് എന്ന കഥാപാത്രം മുതല്‍ ഹിറ്റ്‌ലറുടെ ക്രൂരതകള്‍ വരെ അതിന്റെ നേര്‍ചിത്രങ്ങള്‍ കാണിച്ച് തരുന്നുണ്ട്. ജൂതരെ പുഴുക്കളെപ്പോലെ കണ്ടിരുന്ന ആ കാലത്ത് അറബികള്‍ അവരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറി. ഇതിനിടയില്‍ ജൂതരെ മുഴുവന്‍ യൂറോപ്പില്‍ നിന്ന് ആട്ടിയോടിച്ച് അറബ് ലോകത്തേക്ക് കുടിയേറ്റാനുള്ള തന്ത്രം കൂടി മെനെഞ്ഞെടുക്കുകയായിരുന്നു അന്നത്തെ കൊളോണിയന്‍ ഭരണകൂടം. തുടര്‍ന്ന് 1917ലെ ബാല്‍ഫണ്‍ പ്രഖ്യാപനം വഴി ജൂതര്‍ സയണിസ ആശയവുമായി മുന്നോട്ടു പോയി തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തില്‍ ജൂതരുടെ പിന്തുണ കിട്ടാന്‍ ബ്രിട്ടീഷ് എടുത്ത തന്ത്രമായിരുന്നു ഈ പ്രഖ്യാപനം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്‍ഫണ്‍ സയണിസ്റ്റ് നേതാക്കള്‍ക്കയച്ച കത്താണ് പിന്നീട് ബാല്‍ഫണ്‍ പ്രഖ്യാപനം എന്നറിയപ്പെട്ടത്. പലസ്തീന്‍ ജൂത സമൂഹത്തിന് അവരുടേതായ ഒരു രാജ്യം സ്ഥാപിക്കാന്‍ ബ്രിട്ടന്‍ സഹായിക്കുമെന്ന വാഗ്ദാനമായിരുന്നു അതിന്റെ ഉള്ളടക്കം.
തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ തകരുകയും ബ്രിട്ടന്‍ വിജയിക്കുകയും ചെയ്തതോടെ പലസ്തീന്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലായി തീര്‍ന്നു. തുടര്‍ന്ന് ബ്രിട്ടന്‍ പലസ്തീന്‍ ജൂത പൈതൃക ഭൂമിയായി പ്രഖ്യാപിച്ചു. ലോകത്തിലെ എല്ലാ ജൂതരെയും ആ ഭൂമിയിലേക്ക് കൊണ്ടുവരുന്നതായാണ് പിന്നീട് ലോകം കണ്ടത്. അതോടെ പലസ്തീനില്‍ ജൂത കൂടിയേറ്റക്കാര്‍ കടന്നു കയറുകയും സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്തു. ശേഷം വന്ന രണ്ടാം ലോക മഹായുദ്ധത്തോടെ ബ്രിട്ടന്‍ പരാജയപ്പെട്ട് തുടങ്ങി. ബ്രിട്ടന്റെ ഭരണം 1948 അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്രാഈലിനെ സ്വതന്ത്ര രാജ്യമായി ബ്രിട്ടന്‍ പ്രഖ്യാപിച്ചു. പിന്നീട് 1967ലാണ് ഇസ്രയേലിന്റെ വലിയ അധിനിവേശം ഉണ്ടാകുന്നത്. അറബ് രാഷ്ട്രങ്ങളും ഇസ്രയേലുമാണ് ആറു ദിവസം നീണ്ട 1967ലെ യുദ്ധത്തില്‍ പങ്കെടുത്തത്. അതില്‍ വെസ്റ്റ് ബാങ്ക്, ഗസ്സ, സിനായ് തുടങ്ങിയ തന്ത്ര പ്രധാന പ്രദേശങ്ങളെല്ലാം ഇസ്രയേല്‍ പിടിച്ചെടുത്തു.
സത്യത്തില്‍ പലസ്തീന്‍ മാത്രമല്ല ഇസ്രാഈലിന്റെ ലക്ഷ്യം. മറിച്ച് ഇറാഖ്, സിറിയ, സഊദി, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രത്യേക ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് ഗ്രേറ്റ് ഇസ്രാഈല്‍ നിര്‍മ്മിക്കുക എന്നതാണ് സയണിസത്തിന്റെ സ്വപ്നം. അതിനുവേണ്ടിയാണ് ഇന്നും അവര്‍ പണിയെടുത്തു കൊണ്ടിരിക്കുന്നത്.
ഇസ്രയേലിന്റെ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ 1987ലാണ് ഹമാസ് സ്ഥാപിക്കപ്പെടുന്നത്. ഇന്നും ചില ഭാഗങ്ങളായെങ്കിലും പലസ്തീന്‍ നില്‍ക്കുന്നതില്‍ ഹമാസിന്റെ പങ്ക് നിര്‍ണായകമാണ്. പല ചര്‍ച്ചകള്‍ക്കൊടുവിലും വിജയം കാണാതിരുന്നപ്പോള്‍ ആയുധം കൊണ്ട് തന്നെ എതിരാളികള്‍ക്കെതിരെ പോരാടുക എന്ന ചിന്തയില്‍ നിന്നാണ് ഹമാസ് ഉടലെടുക്കുന്നത്. ഇതിനുവേണ്ടി ‘അല്‍ ഖസ്സാം ബ്രിഗേഡ്’ എന്ന സൈനിക വിഭാഗത്തെയും ഹമാസ് നിര്‍മ്മിച്ചെടുത്തു.
ഹമാസ് വെറുമൊരു സൈനിക ശക്തി മാത്രമല്ല. മറിച്ച്, നിലവില്‍ പലസ്തീനിലെ ഏറ്റവും വലിയ ജനകീയമായ പ്രസ്ഥാനം കൂടിയാണ് ഹമാസ്. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചാരിറ്റി, പ്രബോധന-ഭരണ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇടപഴകുന്ന സംഘടനയാണ് ഹമാസ്. ഇതിന്റെ ഏറ്റവും വലിയ തെളിവ് 2006 തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയെടുത്ത വിജയമായിരുന്നു. അതുവരെ പലസ്തീനിലെ തിരഞ്ഞെടുപ്പിനെ പിന്തുണച്ചിരുന്ന അമേരിക്കയെ പോലുള്ള രാഷ്ട്രങ്ങള്‍ ഹമാസ് പ്രതിനിധി ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായെണെന്നറിഞ്ഞതോടെ അതിനെ നിരാകരിച്ചു. തുടര്‍ന്ന് ഹമാസിനെതിരെ ലോകരാഷ്ട്രങ്ങള്‍ നീങ്ങിത്തുടങ്ങി. ഇതിനെ തുടര്‍ന്ന് ഇസ്മാഈല്‍ ഹനിയ്യ ഭരണം ഗസ്സയിലേക്ക് മാത്രമായി ചുരുക്കാന്‍ നിര്‍ബദ്ധിതനായി.
ഇത്തരത്തിലുള്ള ജനകീയ പ്രസ്ഥാനത്തെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇസ്രയേല്‍, അമേരിക്ക, യൂറോപ്പ്യന്‍ യൂണിയന്‍, ജപ്പാന്‍, ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളാണ്. എന്നാല്‍ ചൈന, ഇറാന്‍, റഷ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങിയവരെല്ലാം ഹമാസിനെ പ്രതിരോധ സംഘടനയായി മാത്രമാണ് കണ്ടത്. യു.എന്നില്‍ ഹമാസിനെ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇസ്രയേലിന്റെ അഭ്യര്‍ത്ഥന മാനിച്ച് നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം രാഷ്ട്രങ്ങളും അമേരിക്കയുടെ പിന്തുണയോട് കൂടി നില്‍ക്കുന്ന ഇസ്രയേലിനെ എതിര്‍ക്കുകയാണ് ഉണ്ടായത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Veluppikkal nalla reethiyil .. good job