കേരളീയ മാപ്പിളമാര്‍ക്കിടയിലെ മരുമക്കത്തായം

0
182

(ലേഖനം)

കെ ടി അഫ്സല്‍ പാണ്ടിക്കാട്

സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ആധുനിക വത്ക്കരണത്തിലൂടെയും നിയമവ്യവസ്ഥകളിലൂടെയും കൊഴിഞ്ഞുപോയ താവഴി ക്രമമാണ് മരുമക്കത്തായം. എ ഡി 11-ാംം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലങ്ങളിലാണ് മരുമക്കത്തായ സമ്പ്രദായം നിലവില്‍ വരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരേയും കേരളത്തിലെ ചില നായര്‍ സമുദായങ്ങള്‍ മരുമക്കത്തായം (polyandrous matriling) പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ 1970കളുടെ തുടക്കത്തില്‍ നിയമമൂലം മരുമക്കത്തായത്തെ നിരോധിച്ചപ്പോഴാണ് നായന്മാരുടെ ഇടയില്‍ നിന്ന് മരുമക്കത്തായ സമ്പ്രദായം ഒഴിവാക്കപ്പെട്ടത്. പതിനാലാം നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ രൂപപ്പെട്ട സാമൂഹിക പ്രതിഭാസമാണ് നായന്മാര്‍ക്കിടയിലെ മരുമക്കത്തായം. മലബാറിലാണ് നായര്‍ മരുമക്കത്തായം ശക്തമായ രീതിയില്‍ പിന്തുടര്‍ന്നിരുന്നത് എന്ന് ചരിത്രം വ്യക്തമാക്കുന്നു. എന്നാല്‍ ശരീഅത്തിനെ പലനിലക്കും വ്യാഖ്യാനിച്ചത് കൊണ്ട് ഇന്നും വടക്കന്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ മരുമക്കത്തായം നിലനില്‍ക്കുന്നു എന്ന് വേണം കരുതാന്‍.

ഇസ്ലാം അടിസ്ഥാനപരമായി പുരുഷാധിഷ്ഠവ്യവസ്ഥ (patriarchy)യെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോകത്ത് പല ദേശങ്ങളിലായി കഴിയുന്ന മുസ്ലിം സമൂഹങ്ങളില്‍ അധികവും മക്കത്തായ കുടുംബ വ്യവസ്ഥയെയാണ് പരിചയപ്പെടുത്തിയത്. എക്കാലത്തും ലോക മുസ്ലിങ്ങള്‍ക്കിടയില്‍ മരുമക്കത്തായ സമ്പ്രദായം അപൂര്‍വ്വമായിട്ടേ നിലനിന്നിട്ടുള്ളൂ. ഇന്ത്യനേഷ്യ, മലേഷ്യ, ഇറാന്‍, സുഡാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ചില പ്രദേശങ്ങളിലേ മരുമക്കത്തായ സമ്പ്രദായം ഉണ്ടായിരുന്നൊള്ളൂ. കാലക്രമേണ ഇവരില്‍ പലരും ഇതിനെ കൈവെടിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ കാലങ്ങളിലായി മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്ന സമൂഹങ്ങളാണ് ലക്ഷദ്വീപിലെയും വടക്കന്‍ കേരളത്തിലെയും മലബാറിലെയും മാപ്പിള മുസ്ലീങ്ങള്‍.

മരുമക്കത്തായം പൂര്‍ണമായോ ഭാഗികമായോ പിന്തുടരുന്നവരാണ് ഉത്തരകേരളത്തിലെ തീരദേശ മുസ്ലിങ്ങളായ മാപ്പിളമാര്‍. കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി പ്രദേശങ്ങളിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ ഇന്നും മരുമക്കത്തായികളായാണ് അറിയപ്പെടുന്നത്. അര നൂറ്റാണ്ട് കാലം വരെ പെണ്‍താവഴിയില്‍ കുടുംബ ബന്ധവും സ്വത്തവകാശവും നിര്‍ണയിച്ച് ഒരു സവിശേഷ സമൂഹമായി കഴിഞ്ഞവരാണ് മലബാറിലെ മരുമക്കത്തായ മുസ്ലിങ്ങള്‍.

മരുമക്കത്തായ സംവിധാനത്തിലൂടെ കല്യാണം കഴിഞ്ഞ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലേക്ക് താമസം മാറുന്നു. പ്രായമേറും തോറും ഭര്‍ത്താക്കന്മാര്‍ ഭാര്യ വീടിന്റെ പ്രധാന ഭാഗമായിത്തീരുന്നു. എന്നാലും ഭര്‍ത്താവ് മാതൃ വീടിന്റെ പേരിലായിരിക്കും അറിയപ്പെടുന്നത്. എങ്കിലും ഭാര്യ വീട്ട് സ്വത്തില്‍ ഭര്‍ത്താവിന് ഒരു അവകാശവുമുണ്ടാവില്ല. മുസ്ലിം മരുമക്കത്തായിലെ ഭാര്യ-ഭര്‍ത്ത വീടുകള്‍ പുതിയാപ്പിള സമ്പ്രദായം (Matrilocality) മരുമക്കത്തായ മുസ്ലിങ്ങളുടെ കുടുംബ ജീവിതത്തിന്റെ ആണിക്കല്ലാണ്.

1581 സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ മലബാര്‍ മുസ്ലിങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയ സ്ഥലത്ത് മരുമക്കത്തായത്തെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക ചര്യയുടെ ഭാഗമല്ലെന്ന് പറയപ്പെടുന്ന മരുമക്കത്തായം എന്തുകൊണ്ട് എന്നും മുസ്ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് വിമര്‍ശകര്‍ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒന്നാണ്.

കേരളത്തിലൂടെ കടന്നുപോയ സാമൂതിരി, ചിറക്കല്‍ രാജാവ് തുടങ്ങിയ സാമന്തജാതിയില്‍പ്പെട്ട ഭരണാധികാരികളെല്ലാം മരുമക്കത്തായികളായായിരുന്നു അറിയപ്പെട്ടത്. കേരളത്തിലെ ഏക മുസ്ലിം രാജവംശം കണ്ണൂരിലെ അറക്കല്‍ സ്വരൂപം, തലശ്ശേരിയിലെ കേയി വംശം, കോഴിക്കോട്ടെ കോയമാര്‍, പൊന്നാനിയിലെ മഖ്ദൂമികള്‍ തുടങ്ങി കേരളത്തിലെ പല പ്രമാണി മുസ്ലിം കുടുംബങ്ങളും മരുമക്കത്തായ സമ്പ്രദായത്തിലൂടെയാണ് ജീവിച്ചുപോന്നത്. മഖ്ദൂം പരമ്പരയില്‍ മൂന്നാം സ്ഥാനിയും വിശ്വപ്രശസ്ത പണ്ഡിതശ്രേഷ്ഠനുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ അധിക സമയവും വിജ്ഞാന പ്രസരണത്തിലും ഇസ്ലാമിക പ്രബോധനത്തിലും മുഴുകിയിരുന്നതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. തന്മൂലം തന്റെ സഹോദരി ഫാത്തിമയുടെയും ശൈഖ് ഉസ്മാനുബ്നുജമാലുദ്ദീന്‍ മഅ്ബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്‌മാനെ മഖ്ദൂമായി നാമനിര്‍ദേശം ചെയ്തു. അന്നുമുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായം നടപ്പിലായത്.

മരുമക്കത്തായ സമ്പ്രദായത്തിന് വിപരീതമായി മക്കത്തായ സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പ്രത്യേക ധര്‍മ്മനിര്‍വാഹവുമുണ്ട്. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും നടത്തിപ്പിലും പ്രത്യേക പങ്കുണ്ട്. എന്നാല്‍ മരുമക്കത്തായത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് അത്രതന്നെ സ്ഥാനം ലഭിക്കുന്നില്ല.

മുസ്ലിം സമുദായങ്ങള്‍ക്കിടയിലുള്ള സാമൂഹികവും സാംസ്‌കാരികവുമായ ബഹുസ്വരതയാണ് മരുമക്കത്തായ സംവിധാനങ്ങളിലൂടെ വെളിപ്പെടുത്തുന്നത്.

അറബികള്‍ വ്യാപാരാര്‍ഥം ചെല്ലുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നടന്നിരുന്നു. ഈ രീതിയിലുള്ള വിവാഹങ്ങളെ അക്കാലത്തെ ഭരണകൂടം നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ഇതിനനുയോജ്യമായ രീതിയിലായിരുന്നു അക്കാലത്തെ സാമൂഹിക ഘടന. അറേബ്യയിലെ ചില വിഭാഗങ്ങളില്‍ നായര്‍ സമുദായത്തില്‍ നിലനിന്നിരുന്നതുപോലെയുള്ള മരുമക്കത്തായ കുടുംബ വ്യവസ്ഥിതിയും തുടര്‍ന്നിരുന്നു. ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ മലബാറിലേക്ക് കച്ചവടാവശ്യാര്‍ഥം പായക്കപ്പലില്‍ യാത്ര തിരിക്കുകയും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്യുന്ന അറബികള്‍ സ്വന്തം നാട്ടില്‍ എത്തുക പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ്. കരയിലും കടലിലുമായി അഞ്ചെട്ടുമാസം ഭാര്യാ ഭര്‍തൃബന്ധമില്ലാതെ കഴിയേണ്ടിവരുന്ന അവര്‍ക്ക് കരക്കണയുന്ന തീരങ്ങളില്‍ അവിടത്തുകാരായ സ്ത്രീകളുമായി വൈവാഹിക ബന്ധം മനുഷ്യസഹജമാണ്. ഇന്നത്തെപ്പോലെ വൈവാഹിക ബന്ധങ്ങള്‍ അക്കാലത്ത് വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിരുന്നില്ല. മലബാറിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഈ ബന്ധങ്ങളിലുണ്ടായ സന്താനങ്ങള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടു.
സാമൂതിരി ഭരണത്തിന്റെ ഉദയത്തോടെ മലബാറിലെ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധം സുദൃഡമായതിനെ തുടര്‍ന്ന് പതിനാലാം നൂറ്റാണ്ടോടെയാണ് കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിംകളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്. മറ്റു മുസ്ലിംകളില്‍ നിന്ന് വ്യത്യസ്തമായി കുടുംബ ഘടനയിലും ക്രയവിക്രയങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാമൂലുകളിലും ഇവര്‍ പല സവിശേഷതകള്‍ വെച്ചുപുലര്‍ത്തി. ഈ കാലഘട്ടത്തില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ പറങ്കികള്‍ക്കെതിരെ നടന്ന ഒരു നൂറ്റാണ്ട് (1498-1598) യുദ്ധത്തില്‍ മുസ്ലിം സൈന്യവും നായര്‍ സൈന്യവും ഒന്നിച്ചാണ് പ്രതിരോധ നിര തീര്‍ത്തത്. ഇക്കാലത്ത് ഇരു സമുദായങ്ങളും നിലനിര്‍ത്തിയ ബന്ധം ഇതര കാലഘട്ടങ്ങളെക്കാള്‍ സുദൃഡവും സുശക്തവുമായിരുന്നു. ഇത് ഒരു പരിധിവരെ ഇരു വിഭാഗങ്ങളുടെയും ആചാരങ്ങള്‍ പരസ്പരം വ്യാപിക്കാന്‍ ഹേതുവായിരിക്കാം. സാമൂതിരിയുടെ നേതൃത്വത്തില്‍ 1571ല്‍ ചാലിയത്ത് വച്ച നടന്ന യുദ്ധത്തില്‍ പറങ്കികളെ തറപറ്റിച്ചത് ഈ കൂട്ടായ്മയുടെ വിജയമാണ്.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്റെ തറവാട് പേരിന് പകരം മാതാവിന്റെ തറവാട് പേര് ചേര്‍ക്കല്‍, വിവാഹ വേളകള്‍, റംസാന്‍ നോമ്പ് മാമൂലുകള്‍, വിശേഷാല്‍ ദിന ആചാരങ്ങള്‍ തുടങ്ങിയവകളില്‍ മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. സ്വത്തിന്റെ ദായക്രമം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് തന്നെയായിരുന്നു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും വൈജ്ഞാനിക പരിപോഷണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത് സ്ത്രീ മേധാവിത്തമാണ്. അപാകതകള്‍ ഉണ്ടെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വവും സ്നേഹ സമ്പന്നമായ അന്തരീക്ഷം സംരക്ഷിക്കുന്ന രീതിയിലുമായിരുന്നു പല മരുമക്കത്തായ തറവാടുകളും നിലകൊണ്ടിരുന്നത്.
പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ജീവിതാന്ത്യംവരെ അവളുടെ വാസസ്ഥലം തറവാടുതന്നെ. ആണ്‍കുട്ടിയാണെങ്കില്‍ ജന്മ ഗൃഹത്തില്‍ കാര്യമായ അവകാശം ഉണ്ടായിക്കൊള്ളണമെന്നില്ല.

വിശ്വവിഖ്യാതനായ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എങ്കിള്‍സ് ഒരിക്കല്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതുന്നുണ്ട് : ‘മരുമക്കത്തായത്തിന്റെ തകര്‍ച്ചയാണ് സ്ത്രീകളുടെ തകര്‍ച്ചയുടെ തുടക്കം ‘. മരുമക്കത്തായത്തെ സോഷ്യലിസ്റ്റിന് ഏറ്റവും ഉദാത്തമായ മാതൃക എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇടത് ചിന്തകരായ കാര്‍ല്‍ മാക്സും എങ്കിള്‍സും അനുകൂലിച്ച അതേ മരുമക്കത്തായ സമ്പ്രദായത്തെയാണ് ഇവരുടെ പിന്‍മുറക്കാരായ അച്യുതമേനോന്‍ അടക്കമുള്ളവര്‍ ഇല്ലാതാക്കിയത്.

റഫറന്‍സ്

1- മരുമക്കത്തായം പിന്തിരിപ്പനല്ല – മഹമൂദ് കൂരിയ
2-Marumakkathayam – A System of Law and Way of Life Prevailed in kerala –
Jojy George Koduvath.
3-ബോധനം – Vol no-15 Issue no-13
4-മരുമക്കത്തായ സമ്പ്രദായവും താമസരീതികളും – ജാനകി എബ്രഹാം
5-കേരളത്തില്‍ നായര്‍ മരുമക്കത്തായവും സ്ത്രീസ്വാതന്ത്ര്യവും – വര്‍ഷ. കെ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here