ലേഖനം
കാവ്യ എം
Closed body, An experiential art space. അതെ, ഇത് ഒരു ഇടം തന്നെയാവുന്നു. തികച്ചും പരീക്ഷണാത്മകം എന്ന് തന്നെ വിളിക്കാവുന്ന നിശബ്ദതകളിലും നിശ്ചലതകളിലും ശബ്ദങ്ങളെയും ചലനങ്ങളെയും തിരഞ്ഞ് ചെല്ലാൻ അതിഭാവുകത്വങ്ങളേതുമില്ലാതെ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്ന ഒരിടം. അവിടെ പല അനുഭവങ്ങൾ. ഒരു ലോക്‌ഡൗൺ കാലത്ത് കേരളത്തിലെ 25 നടിമാരുടെ വീടുകളിലേക്ക് കാമറകളുമായി യാത്ര ചെയ്ത് ചിത്രീകരിച്ച അനുഭവങ്ങളുടെ ഒരു പ്രതിഫലനം എന്ന് ക്ലോസ്ഡ് ബോഡിയെ ഒരർത്ഥത്തിൽ വിശദീകരിക്കാം. അപ്രതീക്ഷിതമായി ചലനമറ്റ് പോയ ഒരു കാലത്തോട്, സജീവതകളുടെ ഉമ്മറത്ത് നിന്നിരുന്ന കലാകാരികൾ എങ്ങനെ പ്രതികരിക്കുന്നു എന്ന ആകാംക്ഷ ഇന്ന് പ്രദർശനം അനുഭവിക്കുന്ന ഓരോരുത്തരെയും കൊണ്ടെത്തിക്കുന്നത് ശരീരത്തിന്റെയും കാലത്തിന്റെയും സ്ഥലങ്ങളുടെയും അനവധി നിരവധി ട്രാൻസ്ഫോർമേഷനുകളിലേക്കാണ്.
നാഗാരാധനയുമായി ബന്ധപെട്ട് അവതരിപ്പിച്ചു വരാറുള്ള ഒരു അനുഷ്ഠാന കലയായ തിരിയുഴിച്ചിലോടു കൂടിയാണ് ഈ പ്രൊജക്റ്റ് ലോഞ്ച് ചെയ്യപ്പെട്ടത്. നിശ്ചലമായി പോയ ഇടങ്ങളിൽ നിന്ന്, വീട്ടുമുറ്റത്തു നിന്ന്, ചലിച്ചു തുടങ്ങുന്ന ശരീരം, നിശ്ചലമായി പോയ കാലത്തിന്റെയും ശരീരത്തിന്റെയും അനുഭവമാണ് അവിടെ ആർകേവ് ചെയ്യപ്പെട്ടത്. കച്ചേരിക്രമം എന്ന അവതരണ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്ഥലവും ഒരർത്ഥത്തിൽ പ്രകൃതിയും തന്നെ അരങ്ങാവുമ്പോൾ ഒരു നർത്തകിയെ, അവരുടെ ഹൃദയത്തോട് ചേർന്ന ചലന വീചികളെ അതെങ്ങനെ സ്വയം ഒരുക്കുന്നു എന്ന ചിന്തയിൽ നിന്നാണ് സ്വത്വം എന്ന വ്യത്യസ്തമായ ആവിഷ്കാരവുമായി പ്രശസ്ത നർത്തകി വിനീത നെടുങ്ങാടി അരങ്ങുണർത്തിയത്. കണ്ടു ശീലിച്ച പ്രദർശനങ്ങളിൽ നിന്ന് ക്ലോസ്ഡ് ബോഡിയെ ഏറെ ദൂരം മാറ്റി നിർത്തുന്നത് വീടാണ് ഇവിടെ പ്രദർശന വേദി എന്നതാണ്. പൂമുഖത്ത് ഓരോ കാഴ്ച്ചക്കാരനെയും പിന്തുടരുന്നത് നെൽകതിരും ഓടപുല്ലും ചീർപ്പും താക്കോൽ കൂട്ടവും കണ്ണാടിയും അങ്ങനെ സ്വാഭാവികതകളുടെ നിറഞ്ഞ ഓർമകളാണ്. ചുമരിലെ നടിയുടെ ഫോട്ടോയും അതിനു അഭിമുഖമായി വച്ച കണ്ണാടിയിൽ നമ്മൾ കാണുന്ന നമ്മുടെ പ്രതിബിംബവും നമ്മെ കൊണ്ടെത്തിക്കുന്നത് നടി കടന്നു പോയ കോവിഡ് കാലവും നമ്മൾ നിൽക്കുന്ന കോവിഡാനന്തര കാലവും തമ്മിലുള്ള മുഖാമുഖത്തിലേക്കാണ്.
പുറത്തളത്തിലെ കുമിഞ്ഞു കൂടിയ പുതപ്പുകളും വസ്ത്രങ്ങളും അഴിക്കോലും ചില അന്തസംഘർഷങ്ങളെ പറയാതെ പറയുന്നു. ഇടനാഴിയിലേക്ക് കടന്നാൽ കാഴ്ച്ചക്കാരനെ പിടിവിടാതെ നോക്കുന്നത് അഞ്ചു മുഖങ്ങൾ എന്നതിലുപരി അഞ്ചു ജീവിതങ്ങളാണ്. അവിടെ നിശബ്ദതയെ ഭേദിക്കുന്നത് ക്ലോക്ക് ശബ്ദമാണ്. തെക്കെയറയിലെ അലമാരയും കിടക്ക തുണിയും, തുണിയിൽ തുന്നി ചേർത്ത നടിയുടെ ചിത്രവും നടിയുടെ ശരീരത്തിലൂടെ കടന്നു പോവുന്ന തുന്നലും, ഈ തുന്നൽ കേവലം തുണികളിലെ തുന്നൽ മാത്രമല്ല, മറിച്ച് മുറിവ് പറ്റിയ ശരീരത്തെ, മനസിനെ, അനുഭവങ്ങളെ ഒക്കെ തുന്നിച്ചേർക്കുന്നു എന്ന തലത്തിലേക്ക് ഒരു വായന അവിടെ സാധ്യമാവുന്നു. അല്പവെളിച്ചത്തിൽ ആണെങ്കിലും ഒരു പരിധി വരെ കാഴ്ച്ചക്കാരെയെല്ലാം അവിടേക്ക് ചേർത്ത് നിർത്തുന്ന ഇടങ്ങളിൽ ഒന്ന് അടുക്കള ആണ്. അടുക്കളയിലെ വിതനപുറത്ത് നിരത്തി വച്ച ഇഡലി പാത്രങ്ങൾ, കരിപിടിച്ച ചുമർ, സജിത മഠത്തിലിന്റെ നമ്മളെ തന്നെ നോക്കുന്ന പോട്രൈറ്റ്. അടുക്കളയുടെ നിശബ്ദതയെ അവിടെ മുറിക്കുന്നതാവട്ടെ പഴയൊരു ബക്കറ്റിലേക്ക് വെള്ളമിറ്റു വീഴുന്ന ശബ്ദമാണ്.
തട്ടിൻപുറം ഓർമകളുടെ ഇടമാവുന്നു. മനസ്സിൽ കൂട്ടിവയ്ക്കുന്ന ഓർമകളിൽ പ്രധാനമാണ് ബാല്യത്തിന്റെ ഓർമകൾ. നിരത്തിയിട്ട കളിപ്പാട്ടങ്ങൾ, ചെമ്പുകൾ, മുറം, പീഠം, മെതിയടി ഒക്കെ ഓർമയുടെ ശേഷിപ്പുകളാണ്. നിർമല നിമയുടെ പോട്രൈറ്റ് നമ്മളോട് സംവദിക്കുന്ന കുളം, അതിന്റെ പരിസരം, പടവുകൾ, മുകളിലാകാശം, കുളക്കരയിലെ മണ്ണടരുകൾ, മടകൾ ഒക്കെ പല അനുഭവങ്ങളും തരുന്നു. ഒരു തുമ്പി ഒരു ജലകണത്തെ തൊടുമ്പോൾ, ഒരു ഇല പൊഴിയുമ്പോൾ, നമുക്കഭിമുഖമായി ഒരാൾ എന്തോ പറയാതെ പറയുമ്പോൾ പ്രകൃതിയും ഫോട്ടോഗ്രാഫിയും നമ്മളോട് സംസാരിക്കുന്നു. അടുക്കളകിണറും കിണറ്റിൻ കരയും ആ പോട്രൈറ്റും നമ്മളെ കൊണ്ടുപോകുന്നത് നമ്മുടെയൊക്കെ അമ്മയോർമകളിലേക്കാണ്. അടുക്കള കിണറിന്റെ അടുത്ത് ചിന്തിച്ചു നിൽക്കുന്ന വീട്ടമ്മ, അത് നമുക്കും ഒരോർമ ചിത്രം തന്നെയാണ്. അമ്മിത്തറയും ഒരിലയിൽ അരക്കാൻ വച്ച ഉണക്കമുളകും വെളുത്തുള്ളിയും പല രുചികളിലേക്കും മണങ്ങളിലേക്കും നമ്മളെ എത്തിക്കും.
മരത്തിലെ ചിത്രം. സുജാത ജനനേത്രിയുടെ പോട്രൈറ്റ് ആണത്. നാടകങ്ങളോ വേദികളോ ഇല്ലാതെ വീട്ടിലകപ്പെട്ട നടി, ഉയർന്നു പോവുന്ന മരം, പ്രകൃതി, ഇത് പ്രദർശനത്തിന്റെ മറ്റൊരു സാധ്യത തുറക്കുന്നു. ചില മുഖങ്ങൾക്ക്, കണ്ണുകൾക്ക് എല്ലാം എഴുതപ്പെടാതെ പോയ ചില ലിപികളും ഭാഷകളും വശമുണ്ടെന്നു തോന്നിപ്പോവുന്ന നിമിഷങ്ങൾ ഉണ്ട്. അവിടെ ആശയ സംവേദനത്തിന് ഒരു മാധ്യമമോ ശബ്ദമോ പോലും നിർബന്ധമേ അല്ല. കാലത്തോട് അത് സംവദിക്കുക തന്നെ ചെയ്തിരിക്കും. ആ ഇടത്തിലേക്ക് ഒന്ന് ചേർന്നു നിൽക്കാൻ കുളത്തിന്റെ കരയിലും കിണറിന്റെ വക്കത്തും ചെന്ന് നിൽക്കാൻ മനസിലൊരു ഇടം തീർക്കാം. പ്രദർശനം കണ്ടിറങ്ങിയപ്പോൾ ഒരിലയിൽ സഹൃദയർ എനിക്ക് ഉപ്പുമാവ് തന്നപ്പോൾ പഞ്ചസാര വേണോ കൂട്ടി കഴിക്കാൻ എന്ന് ചോദിക്കുകയുണ്ടായി. പക്ഷെ, സത്യത്തിൽ ആ ഇടം സമ്മാനിച്ച ഓർമ്മകൾക്കായിരുന്നു മധുരം.
ഫോട്ടോഗ്രാഫറായ സുധീർ സി, കലാന്വേഷകനും ഫോട്ടോഗ്രാഫറുമായ കെ.ജയാനന്ദൻ, നടിയായ നിർമ്മല നീമ എന്നിവരടങ്ങുന്ന കളക്ടീവാണ് ക്ലോസ്ഡ് ബോഡി എന്ന ആർട്ട് പ്രോജക്ടിൽ പ്രവർത്തിച്ചത്.
ക്ലോസ്ഡ് ബോഡി വഴി പോട്രെയ്റ്റ് ചെയ്യപ്പെട്ട നടിമാർ
മെയ്ബി സ്റ്റാൻലി.സി
സുജാത ജനനേത്രി
ശ്രീജ കെ.വി
ശോഭന കെ
രജിത നരിപ്പറ്റ
അജിത നമ്പ്യാർ
ഹരിപ്രിയ നമ്പൂതിരി
അഷിത
ഐശ്വര്യ ലൈബി
ശ്രീദേവി കെ.പി
സുനിത വി
ആതിര ദിലീപ്
ശൈലജ ജല
ഹിമാശങ്കരി
സൈനബ പി. എം
ആതിര ആർ
നിർമ്മല നീമ
സൂര്യ ഇഷാൻ
ശീതൾ ശ്യാം
മാളു ആർ ദാസ്
സ്മിത അംബു
ഗാർഗ്ഗി അനന്തൻ
നിധി എസ് ശാസ്ത്രി
ഉഷാ നങ്ങ്യാർ
സജിത മഠത്തിൽ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല